മശകം
(രചന: Nisha Pillai)
കട്ടിലിന്റെ ഒരു വശത്തു തൂങ്ങി കിടന്നിരുന്ന മഞ്ഞ ടീ-ഷർട്ട് അനുരാധ പതുക്കെയെടുത്തു നിലത്തിട്ടു .അരിശം തീരാഞ്ഞു അതിൽ രണ്ടു കാലും കൊണ്ട് ചവിട്ടി.
ഇതൊന്നും അറിയാതെ കട്ടിലിന്റെ മറുവശത്തു ഭിത്തി ചേർന്ന് കിടന്നുറങ്ങുകയാണ് നിരഞ്ജൻ .അയാൾ ഉറക്കത്തിലായതുകൊണ്ട് അനുവിന്റെ വീരകൃത്യം അയാൾ അറിഞ്ഞതേയില്ല.
അവൾ അവനെ വീണ്ടും നോക്കി.ഈ ആണുങ്ങളെല്ലാം അങ്ങനെയാ കല്യാണം വരേയുള്ളു സ്നേഹമൊക്കെ .
അത് കഴിയുമ്പോൾ പിന്നെ ഇങ്ങനെയാകും പുറകെ നടന്നു നടന്നു തന്നെ പാട്ടിലാക്കി .കല്യാണം കഴിഞ്ഞു ഏഴെട്ടു മാസമായി.
അന്ന് മുതൽ തുടങ്ങിയതാ സൗന്ദര്യ പിണക്കങ്ങൾ . ഇത്രയേ ഉള്ളോ പ്രണയം.ഇതാണോ പ്രണയത്തിന്റെ സഫലത . വിവാഹത്തോടെ ഒന്നിച്ചു കഴിയുമെന്ന ഒരു ഉടമ്പടിയിൽ ഒപ്പു വച്ചു അത്ര മാത്രം.
എന്താ ഇപ്പോൾ ആവശ്യപ്പെട്ടത്? തന്റെ ബാല്യകാല സുഹൃത്തായ ആരതിയുടെ കല്യാണത്തിന് പോകണമെന്നല്ലേ .അവൾക്കു ഗിഫ്റ്റ് ആയി ഒന്നിച്ചു പോയി ഒരു കാഞ്ചീപുരം സാരിയും വാങ്ങി വച്ചു.
ഇന്നലേം കൂടി വരാമെന്നു പറഞ്ഞതാ.ഇപ്പോൾ പറയുന്നു നീ തനിയെ പൊയ്ക്കോ .ആകെ കിട്ടുന്ന ഞായറാഴ്ച ഇന്നെങ്കിലും ഒന്ന് ഉറങ്ങിക്കോട്ടെ എന്നു.
നീ വണ്ടി എടുത്തു പൊയ്ക്കൊള്ളാൻ. രാവിലെ ഒൻപതു മണി കഴിഞ്ഞുള്ള ശുഭ മുഹൂർത്തത്തിലാണ് താലികെട്ട്.എന്നെ സമയത്തു കണ്ടില്ലേൽ അവൾ ഈ ജന്മത്തു എന്നോട് മിണ്ടില്ല.
നിരഞ്ജൻ കൂടെയുണ്ടാകണമെന്നത് അവളുടെ വലിയൊരു ആഗ്രഹമായിരുന്നു. സുന്ദരനും മിടുക്കനുമായ അവനെ കൂട്ടുകാരുടെ മുന്നിൽ പരിചയപ്പെടുത്തുമ്പോളുള്ള ഒരു അഭിമാനം .
അതൊക്കെ അവൾ എത്ര തവണ ഭാവനയിൽ കണ്ടതാണ്. റീമയുടെ ഹസിന്റെ അത്രയും പൊക്കം ഇല്ലേലും നിരഞ്ജനാണ് സുന്ദരൻ . അവൾക്കു അവളുടേതായ കുഞ്ഞു കുഞ്ഞു സ്വകാര്യ രഹസ്യങ്ങൾ ഉണ്ടായിരുന്നു.
ശൂന്യതയിൽ നിന്നും അവൾ സൃഷ്ടിച്ചെടുത്ത കുഞ്ഞു കുഞ്ഞു അഭിലാഷങ്ങളും ആശങ്കയും ഒക്കെ ഉള്ള അവളുടെ ഏകാന്ത ലോകം.ഇതൊക്കെ നിരഞ്ജനോട് പങ്കു വച്ചാൽ അവൻ ചിലപ്പോൾ എല്ലാരോടും പറഞ്ഞു അവളെ വഞ്ചിച്ചാലോ എന്ന ആശങ്ക .
അവൾ വിലകൂടിയ സാരിയും ആഭരണങ്ങളും അണിഞ്ഞു ഒരു ഗുമ്മിനു രണ്ടു മുഴം മുല്ലപ്പൂവും വച്ചു .
തിരിഞ്ഞു നോക്കിയപ്പോൾ നിരഞ്ജൻ വീണ്ടും അതെ കുളയട്ട പോസിൽ ചുരുണ്ടു മടങ്ങി കിടക്കുന്നു.അവൾ മുറിയുടെ കിഴക്കു വശത്തുള്ള ജനൽ തുറന്നിട്ടു.ഇപ്പോൾ കാല്പാദം വരെ വെയിൽ ചാഞ്ഞെത്തിയിട്ടുണ്ട്.പത്തു മിനിറ്റിനുള്ളിൽ അത് മുഖം വരെയെത്തും.
ആപാദചൂഡം ചൂടടിച്ചു എണീറ്റ് കൊളളും. അങ്ങനെ സുഖിച്ചു കിടന്നുറങ്ങേണ്ട.അവൾ വാതിൽ പൂട്ടി ഇറങ്ങാൻ തുടങ്ങി .തൃപ്തി പോരാഞ്ഞു അവൾ ഫാനും കൂടി ഓഫ് ചെയ്തു.
കല്യാണം ഗംഭീരമായിരുന്നു.വിഭവ സമൃദ്ധമായ സദ്യയും കൂട്ടുകാരോടൊത്തുള്ള ഫോട്ടോയെടുപ്പും ഒക്കെ കഴിഞ്ഞെത്തിയപ്പോൾ നേരം പന്ത്രണ്ടരയായി.
അവൾ ഗേറ്റ് തുറന്നു കാർ പോർച്ചിൽ ഒതുക്കി.വാതിൽ തുറന്നു അകത്തു കയറിയിട്ടും ആരും ഉള്ളപോലെ തോന്നിയില്ല.ടീ വി യുടെ മുന്നിലെ ബീൻ ബാഗിൽ നിരഞ്ജൻ കിടക്കുന്നു.
കാൽപ്പെരുമാറ്റം കണ്ടു കണ്ണ് തുറന്നു.നിരഞ്ജനെ കണ്ടപ്പോൾ അവൾക്കു ചിരി പൊട്ടി.മൂക്കിന്റെ തുമ്പിൽ ഒരു ചുവന്ന തടിപ്പ്.സർക്കസിലെ വിദൂഷകന്റെ മൂക്കിൻ്റെ തുമ്പു പോലെ .അവൾ ചിരി അമർത്തി.
“എന്താ നിരഞ്ജൻ നിന്റെ മൂക്കില് “”നീ ജനലും തുറന്നു ഫാനും ഓഫ് ചെയ്തു പോയതെന്താ.,എന്നെ എന്തോ പ്രാണി കടിച്ചതാ.നല്ല വേദന ”
“കറന്റ് പോയപ്പോൾ അല്ലെ ഞാൻ ജനൽ തുറന്നതു .നീ ചൂടെടുത്തു വിയർക്കണ്ട എന്നു കരുതി.ഇൻവെർട്ടർ കേടായതു റിപ്പയർ ചെയ്യാൻ സാറിന് സമയം ഇല്ലല്ലോ”
“ഉടനെ ഡോക്ടറെ കാണണം .എനിക്ക് വേദന സഹിക്കാൻ പറ്റില്ല.നീ വരട്ടെ എന്നു കരുതി.”
“ആഹാ ഞാൻ ഒന്ന് നോക്കട്ടെ .അയ്യോ ഇത് വല്യ അപകടമാണ്.ചർമത്തില് തുളച്ചു കയറാനും രക്തം വലിച്ചെടുക്കാനും നീളമുള്ള പ്രോബോസ്സിസ്സ് ഉള്ള രണ്ടു ചിറകുള്ള ഒരു പ്രാണിയുടെ കുത്താണ് നിനക്കു കിട്ടിയത്”
“അയ്യോ”നിരഞ്ജന്റെ മുഖം ഭയം കൊണ്ട് ചുവന്നു .”ഗുരുതരമായ രോഗങ്ങൾ പകർത്തും.ഞങ്ങളുടെ നാട്ടിൽ ഇതിനു കൊതുകു എന്നു പറയും ” അവൾ അവനെ നോക്കി പൊട്ടിച്ചിരിച്ചു
അവൻ അവളെ ദേഷ്യത്തോടെ നോക്കി.”ഇതിൽ നിന്ന് നിനക്ക് എന്ത് മനസിലായി. നമ്മുടെ പരിസരം മലീമസമാണെന്നും ഉടനെ തന്നെ പരിസര ശുചീകരണം നടത്തണമെന്നും അല്ലെങ്കിൽ കൊതുകു ,ഈച്ച മുതലായ പ്രാണികൾ പരത്തുന്ന ഗുരുതരമായ രോഗങ്ങൾ പിടിപെടുമെന്നും ”
“ഉം ” അവൻ നീട്ടി മൂളി.”നീ വല്ലോം കഴിച്ചാരുന്നോ” അവൾ വാങ്ങി കൊണ്ട് വന്ന ഫുഡ് പാക്കറ്റ് അവനു നീട്ടി. അത് കഴിക്കുന്നതിനടിയിൽ അവൻ അവളോട് പറഞ്ഞു
“അനു,നമുക്ക് ഇന്ന് തന്നെ പരിസരം മുഴുവൻ ക്ലീൻ ചെയ്യണം .അത് എല്ലാവർക്കും ഒരു പ്രചോദനം ആകട്ടെ.പരിസര ശുചീകരണം വീട്ടിൽ നിന്ന് തുടങ്ങണം.”
ഒരു മധുര പ്രതികാരം ചെയ്ത സന്തോഷത്തോടെ അനു അവനെ നോക്കിയിരുന്നു .