(രചന J. K)
“” എടി ഇനി ഇത് അമ്മയോട് പറയണ്ടേ? ഒരു കാര്യം ചെയ്യ് നീ പറയ് “”എന്ന് അജിത്തേട്ടൻ പറഞ്ഞപ്പോൾ ഒരു നിമിഷം ഒന്ന് ശങ്കിച്ചു നിന്നു. പിന്നെ പറഞ്ഞു എനിക്ക് വയ്യ ഏട്ടൻ തന്നെ പറഞ്ഞോളൂ എന്ന്…
ഗായത്രിക്ക് അറിയാമായിരുന്നു ഇത് അജിത്തേട്ടന്റെ അമ്മയോട് പറഞ്ഞാൽ എന്തായിരിക്കും അവിടെ നിന്നുള്ള റിപ്ലൈ എന്ന്…
അതുകൊണ്ട് കൂടിയാണ് അവൾ നേരിട്ട് പറയാതെ അജിത്തിനോട് പറയാൻ പറഞ്ഞത്…ആൾക്കും അമ്മയെ പേടിയാണ് അമ്മയോട് നേരിട്ട് ഒന്നും പറയാൻ വയ്യ..
ചെറുപ്പത്തിലെ അച്ഛൻ നഷ്ടപ്പെട്ട അജിത്തേട്ടനും അജിത ചേച്ചിക്കും അച്ഛനായും അമ്മയായും നിന്നത് അവരുടെ അമ്മ തന്നെയാണ് അതുകൊണ്ടുതന്നെ അമ്മ ഭയങ്കര സ്ട്രോങ്ങ് ആണ് ചിലപ്പോൾ ഓവറും…
ശരി അമ്മയുടെ മൂട് നോക്കി ഞാൻ തഞ്ചത്തിന് പറഞ്ഞോളാം എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു അജിത്തേട്ടൻ..
ഞാൻ മെല്ലെ മുറിയിലേക്ക് നടന്നു..
“”” എന്താ ഇപ്പോൾ ഇത്ര വലിയ രഹസ്യം പറയാൻ ഇവിടെ വീടിന്റെ ഉള്ളിൽ നിന്നൊന്നും ഫോൺ ചെയ്യാൻ പറ്റില്ലേ?? എല്ലാം ഇടത്തും ഉണ്ട് ഗൾഫിലുള്ള ഭർത്താവും നാട്ടിലുള്ള ഭാര്യയുമൊക്കെ ഇതുപോലെ ഒരു കിലോമീറ്റർ ദൂരെ പോയി നിന്ന് ഫോൺ ചെയ്യുന്ന പതിവൊന്നും എവിടെയും ഞാൻ കണ്ടിട്ടില്ല..
അതെങ്ങനാ കുടുംബത്തിൽ ഇരിക്കുന്നവരെ കുറ്റം അല്ലേ പറയാനുള്ളൂ അപ്പൊ പിന്നെ ഇവിടെ നിന്ന് പറഞ്ഞാൽ എങ്ങനെയാ…””അമ്മ എന്നത്തെയും പോലെ ചൊറിച്ചിൽ തുടങ്ങി… “”
ഇവിടെനിന്ന് പറഞ്ഞാൽ നിങ്ങളുടെ ചെവിയുമായി ഞങ്ങളെ ചുറ്റിപ്പറ്റി ഉണ്ടാവും എന്ന് പറയാൻ നാവു തരിച്ചതാണ് പക്ഷേ ഇപ്പോൾ അമ്മയെ വെറുതെ ഓരോന്ന് പറഞ്ഞ് വെറുപ്പിക്കേണ്ട എന്ന് കരുതി ഒന്നും മിണ്ടാതെ മുറിയിലേക്ക് നടന്നു
അപ്പോഴും എന്തൊക്കെയോ അവിടെ നിന്ന് പിറുപിറുക്കുന്നുണ്ടായിരുന്നു. അമ്മ ഇങ്ങനെയാണ് ഒന്നിനും ഒരു പ്രശ്നത്തിനും അങ്ങോട്ട് പോയില്ലെങ്കിലും ഓരോന്നും ഉണ്ടാക്കി ഇങ്ങോട്ട് വന്ന് പ്രശ്നങ്ങളുണ്ടാക്കിക്കോളും…
ഇതിപ്പോൾ ഗൾഫിൽ ഹോസ്പിറ്റലിൽ എനിക്കായി ഒരു ജോലി കണ്ടുപിടിച്ചിട്ടുണ്ട് എന്നു പറഞ്ഞ് എന്നെ കൊണ്ടുപോവുകയാണ് എന്ന് കൂടി പറഞ്ഞാൽ എന്താവും അവസ്ഥ എന്ന് കണ്ടറിയുക തന്നെ വേണം….
ഞാൻ പറഞ്ഞിട്ടുണ്ടെങ്കിൽ അത് കൂടുതൽ പ്രശ്നമാകും എന്ന് കരുതിയാണ് ഏട്ടനോട് തന്നെ അമ്മയോട് പറയാൻ പറഞ്ഞത്…
നഴ്സിംഗ് കഴിഞ്ഞ് അവിടെ അടുത്തുള്ള ഒരു ഹോസ്പിറ്റലിൽ ജോലിക്ക് കയറിയപ്പോഴാണ് ആദ്യത്തെ വിവാഹാലോചന വരുന്നത് അജിത്, ആളും നേഴ്സ് ആണ് ഗൾഫിൽ…
വീട്ടിൽ അമ്മയും ചേച്ചിയും മാത്രമേയുള്ളൂ ചേച്ചിയുടെ വിവാഹം കഴിഞ്ഞു… അച്ഛൻ വളരെ ചെറുപ്പത്തിലെ തന്നെ മരിച്ചു ഇതൊക്കെയായിരുന്നു ബ്രോക്കർ വന്ന് പറഞ്ഞത് എല്ലാംകൊണ്ടും നല്ല കുടുംബം…
പിന്നെ ഗായത്രിയും നഴ്സ് ആയതുകൊണ്ട് അജിത്തിന്റെ ഹോസ്പിറ്റലിൽ തന്നെ ജോലി ചെയ്യാനും കഴിയും രണ്ടുപേർക്കും കൂടി അവിടേക്ക് പോവാലോ അവിടെ സെറ്റിൽ ആവാലോ എന്നൊക്കെയായിരുന്നു വിവാഹത്തിനു മുമ്പുള്ള സംസാരം..
നല്ലൊരു ഹോസ്പിറ്റലിൽ ജോലി ചെയ്യാൻ കിട്ടുന്ന അവസരം ഏതൊരു നേഴ്സുമാരുടെയും സ്വപ്നമായിരുന്നു അതുകൊണ്ടുതന്നെ ഞാനും അങ്ങനെ തന്നെ സ്വപ്നം കണ്ടു പക്ഷേ വിവാഹം കഴിഞ്ഞതോടുകൂടി എല്ലാം മാറിമറിഞ്ഞു..
ഞാൻ ജോലി ചെയ്തിരുന്ന ഹോസ്പിറ്റലിലേക്ക് അജിത്തേട്ടന്റെ വീട്ടിൽ നിന്ന് അധിക ദൂരം ഒന്നും ഉണ്ടായിരുന്നില്ല പക്ഷേ അമ്മയ്ക്ക് വയ്യ ഒറ്റയ്ക്ക് നിൽക്കാൻ എന്നൊക്കെ ഓരോ കാരണങ്ങൾ പറഞ്ഞ് അമ്മ അത് മുടക്കാൻ നോക്കി. പക്ഷേ എനിക്ക് ജോലികളയാൻ താല്പര്യമില്ലായിരുന്നു..
പുതുമോടിയായതുകൊണ്ട് അമ്മ അന്ന് അത്ര കടിപ്പിച്ചു പറയാഞ്ഞത് ഞാൻ അവരുടെ വീട്ടിൽ നിന്ന് വീണ്ടും ജോലിക്ക് പോയി തുടങ്ങി. അങ്ങനെയാണ് അമ്മയ്ക്ക് നടുവേദനയാണ് എന്ന് പറഞ്ഞ് റസ്റ്റ് എടുക്കാൻ തുടങ്ങിയത്..
ആദ്യം കുറച്ചുദിവസം ഞാൻ ലീവ് എടുത്ത് അമ്മയെ നോക്കി പക്ഷേ സ്ഥിരം വേണം ആയിരുന്നു അതുകൊണ്ട് തന്നെ കുറച്ചുദിവസം അജിത ചേച്ചിയോട് വന്നു നിൽക്കാൻ പറഞ്ഞു അവർ കൈമലർത്തി കാരണം അമ്മയും മകളും പോലും ഒത്തു പോവില്ലായിരുന്നു…
ഒടുവിൽ എനിക്ക് ആ ജോലി കളയേണ്ടി വന്നു.. എല്ലാം അമ്മയുടെ വെറും അഭിനയം മാത്രമാണെന്ന് എനിക്ക് അത് കഴിഞ്ഞാണ് മനസ്സിലായത് ജോലി കളഞ്ഞപ്പോൾ വയ്യാത്ത ആൾ എണീറ്റ് നടക്കാനും സ്വന്തം കാര്യം ചെയ്യാനും ഒക്കെ തുടങ്ങി..
ഒരിക്കൽ ആരോട് പറയുന്നത് കേട്ടു പെണ്ണുങ്ങൾക്ക് രണ്ട് ചക്രം കയ്യിൽ വരാൻ തുടങ്ങിയാൽ പിന്നെ ആരെയും ഒരു വില കാണില്ല എന്ന്… അപ്പോ എല്ലാവരെയും വിലയുണ്ടാക്കാനുള്ള തന്ത്രമായിരുന്നു ഈ നടുവേദനയുടെ പിന്നിൽ..
എനിക്ക് ആകെ കൂടി വെറുപ്പ് തോന്നിപ്പോയി… ലോണെടുത്താണ് പഠിച്ചത് അതുപോലും വീട്ടി തീർന്നില്ല…
അച്ഛനും അമ്മയും ഏറെ പ്രതീക്ഷയോടെയാണ് എന്നെ നഴ്സിംഗ് പഠിക്കാൻ വിട്ടത് സ്വന്തം കാലിൽ നിൽക്കണം എന്ന് അവർ കൂടെ കൂടെ പറയുമായിരുന്നു എന്നിട്ടും അതിന് പറ്റാത്ത അവസ്ഥ വരുമ്പോൾ വല്ലാത്ത വിഷമം ആണ്…
അജിത്തേട്ടന് അമ്മയെ വളരെ ബഹുമാനമാണ് അതുകൊണ്ടുതന്നെ അമ്മയെ എതിർത്തൊന്നും ചെയ്യാൻ അദ്ദേഹത്തിനും പറ്റില്ലായിരുന്നു… അദ്ദേഹം ഒരു നല്ല മനസ്സിന് ഉടമ ആയതുകൊണ്ട് അദ്ദേഹത്തിന് വേണ്ടി ഞാൻ എല്ലാം ക്ഷമിച്ചു…
എങ്കിലും ഇവിടുത്തെ കാര്യങ്ങളെല്ലാം അദ്ദേഹം അറിയുന്നുണ്ടായിരുന്നു.. അദ്ദേഹത്തിന് അറിയാമായിരുന്നു എന്തോരം കഷ്ടപ്പെട്ടിട്ടാണ് ഞാനും ഈ നഴ്സിംഗ് ഡിഗ്രി നേടിയെടുത്തത് എന്ന്..
അതുകൊണ്ടുതന്നെ ഇവിടെ വേക്കൻസി വരുമ്പോൾ നിന്നെ ഞാൻ ഇങ്ങോട്ട് കൊണ്ടുവരാം എന്ന് കൂടെ പറയുമായിരുന്നു ഒരു വാക്കിൻ മേൽ മാത്രമായിരുന്നു എന്റെ പ്രതീക്ഷ…
കൂടെ ജോലി ചെയ്തിരുന്ന ഒരു നഴ്സ് പ്രെഗ്നൻസി ടൈമിൽ നാട്ടിലേക്ക് പോയിരുന്നു ക്യാൻസൽ ചെയ്തിട്ടാണ് അവർ പോയത്. ആ ഒഴിവിലേക്ക് എനിക്ക് ജോലി ശരിയാക്കി തന്നു അജിത്തേട്ടൻ..
അടുത്തമാസം ആദ്യം പോവേണ്ടിവരും അങ്ങോട്ടേക്ക് കഴിഞ്ഞതവണ അജിത്തേട്ടൻ വന്നപ്പോൾ എന്റെ പാസ്പോർട്ടും മറ്റും ശരിയാക്കി വെച്ചിരുന്നു…
ഇനിയത് അമ്മയുടെ മുന്നിൽ അവതരിപ്പിക്കണം അതാണ് ഇപ്പോൾ ഞങ്ങളുടെ മുന്നിൽ ഉള്ള വലിയ കടമ്പ അമ്മ ഒരിക്കലും സമ്മതിക്കില്ല എന്ന് ഉറപ്പായിരുന്നു അതുകൊണ്ട് തന്നെ എങ്ങനെ പറയും എന്ന കാര്യത്തിൽ ഞങ്ങൾക്ക് രണ്ടാൾക്കും ഒരു വ്യക്തത കിട്ടിയില്ല…
ഒടുവിൽ ഏട്ടൻ തന്നെ അമ്മയോട് വിളിച്ച് കാര്യങ്ങൾ പറഞ്ഞു അമ്മയത് വലിയ പ്രശ്നമാക്കി എടുത്തു… തലയണമന്ത്രം കേട്ട് നടക്കുന്ന ഒരു പെൺകോന്തൻ ഭർത്താവാക്കി മാറ്റി സ്വന്തം മകനെ അവർ…
ഏട്ടൻ ആകെ അസ്വസ്ഥൻ ആയിരുന്നു..””സ്വന്തം പെറ്റമ്മയെ ഇവിടെ ഒറ്റയ്ക്ക് വിട്ടിട്ട് അവളെയും കൊണ്ട് അവൻ പോവുകയാണ് ഗൾഫിലേക്ക് എന്നവർ എല്ലാ ബന്ധുക്കളോടും പറഞ്ഞു…
സത്യത്തിൽ ഇപ്പോൾ ഞങ്ങൾ നിൽക്കുന്നത് അജിത്തേട്ടന്റെ സ്വന്തം അധ്വാനം കൊണ്ട് വെച്ച വീട്ടിലാണ്…
തറവാട് വീടും അമ്മയുടെ പേരിൽ ഉണ്ടായിരുന്ന ബാങ്ക് ബാലൻസും അമ്മയുടെ സ്വത്തും എല്ലാം കൊടുത്തത് ചേച്ചിക്കാണ് അവർ അമ്മയെ നോക്കിക്കോളാം എന്നായിരുന്നു വാക്ക്..
പക്ഷേ എല്ലാം സ്വന്തം കയ്യിൽ ചേർന്നപ്പോൾ നൈസായി ചേച്ചി അമ്മയെ ഒഴിവാക്കുകയായിരുന്നു അമ്മയുടെ ഈ സ്വഭാവം കാരണമാകും… അവരെയും പൂർണമായി കുറ്റം പറയാൻ പറ്റില്ല..
അമ്മയെ ഒറ്റയ്ക്കാക്കി മനപ്പൂർവം എന്നെ കൊണ്ടു പോകുകയാണ് എന്നൊക്കെ ബന്ധുക്കളോട് അമ്മ പറഞ്ഞപ്പോൾ അവർ ആരൊക്കെയോ ഏട്ടനെ വിളിച്ച് ചോദ്യം ചെയ്തിരുന്നു അതോടെ ഏട്ടനും ദേഷ്യമായി…
ചേച്ചി അമ്മയെ നോക്കാം എന്ന് സ്വത്ത് കൊടുക്കുമ്പോൾ വാക്ക് കൊടുത്ത കാര്യം അമ്മയോട് ഏട്ടൻ ചോദിച്ചു… അതോടുകൂടി പ്രശ്നം ഗുരുതരമായി..
അമ്മ അവിടെനിന്നും ഇറങ്ങിപ്പോയി ഏതോ ആങ്ങളയുടെ വീട്ടിലേക്ക്.. അവരെല്ലാം ചേർന്ന് എന്നെ ചോദ്യം ചെയ്യാൻ വന്നു..
അജിത്തേട്ടൻ എന്റെ കൂടെ നിന്നു ഫോണിലൂടെ ധൈര്യം തന്നു.”””അമ്മ അമ്മയുടെ പേരിലുള്ള എല്ലാ സ്വത്തുക്കളും എഴുതി കൊടുത്തത് ചേച്ചിയാണ് ചേച്ചി അമ്മയെ നോക്കിക്കോളാം എന്ന വാക്കിന്റെ പേരിൽ…
ഇത് അജിത്തേട്ടൻ സ്വന്തമായി ഉണ്ടാക്കിയ വീടാണ്.. ഇവിടെ അമ്മയ്ക്ക് അവകാശം ഇല്ല എന്നല്ല ഞാൻ പറഞ്ഞു വരുന്നത്… സെറ്റ് ഭാഗമരിക്കുമ്പോൾ ഒരിക്കൽപോലും അമ്മ അജിത് ചേട്ടനെ പറ്റി ചിന്തിച്ചിട്ടില്ല..
എല്ലാം സംശയഭേദമന്യേ മകൾക്ക് നൽകി… എല്ലാകാലവും നോക്കാനുള്ള കാര്യമല്ല പറഞ്ഞത്.. കുറച്ചുകാലം ഞങ്ങൾ തിരികെ വരുന്നതുവരെ അമ്മയ്ക്ക് എന്തെങ്കിലും വിഷമം ഉണ്ടായി എന്നറിഞ്ഞാൽ ഞങ്ങൾ ഉടൻ എത്തും അതുവരെ ഒന്ന് ചേച്ചിയുടെ കൂടെ പോയി നിൽക്കാനാണ് പറഞ്ഞിട്ടുള്ളൂ..
ഇനി ഇവിടെ നിൽക്കണമെങ്കിൽ അതും ആവാം എന്ന് അജിത്തേട്ടൻ പറഞ്ഞിരുന്നു ഒരു ജോലിക്കാരിയെ വച്ചു കൊടുക്കാം എന്ന്… അല്ലെങ്കിൽ കുറച്ചു കാലം കഴിഞ്ഞ് അമ്മയെയും കൂടി ഞങ്ങളുടെ കൂടെ അങ്ങോട്ടേക്ക് കൊണ്ടുപോകാം എന്ന് പക്ഷേ അമ്മയ്ക്ക് അതിനൊന്നും സമ്മതമല്ല..
ഇത് ഒരുതരം വാശിയാണ്.. അതുകൊണ്ടുതന്നെ ഞങ്ങൾ ഞങ്ങളുടെ ഇഷ്ടപ്രകാരം ചെയ്യാനാണ് പോകുന്നത് ഈ മാസം 11ആം തീയതി ഞാൻ ഏട്ടന്റെ അടുത്തേക്ക് പോവുകയാണ്….”””
അജിത്തിന്റെ വാക്കിന്റെ ധൈര്യത്തിൽ അത്രയും അവരോട് പറഞ്ഞു ഗായത്രി..
അവർക്ക് അതിനു മറുപടിയൊന്നും പറയാനില്ലായിരുന്നു കാരണം അവൾ പറഞ്ഞത് അക്ഷരാർത്ഥത്തിൽ സത്യമായിരുന്നു…
അമ്മയോടുള്ള കടമ നിർവഹിക്കേണ്ട എന്നല്ല ഒപ്പം സ്വന്തം കാര്യം കൂടി നോക്കണ്ടേ…
ഞാൻ ഏട്ടന്റെ അടുത്തേക്ക് പോയി..
ഏറെ താമസിക്കാതെ അമ്മ വിളിച്ചിരുന്നു…
ചേച്ചിയുമായി ഒത്തുപോകാൻ പറ്റുന്നില്ല അതുകൊണ്ട് അവളെ ഇങ്ങോട്ട് പറഞ്ഞയക്ക് എന്ന് പറഞ്ഞുകൊണ്ട്…
“”അമ്മേ അവൾ വരും.. ആദ്യം അവൾ ജോലി ചെയ്ത് അവളുടെ പേരിലുള്ള ലോൺ ഒന്ന് തീർക്കട്ടെ…'”
എന്ന് പറഞ്ഞത് പിന്നെയും ശാപങ്ങളുടെ അമ്മ ഫോൺ വെച്ചു അമ്മയെ തിരുത്താൻ ആവില്ല എന്ന് ഞങ്ങൾക്ക് രണ്ടുപേർക്കും ബോധ്യമുണ്ടായിരുന്നു..
ഇനി ആ ഓണത്തിന് അനുസരിച്ച് നീങ്ങുകയെ തരമുള്ളൂ ചിലർ ഇങ്ങനെയാണ് അവരെ തിരുത്താൻ ആർക്കും കഴിയില്ല..
സ്വന്തം ജീവിതത്തെ പറ്റി മാത്രമേ അവർ ചിന്തിക്കൂ മറ്റുള്ളവർക്ക് എന്ത് പ്രശ്നം വന്നാലും അവരത് കാര്യമാക്കില്ല സ്വന്തം സുഖത്തിനായി മാത്രം ജീവിക്കുന്ന ചിലർ….