ഇവളെ പോലെയുള്ള ഒരു മച്ചിയുടെ കൈയിൽ കുഞ്ഞിനെ കൊടുത്താൽ അതിന് ദോഷം ആണ്.. ” ആ വാചകം ചെവിയിൽ വീണ്ടും മുഴങ്ങിയപ്പോൾ വല്ലാത്ത നോവ്

(രചന: ആവണി)

” ഇവളെ പോലെയുള്ള ഒരു മച്ചിയുടെ കൈയിൽ കുഞ്ഞിനെ കൊടുത്താൽ അതിന് ദോഷം ആണ്.. ”

ആ വാചകം ചെവിയിൽ വീണ്ടും മുഴങ്ങിയപ്പോൾ വല്ലാത്ത നോവ് തോന്നി. അതിന് ശേഷമുള്ളതൊക്കെ കണ്ണീരിന്റെ അകമ്പടിയോടെ അല്ലാതെ ഓർക്കാൻ കഴിയില്ല.

ഓർമ്മകൾ വീണ്ടും ആ പഴയ കാലത്തേക്ക് വീണ്ടും പറക്കാൻ തുടങ്ങിയിരുന്നു.

തന്റെ വീട്ടിൽ താനും തന്റെ അനിയനും അച്ഛനും അമ്മയും മാത്രമാണ് ഉണ്ടായിരുന്നത്. അനിയനും തനിക്കും ഇടയിൽ 10 വയസ്സിന്റെ വ്യത്യാസം ഉണ്ടായിരുന്നതു കൊണ്ട് തന്നെ അനിയൻ എന്നതിനേക്കാൾ ഉപരി അവൻ തനിക്ക് മകനായിരുന്നു.

അത്രയും സ്നേഹത്തോടെയും കരുതലോടെയും തന്നെയായിരുന്നു അവനെ വളർത്തി വലുതാക്കിയത്.

എന്റെ വിവാഹം കഴിയുന്ന സമയത്ത് അവന് 15 വയസ്സായിരുന്നു പ്രായം. അവനെ പിരിയുന്നതാണ്, തനിക്ക് ഏറ്റവും വലിയ വിഷമം ആയി മാറിയത്.

വിവാഹം കഴിഞ്ഞ് ഭർത്താവിനോടൊപ്പം വിദേശത്തേക്ക് ജീവിതം പറിച്ചു നട്ട എന്റെ മനസ്സിൽ ഒരേയൊരു ദുഃഖമായിരുന്നത് അവനായിരുന്നു.

ഫോണിലൂടെ അവന്റെ ശബ്ദം കേൾക്കുമ്പോഴും, അവരോട് സംസാരിക്കുമ്പോഴും താൻ പോലും അറിയാതെ സങ്കടം വരാറുണ്ട്.

ആദ്യകാലങ്ങളിൽ ഒക്കെ വീട്ടിലേക്ക് ഫോൺ ചെയ്താൽ തന്റെ കരച്ചിൽ മാത്രമേ കാണാറുണ്ടായിരുന്നുള്ളൂ. അത് കാണുമ്പോൾ ഭർത്താവ് ചീത്ത പറയും.

ലീവ് കിട്ടിയാൽ നാട്ടിലേക്ക് ഓടിയെത്താൻ തനിക്ക് വല്ലാത്ത തിടുക്കം ആയിരുന്നു. അവരെയൊക്കെ കാണാനും അവരോടൊപ്പം സമയം ചെലവഴിക്കാനും താൻ ഒരുപാട് ആഗ്രഹിച്ചിരുന്നു.

വിവാഹം കഴിഞ്ഞ് മൂന്നുനാലു വർഷം കഴിഞ്ഞപ്പോൾ അച്ഛൻ ഈ ലോകത്തോട് വിട പറഞ്ഞു. വല്ലാത്തൊരു സങ്കടം ആയിരുന്നു അന്ന്. പക്ഷേ അതിനു ശേഷം ആണ് തന്റെ ജീവിതത്തിൽ ഏറ്റവും വലിയ മാറ്റങ്ങൾ ഉണ്ടായിത്തുടങ്ങിയത്.

വിവാഹം കഴിഞ്ഞ് നാലുവർഷം കഴിഞ്ഞിട്ടും കുട്ടികൾ ഇല്ല എന്നുള്ളത് മറ്റുള്ളവരുടെ കണ്ണിൽ വലിയൊരു തെറ്റായി മാറി. തങ്ങൾക്കും അങ്ങനെ തന്നെയായിരുന്നു.

ഒരു കുട്ടിയെ ഞങ്ങളും ആഗ്രഹിക്കാൻ തുടങ്ങിയിരുന്നു. പക്ഷേ അതിനുള്ള ഭാഗ്യം ഞങ്ങൾക്ക് കിട്ടിയില്ല. പ്രതീക്ഷയോടെയാണ് ഓരോ ദിവസത്തെയും വരവേറ്റിരുന്നത്.

പക്ഷേ എല്ലാ മാസവും കൃത്യമായി വരുന്ന ആ ചുവന്ന അതിഥി ഞങ്ങളുടെ എല്ലാ പ്രതീക്ഷകളെയും തകർത്തു കളഞ്ഞു.

വർഷങ്ങൾ മുന്നോട്ടു പോയപ്പോൾ പലതരത്തിലും ഉള്ള, ചികിത്സകൾ ചെയ്യാൻ ഞങ്ങൾ തയ്യാറായി. കാണാത്ത ഡോക്ടർമാരോ ചെയ്യാത്ത മരുന്നുകളോ ഇല്ല എന്നൊരു അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി.

അതിനിടയിൽ അനിയൻ വിവാഹം ചെയ്തു.തന്റെ അനിയൻ വിവാഹപ്രായം എത്തി എന്ന് പോലും താൻ അറിഞ്ഞത് അവന്റെ ഒപ്പം പഠിച്ച പെൺകുട്ടിയെ ഇഷ്ടമാണ് വിവാഹം നടത്തണം എന്നുള്ള അവന്റെ ആവശ്യം അറിഞ്ഞപ്പോഴാണ്.

സന്തോഷത്തോടെ തന്നെ അവരുടെ വിവാഹം നടത്തി.വിവാഹം കഴിഞ്ഞ് മൂന്നാം മാസം അവൾ വിശേഷമറിയിച്ചപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് താനായിരുന്നു.

അവളോടൊപ്പം നിന്ന് അവളെ നോക്കാൻ കഴിയുന്നില്ല എന്നൊരു ദുഃഖം മാത്രമായിരുന്നു തനിക്ക് അന്നുണ്ടായിരുന്നത്. അന്നൊക്കെ തന്നെ ആശ്വസിപ്പിച്ചിരുന്നത് അനിയൻ ആയിരുന്നു.

” നീ വിഷമിക്കേണ്ട ചേച്ചി. കുഞ്ഞ് വരുമ്പോൾ നീയും കൂടി വരണം. അവനെ കാണാൻ നീ ഇവിടെ ഉണ്ടാവണം എന്നാണ് എന്റെ ആഗ്രഹം.”

അവൻ പറഞ്ഞത് കേട്ടപ്പോൾ തന്റെ മനസ്സ് നിറഞ്ഞു.സന്തോഷത്തോടെ തന്നെ അത് സമ്മതിച്ചു.

പെട്ടെന്നൊരു ദിവസം പെയിൻ വന്നു അവളെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തപ്പോൾ വിചാരിച്ചത് പോലെ ലീവ് തനിക്ക് കിട്ടിയില്ല. തനിക്ക് മാത്രമല്ല സന്തോഷേട്ടനും അന്ന് ലീവ് ഉണ്ടായിരുന്നില്ല.

കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങിലാണ് ഞങ്ങൾക്ക് പങ്കെടുക്കാൻ കഴിഞ്ഞത്. മോൾക്ക് വേണ്ടി ആശിച്ചു മോഹിച്ച് ഒരുപാട് സാധനങ്ങൾ താൻ വാങ്ങിക്കൂട്ടിയിരുന്നു.

അവയൊക്കെയും കൊണ്ട് കുഞ്ഞിനെ കാണാൻ ഓടിച്ചെന്ന് തനിക്ക് അവിടെ നല്ല സ്വീകരണം അല്ല കിട്ടിയത്.

കുഞ്ഞിനെ കയ്യിൽ വാങ്ങിയ നിമിഷം അനിയന്റെ അമ്മായിയമ്മ പറഞ്ഞത് ഇപ്പോഴും ചെവിയിൽ ഉണ്ട്.” ഇവളെ പോലെയുള്ള മച്ചികൾ എടുത്താൽ കുട്ടിക്ക് ദോഷമാണ്.”

അത് കേട്ട നിമിഷം എന്റെ മുഖത്തേക്ക് പോലും നോക്കാതെ കുഞ്ഞിനെ എന്റെ കയ്യിൽ നിന്ന് തട്ടിപ്പറിച്ച് വാങ്ങിയത് എന്റെ പൊന്ന് അനിയൻ തന്നെയായിരുന്നു.

അവിടെ കൂടിയിരുന്ന അവർ പറഞ്ഞ ശാപവചനങ്ങളേക്കാൾ എന്റെ മനസ്സ് തകർത്തത് അനിയന്റെ പ്രവർത്തിയായിരുന്നു.

അന്ന് ആ വീട്ടിൽ നിന്ന് പടിയിറങ്ങിയതാണ്. പിന്നീട് എന്തുകൊണ്ടോ നാട്ടിലേക്ക് പോകാൻ തോന്നിയിട്ടില്ല. അമ്മയെ കാണാൻ കൊതി തോന്നുമ്പോൾ അമ്മയെ ഇവിടേക്ക് വിളിക്കുകയാണ് പതിവ്.

കുഞ്ഞിനെ നോക്കാൻ ആളില്ലാത്തതു കൊണ്ട് അമ്മയെ വിടാൻ പറ്റില്ല എന്ന് അനിയൻ പറയുമ്പോഴൊക്കെ അവനെ എതിർത്ത് അമ്മ എന്നെ കാണാൻ വന്നിരുന്നത് എന്റെ വിഷമങ്ങൾ അറിഞ്ഞതു കൊണ്ടായിരുന്നു.

പക്ഷേ തീരെ പ്രതീക്ഷിക്കാത്ത ഒരു അപകടം ഞങ്ങളുടെ കുടുംബത്തിലേക്ക് എത്തിനോക്കി. അനിയനും കുടുംബവും സഞ്ചരിച്ചിരുന്ന കാർ ഒരു ആക്സിഡന്റ് ആയി.

നാട്ടിൽ നിന്ന് ഒരു കസിൻ ആ വാർത്ത വിളിച്ചു പറയുമ്പോൾ താൻ ആകെ തകർന്നു പോയിരുന്നു. സന്തോഷേട്ടനോട് വിവരം പറയുമ്പോൾ തന്റെ ശബ്ദം വിറക്കുന്നുണ്ടായിരുന്നു.

നാട്ടിലേക്ക് പോകാൻ തന്നെ തീരുമാനിച്ചു. അവിടേക്ക് എത്താൻ പോകുന്ന ഓരോ നിമിഷവും എന്തൊക്കെയോ അപകടങ്ങൾ നടക്കുന്നു എന്ന് എന്റെ മനസ്സ് മന്ത്രിക്കുന്നുണ്ടായിരുന്നു.

മണിക്കൂറുകളുടെ യാത്രയ്ക്കിടയിൽ നാട്ടിലെത്തിയപ്പോൾ, അവന്റെ വീട്ടിലേക്ക് എത്താൻ ആയിരുന്നു തിടുക്കം.

അവിടെ കൂടി നിൽക്കുന്ന ആൾ കൂട്ടത്തിൽ നിന്ന് തന്നെ അഹിതമായത് സംഭവിച്ചിരിക്കുന്നു എന്ന് താൻ മനസ്സിലാക്കി.

ഉമ്മറത്ത് വെള്ള പുതപ്പിച്ചു കിടത്തിയിരുന്ന 3 ശരീരങ്ങൾ അനിയന്റെയും ഭാര്യയുടെയും അമ്മയുടെയും ആണെന്ന് പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു.

അപ്പോഴും എന്റെ കണ്ണുകൾ പരതിയത് അനിയന്റെ കുഞ്ഞിനു വേണ്ടിയായിരുന്നു. അവിടെയൊന്നും അവളെ കാണാതെ എനിക്ക് നിരാശപ്പെടേണ്ടി വന്നു.

അതിനേക്കാൾ ഉപരി അവൾക്ക് എന്ത് സംഭവിച്ചു എന്നുള്ളത് എന്റെ മനസ്സിൽ ഒരു ഭയമായി മാറിയിരുന്നു.

“കുഞ്ഞിനെ ആശുപത്രിയിൽ നിന്ന് കൊണ്ടു വരുന്നതേയുള്ളൂ..”അവിടെ ആരോ പറയുന്നത് കേട്ടു. കുഞ്ഞിന് ഒന്നും സംഭവിച്ചിട്ടുണ്ടാകരുതേ എന്ന് മാത്രമായിരുന്നു തന്റെ പ്രാർത്ഥന.

ആ ആൾക്കൂട്ടത്തിന് നടുവിലേക്ക് ആ കുഞ്ഞു വന്നിറങ്ങിയത് താൻ കണ്ടു. അച്ഛനെയും അമ്മയെയും അച്ഛമ്മയെയും ഒക്കെ അവൾ കുലുക്കി വിളിക്കുന്നുണ്ടായിരുന്നു.

ആരും കണ്ണ് തുറന്നു നോക്കാതെ ആയപ്പോൾ നിസ്സഹായതയോടെയും ഭയത്തോടെയും അവൾ ചുറ്റുമുള്ളവരെ നോക്കി.

എല്ലാവരുടെയും കണ്ണുകളിൽ അവളോടുള്ള സഹതാപമായിരുന്നു. മുന്നോട്ടു ചെന്ന് അവളെ ചേർത്ത് പിടിക്കാൻ തനിക്ക് തോന്നിയെങ്കിലും, അതിന്റെ പേരിൽ അവിടെ ഒരു ചർച്ച ഉണ്ടായാൽ തനിക്കത് താങ്ങാൻ കഴിയില്ല.

അതുകൊണ്ട് ആരെയും നോക്കാതെ തലകുനിച്ചിരുന്നു.പക്ഷേ തന്നെ പോലും ഞെട്ടിച്ചുകൊണ്ട് അവൾ ഓടി വന്നു തന്നെ കെട്ടിപ്പിടിച്ചു.

“ആന്റി..”എന്നുള്ള വിളി അമ്മ എന്ന് തന്നെയാണ് താൻ കേട്ടത്. പിന്നീട് ഒരു നിമിഷം പോലും ചിന്തിച്ചു നിൽക്കാതെ അവളെ തന്നിലേക്ക് അണച്ചു പിടിക്കുമ്പോൾ അവളോടൊപ്പം താനും പൊട്ടിക്കരയുകയായിരുന്നു.

ചടങ്ങുകൾ കഴിഞ്ഞ് ഓരോരുത്തരും പിരിഞ്ഞു പോയപ്പോൾ എല്ലാവരുടെയും സംശയം കുഞ്ഞിനെ ഇനി എന്ത് ചെയ്യും എന്ന് മാത്രമായിരുന്നു.

തന്നോടൊപ്പം കുഞ്ഞിനെയും കൂട്ടുമെന്ന് പറഞ്ഞപ്പോൾ, മച്ചി ഒരിക്കലും കുഞ്ഞിനെ വളർത്താൻ പാടില്ല എന്ന് ഒരു നിയമം ഉണ്ടത്രേ..!

എന്നാൽ അങ്ങനെ പറഞ്ഞവരോട് കുഞ്ഞിനെ വീട്ടിൽ കൊണ്ടുപോയി വളർത്താമോ എന്ന് ചോദിച്ചാൽ അവർക്ക് അതിന് സൗകര്യവുമില്ല.

ആ നിമിഷം താൻ ഉറപ്പിച്ചു അവൾ ഇനിയുള്ള കാലം തങ്ങളോടൊപ്പം വളർന്നാൽ മതിയെന്ന്. അതിനുള്ള സമ്മതത്തിനായി ഭർത്താവിനെ നോക്കിയപ്പോൾ അദ്ദേഹത്തിന്റെ കണ്ണിലും നിറഞ്ഞ സമ്മതമായിരുന്നു താൻ കണ്ടത്.

ഇത്രയും കാലം വൈകിയാണെങ്കിലും മകളെപ്പോലെ സ്നേഹിക്കാൻ അദ്ദേഹത്തിന് ഒരു അച്ഛനാകാൻ ഒരു കുഞ്ഞിനെ കിട്ടിയ സന്തോഷമായിരുന്നു ആ കണ്ണിൽ നിറയെ..!

പിന്നെ ഒരു നിമിഷം പോലും ചിന്തിക്കാതെ അവളെയും ചേർത്ത് പിടിച്ച് ആ വീടിന്റെ പടിയിറങ്ങുമ്പോൾ മാതൃത്വം അലയടിക്കാൻ തുടങ്ങിയിരുന്നു തന്നിലും…

Leave a Reply

Your email address will not be published. Required fields are marked *