(രചന: ശ്രേയ)
” ഹോ.. നിന്നെയൊക്കെ ചുമ്മാ തീറ്റിപോറ്റാൻ ആണ് ബാക്കിയുള്ളോരുടെ വിധി.. കുടുംബത്തിന് നിന്നെക്കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ..? ”
രാവിലെ അരുൺ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് വരുമ്പോൾ കേൾക്കുന്നത് അച്ഛന്റെ വർത്തമാനം ആയിരുന്നു.
” ഓ.. വന്നോ തമ്പുരാൻ..? നേരം ഉച്ച ആവുന്ന വരെ കിടന്നുറങ്ങും.. പിന്നെ എണീറ്റ് വന്നിരുന്നു വെട്ടി വിഴുങ്ങും.. പിന്നേം പോയി കിടന്നുറങ്ങും.. തീറ്റയും ഉറക്കോം അല്ലാതെ ഈ കുടുംബത്തിന് വേണ്ടി നീ എന്തെങ്കിലും ചെയ്യുന്നുണ്ടോ..? എന്നെ കൊല്ലാൻ ഉണ്ടായ ജന്മം.. ”
ദേഷ്യത്തോടെ അവനെ നോക്കി പറഞ്ഞു കൊണ്ട് കേശവൻ മുറിയിലേക്ക് കയറി പോയി.
നിറഞ്ഞു വന്ന കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് അവൻ നോക്കിയത് അമ്മയുടെ മുഖത്തേക്ക് ആയിരുന്നു. അവിടെയും പുച്ഛം. മാത്രമാണ്..!
” അമ്മേ.. അച്ഛൻ എന്തിനാ എന്നോട് എപ്പോഴും ഇങ്ങനെ..? “വിഷമത്തോടെ അവൻ ചോദിച്ചപ്പോൾ അമ്മ പുച്ഛത്തോടെ ചിരിച്ചു.
” ആ മനുഷ്യൻ പിന്നെ എന്ത് വേണമെന്ന് കൂടി നീ പറ..”അമ്മ ഒച്ച ഉയർത്തി.. അവൻ ഞെട്ടലോടെ അമ്മയെ നോക്കി.
” വയസ്സ് കാലത്ത് നിന്നെ ഒക്കെ കൊണ്ട് ഞങ്ങൾക്ക് എന്തെങ്കിലും പ്രയോജനം ഉണ്ടാവുമെന്ന് കരുതി തന്നെ അല്ലെ വളർത്തുന്നത്..? എന്നിട്ടിപ്പോ നിനക്കൊക്കെ ഞങ്ങൾ ചെലവിന് തരേണ്ട അവസ്ഥയാണ്.. ”
അമ്മ ഓരോന്നായി പറഞ്ഞു തുടങ്ങി..!” ഞാൻ ശ്രമിക്കാത്തതു കൊണ്ടല്ലല്ലോ എനിക്കൊരു ജോലി കിട്ടാത്തത് കൊണ്ടല്ലേ..? “അവൻ ദയനീയമായി പറഞ്ഞു.
“അങ്ങനെ ജോലി കിട്ടണമെന്നുണ്ടെങ്കിൽ പഠിപ്പിക്കാൻ വിട്ട സമയത്ത് പഠിക്കണമായിരുന്നു.മാർക്ക് വാങ്ങിക്കൊണ്ടു വന്നിരിക്കുന്നത് കൊട്ടക്കണക്കിന് അല്ലേ.?അപ്പോൾ പിന്നെ എങ്ങനെയാണ്..?”
അമ്മയുടെ മുഖത്ത് വന്ന പരിഹാസ ചിരി തന്നെ വല്ലാതെ വേദനിപ്പിക്കുന്നത് അവൻ അറിയുന്നുണ്ടായിരുന്നു.
” അപ്പുറത്തെ നാസർ ഏട്ടന്റെ മോനെ കണ്ടുപഠിക്കണം.ആ കുടുംബത്തിന് ആ കൊച്ചിനെ കൊണ്ട് എന്തെല്ലാം ഉപകാരം ഉണ്ടെന്നറിയാമോ..?
പറഞ്ഞു വരുമ്പോൾ സ്കൂളിൽ പഠിക്കുമ്പോൾ നിന്നെക്കാളും പഠിക്കാത്ത കുട്ടിയായിരുന്നു അവൻ. എപ്പോഴും നിന്നെക്കാൾ മാർക്ക് കുറവായിരുന്നു അവന്..
അപ്പോഴൊക്കെ അവരുടെ മുന്നിൽ തലയെടുപ്പോടെ നിന്ന് ഞാൻ നിന്റെ ബുദ്ധിയെയും ശക്തിയെയും കഴിവിനെയും ഒക്കെ പുകഴ്ത്തി പറഞ്ഞിട്ടുണ്ട്. ഇതുപോലെ എനിക്ക് അവരുടെ ആരുടെയും മുഖത്തു നോക്കാൻ വയ്യാത്ത അവസ്ഥയാണ്.
മുൻപൊരു ദിവസം നാസറേട്ടന്റെ ഭാര്യ എന്റെ മുഖത്തു നോക്കി ചോദിച്ചു പണ്ട് ഒരുപാട് ബുദ്ധിയും കഴിവും ഉണ്ടായിരുന്നെങ്കിൽ നീ എന്താ ഒരു പണിക്കും പോകാതെ വീട്ടിലിരിക്കുന്നതെന്ന്..? കേട്ടിട്ട് മനുഷ്യന്റെ തൊലി ഉരിഞ്ഞു പോയി..”
അമ്മ തന്നെ തരംതാഴ്ത്തുകയാണ് എന്ന് അറിഞ്ഞു കൊണ്ട് തന്നെ അവന്റെ കണ്ണുകൾ നിറഞ്ഞു.
” നിന്റെ കൂടെ പഠിച്ച കുട്ടികളിൽ ആരെങ്കിലും ഇപ്പോഴും ഒരു ജോലിയും ഇല്ലാതെ ഇങ്ങനെ തെണ്ടി തിരിഞ്ഞു നടക്കുന്നത് നീ കാണുന്നുണ്ടോ..? ഇല്ലല്ലോ..
അവർക്ക് ഓരോ ജോലിയും പോയി രക്ഷപ്പെട്ടു എന്ന് തന്നെ പറയാം.. നീ മാത്രമാണ് ഇപ്പോഴും ഇങ്ങനെ.. മനുഷ്യനെ നാണം കെടുത്താൻ വേണ്ടി.. ”
അവർ പറയുന്ന ഓരോ വാക്കുകളും അവന്റെ ഉള്ളിൽ കാരമുള്ളു പോലെ തറയ്ക്കുന്നുണ്ടായിരുന്നു.
“ഞാനെന്തു തെറ്റ് ചെയ്തിട്ടാണ്..? നിങ്ങളോട് ആരോടെങ്കിലും ഞാൻ എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ എനിക്ക് ഡിഗ്രിക്ക് പഠിക്കണമെന്ന്..?
എനിക്ക് ഐടിഐയിൽ പോകാനായിരുന്നു താല്പര്യം എന്ന് എത്ര തവണ ഞാൻ പറഞ്ഞിട്ടുണ്ട്.. മെക്കാനിക്സ് പണികളിൽ മാത്രം താല്പര്യമുണ്ടായിരുന്ന എന്നെ, അത് നിങ്ങൾക്കൊക്കെ കുറച്ചിലാണ് എന്ന് പറഞ്ഞു കൊണ്ടല്ലേ ഡിഗ്രിക്ക് കൊണ്ട് ചേർത്തത്..?
അതും എടുത്താൽ പൊങ്ങാത്ത ഭാരം പോലെ മാത്സ്..പഠിപ്പിക്കുന്ന ഓരോ കാര്യങ്ങളും മനസ്സിലാക്കി എടുക്കാൻ തന്നെ ഞാൻ എത്രത്തോളം കഷ്ടപ്പെട്ടിട്ടുണ്ട് എന്ന് എനിക്ക് മാത്രമേ അറിയാവൂ..
എന്നിട്ടും നിങ്ങൾ ആരും ആരുടെയും മുന്നിൽ നാണം കെടരുത് എന്ന് കരുതി തന്നെയാണ് കഷ്ടപ്പെട്ട് പഠിച്ച് സപ്ലി ഇല്ലാതെ പാസായത്.എന്നിട്ടും കിട്ടിയ മാർക്ക് കുറഞ്ഞു പോയി എന്ന് പറഞ്ഞിട്ടായിരുന്നു കുറേ ദിവസം ഇവിടെ ബഹളം.
എന്റെ കൂടെ പഠിച്ചവർക്ക് കൂടുതൽ മാർക്ക് ഉണ്ട് ഞാൻ മാത്രം എന്താ ഇങ്ങനെ ആയിപ്പോയത് എന്ന് ചോദിച്ചു അച്ഛനും അമ്മയും എത്ര തവണ എന്നെ കുറ്റപ്പെടുത്തിയിട്ടുണ്ട്..?
പക്ഷേ ഞാനും അവരും തമ്മിലുള്ള വ്യത്യാസം നിങ്ങളാരും ഓർത്തില്ല. അവരൊക്കെയും ഈ വിഷയത്തിൽ താല്പര്യമുള്ളതു കൊണ്ടാണ് അത് പഠിക്കാൻ എടുത്തത്.. ഞാൻ നിങ്ങളുടെ നിർബന്ധം കൊണ്ടും..”
അത്രയും പറഞ്ഞു കൊണ്ട് അവൻ നിന്നു കിതച്ചു.”അവരൊക്കെ തുടർ പഠനത്തിന് പോയപ്പോൾ ഞാൻ എന്തുകൊണ്ട് അതിനു ശ്രമിക്കുന്നില്ല എന്നായിരുന്നു അടുത്ത പ്രശ്നം.
ഡിഗ്രിക്ക് ഞാൻ പാസായത് പോലെ മാസ്റ്റേഴ്സ് ഞാൻ പാസാവില്ല എന്ന് ഉറപ്പുള്ളത് കൊണ്ട് തന്നെയാണ് ഞാൻ പോകാത്തത്. എനിക്ക് പഠിക്കാൻ പറ്റില്ലെന്ന് എനിക്ക് തന്നെ ഉറപ്പുണ്ട്. എന്നു മാത്രമല്ല..
എനിക്ക് താല്പര്യമില്ലാത്ത വിഷയം ഞാൻ എന്തിനു പഠിക്കണം..? ഞാൻ ഏതെങ്കിലും വർഷോപ്പിൽ ജോലിക്ക് പോകാം എന്ന് പറഞ്ഞപ്പോൾ അച്ഛന് അത് കുറച്ചിലാണ്. എന്നെ ഇത്രയും പഠിപ്പിച്ചത് ആ ജോലി ചെയ്യാൻ അല്ലത്രേ..
ബാങ്കിലും മറ്റു സ്ഥാപനങ്ങളിലും ഒക്കെ എന്നെക്കൊണ്ട് ജോലി ചെയ്യാൻ പറ്റില്ലെന്ന് എനിക്ക് നന്നായി അറിയാം. എന്നാലും എന്റെ ക്വാളിഫിക്കേഷൻ അനുസരിച്ച് വരുന്ന എല്ലാ ടെസ്റ്റുകളും ഞാൻ എഴുതാറുണ്ട്. കുറേ ഇന്റർവ്യൂകളും അറ്റൻഡ് ചെയ്തിട്ടുണ്ട്. എന്നിട്ടും ഞാൻ പാസാകാത്തത് എന്റെ കുറ്റം കൊണ്ടാണോ..?”
അവന് സങ്കടം സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.” ഞാൻ ഒരു കാര്യം കൂടി ചോദിച്ചോട്ടെ.. അമ്മയും അച്ഛനും നാഴിക നാല്പതു വട്ടം പറയുന്നുണ്ടല്ലോ അപ്പുറത്തെ നാസർ ഏട്ടന്റെ മോൻ ഇങ്ങനെയാണ് ഇപ്പുറത്തെ ജോസഫേട്ടന്റെ മോൻ അങ്ങനെയാണ് എന്നൊക്കെ..
അവരെ കണ്ടുപടിക്കുക ഇവരെ കണ്ടുപടിക്കുക അവരെക്കാൾ കൂടുതൽ മാർക്ക് വാങ്ങണം എന്നൊക്കെ അല്ലാതെ ഇപ്പോഴെങ്കിലും സ്നേഹത്തോടെ ഒരു വാക്ക് നിങ്ങൾ എന്നോട് സംസാരിച്ചിട്ടുണ്ടോ..അവരൊക്കെ എങ്ങനെയാണ് എന്ന് ചിന്തിക്കുന്നതിനു മുൻപ് നിങ്ങളൊക്കെ എങ്ങനെയാണ് എന്നുകൂടി ആലോചിച്ചു കൂടെ..?
ഷെഫീക്കിന് ഇഷ്ടമുള്ള വിഷയം പഠിപ്പിക്കാനാണ് നാസർ ഏട്ടൻ അവനെ വിട്ടത്. അവന്റെ ഇഷ്ടത്തിന് അവൻ പഠിച്ചതുകൊണ്ട് തന്നെ വളരെ പെട്ടെന്ന് അവനൊരു ജോലി കണ്ടുപിടിക്കാനും ജീവിതത്തിൽ വിജയിക്കാനും കഴിഞ്ഞു. എന്നെ സംബന്ധിച്ച് അങ്ങനെയായിരുന്നോ..?
അവരുടെയൊക്കെ മാതാപിതാക്കൾ അവർക്ക് കൊടുത്ത സ്വാതന്ത്ര്യവും സ്നേഹവും ഒന്നും എനിക്ക് കിട്ടിയിട്ടില്ല. എനിക്ക് വേണ്ടി ഒരു രൂപ ചെലവാക്കുമ്പോൾ പോലും അതിന്റെ കണക്ക് വിളിച്ചു പറയുന്ന അച്ഛനാണ് എനിക്കുള്ളത്. പക്ഷേ എന്റെ കൂട്ടുകാരുടെ ആരുടെയും അച്ഛൻ അങ്ങനെയല്ല.
ഇതൊക്കെ പറഞ്ഞ് എപ്പോഴെങ്കിലും ഞാൻ നിങ്ങളെ വേദനിപ്പിച്ചിട്ടുണ്ടോ..?പക്ഷേ നിങ്ങൾ എല്ലായിപ്പോഴും ശ്രമിക്കുന്നത് എന്റെ കുറ്റങ്ങൾ മാത്രം കണ്ടുപിടിക്കാനും എന്നെയും മറ്റുള്ളവരെയും തമ്മിൽ താരതമ്യം ചെയ്യാനുമാണ്. നിങ്ങളും തിരുത്തണം ആയിരുന്നു. ”
അത്രയും അവൻ പറഞ്ഞു നിർത്തിയിട്ടും തന്റെ വാശി ജയിക്കാൻ എന്നപോലെ അവന്റെ അമ്മ അവനെ രൂക്ഷമായി നോക്കി.
“എന്തെങ്കിലും പറഞ്ഞാൽ ഞങ്ങളുടെ കുറ്റം മാത്രം കണ്ടുപിടിച്ചാൽ മതി.. അല്ലാതെ അവനവൻ നന്നാവണം എന്നൊരു തോന്നൽ ഒന്നും ഉണ്ടാവരുത്..”
അമ്മ അത് പറഞ്ഞത് കേട്ടപ്പോൾ ആ നിമിഷത്തെ ദേഷ്യത്തിനാണ് അവൻ വീട്ടിൽ നിന്ന് ഇറങ്ങി നടന്നത്. പക്ഷേ പോകുന്ന വഴിക്ക് നിയന്ത്രണം പറ്റി ഒരു കാർ വന്ന് അവനെ ഇടിക്കുമെന്നും പിടുത്തം കിട്ടാതെ അവൻ പുഴയിലേക്ക് വീഴുമെന്നോ ഒന്നും ആരും കരുതിയിരുന്നില്ല.
പുഴയിൽ ശക്തമായ അടിയൊഴുക്ക് ഉണ്ടായിരുന്നതു കൊണ്ട് തന്നെ പിന്നീട് അവനെ ജീവനോടെ കാണാൻ അവന്റെ മാതാപിതാക്കൾക്ക് കഴിഞ്ഞിട്ടില്ല.
” അന്ന് ഞാൻ അവനോട് അത്രയും മുഷിഞ്ഞ സംസാരിക്കേണ്ടായിരുന്നു അല്ലേ..? ”
ഇറയത്ത് തൂക്കിയിട്ട അവന്റെ ഫോട്ടോയിലേക്ക് നോക്കിക്കൊണ്ട് അവന്റെ അമ്മ ചോദിക്കുമ്പോൾ അച്ഛനും കണ്ണും നിറച്ചുകൊണ്ട് അവനെ നോക്കിയിരിക്കുന്നുണ്ടായിരുന്നു.
തങ്ങൾ പറഞ്ഞ പല വാക്കുകളും അവനെയും മുറിപ്പെടുത്തിയിട്ടുണ്ടെന്ന് അറിയാം.. പക്ഷേ ഇനി ഒന്നിനും ഒരിക്കലും പരിഹാരം ചെയ്യാനാവില്ലല്ലോ..!!