ആ ചുവന്ന സാരിയിൽ
(രചന: Nisha Pillai)
അച്ഛനും അമ്മയും ഏക മകൾ തമ്പുരാട്ടിയും ഉമ്മറത്തിരുന്ന്, അച്ഛൻ അവൾക്കായി പണിഞ്ഞു നൽകിയ പുതിയ പാദസരത്തിന്റെ ഭംഗി ആസ്വദിക്കുകയായിരുന്നു.
“നല്ല ഭംഗിയുണ്ട് ,മോള് അമ്മയുടെ ആ ചുവന്ന സാരിയൊന്നു ഉടുത്തു വന്നേ .അമ്മ അത് ഉടുക്കാതെ നിനക്കായി മാറ്റി വച്ചിരിക്കുകയാണ്.”
അവള് ആ ചുവന്ന സാരി അവളുടെ വെളുത്ത ശരീരത്തോട് ചേർത്ത് പിടിച്ചു.അവളുടെ നിറത്തിന് ആ ചുവന്ന നിറം നല്ല ചേർച്ച.അവളതു ഉടുത്ത വന്നത് അമ്മ ആസ്വദിച്ച് കാണുകയായിരുന്നു,ആ മോഹൻലാൽ എങ്ങാനും എന്റെ മോളെ കണ്ടിരുന്നേൽ …
“ഇതാര് കാവിലെ ഭഗവതിയോ ” എന്ന് ചോദിച്ചേനെ ,അത്ര ഭംഗിയാണ് അവൾക്ക് ,നല്ല പൊക്കവും മെലിഞ്ഞ വടിവൊത്ത ശരീരവും.”ഈശ്വരാ ഞാൻ തന്നെ കണ്ണ് വയ്ക്കുമല്ലോ.”
“ഞായറാഴ്ച ആ റയിൽവെക്കാരൻ പയ്യൻ പെണ്ണ് കാണാൻ വരുമ്പോൾ മോൾ ഈ സാരി ഉടുക്കണം കേട്ടോ.നിനക്ക് നല്ല ചേർച്ചയുണ്ട്.
“എനിക്കിപ്പോൾ കല്യാണം വേണ്ടമ്മേ ,ഒരു ജോലി കിട്ടിയിട്ട് മതി. എന്റമ്മേ ,സാമ്പത്തിക സ്വാതന്ത്ര്യമാണ് ആദ്യം വേണ്ടത്.”
അച്ഛൻ മകളെ പിന്താങ്ങി .”ശരിയല്ലേ അവൾ പറഞ്ഞത് ,ധൃതി വെയ്ക്കണ്ട ,അവൾ പഠിക്കട്ടെ ,നിനക്ക് എന്തിനും ഏതിനും എന്നെ ആശ്രയിക്കണ്ടേ , ജോലിയുള്ളവൾ ആയിരുന്നേൽ അത് വേണ്ടായിരുന്നല്ലോ . ഇതെന്റെ തമ്പുരാട്ടിക്കുട്ടിയല്ലേ .”
അവൾ അച്ഛനെ കെട്ടി പിടിച്ചു ഉമ്മ വയ്ച്ചു.”അമ്മയേക്കാൾ എന്റെ മനസ്സ് മനസിലാകുന്നത് അച്ഛനാണ്.”
“എന്റെ മനസിന്റെ ആധി അച്ഛനും മോൾക്കും അറിയില്ലല്ലോ ? “ഞായറാഴ്ച ദിവസം.”മോളുടെ പേരെന്താ ?”
ചോദ്യം ചെറുക്കന്റെ അമ്മയുടേതാണ് . ചെറുക്കനും അമ്മയും അച്ഛനും കൂടെയാണ് പെണ്ണ് കാണാൻ വന്നത്.ചുവന്ന സാരിയിൽ അവൾ സുന്ദരിയായിരുന്നു .അവളുടെ മുഖത്ത് നിന്നും ചെറുക്കന്റെ അമ്മ കണ്ണെടുക്കുന്നില്ല.
“തമ്പുരാട്ടി “”തമ്പുരാട്ടിയോ ?”ചെറുക്കന്റെ അമ്മ അതിശയത്തോടെ അവളെ നോക്കി.ഷോക്കേറ്റ പോലെ ചെറുക്കനും അവളെ നോക്കി.അവന്റെ കയ്യിലിരുന്ന ലഡു പൊടിഞ്ഞു താഴെ വീണു.
“അവളുടെ മുത്തശ്ശിയാണ് പേരിട്ടത്.ചേട്ടന്റെ അമ്മക്ക് മരിക്കുന്നതു വരെ അവളെ ജീവനായിരുന്നു.മുഴുവൻ പേര് തമ്പുരാട്ടി സുനിൽ കുമാർ.”
“എനിക്ക് മോളെ ഒത്തിരി ഇഷ്ടമായി.”കാറിൽ കയറാൻ നേരം വീട്ടിലെത്തിയിട്ടു വിളിക്കാമെന്ന് പറഞ്ഞു പോയ ചെറുക്കന്റെ വീട്ടുകാർ ദിവസം രണ്ടായിട്ടും വിളിക്കുന്നില്ല.
അയൽവാസിയായ കൗസല്യ തമ്പുരാട്ടിയുടെ അമ്മയെ കാണാൻ എത്തി.”എന്താടി നിനക്കൊരു വിഷമം പോലെ.”
“എന്റെ കൗസല്യേച്ചി ,തമ്പുരാട്ടിക്കിപ്പോൾ ഇരുപത്തിമൂന്നു വയസായി.കല്യാണമൊന്നും ശരിയാകുന്നില്ലല്ലോ.
എം എ കഴിഞ്ഞിട്ട് ഒരു വർഷമായി,എല്ലാ ആഴ്ചയും പെണ്ണ് കാണൽ മുറ പോലെ നടക്കുന്നുണ്ട്.അവളെ കാണാൻ സുന്ദരിയല്ലേ ,എല്ലാവരും കണ്ടു ഇഷ്ടപെട്ടിട്ടാണ് ഇവിടെ നിന്നിറങ്ങുന്നത്.
പിന്നെ വിളിയുമില്ല ,പറച്ചിലുമില്ല.പെണ്ണിൻ്റെ വീട്ടുകാർ അങ്ങോട്ട് കയറി വിളിക്കുന്നതെങ്ങനാ ചേച്ചി,മോശമല്ലേ,. അവൾക്ക് കാര്യമായ എന്തോ ദോഷമുണ്ട്.”
“അവള് കൊച്ചു പെണ്ണല്ലേ,കല്യാണത്തിന് സമയമായി വരുന്നതല്ലേയുള്ളൂ . “”എന്റെ ആങ്ങളയുടെ ഭാര്യയും ഞാനും ഒരേ ദിവസമാണ് പ്രസവിച്ചത്.അവരുടെ മോളുടെ കല്യാണ നിശ്ചയം കഴിഞ്ഞു.കല്യാണം ആറു മാസം കഴിഞ്ഞിട്ട് .എനിക്ക് വാശിയാണ് ,ആ കല്യാണത്തിന് മുൻപ് എന്റെ മോളുടെ കല്യാണം നടത്തണം.”
കൗസല്യ ചുറ്റും നോക്കിയിട്ടു പറഞ്ഞു.”എനിക്കറിയാവുന്ന ഒരു സിദ്ധൻ ടൗണിൽ വന്നിട്ടുണ്ട്.ആരും അറിയണ്ട .നമുക്ക് മോളെയും കൊണ്ടൊന്നു പോയി വരാം.കുറച്ച് പണ ചെലവുണ്ടാകും.എന്നാലും അദ്ദേഹം എന്തെങ്കിലും പരിഹാരം പറയും.”
“എന്നാൽ പോകാം ചേച്ചി ,പണ ചെലവൊന്നും ഒരു പ്രശ്നമല്ല.ശനിയാഴ്ച ചേട്ടൻ സ്ഥലത്തില്ല.നമുക്ക് മോളെയും കൊണ്ട് അന്ന് പോകാം.ആരും അറിയല്ലേ ചേച്ചി .എനിക്കവളുടെ കല്യാണം പെട്ടെന്ന് നടത്തണം.”
മൂന്നുപേരും കൂടി ശനിയാഴ്ച ആരുമറിയാതെ സിദ്ധനെ കാണാൻ പോയി.അമ്പതു വയസോളം പ്രായമുള്ള ഒരു വെള്ള വസ്ത്രധാരി .
അനുനായികളായി ഏകദേശം മുപ്പതു വയസ്സ് തോന്നിക്കുന്ന രണ്ടുപേരുണ്ടായിരുന്നു.ഓട് മേഞ്ഞ പഴയൊരു വീട്,ചുറ്റിലും ഓലയിൽ തീർത്ത ചെറിയ നാലഞ്ചു കുടിലുകൾ .
പരികർമികളായ ചെറുപ്പക്കാരിലൊരാൾ അവരെ സിദ്ധന്റെ സന്നിധിയിലെത്തിച്ചു.സിദ്ധൻ കുറെ നേരം കണ്ണടച്ചിരുന്നു.മൂന്നുപേരും ആകാംക്ഷയോടെ നിലത്തു വിരിച്ച പായയിലിരുന്നു. കുറെ നേരത്തിനു ശേഷം സിദ്ധൻ കണ്ണ് തുറന്നു തമ്പുരാട്ടിയെ നോക്കി.
“ഈയിടെ തീവണ്ടി യാത്ര നടത്തിയിരുന്നോ.””ഒരു ടെസ്റ്റ് എഴുതാൻ ചെന്നൈയിൽ പോയിരുന്നു.”
“കുട്ടിയുടെ കൂടെ ഒരു ആത്മാവുണ്ട്. യാത്രയിൽ ഒരു പുരുഷാത്മാവ് കൂടെ കൂടി.ശരീരം കണ്ടു മോഹിച്ചതാണ് .കല്യാണത്തിന് തടസ്സം നില്കുന്നത് ആ ദുരാത്മാവാണ് .”
“പരിഹാരമൊന്നുമില്ലേ ? ” കൗസല്യേച്ചിയാണ്.”ഉണ്ട് ഒരു ദേഹ പൂജ നടത്തണം,പതിനായിരം രൂപയാകും.അതോടെ എല്ലാ പ്രശ്നവും പരിഹരിക്കപ്പെടും.വേറെയാരും അറിയരുത്.
പൂജയോടെ ആത്മാവ് ശരീരം വിട്ടു പൊയ്ക്കൊള്ളും .കുളിച്ചു ഈറനോടെ ,നഗ്നയായി വരണം,ഒരു മണിക്കൂർ പൂജ.തയ്യാറാണെങ്കിൽ വെള്ളിയാഴ്ച വന്നോളൂ.”
അവർ അവിടുന്നിറങ്ങി.”എന്നാലും വേണ്ടമ്മേ ,ആത്മാവ് കൂടെ ഇരുന്നോട്ടെ.നഗ്‌നയായി ഒരു പുരുഷന്റെ മുന്നിലിരിക്കുക.എനിക്ക് സഹിക്കാൻ വയ്യ.””മോള് പേടിക്കേണ്ട ഞങ്ങളില്ലേ കൂടെ .കണ്ണടച്ച് പ്രാർത്ഥിച്ചങ്ങിരുന്നാൽ മതി. ”
വെള്ളിയാഴ്ച മൂന്നാളും സിദ്ധന്റെ വീട്ടിലെത്തി.വീടിന്റെ നിലവറയിലൊരുക്കിയ കളത്തിൽ തമ്പുരാട്ടി നഗ്നയായിരുന്നു.സിദ്ധനും പരികർമികളും പൈസ വാങ്ങി അമ്മയെയും കൗസല്യേച്ചിയെയും പുറത്തിറക്കി വാതിലടച്ചു.
“സ്ത്രീകൾ കണ്ടുകൂടാത്ത പൂജയാണ്,പ്രതികാര ദാഹിയായ ആത്മാവ് വേറെ സ്ത്രീകളുടെ ശരീരത്തു കയറാൻ സാധ്യതയുണ്ട് .അത് കൊണ്ട് നിങ്ങൾ പുറത്തു നിന്നോളൂ.”
രണ്ടു മണിക്കൂർ പൂജ കഴിഞ്ഞിറങ്ങിയ അവൾ ആരോടും മിണ്ടിയില്ല.മുടിയെല്ലാം അലങ്കോലമായി ,ക്ഷീണിച്ച അവസ്ഥയിലായിരുന്നു.
“കുട്ടിയോട് ഒന്നും ഉരിയാടരുത് .അവൾക്കു നല്ല ഉറക്കം ആവശ്യമാണ്.പൂജ നടന്ന സമയത്തെ കാര്യങ്ങൾ പലതും കൽപ്പിച്ചു പറയും. അതുകൊണ്ടു ഈ മരുന്ന് പാലിലിട്ടു കൊടുക്ക്,നല്ല പോലെ ഉറങ്ങട്ടെ .”
വീട്ടിലെത്തിയപ്പോൾ അമ്മ കൊടുത്ത പാലുമായി തമ്പുരാട്ടി മുറിയിൽ കയറി വാതിലടച്ചു.
“ഇപ്പോളെല്ലാം ശരിയായി കാണും അല്ലേ ചേച്ചി.””പിന്നെ ആത്മാവ് ഒഴിഞ്ഞ് പോയി കാണും ഉറപ്പാണ്.”
ഉമ്മറത്ത് കുശലം പറഞ്ഞിരിക്കുന്ന പെണ്ണുങ്ങളുടെ അടുത്തേക്ക് അച്ഛൻ വീട്ടിൽ മടങ്ങിയെത്തി .
“അങ്ങനെ കള്ളനെ കിട്ടി കൗസല്യേ.””ഏത് കള്ളന്റെ കാര്യമാണ് നിങ്ങൾ പറയുന്നത് ?.”
“ഞാനാ റയിൽവേക്കാരനെ വിളിച്ചു.അതിനു മുൻപത്തെ ആഴ്ച പെണ്ണ് കാണാൻ വന്ന ബാങ്ക് മാനേജരുടെ വീട്ടിൽ പോയി.
എന്റെ മോൾക്ക് എന്താ കുഴപ്പമെന്നൊന്നറിയേണ്ടേ. അവസാനം പോലീസ് സ്റ്റേഷനിലും പോയി,കേസും കൊടുത്തു.ഇനിയെല്ലാം ക്ളീൻ .അടുത്താഴ്ച റയിൽവെക്കാരന്റെ ബന്ധുക്കളൊക്കെ ഇങ്ങോട്ടു വരുന്നു മോളെ കാണാൻ.”
“ആരാ പിന്നെ ഇതിൽ കളിച്ചത്.””വേറെയാരുമല്ല ,നമ്മുടെ അയല്പക്കത്തെ സുശീല .അവളുടെ മോന് തമ്പുരാട്ടിയെ പണ്ട് ഇഷ്ടമായിരുന്നെന്നോ ,ലവ് ലെറ്റർ കൊടുത്തെന്നോ,അവള് ക്ലാസ് ടീച്ചറോട് പറഞ്ഞ് അവൻ നല്ല തല്ലു കിട്ടിയെന്ന്.
അന്നവൻ ഇവളെ മാത്രമേ കല്യാണം കഴിക്കൂ എന്ന് പ്രതിജ്ഞ എടുത്തത്രെ .അവൻ ഇവിടെ പെണ്ണ് കാണാൻ വന്നവരുടെ വീട്ടിൽ വിളിച്ചു ഇവര് തമ്മിൽ പ്രേമത്തിൽ ആണെന്ന് പറഞ്ഞത്രേ,അതാ കല്യാണാലോചനയൊക്കെ മുടങ്ങിയത്.എന്തായാലും അറിഞ്ഞത് നന്നായി.ഞാൻ മോളെ ഒന്ന് കാണട്ടെ .”
“അവള് ഉറങ്ങുവാണ്,പിന്നെ പറയാം.””ഇപ്പോഴാണോ ഉറങ്ങുന്നത്.ഞാൻ വിളിക്കാം.”അച്ഛൻ മുകളിലേക്കുള്ള പടിക്കെട്ടുകൾ കയറി അവളുടെ വാതിലിൽമുട്ടുന്ന ശബ്ദം അമ്മ കേട്ടു.
“മോളെ… എന്റെ മോളെ….”അവർ ഓടി എത്തിയപ്പോൾ ചുവന്ന സാരിയിൽ തൂങ്ങിയാടുന്ന മകളുടെ രൂപം .കാഴ്ച കണ്ടു ബോധം കെട്ടു വീണ അമ്മ.
സത്യം തുറന്നു പറഞ്ഞ അയൽക്കാരി.അറസ്റ്റ് ചെയ്യപ്പെട്ട സിദ്ധനും പരികർമികളും.ജീവിച്ചു തുടങ്ങുന്നതിനു മുൻപേ പൊലിഞ്ഞു പോയൊരു സ്ത്രീ ജീവിതം.
കപട വേഷധാരികളും അന്ധവിശ്വാസവും പിടി മുറുക്കിയ സമൂഹം.പെണ്ണിന്റെ ജീവിതം കേവലമൊരു കല്യാണ കുരുക്കിൽ തീരേണ്ടതല്ല .
എന്റെ ജീവിതം എങ്ങനെയെന്ന് ഓരോ പെണ്ണും തീരുമാനിച്ചാൽ,പാകതയുള്ള തീരുമാനങ്ങളെടുക്കാൻ എല്ലാ പെൺകുട്ടികൾക്കും ത്രാണിയുണ്ടാകട്ടെ ….