അനുഭവിക്കാവുന്നതിന്റെ പരമാവധി അനുഭവിച്ചു. ശേഷമാണ്, മോനെയും പൊത്തിപ്പിടിച്ച് സ്വന്തം വീട്ടിലേക്ക് പോകുന്നത്. ഭർത്താവെന്ന് പറയുന്ന ആ ആഭാസൻ അവിടെയും വന്നു. കുഞ്ഞിനെ വേണം പോലും. താൻ നോക്കുമെന്നാണ് പറയുന്നത്. മോനോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല. വാശിയാണ്. എന്നെ ജയിക്കണമെന്ന കേവല വാശി.
‘തരില്ലെന്ന് പറഞ്ഞാൽ തരില്ല. വേണമെങ്കിൽ കോടതീല് പോയിക്കോ…’
മധ്യസ്ഥവുമായി വന്ന ഭർത്താവിനെ ഞാൻ വിരട്ടി. അയാൾ വിരണ്ടില്ല. തന്റെ മോനെ കൊണ്ടുപോകാൻ തനിക്കൊരു കോടതിയുടെയും ആവിശ്യമില്ലെന്ന് പറഞ്ഞ് അലറുകയാണ്. അത് കണ്ടപ്പോൾ എന്റെ അച്ഛൻ പേടിച്ച് പോയി. വയസ്സ് കാലത്ത് സ്വര്യം തരില്ലേയെന്ന് അമ്മയും ചേർത്തു. കീഴടങ്ങാൻ ഞാൻ ഒരുക്കമായിരുന്നില്ല. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കുഞ്ഞിനെ വിട്ട് തരില്ലെന്ന് പറഞ്ഞാണ് മുറിയിൽ കയറി കതക് അടച്ചത്. അതിന് ശേഷം, ദീർഘമായ മൗനമായിരുന്നു.
ഭർത്താവ് പോയെന്ന് തോന്നുന്നു. പ്രശ്നമുണ്ടാക്കാൻ ഇനിയും വരുമായിരിക്കും. പറക്കമുറ്റാത്ത കുഞ്ഞിനെ അമ്മയിൽ നിന്ന് പിരിക്കാൻ ഏത് കോടതിക്കാണ് പറ്റുക! പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കാം. അതിനും ഞാൻ തന്നെ പോകണം. മോനുമായി വീട്ടിലേക്ക് തിരിച്ച് വന്നതിലുള്ള ദേഷ്യം അച്ഛനും അമ്മയ്ക്കും ഇപ്പോഴും തീർന്നിട്ടില്ല. ഞാൻ മറ്റ് എവിടെ പോകാൻ. അവർ കൂട്ടി കെട്ടിയ ബന്ധത്തിൽ നിന്നല്ലേ എനിക്ക് പരിക്ക് പറ്റിയത്. സഹികെട്ടാൽ എന്ത് ചെയ്യും…
‘സാറെ, പരാതിയില് എല്ലാം എഴുതിയിട്ടുണ്ട്. മോനെ ഞാൻ കൊടുക്കൂല സാറെ…’
പിറ്റേന്ന് സ്റ്റേഷനിൽ പോയപ്പോൾ പറഞ്ഞതാണ്. പരാതി വാങ്ങി മേശപ്പുറത്ത് വെച്ച പോലീസുകാരൻ പരിഹാരം ഉണ്ടാക്കാമെന്ന് ഉറപ്പ് നൽകി. അദ്ദേഹം തന്നെയാണ് ഒരു വക്കീലിനെ ഏർപ്പാട് ചെയ്ത് തന്നതും.
പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനമാണ് പരിഹാരമെന്ന് വക്കീല് പറഞ്ഞു. എനിക്ക് നൂറ് വട്ടം സമ്മതമാണ്. പക്ഷേ, മോന്റെ കാര്യത്തിൽ യാതൊരു വിട്ട് വീഴ്ചയും ചെയ്യാൻ പറ്റില്ല. ഒരു ദിവസം പോലും ഭർത്താവിന്റെ കൂടെ മോൻ താമസിക്കാൻ പാടില്ല. അങ്ങനെ, സംഭവിച്ചാൽ, ഞാൻ ചത്തതിന് സമമാകും.
‘അതൊന്നും പറ്റില്ല. കുഞ്ഞിന്റെ മേലെ അച്ഛനും അവകാശമുണ്ട്. കോടതി അതിനൊരു പ്രതിവിധി നിർദ്ദേശിക്കും. അത്തരം പരസ്പര ധാരണയോടെ മാത്രമേ ഇത്തരം കേസുകൾക്ക് പരിഹാരമുണ്ടാകൂ…’
നിയമ വശങ്ങളെ കുറിച്ച് യാതൊരു പിടിപാടും ഇല്ലാതിരുന്ന ഞാൻ തലയാട്ടി. താലി ഉൾപ്പടെയുള്ള ആഭരണങ്ങൾ പണയപ്പെടുത്തിയപ്പോൾ കിട്ടിയ പണം കൊണ്ട് കേസും നടത്തി. വർഷം ഒന്നാകുമ്പോഴാണ് തീരുമാനമായത്. വർഷത്തിൽ രണ്ട് മാസം മോനെ അവന്റെ അച്ഛന്റെ കൂടെ വിടാൻ കോടതി പ്രഖ്യാപിച്ചു. അതിന് സമ്മതിച്ചാൽ മാത്രമേ മ്യൂച്ചൽ ഡിവോഴ്സിന് സാധ്യതയുണ്ടായിരുന്നുള്ളൂ… വിധിയിൽ ഞാൻ തൃപ്ത ആയിരുന്നില്ല. പക്ഷേ, അതല്ലാതെ മറ്റൊരു വഴിയും മുന്നിൽ ഇല്ലായിരുന്നു. രണ്ട് മാസം പോയിട്ട്, രണ്ട് മണിക്കൂർ പോലും എന്റെ മോൻ അയാളുടെ കൂടെ പാടില്ല.
വിജയിച്ച ചിരിയുമായി ആ കോടതി വരാന്തയിൽ നിന്ന് ഇറങ്ങിപ്പോയ ഭർത്താവിന്റെ മുഖം ആ രാത്രിയിൽ എന്നെ ഉറക്കിയില്ല. ഉറക്കിയില്ലെന്ന് മാത്രമല്ല. വേദനിച്ച എത്രയോ രാപ്പകലുകളെ ഉണർത്തുകയും ചെയ്തു. ഒരു കാരണവശാലും ആ മനുഷ്യൻ ജയിക്കരുത്. ഞാനും മോനും സന്തോഷത്തോടെ ജീവിക്കാൻ പാടില്ലായെന്ന അയാളുടെ ആ വാശിയിൽ ഞങ്ങൾ തോറ്റ് പോകരുത്. എന്റെ മോനാണ്. ഞാൻ പ്രസവിച്ചതാണ്. പങ്കിടാൻ സാധിക്കില്ല.
‘അപ്പോൾ പിന്നെ എന്ത് ചെയ്യും…?’
സ്വയം ചോദിച്ച നിമിഷം! മരിക്കൂവെന്ന് സ്വയം പറഞ്ഞ നിമിഷം! അച്ഛനേയും അമ്മയേയും ഉണർത്താതെ മോനുമായി ഇറങ്ങിയ ആ നിമിഷം!
എവിടേക്കാണ് അമ്മേ നമ്മൾ പോകുന്നതെന്ന് മോൻ ചോദിച്ചിരുന്നു. ആ കിന്നരി പല്ലുകളോട് കള്ളം പറയാൻ തോന്നിയില്ല. പറഞ്ഞു. ആരും തേടി വരാത്ത അങ്ങ് ദൂരേക്കെന്ന് മൊഴിഞ്ഞു. കേട്ടപ്പോൾ അവൻ ചിരിച്ചിരുന്നു. സ്വയം മറവ് ചെയ്യാനുള്ള പോക്കാണല്ലോയെന്ന് ഓർത്തപ്പോൾ അറിയാതെ വിതുമ്പി പോയി. പക്ഷേ, തോൽക്കാൻ പറ്റില്ലല്ലോ… അതും നിരന്തരമായി തോറ്റുപോയ ഒരു മനുഷ്യന്റെ മുന്നിൽ…
‘ഹോയ്… ആരാ…? എങ്ങോട്ടാ…?’
ഞാൻ നിന്നില്ല. നാട്ടിലെ തൂക്ക് പാലത്തിന്റെ മുകളിലേക്ക് എത്തുന്നത് വരെ തിരിഞ്ഞ് പോലും നോക്കിയില്ല. ആരോ പിന്തുടരുന്നുണ്ടെന്നത് സത്യമാണ്. ശബ്ദവും, അനക്കവും ഏറെ ദൂരം പിന്തുടർന്നിരുന്നു. താഴോട്ട് നോക്കിയപ്പോൾ പുഴ കുത്തിയൊലിക്കുന്നു. അതിലേക്ക് വീണാൽ ചലനമില്ലാതെ പൊങ്ങുകയോ, താഴുകയോ ചെയ്യുമെന്നത് തീർച്ചയാണ്. ചിലപ്പോൾ കടലിലേക്ക് വരെ ഒഴുകുമായിരിക്കും.
‘പേടിയാകുന്നു അമ്മേ…!’
ഉലയാൻ പാകത്തിൽ കാറ്റ് വീശിയപ്പോൾ മോൻ പറഞ്ഞതാണ്. എല്ലാം പേടിയും ഇപ്പോൾ മാറുമെന്ന് പറഞ്ഞ് ഞാൻ ധൈര്യം കൊടുത്തു. മറ്റൊന്നും ആലോചിച്ചില്ല. തീരണം. എന്നോട് ജയിക്കാൻ നിൽക്കുന്ന ഭർത്താവ് തോൽക്കണം. കുഞ്ഞുമായി ഒരു ഭാര്യയ്ക്ക് ലോകം അവസാനിപ്പിക്കേണ്ടി വന്നാൽ ഭർത്താവിന് പിന്നെ സമാധാനം ഉണ്ടാകുമോ…! നാട് മുഴുവൻ ആ മനുഷ്യനെ വെറുക്കുന്നത് തന്നെയാണ് എനിക്കും വേണ്ടത്. അത് കാണാൻ ഞാൻ വേണമെന്ന നിർബന്ധവും ഇല്ല.
‘മോളേ…!’
അച്ഛന്റെ ശബ്ദം പോലെ…! എന്നാൽ അച്ഛനല്ല! അടുത്തേക്ക് വരുമെന്ന് തോന്നിയപ്പോൾ ചാടാൻ ഒരുങ്ങിയതാണ്. അവിടെയും തോറ്റ് പോയി. പിടിച്ച് വലിച്ച് കരയിൽ എത്തിച്ചപ്പോൾ കരഞ്ഞും പോയി. എന്റെ കഴുത്തോട് ചുറ്റി പിടിച്ച് കിതക്കുന്ന മോനെ അയാൾ ബലമായാണ് എടുത്തത്. അവനും വാവിട്ട് കരഞ്ഞു. ആ മനുഷ്യൻ അവനെ ആശ്വസിപ്പിക്കാൻ ശ്രമിക്കുകയാണ്. അപ്പോഴും, എന്റെ മാറിലേക്ക് തന്നെ അവൻ ഏങ്ങിയേങ്ങി വലിഞ്ഞു. ചങ്ക് തകർന്ന് പോയ നിമിഷമായിരുന്നുവത്…
‘നടക്ക്… എല്ലാം വീട്ടിൽ ചെന്നിട്ട്…’
ഞാൻ അനുസരിച്ചു. വീട്ടിലേക്ക് എത്തുന്നത് വരെ ഞങ്ങൾ സംസാരിച്ചിരുന്നില്ല. അയാളുടെ മുഖം അപ്പോഴാണ് വ്യക്തമായത്. പരിചയമുണ്ട്. എന്നിരുന്നാലും, ആരാണെന്ന് പറയാൻ കഴിയുന്നില്ല…
‘ദാമുവോ…!’
കതക് തുറന്നപ്പോൾ അശ്ചര്യത്തോടെ അച്ഛൻ ചോദിച്ചു. ശരിയാണ്. അയാൾ അച്ഛന്റെ കൂട്ടുകാരനാണെന്ന് തോന്നുന്നു. പണ്ട്, വീട്ടിലേക്കൊക്കെ വരാറുണ്ട്. ഉറക്കപ്പിച്ചിൽ ആയത് കൊണ്ടായിരിക്കണം, എന്നെയും മോനെയും പിന്നീടാണ് അച്ഛൻ ശ്രദ്ധിക്കുന്നത്. അപ്പോഴേക്കും അമ്മയും വന്നു. അയാളുടെ പുറകിൽ നിന്ന് ഞാൻ മുന്നിലേക്ക് നീങ്ങി. ആകെയൊരു മരവിപ്പായിരുന്നു. കഴിഞ്ഞ നേരങ്ങളെ ഓർക്കുമ്പോൾ ഞരമ്പുകൾ മുറുകുന്നു..
‘ഞാൻ ചൂണ്ടയിട്ട് ഇരിക്കുകയായിരുന്നു… അപ്പോഴാ മോള്… ബുദ്ധിമോശമെന്നല്ലാതെ മറ്റെന്ത് പറയാണ്… പേടിപ്പിക്കുകയൊന്നും വേണ്ട. മറഞ്ഞ് മനസിലാക്ക്… ഇനി ചത്തേ ഒക്കൂവെന്നാണെങ്കിൽ കുഞ്ഞിനെ എനിക്ക് തന്നേക്ക്… ഞാൻ നോക്കിക്കൊള്ളാം… നിനക്ക് അറിയാലോ… എന്റെ മോനൊക്കെ ഇപ്പോഴും ആശുപത്രിയായ ആശുപത്രീലൊക്കെ കയറിയിറങ്ങുകയാണ്… ഒരു കുഞ്ഞിക്കാല് കാണാനേ… അല്ലെങ്കിലും, വേണ്ടാത്തവർക്കാണല്ലോ ദൈവം വാരിക്കോരി കൊടുക്കുന്നേ…!’
എന്നും പറഞ്ഞ് ആ മനുഷ്യൻ പോയി. ആരും പരസ്പരം മിണ്ടിയില്ല. എന്റെ മോൻ ഇമ വെട്ടാതെ ചുറ്റും നോക്കുകയാണ്. അച്ഛൻ അവനെ എടുത്തു. ശേഷം, എന്റെ മുഖത്തൊന്ന് തന്നു. ചാകണമെങ്കിൽ നിനക്ക് ഒറ്റക്ക് ആയിക്കൂടെയെന്ന് ആവർത്തിച്ചു. എനിക്ക് സഹിച്ചില്ല. അമ്മയുടെ മുഖത്തും എന്നോടുള്ള കരുണയില്ലെന്നത് വ്യക്തമാണ്. അത്രയും വെറുക്കപ്പെടണ്ടവളാണോ ഞാൻ…!
ഈ കഴിഞ്ഞ രംഗങ്ങളെയെല്ലാം ഓർക്കുമ്പോൾ പേടിയാകുന്നുണ്ട്. ശരിയായിരിക്കാം… മോൻ എന്ത് പഴിച്ചുവല്ലേ…! അവന്റെ അച്ഛനെ തോൽപ്പിക്കാൻ ഇറങ്ങിയ എന്റെ പേരും വാശിയെന്ന് തന്നെ വായിക്കാം. സുഖമില്ലാത്ത ജീവിതത്തിൽ നിന്ന് ഉണ്ടാകുന്ന വിഷാദങ്ങളെ മൂപ്പിക്കുന്നത് വാശിയാണ്. സ്വാർത്ഥ താൽപര്യങ്ങൾ നടക്കാതെ വരുമ്പോൾ മോനെ പോലും ഇല്ലാതാക്കാൻ തോന്നുന്ന വിഭ്രാന്തിയെ ചങ്ങലയ്ക്കിടണം. ഒരു അനുകമ്പയും എന്നെ പോലെ ഉള്ളവരോട് കാട്ടരുത്. ഞാൻ കാലുകളിലേക്ക് നോക്കി. ഇല്ല. ചങ്ങലകളിൽ ബന്ധിക്കപ്പെട്ടിട്ടില്ല.
‘അച്ഛാ… ഏതെങ്കിലും ഭ്രാന്തിന്റെ ഡോക്റ്ററെ എന്നെ കാണിക്കോ…!’
കേട്ടപ്പോൾ, മോനെ അമ്മയുടെ കൈകളിലേക്ക് കൊടുത്ത് അച്ഛൻ എന്റെ തോളിൽ പിടിച്ചു. എന്ത് മണ്ടത്തരമാണ് നീ കാട്ടിയതെന്ന് ചോദിച്ച് വിതുമ്പി.
‘നീയും നിന്റെ ഭർത്താവും ഇതിനെ പിടിച്ച് വലിക്കുന്നത് കാണാൻ പറ്റാത്തോണ്ടാണ് ഇടയ്ക്ക് വല്ലതും പറയുന്നത്. അതിന് ഇങ്ങനെയാണോ…!’
ശരിയാണ്. ഉണ്ടാക്കിയെന്ന അവകാശത്തിൽ ഞാനും എന്റെ ഭർത്താവും മോനെ പിടിച്ച് വലിക്കുക തന്നെയായിരുന്നു. ഭൂരിഭാഗം തനിക്ക് വേണമെന്ന വാശി മാത്രമേ ഇടയിലുള്ളൂ. കുഞ്ഞ് നടുവേ കീറിപ്പോയാലും കുഴപ്പമില്ലെന്ന ബലത്തിലാണ് ഈ പിടിവലികളൊക്കെ നടക്കുന്നതെന്ന് പറയാതിരിക്കാൻ വയ്യ.
ചികയുന്തോറും വ്യക്തമാകുന്ന എന്നെ ഓർക്കുമ്പോൾ വേദനിക്കുകയാണ്. അച്ഛൻ അടിച്ചപ്പോൾ തോന്നിയ നോവിന്റെ എത്രയോ മടങ്ങ് തലയിൽ അനുഭവപ്പെടുന്നു. കണ്ണുകൾ അടച്ചപ്പോൾ കാലുകൾക്ക് കനം കൂടുന്നത് പോലെ തോന്നി. അനങ്ങാതെ നിന്നിട്ടും തറയിലൂടെ ചങ്ങല വലിയുന്ന ശബ്ദവും കേൾക്കാം.
തൂക്ക് പാലത്തിൽ നിൽക്കുമ്പോൾ ഉലയാൻ പാകത്തിലൊരു കാറ്റ് വീശിയിരുന്നു. അതേ ഗതിയിൽ ഞാനത് വീണ്ടും കൊള്ളുകയാണ്. പറഞ്ഞ് വെച്ചത് പോലെ അമ്മ അടുത്തേക്ക് വരുകയും അകത്തേക്ക് പോകാമെന്ന് പറയുകയും ചെയ്തു. സന്ദർഭത്തിൽ മോൻ പറഞ്ഞത് തന്നെയാണ് ആ നേരം എനിക്കും ആവർത്തിക്കാൻ ഉണ്ടായിരുന്നത്.
‘പേടിയാകുന്നു അമ്മേ…!!!’
ശ്രീജിത്ത് ഇരവിൽ