(രചന: ശ്രേയ)
” സീ.. ഇത് അത്യാവശ്യം റെപുറ്റേഷൻ ഉള്ള ഒരു സ്കൂൾ ആണ്.. ഇവിടുത്തെ ക്ലാസുകൾക്കും ഓരോ കുട്ടികൾക്കും ഞങ്ങൾ ഒരു സ്റ്റാൻഡേർഡ് കീപ് ചെയ്യുന്നുണ്ട്.
ആ സ്റ്റാൻഡേർഡിന് എതിരെ നിൽക്കുന്ന ഒന്നും ഞങ്ങൾ ഇവിടെ അനുവദിക്കാറില്ല.ഇപ്പോൾ തന്നെ നിങ്ങളുടെ കുട്ടി ഇവിടെ എന്താണ് കാണിച്ചു വച്ചതെന്ന് നിങ്ങൾ കണ്ടതല്ലേ..?
മോന്റെ സ്കൂളിലെ പ്രിൻസിപ്പാൾ അത് ചോദിക്കുമ്പോൾ തല കുനിച്ചിരുന്ന് ഒന്നു മൂളി.അപ്പോഴും ചെവിയിൽ മുഴങ്ങി കേട്ടത് ഒരു തെറിപ്പാട്ട് ആയിരുന്നു.
“സോറി മാഡം.. ഇനിയൊരിക്കലും ഇതൊന്നും ആവർത്തിക്കാതിരിക്കാൻ ഞങ്ങൾ ശ്രമിക്കാം.
ഞങ്ങളുടെ വീട്ടിൽ ആരും ഇത്തരത്തിലുള്ള ബാഡ് വേർഡ്‌സ് യൂസ് ചെയ്യാറില്ല.എവിടേക്കെങ്കിലും വിരുന്നു പോയപ്പോൾ കേട്ടു പഠിച്ചത് ആയിരിക്കണം ഇതൊക്കെ..”
അത് പറയുമ്പോഴും തന്റെ നേരെയുള്ള രൂക്ഷമായ നോട്ടം എന്തുകൊണ്ടാണെന്ന് അവൾക്ക് അറിയാമായിരുന്നു. ഇതും അവളുടെ വളർത്തുദോഷത്തിന്റെ പട്ടികയിലേക്ക് എത്തിപ്പെടാൻ പോകുന്ന ഒരു സംഭവമാണെന്ന് അവൾക്കറിയാം..
“ഞാൻ പറഞ്ഞല്ലോ… ഒരു അബദ്ധം പറ്റിയതാണ്..വീട്ടിൽ ആരും ഇത്തരം ബാഡ് വേർഡ്‌സ് ഒന്നും യൂസ് ചെയ്യാറില്ല..”
വളരെ വിനയത്തോടെ താഴ്മയായി ഭർത്താവ് അപേക്ഷിക്കുന്നത് കേട്ട് അവൾക്ക് ചിരി വന്നു.
പക്ഷേ ഇനിയുള്ള തന്റെ കാര്യത്തിൽ ഏകദേശം തീരുമാനമായി എന്ന് ആലോചിക്കുമ്പോൾ അവൾക്ക് ചെറിയൊരു ഭയം തോന്നാതിരുന്നില്ല.
” ഇനി ഒരിക്കൽ കൂടി ഇങ്ങനെ ഒരെണ്ണം ആവർത്തിക്കുകയാണെങ്കിൽ യാതൊരു ചോദ്യവും പറച്ചിലും ഇല്ലാതെ നിങ്ങളുടെ കുട്ടിക്ക് ടി സി എഴുതി കൊടുക്കേണ്ടി വരും എനിക്ക്.
നിങ്ങളുടെ കുട്ടി കാരണം ഇവിടെ പഠിക്കുന്ന ബാക്കിയുള്ള കുട്ടികൾക്ക് കൂടി ബുദ്ധിമുട്ടുണ്ടാക്കാൻ ഞാൻ സമ്മതിക്കില്ല.. ”
കർശനമായി തന്നെ പ്രിൻസിപ്പാൾ പറഞ്ഞു.” ഇല്ല മാഡം.. ഇനി ഇങ്ങനെയൊന്നും ഉണ്ടാകാതെ ഞാൻ നോക്കിക്കോളാം..”
പ്രിൻസിപ്പാളിനോട് ക്ഷമ പറഞ്ഞു പ്രശ്നം കോംപ്രമൈസ് ചെയ്തു കൊണ്ട് അയാൾ ഭാര്യയെയും കുഞ്ഞിനെയും കൂട്ടിക്കൊണ്ട് പുറത്തേക്ക് ഇറങ്ങി.
” പലതവണ പറഞ്ഞിട്ടുണ്ട് ഞാൻ ഇങ്ങനെ ഓരോ കാര്യങ്ങൾക്ക് വേണ്ടി എന്നെ ഇവിടെയൊക്കെ വിളിച്ചു വരുത്തുന്നത് എനിക്കിഷ്ടമല്ല എന്ന്.
നീ ഒരാളുടെ പ്രശ്നം കൊണ്ടാണ് കൊച്ച് ഇങ്ങനെയായി പോകുന്നത്. നിനക്ക് എന്റെ വീട്ടുകാരെയും കണ്ടു കൂടാ.. അല്ലെങ്കിൽ അവരെങ്കിലും കൊച്ചിന് നല്ലത് പറഞ്ഞു കൊടുത്തേനെ.. ”
അയാൾ പറഞ്ഞത് കേട്ട് അവൾക്ക് ദേഷ്യം വരുന്നുണ്ടെങ്കിലും അവൾ അത് പ്രകടിപ്പിച്ചില്ല. പരിപാവനമായ ഈ സ്കൂൾ അങ്കണത്തെ തങ്ങളുടെ വഴക്ക് കൊണ്ട് മലിനപ്പെടുത്തണ്ട എന്ന് അവൾ കരുതി.
” വണ്ടിയിൽ കയറ് രണ്ടും.. ഇനി എന്ത് വേണമെന്ന് എനിക്കറിയാം..”രൂക്ഷമായ ഭാഷയിൽ അയാൾ അത് പറഞ്ഞപ്പോൾ അവൾക്ക് ഒരു ഉൾക്കീടിലം ഉണ്ടായി.
വീട്ടിലെത്തി കഴിഞ്ഞാൽ ഇതിന്റെ പേരിൽ ഉണ്ടാകാൻ പോകുന്നത് എന്തൊക്കെയാണെന്ന് അവൾക്ക് ഏകദേശം ഊഹിക്കാൻ കഴിയുന്നുണ്ടായിരുന്നു.
പിന്നീട് വീട്ടിലെത്താൻ പോലും ക്ഷമയില്ലാതെ അവൻ കാറിൽ ഇരുന്നുകൊണ്ട് തന്നെ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു.
അതൊന്നും ശ്രദ്ധിക്കാതെ അവൾ തന്നെ ആറു വയസ്സുള്ള മകനെയും നെഞ്ചോട് ചേർത്തു കൊണ്ട് പുറത്തേക്കാഴ്ചകൾ കണ്ടിരുന്നു.
” നിനക്ക് എവിടുന്നാടാ ഇത്രയും വൃത്തികെട്ട വാക്കുകളൊക്കെ കിട്ടുന്നത്..?”ഇടയ്ക്ക് എപ്പോഴോ അയാളിൽ നിന്ന് ഉയർന്നു കേട്ട ശബ്ദം അവൾ ശ്രദ്ധിച്ചു.
സ്കൂളിൽ കുഞ്ഞ് ഒരു ചീത്ത വാക്കു ഉപയോഗിച്ചു.അതാണ് ഇപ്പോഴത്തെ പ്രശ്നം.റിപ്യൂട്ടഡ് ആയിട്ടുള്ള സ്കൂളിൽ ഇത്തരം വാക്കുകൾ ഉപയോഗിക്കുന്നത് അവർക്കും കുട്ടികൾക്കും ഒക്കെ നാണക്കേടാണല്ലോ..!
അതിന്റെ പേരിൽ സ്കൂളിലെ പ്രിൻസിപ്പാൾ വിളിച്ചു ഇന്ന് കുറെ വഴക്ക് പറഞ്ഞു. എനിക്ക് കിട്ടിയത് പോലെ തന്നെ അദ്ദേഹത്തിനും ചീത്ത കേൾക്കേണ്ടി വന്നു.
സാധാരണ കുട്ടികളെ പുകഴ്ത്തുന്ന സ്ഥലങ്ങളിൽ മാത്രമാണ് അദ്ദേഹം വരാറ്. കുട്ടികളുടെ കുറ്റങ്ങൾ പറയുന്നതു മുഴുവൻ അമ്മമാരുടെ തെറ്റായി മാറുകയാണല്ലോ പതിവ്.. എന്റെ വീട്ടിലെയും സ്ഥിതി മറിച്ചല്ല..
നല്ലത് മുഴുവൻ അച്ഛൻ വീട്ടുകാരുടെ ഗുണവും ചീത്ത മുഴുവൻ അമ്മ വീട്ടുകാരുടെ പ്രശ്നവും..!!
അല്ലെങ്കിൽ തന്നെ കുട്ടികളെ ഞാൻ നന്നായി വളർത്തുന്നില്ല ശ്രദ്ധിക്കുന്നില്ല എന്നൊക്കെ പറഞ്ഞു സ്ഥിരമായി വഴക്കും പ്രശ്നവും ഉള്ളതാണ്.
അതിന്റെ കൂടെ ഇത് ഒരെണ്ണം കൂടെയായി.നെടുവീർപ്പോടെ അവൾ ചിന്തിച്ചു.”ഇങ്ങോട്ട് ഇറങ്ങ്.. ഇവനെ മര്യാദ പഠിപ്പിക്കാൻ പറ്റുമോ എന്ന് ഞാൻ ഒന്ന് നോക്കട്ടെ..”
അവൾ പ്രതീക്ഷിച്ചത് പോലെ തന്നെ വീട്ടിലെത്തിയപ്പോൾ തന്നെ ബഹളങ്ങൾ തുടങ്ങി. കുഞ്ഞിനെയും അവളെയും കാറിൽ നിന്ന് വലിച്ചു പുറത്തേക്ക് ഇറക്കി കൊണ്ടാണ് അവൻ അകത്തേക്ക് കയറിയത്.
വീടിന് പുറത്തു നിന്ന് ഉറക്കെ സംസാരിക്കുന്നതോ ചിരിക്കുന്നതോ ഒന്നും അയാൾക്കിഷ്ടമല്ല. അതൊക്കെ അയൽക്കാർക്ക് ബുദ്ധിമുട്ടാകും എന്നൊക്കെയാണ് അയാൾ പറയുന്നത്.
” ഞാനിവിടെ ഒരു വടിയെടുത്ത് വച്ചിരുന്നു… അതെവിടെയാ..? അമ്മയും മോനും കൂടി അതും നശിപ്പിച്ചോ..? ”
ദേഷ്യത്തോടെ ചോദിച്ചു കൊണ്ട് അയാൾ അവൾക്ക് അടുത്തേക്ക് പാഞ്ഞു വന്നു.” നിങ്ങൾ എന്തിനാണ് ഞങ്ങളോട് ഇങ്ങനെ ദേഷ്യപ്പെടുന്നത്..? “അവൾ ശാന്തമായ ഭാവത്തോടെ അന്വേഷിച്ചു.
” എന്തിനാണ് ദേഷ്യപ്പെടുന്നത് എന്ന് ഞാൻ ഇനി നിനക്ക് പഠിപ്പിച്ചു തന്നിട്ട് വേണം.. ഇന്ന് ആ സ്കൂളിലെ പ്രിൻസിപ്പാൾ പറഞ്ഞത് മുഴുവൻ നീ കേട്ടതല്ലേ..?
കേട്ടിട്ട് മനുഷ്യന്റെ തൊലി ഉരിഞ്ഞു പോയി. എന്നിട്ട് ഒന്നുമറിയാത്ത പോലെ അവൾ ചോദിക്കുന്ന ചോദ്യം കേട്ടില്ലേ…? ”
അതിയായ കോപത്തോടെ അയാൾ അലറി.അത് കേട്ടതോടെ അവൾ പൊട്ടിച്ചിരിക്കാൻ തുടങ്ങി.
” നീ ചിരിക്ക്.. നിന്റെ വളർത്തുദോഷം കാരണം അനുഭവിക്കുന്നത് മുഴുവൻ ഞാനാണല്ലോ..! അപ്പോൾ പിന്നെ നിനക്ക് ചിരിക്കാൻ വയ്യാത്തത് എന്താ..? “അതുകൂടി പറഞ്ഞതോടെ ഇത്തവണ അവൾക്ക് ദേഷ്യമാണ് തോന്നിയത്.
” അല്ലെങ്കിൽ എനിക്ക് അറിയാമായിരുന്നു ഇതൊക്കെയും എന്റെ വളർത്തുദോഷം എന്ന പേരിലാണ് നിങ്ങൾ ലേബൽ ചെയ്യാൻ പോകുന്നത്.
നമ്മുടെ കൊച്ചിന്റെ കാര്യമാണെങ്കിൽ അവൻ നല്ല എന്തെങ്കിലും ചെയ്താൽ അത് നിങ്ങളുടെ വീട്ടുകാരുടെ ഗുണം. നിങ്ങളുടെ അമ്മയും സഹോദരിയും ഒക്കെ എല്ലാം തികഞ്ഞവരാണ്.
അവന്റെ ഭാഗത്തു നിന്ന് എന്തെങ്കിലും ഒരു മിസ്റ്റേക്ക് ഉണ്ടായാൽ അത് എന്റെ വീട്ടുകാരുടെ കുഴപ്പമാണ്. അത് പണ്ട് മുതലേ അങ്ങനെയാണല്ലോ..!
കൊച്ചിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും ഒരു തെറ്റ് സംഭവിച്ചാൽ അത് മുഴുവൻ എന്റെ പഠിപ്പിക്കുന്നത് ദോഷം കൊണ്ടാണ്.
ഈ പറയുന്ന നിങ്ങളോ നിങ്ങളുടെ കുടുംബക്കാരോ ഒരു ദിവസമെങ്കിലും എന്റെ കൊച്ചിനെ നോക്കിയിട്ടുണ്ടെങ്കിൽ പറയുന്നത് കാര്യമുണ്ട്. മുഴുവൻ സമയവും അവരെ കൊണ്ടു നടക്കുന്നതു ഞാനാണ്.
എന്നിട്ട് എനിക്കില്ലാത്ത കുറ്റങ്ങൾ ഇല്ല.. നേരത്തെ പറയുന്നുണ്ടായിരുന്നല്ലോ നിങ്ങളുടെ വീട്ടുകാരെ എനിക്ക് കണ്ണിന് നേരെ കാണാൻ പാടില്ല എന്ന്.. അതെന്തുകൊണ്ടാ അങ്ങനെ ആയതെന്ന് ഞാൻ പറയിക്കണോ..? ”
അവൾ രൂക്ഷമായി പറഞ്ഞപ്പോൾ അവൻ അവൾക്ക് നേരെ പതർച്ചയോടെ നോക്കി.” എന്തെ.. ഇപ്പോ മറുപടി ഒന്നും പറയാനില്ലേ..? ”
പരിഹാസത്തോടെ ഉള്ള അവളുടെ ചോദ്യം അവനെ ചൊടിപ്പിച്ചു.” അല്ലേലും കുറ്റം മുഴുവൻ എന്റെ മേലേക്ക് ആക്കാൻ നല്ല മിടുക്ക് ആണല്ലോ നിനക്ക്..!”അവൻ പുച്ഛത്തോടെ പറഞ്ഞു.
“ഓഹോ.. ഇപ്പോ അങ്ങനെ ആയോ..? ഇന്ന് കൊച്ചു സ്കൂളിൽ ഒരു ചീത്ത വാക്ക് ഉപയോഗിച്ചത് എന്റെ കുഴപ്പം ആണെന്ന് ആണല്ലോ പറയുന്നത്..!
നിങ്ങൾ കുടിച്ചിട്ട് വന്ന് ഇവിടെ നടത്തുന്ന ഭരണി പാട്ട് എന്താണെന്ന് അറിയാമോ..? ഓരോ അനാവശ്യങ്ങൾ വിളിച്ചു പറയുമ്പോൾ അത് കുട്ടികൾ കേട്ടുകൊണ്ടിരിക്കുന്നു എന്നൊരു ചിന്ത പോലും നിങ്ങൾക്കുണ്ടാവാറില്ലല്ലോ..!
കുട്ടികൾ അത് ഏറ്റു പറഞ്ഞപ്പോൾ അത് എന്റെ വളർത്തുദോഷമായി.. അത് ഏത് ലോജിക്കാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല.. നിങ്ങളോട് ഇതിനു മുൻപും കുടിച്ചു കൊണ്ട് ഈ വീട്ടിലേക്ക് കയറരുത് എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്.
മിനിമം കുട്ടികൾക്ക് മുന്നിലെങ്കിലും അങ്ങനെ വരരുത് എന്ന് എത്ര തവണ ഞാൻ പറഞ്ഞിരിക്കുന്നു..!അതിന്റെ പേരിൽ ആയിരുന്നല്ലോ നമ്മൾ തമ്മിൽ ഉണ്ടായ ബഹളം. ആ പേരിലാണ് നിങ്ങളുടെ വീട്ടുകാരും ഞാനും തമ്മിൽ തെറ്റിപ്പിരിഞ്ഞത്.
ഇപ്പോൾ കുട്ടികളുടെ ഭാഗത്ത് നിന്നും പ്രശ്നങ്ങൾ ഉണ്ടായി തുടങ്ങിയപ്പോൾ അത് എന്റെ കുറ്റമായി ചാർത്തി തരാൻ നിങ്ങൾക്ക് നല്ല മിടുക്കാണ്. ആ നേരത്തിന് സ്വന്തം തെറ്റു മനസ്സിലാക്കി അത് തിരുത്താൻ നോക്ക്..!”
ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് അവൾ മുറിയിലേക്ക് കയറി പോയി.തനിക്ക് തെറ്റ് പറ്റിയോ എന്നോർത്തു അയാൾ ഒരു നിമിഷം നിന്നു. പിന്നെ ഇതൊക്കെ അവളുടെ കുഴപ്പം തന്നെയാ എന്ന് പിറുപിറുത്ത് കൊണ്ട് അവൻ പുറത്തേക്ക് ഉറങ്ങിപ്പോയി…!