(രചന: J. K)
“””” ഐസക്ക് അങ്കിളല്ലേ??? അടുത്തമാസം മൂന്നാം തീയതി എന്റെ കല്യാണമാണ് എല്ലാവരും നേരത്തെ വരണം “””
ഇത്രയും പറഞ്ഞ് ഇൻവിറ്റേഷൻ ലെറ്റർ നീട്ടിപ്പിടിച്ച സത്യയെയും അവളുടെ കയ്യിലെ കല്യാണക്കത്തും അയാൾ അത്ഭുതത്തോടെ നോക്കി…. ഒരു പെൺകുട്ടി ആദ്യമായിയാണ് സ്വന്തം കല്യാണം ക്ഷണിക്കാൻ വരുന്നത്…
“”” എനിക്ക് കുട്ടിയെ ശരിക്കും മനസ്സിലായില്ല”””എന്ന് അയാൾ സംശയം പറഞ്ഞപ്പോൾ ചെറിയൊരു ചിരിയോടെ അവൾ പറഞ്ഞു,
അങ്കിളിന്റെ കൂടെ ജോലി ചെയ്തിരുന്നില്ലേ രാജശേഖരൻ അദ്ദേഹത്തിന്റെ മകളാണ് എന്ന്…..
ശരിയാണ് ഞാൻ തങ്ങളുടെ കൂടെ ചെന്നൈയിൽ ഇലക്ട്രിസിറ്റി ബോർഡിൽ ജോലി ചെയ്തിരുന്നു രാജശേഖരൻ ഒരു പാവം പാലക്കാട് കാരൻ….
തങ്ങളോട് ഭയങ്കര സ്നേഹവും കരുതലും ഒക്കെയാണ് അതുകൊണ്ടുതന്നെ എല്ലാവർക്കും ഭയങ്കര ഇഷ്ടമായിരുന്നു ആളെ….
വിവാഹം കഴിച്ച് ഒരു മോളുണ്ട് എന്നൊക്കെ അന്ന് കേട്ടിരുന്നു പിന്നീട് വേറെ സ്ഥലത്തേക്ക് മാറ്റം കിട്ടിയതിന് ശേഷം…
പിന്നെ അയാളെ കണ്ടിട്ടില്ല എങ്കിലും ആദ്യമൊക്കെ ഇടയ്ക്ക് എപ്പോഴെങ്കിലും വരുന്ന ഓരോ കത്തുകളിലൂടെയും ഗ്രീറ്റിംഗ്സുകളിലൂടെയും പിന്നീട് ഫോൺ നമ്പർ കൈമാറിയും പരസ്പരം ബന്ധപ്പെട്ടിരുന്നു
ഇപ്പോൾ അയാളുടെ മോൾ കല്യാണം ക്ഷണിക്കാൻ വന്നത് ആകെ അത്ഭുതമായി…. ഒരിക്കലും പ്രതീക്ഷിച്ചതല്ല ഇങ്ങനെയൊന്ന്…
“””” അച്ഛൻ എന്തിയേ??? “”എന്ന് അവളോട് ചോദിച്ചപ്പോൾ അവളുടെ മിഴികൾ ചെറുതായി നനയുന്നതുപോലെ തോന്നി… അവൾ പറഞ്ഞു പതിഞ്ഞ ശബ്ദത്തിൽ അച്ഛൻ മരിച്ചു എന്ന്….
അത് കേട്ടപ്പോൾ വല്ലാത്ത ഒരു ഷോക്കായിരുന്നു സ്വന്തം കൂട്ടുകാരനെ പോലെ കണ്ടിരുന്നവൻ അല്ലെങ്കിൽ ഒരു കൂടപ്പിറപ്പ് എന്ന് വേണമെങ്കിൽ പറയാം.
അങ്ങനെയായിരുന്നു തങ്ങൾ അവിടെ ഒരുമിച്ചുണ്ടായിരുന്ന സമയത്ത്…. പെട്ടെന്ന് ആള് മരിച്ചു എന്ന് കേട്ടപ്പോൾ അതൊരു ഷോക്കായി ഐസക്കിന്…
“””എ.. എന്നായിരുന്നു??”””ഒരു പതർച്ചയോടെ ഐസക് വീണ്ടും ആ കുട്ടിയോട് ചോദിച്ചു….”‘ആറുമാസമായി””
ചെറിയൊരു ചിരിയോടെ ആ കുട്ടി തുടർന്നു…
“”” അച്ഛൻ മരിക്കുന്നതിനുമുമ്പ് പറഞ്ഞിരുന്നു നിങ്ങളെയൊക്കെ എന്റെ വിവാഹത്തിന് ക്ഷണിക്കണമെന്ന് അച്ഛന് വളരെ മോഹം ആയിരുന്നു എന്റെ വിവാഹം കഴിഞ്ഞ് കാണാൻ പക്ഷേ അദ്ദേഹത്തിന് അതിന്…. “””
അതുകൂടിയായപ്പോൾ ഐസക്കിന് ആകെ വിഷമമായി…. ഐസക്കിന്റെ ഭാര്യ കൊടുത്ത ചായകുടിച്ച് അവൾ വീണ്ടും അയാളോട് സംസാരം തുടർന്നു…..
“”” ഞങ്ങളുടെ ഒരു കൂടപ്പിറപ്പ് തന്നെയായിരുന്നു രാജശേഖരൻ പക്ഷേ അന്ന് ചെന്നൈയിൽ നിന്ന് മാറിയതിനു ശേഷം ഞാൻ അയാളെ കണ്ടിട്ടില്ല ഇടയ്ക്ക് ഓരോ കത്ത് എഴുതുമായിരുന്നു ഞാൻ തിരിച്ചും….
പക്ഷേ അതിൽ സുഖമാണോ പഴയ ആരെയെങ്കിലും കാണാറുണ്ടോ? അവർ ആരെയെങ്കിലും കണ്ടാല് അവരോട് എല്ലാം അന്വേഷണം പറയണം എന്ന് മാത്രം രണ്ട് വാക്ക്…
ഇനി അയാളുടെ കാര്യങ്ങൾ എന്തെങ്കിലും ചോദിച്ചാലും ഒന്നും പറയാറില്ലായിരുന്നു അവൻ…. എന്താ അങ്ങനെ എന്ന് അന്നേ ഞാൻ ചിന്തിച്ചു……
പിന്നെ ഞാൻ കുറെ തിരക്കി രാജശേഖരനെ പറ്റി… പക്ഷേ ആർക്കും ഒന്നുമറിയില്ല എന്നാണ് അറിയാൻ കഴിഞ്ഞത്….. ക്രമേണ ഞാൻ ആ കാര്യം വിട്ടുപോയി എന്താണ് ശരിക്കും സംഭവിച്ചത്??? “”””
“””””” അച്ഛന്റെ അവസ്ഥ കുറച്ച് ശോചനീയമായിരുന്നു അത് പ്രിയപ്പെട്ട കൂട്ടുകാർ അറിയരുതെന്ന് അദ്ദേഹത്തിന് തോന്നിക്കാണും….
അതാവും ചിലപ്പോൾ മറുപടിയൊന്നും പറയാതിരുന്നത്….. ഞങ്ങൾ മൂന്നു പേരായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത് ഞാനും അച്ഛനും അമ്മയും…..അന്ന് ഞാൻ സ്കൂളിൽ പോകാൻ തുടങ്ങിയിരുന്നു…..
ഒരിക്കൽ സ്കൂളിൽനിന്ന് എന്നെയും കൂട്ടി അച്ഛൻ വീട്ടിൽ വന്നപ്പോൾ മറ്റാരുടെയോ ശബ്ദം ഉള്ളിൽ നിന്ന് കേൾക്കുന്ന പോലെ തോന്നി… കേറി നോക്കിയപ്പോൾ അമ്മയുടെ ഒരു കൂട്ടുകാരൻ…… “””””
അതു പറയുമ്പോൾ ആ കുട്ടിയുടെ മുഖത്ത് ഉണ്ടായ അമർഷവും ദേഷ്യവും എല്ലാം നോക്കി കണ്ടു ഐസക്ക് അവൾ തുടർന്നു…
“”” അച്ഛൻ അവർക്ക് മാപ്പ് കൊടുക്കാൻ തയ്യാറായിരുന്നു പക്ഷേ അവർ അയാളോടൊപ്പം പോയി.. എന്നെയും അച്ഛനെയും ഉപേക്ഷിച്ചു…
പിന്നീട് ആ സ്ഥലത്ത് നിൽക്കാൻ ഞങ്ങൾക്ക് തോന്നിയില്ല… എന്നെയും കൊണ്ട് വളൻഡറി റിട്ടയർമെന്റ് എഴുതിക്കൊടുത്തു നാട്ടിലേക്ക് പോന്നു….
അതോടെ പെൻഷന്റെ കാര്യങ്ങൾക്കും എന്തൊക്കെയോ തടസ്സങ്ങൾ വന്നു… ഞങ്ങൾ ആകെ ബുദ്ധിമുട്ടിലായി പിന്നെ നാട്ടിൽ ചെറിയ പണികളൊക്കെ ചെയ്തു അച്ഛൻ എന്നെ വളർത്തി….
അമ്മയുടെ കാര്യം കൊണ്ട് തന്നെ ബന്ധുക്കളെ ആരെയും അച്ഛൻ അടുപ്പിച്ചില്ല എല്ലാരിൽ നിന്നും അച്ഛൻ ഒഴിഞ്ഞുമാറാൻ ശ്രമിച്ചു പക്ഷെ അപ്പോഴും അച്ഛന് ഒരു കൂട്ട് നിങ്ങളുടെയെല്ലാം കത്തുകൾ ആയിരുന്നു….
അച്ഛന്റെ കാര്യങ്ങൾ അച്ഛൻ തുറന്നു എഴുതിയില്ലെങ്കിലും നിങ്ങൾ എഴുതുന്ന ഓരോ സ്നേഹാന്വേഷണത്തിലും അച്ഛന് ഒരുപാട് സമാധാനം കിട്ടുന്നത് ഞാൻ കണ്ടിരുന്നു അങ്ങനെ അറിയാതെ തന്നെ നിങ്ങളെ എല്ലാവരെയും എനിക്ക് ഏറെ ഇഷ്ടമായിരുന്നു…. “”””
അത് പറഞ്ഞു മിഴി നിറഞ്ഞു തൂകിയവളെ അടുത്തിരുത്തി സമാധാനിപ്പിച്ചു ഐസക്ക് ഒരു അച്ഛന്റെ സ്ഥാനം കടം കൊണ്ട്….
“”””പിന്നെ വിധി ഞങ്ങളെ വീണ്ടും തോൽപ്പിച്ചു. അച്ഛന് വന്ന ഒരു സ്ട്രോക്ക് അതിൽ അദ്ദേഹം ആകെ തളർന്നു…. എല്ലാം എന്റെ ചുമതലയായി… എന്റെ പഠനം നിന്നു…
അച്ഛന്റെ വയ്യായ്ക ചികിത്സ വീട്ടിലെ കാര്യം മുന്നോട്ടുപോകൽ എല്ലാം എനിക്കായി അതോടെ പഠനം ഉപേക്ഷിച്ച് ഞാൻ ഒരു ജോലിക്ക് പോകാൻ തുടങ്ങി….
ആദ്യമേ ബന്ധങ്ങളിൽ നിന്നൊക്കെ ഒഴിഞ്ഞുമാറിയത് കൊണ്ട് അവരാരും സഹായത്തിന് എത്തിയില്ല അല്ലെങ്കിലും വെറുതെ ഇതുപോലെ ഒരു ഭാരം എടുത്ത് തലയിൽ വയ്ക്കേണ്ട എന്ന് അവർ വിചാരിച്ചു കാണും.
അങ്ങനെ ഞങ്ങൾ തീർത്തും ഒറ്റപ്പെട്ടു പക്ഷേ എന്തോ ഭാഗ്യം പിന്നെ എനിക്ക് നല്ലൊരു സ്ഥാപനത്തിൽ ജോലി കിട്ടി അവിടെ ചേർന്നതോടുകൂടി വീട്ടിലെ കാര്യങ്ങൾ അല്ലൽ ഇല്ലാതെ നടന്നു….
അച്ഛന്റെ ചികിത്സ കുറച്ചുകൂടി നന്നായി മുന്നോട്ടു കൊണ്ടുപോകാൻ പറ്റി. അതുകൊണ്ടുതന്നെ അദ്ദേഹം തനിയെ എണീറ്റ് ഒന്നോ രണ്ടോ സ്റ്റെപ്പ് വയ്ക്കും എന്ന് അവസ്ഥയെത്തി…
ആ സമയത്താണ് എന്റെ കൂടെ വർക്ക് ചെയ്യുന്ന ഒരാളുടെ വിവാഹാലോചന എനിക്ക് വന്നത് അച്ഛന് പൂർണ്ണ സമ്മതമായിരുന്നു പക്ഷേ അച്ഛനെ കൊണ്ട് എനിക്ക് യാതൊരു സഹായവും ചെയ്യാൻ കഴിയില്ലല്ലോ എന്ന് സങ്കടമായിരുന്നു ഉള്ളിൽ നിറയെ…
എന്നെ രാജകുമാരിയെ പോലെ കല്യാണം കഴിപ്പിച്ചയക്കും എന്ന് കൂടെ കൂടെ പറയും.. ഒന്നിനും കഴിഞ്ഞില്ല..
കല്യാണം കഴിക്കാൻ വന്നയാൾ അച്ഛനെയും നോക്കിക്കോളാം എന്ന് എനിക്ക് ഉറപ്പു തന്നിരുന്നു നല്ലൊരു മനസ്സിനു ഉടമയാണെന്ന് ബോധ്യപ്പെട്ടത് കൊണ്ട് മാത്രമാണ് ഞാൻ ആ ഒരു സമയത്ത് വിവാഹത്തിന് തയ്യാറായത്…”””
ഐസക് വീണ്ടും അത്ഭുതത്തോടെ അവളെ നോക്കിയിരുന്നു രാജശേഖരന്റെ മകൾ തന്നെ…. അയാൾക്ക് സ്നേഹിക്കാനും സഹജീവികളോട് കരുണ കാണിക്കാനും മാത്രമേ അറിയുള്ളൂ ഈ കുട്ടിയും അതുപോലെതന്നെ ഐസക്ക് ഓർത്തു…
“”” പക്ഷേ അവിടെ വീണ്ടും വിധി തോൽപ്പിച്ചു കളഞ്ഞു അച്ഛന്റെ എന്നെ ഓർത്തുള്ള ടെൻഷൻ കൂടിയതുകൊണ്ട് ആണോ എന്ന് അറിയില്ല പെട്ടെന്ന് ഒരു ദിവസം അച്ഛൻ ഞങ്ങളെ വിട്ട് പോയി…..
പിന്നെ ഞാൻ ഒന്ന് നോർമൽ ആവൻ കുറെ കാലം എടുത്തു മരിക്കുന്നതിന് തൊട്ടുമുൻപും അച്ഛൻ പറഞ്ഞത് നീ സുമംഗലി ആവണം അതാണ് അച്ഛന്റെ ഏറ്റവും വലിയ മോഹം എന്നാണ്….
അതുകൊണ്ടാണ് ആറുമാസം കഴിഞ്ഞപ്പോൾ എല്ലാവരും കൂടി നിർബന്ധിചിട്ട് ആണെങ്കിൽ കൂടി ഞാൻ വിവാഹത്തിന് വീണ്ടും തയ്യാറായത്…..
അച്ഛനില്ലാത്തതിന്റെ കുറവ് വല്ലാതെ അലട്ടുന്നുണ്ട് അപ്പോഴാണ് നിങ്ങളെ കുറച്ചൊക്കെ ഓർത്തത് അച്ഛന്റെ സ്ഥാനത്തുനിന്ന് എല്ലാവരും വന്ന് എന്റെ വിവാഹം നടത്തി തരണം””””
ഐസക്കിന്റെ മനസ്സ് നിറഞ്ഞിരുന്നു വിവാഹത്തിന്റെ രണ്ടുദിവസം മുന്നേ തന്നെ അവരെല്ലാം എത്തി..
സദ്യയുടെ അച്ഛന്റെ കൂട്ടുകാരുടെ സ്ഥാനതല്ല…. അവളുടെ സ്വന്തം അച്ഛന്റെ സ്ഥാനത്ത്….
രാജശേഖരന്റെ പ്രിയപ്പെട്ട കൂട്ടുകാരെല്ലാം ചേർന്ന് അവളുടെ കൈപിടിച്ച് വരന്റെ കയ്യിൽ ഏൽപ്പിക്കുമ്പോൾ, അച്ഛനില്ലാത്തതിന്റെ കുറവ് അവൾ അറിഞ്ഞിരുന്നില്ല…..
കുറേക്കാലം കാണണം പരിചയപ്പെടണം സംസാരിക്കണം എന്നൊന്നും ഇല്ല ഒരാൾക്ക് ഒരാളുടെ ആരെങ്കിലും ഒക്കെ ആവാൻ….