അമ്മിണിയെപ്പോലെ താനും ഇവിടെയൊരു അധികപറ്റാണ്. ആ ബോധ്യത്തിൽ അവളൊരു നിരാശയുടെ കുടുക്കയായി മാറുകയായിരുന്നു.

അമ്മിണിയെ ചാക്കിൽ പൊതിഞ്ഞ് നാടുകടത്തിയതിന്റെ മൂന്നാമത്തെ നാൾ തൊട്ടാണ് പൊന്നമ്മയുടെ കാലിന് അസ്സഹനീയമായ വേദന ആരംഭിച്ചത്.

 

പ്രായത്തിന്റേതാണെന്ന് ഗൾഫിലുള്ള മകൻ പറഞ്ഞു. കുഞ്ഞിനെ നോക്കാൻ വേറെയാളെ നോക്കേണ്ടി വരുമല്ലോയെന്ന് വീട്ടിലുള്ള മരുമകളും മൊഴിഞ്ഞു. കേട്ടപ്പോൾ കാലിലെ വേദന ശരീരത്തിന്റെ മറ്റ് എവിടേക്കൊക്കെയോ പടരുന്നത് പോലെ പൊന്നമ്മയ്ക്ക് തോന്നി. ആ അവസ്ഥയോർത്ത് കരയുമ്പോഴേല്ലാം അവളുടെ ഉള്ളിൽ നിന്ന് വിങ്ങി വന്നത് അമ്മിണിയായിരുന്നു.

 

മാസങ്ങൾക്കുള്ളിൽ പൊന്നമ്മ നിത്യരോഗിയായി. വർഷം തികയും മുമ്പേ മക്കളുടെ പെരുമാറ്റമാകെ മാറിയിരിക്കുന്നുവെന്ന് അവൾ മനസിലാക്കിയിരുന്നു. അമ്മിണിയെപ്പോലെ താനും ഇവിടെയൊരു അധികപറ്റാണ്. ആ ബോധ്യത്തിൽ അവളൊരു നിരാശയുടെ കുടുക്കയായി മാറുകയായിരുന്നു.

 

ഒരിക്കൽ പൊന്നമ്മ മുറ്റം അടിക്കുമ്പോൾ മതില് ചാടി വന്നതാണ് അമ്മിണി. വെള്ളയിൽ കറുത്ത പൊട്ടുള്ള സുന്ദരി. വലത് കൈവെള്ളയിൽ പരിക്ക് പറ്റിയിട്ടുണ്ട്. രക്തം പൊടിഞ്ഞിട്ടുമുണ്ട്. പൊന്നമ്മയ്ക്കെന്തോ അവളോട് വല്ലാത്ത കരുണ തോന്നി.

 

മുറിവ് വെച്ചുകെട്ടി ഒരു പിഞ്ഞാണം പാലും കൊടുത്ത് അവൾ ആ പൂച്ചയെ അമ്മിണീയെന്ന് വിളിച്ചു. പിന്നീട്, അവൾ അവിടെ നിന്ന് പോയില്ല. സ്നേഹിക്കപ്പെടാൻ വെമ്പി നിന്ന പൊന്നമ്മയുടെ പിന്നീടുള്ള നാളുകൾക്കെല്ലാം സന്തോഷമായിരുന്നു.

 

അമ്മിണിയുടെ അമിത സ്വാതന്ത്ര്യത്തോട് കൂടിയുള്ള ഇടപെടലുകൾ ഒരാൾക്ക് ഇഷ്ടപ്പെട്ടില്ല. മരുമകളുടെ പരാതി വഴി ഒരുനാൾ മകനിൽ നിന്നും പൊന്നമ്മക്ക് ഒരു നിർദ്ദേശം കിട്ടി. അവൾക്കത് അനുസരിക്കാനേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. അമ്മിണി ചാക്കിലായി നാട് കടത്തപ്പെട്ടത് അങ്ങനെയാണ്.

 

പാതി കിടപ്പിലായ പൊന്നമ്മയുടെ ഉള്ളിൽ മുഴുവൻ കുറ്റബോധമാണ്. അമ്മിണിക്ക് എന്ത് സംഭവിച്ചിരിക്കുമെന്ന വേവലാതി പതിവിലും ശക്തമായി അവളുടെ തലയിലേക്ക് വന്നു. കൂടെ, മക്കളുടെ സമീപനത്തിന്റെ സ്വഭാവം കൂടി മാറിയപ്പോൾ, എല്ലാത്തിനും അറുതിയെന്നോണം അവൾ ആ വീട്ടിൽ നിന്ന് മാറി താമസിക്കാൻ തീരുമാനിച്ചു. ഇടവകയിലെ വികാരി വഴി ഏറെ ദൂരത്തല്ലാത്ത ഓൾഡേയ്ജ് ഹോമിൽ അതിനുള്ള സൗകര്യവും ഏർപ്പാടാക്കി.

 

മക്കൾക്ക് ആർക്കും അമ്മച്ചിയുടെ തീരുമാനത്തിൽ എതിരഭിപ്രായം ഉണ്ടായിരുന്നില്ല. അതുകൊണ്ട് വളരേ പെട്ടെന്ന് തന്നെ പൊന്നമ്മ ആ വായോധികരുടെ കൂട്ടത്തിലേക്കെത്തി. നരച്ച ചിരിയുമായി തന്നെ സ്വാഗതം ചെയ്ത അവിടുത്തെ അന്തേവാസികളുമായി വളരേ പെട്ടെന്ന് തന്നെ അവൾ അടുത്തു.

 

പതിയേ പൊന്നമ്മയ്ക്ക് ആശ്വാസം അനുഭവപ്പെടുകയായിരുന്നു. തളർച്ചയിൽ പാതിയും കുറഞ്ഞത് പോലെ! മിക്കപ്പോഴും അത് അങ്ങനെയാണ്. ഇനി കാത്തിരിക്കാൻ യാതൊന്നും ആയുസ്സിൽ ഇല്ലെന്ന് അറിഞ്ഞാൽ മനസ്സിനൊരു സന്തോഷമാണ്. വരാനുള്ള മരണം എപ്പോൾ വന്നാലും വഴങ്ങാൻ താൻ തയ്യാറാണെന്ന് കരുതിയപ്പോൾ ജീവിതം ലളിതമാണെന്ന് അവൾക്ക് തോന്നി.

 

ഒരുനാൾ പൊന്നമ്മയുടെ ശ്രദ്ധ ഒരു കാഴ്ച്ചയിൽ കൊളുത്തി നിന്നു. ചാര നിറത്തിൽ നീളൻ വാലുള്ളയൊരു സുന്ദരി പൂച്ചയെ കൊഞ്ചിക്കുകയും ഊട്ടുകയും ചെയ്യുന്ന സ്ത്രീ! അങ്ങനെയൊരു സ്ത്രീയേ മാസം ഒന്നായിട്ടും അവൾ കണ്ടതേയില്ലായിരുന്നു.

 

പൊന്നമ്മയുടെ തൊട്ടടുത്ത മുറിയിൽ താമസിക്കുന്ന അന്നമ്മച്ചിയാണ് കാഴ്ച്ചയിലെ സ്ത്രീ പങ്കജം ആണെന്നും, അധികമൊന്നും പുറത്തേക്ക് ഇറങ്ങാറില്ലെന്നും പറഞ്ഞത്.

 

‘ ആ പൂച്ച…..?’

 

“ഓ അതോ, ഓള് വരുമ്പോ അതൂണ്ട്..!”

 

പങ്കജത്തിന്റെ കെട്ടിയോൻ പൂച്ചയെ കളയാൻ പറഞ്ഞപ്പോൾ കെട്ടിയോനെ കളഞ്ഞിട്ടാണ് അവൾ അതിനേയും കൊണ്ട് വന്നെതെന്നും കൂടി അന്നമ്മച്ചി പറഞ്ഞു. പറഞ്ഞത് തമാശയോടെ ആണെങ്കിലും പൊന്നമ്മയുടെ കാതുകളുടെ ചങ്കിലത് ചൂണ്ട പോലെ കൊളുത്തി. ചെറിയയൊരു ഇടവേളക്ക് ശേഷം അവളുടെ പ്രാണൻ വീണ്ടും മുറിഞ്ഞു. ആ നീറ്റലോടെയാണ് അവൾ തന്റെ കാഴ്ചയിലേക്ക് നടന്നത്.

 

പങ്കജത്തിന്റെ അടുത്തെത്തിയ പൊന്നമ്മ ആ പൂച്ചയെ തൊടുകയും തലോടുകയും കൊഞ്ചിക്കുകയും ചെയ്തു. അവളുടെ കണ്ണുകൾ രണ്ടും, നിറഞ്ഞ കിണറുകൾ പോലെ കവിഞ്ഞു. മറ്റാരും കാണുന്നതിന് മുമ്പ് തന്നെ അവളത് തുടച്ച് കളയുകയും ചെയ്തു. തന്റെ ഓമനപ്പൂച്ചയെ ഇത്രയും തീവ്രമായി കൊഞ്ചിക്കുന്ന പൊന്നമ്മയെ വളരെ കൗതുകത്തോടെയാണ് പങ്കജം നോക്കി നിന്നത്.

 

സ്നേഹിക്കാനും, മുട്ടിയുരുമ്മി സ്നേഹിക്കപ്പെടാനും, ഇങ്ങനെയൊരു പൂച്ചയെ കിട്ടിയ പങ്കജം എത്ര ഭാഗ്യവതിയാണെന്ന് പൊന്നമ്മയ്ക്ക് തോന്നി. അവളുടെ ഓർമ്മയിൽ നിന്ന് ചാക്കിൽ പൊതിഞ്ഞ് നാടുകടത്തപ്പെട്ട ഒരു സ്നേഹം ആ നേരം മ്യാവൂന്ന് ശബ്ദിച്ചു. ഉടലാകെയൊരു പൂച്ചയുടെ നനുത്ത രോമങ്ങൾ ഉരസ്സുന്നത് പോലെ…

 

പങ്കജവും പൊന്നമ്മയും പരസ്പരം പരിചയപ്പെടുകയും സംസാരിക്കുകയും ചെയ്യുകയാണ്. അവർക്ക് ഇടയിൽ അവർ പോലും അറിയാതെ ഒരു ഹൃദയബന്ധം ഉൾത്തിരിഞ്ഞു. പോകാൻ നേരമാണ് പൂച്ചയുടെ പേര് എന്താണെന്ന് പൊന്നമ്മ ചോദിച്ചത്. പിന്നിക്കെട്ടിയ മുടി പിറകിലോട്ട് എറിഞ്ഞുകൊണ്ട് പങ്കജം അതിന് മറുപടി പറഞ്ഞു.

 

‘അമ്മിണി….!’

 

ശ്രീജിത്ത് ഇരവിൽ

 

Leave a Reply

Your email address will not be published. Required fields are marked *