അനാമിക
(രചന: കാശി)
രണ്ട് മുറികൾ ഉള്ള ആ കൊച്ച് വീട്ടിലെ ഒരു മുറിയിൽ നിന്ന് പുറത്തെ ഇരുട്ടിലേക്ക് നോക്കി ഇരിക്കുകയാണ് അവൾ.. അനാമിക..
അവളുടെ കണ്ണുകൾ മുളച്ചു വരുന്ന ഒരു തെങ്ങിൻ തൈയിൽ ആയിരുന്നു. സങ്കടം അണ പൊട്ടുമ്പോഴും ഒന്ന് കരയാൻ പോലും അവൾക്ക് കഴിഞ്ഞില്ല.
അവളെ നോക്കി നിൽക്കുമ്പോൾ, സുരഭിയുടെ കണ്ണ് നിറഞ്ഞു. മക്കളിൽ ഏറ്റവും മിടുക്കി ഇവൾ ആയിരുന്നു. എന്നിട്ടും അവളുടെ വിധി ഇങ്ങനെ നാല് ചുവരിന് ഉള്ളിൽ കഴിയാൻ ആണല്ലോ എന്ന് ഓർക്കാതെ അവർക്ക് വല്ലാത്ത സങ്കടം തോന്നി.
അനാമിക.. സുരഭിയുടെയും രത്നാകരന്റെയും രണ്ടാമത്തെ മകൾ. അവൾക്ക് മൂത്തത് ഒരു പെൺകുട്ടി തന്നെയാണ്. ഐശ്വര്യ..! വിവാഹം കഴിഞ്ഞ് ഭർത്താവിനോടും കുട്ടികളോടും ഒപ്പം താമസിക്കുന്നു.
അനാമികയുടെ അച്ഛൻ രത്‌നാകരൻ കുട്ടികൾ ചെറുതായിരിക്കുന്ന സമയത്ത് തന്നെ മരണപ്പെട്ടതാണ്. അതിനുശേഷം അവരുടെ അമ്മ ഒരുപാട് കഷ്ടപ്പെട്ടാണ് പെൺമക്കളെ രണ്ടുപേരെയും വളർത്തി വലുതാക്കിയത്.
കൂലിപ്പണികൾക്കൊക്കെ അവർ പോയിരുന്നു. അമ്മയുടെ കഷ്ടപ്പാട് അറിഞ്ഞു തന്നെയാണ് ആ പെൺമക്കൾ രണ്ടുപേരും വളർന്നുവന്നത്.
ഐശ്വര്യയെക്കാൾ പഠിക്കാൻ മിടുക്കി അനാമിക ആയിരുന്നു. അതുകൊണ്ടുതന്നെ ആ അമ്മയുടെയും ചേച്ചിയുടെയും പ്രതീക്ഷ അവളിൽ ആയിരുന്നു.
അവൾക്ക് നല്ലൊരു ജോലി കിട്ടുമ്പോൾ അവരുടെ കഷ്ടതകൾക്ക് അവസാനമാകും എന്നൊരു ചിന്ത അവർക്കുണ്ടായിരുന്നു.
അവരുടെ സ്വപ്നങ്ങൾക്ക് കോട്ടം തട്ടാതിരിക്കാൻ അവൾ അവളെ കൊണ്ട് കഴിയുന്ന അത്രയും പരിശ്രമിച്ചിരുന്നു.
കോളേജിൽ പഠിക്കുമ്പോഴാണ് അവളുടെ ജീവിതത്തിലേക്ക് അവൻ കടന്നു വരുന്നത്. മനു..! കാണാൻ സുന്ദരൻ..
കോളേജിൽ അവളുടെ സീനിയർ ആയിരുന്നു. അവൻ ഇഷ്ടം പറഞ്ഞ് പിന്നാലെ വന്നപ്പോൾ അവൾ ഒഴിവാകാൻ കഴിയുന്നതു പോലെ ശ്രമിച്ചു.
“ചേട്ടാ.. ഇപ്പോൾ കാണുന്ന സൗന്ദര്യം ഒന്നും ആയിരിക്കില്ല വിവാഹം കഴിയുമ്പോൾ ഉണ്ടാകുന്നത്. ദാമ്പത്യ ജീവിതത്തിൽ ചിലപ്പോൾ നമുക്ക് പരസ്പരം യോജിച്ചു പോകാൻ കഴിയില്ല എന്ന് വരും.
ചേട്ടന്റെ വീട്ടുകാർക്ക് ഒരിക്കലും എന്നെ അംഗീകരിക്കാൻ കഴിയില്ല. ചേട്ടനും ഞാനും തമ്മിൽ ജാതിയിലൊക്കെ ഒരുപാട് അന്തരം ഉള്ളതാണ്.
ജാതി ചോദിക്കരുത് പറയരുത് എന്നൊക്കെ പറയാറുണ്ടെങ്കിലും, ഇപ്പോഴും അതൊക്കെ നോക്കിയും കണ്ടും ജീവിക്കുന്നവർ നമുക്ക് ചുറ്റുമുണ്ട്. അതുകൊണ്ടുതന്നെ നമ്മുടെ ബന്ധം ഒരിക്കലും ശരിയാകില്ല..”
അവൾ അവനോട് തുറന്നു പറഞ്ഞിട്ടും അവന് അതിൽ നിന്ന് പിന്മാറാൻ താല്പര്യമുണ്ടായിരുന്നില്ല.
” എന്റെ മനസ്സിൽ ഇപ്പോൾ വിവാഹത്തെക്കുറിച്ച് ഒരു ചിന്തയൊന്നുമില്ല. എത്രയും പെട്ടെന്ന് നല്ലൊരു ജോലി വാങ്ങി എന്റെ അമ്മയെയും ചേച്ചിയെയും സംരക്ഷിക്കണം എന്ന തോന്നൽ മാത്രമേ ഉള്ളൂ.. ”
അവന്റെ നിർബന്ധം സഹിക്ക വയ്യാതെ അവൾ തുറന്നു പറഞ്ഞു.
” കുടുംബത്തെ സ്നേഹിക്കാനുള്ള നിന്റെ മനസ്സ് കൊണ്ടാണ് എനിക്ക് നിന്നെ ഇഷ്ടമായത്. എനിക്ക് മറ്റൊന്നും വേണ്ടടോ തന്നെ മാത്രം മതി.. ”
അവന്റെ വാക്കുകൾ അവളുടെ മനസ്സു നിറച്ചു. പിന്നീട് അവൻ അവളുടെ വീട്ടിൽ പോയി അവളുടെ അമ്മയെയും ചേച്ചിയെയും കണ്ട് സംസാരിച്ചു.
” ഞാൻ ഇതു വന്നു പറയുമ്പോൾ അവളും ഞാനും തമ്മിൽ പ്രണയിച്ചു നടക്കുകയാണ് എന്ന് നിങ്ങൾ കരുതരുത്. അവളോട് എനിക്കൊരു ഇഷ്ടമുണ്ട് എന്നുള്ളത് ശരിയാണ്.
ഞാൻ അത് തുറന്നു പറയുകയും ചെയ്തു. പക്ഷേ അവൾക്ക് അതിനോട് യോജിക്കാൻ കഴിയുന്നില്ല. അവളുടെ സ്വപ്നങ്ങളിൽ മുഴുവൻ നിങ്ങൾ മാത്രമാണ്.
നിങ്ങളെ നന്നായി നോക്കണം എന്ന് മാത്രമാണ് അവൾ ആഗ്രഹിക്കുന്നത്. അങ്ങനെ അത്രയും നല്ല മനസ്സുള്ള ഒരു പെൺകുട്ടിയെ ഉപേക്ഷിച്ചു കളയാൻ പറ്റില്ലല്ലോ..
അതുകൊണ്ട് പറയുകയാണ്.അവളെ എനിക്ക് തന്നെ തന്നേക്കണം.. പൊന്നുപോലെ നോക്കിക്കോളാം ഞാൻ.. ”
തങ്ങളുടെ മുന്നിൽ വന്നു പറയുന്ന ചെറുപ്പക്കാരനെ അവർക്ക് ഇരുവർക്കും ഇഷ്ടമായി. അവളുടെ വീട്ടുകാരുടെ സമ്മതം ഉണ്ടായിരുന്നെങ്കിൽ പോലും അവൾ അവനോട് വഴിവിട്ട് ഒരു അടുപ്പം കാണിച്ചില്ല.
അതിനിടയിൽ ചേച്ചിയെ കണ്ടു ഇഷ്ടപ്പെട്ടു ഒരു ആലോചന വരികയും അത് നടത്തുകയും ചെയ്തു. അവൾക്ക് സന്തോഷമായ ഒരു ദാമ്പത്യം കിട്ടിയതോടെ അമ്മയ്ക്കും സന്തോഷമായി.
അധികം വൈകാതെ തന്നെ മനുവും അനാമികയും വിവാഹിതരായി. അവന്റെ വീട്ടുകാർക്ക് വിവാഹത്തിന് വലിയ താല്പര്യം ഒന്നും ഉണ്ടായിരുന്നില്ല എന്ന് വിവാഹം കഴിഞ്ഞ് അവന്റെ വീട്ടിലേക്ക് കയറി ചെന്നപ്പോഴാണ് അവൾക്ക് ബോധ്യമായത്.
എല്ലാവരിലും ഒരു മുറുമുറുപ്പ് ഉണ്ടായിരുന്നു. അവൾ അത് കാര്യമാക്കിയില്ല. കാരണം അവളെ ചേർത്തുപിടിക്കാൻ അന്നൊക്കെ മനു ഉണ്ടായിരുന്നു. അത് അവൾക്ക് വലിയൊരു ആശ്വാസം തന്നെയായിരുന്നു.
പക്ഷേ മനുവിന്റെ സ്വഭാവത്തിലും മാറ്റങ്ങൾ വന്നു.പലപ്പോഴും അവൻ അവളെ മറ്റുള്ളവരുടെ മുന്നിൽ വച്ച് അപമാനിച്ചു. അവളുടെ ജാതിയും നിറവും ഒക്കെ അതിന് കാരണങ്ങളായി.
പ്രണയമാണ് എന്ന് പറഞ്ഞ സമയത്ത് അവൾ ഇതൊക്കെയാണ് താൻ എന്ന് പറഞ്ഞിട്ട് പോലും കാര്യമാക്കാത്തവൻ വിവാഹം കഴിഞ്ഞതോടെ അവളെ കുത്തി നോവിക്കാൻ തുടങ്ങി.
അവന്റെ വീട്ടുകാരുടെ സപ്പോർട്ട് കൂടിയായതോടെ ആ വീട്ടിൽ അവൾ പാടെ തളർന്നു.
അവിടുത്തെ മുഴുവൻ ജോലികളും ചെയ്യുന്ന ഒരു ജോലിക്കാരി മാത്രമായി അവൾ മാറി. പകൽ മുഴുവൻ വീടുപണികളും രാത്രിയിൽ ഭാര്യയുടെ കടമ നിർവഹിക്കലും ഒക്കെയായി അവളുടെ ദിവസങ്ങൾ മുന്നോട്ടുപോയി.
ഒരു ദിവസം അടുക്കളയിൽ തളർന്നുവീണ അവളെ ആശുപത്രിയിൽ എത്തിച്ചപ്പോൾ അവൾ ഗർഭിണിയാണ് എന്നറിഞ്ഞു. ആ വാർത്ത അവൾക്ക് വല്ലാത്ത സന്തോഷവും പ്രതീക്ഷയും ഒക്കെയായിരുന്നു.
ഇനിയെങ്കിലും തന്റെ കഷ്ടപ്പാടുകൾക്ക് ഒരു അവസാനം ഉണ്ടാകുമെന്നും, അവൻ തന്നെ പഴയതുപോലെ സ്നേഹിക്കുമെന്നും അവൾ കരുതി.
പക്ഷേ അതൊക്കെ വെറും പ്രതീക്ഷകൾ മാത്രമായി അവശേഷിപ്പിച്ചു കൊണ്ട് പഴയതിനേക്കാൾ ഭീകരമായിരുന്നു അവരുടെ ഓരോ ദിവസങ്ങളും.
അവൾ തന്റെ വീട്ടിലേക്ക് വിളിക്കുമ്പോൾ ഒക്കെയും അവളോടൊപ്പം അമ്മായിയമ്മയോ മനുവോ ഒക്കെ ഉണ്ടാകും.
അതുകൊണ്ടുതന്നെ അവൾ അവിടെ അനുഭവിക്കുന്നതൊന്നും അവരെ അറിയിക്കാൻ കഴിഞ്ഞില്ല. അവൾക്ക് സ്വന്തമായി ഒരു ഫോൺ ഉണ്ടായിരുന്നില്ല. മനുവിന്റെ ഫോണിൽ നിന്നാണ് വിളിക്കാറ്. അതും ആഴ്ചയിൽ ഒരിക്കൽ..
ഗർഭാലസ്യത്തിന് പുറമേ വീട്ടിലെ പണികൾ കൂടിയായപ്പോൾ അവൾ തളർന്നു. പക്ഷേ അവളെ ഒന്ന് സഹായിക്കാനും സംരക്ഷിക്കാനും ആ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.
മനു പോലും അവളെയോ കുഞ്ഞിനെയോ കാര്യമാക്കിയില്ല. അവൻ അപ്പോഴേക്കും അവളിൽ നിന്ന് പൂർണ്ണമായും അകന്നിരുന്നു.
അവൾക്ക് 9 മാസം ഉള്ളപ്പോൾ ഒരിക്കൽ, ആ വീട്ടിലുള്ളവർ ഒക്കെയും കൂടി ഒരു വിവാഹത്തിന് പങ്കെടുക്കാൻ പോയി. നിറവയറുമായി ഒരു പെൺകുട്ടി വീട്ടിൽ നിൽക്കുന്നു എന്നൊരു ചിന്തയില്ലാതെ വീടുംപൂട്ടി അവർ പുറത്തേക്ക് പോയി.
അവർ അവിടെ നിന്ന് പോയി കുറച്ചു കഴിഞ്ഞപ്പോഴേക്കും അവൾക്ക് പ്രസവവേദന തുടങ്ങി. അവളുടെ അലറി കരച്ചിൽ കേൾക്കാൻ ആ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.
പക്ഷേ അവളുടെ കരച്ചിൽ കേട്ടുകൊണ്ട് തൊട്ടടുത്ത വീട്ടിലെ ചേച്ചി അവിടേക്ക് ഓടിവന്നു.
നിലത്ത് തളർന്നു കിടക്കുന്ന അവളെ കണ്ടു അവർക്ക് ഭയം തോന്നി. വീട്ടിൽ നിന്ന് ആരെയൊക്കെയോ വിളിച്ച് അടുക്കള വാതിൽ തുറന്ന് അവർ അവളെ പുറത്തെത്തിച്ചു. ആരുടെയൊക്കെയോ സഹായത്താൽ വണ്ടി വിളിച്ച് അവളെ ആശുപത്രിയിൽ എത്തിച്ചു.
മനുവിനെ വിവരമറിയിച്ചെങ്കിലും വരാൻ കഴിയില്ല എന്നാണ് അവൻ പറഞ്ഞത്. അതോടെ അവളുടെ വീട്ടിൽ വിവരം അറിയിച്ചു.
അവിടെ നിന്ന് അവളുടെ അമ്മയും ചേച്ചിയും ഒക്കെ വരുമ്പോഴേക്കും അവളുടെ പ്രസവം കഴിഞ്ഞിരുന്നു. പക്ഷേ ആ കുഞ്ഞിനെ രക്ഷിക്കാൻ കഴിഞ്ഞില്ല.
ആ വാർത്ത കൂടിയായതോടെ അവൾ പൂർണമായും തളർന്നു. അവളുടെ മുന്നോട്ടുള്ള ജീവിതത്തിലെ ഒരേയൊരു പ്രതീക്ഷ ആ കുഞ്ഞായിരുന്നു. അത് ഇല്ലാതായതോടെ അവൾക്ക് ജീവിക്കണമെന്ന് തോന്നൽ തന്നെ ഇല്ലാതായി.
പ്രസവശേഷം അവളെ അവളുടെ വീട്ടിലേക്കാണ് അവർ കൂട്ടിക്കൊണ്ടുപോയത്. അതിനിടയിൽ അയൽക്കാരിൽ നിന്നൊക്കെ അവൾ ആ വീട്ടിൽ അനുഭവിച്ചതൊക്കെ അവർ അറിഞ്ഞിരുന്നു.
അവളെ ഇനി അവിടേക്ക് വിടണം എന്ന് അവളുടെ അമ്മയ്ക്കോ സഹോദരിക്കോ താല്പര്യമില്ലായിരുന്നു.
പ്രസവത്തിൽ കുഞ്ഞു മരണപ്പെട്ടു എന്ന് അറിഞ്ഞിട്ടുപോലും മനുവോ അവന്റെ വീട്ടുകാരോ ഒന്ന് അന്വേഷിച്ചത് പോലുമില്ല.
ദിവസങ്ങൾ കഴിയവേ അവൾ സ്വയം ഉൾവലിഞ്ഞു. അതിനിടയിൽ എപ്പോഴും സ്വബോധത്തോടെ അല്ലാതെ ഇരിക്കുന്ന അവളുടെ അടുത്ത് നിന്ന് ഡിവോഴ്സ് പെറ്റീഷനിൽ ഒപ്പും വാങ്ങി മനു പോയി.
തന്റെ ജീവിതത്തിൽ നിന്ന് അവൻ ഒഴിഞ്ഞു പോയതു പോലും അവൾ അറിഞ്ഞിട്ടില്ല.
തന്റെ കുഞ്ഞിനെ അടക്കം ചെയ്ത ആ മണ്ണിലേക്ക് നോക്കി വെറുതെ ഇരിപ്പാണ് ഇപ്പോൾ..! കുഞ്ഞു എന്ന ഓർമ്മയിൽ നിന്ന് അവൾ ഇന്നും മുക്തയായിട്ടില്ല..
എന്നെങ്കിലും ഒരിക്കൽ അവൾ സ്വബോധത്തിലേക്ക് എത്തും… അപ്പോൾ എല്ലാം സഹിക്കാനും മറക്കാനും ഉള്ള കഴിവ് അവൾക്കുണ്ടാകണം എന്ന് മാത്രമാണ് ആ അമ്മയുടെ പ്രാർത്ഥന..