കിടപ്പറയിലും അവരുടെ അകൽച്ച ഒരുപാട് നാളായി പ്രതിഫലിക്കാറുണ്ട്..! നന്ദിനിയുടെ ദേഷ്യവും കോപവും

മിഴി രണ്ടിലും

(രചന: സൃഷ്ടി)

 

വീട്ടിലേക്ക് പോകുമ്പോളും രഘുവിന്റെ മനസ്സ് അസ്വസ്ഥമായിരുന്നു.. കുറച്ചു നാളുകളായി ഇങ്ങനെയായിട്ട്.. കാരണം എന്തെന്നറിയാതെ ഒരു അസ്വസ്ഥത മനസ്സിനെ മൂടുന്നു

 

ഗേറ്റ് കടന്നു ചെന്നപ്പോൾ കണ്ടു നന്ദിനി ചെടികൾ നനയ്ക്കുകയാണ്.. മുഖത്ത് ഒരു പുഞ്ചിരി തങ്ങി നിൽക്കുന്നുണ്ട്… മുഷിഞ്ഞ നൈറ്റിയ്ക്ക് പകരം വൃത്തിയുള്ള സാരി ഭംഗിയായി എടുത്തിരിക്കുന്നു..

 

ചുവന്ന വട്ടപ്പൊട്ടും മഷിയെഴുതിയ കണ്ണുകളും.. തന്നെ കണ്ട് ചിരിയോടെ നിൽക്കുന്ന നന്ദിനിയെ രഘു നോക്കി നിന്നു..

 

അകത്തേക്ക് നടന്നപ്പോൾ കണ്ടു.. മൂത്ത മകൾ ഏതോ ചിത്രത്തിനു നിറം കൊടുക്കുകയാണ്.. ഇളയവൻ സോഫയുടെ മുകളിൽ വണ്ടി ഓടിക്കുന്നു..

 

നന്ദിനി ചായയുമായി വന്നു.. അവൾക്ക് ഹൃദ്യമായ ഒരു സുഗന്ധം.. അപ്പോൾ തന്നെയാണ് മകന്റെ കാർ ചെന്നു മോളുടെ കളർ ബോക്സിൽ ഇടിച്ചു എല്ലാം കൂടെ നിലത്തു വീണത്.. നന്ദിനി ഓടിവന്നു..

 

” നാശം..! പഠിക്കാനൊന്നുമില്ലേ നിങ്ങൾക്ക്! ഒക്കെ പരത്തിയിടാൻ.. ഞാനൊരുത്തി ഉണ്ടല്ലോ ഇവിടെ വണ്ടിക്കാള പോലെ.. ”

 

അവളുടെ പൊട്ടിത്തെറി പ്രതീക്ഷിച്ചിരുന്ന രഘുവിനെ അമ്പരപ്പിച്ചു കൊണ്ട് അവൾ അവർക്കരികിൽ ഇരുന്നു.. തലകുനിച്ചു നിന്ന മകന്റെ മുഖം ഉയർത്തി കവിളിൽ ചുംബിച്ചു..

 

” സാരല്ല്യാ ട്ടോ.. അപ്പൂന് അറിയാതെ പറ്റിയതല്ലേ?? ”

 

അവന്റെ മുഖത്തും അതിശയം..

 

” വാ .. നമ്മൾക്ക് എടുത്തു വെക്കാം. ”

 

അവർ ഒന്നിച്ചു പരന്നു പോയ കളറുകൾ എടുത്തുവെച്ചു.. അമ്മുവും കൂടെ കൂടി..

 

” ആഹാ.. അമ്മുവിന്റെ പടം കാണാൻ നല്ല ഭംഗി ഉണ്ടല്ലോ.. ”

 

അമ്മുവിന്റെ മുഖം പൂത്തിരി കത്തിച്ച പോലെ..

 

” അപ്പുവിനും കൂടി പഠിപ്പിച്ചു കൊടുക്ക് ”

 

അവൾ രണ്ടുപേരെയും ഒന്ന് തലോടി തന്നോടും ചിരിച്ചു പോകുന്നത് രഘു ആദ്യമായെന്ന പോലെ നോക്കി.. അമ്മുവും അപ്പുവും വഴക്കില്ലാതെ ഒന്നിച്ചിരിക്കുന്നു.. വീട്ടിൽ വല്ലാത്തൊരു ശാന്തത..

 

ഈ അവസ്ഥ പതിവില്ലാത്തതാണ്.. എപ്പോളും അപ്പുവിന്റെയും അമ്മുവിന്റെയും വഴക്ക് കേൾക്കാം.. പിന്നാലെ നന്ദിനിയുടെ ആക്രോശങ്ങൾ.. അപ്പുവിന്റെയും അമ്മുവിന്റെയും കരച്ചിൽ…

 

കൂടെ നന്ദിനിയുടെ ഉറക്കെ ഉറക്കെയുള്ള പ്രാരാബ്ദം പറച്ചിലും.. എല്ലാം കൊണ്ടും മടുപ്പിക്കുന്നതായിരുന്നു വീട്.. ഓഫീസിലെ ടെൻഷനെക്കാളും കൂടുതൽ അരോചകമായിരുന്നു രഘുവിനു വീട്ടിലെ സമയം…

 

അതുകൊണ്ട് തന്നെ അയാളുടെ ലോകം ഓഫീസ് കഴിഞ്ഞാൽ അടുത്തുള്ള വായനശാലയിലേക്കും പിന്നെ മൊബൈൽ ഫോണിലേക്കും ഒതുങ്ങി..

 

അതിനും നന്ദിനി എന്തൊക്കെയോ പറയാറുണ്ടെങ്കിലും അയാൾ അത് കേൾക്കാരുണ്ടായിരുന്നില്ല..

 

കിടപ്പറയിലും അവരുടെ അകൽച്ച ഒരുപാട് നാളായി പ്രതിഫലിക്കാറുണ്ട്..! നന്ദിനിയുടെ ദേഷ്യവും കോപവും കൂടുന്തോറും രഘുവിനു മൗനവും നിസ്സംഗതയും കൂടി വന്നു..

 

ഇപ്പോൾ കഴിഞ്ഞ കുറച്ചു ദിവസമായി ആകെ മാറ്റമാണ്.. നന്ദിനിയുടെ മുഖത്ത് എപ്പോളും ഒരു പുഞ്ചിരി കാണാം.. പരാതി പറച്ചിലുകളും പിറുപിറുക്കലുകളും ഇല്ലാ..

 

മക്കളോടോ തന്നോടോ മുഖം കറുപ്പിച്ചു സംസാരം ഇല്ലാ.. എപ്പോളും സന്തോഷത്തോടെ.. കണ്ണുകളിൽ തിളക്കവും, ചുണ്ടിലൊരു മൂളിപ്പാട്ടുമായി നന്ദിനി..! ശരിക്കും ഇത് കണ്ടു തനിക്കും സന്തോഷം വരേണ്ടതാണ്..

 

പക്ഷേ എന്തോ പെട്ടെന്നുള്ള അവളുടെ മാറ്റം എന്തോ അസ്വസ്ഥതയാണ് ഉണ്ടാക്കുന്നതെന്നു രഘു ഓർത്തു..

 

” കുളിക്കുന്നില്ലേ?? ”

 

നന്ദിനിയുടെ സ്വരമാണ് ഉണർത്തിയത്.. യാന്ത്രികമായി കുളി കഴിഞ്ഞു വന്നു.. എന്തോ വായനശാലയിലേക്കൊന്നും പോകാൻ തോന്നിയില്ല.. ഉമ്മറത്തു വെറുതെ ഇരുന്നു..

 

അകത്തു പതിവുപോലെ സീരിയലിന്റെ ശബ്ദമില്ല.. അപ്പുവിന് ഇഷ്ടപ്പെട്ട കാർട്ടൂൺ ആണ്.. അവൻ അത് കണ്ടു പൊട്ടിച്ചിരിക്കുന്നു..

 

നന്ദിനി അമ്മുവിനെ പഠിപ്പിക്കുകയാണ് എന്ന് തോന്നി.. അകത്തു നിന്നു അവരുടെ സംസാരവും ചെറിയ ചിരിയൊച്ചകളും കേൾപ്പുണ്ട്.

 

കുറച്ചു കഴിഞ്ഞപ്പോൾ നന്ദിനി തന്റെ അടുത്തേക്ക് വരുന്നത് കണ്ടു.. അവൾ ചിരിയോടെ വീട്ടിൽ അന്നുണ്ടായ സംഭവങ്ങൾ ഒക്കെ പറഞ്ഞപ്പോൾ രഘു

 

എല്ലാം കൗതുകത്തോടെ കേട്ടിരുന്നു.. അയാൾക്ക് ഫോൺ എടുത്തു നോക്കണമെന്നോ, പുറത്തേക്ക് പോണമെന്നോ തോന്നിയില്ല..

 

കുറച്ചു കഴിഞ്ഞു അവൾ കഴിക്കാമെന്നു പറഞ്ഞു എണീറ്റു.. അപ്പോൾ വിശപ്പ് തോന്നിയില്ലെങ്കിലും രഘു അവളെ അനുഗമിച്ചു..

 

അവൾ മക്കളെയും സ്നേഹത്തോടെ വിളിച്ചപ്പോൾ അവരും അനുസരണയോടെ ടിവി നിർത്തി വരുന്നത് രഘു ഉറ്റുനോക്കി..

 

സീരിയലിന്റെ കോലാഹലമില്ലാതെ അവർ ഭക്ഷണം കഴിച്ചു.. അപ്പുവും അമ്മുവും എന്തൊക്കെയോ വിശേഷങ്ങൾ പറയുന്നുണ്ടായിരുന്നു..

 

അതൊക്കെ ശ്രദ്ധിച്ചു കേട്ട് ചിരിക്കുകയും മറുപടി പറയുകയും ചെയ്യുന്ന നന്ദിനിയിലായിരുന്നു രഘുവിന്റെ കണ്ണുകൾ.. വേഗം കഴിക്കാൻ പറഞ്ഞുള്ള ബഹളമില്ല… ചീത്തയില്ല..

 

പകരം നന്ദിനി അവരെ കഴിക്കുമ്പോൾ ശ്രദ്ധിക്കുകയും സഹായിക്കുകയും ചെയ്യുന്നുണ്ട്.. അന്നത്തെ ഭക്ഷണത്തിനു അയാൾക്ക് ഏറെ രുചി തോന്നി..

 

കഴിച്ചു എണീറ്റ് പോകുമ്പോൾ അപ്പുവും അമ്മുവും അവരുടെ പാത്രങ്ങൾ ബേസിനിൽ കൊണ്ടുപോയി വെക്കുന്നത് അയാൾ നോക്കി നിന്നു..

 

” ഇനി അച്ഛൻ കുറച്ചു നേരം ന്യൂസ്‌ കണ്ടോട്ടെ.. രണ്ടുപേരും പോയി നാളേക്കുള്ള time ടേബിൾ ബുക്സ് ഒക്കെ എടുത്തു വെക്ക്.. അമ്മൂ.. അപ്പുവിനെ help ചെയ്യൂ ട്ടോ ”

 

നന്ദിനി വിളിച്ചു പറഞ്ഞപ്പോൾ അവർ അനുസരണയോടെ പോയി.. അവരുടെ റൂമിൽ വഴക്കടിക്കാതെ എല്ലാം ചെയ്യുന്നത് രഘു നോക്കി..

 

എന്ത് മാറിമായമാണ് ഇവിടെ സംഭവിക്കുന്നത്?? അയാൾക്ക് ആകെ വല്ലായ്മ തോന്നി..

 

രാത്രിയിൽ അയാൾ പതിവ് പോലെ ഉറങ്ങിയില്ല.. മക്കളേ ഉറക്കി പുതപ്പിച്ചു കൊടുത്ത് നന്ദിനി വരുന്ന വരെ അയാൾ കാത്തിരുന്നു..

 

രാത്രി അടുക്കള ഒതുക്കി ഉറങ്ങാൻ വന്ന നന്ദിനി തന്നെ കാത്തിരിക്കുന്ന രഘുവിനെ നോക്കി പുഞ്ചിരിച്ചു.

 

” നിനക്കെന്താ പറ്റിയത്?? ”

 

മുഖവുര ഒന്നുമില്ലാതെ രഘു ചോദിച്ചു..

 

” എനിക്കെന്ത് പറ്റാൻ?? ”

 

സ്വല്പം കുസൃതിയോടെ നന്ദിനി തിരിച്ചു ചോദിച്ചു..

 

” നിനക്കാകെ ഒരു മാറ്റം.. ”

 

അയാൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു..

 

” ഇഷ്ടായോ ഈ മാറ്റം?? ”

 

നന്ദിനി അയാളുടെ മൂക്ക് പിടിച്ചു കുലുക്കി കൊണ്ട് ചോദിച്ചപ്പോൾ രഘുവിന്റെ കണ്ണ് നിറഞ്ഞു..

 

വിവാഹം കഴിഞ്ഞുള്ള നാളുകളിൽ തങ്ങളുടെ സ്വകാര്യ നിമിഷങ്ങളിൽ തന്നെ ചിരിപ്പിക്കാൻ അവളിങ്ങനെ മൂക്ക് പിടിക്കാറുണ്ടായിരുന്നു എന്നയാൾ ഓർത്തു..

 

ഇടയ്‌ക്കേപ്പളോ ആ സന്തോഷങ്ങളും, തങ്ങളുടെ ഒന്നിച്ചുള്ള നിമിഷങ്ങളും ഒക്കെ കൈമോശം വന്നു.. തീർത്തും യാന്ത്രികമായി ജീവിതം..

 

” നമ്മൾ എന്തിനാ രഘുവേട്ടാ ജീവിക്കുന്നത്? കഴിഞ്ഞ ദിവസം ടീവിയിൽ ആരോ പറഞ്ഞു.. നമ്മൾ നമ്മടെ ഇഷ്ടങ്ങൾ അറിഞ്ഞു ജീവിക്കണം എന്ന്..

 

അപ്പൊ ഞാനിങ്ങനെ ഓർത്തു.. എന്താ എന്റെ ഇഷ്ടങ്ങൾ എന്ന്.. പാട്ടോ ഡാൻസോ പാചകമോ.. ഒന്നുമല്ല.. രഘുവേട്ടനും മക്കളും മാത്രമാണ് എന്റെ ഇഷ്ടം ”

 

നന്ദിനി പറയുന്നത് രഘു കേട്ടുകൊണ്ടിരുന്നു..

 

” ഞാനോർത്തു രഘുവേട്ടാ.. എന്നിട്ട് ഞാൻ എന്താ ചെയ്യാറ്.. എന്തിനോ വേണ്ടി മക്കളോട് ദേഷ്യം.. രഘുവേട്ടനോട് ദേഷ്യം.. എനിക്ക് ഒന്നിനും ഒരു കുറവും രഘുവേട്ടൻ വരുത്തിയിട്ടില്ല..

 

എന്നിട്ടും ഞാൻ വെറുതെ നിങ്ങളോടൊക്കെ.. എന്തൊക്കെയോ ദേഷ്യം തീർത്തു.. പകൽ ഒറ്റയ്ക്കായി പോകുന്നതിന്റെ ആണോ.. അതോ വേറെ എന്തെങ്കിലുമാണോ എനിക്കറിയില്ല..”

 

നന്ദിനി വിതുമ്പി പോയിരുന്നു..

 

” നന്ദൂ ”

 

രഘു അരുമയായി വിളിച്ചപ്പോൾ നന്ദിനി അയാളെ തുറിച്ചു നോക്കി..

 

” ഈയൊരു വിളി പോലും എനിക്ക് നഷ്ടപ്പെട്ടിട്ട് എത്ര നാളായി രഘുവേട്ടാ.. എല്ലാം എന്റെ തെറ്റാണ്.. രഘുവേട്ടനെയോ മക്കളെയോ മനസ്സിലാക്കാതെ..

 

സ്നേഹിക്കാതെ.. നാളെ ഞാൻ ഇല്ലാതെ ആയാൽ നിങ്ങൾക്ക് സമാദാനം തരാതിരുന്ന ഒരുത്തി ഇല്ലാതെ പോയി എന്നല്ലേ നിങ്ങള് കരുതുള്ളൂ… ”

 

വിങ്ങിക്കരയുന്ന നന്ദിനിയെ രഘു മെല്ലെ തട്ടി ആശ്വസിപ്പിച്ചു..

 

” എനിക്ക് രഘുവേട്ടനെയും മക്കളെയും ഉള്ളു തുറന്നു സ്നേഹിക്കണം.. നമ്മുടെ കുടുംബം സന്തോഷത്തോടെ ചേർത്തു പിടിക്കണം.. എന്റെ സ്നേഹം സ്നേഹമായി തന്നെ തരണം ”

 

രഘു ചിരിച്ചു

 

” എന്റെ നന്ദു ദേഷ്യപ്പെട്ടാലും ഞങ്ങളോട് സ്നേഹമില്ലെന്നു ഞങ്ങൾ കരുതുമോ??

 

നിന്റെ ദേഷ്യവും വാർത്തമാനങ്ങളും ഒക്കെ കാരണം ആകെ ഒരു മടുപ്പ് തോന്നാറുണ്ട് എന്നുള്ളത് നേരാണ്.. പക്ഷേ നീയില്ലാതെ ഞങ്ങൾക്ക് പറ്റുമോ?? ”

 

നന്ദിനി അയാളെ നോക്കി ചിരിച്ചു..

 

” ഇനി നോക്കിക്കോ.. നമ്മുടെ വീട് ഞാൻ എങ്ങനെ സന്തോഷം കൊണ്ട് നിറയ്ക്കുമെന്ന് ”

 

അവളുടെ കവിളുകളിൽ അമർത്തി ചുംബിക്കുമ്പോൾ അയാളുടെ മിഴികളും സന്തോഷത്താൽ തിളങ്ങി..

Leave a Reply

Your email address will not be published. Required fields are marked *