അച്ഛൻ സ്വന്തം കാര്യം നോക്കി, ഭാര്യയോടും, മക്കളോടുമുള്ള ഒരു കടമയും നിർവഹിക്കാതെ നടന്നപ്പോൾ,

അമ്മമരം
(രചന: Mahalekshmi Manoj)

അന്നും ഇന്നും ‘അമ്മ ആണ് ഞങ്ങൾക്ക് എല്ലാം. ഒരു അച്ഛന്റെ കടമയും, കർമ്മവും, ഉത്തരവാദിത്വവും ഒന്നും അച്ഛൻ ചെയ്യാതിരുന്നപ്പോൾ

ഞങ്ങളുടെ കുടുംബം തകരാതെ പിടിച്ചു നിന്നത് അമ്മയെന്ന മരത്തിന്റെ മനഃശക്തിയിലും ധൈര്യത്തിലിമാണ്.

ഞങ്ങളെ വളർത്തിയതും, പഠിപ്പിച്ചതും, കല്യാണം കഴിപ്പിച്ചു അയച്ചതും എല്ലാം ‘അമ്മ ഒറ്റക്കാണ്.

ചെറിയ ശമ്പളത്തിൽ കുടുംബത്തെ മുന്നോട്ടു കൊണ്ട് പോകാൻ പാട് പെട്ടിരുന്ന അമ്മയുടെ വില പൂർണമായും മനസിലാക്കാൻ അന്നൊന്നും കഴിഞ്ഞിട്ടില്ല.

രാവിലെ എല്ലാവർക്കുമുള്ളതൊക്കെ തയ്യാറാക്കി 6: 30 യ്ക്കുള്ള ബസിനു വേണ്ടി ഓടുന്ന അമ്മയുടെ ചിത്രം ഞങ്ങളുടെ വീടിനു അടുത്ത് താമസിക്കുന്നവരുടെ സ്ഥിരം കാഴ്ച ആയിരുന്നു.

ക്ഷീണിതയായി തിരിച്ചെത്തുന്ന അമ്മയുടെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും കണ്ടു ഇതെല്ലം അമ്മയുടെ കടമയല്ലേ എന്ന് മാത്രം ചിന്തിച്ച്, അതൊന്നും മനസ്സിൽ തട്ടിയതേ ഇല്ല.

അച്ഛൻ സ്വന്തം കാര്യം നോക്കി, ഭാര്യയോടും, മക്കളോടുമുള്ള ഒരു കടമയും നിർവഹിക്കാതെ നടന്നപ്പോൾ,

മക്കളുടെ സ്കൂൾ ഫീസ് എങ്ങനെ അടക്കുമെന്നോർത്ത് വേവലാതിപ്പെട്ടു നടന്ന അമ്മയെ കൂടുതൽ വിഷമിപ്പിച്ച്

“ഇന്ന് ലാസ്റ്റ് ഡേറ്റ് ആണ് ഫീസ് അടയ്ക്കാൻ, ഇല്ലെങ്കിൽ പരീക്ഷ എഴുതാൻ അവർ സമ്മതിക്കില്ല” എന്ന് ദേഷ്യത്തിലും വിഷമത്തിലും ഞാൻ കരഞ്ഞു.

അച്ഛനും അമ്മയും തമ്മിൽ സ്ഥിരമുള്ള വഴക്കും കയ്യാങ്കളിയും നടക്കുമ്പോൾ “അമ്മയ്ക്കൊന്നു മിണ്ടാതിരുന്നു കൂടെ, അമ്മയാണ് വഴക്കിനു പോകുന്നത്”
എന്ന് അമ്മയെ മാത്രം കുറ്റപ്പെടുത്തി.

തന്റെ മാത്രം ചെറിയ വരുമാനത്തിൽ രണ്ട് പെണ്മക്കളെ വെച്ച് എങ്ങനെ ജീവിതം മുന്നോട്ടു കൊണ്ട് പോകും,
അവരെ എങ്ങനെ പഠിപ്പിക്കും,

എങ്ങനെ കല്യാണം കഴിപ്പിച്ചയക്കും എന്ന അമ്മയുടെ വേവലാതിയിൽ നിന്നാണ് ഈ വഴക്കൊക്കെ ഉണ്ടാകുന്നത് എന്ന് മനസിലാക്കാൻ ശ്രെമിച്ചില്ല,

അപ്പോഴും വീട്ടിലെ വഴക്കിനും ബഹളത്തിനും തുടക്കം കുറിക്കുന്നത് അമ്മയാണ് എന്ന് മാത്രം കുറ്റപെടുത്തിക്കൊണ്ടിരുന്നു.

നിങ്ങളെന്റെ സ്ഥാനത്തിരുന്നാൽ മാത്രമേ എന്റെ മാനസിക സംഘർഷം മനസിലാകൂ എന്ന് ‘അമ്മ അന്ന് പറഞ്ഞതിന്റെ അർത്ഥവും വ്യാപ്തിയും മനസിലാക്കാൻ പിന്നെയും കാലമെടുത്തു.

അച്ഛന്റെ പേരിൽ ആകെ ഉണ്ടായിരുന്ന കുറച്ചു സ്ഥലം കൂടി കൈമോശം വന്നു പോയാൽ

ഞങ്ങളുടെ രണ്ടു പേരുടെയും കാര്യത്തിൽ എന്ത് ചെയ്യുമെന്ന് ആശങ്കപ്പെട്ടുകൊണ്ടിരുന്ന ‘അമ്മ ആ സ്ഥലം അച്ഛനെ കൊണ്ട് വിൽപ്പിച്ച്,

തുക അച്ഛന് മാത്രം എടുക്കാൻ പറ്റാത്ത രീതിയിൽ ബാങ്കിൽ ഇടുവിച്ച് ആദ്യമായി ജീവിതത്തിൽ ഒരു തരി ആശ്വാസം കണ്ടെത്തി.

ഞങ്ങൾക്ക് കല്യാണം ആലോചിച്ചതും, ആദ്യം മുതൽ അവസാനം വരെ ഓടി നടന്നതും ‘അമ്മ മാത്രമാണ്.

ഞാനോ അനുഭവിച്ചു, എന്റെ മക്കളെങ്കിലും സന്തോഷത്തോടെയും,സമാധാനത്തോടെയും ജീവിക്കാൻ വേണ്ടി ഉത്തരവാദിത്വമുള്ള, കുടുംബം നോക്കുന്ന, സ്നേഹമുള്ള ചെറുക്കൻമാരെ അന്വേഷിച്ചു കണ്ടെത്തി ‘അമ്മ ഞങ്ങൾക്ക്.

അനിയത്തിയുടെ കല്യാണ സമയത്തു അച്ഛൻ സുഖമില്ലാതെ കിടപ്പിലായിരുന്നപ്പോഴും, അച്ഛന്റെ ഒരു കാര്യവും മുടക്കം വരാതെ നോക്കി.

കല്യാണത്തിന് അഞ്ച് ദിവസങ്ങൾക് മുൻപേ അച്ഛനെ ICU -ൽ അഡ്മിറ്റ് ചെയ്തപ്പോഴും ‘അമ്മ ബോൾഡ് ആയിരുന്നു .

ഇളയ മകളുടെ കല്യാണം കൂടി കഴിഞ്ഞാൽ എനിക്ക് സ്വസ്ഥം ആകാം എന്ന് പ്രാർത്ഥിച്ചിരുന്ന അമ്മയ്ക്കും ഞങ്ങൾക്കും കല്യാണത്തിന് രണ്ടു നാൾ മുൻപേ ഉള്ള അച്ഛന്റെ മരണം എല്ലാ പ്രതീക്ഷകളെയും തകിടം മറിപ്പിച്ചു,

എങ്കിലും ചെറുക്കൻ വീട്ടുകാരുടെ മാത്രം സമ്മതം ചോദിച്ചു, മിക്ക ബന്ധുക്കളുടെയും എതിർപ്പിനെ അവഗണിച്ചു,

അച്ഛന്റെ വിയോഗത്തിന്റെ പ്രയാസത്തിനിടയിലും കല്യാണം ‘അമ്മ നടത്തി, താങ്ങായി ഇടവും വലവും ഞാനും എന്റെ ഭർത്താവും നിന്നു.

ഞാൻ ഒരു അമ്മയാകുന്നത് വരെ ‘അമ്മ ചെയ്യുന്നതിന്റെ മഹത്വം ഒന്നും മനസിലായില്ല, പക്ഷെ ഇപ്പൊ അറിയാം ‘അമ്മ മാത്രമാണ് ശെരി എന്ന്.

ഇഷ്ടമുള്ള ഭക്ഷണം പോലും ‘അമ്മ ആ കാലങ്ങളിൽ കഴിച്ചിരുന്നില്ല,”എനിക്കിതൊന്നും ഇഷ്ടമല്ല” എന്ന് പറഞ്ഞ് അമ്മയ്ക്ക് ഇഷ്ടമുള്ളതെല്ലാം ഞങ്ങൾക്ക് വീതിച്ചു തന്നു,

അമ്മയ്ക്കതോകെയും ഇഷ്ടമായിരുന്നു എന്ന് ഇന്നു ഞങ്ങൾ ഓരോന്നും മേടിച്ചും ഉണ്ടാക്കിയും കൊടുക്കുമ്പോൾ ആസ്വദിച്ചു കഴിക്കുന്നതിലൂടെ ഉള്ളു പിടഞ്ഞു മനസ്സിലാക്കി,

ഒരു ദിവസം പോലും സമാധാനമായി ഉറങ്ങിയിരുന്നില്ല അമ്മ.ഉത്തരവാദിത്വം ഒട്ടുമില്ലാത്ത കുടുംബനാഥനെ ഓർത്ത്‌, പെണ്മക്കളുടെ ഭാവി എന്താകുമെന്നോർത്ത് എന്റെ ഈ പ്രായത്തിലൊക്കെ ‘അമ്മ എന്ത് മാത്രം വിഷമത്തോടെ ആണ് കഴിഞ്ഞത് എന്നും,

ജീവിതത്തിന്റെ നല്ല പങ്കും സന്തോഷമില്ലാതെയാണ് ജീവിച്ചു തീർത്തത് എന്നോർക്കുമ്പോൾ നെഞ്ച് വിങ്ങും, എല്ലാം ഞങ്ങൾക്ക് വേണ്ടി മാത്രമായിരുന്നു.

ഇന്ന് ഞങ്ങൾ എന്തെങ്കിലും സുഖമോ സന്തോഷമോ അനുഭവിക്കുന്നുണ്ടെങ്കിൽ അത് ‘അമ്മ അനുഭവിച്ച പ്രയാസങ്ങളുടെയും, ഒഴുക്കിയ കണ്ണീരിന്റെയും ഫലം മാത്രമാണ്.

എന്തെങ്കിലും അസുഖമോ പ്രയാസമോ വന്നാൽ ബുദ്ധിമുട്ടില്ലാതെ മാറുന്നത് ‘അമ്മ സദാസമയവും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നത് കൊണ്ടാണ്.

ചില സമയങ്ങളിൽ എന്തെങ്കിലും വിഷമമോ പ്രയാസമോ തോന്നി നിരാശ മൂടുമ്പോൾ

‘അമ്മ അനുഭവിച്ച വിഷമങ്ങളും, പ്രയാസങ്ങളും, ഞങ്ങൾക്ക് വേണ്ടി താണ്ടിയ മുള്ളുവേലികളും ഒക്കെ ഓർക്കും, അപ്പൊ കിട്ടുന്ന ഊർജ്ജം വളരെ വലുതാണ്.

അമ്മമരത്തിന്റെ തണലിലേക് ഓടി കയറാനാണ് ഓരോ പ്രാവശ്യവും നാട്ടിലേക്ക് വിമാനം കയറുമ്പോൾ മനസ്സ് തുടിക്കുന്നത്.

അമ്മയില്ലാത്തൊരു കാലവും, ജീവിതവും ഓർക്കില്ല, ഓർക്കാൻ ശ്രെമിക്കുമ്പോൾ തന്നെ ശരീരം മരവിക്കും, മനസ്സിലും ചുറ്റിനും ഇരുട്ട് നിറയും.

അമ്മയാണ്, ‘അമ്മ മാത്രമാണ് എന്റെ ജീവിതത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയത്, ‘അമ്മ നമുക്ക് വേണ്ടി ത്യജിച്ച അമ്മയുടെ യൗവ്വനം തന്നെയാണ് അതിന്നാധാരം.

Leave a Reply

Your email address will not be published. Required fields are marked *