അതിന്റെ സൈസ് കാണണം ഇങ്ങള്. പിന്നെ സ്വർണം, അതിനെ പറ്റിയൊന്നും പറയാത്തതാ നല്ലത്.

എഴുത്ത്: ഷാൻ കബീർ

“ഷാനേ, നിന്റെ ഭാര്യ പ്രസവിച്ചു. ആൺകുട്ടിയാണ്”ഷാൻ കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റ് ഫോൺ മറ്റേ കയ്യിലേക്ക് മാറ്റി

“അൽഹംദുലില്ലാഹ്, നീ കണ്ടോടാ മോനെ…? ടെൻഷൻ അടിച്ചിട്ട് ഇന്നലെ ഞാൻ ഉറങ്ങാൻ ഒരുപാട് വൈകി”

“ഇല്ലടാ, കുട്ടിയെ ആരും കണ്ടിട്ടില്ല. റൂമിലേക്ക് വൈകീട്ടേ മാറ്റൂ. അല്ല, നീ നാട്ടിൽ വരുന്നില്ലേ…?”

തന്റെ കാലിയായി കിടക്കുന്ന പോക്കറ്റിലേക്ക് നോക്കി ഒന്ന് നെടുവീർപ്പിട്ട് ഷാനൊന്ന് മൂളി”ആ, വരും…”

അളിയൻ ഫോൺ കട്ട് ചെയ്ത ഉടൻ തന്നെ പലിശക്കാരൻ സുന്ദർ അണ്ണനെ ഷാൻ ഫോൺ വിളിച്ചു. പക്ഷെ എടുക്കുന്നില്ല. അവൻ വീണ്ടും വിളിച്ചുകൊണ്ടിരുന്നു,

അയാൾ കോൾ എടുത്തില്ല. വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു ഷാൻ അപ്പോൾ. കയ്യിൽ അഞ്ചിന്റെ പൈസയില്ല. അമ്പതിനായിരം രൂപ പലിശക്ക് തരാം എന്ന് പറഞ്ഞ സുന്ദർ അണ്ണൻ ഒരാഴ്ച്ചയായി പൈസ ഇന്ന് തരാം നാളെ

തരാം എന്ന് പറഞ്ഞ് കളിപ്പിക്കുന്നു. ആ കാശ് കയ്യിൽ കിട്ടിയിട്ട് നാട്ടിൽ പോവാം എന്ന് കരുതിയിരുന്നതാ. വല്ലാത്ത നിരാശ തോന്നി അവന്.

അന്ന് ഉച്ച കഴിഞ്ഞും സുന്ദർ അണ്ണൻ ഫോൺ എടുക്കാതെ വന്നപ്പോൾ ബാംഗ്ലൂരിലുള്ള അടുത്ത രണ്ടുമൂന്ന് സുഹൃത്തുക്കളോട് കാശ് കടം ചോദിച്ചു. പക്ഷേ, അവരൊക്കെ ഷാനിന്റെ അതേ അവസ്ഥയിൽ ആയിരുന്നു.

കൊറോണയുടെ തുടക്കമായിരുന്നു ആ സമയം. ഷോപ്പ് തുറക്കാൻ പറ്റുമെങ്കിലും എവിടേയും ബിസിനസില്ല. ഓൺലൈൻ ലോണെടുത്തും കൊള്ളപലിശക്ക്‌ കാശ് വാങ്ങിയും ഒക്കെ ബിസിനസ്‌ തള്ളി കൊണ്ടുപോയിരുന്ന കാലം.

പിന്നെ ഷാൻ ഒന്നും നോക്കിയില്ല, ടിക്കറ്റ് എടുക്കാനുള്ള കാശ് ഒപ്പിച്ച് അന്ന് വൈകുന്നേരത്തെ ട്രെയിനിന് നാട്ടിലേക്ക് തിരിച്ചു. നാട്ടിൽ എത്തുന്നത് വരെ ഷാനിന്റെ മുഴുവൻ ചിന്തയും തന്റെ രക്തത്തിൽ പിറന്ന പൊന്നുമോനെ കാണാനുള്ള അതിയായ ആഗ്രഹം

ആയിരുന്നെങ്കിലും നാട്ടിലേക്കുള്ള ട്രെയിനിന്റെ ദൂരം കുറയുംതോറും ഷാനിന്റെ ചിന്ത മുഴുവൻ ഇനിയങ്ങോട്ടുള്ള ചിലവിനെ കുറിച്ചോർത്തായി. ഹോസ്പിറ്റൽ ചിലവ്, മരുന്നിന്റെ ചിലവ്, പ്രസവ ശുശ്രുഷക്ക് നിക്കുന്ന സ്ത്രീക്ക് കൊടുക്കേണ്ട പണം,

കുട്ടിക്ക് സ്വർണം കെട്ടൽ പിന്നെ മുടി കളച്ചിലിന് പോത്തിനെ അറക്കൽ. കയ്യിലാണേൽ അഞ്ചിന്റെ പൈസയും ഇല്ല. എല്ലാംകൂടി ആലോചിച്ചപ്പോൾ ഷാനിന്റെ തല പെരുത്തു.

റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ഷാൻ നേരെ പോയത് ഹോസ്പിറ്റലിലേക്കാണ്. വൈഫിനേയും മോനേയും റൂമിലേക്ക് മാറ്റിയിട്ടുണ്ട്. റൂമിന് പുറത്ത് എന്റെ ഉപ്പയും ഇക്കയും അമ്മോശനും അളിയനും നിക്കുന്നുണ്ട്.

ഞാൻ അവരെ നോക്കി കുറച്ച് നേരം സംസാരിച്ച് റൂമിലേക്ക് കയറി. റൂമിൽ എന്റെ ഉമ്മയും അനിയത്തിയും അമ്മായിയമ്മയും ഉണ്ട്. എന്നെ കണ്ടതും ഒന്ന് പുഞ്ചിരിച്ച് അവർ റൂമിന് പുറത്തേക്കിറങ്ങി.

ഭാര്യ എന്നെ നോക്കി സന്തോഷത്തോടെ പുഞ്ചിരിച്ചു. തൊട്ടടുത്ത് എന്റെ രക്തത്തിൽ പിറന്ന പൊന്നുമോൻ നല്ല ഉറക്കത്തിലാണ്. ഞാൻ ഭാര്യയുടെ അടുത്ത് പോയിരുന്നു. അവളുടെ തലയിൽ മെല്ലെ തലോടി നെറ്റിയിൽ ചുംബിച്ചു. മോനെ എനിക്ക് എടുക്കാൻ ആഗ്രഹം ഉണ്ടായിരുന്നു പക്ഷേ,

കഴുത്ത് ഉറച്ചിട്ടില്ല ഇപ്പൊ വേണ്ടാ എന്ന് ഭാര്യ പറഞ്ഞപ്പോൾ ഞാൻ അവന്റെ കവിളിൽ ഒരുമ്മ കൊടുത്ത് കുറച്ച് സമയം മോനെതന്നെ നോക്കിയിരുന്നു. ആ സമയം എനിക്കുണ്ടായിരുന്ന ഫീലിംഗ്… അതിനെ വർണിക്കാൻ എനിക്കറിയില്ല.

മോനേയും നോക്കി അങ്ങനെ ഇരിക്കുമ്പോഴാണ് പുറത്ത് നിന്നും അമ്മോശന്റെ വർത്താനം കേൾക്കുന്നത്

“എന്റെ മൂത്ത മോളുടെ കുട്ടിക്ക് മൂന്ന് കിന്റലിന്റെ പോത്തിനെയാ അറുത്തത്. ഹോ!!! അതിന്റെ സൈസ് കാണണം ഇങ്ങള്. പിന്നെ സ്വർണം, അതിനെ പറ്റിയൊന്നും പറയാത്തതാ നല്ലത്. കുട്ടിയെ കാണാനില്ലായിരുന്നു സ്വർണം കൊണ്ട് പൊതിഞ്ഞിട്ട്”

ഉപ്പയുടെ സംസാരം കേട്ടപ്പോൾ ഭാര്യ ഷാനിനെ നോക്കി”അല്ല മോനേ, എന്റെ കുട്ടിനെ സ്വർണം കൊണ്ട് പൊതിയൊന്നും വേണ്ടാ, പോത്തിനേയും അറക്കണ്ട, ഇവിടെ നിന്നും ഡിസ്ചാർജ് ചെയ്യുമ്പോൾ കൊടുക്കാനുള്ള കാശുണ്ടോ കയ്യിൽ…?”

ഷാൻ അവളെ നോക്കി”പൈസ ഉണ്ടെടീ, രണ്ട് മൂന്ന് ദിവസം കഴിഞ്ഞല്ലേ ഡിസ്ചാർജ് ആവൊള്ളൂ. ഞാൻ ഒക്കെ സെറ്റാക്കിയിട്ടുണ്ട്”

ഒന്ന് നിറുത്തിയിട്ട് ഷാൻ ഭാര്യയെ നോക്കി”ഞാനൊന്ന് വീട്ടിൽ പോയി കുളിച്ച് ഫ്രഷ് ആയിട്ട് വരാം. നീ റെസ്റ്റെടുത്തോ”

ഷാൻ മുറിയിൽ നിന്നും ഇറങ്ങാൻ നേരം ഭാര്യ പിറകിൽ നിന്നും വിളിച്ചു”ഇക്കാ…”ഷാൻ തിരിഞ്ഞു നോക്കി”എന്തേ…?””ഇവടെ വരീ”

ഷാൻ അവളുടെ അടുത്തേക്ക് പോയി. അവൾ ഷാനിന്റെ കണ്ണിലേക്ക് നോക്കി എന്നിട്ട് കർച്ചീഫിൽ എന്തോ മടക്കി കയ്യിൽ കൊടുത്തു

“ഇത് എന്റെ രണ്ട് വളയാണ്. ഇത് പണയം വെച്ച് അത്യാവശ്യ കാര്യങ്ങൾ നടത്തീ… തത്കാലം ഞാൻ ഇത് തന്നത് വേറെ ആരും അറിയേണ്ട”

അത് വേണ്ടാ എന്ന് പറയാൻ ഷാനിന്റെ മനസ്സ് കൊതിച്ചെങ്കിലും അതല്ലാതെ വേറെയൊരു വഴിയും അപ്പോൾ അവന്റെ മുന്നിലില്ലായിരുന്നു… ആ കർച്ചീഫും ചുരുട്ടി പിടിച്ച് നിറകണ്ണുകളോടെ അവൻ ഭാര്യയെ നോക്കി. അവൾ പുഞ്ചിരിച്ചു

“നിന്ന് സെന്റി അടിക്കാതെ ഇക്ക പോയി കാര്യങ്ങൾ നോക്ക്”ഒന്ന് തലയാട്ടി തന്റെ കണ്ണുകൾ തുടച്ച് ഷാൻ മുറിയിൽ നിന്നും ഇറങ്ങാൻ ഒരുങ്ങി. അപ്പോൾ പിന്നിൽ നിന്നും ഭാര്യയുടെ ശബ്ദം

“ആ പിന്നെ മോനേ, കൊറോണയൊക്കെ പോയി കച്ചോടൊക്കെ ഉഷാറാവുമ്പോൾ ഈ വള എനിക്ക് തിരിച്ച് എടുത്ത് തന്നില്ലേൽ ഉണ്ടല്ലോ…. മോൻ വിവരം അറിയും. പിന്നെ ഞാൻ ഇവിടെ നടന്നതൊക്കെ എന്റെ ഉപ്പാനോടും ഉമ്മാനോടും പറയും”ആ ഭീഷണി വല്ലാത്തൊരു ഭീഷണിയാണ്…

Leave a Reply

Your email address will not be published. Required fields are marked *