ആ ദിവാകരന്റെ കൂടെ ഒരു രാത്രി കിടന്നു കൊടുക്കണമെന്ന് അമ്മയോട് പറഞ്ഞിട്ടല്ലേ അയ്യാൾ ഇന്നലെ പോയത് .

മകൾ

(രചന: Aneesha Sudhish)

 

സ്കൂളിലേക്ക് എത്രയും പെട്ടെന്ന് എത്തണമെന്ന് ടീച്ചർ വിളിച്ചു പറഞ്ഞപ്പോൾ ജാതിക്കാ പെറുക്കുന്നിടത്തു നിന്നും നടക്കുകയല്ല മറിച്ച് ഓടുകയാണ് ചെയ്തത്.

 

തോമാ സാറിനോട് കാര്യങ്ങൾ പറഞ്ഞ് കൂലിയിൽ നിന്നും ഇരുനൂറ് രൂപയും വാങ്ങി. ഒമ്പതിലാണ് മകൾ പഠിക്കുന്നത് അവൾക്കെന്തെങ്കിലും ആപത്ത് ഉണ്ടായോ ? ചിന്തിക്കും തോറും വേവലാതി കൂടി വന്നു.

 

ശങ്കരേട്ടൻ തെങ്ങിൽ നിന്നു വീണു മരിച്ചതിൽ പിന്നെ ജീവിതം കരയ്ക്കടുപ്പിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു.

 

ഉള്ള വീട് വിറ്റിട്ടാണ് കുറേ കാലം ശങ്കരേട്ടന്റെ ചികിത്സ നടത്തിയത് പക്ഷേ ഫലമില്ലാതെ പോയി.

 

ഇപ്പോൾ വാടക വീട്ടിലാണ്.. ഒന്നുരണ്ടു മാസത്തെ വാടക ഇനിയും കൊടുക്കാനുണ്ട്. ഇന്നാണ് അവസാന അവധി പറഞ്ഞിരിക്കുന്നത്. ഇന്നും കൊടുത്തില്ലെങ്കിൽ …..

 

ഏക മകളെ എങ്ങനെയെങ്കിലും പഠിപ്പിക്കണം. അതിനു വേണ്ടിയാണ് കൂലി കുറവാണെങ്കിലും തോമാ സാറിന്റെ ജാതിക്കാ തോട്ടത്തിൽ പണിക്കു പോയി തുടങ്ങിയത്..

 

ജാതിക്കയുടെ സീസൺ കഴിഞ്ഞാൽ പറമ്പു പണിയ്ക്കായി പോകും ഒരു പാട് പറമ്പും കൃഷിയും ഉള്ളതു കൊണ്ട് സ്ഥിരമായി പണി കിട്ടും.

 

കറപിടിച്ച നൈറ്റി ഊരിക്കളഞ്ഞ് അയയിൽ നിന്നും ഒരു സാരിയുടുത്ത് വെപ്രാളത്തോടെയാണ് സ്കൂളിലേക്ക് പോയത്.

 

ഓഫീസിൽ ചെന്നപ്പോൾ ഒന്നുരണ്ടു ടീച്ചർമാരും ഹെഡ് മാസ്റ്ററും പിന്നെ വേറെ ആഫീസർമാരും ഉണ്ടായിരുന്നു.

 

ഓഫീസിന്റെ മൂലയ്ക്കായി തന്റെ മകളെ കണ്ടപ്പോൾ ആണ് ഒരു സമാധാനം ആയത്. അവൾക്ക് കുഴപ്പമൊന്നും ഇല്ല .

 

കരഞ്ഞു വീർത്ത മുഖത്തോടെ ആണവൾ നിന്നിരുന്നത്.

 

കാര്യം തിരക്കിയ എന്നോട് അവർ പറഞ്ഞതുകേട്ടപ്പോൾ ചങ്ക് തകർന്നു പോയി.

 

ടീച്ചറുടെ മേശയിലിരുന്ന അയ്യായിരം രൂപ കാണാനില്ല. അവൾ മാത്രമേ സ്റ്റാഫ് റൂമിൽ വന്നത്.

 

“ഇല്ല ടീച്ചറേ എന്റെ മകൾ എടുക്കില്ല. അങ്ങനെയല്ല ഞാനവളെ പഠിപ്പിച്ചത്”

 

“നോക്കൂ ശാരദേ, നിന്നെ പോലെ തന്നെ ഞങ്ങൾക്കും വേണിയെ വിശ്വാസമായിരുന്നു. പക്ഷേ കാണാതെ പോയ പൈസ അവളുടെ ബാഗിൽ നിന്നും കണ്ടെടുത്തു. അവളാണ് എടുത്തതെന്ന് സമ്മതിച്ചിട്ടും ഉണ്ട് ”

 

ടീച്ചർ അതു പറഞ്ഞപ്പോൾ ദേഷ്യം മാത്രമല്ല സങ്കടം കൊണ്ടും ഞാനാകെ തകർന്നു .

 

അവളുടെ അടുത്ത് ചെന്ന് തലങ്ങും വിലങ്ങും അടിച്ചപ്പോൾ അവൾ എതിർത്തില്ല. കരഞ്ഞില്ല..

 

” ഈ വിഷയം പുറത്ത് ആരും അറിഞ്ഞിട്ടില്ല.. ഒച്ച വെച്ച് നിങ്ങളായിട്ട് ഇനി അറിയിക്കരുത് ..

 

വേണി പഠിക്കാൻ മിടുക്കിയാണ് സ്വഭാവത്തിലും അങ്ങനെ തന്നെ പക്ഷേ എന്തിനാണ് ഇവൾ പൈസ എടുത്തതെന്ന് എത്ര ചോദിച്ചിട്ടും പറയുന്നില്ല അതിനാണ് നിങ്ങളെ വിളിച്ചു വരുത്തിയത് ”

 

“എന്തിനാ വേണി മോളേ നീയിത് ചെയ്തത്. നിനക്ക് എന്തിന്റെ കുറവാ ഞാൻ വരുത്തിയിട്ടുള്ളത് ” നെഞ്ച് തകർന്നുകൊണ്ടാണ് ഞാനത് ചോദിച്ചത്.

 

“അമ്മയ്ക്ക് വേണ്ടി , അമ്മയ്ക്ക് വേണ്ടി മാത്രമാ ഞാനത് എടുത്തതെന്നും പറഞ്ഞവൾ എന്റെ കാൽക്കൽ വീണ് പൊട്ടിക്കഞ്ഞു. ”

 

“എനിക്ക് വേണ്ടിയോ ”

 

“അതെ അമ്മാ ഇന്നെങ്കിലും വീട്ട് വാടക കൊടുത്തില്ലെങ്കിൽ ആ ദിവാകരന്റെ കൂടെ ഒരു രാത്രി കിടന്നു കൊടുക്കണമെന്ന് അമ്മയോട് പറഞ്ഞിട്ടല്ലേ അയ്യാൾ ഇന്നലെ പോയത് .

 

അയ്യാളിൽ നിന്ന് അമ്മയെ രക്ഷിക്കാൻ വേണ്ടിയാ ഞാൻ മോഷ്ടിച്ചതെന്നും പറഞ്ഞ് വേണി കെട്ടിപ്പിടിച്ച് കരഞ്ഞപ്പോൾ എന്റെ മോളെ ഞാൻ അറിയുകയായിരുന്നു..

 

“അമ്മയെ ഞാനാർക്കും വിട്ടു കൊടുക്കില്ലമ്മാ ” അവൾ ഏന്തി കരഞ്ഞു.

 

” അതൊക്കെ അമ്മ എങ്ങനെയെങ്കിലും കൊടുക്കില്ലേ മോളേ അതിന് നീ മോഷ്ടിക്കുകയാണോ ചെയ്യേണ്ടിയിരുന്നത്”

 

“എനിക്ക് വേറെ നിവൃത്തിയില്ലായിരുന്നു. എന്നോട് ക്ഷമിക്കൂ അമ്മാ”

 

“നോക്കൂ ശാരദേ, വേണി ചെയ്തത് തെറ്റു തന്നെയാണ് പക്ഷേ അവൾ നിങ്ങളെ പ്രൊട്ടറ്റ് ചെയ്യാനാണത് ചെയ്തത് .

 

നല്ലൊരു കാര്യത്തിനു വേണ്ടിയാണെങ്കിലും അവൾ ചെയ്ത തെറ്റ് പറഞ്ഞ് മനസ്സിലാക്കിയാൽ മതി. വേണിയുടെ വീട്ടിലെ സ്ഥിതി ഞങ്ങൾക്ക് അറിയില്ലായിരുന്നു.

 

പണം തിരിച്ചു കിട്ടിയ സ്ഥിതിക്ക് അവൾക്കെതിരെ ആക്ഷനൊന്നും എടുക്കുന്നില്ല.. ഹെഡ് മാസ്റ്റർ അതു പറഞ്ഞപ്പോൾ അവർക്കു മുമ്പിൽ കൈകൂപ്പിനിന്നു.

 

അവരോട് മകൾ ചെയ്ത തെറ്റിനു ക്ഷമ പറഞ്ഞിറങ്ങും നേരം ക്ലാസ്സ് ടീച്ചർ ഒരു കവർ എന്നെ ഏൽപ്പിച്ചു.

 

ഇത് നിങ്ങൾക്കുള്ളതാണ് വീട്ടുവാടക കൊടുത്തോളൂ. തന്റെ അമ്മയെ വേണി അത്രയ്ക്ക് സ്നേഹിക്കുന്നുണ്ട്. ആ അമ്മയ്ക്ക് ഒരു ആപത്തും അവൾ ആഗ്രഹിക്കുന്നില്ല.

 

“വേണ്ടാന്ന് പറഞ്ഞിട്ടും ആ പണം അവർ തന്നെ ഏൽപ്പിച്ചു..

 

ഒരു തെറ്റിലൂടെ ആണെങ്കിലും സ്വന്തം അമ്മയുടെ മാനം രക്ഷിക്കാൻ ശ്രമിച്ച തന്റെ മകളുടെ കൂട്ടുകാരും അധ്യാപകരും ചേർന്ന് ഇന്ന് ഞങ്ങൾക്കൊരു വീട് കെട്ടി തന്നു …

 

ആ വീട്ടിൽ ഇനി ഞങ്ങൾക്കുറങ്ങാം ആരെയും പേടിക്കാതെ ….

 

എന്റെ മകൾ എന്റെ അഭിമാനമാണ്.. അവളാണെന്റെ ജീവനും…

Leave a Reply

Your email address will not be published. Required fields are marked *