വെറുതെ ആശിപ്പിച്ചു .. മൂഡ് കളഞ്ഞു.. അപ്പോൾ പിന്നെ എന്തിനാണാവോ.. ഈ വരവിന്റെ ഉദ്ദേശം.?””

രമേശേ… നീ ഉച്ചതിരിഞ്ഞു ഫ്രീ ആണോടാ.””

 

“”അല്ലടാ തോമാസ് മാഷിന്റെ മതില് കുറച്ചും കൂടി തേയ്ക്കാനുണ്ട് ഇന്നലെ കഴിയും എന്നു വിചാരിച്ചതാ.. ആ സമയത്താണ് ഒരു മഴച്ചാറൽ .ഇന്ന് രാവിലെ അത് തീർക്കണം .. അല്ല എന്താ കാര്യം ..? “”

 

“”ഒന്ന് ചാലക്കുടി വരെ പോകാനാ””

 

“”നോക്കട്ടടാ നേരത്തേ കഴിഞ്ഞാൽ വരാം എന്തായാലും ഒരു നാല് മണിയാകും കുഴപ്പമില്ലല്ലോ””

 

“”എയ് നീ വന്നാൽ മതി..””

 

കൃത്യ സമയത്തു തന്നെ രമേശ് എത്തിച്ചേർന്നു. .. അജീഷും രമേശും 4.45ന്റ PA ട്രാവൽസിൽ കയറി ചാലക്കുടിയിലേയ്ക്ക് പുറപ്പെട്ടു.. .. നോർത്തിൽ ബസ്സിൽ നിന്ന് ഇറങ്ങിയപ്പോൾ രമേശിന്റെ മുഖത്ത് ഒരു സന്തോഷം.

 

“”അളിയാ ലൂസിയക്കാണോ.?””

 

കള്ളൻ സസ്പൻസ് തരാനാണാവോ ഇനി ഇങ്ങോട്ടു കൂട്ടികൊണ്ടു വന്നത് എന്തായാലും ഇന്ന് ഒന്നു നന്നായി മിനുങ്ങണം രണ്ടെണ്ണം കൂടുതൽ അടിച്ചാലും താങ്ങാൻ ആളുണ്ടല്ലോ.. മനസ്സിൽ നുരഞ്ഞുപൊങ്ങിയ മോഹം അവൻ പുറത്തെടുത്തു കൊണ്ടു ചോദിച്ചു… .””

 

.അളിയാ.. പെങ്ങളുടെ കല്യാണം ശരിയായാടോ..?

 

“”എന്റെ രമേശേ . അവർ ഇന്നലെ വന്ന് കുട്ടിയെ കണ്ടിട്ടു പോയി .. ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല..””

 

“”വെറുതെ ആശിപ്പിച്ചു .. മൂഡ് കളഞ്ഞു..

അപ്പോൾ പിന്നെ എന്തിനാണാവോ.. ഈ വരവിന്റെ ഉദ്ദേശം.?””

 

“””നീ വിചാരിച്ചതിനൊന്നും അല്ല. നമുക്ക് ശ്രീലക്ഷ്മിയിൽ ഒന്നു കേറണം ഒരു ഡ്രസ്സ് എടുക്കണം..””

 

“”അപ്പോ നീ എന്നു തുടങ്ങി റെഡി മേയ്ഡ് വാങ്ങാൻ… ഗോപിയേട്ടന്റെ കടയിൽ തയ്ച്ചില്ലങ്കിൽ ശരിയാവില്ല എന്നു പറയുന്ന നീയോ..

ശിവ ശിവ നോമം എന്താ ഈ കേൾക്കണേ

ഒന്നു പോടാ കളിയാക്കല്ലേ..””,

 

മാർക്കറ്റ് റോഡിലെ തിരക്കുകൾക്കിടയിലൂടെ അവർ ശ്രീലക്ഷ്മിയിൽ എത്തി.. രണ്ടു പേരും അല്പം മാന്യത കുറഞ്ഞതുകൊണ്ടാവും വെൽക്കം ഗേളുമാരൊന്നും വന്നില്ല ..

കൗണ്ടറിൽ ഉള്ള ഒരാൾ ചോദ്യവുമായി എത്തി.. “””എന്താ നോക്കുന്നത് :””

അതിനുള്ള മറുപടി രമേശനാണ് പറഞ്ഞത്. “”നോക്കട്ടെ ചേട്ടാ പറയാം..””

 

“അജി ടാ ആളുകൾ നമ്മളെയാ നോക്കുന്നേ. നീ ആരെയാ തിരയുന്നേ..? “”

“”നിന്നെ കണ്ടാൽ തുണിയെടുക്കാൻ വന്ന മാതിരി തോന്നുന്നില്ലല്ലോ ..”

പെട്ടന്ന് ഒരു ഞെട്ടലോടെ അജി ചുറ്റുപാടും നോക്കി..

“”രമേശാ വാ നമുക്ക് മുകളിലേയ്ക്ക് പോകാം..””

 

മുകളിൽ എത്തിയ അജിയുടെ കണ്ണുകൾ എല്ലായിടത്തും പരതി നടന്നു…

കുട്ടികളുടെ തുണികൾ അടക്കി വയ്ക്കുന്ന ഒരുവളിൽ കണ്ണുകൾ ഉടക്കി നിന്നു.. എന്റെ ലക്ഷ്മി .. അവന്റെ ചുണ്ടുകൾ പതിയെ മന്ത്രിച്ചു..

ഞാൻ മനസ്സിൽ കണ്ട മുഖം .. ഇരു നിറ മാണെങ്കിലും നല്ല ഐശ്വര്യം.. നിന്നെ ഞാൻ കണ്ടു പിടിക്കില്ല എന്നു വിചാരിച്ചോ.. പരിചയപ്പെട്ട അന്നു മുതൽ മനസ്സിൽ കൊണ്ടു നടക്കുന്നതാ നിന്നെ. സ്വപ്നങ്ങളിൽ എന്നും കാണാറുള്ള ആ മുഖം…

 

അവൻ അങ്ങോട്ട് തിരിയുന്നത് കണ്ട് രമേശ് പിന്നിൽ നിന്ന് വലിച്ചു ..

“”ഇത് ആർക്കാ ടാ ”

 

“”അതൊക്കെ പറയാം നീ ഒന്നു മിണ്ടാതിരിക്കു..””

 

“”എന്താ ചേട്ടാ എന്താണ് വേണ്ടത്..?””

 

വിനയത്തോടു കൂടിയ അവളുടെ ആ ചോദ്യത്തിൽ അവൻ ലയിച്ചു നിന്നു പോയി…

ഫോണിൽ കുറേ സംസാരിച്ചിട്ടുണ്ടെങ്കിലും ആദ്യമായ് തന്റെ മുന്നിൽ അവളുടെ അധരങ്ങൾ വീണ മീട്ടുന്നതു കണ്ടപ്പോൾ .ആ ശബ്ദവീചികൾക്ക് തേനിന്റെ മധുരവും കുയിലിന്റെ നാദവുമാണന്ന് അവനു മനസ്സിലായി..

 

“”അതു ഒരു മൂന്നു വയസ്സായ കുട്ടിയ്ക്ക് “”

 

രമേശ് അവന്റെ മുഖത്തേയ്ക്ക് ഒന്നു നോക്കി..

ശബ്ദം മനസ്സിലാകാതിരിക്കാൻ അല്പം ഗാംഭീരത്തിൽ ആണ് ഞാൻ അവളോട് സംസാരിച്ചത് .അത് കേട്ടിട്ടാവണം രമേശ് ചിരിച്ചത് .. അവൻ കണ്ണുറുക്കി രമേശിനെ ഒന്നു നോക്കി.. ആ നോട്ടത്തിന്റെ അർത്ഥം മനസ്സിലായന്നോണം അവൻ മിണ്ടാതിരുന്നു..

വീണ്ടും അവളുടെ ഭവ്യത്യയാർന്ന ചോദ്യം.

“”ചേട്ടാ പെൺകുട്ടിയോ ആൺകുട്ടിയോ.””

 

“”പെൺകുട്ടി..”

 

“”വില കൂടിയത് നോക്കണോ ചേട്ടാ..””

 

“”ഒരു ഇടത്തരം. “”

 

“”ചേട്ടന്റെ മോൾക്കാണോ..””

 

“”അയ്യോ.. അല്ല.. എന്റെ കല്യാണം കഴിഞ്ഞിട്ടില്ല .””

.

“”സോറി ചേട്ടാ.. ചേട്ടന്റെ മോൾക്കാണങ്കിൽ ആ കളറിന് ചേരുന്നത് നോക്കി എടുക്കാമെന്ന് വിചാരിച്ച് ചോദിച്ചതാ സോറി ട്ടാ..””

 

ഇതല്ലാം കേട്ടുകൊണ്ട് പല്ലുകൾ ഞരിച്ച് രമേശ് തൊട്ടടുത്ത് തന്നെ നില്പുണ്ടായിരുന്നു .. ഒന്നും സംസാരിക്കാൻ പറ്റാത്ത നിസ്സഹായവസ്ഥയിൽ…

 

തുണിയെല്ലാം എടുത്ത് പുറത്തിറങ്ങിയപ്പോൾ രമേശ് .. അജിയെ തടഞ്ഞു നിറുത്തി –

 

“”നീ എന്താ ആളെ പൊട്ടനാക്കാ”ഷർട്ട് എടുക്കണമെന്ന് പറഞ്ഞിട്ട് ഒരു കുഞ്ഞുടുപ്പ് വാങ്ങി വന്നിരിക്കുന്നു .. എനിക്കറിയണം ഇപ്പ അറിയണം ..നീ ഇത് ആർക്കാണ് വാങ്ങിയെതെന്ന് ? .. അല്ലങ്കിൽ ഒരടിപ്പോലും നിന്റെ കൂടെ ഞാൻ വരില്ല..””

 

“”പറയാം… നീ വാ നമുക്ക് ബസ്സ്സ്റ്റാന്റിൽ പോകാം അവിടെ ചെന്നാൽ ഇരിക്കാൻ സീറ്റ് കിട്ടും ..””

 

കഥ കേൾക്കാനുള്ള ക്ഷമയോടെ അവൻ അജിയെ അനുഗമിച്ചു..

നീലിമയിൽ കയറി ഒരു ചായയും കുടിച്ച് ബസ്സിൽ കയറി ഇരുന്നു .. ബസ്സ് പുറപ്പെടാൻ അര മണിക്കുറുള്ളതിനാൽ ബസ്സിൽ ഞാനും രമേശും മാത്രമാണ് ഉണ്ടായിരുന്നത്.

 

“”അജി. നീ പറയുന്നുണ്ടോ ഇല്ലങ്കിൽ ഞാനിറങ്ങിപ്പോകും..””

 

അവൻ തന്റെ കഥയുടെ കെട്ടഴിച്ചു ..

നിനക്കറിയോ അവൾ ആരാണെന്ന്

ഇല്ല അതുകൊണ്ടല്ലേ . ചോദിച്ചത്

 

“”അവൾ എന്റെ ലക്ഷ്മി .. ഞാൻ സ്നേഹിക്കുന്ന പെണ്ണാ..””

“”എന്നിട്ട് ആലുവ മണപ്പുറത്ത് കണ്ട ഒരു പരിചയം പോലും അവൾ നിന്നോട് കാട്ടിയില്ലല്ലോ .. അവൾ എന്നെ ഇതിനു മുൻപ് കണ്ടിട്ടില്ല. . എന്തോന്നാടെ ഇത് പരസ്പരം കാണാതെ പ്രണയമോ.. അതും ഈ കാലത്ത് ..നീ ആളെ കളിയാക്കുകയാണോ..വേറെ വല്ലതും ആണെങ്കിൽ എന്നെയും കൂടി ഒന്നു പരിചയപ്പെടുത്തടാ ..””

 

.. “”ഞങ്ങൾ ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ടതാണ് .പരസ്പരം സംസാരിക്കാറുണ്ട് .ചാറ്റിങ്ങ് ഉണ്ട് എന്നാൽ പരസ്പരം കണ്ടിട്ടില്ല. ഇന്ന് ആദ്യമായിട്ടാണ് ഞാനവളെ കാണുന്നത് .. ഞാൻ അവളെ കാണാൻ വരുന്നു എന്ന് അവളോട് പറഞ്ഞിരുന്നില്ല ..””

 

“”പിന്നെ അവൾ ഇവിടെയാണ് ജോലി ചെയ്യുന്നതെന്ന് നിനക്കെങ്ങിനെ മനസ്സിലായി.. രമേശ് ആകാംഷയോടെ ചോദിച്ചു..

ഒരിക്കൽ ഞാനവളോട് സംസാരിക്കുന്നതിനിടയിൽ അവൾ ഒരു തുണിക്കടയിലാണ് ജോലി ചെയ്യുന്നതെന്ന് മനസ്സിലായി.. അവളുടെ ഫ്രണ്ട്കളുടെ പേര് നോക്കിയപ്പോൾ കൂടുതലും ശ്രീലക്ഷ്മിയിൽ ജോലി ചെയ്യുന്നവരാണ് ..അങ്ങിനെയാണ് ഞാൻ അവളെ കാണുവാനായി ഇവിടെ എത്തിയത്..””

 

ടെക്സ്റ്റയിൽസിൽ ജോലി ചെയ്യുന്ന ഒരു പെണ്ണിനെയാണ് ഞാൻ പ്രണയിക്കുന്നതെന്നറിഞ്ഞപ്പോൾ

രമേശിന്റെ മുഖത്ത് പരിഹാസം നിഴലിച്ചു ..

 

“”എന്റെ അളിയാ നിനക്ക് വട്ടുണ്ടോ”ഇവറ്റുകള് എല്ലാം പോക്കാടാ . നീ കാര്യം നടത്തിയിട്ടു വിട്ടേക്ക്. അല്ലങ്കിൽ കയ്യിൽ പെടും പറഞ്ഞില്ലാന്നു വേണ്ട “”

 

“”നീ ഇപ്പോൾ നേരിട്ട് കണ്ടതല്ലേ..

അവളുടെ ഒരു കൊഞ്ചലും അർത്ഥം വെച്ചുള്ള സംസാരവും ആളുകളെ പിടിക്കുന്നതാടാ.. എട്ടു മണി വരെ അവിടെ പണിയുണ്ടാകും എന്നിട്ട് വീട്ടിൽ ചെല്ലുമ്പോൾ.. 9 അല്ലങ്കിൽ 10 മണിയാകും.. കുടുബത്തിൽ പിറന്ന പെൺകുട്ടികൾ ആണെങ്കിൽ ഇങ്ങനെത്തെ പണിയ്ക്കു പോകുമോ..””

 

“”രമേശാ .. നമ്മൾ അറിയാതെ ആരെയും കുറിച്ച് ഒന്നും പറയരുത് .എല്ലാ പെൺ കുട്ടികളും നീ വിചാരിക്കുന്ന പോലെയല്ല..””

 

“”വീട്ടിൽ പെങ്ങളുണ്ടല്ലോ.””

. സംസാരിക്കുമ്പോൾ ഒന്നോർത്താൽ നല്ലത്.. അതു കേട്ടതും രമേശ് നിശ്ബദനായി.

 

“”ആറു മാസമായി ഞാനും അവളുമായുള്ള അടുപ്പം തുടങ്ങിയിട്ട് .പലപ്പോഴും ഞാൻ കാണാൻ ശ്രമിക്കുമ്പോഴും അവൾ ഒഴിഞ്ഞു മാറും.. അവൾ എതിർത്തിട്ടും ഞാനവളെ അറിയാതെ സ്നേഹിക്കുകയായിരുന്നു .. അവളുടെ വാക്കുകളിലൂടെ ഞാൻ അവളിലേയ്ക്ക് അടുക്കുകയായിരുന്നു ..””

 

“”ഇത്രയധികം തുണിത്തരങ്ങൾ നിറഞ്ഞ കടയിൽ ജോലി ചെയ്യുമ്പോഴും അവളിട്ടിരിക്കുന്ന വേഷം നി ശ്രദ്ധിച്ചോ..

അവൾക്ക് വേണമെങ്കിൽ നല്ല തുണികൾ ഇട്ടു വന്നൂടെ.. ജീവിയ്ക്കാൻ വേണ്ടിയുള്ള ഓട്ടത്തിനിടയിൽ .മനപ്പൂർവ്വം ഒഴിവാക്കുന്ന ചില ചിലവുകളാണത്. ഇത്രയും നാളുകൾക്കിടയിൽ പ്രണയം കലർന്ന ഒരു സംഭാഷണം പോലും ഞാൻ അവളിൽ നിന്ന് കേട്ടിട്ടില്ല പലപ്പോഴും ഞാനവളോടു സംസാരിച്ചാലും മനപ്പൂർവ്വം ഒഴിഞ്ഞു മാറുകയാണ് പതിവ് .. അപ്പോഴൊക്കെ ഒന്നു ചിരിച്ചു കൊണ്ട് അവൾ എന്നോട് പറയുമായിരുന്നു. കുടുംബഭാരം തലയിൽ ചുമക്കേണ്ടി വന്ന ഒരുവൾക്ക് പ്രണയത്തിന്റെ ഭാഷ അറിയില്ലെന്ന്.. എന്നാലും എനിയ്ക്കറിയാം ഉള്ളിൽ അവൾക്ക് എന്നോട് ഇഷ്ടമുണ്ടെന്ന്..”കസ്റ്റമറോട് സന്തോഷത്തോടെ ചിരിച്ച് കളിച്ച് സംസാരിക്കുമ്പോഴും അവളുടെ മനസ്സിലെ വേദന എനിയ്ക്ക് മാത്രമേ കാണാൻ കഴിയൂ.. അതിന് പെണ്ണു ങ്ങളെ മനസ്സിലാക്കാൻ പഠിക്കണം ആദ്യം.

 

നിനക്കറിയോ..

അവളുടെ വീട്ടിലെ പ്രാരാബ്ധങ്ങളെ കുറിച്ച് പറയുമ്പോൾ ഞാൻ സഹായഹസ്തം വച്ചു നീട്ടുമ്പോൾ സന്തോഷത്തോടു കൂടി അവളത് നിരസിക്കും .ഒന്ന് ഒറ്റയ്ക്കിരുന്ന് സംസാരിക്കാനോ ,ഒരു സിനിമയ്ക്ക് വിളിച്ചാൽ പോലും അവൾ വരാറില്ല.. കാണാൻ ഉള്ള ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല.. മനപ്പൂർവ്വം ഒഴിവാക്കുന്നതാണ്. അച്ഛൻ മരിച്ച അവൾക്ക് താഴെ ഉള്ള രണ്ടു അനുജത്തിമാരുടെ ഭാവി അവളുടെ കൈയിലാണ്… അവളുടെ മനസ്സിൽ അവളുടെ അനുജത്തിമാരുടെ ഭാവിയെ ആണ് അവൾ കാണുന്നത്. അവൾക്ക് ഒരു ചീത്ത പേര് വീണാൽ തകരുന്നത് അവളുടെ

കുടുംബമായിരിക്കും എന്ന നല്ല ബോധം ഉള്ളത് കൊണ്ട് ..

 

ജീവിതമെന്തന്ന് പഠിച്ചവളെ അത് പഠിപ്പിക്കേണ്ട കാര്യമില്ല.

 

ഞാൻ കണ്ട സ്ത്രീകളിൽ ഇവളെക്കാളും മേൻമയേറിയ വേറെ ഒരുവളെ കണ്ടിട്ടുപോലുമില്ല. അവളെ പരിചയപ്പെട്ടു അവളെ കുറിച്ച് അറിഞ്ഞ നിമിഷം മുതൽ ഞാൻ മനസ്സിൽ കുറിച്ചിട്ടതാ ഇവളാണ് എന്റെ ജീവിത നായികയെന്ന് ..””

അജി പറഞ്ഞു നിർത്തി

 

“”അളിയാ സോറി.. അറിഞ്ഞില്ലടാ.. നീ മനസ്സിൽ ഒന്നും വിചാരിക്കരുത്.. എന്റെ അറിവില്ലായ്മ കൊണ്ട് പറഞ്ഞതാണെന്ന് കൂട്ടിയാൽ മതി..

അപ്പോൾ ഇന്ന് നടന്നത് ഒരു പെണ്ണു കാണൽ ചടങ്ങായിരുന്നോ…നിന്നോട് എനിയ്ക്ക് അഭിമാനം തോന്നുന്നു .. നിന്റെയാണടാ യഥാർത്ഥ പ്രണയം.. എത്രയും പെട്ടന്ന് പെങ്ങളെ പറഞ്ഞയിച്ചിട്ട് വിളിച്ചു കൊണ്ടു വാടാ.. ഞാൻ ഉണ്ടാകും നിന്റെ കൂടെ ഉറപ്പ്..””

 

“”അളിയാ നമുക്ക് ഇവിടെ ഒന്നു കൂടി വരേണ്ടി വരും ..”

 

“”എവിടെ ..?

 

ചാലക്കുടിയ്ക്കേ ..ഒരോ നാരങ്ങ വെള്ളം കുടിക്കാൻ .. അവർ പരസ്പരം ഒരു ചിരിയിലൂടെ സന്തോഷം പങ്കുവെച്ചു…

 

* ശുഭം *

രചന – രാജേഷ് ദീപു …

 

നിങ്ങളുടെ സ്വന്തം രചനകൾ പേജിൽ ഉൾപ്പെടുത്തുവാൻ ഇപ്പോൾ തന്നെ ഇൻബോക്സിലേക്ക് മെസേജ് അയക്കൂ

Leave a Reply

Your email address will not be published. Required fields are marked *