ലോകത്ത് പല പെണ്ണുങ്ങളോടും ബന്ധം വെക്കുന്ന.. കല്യാണം കഴിച്ചിട്ട് പോലും സ്വന്തം ഭാര്യയെ ചതിച്ച്

(രചന: Sathi Parvathi)

 

“”യൂ ഈവൻ ഹാഡ് സെക്സ് വിത്ത് പ്രോസ്റ്റിറ്റുട്ട്..?!!””

 

കൂട്ടുകാരുമായി പുറത്തു പോയി വന്നയുടനെ ഫ്രീ ആണേൽ സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞവൾ മെസേജിട്ടപ്പോൾ അവനീ ചോദ്യം ഊഹിച്ചിരുന്നോ എന്നവൾക്ക് അറിയില്ല. ഈ ചോദ്യം അവനിൽ ഞെട്ടലോ വേദനയോ ഉണ്ടാക്കിയോ എന്നും അറിയില്ല. അവനിത് ചെയ്‌തിട്ടുണ്ടെന്ന് അവൾക്കറിയാം. പക്ഷെ അവനിൽ നിന്ന് തന്നെ കേട്ടാലേ അവൾക്കത് വിശ്വാസം ആവുമായിരുന്നുള്ളു…

 

“”ബേബി..i think you loved a wrong man..

നമ്മൾക്കു ഇത് ഇവിടെ വച്ചു നിർത്താം.അതാണ് നല്ലത്.. നിനക്കൊരിക്കലും മാച്ച് അല്ല ഞാൻ.. കല്യാണം കഴിയും മുന്നേ നീ ഇതൊക്കെ അറിഞ്ഞല്ലോ..നന്നായില്ലേ.. ”

 

അവൾക്ക് തലകറങ്ങുന്ന പോലെ തോന്നി.. ശരീരം തളർന്നു പോവുന്നു.കൈകൾക് ബലം ഇല്ല.നെഞ്ചിൽ ഒരായിരം ആണികൾ കുത്തി ഇറക്കുന്ന വേദന.ഹൃദയം പൊട്ടി മുറിഞ്ഞാ മുറിവിൽ നിന്നുള്ള രക്തം തലച്ചോറിൽ ഇരച്ചു കയറുന്ന പോലെ..അവൾ ഒരു നിമിഷം ഫോൺ താഴെ വച്ചു ബെഡിൽ കമിഴ്ന്നു കിടന്നു.. കണ്ണീർ ധാരയായി ഒഴുക്കുന്നുണ്ട്..കണ്ണിൽ ഇരുട്ട് കയറുന്നുണ്ട്..ശരീരം ശൂന്യതയിലെന്ന പോലെ ഭാരമില്ലാതെ പൊട്ടി തെറിച്ചു പോകുവാണോ…!!

 

അവൻ ചോദ്യം നിഷേധിച്ചില്ല…!!

ചോദ്യം കേട്ടപ്പോൾ അവൻ ഒന്ന് പതറിയത് പോലുമില്ല.. വളരെ പെട്ടന്ന് തന്നെ അവൾക്ക് മറുപടി കിട്ടി.. ‘നമ്മുക്ക് ഇത് നിർത്താം..’

കള്ളമായിട്ട് എങ്കിലും ഞാൻ അങ്ങനെ ചെയ്തില്ല ബേബി, എന്നൊരുവട്ടമെങ്കിലും അവൻ പറഞ്ഞിരുന്നെങ്കിൽ…!!

ഒന്നുകൂടി ചോദിച്ചു നോക്കിയാലോ..

ഇല്ലെടി..ഞാൻ അത് കള്ളം പറഞ്ഞതാണ്, ഞാൻ അങ്ങനെ ചെയ്തിട്ടില്ല ബേബി.. എന്റെ ഹൃദയത്തിന്റെ എല്ലാം അംശം കൊണ്ടും ഞാൻ നിന്നെ സ്നേഹിക്കുമ്പോൾ എനിക്ക് അങ്ങനെ മറ്റൊരു പെണ്ണിനോട് ചെയ്യാൻ പറ്റുമോ..?? എന്നവൻ ഒരിക്കൽ എങ്കിലും പറഞ്ഞാലോ…!!

 

പക്ഷെ വീണ്ടും ടൈപ്പ് ചെയ്യാൻ അവൾക് ശക്തി ഇല്ലായിരുന്നു. കൈകൾ അനങ്ങുന്നില്ല. കണ്ണിൽ നിന്നും കണ്ണീർ ഇരച്ചു വീഴുന്നു.പുറത്തു നിന്ന് അമ്മയുടെ ശബ്ദം കേട്ടപ്പോഴാണ് മുറിയുടെ വാതിൽ അടച്ചില്ലേ എന്നവൾ നോക്കിയത്..

 

എന്തൊക്കെയാണ് ഞാനെന്റെ വീട്ടുകാരോട് പറഞ്ഞത്.. എത്രയൊക്കെ പറഞ്ഞിട്ടും ഈ റിലേഷൻ വീട്ടിൽ സമ്മതിക്കാതെ ഇരുന്നപ്പോൾ അവൾക്ക് സങ്കടം മാറി വീട്ടുകാരോട് വെറുപ്പും ദേഷ്യവും ആവുകയായിരുന്നു.. എന്തുകൊണ്ട് സ്വന്തം മകളുടെ സന്തോഷം അവർ മനസിലാകുന്നില്ല.. അവൾക്ക് വേണ്ടത് എന്താണെന്ന് അവർ എന്തുകൊണ്ട് തിരിച്ചറിയുന്നില്ല..

25 വയസ്സായ ഒരു പെൺകുട്ടിയുടെ തീരുമാനം തെറ്റാണെന്ന് അവർക്ക് എങ്ങനെ ഉറപ്പിക്കാൻ പറ്റും.. എന്റെ കൂടെ ജീവിക്കേണ്ടവൻ അല്ലെ.. അത് എന്ത് കൊണ്ടും എനിക്ക് ഓക്കേ ആയതിനാലല്ലേ ഇത്രയും റിസ്ക് ഉണ്ടെന്ന് അറിഞ്ഞിട്ടും അവനു വേണ്ടി ഞാൻ വാശിപിടിക്കുന്നത്…!! മറ്റെല്ലാത്തിനും ഉപരി അവനെ ഞാൻ ആഗ്രഹിക്കുന്നത്..

 

ഒരു ആയിരം വട്ടം അവൾ പറഞ്ഞു.. അമ്മേ.. എനിക്ക് അവനെ 4,5 വർഷം ആയിട്ട് അറിയാം…!! അവന്റെ നല്ലതും ചീത്തയും ആയ എല്ലാം കാര്യങ്ങളും കണ്ട് അറിഞ്ഞ് ഞാൻ പോലും അറിയാതെ അവനിൽ വീണു പോയതാണ് ഞാൻ.. ഈ ലോകത്ത് എന്നെ അവനെ പോലെ സ്നേഹിക്കാൻ കഴിയുന്ന.. എനിക്ക് അവനെ സ്നേഹിക്കാൻ കഴിയുന്ന, എന്റെ ഏറ്റവും ബെസ്റ്റ് കോൺഫോർട് സോൺ ഇൽ ഞാൻ ഏറ്റവും സന്തോഷകരവും സംതൃപ്തകരവുമായി ജീവിക്കാൻ സാധിക്കുന്ന വേറെ ഒരു ഇടം ഈ ഭൂമിയിൽ കാണില്ല…!!

അവൻ എനിക്കെന്റെ ഒരേയൊരു മഹാദേവൻ ആയിരുന്നു.. എന്റെ ജീവിതത്തിലെ അമൂല്യമായ രത്നം.. എന്നിട്ടും അവളുടെ വീട്ടുകാർക്ക് പേടി ആയിരുന്നു..

 

സത്യമാണ്..അവൻ മുന്നേ ഒരു പെണ്ണിനെ ഒരു ദിവസത്തേക്ക് താലി കെട്ടിയിട്ട് ഉണ്ടാവും.. പക്ഷെ അവൾക് മറ്റൊരു ഭർത്താവും കുഞ്ഞുമുള്ളത് മറച്ചു വെച്ച് ചെയ്ത ചതി ആണെന്ന് അറിഞ്ഞപ്പോൾ തന്നെ അവർ പിരിഞ്ഞല്ലോ..ഈ ലോകത്ത് പല പെണ്ണുങ്ങളോടും ബന്ധം വെക്കുന്ന.. കല്യാണം കഴിച്ചിട്ട് പോലും സ്വന്തം ഭാര്യയെ ചതിച്ച് മറ്റു പെണ്ണുങ്ങളോട് നാണം ഇല്ലാതെ അവിഹിതബന്ധം വരെ ഉണ്ടാകുന്ന എത്ര ആളുകൾ ഈ ലോകത്ത് ഉണ്ട്..

ഇവിടെ അവൻ എത്ര ആത്മാർത്ഥമായാണ് ഒരാളെ സ്നേഹിച്ചത്.. കൂടെ കൂട്ടിയത്..അവളെ നഷ്ടപ്പെടരുത് എന്നുള്ളത് കൊണ്ടല്ലേ വീട്ടിൽ നിന്ന് ഇറക്കി കൊണ്ട് വന്നത്..അതും സ്വന്തം ജോലി പോലും റിസ്കിൽ വച്ച്..ആ സ്ഥാനത് ഞാൻ ആയിരുന്നാലും എനിക്ക് അതിൽ കൂടുതൽ സ്നേഹം കിട്ടില്ലേ അമ്മേ..അല്ലാതെ അറിഞ്ഞു കൊണ്ട് മറ്റൊരു തെറ്റും അവൻ ചെയ്തില്ലലോ.. ഒരു പെണ്ണിനെ പോലും വേണ്ടാതെ നോക്കിട്ട് പോലും ഇല്ലല്ലോ..!! ഇതൊക്കെ അറിഞ്ഞിട്ടും തീർത്തും നിഷ്കളങ്കമായി അവനെ സ്നേഹിക്കുന്നതിനാൽ എനിക്ക് കൂടുതൽ സ്നേഹം അവന്റെ അടുത്തുന്നു കിട്ടുകയല്ലെ ഉള്ളു.. ഞാൻ അവന്റെ കൂടെ ഈ ലോകത്ത് ഏറ്റവും സന്തോഷമായി ഇരിക്കുന്ന ഒരിടം ആയിരിക്കും.. എന്ന് വീട്ടുകാരോട് ഉറപ്പിച്ചു പറഞ്ഞതാണ്..!!

 

“അവൻ അത്രയും ആത്മാർത്ഥമാണ്.. വേറെ ഒരു പെൺകുട്ടിയും ഇല്ലെന്ന് നിനക്ക് ഉറപ്പുണ്ടോ മോളെ..?”

 

ഈ ചോദ്യത്തിന് അവൾ പൊട്ടിത്തെറിച്ചതാണ്…!!!

അന്ന് അവൾക്ക് ഉറപ്പ് ഉണ്ടായിരുന്നു.. അവൻ ഒരിക്കലും എന്തൊക്കെ വന്നാലും ആത്മാർത്ഥത വിട്ട് കളിക്കില്ല…!!

ഇനിയിപ്പോ അവന്റെ പാസ്റ്റ് ഒക്കെ പറഞ്ഞു മനസിലാക്കി ഒരാളെ കൂടെ കൂട്ടാനുള്ള പ്രയാസം കൊണ്ടാണ് എന്നോട് കൂടെ വരുന്നോ ചോദിച്ചത് എങ്കിലും ആ കാരണം കൊണ്ട് അവൻ എന്നെ സ്നേഹിക്കാതെ ഇരിക്കുക ഒന്നുമില്ലലോ.. അവൻ എന്നെ ആത്മാർഥമായാണ് സ്നേഹിക്കുന്നത്..അത് ഉറപ്പാണ്..

 

അവനെ കുറിച്ച് ഓർക്കുമ്പോൾ തന്നെ അവളുടെ ഹൃദയം പൂത്തുവിടരുക ആയിരുന്നു.. ചുണ്ടിലും ഹൃദയത്തിലും പുഞ്ചിരി തത്തികളിക്കുകയായിരുന്നു പക്ഷെ ഇന്ന്…!!

എനിക്ക് എവിടെയാണ് തെറ്റിയത്.. എവിടെയാണ് എനിക്കവനെ മനസിലാക്കാൻ കഴിയാതെ പോയത്..!!

 

‘നമ്മുക്കിത് ഇവിടെ നിർത്താം കല്യാണം കഴിയും മുന്നേ എല്ലാം അറിഞ്ഞത് നന്നായില്ലേ.. ‘

എത്ര സിംപിൾ ആയാണവൻ പറയുന്നത്. എന്ത് നന്നായി എന്നാ…??എന്റെയും അവന്റെയും കോമൺ ഫ്രണ്ട് ആയ ഒരു പെൺകുട്ടിയിൽ നിന്ന് ഈ വിവരം അറിഞ്ഞപ്പോൾ തന്നെ അവൾ തകർന്നു പോയിരുന്നു. ആ നേരം മുതൽ അവൾ തളർന്നു കിടക്കുക ആയിരുന്നു..

 

ഒരൊറ്റ കാര്യം അവളുടെ എന്തൊക്കെ പ്രതീക്ഷകളാണ് തകർത്തത്…

അവളുടെ ഹൃദയം എങ്ങനെയാണ് കീറി മുറിച്ചത്…

അവളുടെ സ്നേഹം വിശ്വാസം എങ്ങനെയാണ് തകർന്നു തവിടുപൊടി ആയത്..അവളുടെ ജീവിതം എങ്ങനെയാണ് നശിപ്പിച്ചത്…!!

 

അവൻ..!! അവൾ അത്രമേൽ സ്നേഹിച്ച,വിശ്വസിച്ച, ആഗ്രഹിച്ച,അവൻ അവളെ ഈ രീതിയിൽ ചതിക്കുമെന്ന് അവൾക്ക് വിശ്വസിക്കാനേ കഴിഞ്ഞില്ല..

ഇനി ഇത് പ്രാങ്ക് ആയിരിക്കുമോ..??

ചുമ്മാ അവനും അവളും കൂടി എന്നെ പറ്റിക്കുന്നത് ആയിരിക്കുമോ.. മുന്നേയും അവർ രണ്ടു പേരും കൂടെ എന്നെ പറ്റിച്ചിട്ടുണ്ടല്ലോ.. അല്ലാതെ അവൻ എന്നോട് ഒരിക്കലും ഇങ്ങനെ ചെയ്യില്ല..!!

അവൻ ഓരോ ദിവസവും പറയുന്നത്,നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ലെടി.. നിന്നെ എനിക്ക് അത്രമേൽ ഇഷ്ടമാണ്.. എന്റെ ജീവിതത്തിന്റെ വെളിച്ചവും ,സ്വപ്നവും ,ഹോപ്പും ഒക്കെയാണ് നീ എന്നാ.. അപ്പോ അവനു എങ്ങനെ മറ്റൊരു പെണ്ണിന്റെ കൂടെ…!! അതും ഒരു പ്രൊസ്റ്റിറ്റ്യുറ്റ്.. അവനു മറ്റാരോടും സ്നേഹമില്ലെങ്കിൽ തന്നെ അവന് ഇത്രയും തരം താഴാൻ കഴിയുമോ..!!

 

പക്ഷെ ഇത്ര സമയം കഴിഞ്ഞിട്ടും അവൻ അവളുടെ ചോദ്യം നിഷേധിക്കുന്നില്ല.. അവളുടെ കണ്ണുകൾ ‘ ഞാൻ പറ്റിച്ചതാ ബേബി.. അങ്ങനെ ഒന്നും നടന്നിട്ട് ഇല്ലല്ലോ ‘എന്നൊരു മെസേജിനായി കാത്തിരികുക ആയിരുന്നു..! പക്ഷെ ഇത്തരം കാര്യമൊക്കെ പറ്റിക്കാൻ വേണ്ടി ആരെങ്കിലും പറയുമോ.. അതും അവൻ ഇങ്ങനെ ചെയ്തെങ്കിൽ തന്നെ അതൊക്കെ ഒരു പെണ്ണിനോട് വിശദീകരിച്ചു കൊടുക്കുമോ..!!

 

പക്ഷെ…..!!!

 

ഒരു രണ്ടു ദിവസം കഴിഞ്ഞു അവനോടിത് ചോദിച്ചാൽ മതിയോ എന്നവൾ ഓർത്തതാണ്.. എങ്കിൽ ആ രണ്ടു ദിവസമെങ്കിലും അവന്റെ പെണ്ണായി.. അവനെ സ്നേഹിച്ച്.. അവന്റെ സ്നേഹം അനുഭവിച്ച് ജീവിക്കാൻ പറ്റുമല്ലോ..!!

ഈ ഒരൊറ്റ ചോദ്യം അവരുടെ ബന്ധം നിഷ്കരുണം അറുത്ത് കളയുമെന്ന് അവൾക്ക് നല്ല ബോധ്യം ഉണ്ടായിരുന്നു..

അവനോടിത് ചോദിക്കുന്ന ആ നിമിഷം വരെയേ അവരുടെ ബന്ധത്തിന് ആയുസ്സ് ഉള്ളു.. ആ നിമിഷം വരെയേ അവൻ അവളുടേതായി ഉണ്ടാവുള്ളു..പക്ഷെ ഇതും മനസ്സിൽ വച്ചെങ്ങനെ..!!

 

അവൾ ഒരുപാട് കേട്ടിട്ടുണ്ട് പുറം രാജ്യങ്ങളിൽ വേശ്യാവൃത്തി ഒക്കെ ഭയങ്കര സ്വഭാവികമാണ്. പുറത്ത് ജോലി ചെയ്യുന്നവർ,വീട്ടുകാരുമായി യാതൊരു ബന്ധവും ഇല്ലാത്തവർ, എന്ത് ചെയ്താലും ആരും ഒന്നും അറിയില്ല എന്ന് പൂർണ്ണ ബോധമുള്ള ചിലർ എങ്കിലും വളരെ സ്വഭാവികമായി ചെയ്തു വരുന്ന പ്രവൃത്തിയാണിത് എന്നൊക്കെ.. ഒരിക്കൽ രാത്രി ഉറങ്ങും മുമ്പുള്ള അവരുടെ സംസാരത്തിൽ കടന്നു വന്ന ഒരു വിഷയവുമാണിത്.. പക്ഷെ അവനെ കുറിച്ച് ഇങ്ങനെ ഒരു കാര്യം അവൾ സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ട് കൂടി ഉണ്ടായിരുന്നില്ല.. അങ്ങനെ ചെയുന്ന ആളുകളെ അവനും അവളും ഒരുപാട് ചീത്ത പറഞ്ഞിട്ടാണ് അന്ന് ഉറങ്ങാൻ കിടന്നത് തന്നെ.. അന്ന് അവൾക് ആകെ അറിയാവുന്നത് അവൻ മുന്നേ സ്നേഹിച്ച പെണ്ണിനോട് ഇതൊക്കെ ചെയ്തിട്ടുണ്ടെന്ന് മാത്രമായിരുന്നു..പക്ഷെ അതിലും എത്രയോ വലുതായിരുന്നു അവൾക്ക് അവനോടുള്ള സ്നേഹം അതിനാൽ തന്നെ അതൊന്നും അവളുടെ. ചിന്തകളിൽ പോലും വന്നിരുന്നില്ല..

 

“‘മദർ പ്രോമിസ് ആ ex നോട്‌ അല്ലാതെ മറ്റൊരു പെണ്ണിനോടും ഒരു തരത്തിലുള്ള ബന്ധവും എനിക്ക് ഇല്ലായിരുന്നു.””

 

2 മാസം മുന്നേ മറ്റൊരു പ്രശ്നം ഉണ്ടായപ്പോൾ അവൻ ചെയ്ത സത്യങ്ങൾ അവളെ നോക്കി കൊഞ്ഞനം കുത്തി. അവയുടെ പൊട്ടിചിരികൾ ഹൃദയത്തിൽ ആഴത്തിൽ മുറിവുകൾ ഉണ്ടാക്കുന്നുണ്ടായിരുന്നു.

 

ആദ്യമായി വിശ്വാസത്തിന്റെ കണികകൾ ഉലയുന്നത് ഈ രണ്ടു മാസം മുന്നേ ആയിരുന്നു. അന്നെല്ലാം പറഞ്ഞു തീർത്തപ്പോൾ അവൻ അവൾക്ക് കൊടുത്ത സത്യം ആണിത്.

 

ഒരുപാട് ആഗ്രഹങ്ങളും സ്വപ്നങ്ങളും ഭാവിയെ കുറിച്ച് അതിമനോഹരമായ ഭാവനകളുമുള്ള, സ്നേഹിക്കുവരെ വിലകൽപ്പിക്കുന്ന അവർക്ക് വേണ്ടി എന്തും ചെയുന്ന,ആരെയും അന്തമായി വിശ്വസിക്കുന്ന, ഒരു നുള്ള് സ്നേഹത്തിൽ ഉരുകി വീഴുന്ന, മനോഹരമായ മനസുള്ള ഒരു ചെറുപ്പക്കാരൻ…!!അതായിരുന്നു അവൻ..

വീട്ടിൽ ഒരു വിധത്തിലും സമ്മതിക്കുന്നില്ലെന്ന് കണ്ടപ്പോൾ ഈ രണ്ടു മാസം മുന്നേ താൻ തന്നെയാണ് അവനോട് പറഞ്ഞത്.. വീട്ടിൽ സമ്മതിക്കുമെന്ന് തോന്നുന്നില്ല. വെറുതെ എന്നെ നോക്കി ഇരുന്ന് ജീവിതം കളയണോ.. വയസ്സ് കൂടുവല്ലേ..വേറെ പെണ്ണ് കെട്ടി സന്തോഷത്തോടെ ജീവിക്കു… അതുതന്നെയാണ് നല്ലത് .. ഹൃദയം പൊടിയുന്ന വേദനയിലും,എനിക്ക് വേണ്ടി കാത്തിരിക്കാൻ പറഞ്ഞു എങ്ങനെ അവന്റെ ജീവിതം കളയും..!!

 

വീട്ടിൽ ഇനിയും സമ്മതിച്ചില്ലലോ എത്രനാൾ എന്ന് വച്ച ഇങ്ങനെ..വീട്ടിൽ എപ്പോ സമ്മതിക്കും.. ഒരു തീരുമാനം പറയു.. എന്നവൻ ചോദിക്കാൻ തുടങ്ങിയിട്ട് കുറച്ചായിരുന്നു.. എന്ത് ചെയ്യണം എന്നറിയാതെ അവളുടെ മനസ്സാകെ ഉലയുക ആയിരുന്നു..

അവനു പെട്ടന്ന് തീരുമാനം വേണം.. പക്ഷെ എന്റെ അച്ഛനെയും അമ്മയെയും എങ്ങനെ വേദിനിപ്പിക്കും..!!

എനിക്ക് വേണ്ടി ജീവിച്ചവർ.. ഒരുപാട് ത്യാഗങ്ങൾ സഹിച്ചവർ.. ഒത്തിരി അനുഭവിച്ചവർ ഈ ജീവിതത്തിന്റെ അവസാന കാലങ്ങളിൽ വീണ്ടും ഒരു വേദന ഞാൻ എങ്ങനെ…!!!

 

എന്റെ ശരീരത്തിലെ ജീവനുള്ള ഓരോ കോശത്തിലും നീ നിറഞ്ഞു നിൽകുമ്പോൾ ആ നിന്നെ മറന്ന് മറ്റൊരാളെ ഓർക്കാൻ പോലും എനിക്ക് പറ്റില്ല..എത്ര വൈകി ആയാലും വീട്ടിൽ സമ്മതിച്ച് നിന്നെയെ കെട്ടുള്ളു.. വീട്ടുകാരുടെ സമ്മതം ഇല്ലാതെ നിന്റെ കൂടെ ഇറങ്ങി വരാൻ എനിക്ക് പറ്റില്ലെങ്കിലും അവർ എത്ര പറഞ്ഞാലും മറ്റൊരുത്തനെ കെട്ടി നിന്നെ മറന്ന് ഒരിക്കലും ഞാൻ ജീവിക്കില്ല.. എനിക്ക് അതിന് ഒരിക്കലും പറ്റില്ലായിരുന്നു.. അവനെ കണ്ട സ്ഥാനത് എങ്ങനെ മറ്റൊരാൾ.. അല്ലെങ്കിൽ തന്നെ ഞാൻ ഇവനെ അല്ലെ സ്നേഹിക്കുന്നത് അവിടെ മറ്റൊരാൾക്ക്‌ സ്ഥാനം ഇല്ലാലോ…എനിക്ക് വേണ്ടി കാത്തിരി

കുമോ എന്ന് ചോദിക്കാൻ പലവട്ടം അവൾ ഒരുങ്ങിയതാണ്..

 

നിനക്ക് വീട്ടുകാരുടെ പ്രഷർ കടന്ന് അവനെ സ്വന്തമാക്കാൻ പറ്റില്ലെങ്കിൽ അവനെ പിടിച്ചു വച്ചു അവന്റെ ജീവിതം കളയാതെ അവന്റെ വഴിക്ക് വിടൂ.. സുഹൃത്തിന്റെ അഭിപ്രായം..

 

അവൻ കല്യാണം കഴിക്കാതെ ഇരിക്കുവാണല്ലോ എന്താ ഇങ്ങനെ… അവന്റെ ഏട്ടൻ..

 

ഞാൻ കാരണം ഇനി അവന്റെ ജീവിതം ഒന്നുകൂടി…!!! വയ്യ ജീവിക്കട്ടെ മറ്റൊരാളുടെ ആണെങ്കിലും സന്തോഷത്തോടെ ആഗ്രഹിച്ച പോലെ ജീവിക്കട്ടെ..

 

അവനു പറയാമായിരുന്നു.. വേറെ പെണ്ണ് കെട്ടാൻ എനിക്ക് പറ്റില്ലെടി.. എത്ര വർഷം കഴിഞ്ഞാലും എനിക്കെത്ര വയസ്സായാലും എനിക്ക് നിന്നെ മതി.. നിനക്ക് വേണ്ടി ഞാൻ കാത്തിരിക്കാം..!! എന്ന് ഒരിക്കൽ എങ്കിലും പറയാമായിരുന്നു..

പക്ഷെ എനിക്ക് ചോദിക്കാമായിരുന്നു.. കാത്തിരിക്കുമോ.. എനിക്ക് അറിയാം അവൻ എന്നെ സ്നേഹിക്കുന്നു.. തീർച്ചയായും അവൻ കാത്തിരുന്നേനെ..പക്ഷെ ഐ ലെറ്റ്‌ ഹിം ഗോ..!!

 

അന്ന് അവളോട് വഴക്കിട്ട് പോയതാണവൻ . അതിന് ശേഷം കുറച്ചു നാൾ അവർ തമ്മിൽ സംസാരം ഇല്ലായിരുന്നു..

ആ ഇടവേളയിലാണ് വിശ്വാസത്തിന്റെ കണിക ആദ്യമായി ഉലഞ്ഞത്..

 

അവളുടെ ജീവിതത്തിൽ ഏറ്റവും പ്രിയപെട്ടവൻ ആയതുകൊണ്ട് തന്നെ അവളുടെ ആത്മസുഹൃത്തിന് അവനെ മാസങ്ങൾക്ക് മുന്നേ അവൾ പരിചയപെടുത്തി കൊടുത്തിരുന്നു.ഒരു പരിചയപ്പെടലിൽ നിൽക്കുമെന്ന് കരുതിയ ഒരു ഫോർമൽ ബന്ധം.. അവളുടെ സുഹൃത്തിന്റെ കൂടെ ഒരിക്കൽ പുറത്തു പോയപ്പോൾ അവന്റെ കാൾ വന്നപ്പോൾ അവൾ സുഹൃത്തിനു സംസാരിക്കാൻ കൊടുത്ത ഒരു ഫോൺ കാൾ ബന്ധം.

 

പക്ഷെ അവിടുന്ന് ഇങ്ങോട്ട് അവന്റെ നമ്പർ അവൾ വാങ്ങി സംസാരിക്കാൻ തുടങ്ങുന്നു.. അവളുടെ മാത്രം സ്വന്തമായവനോട്‌ മറ്റൊരാൾ, അത് തന്റെ തന്നെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നാലും അധിക സംസാരം ഒക്കെ അവളിൽ ആവിശ്യത്തിൽ കൂടുതൽ പൊസ്സസ്സീവ്നെസ് ഉണ്ടാകുന്നുണ്ടായിരുന്നു, എങ്കിലും അവനെ അവൾക്ക് വിശ്വാസമായിരുന്നു…അതിനാൽ അവരുടെ സുഹൃത്ബന്ധം ഒരു പൊസ്സസ്സ്സീവ്നെസ്സ് ന്റെ അപ്പുറത്തോട്ട് ഒരു പ്രശ്നവും അവൾക്ക് തോന്നിയില്ല

 

എന്നാൽ വീട്ടിൽ സമ്മതിക്കുന്നില്ല കാരണത്താൽ അവളും അവനും പിണങ്ങി ഇരിക്കുന്ന ആ സമയത്താണ് അവൻ അവൾക് വളരെ മോശമായ രീതിയിൽ മെസേജ് അയക്കുന്നത്..!! മോശം വീഡിയോ അയക്കുന്നത്…!! ഒരിക്കൽ ട്രിപ്പ്‌ പോയ സമയത്ത് വഴിയിൽ കണ്ട ഏതോ പെണ്ണിനോട് സെക്സ് ചെയ്യാൻ താല്പര്യം ഉണ്ടോ ചോദിച്ചതും അവർ തമ്മിൽ അതൊക്കെ ചെയ്തതും,ശേഷം ആ പെണ്ണ് അവന്റെ തലയിൽ ആവാൻ നോക്കിയപ്പോൾ പതുക്കെ ഒഴിവാക്കിയതുമായ വീരസഹാസികകഥകൾ അവൻ അവളോട് പറയുന്നത്…!!!!!

 

ഇതൊക്കെ അറിയുന്ന ജീവിതത്തിൽ ആദ്യമായി ഒരാളെ സ്നേഹിച്ച,വിശ്വസിച്ച അയാൾക്ക് വേണ്ടി സർവതും , വീട്ടുകാരുടെ വിശ്വാസം, സ്വന്തം കരിയർ, മനസമാധാനം അങ്ങനെ എല്ലാം നഷ്ടപ്പെടുത്തിയ ഒരു പെണ്ണിന്റെ അവസ്ഥ അതി ഭീകരം ആയിരുന്നു..!! വിശ്വസിക്കാനും വിശ്വസിക്കാൻ കഴിയാത്തതുമായ ഒരുപാട് കാര്യങ്ങളാണ് അവനെ പറ്റി അവൾ കേൾക്കുന്നത്..

ഇത്രയും വേദനിപ്പിച്ചു കുത്തി കൊല്ലാൻ മാത്രം അവൾ എന്ത് തെറ്റ് ചെയ്‌തു..!!

മറ്റെല്ലാത്തിലും ഉപരി,എല്ലാം നഷ്ടപ്പെടുത്തി അവന്റെ പാസ്ററ് ഒക്കെ മറന്നു ആത്മാർഥമായി അവനെ സ്നേഹിച്ചതോ..!!

വീട്ടുകാരുമായി അടി ഇട്ട് പിണങ്ങി നടന്നതോ…!! അവനെ ഓർത്ത് ഉറക്കമില്ലാത്ത രാത്രികൾ കണ്ണീർ തുടച്ചു കിടന്നതോ..!! അവനു വേണ്ടി സ്വന്തം ജീവിതം തന്നെ നഷ്ടപ്പെടുത്തിയതോ..

 

എവിടെയാണ് അവൾക്ക് തെറ്റിയത്.. എവിടെയാണ് അവൾക്ക് പിഴച്ചത്..അതിനുമപ്പുറം അവന് എന്താണ് പറ്റിയത്… ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ അവൻ..അവനെ പറ്റി ഇങ്ങനെ ഒന്നും അല്ലാലോ അവൾ പ്രതീക്ഷിച്ചിരുന്നത്..!!

അന്ന് അവളുടെ സുഹൃത്തിൽ നിന്ന് ഈ കഥകൾ ഒക്കെ അറിഞ്ഞപ്പോൾ ഹൃദയം പറിച്ചു കളയുന്ന വിഷമം സങ്കടം തോന്നിയെങ്കിലും ആദ്യം തോന്നിയ തരിപ്പിൽ അവനെ ബ്ലോക്ക്‌ ചെയ്ത് പോയെങ്കിലും ഒരു ബ്ലോക്കിലോ..ഒരു മാസം മിണ്ടാതിരുന്നാലോ ഒഴിവാക്കാൻ പറ്റുന്നതല്ല അവൻ അവളുടെ ജീവിതത്തിൽ എന്ന് ബോധ്യപ്പെടുത്താൻ മാത്രമേ ആ ബ്ലോക്കിനു കഴിഞ്ഞിരുന്നുള്ളു.ഉറക്കമില്ലാത്ത രാത്രികളും കണ്ണീർ വറ്റിയ കണ്ണുകളും ഹൃദയം പൊട്ടിത്തെറിക്കുന്ന വേദനയും..!! അവന്റെ മെസ്സേജ് ന്റെ ശബ്‌ദം കേട്ട് ഞെട്ടി ഉണർന്ന് ഫോൺ നോക്കാത്ത രാത്രികൾ അവൾക്ക് ഇല്ലായിരുന്നു..!!

 

അവൻ ചെയ്തത് തെറ്റാണ്.. വലിയ ചതിയാണ്.. ക്രിമിനൽ കുറ്റമാണ്.. പക്ഷെ അവൻ ഇല്ലാതെ അവൾക്ക് ജീവിതമില്ല..അവന്റെ ഓർമകൾ കൊല്ലാകൊല ചെയ്ത് അതിൽ ഉരുകി അവൾക്ക് ജീവിക്കാൻ പറ്റില്ല.. അവൻ ഇല്ലാത്ത വേദനയെക്കാൾ എത്രയോ ചെറുതാണ് അവൻ തെറ്റ് ചെയ്തു എന്ന തിരിച്ചറിവിൽ നിന്നുള്ള വേദന എന്ന് മനസിലാക്കിയ അവൾ വീണ്ടും അവനിലേക്ക് തന്നെ തിരിച്ചു വരിക ആയിരുന്നു..

 

“എന്റെ ഫ്രണ്ടിനോട് ഇതൊക്കെ ചെയ്തപ്പോൾ കള്ളുകുടിച്ചിരുന്നോ..”

 

” എന്തെ.. ”

 

” പൂർണബോധത്തിൽ ആണെങ്കിൽ ഈ ഒരു കാര്യം എന്നെ എത്രമാത്രം വേദനിപ്പിക്കും എന്നറിയുന്നതിനാൽ അങ്ങനെ ചെയ്യില്ല എന്ന് തോന്നി.. ”

 

” സോറി ബേബി.. ഞാൻ അത് വെള്ളത്തിന്റെ പുറത്ത് ചെയ്ത് പോയതാ.. ”

 

” അപ്പോ അവളോട് പറഞ്ഞ കഥ? ”

 

” അങ്ങനെ ഒരു പെണ്ണും ഇല്ല.. ഞാൻ അതൊക്കെ വെറുതെ തള്ളിയതാണ്.. ”

 

“ഇത്രയും വൃത്തികെട്ട ഒരു കഥയൊക്കെ ഫോർമൽ പരിചയം ഉള്ള ഒരു പെണ്ണിനോട്,അതും താൻ സ്നേഹിക്കുന്ന പെണ്ണിന്റെ സുഹൃത്തിനോട് ആരെങ്കിലും ഉണ്ടാക്കി പറയുമോ..!!?”

 

“സോറി ടി.. ഞാൻ അത് അറിയാതെ… അങ്ങനെ ഒരു പെണ്ണില്ല.. എന്റെ വെറും സങ്കല്പിക കഥ മാത്രമാണത്.. സത്യം”

 

” ഇതെനിക്ക് വിശ്വസിക്കാമോ..?

സത്യസന്ധമായി പറയണം കൂടുതൽ ഒന്നും ഞാൻ താങ്ങില്ല.. ഇതുപോലെ കെട്ടിച്ചമച്ച കഥകൾ വേറെ ആരോട് എങ്കിലും പറഞ്ഞിട്ടുണ്ടോ..?? വേറെ എന്തെങ്കിലും പെണ്ണിനോട് എന്തെങ്കിലും തരത്തിലുള്ള ബന്ധം മുന്നെയോ ഇപ്പോഴോ ഉണ്ടായിട്ടുണ്ടോ..?? ”

 

“”മദർ പ്രോമിസ്..ആ ex നോട്‌ അല്ലാതെ മറ്റൊരു പെണ്ണിനോടും ഒരു തരത്തിലുള്ള ബന്ധവും എനിക്ക് ഇല്ലായിരുന്നു.”

 

മതിയായിരുന്നു..ഇത് ധാരാളം മതിയായിരുന്നു അവൾക്ക്.. കാരണം അമ്മ അവനു എത്രത്തോളം പ്രിയപ്പെട്ടത് ആണെന്ന് അവൾക്ക് അറിയാമായിരുന്നു.. അങ്ങനെ രണ്ടു മാസം മുൻപ് നടന്ന സംഭവം വളരെ വ്യക്തമായി പറഞ്ഞു തീർത്തതാണ്..

അപ്പോഴാണ് അടുത്തത് വരുന്നത്. അവന്റെയും അവളുടെയും ഒരു കോമൺ ഫ്രണ്ട്ൽ നിന്ന് ഞെട്ടിക്കുന്ന ആ സത്യം അവൾ അറിയുന്നത്.. ഉണങ്ങി വരുന്ന മുറിവിൽ വീണ്ടും കത്തിയെടുത്തു കുത്തിയാൽ ഉണ്ടാകുന്ന അസ്സഹനീയമായ വേദന…!!

ഒരു പ്രോസ്റ്റിറ്റുട്ട് ആയിട്ട് ഇതൊക്കെ ചെയ്യാൻ ധൈര്യമുള്ള ആൾ ആണെങ്കിൽ അന്ന് എന്റെ ഫ്രണ്ടിനോട്‌ പറഞ്ഞ തള്ളിയതെന്നു പറഞ്ഞ ആ കഥയും സത്യമാവില്ലെ.. ഇങ്ങനെ എത്ര വട്ടം എത്ര പെണ്ണിനോട് ചെയ്തിട്ട് ഉണ്ടാവും..!! ഇന്ന് തന്നെ കുറച്ചു മുന്നേ ഫ്രണ്ട്സ്ന്റെ കൂടെ പുറത്ത് പോയെന്ന പറഞ്ഞത് എവിടെ എന്തിന് പോയത് ആണെന്ന് എങ്ങനെ അറിയാം…!!

 

ഇപ്പോഴും അവൻ ഈ തെറ്റ് ചെയ്തതിനേക്കാൾ തെറ്റ് കാണുന്നത് ഞങ്ങളുടെ ആ സുഹൃത്ത് എന്നോട് വന്നു ആ സത്യങ്ങൾ അറിയിച്ചതിനാണ്.. ഈ സത്യങ്ങൾ ഞാൻ അറിയും ഒരു സെക്കന്റ്‌ മുന്നേവരെ അവനു യാതൊരു വിധ കുറ്റബോധമോ..അങ്ങനെ ഒരു തെറ്റ് ചെയ്തു,അത് എന്നോട് മറച്ചു വച്ചു എന്നുള്ള ഉള്ള വിഷമമോ ഒന്നും ഇല്ലായിരുന്നു..പകരം മുന്നേ നടന്ന സംഭവങ്ങൾ കാരണം ഞാൻ അവനെ കുറിച്ചുള്ള സംശയങ്ങൾ ചോദിച്ചപോൾ അവൻ എന്നോട് ദേഷ്യപെടുകയാണ് ചെയ്തത്.. അതിന് അർത്ഥം അവൻ ഇത് തെറ്റാണെന്ന് അറിഞ്ഞു കൊണ്ട് തന്നെ,ചതി ആണെന്ന് ഓർത്തു കൊണ്ട് തന്നെ ചെയ്തതാണ്..അല്ലാതെ പെട്ട് പോയതല്ല.. അതുകൊണ്ട് തന്നെയാണ് വലിയ കാര്യത്തിൽ ഒരു പെണ്ണ് സുഹൃത്തിനോട് ഈ കാര്യങ്ങൾ ഒക്കെ വിശദീകരിച്ചതും.ഞാൻ ഇതൊന്നും ഇപ്പോഴും അറിഞ്ഞില്ല എങ്കിൽ അവനു ഇതൊക്കെ സ്വാഭാവികമായ കാര്യം ആയിരുന്നു.. അല്ലെങ്കിൽ അവന്റെ ഫ്രണ്ട്,അവൾ എന്നോട് ഇത് പറയും ഒരു മിനുട്ട് മുന്നേ എങ്കിലും അവൻ എന്നോട് പറഞ്ഞേനെ.. തെറ്റ് പറ്റി പോയെന്ന് സമ്മതിച്ചേനെ..പകരം അവൻ പറയുന്നത് അവൾ ഇത് എന്നോട് വന്നു പറഞ്ഞത് കാരണം നമ്മുടെ ജീവിതം നശിപ്പിച്ചു എന്നാ..!!

അല്ലാതെ അവൻ ചെയ്ത പ്രവൃത്തി അല്ല..!!

 

ഇവിടെ നടന്നതിന്, ഞങ്ങൾ തമ്മിൽ ഉണ്ടായ വിശ്വാസവഞ്ചനക്ക്, ഈ വേദനക്ക്, ഈ ബന്ധം തകരാൻ,എല്ലാത്തിനും കാരണം അവൻ ചെയ്ത കാര്യങ്ങൾ അവളോട് ആ സുഹൃത്ത് വന്നു പറഞ്ഞതാണ്..!!

 

ഇതിന്റെ കൂടെയാണ് മറ്റു ചില കാര്യങ്ങളും അവൾ അറിയുന്നത്.വീട്ടിൽ സമ്മതിക്കില്ല എന്നവൾ പറഞ്ഞാൽ അടുത്ത നിമിഷം അവൻ ചെയുന്നത് അവന്റെ എക്സ് നു മെസ്സേജ് ഇടുകയാണ്.. ഒന്ന് കാണാൻ വരാൻ നിർബന്ധിക്കുകയാണ്..!!

 

എന്നാൽ ഇത്രയും വിശ്വാസ വഞ്ചന അവന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടും.. ഇത്രയും പ്രശ്നങ്ങൾ അവർക്ക് ഇടയിൽ ഉണ്ടായിട്ടും,ഒരിക്കൽ പോലും അവളെ നേരിട്ട് കണ്ടു പ്രശ്നങ്ങൾ പറഞ്ഞു തീർക്കാൻ അവൻ ഇതിന്റെ പകുതി ആഗ്രഹം കാണിക്കുന്നില്ലല്ലോ എന്നതവളെ വേദനിപ്പിച്ചു.. നാട്ടിൽ വരാം എല്ലാം പറഞ്ഞു തീർക്കാം എന്നവൻ പറഞ്ഞതാണ്.. അവൾ തന്നെയാണ് വേണ്ടെന്ന് പറഞ്ഞത്.പക്ഷെ തെറ്റ് ചെയ്തത് അവനല്ലേ എന്തുകൊണ്ട് ആ മറ്റവളെ നിർബന്ധിക്കുന്ന സമയം അതെ പരിശ്രമം അവളെ ഒന്ന് വിളിക്കാനോ കാണാണോ അവൻ ശ്രമിക്കുന്നില്ല..!! അവന്റെ എക്സ് നെ കാണാൻ ഇത്രയും ശ്രെമിക്കുന്നത് എന്തിനാണെന്ന് അവൾക്ക് മനസിലായതെ ഇല്ല. അവളെ കണ്ടിട്ട് എന്താണ് അവനു വേണ്ടത്.. മറ്റൊരു വിവാഹം കഴിഞ്ഞത് മറച്ചു വച്ച് അവനെ ചതിച്ചതിൽ അവനു അവളോട് തീരാത്ത ദേഷ്യം ഉണ്ടെന്നാണ് അവൾ വിചാരിച്ചത്…!!

 

അതിലും ഞെട്ടിപ്പിക്കുന്ന മറ്റൊരു കാര്യം അവരുടെ കോമൺ ഫ്രണ്ട് ആയ ഒരു പെൺകുട്ടി അവനു അവളുടെ ന്യുട് ഫോട്ടോ അയച്ചിട്ടുണ്ടത്രേ…!! ഈ കാര്യം അവൻ ഒരിക്കൽ പോലും അവളോട് പറഞ്ഞിരുന്നില്ല.. മാത്രമല്ല ഫോട്ടോ അയച്ച കുട്ടിയോട് അവൻ ഇന്നും യാതൊരു പ്രശ്നവും ഇല്ലാതെ നല്ലരീതിയിൽ സുഹൃത്ത് ബന്ധം തുടരുന്നുണ്ട്..!!

എന്തൊക്കെയാണ് ഒരു പെണ്ണ് കുട്ടി കേൾക്കേണ്ടത്.. അവൾക്, അതും ഒരു പെണ്ണ് കുട്ടിക്ക് ഇങ്ങനെ ഒരു ഫോട്ടോ അവനു അയക്കാൻ മാത്രം ധൈര്യം എവിടുന്ന് കിട്ടി.. അപ്പോൾ അവർ തമ്മിലുള്ള ബന്ധം എന്തായിരുന്നു..!

 

ഭൂമി പിളർന്നു അതിലേക്ക് ആഴ്ന്നു പോയിരുന്നെങ്കിൽ..!! തലച്ചോർ പൊട്ടിത്തെറിച്ചു വികാരങ്ങൾ മരിച്ചു പോയിരുന്നെങ്കിൽ…!! ലോകം ഇന്നത്തോടെ അവസാനിച്ചിരുന്നെങ്കിൽ!!

 

അവനൊരു പാവം ആയിരുന്നു. അടിപൊളി ആയിരുന്നു.. ഒരുപാട് കഷ്ടപ്പെട്ട ബാല്യം.. ഒടുവിൽ സ്വന്തമായി അധ്വാനിച്ചു പൈസ ഉണ്ടാക്കി പഠിച്ചു തന്റെ സ്വപ്നങ്ങൾ എല്ലാം പൂർത്തിയാക്കിയവൻ..!! അവന്റെ വീട്ടുകാരെ മുഴുവൻ നോക്കുന്നവൻ..ബന്ധങ്ങൾക്ക് മൂല്യം കൊടുക്കുന്നവൻ.. ഒന്ന് സ്നേഹിച്ചാൽ ഒരുകി വീഴുന്നവൻ.. ആരെയും കണ്ണടച്ച് വിശ്വസിക്കുന്നവൻ..മറ്റുള്ളവരുടെ വികാരങ്ങൾ പ്രാധാന്യം കൊടുക്കുന്നവൻ…!!

അതി മനോഹരമായാണ് അവൻ അവളെ സ്നേഹിച്ചത്.. പരിഗണിച്ചത്… കാതങ്ങൾ ദൂരത്തു ഇരുന്നിട്ടും അവളെ അവളെക്കാൾ കൂടുതൽ അവൻ മനസിലാക്കിയിരുന്നു..അവനിൽ നിന്ന് സ്നേഹത്തിന്റെ പരിഗണനയുടെ മനോഹരമായ പ്രണയം അവൾക് ലഭിച്ചിരുന്നു.. ഇത്രയും നാൾ കാണാതെ പോയ അവളുടെ സോൾമേറ്റ്‌ അവളെ തേടിയെത്തിയ പ്രതീതി ആയിരുന്നു..

 

അവൾക്ക് അവനോട് സ്നേഹം ആയിരുന്നു.. വാത്സല്യം ആയിരുന്നു..കരുണ ആയിരുന്നു.. പലപ്പോഴും അവൾ വെറുതെ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.. അവനെ മിസ്സ്‌ ചെയ്യുന്ന ഓരോ സമയവും അവൾ യാതൊരു കാരണം ഇല്ലാതെ അടി ഉണ്ടാക്കി അവന്റെ മൂഡ് മുഴുവൻ കളഞ്ഞിട്ടുണ്ട്..കയ്യിൽ കിട്ടി കഴിഞ്ഞാൽ എല്ലാത്തിനും പകരം വീട്ടുന്ന തരത്തിൽ സ്നേഹിച്ചു കൊല്ലണം എന്ന് വിചാരിച്ചു.. ഇനിയുള്ള ജീവിതം മുഴുവൻ അവൻ ആഗ്രഹിക്കുന്ന സന്തോഷം സ്നേഹം ഒക്കെ വാരി കോരി നൽകണം എന്ന് ആഗ്രഹിച്ചു..!!

 

പക്ഷെ…!!

 

നീണ്ട 25 വർഷത്തിന്റെ ഇടക്ക് എത്ര വേണ്ടെന്ന് വച്ചിട്ടും സംഭവിച്ചു പോയ ആദ്യ പ്രണയമാണ്. പ്രണയം തെറ്റാണെന്നും മാതാപിതാക്കൾ പറയുന്ന ആളെ കെട്ടുന്നവൾ ആണ് നല്ല മകൾ എന്ന് വിശ്വസിച്ചിരുന്ന ഒരു നാടൻ മണ്ടി പെണ്ണിന്റെ നീണ്ട 25 വർഷങ്ങൾ.

 

••••••••••••••••••••••••••••••••••••••••••••••••••••••••

{

ആ വർഷങ്ങൾക്ക് ശേഷമാണ് അവൻ അവളുടെ ജീവിതത്തിലേക്ക് വരുന്നത്. തുടക്കത്തിൽ അവൻ അവൾക് ആരുമായിരുന്നില്ല.വെറും ഒരു ഫ്രണ്ട് പക്ഷെ വളരെ പെട്ടന്നായിരുന്നു അവൻ അവൾക് ഏറ്റവും അടുത്ത ഫ്രണ്ട് ആയി മാറിയത്.

 

ജീവിതത്തിൽ ഇതുവരെ ഒരു മനുഷ്യനോടും തോന്നാത്ത ആ ഇഷ്ടം,അടുപ്പം വിശ്വാസം സ്നേഹം ഒക്കെയും അവനോട് തോന്നാൻ കാരണമെന്താണ്..!! അവനില്ലാതെ ജീവിക്കാൻ പറ്റാത്ത ആ അവസ്ഥയിലേക്ക് അവളെ എത്തിച്ചത് എന്താണ്..!! ഒടുവിൽ അതിക്രൂരമായി ചതിക്കപ്പെടാൻ മാത്രം അവൾ എന്ത് തെറ്റ് ചെയ്തു..!! ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ അവളുടെ തലയ്ക്ക് മുകളിൽ വട്ടം കറങ്ങി..

 

വിദേശത്തു ഇതൊക്കെ സർവസാധാരണമാണെന്ന് കേട്ടിട്ടുണ്ട്.അവന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ ‘ഈസിലി അവൈലബിൾ ആൻഡ് സേഫ്’ മുന്നേ ഇതേപ്പറ്റി ചോദിച്ചപ്പോൾ അവൻ തന്നെ പറഞ്ഞ വാക്കുകൾ

‘ഇവിടെ നല്ല രീതിയിൽ ജീവിക്കുന്നവരുമുണ്ട് ഇത്തരത്തിൽ ഉടായിപ്പ് കാണിച്ച ജീവിക്കുന്നവരും ഉണ്ട്’.. ഇത് സാധാരണം ആണെങ്കിൽ എനിക്ക് അവനെ വീണ്ടും സ്നേഹിക്കാമല്ലോ… പക്ഷെ എനിക്ക് അവനെ പഴയത് പോലെ അന്തമായി വിശ്വസിച്ചു സ്നേഹിക്കുവാൻ കഴിയുമോ..

ചതിക്കപ്പെട്ടു എന്ന ചിന്ത മനസ്സിൽ നിന്ന് കളഞ്ഞു വിശ്വാസത്തിന്റെ കണികകൾ കൂട്ടി ചേർത്ത് അവൾ ആഗ്രഹിച്ച പോലെ.. സ്വപ്നം കണ്ടപോലെ മനോഹരമായ ഒരു ജീവിതം ഇനി അവന്റെ കൂടെ സാധ്യമാണോ..!! പക്ഷെ ചിന്തിക്കുന്ന ഓരോ നിമിഷവും അവളുടെ മനസ്സിൽ വരുന്നത് അവിടെ അവനും ആ പെണ്ണും കൂടിയുള്ള നിമിഷങ്ങൾ എങ്ങനെ ആയിരിക്കും എന്നുള്ളതായിരുന്നു. അവളുടെ കൂടെ ഉള്ള സമയത്ത് ഒരു നിമിഷനേരത്തേക്ക് എങ്കിലും അവളെ അവൻ ഓർത്തു കാണുമോ..!! അവസാനമായി തമ്മിൽ കണ്ടപ്പോൾ അവളുടെ ഉള്ളം കയ്യിൽ ചുംബിച്ച അവന്റെ നനുത്ത ചുണ്ടുകൾ കൊണ്ട് തന്നെ ആയിരിക്കില്ലേ അവളെയും …!

അവൾ എത്ര വട്ടം ആ ഉള്ളം കയ്യിൽ അവന്റെ നനുത്ത ചുണ്ടിന്റെ മാധുര്യം അറിഞ്ഞു കോരിത്തച്ചിരിക്കുന്നു..

അന്ന് അവളെ ചേർത്ത് പിടിച്ച് എത്രമാത്രം അവൻ സ്നേഹിക്കുന്നു എന്ന് പറഞ്ഞ അതെ കൈകൾ കൊണ്ട് തന്നെ ആയിരിക്കില്ലേ…!

ആ നിമിഷം ഓർത്തവൾ എത്രമാത്രം പുഞ്ചിരി തൂകിയിരിക്കുന്നു…!!

എന്റെ കണ്ണുകൾ.. ചിരി.. ഒക്കെ അവനു ഇഷ്ടമാണെന്ന് ആയിരം തവണ പറഞ്ഞിട്ടുണ്ട്, ആ പെണ്ണിന് അതിലും മനോഹരമായാ കണ്ണുകൾ ആയിരിക്കുമോ..

ഇതൊക്കെ ചെയ്യുമ്പോൾ അവൾ ചിരിച്ചു കാണുമോ അതിന് കൂടുതൽ ഭംഗി ഉണ്ടായിരിക്കുമോ….!!

 

ആദ്യമായി അവൻ കൂടെ വരുന്നോ എന്ന് ചോദിച്ചപ്പോൾ തന്നെ ഹൃദയം സന്തോഷവും സങ്കടവും കൊണ്ട് പൂത്തുലഞ്ഞതാണ്..!അവൻ എനിക്ക് പണ്ടേ പ്രിയപ്പെട്ടതായിരുന്നു.അവൻ എന്നെ സ്നേഹിച്ചു തുടങ്ങും മുന്നേ എന്റെ ഉള്ളിൽ കയറികൂടിയത് ആയിരുന്നു.അവനെ പോലെ ഒരാളെ അവൾ കണ്ടിട്ടില്ല.. അവനെ പോലെ ഒരാളും അവളെ സ്വാധീനിച്ചിട്ടില്ല..

വീട്ടിൽ സമ്മതിച്ചില്ലെങ്കിൽ അവനെ നഷ്ടപ്പെടുമോ..!! അവനു കൂടെ ഉണ്ടാവുമെന്ന ഹോപ്‌ കൊടുത്ത് ഒടുവിൽ സമ്മതിച്ചില്ല എങ്കിൽ എന്ത് ചെയ്യും എന്ന ഭയം അവളെ നിരന്തരം വേട്ടയാടിയിരുന്നു. അവൻ പ്രൊപ്പോസ് ചെയ്തപ്പോഴും അവൾ ആലോചിച്ചത് വീട്ടുകാർ സമ്മതിക്കുമോ ഇത് നടക്കുമോ അഥവാ നടന്നില്ലെങ്കിൽ എന്ത് ചെയ്യും.. ഇത്തരം ചോദ്യങ്ങൾക്ക് ഒരു മറുപടിയെ ഉണ്ടായിരുന്നുള്ളൂ വയ്യ വേദനിക്കാനും വേദനിപ്പിക്കാനും വയ്യ…. വേണ്ട…!!ഒടുവിൽ നാട്ടിൽ വരുന്ന സമയം ഒന്ന് വീട്ടിൽ ചോദിച്ചു നോക്കാം.. പറ്റില്ല എന്ന് ആണെങ്കിൽ കൊഴപ്പമില്ല.. എന്നവൻ പറഞ്ഞപ്പോൾ ഹൃദയം നിറയെ സ്നേഹം ഉള്ളിൽ നിർത്തി ഒരു ചാൻസ് പോലും എടുക്കാതെ ഇത്രയും ഇഷ്ടമുള്ളവനെ വെറുതെ എന്തിന് നഷ്ടപ്പെടുത്തണം എന്നോർത്ത് വീട്ടിൽ ചോദിക്കും വരെ ഒരു സുഹൃത്ത് ബന്ധത്തിന് അപ്പുറത്തേക്ക് ഒരു തരത്തിലും അടുക്കാൻ പാടില്ല.. വീട്ടിൽ മറുപടി പറ്റില്ല എന്നാണെങ്കിൽ നല്ല സുഹൃത്തുക്കളായി തന്നെ ഇരിക്കണം, വിട്ട് പോവരുത് എന്ന അവളുടെ തീരുമാനവും സമ്മതിച്ചു തുടങ്ങിയതാണ്… അവളുടെ വികാരങ്ങൾ ഒരു പരിധിവരെ നിയന്ത്രിക്കാൻ ഒത്തിരി ശ്രമിച്ചിരുന്നു.. പക്ഷെ അവനെ ഓർക്കാതെ.. അവൻ ഇല്ലാതെ ഒരു നിമിഷം പോലും ജീവിക്കാൻ വയ്യാത്ത അവസ്ഥയിലേക്ക് ഇങ്ങനെ എത്തിച്ചേരും എന്നവൾ ഓർത്തതെ ഇല്ലായിരുന്നു.

 

കാതങ്ങൾക്ക് അപ്പുറം എന്നെ സ്നേഹിക്കുന്ന.. എന്റെ വാക്കുകൾക്ക് ആഗ്രഹിക്കുന്ന.. എന്റെ സാന്നിധ്യം ആഗ്രഹിക്കുന്ന.. എന്റെ സംസാരങ്ങൾ കാരണം മൂഡ് വരെ മാറുന്ന.. എനിക്ക് നിയന്ത്രിക്കാൻ കഴിയുന്ന വികാരങ്ങൾ ഉള്ള ഒരാൾ ഉണ്ട്..!!

ഈ വിചാരം അവളെ എന്നും കോരിതരിപ്പിച്ചു…!!

അവൻ ആണെങ്കിൽ ഒരു മകൻ ആണ്..ഒരു സഹോദരൻ ആണ്.. ഒരു മാമൻ ആണ്..ഒരു സുഹൃത്ത് ആണ്.. കൂടാതെ അവൻ എന്റെയാണ്.. എന്റെ എല്ലാം എല്ലാമാണ്..എനിക്ക് സ്വന്തമാണ്..!!

അവൻ ഈ ലോകത്തിൽ ഏറ്റവും മൂല്യം കല്പിക്കുന്നത് എനിക്കാണ്.. അവൻ ഓരോ നിമിഷവും ഓർക്കുന്നത് എന്നെയാണ്..!!എന്നെ ഓർക്കുമ്പോൾ അവൻ പുഞ്ചിരിക്കും.. അവനെ ഓർക്കുമ്പോൾ എന്റെ ഹൃദയത്തിൽ മഞ്ഞു വീഴും.. ശരീരം കോരി തരിക്കും ചുണ്ടിൽ പുഞ്ചിരി വിടരും ഓടി ചെന്നവനെ കെട്ടിപിടിച്ചു ഉമ്മകൾ കൊണ്ട് മൂടാൻ തോന്നും..ഉറക്കം ഉണർന്നാൽ ആദ്യം ഓർക്കുന്നത് അവനെയാണ്.. ഒരു ദിവസത്തെ മൊത്തം സന്തോഷം ഊർജം ഒക്കെ അവന്റെ ഗുഡ് മോർണിങ് നിന്ന് തുടങ്ങുന്നു.. പിന്നെ അവൾ ഓരോ കാര്യം ചെയ്യുന്നതും അവനെ കാണിക്കാൻ ആയി.. ഓരോ ദിവസവും ഓരോ കുഞ്ഞു കാര്യത്തിന് ശേഷവും അവൾ ഓടി എത്തുന്നത് അത് അവനോട് പറയാൻ ആയിരുന്നു.. വൗ..എന്തൊരു മനോഹരമായ ചിന്തകൾ..!! ജീവിതം ഇത്രയും മനോഹരമായിരുന്നു..!!പ്രണയത്തിന് ഇത്രയും ഭംഗി ഉണ്ടായിരുന്നു..!!

 

അവൻറെ കടന്നുവരവിനു ശേഷം ജീവിതം മാറുകയായിരുന്നു.. ഇതുവരെ കാണാത്ത നിറങ്ങൾ..!! ഇതുവരെ അറിയാത്ത ഹൃദയമിടിപ്പിന്റെ താളം..!! അന്നൊക്കെ അവളുടെ ഹൃദയം മിടിച്ചിരുന്നത് അവൾക്ക് നിയന്ത്രിക്കാൻ കഴിയുന്ന വേഗത്തിൽ ആയിരുന്നില്ല.. ഭൂമിയിലും സ്വർഗത്തിനും ഇടയിൽ പുതിയൊരു ലോകം അവൾ അറിയുക ആയിരുന്നു..!!

 

പക്ഷെ ഇതൊന്നും ഒരുപരിധി അവനെ അറിയിക്കാതെ ഇരിക്കാനും അവൾ ശ്രെദ്ധിച്ചിരുന്നു.. അഥവാ നടന്നില്ല എങ്കിൽ എങ്ങനെ സഹിക്കും.. സ്നേഹത്തിൽ പൂത്തുലയുമ്പോഴും ഇത് നടക്കുമോ വീട്ടുകാർ സമ്മതിക്കുമോ ഇല്ലെങ്കിൽ എന്ത് ചെയ്യുമെന്ന ചോദ്യം അവളെ വേദനിപ്പിച്ചുകൊണ്ടിരുന്നു. നീണ്ട മാസങ്ങൾ അവർ പ്രണയിച്ചു.. പൂവിനെയും പൂമ്പാറ്റയെയും പോലെ.. കടലിനെയും കരയേയും പോലെ.. ഭൂമിയെയും സൂര്യനെയും പോലെ.. ഭൂമിയിൽ ഇത്രയും മനോഹരമാണ് പ്രണയമെന്ന് അവൾ അറിയുക ആയിരുന്നു.

 

പക്ഷെ ഇനിയെന്തു ചെയ്യും…!!

ഞാൻ പ്രണയിച്ചവൻ തന്നെ ആണോ ഇത്..!!

 

അവൻ ഇപ്പോഴും അവളെ സ്നേഹിക്കും..പരിഗണിക്കും എന്നവൾക്ക് അറിയാം..അവളുടെ വിയർപ്പ് വീണ ശരീരം ആണെങ്കിലും ആ മനസ് എനിക്ക് ആയിരിക്കില്ലേ.. പഴയത് പോലെ മനോഹരമായി തന്നെ എന്നെ അവൻ സ്നേഹിക്കില്ലേ..ചിലപ്പോ വീണ്ടും അവൻ അങ്ങനെ പോവുമായിരിക്കും പക്ഷെ എന്നാലും അവൻ സ്നേഹിക്കുന്നത് എന്നെ ആയിരിക്കും.. എനിക്ക് അവനെ മറക്കാൻ വയ്യ.. അവനില്ലാത്തൊരു ജീവിതം ആലോചിക്കാൻ കൂടെ വയ്യ.. മറ്റൊരാളെ കല്യാണം കഴിക്കേണ്ടി വന്നാൽ.. ഹോ അത് ഓർക്കാൻ കൂടെ വയ്യ..എല്ലാം മറന്ന് അവനെ തന്നെ വീണ്ടും സ്വീകരിച്ചാലോ…ഇനി അങ്ങനെ ഉണ്ടാവില്ലെന്ന് രണ്ടാമത് ഒരു മദർ പ്രോമിസ് കൂടെ തന്നിട്ട് ഉണ്ടല്ലോ..

 

പക്ഷെ ഇതൊക്കെ ഞാൻ എങ്ങനെ മറക്കും…!!അവൻ എന്നെ തൊടുന്ന നിമിഷം ഞാൻ ഇതോർക്കില്ലേ.. ഇതേ കയ്യ് കൊണ്ടല്ലേ ആ പ്രൊസ്റ്റിറ്റുട്ട്നെയും.. ഇതേ ചുണ്ട് കൊണ്ടല്ലേ അവളെയും.. ഹോ.. എന്ത് ഭീകരമായ അവസ്ഥ.. നിന്ന നില്പിൽ മരിച്ചു പോയിരുന്നെങ്കിൽ..!!

വല്ല വാമ്പയർ വന്നു പഴയത് ഒക്കെ മനസ്സിൽ നിന്ന് മായ്ച്ചു കളഞ്ഞിരുന്നെങ്കിൽ..!!

 

അപ്പോൾ ഇനി ഒരിക്കലും സന്തോഷമുള്ളൊരു ജീവിതം സാധ്യമല്ലേ …?

 

അപ്പോ എന്ത് വേണം..മരിച്ചു കളയണോ..!!

 

ചിന്തകൾ അവളുടെ മനസ്സിൽ ചിതകൂട്ടിയിരുന്നു.. അവ ആളി കത്തി അതിന്റെ ചൂടിൽ അവൾ പൊള്ളി ഉരുക്കുക ആയിരുന്നു..

 

ഇനി ഇങ്ങനെയൊക്കെ നടന്നത് എന്റെ തെറ്റ് ആയിരിക്കുമോ.. വീട്ടിൽ സമ്മതിക്കില്ല എന്നവന് തോന്നിയത് കൊണ്ട് ആയിരിക്കുമോ.. ദൈവമേ… എന്ത് ചെയ്യണം ഞാൻ..!!

 

ഇങ്ങനെ ഒരു അവസ്ഥ ജീവിതത്തിൽ വരുമെന്ന് അവൾ ഒരിക്കൽ പോലും ഓർത്തിരുന്നില്ല.. എല്ലാം കൈവിട്ടു പോയി..

വേണ്ടായിരുന്നു… ഒന്നും…!!

 

ഒരു മനുഷ്യനെ മാത്രം ഓർത്ത് നൊന്ത് നീറി ഇനി ജീവിക്കാൻ പറ്റുമോ..!!

 

കൂടെ ജീവിക്കാൻ ആവുമോ..!!

 

അവനോട് ക്ഷമിക്കാൻ അവൾക്ക് കഴിയും… അവനെ പഴയപ്പോലെ സ്നേഹിച്ചുകൊണ്ടിരിക്കാനും കഴിയും.. പക്ഷെ അവൻ ചെയ്തത് മറക്കാൻ അവൾക്ക് ഒരിക്കലും സാധിക്കില്ല.. അവളുടെ ഉയിരിൽ പ്രാണൻ ഉള്ളിടത്തോളം കാലം ഈ ഓർമയിൽ ഉരുകി നീറികൊണ്ടിരിക്കാൻ മാത്രമേ അവൾക്ക് സാധിക്കു..ഇന്നും അവനെ കുറിച്ചോർക്കുമ്പോൾ.. അവന്റെ പേര് കേൾക്കുമ്പോൾ.. അവനുമായി ബന്ധപ്പെട്ട എന്ത് കാണുമ്പോഴും കുറച്ചു നേരത്തേക്ക് അവളുടെ ഹൃദയമിടിപ്പ് നിലയ്ക്കുന്നു.. ശരീരം തളർന്നു പോവുന്നു.. ജീവിതം ഒരു നിമിഷത്തേക്ക് നിലയ്ക്കുന്ന അവസ്ഥ…!!!

 

“”ഇപ്പോഴും ഇത്രയൊക്കെ അറിഞ്ഞിട്ടും ഇന്നും എന്റെ ഹൃദയം തുടിക്കുന്നത് നിനക്ക് വേണ്ടി മാത്രമാണല്ലോ.. പ്രണയമെന്നാൽ ഇന്നും അന്നും എന്നും എനിക്ക് നീ മാത്രമാണെല്ലെടോ…

ഞാൻ എങ്ങനെ നിന്നെ മറക്കുമെടോ.. നിന്നെ മറന്നൊരു ജീവിതം എങ്ങനെ ഞാൻ ജീവിച്ചു തീർക്കും. നീ എന്നെ ജീവിതത്തിലേക്ക് ഇപ്പോഴും ക്ഷണിക്കുന്നു.. പക്ഷെ ആരായിട്ട്..!! നിനക്ക് സംസാരിക്കാൻ നിന്റെ മുൻ കാമുകി ഉണ്ട്.. നിന്റെ ഫിസികൽ നീഡ് നും ആളുണ്ട്.. അപ്പോ എന്റെ സ്ഥാനം..!!

തീരാവേദനയുടെ അഴകടലിൽ തള്ളിയിട്ടു മറഞ്ഞു പോവാൻ ആണെങ്കിൽ പ്രണയമേ.. എന്തിനൊരു ആയുഷ്കാലത്തിന്റെ വസന്തം മുഴുവൻ ചൊരിയാൻ നീ എന്നിൽ വന്നു…!!

വെറുക്കാനോ.. മറക്കാനോ.. സ്നേഹിക്കാതിരിക്കാനോ… വിശ്വസിക്കാതിരിക്കാനോ.. വിശ്വസിക്കാനോ ആവാതെ നീ എന്റെ ഹൃദയത്തിന്റെ അറകളിൽ ഭ്രൂണമായി ഇരിക്കട്ടെ..!!””

 

ഡയറിയുടെ അവസാന പേജിൽ ഇത്രയും എഴുതി പെൻ താഴെ വെക്കുമ്പോൾ അവളുടെ ശരീരം വിറച്ചിരുന്നു.കണ്ണുകൾ നിറഞ്ഞു കവിഞ്ഞിരുന്നു…!!

 

മുന്നോട്ടുള്ള ജീവിതം അവളുടെ മുന്നിൽ ഒരു ഉത്തരമില്ലാത്ത ചോദ്യചിഹ്നമായി…!!

 

(അവസാനിച്ചു..!!)

Leave a Reply

Your email address will not be published. Required fields are marked *