ഏട്ടാ ഞാനിന്ന് ടൗണിൽ വരെയൊന്ന് പൊയ്ക്കോട്ടേ. എനിക്ക് കുറച്ചു സാധനങ്ങൾ വാങ്ങണമായിരുന്നു..”
“നിനക്ക് വേണ്ടത് എന്താന്ന് വെച്ചാൽ പറഞ്ഞാൽ മതി. ഞാൻ വൈകിട്ട് വരുമ്പോൾ വാങ്ങിക്കൊണ്ട് വരാം.”
“ഏട്ടാ, ഞാനൊന്ന് അമ്പലത്തിൽ പൊയ്ക്കോട്ടേ..?”
“എന്താ അവിടെ ഇന്ന് ആരെങ്കിലും വരാമെന്നു പറഞ്ഞിട്ടുണ്ടോ..?”
“ഏട്ടാ, ഞാൻ വീട് വരെയൊന്ന് പൊയ്ക്കോട്ടേ. അമ്മയെ കണ്ടിട്ട് ഒത്തിരി നാളായി.”
“എന്നും നീ അങ്ങോട്ട് ഫോൺ വിളിക്കുന്നുണ്ടല്ലോ.
പിന്നെ എന്തിനാ ഇപ്പൊ പ്രത്യേകിച്ച് പോയി
കാണുന്നത്.”
“അതേയ്…എന്റെ കോളേജിലെ ഗെറ്റ് ടുഗദർ ആണ് നാളെ, കൂടെ പഠിച്ചിരുന്നവരെല്ലാവരും ഫാമിലിയോടൊപ്പം വരുന്നുണ്ട്. നമുക്കും ഒന്ന് പോയാലോ ഏട്ടാ..?”
“എന്നിട്ട് വേണം നിനക്കാ പഴയ കാമുകനെ കണ്ടു വീണ്ടും ബന്ധം പുതുക്കാൻ അല്ലേ..?”
വൈകിട്ട്
“ഇന്ന് നീ എവിടെയെങ്കിലും പോയിരുന്നോ.?
“ഇല്ലല്ലോ, എന്താ ഏട്ടാ?”
“അല്ലാ, ഞാൻ രാവിലെ പോയപ്പോൾ കാണാത്ത പലതും ഇപ്പൊ ഇവിടെ കാണുന്നുണ്ടല്ലോ..”
“ഓഹ് അത് ഞാൻ മോനെ വിട്ട് വാങ്ങിപ്പിച്ചതാണ്.”
ഹ്ഹോ! മടുത്തു..
കൂട്ടിലിട്ടു വളർത്തുന്ന തത്തയ്ക്ക് ഉണ്ടാവും ഇതിലും സ്വാതന്ത്ര്യം !
മറ്റൊരു പകൽ ഓഫീസിൽ നിന്ന് വീട്ടിലേക്ക് ഫോൺ വിളിക്കുന്ന വീട്ടുകാരൻ.
“എടാ നിന്റെ അമ്മയെവിടെ പോയതാ..”
“അമ്മയെങ്ങും പോയിട്ടില്ലച്ഛാ.
ഇവിടെ ഉണ്ടല്ലോ..”
“എങ്കിൽ നീയവൾക്ക് ഫോണൊന്ന് കൊടുത്തേ. ”
മകൻ അച്ഛന്റെ ഫോണുമായി അമ്മയെ തേടി വീട് മുഴുവനും നടന്നു..
മേശപ്പുറത്ത് ഒരു കത്ത്!
“അച്ഛാ, അമ്മ ഇവിടില്ല കേട്ടോ.
എങ്ങോട്ടോ പറന്നുപോയി.”
ങ്ഹേ! പറന്നുപോയോ??
“അവളെന്താ കാക്കയോ മറ്റോ ആണോടാ പറന്നു പോകാൻ ?”
“കാക്കയല്ല അച്ഛാ.. തത്തയാണെന്ന്..,!
കൂട് തുറന്നു പറന്നു പോയെന്ന് അറിയിക്കാൻ പറഞ്ഞു..”
ശാലിനി മുരളി ✍️