(രചന: നിത)
വല്ലാത്തൊരു കുറ്റബോധം വന്നു നിറഞ്ഞിരുന്നു സ്നേഹക്ക്… ഇത്രയും നാൾ ഉണ്ടായിരുന്നില്ല ചെയ്യുന്നത് മുഴുവൻ ആരോടോ ഉള്ള വാശി തീർക്കുന്നതുപോലെ ആയിരുന്നു..
പക്ഷേ ഇപ്പോഴാണ് മനസ്സിലായത് വെറും നിഴലിനോട് ആയിരുന്നു പടവെട്ടിക്കൊണ്ടിരുന്നത് എന്ന്..
ഇനിയെന്തു ചെയ്യും എന്നോർത്ത് ഇരിക്കുമ്പോഴേക്കും അവളുടെ ഫോൺ വീണ്ടും റിങ് ചെയ്തു ഭയത്തോടെയാണ് ഇത്തവണ ഫോൺ എടുത്തത്..
ഈ നമ്പറിൽ നിന്ന് വരുന്ന കോളുകൾ എടുക്കാൻ അത്രമേൽ ഇഷ്ടമായിരുന്നു…
ഇപ്പോൾ അവ തന്നിൽ എത്രമാത്രംഭയം നിറയ്ക്കുന്നു എന്ന കാര്യം ഓർത്തു അവൾ എടുത്തിട്ടില്ലെങ്കിൽ അത് വീണ്ടും പ്രശ്നമാകും എന്നറിയാം അതുകൊണ്ട് മാത്രം ഭയത്തോടെ ആ ഫോൺ അറ്റൻഡ് ചെയ്ത് ചെവിയിലേക്ക് വച്ചു.
“”” പറഞ്ഞല്ലോ ഞാൻ പറയുന്ന സ്ഥലത്ത് നീ എത്തണം!! അല്ലെങ്കിൽ നിന്റെ കുറെ വീഡിയോസ് എന്റെ കയ്യിൽ ഉണ്ട് അതങ്ങ് സോഷ്യൽ മീഡിയയിൽ വൈറൽ ആകും!! വെറുതെ എന്നെക്കൊണ്ട് അത് ചെയ്യിപ്പിക്കരുത് ഞാൻ പറയുന്നതുപോലെ കേട്ടിട്ടുണ്ടെങ്കിൽ മറ്റാരും അറിയാതെ നമുക്കിടയിൽ ഈ വിഷയം ഒതുങ്ങും!! എന്തുവേണമെന്ന് തീരുമാനിക്ക് ഞാൻ കുറച്ചു കഴിഞ്ഞ് ഒന്നുകൂടി വിളിക്കും!!””
അവൾ കണ്ണുകളും അടച്ച് കട്ടിലിലേക്ക് ചാഞ്ഞു കിടന്നു…
വീണ്ടും ഫോൺ അടിച്ചത് കേട്ടാണ് ഞെട്ടി ഉണർന്നത് നോക്കുമ്പോൾ അത് വിനുവേട്ടൻ ആയിരുന്നു.
“”” സ്നേഹ ഇന്നലെ കൊണ്ടുവന്ന ഫ്രൂട്ട്സ് ഞാൻ കട്ട് ചെയ്തിട്ട് ഫ്രിഡ്ജിൽ വച്ചിട്ടുണ്ട് അത് എടുത്ത് കഴിക്കണം!! പിന്നെ അനാവശ്യമായി ഇറങ്ങി നടക്കരുത് അറിയാല്ലോ പ്രഗ്നൻസിയുടെ സ്റ്റാർട്ടിങ് ടൈം ആണ് ഇപ്പോൾ നന്നായി സൂക്ഷിക്കണം!””
സമ്മതത്തോടെ പതിയെ ഒന്ന് മൂളി അവൾ.. കണ്ണുകൾ ഒഴുകി ഇറങ്ങിയിരുന്നു .
വിനയ് യുടെ വിവാഹാലോചന തനിക്ക് വരുമ്പോൾ ഡിഗ്രി കഴിഞ്ഞ് നിൽക്കുകയായിരുന്നു താൻ പിജിക്ക് പോകാൻ വേണ്ടി തയ്യാറെടുക്കുന്ന സമയത്താണ് കല്യാണം ശരിയായത് എങ്കിൽ പിന്നെ എല്ലാവരും ചേർന്ന് നിർബന്ധിച്ചപ്പോൾ അതിന് തടസ്സം ഒന്നും പറഞ്ഞില്ല…
വിനുവേട്ടന് ബാംഗ്ലൂരിൽ ഒരു പ്രൈവറ്റ് ഫേമിൽ ആയിരുന്നു ജോലി… ജോലി എന്നു പറഞ്ഞാൽ വളരെ സ്ട്രെസ് പിടിച്ച ഒരു ജോലി തന്നെ ആയിരുന്നു..
രാവിലെ പോകും പിന്നെ അന്ന് വരുന്ന സമയം കണക്കായിരിക്കും എങ്കിലും തനിക്ക് വേണ്ടതെല്ലാം കൊണ്ടുവന്ന് തന്നിരുന്നു ഒന്ന് സ്നേഹത്തോടെ സംസാരിക്കാനോ തലോടാണോ ഒന്നും അദ്ദേഹത്തിന് നേരം ഉണ്ടായിരുന്നില്ല..
ലൈംഗിക ബന്ധം പോലും ഒരു പേരിന് ആയിരുന്നു.
.ആരുമില്ലാതെ ഒറ്റപ്പെടൽ അനുഭവിച്ച സമയങ്ങൾ അന്നേരം ഫോണെടുത്ത് അതിൽ ഫേസ്ബുക്കും വാട്ട്സാപ്പും എല്ലാം നോക്കിയിരിക്കും വേറെ ഒരു ജോലിയും ഉണ്ടായിരുന്നില്ല അങ്ങനെയാണ് ഒരിക്കൽ ഫേസ്ബുക്കിൽ ഒരു ഫ്രണ്ട് റിക്വസ്റ്റ് വരുന്നത്.
അങ്ങനെയാണ് അയാളെ പരിചയപ്പെടുന്നത്..
“”” യാത്രകളെ ഇഷ്ടപ്പെടുന്ന, മനോഹരമായി പ്രണയത്തെ രണ്ടു വരികളിൽ കുറിക്കാൻ കഴിവുള്ള, ഒരാൾ അയാളുടെ പേര് നിസാം എന്നാണ് പറഞ്ഞിരുന്നത്..
അപ്ലോഡ് ചെയ്യുന്ന ഫോട്ടോയ്ക്ക് താഴെ കമന്റ് സെക്ഷനിൽ വന്നാണ് സൗഹൃദം ആരംഭിച്ചത് അത് പിന്നെ ഇൻബോക്സിലേക്ക്കടന്നു അത് പിന്നീട് വോയിസ് കോൾ ആയി മാറി ഒടുവിൽ നമ്പർ പരസ്പരം കൈമാറി വീഡിയോ കോളിൽ എത്തി നിന്നു..
തന്റെ എല്ലാകാര്യത്തിലും അയാൾ വല്ലാത്ത ശ്രദ്ധാലുവായിരുന്നു, മുഖത്ത് ഉള്ള മൂക്കുത്തികൾ മാറിയിടുമ്പോഴും അതുപോലും ശ്രദ്ധിച്ചു നിനക്ക് പച്ചക്കല്ല് പതിപ്പിച്ച ആ മൂക്കുത്തിയാണ് കൂടുതൽ ഭംഗി എന്ന് അയാൾ പറഞ്ഞു അന്നേരം ആലോചിച്ചത് വിനുവേട്ടനെ പറ്റിയാണ് ഞാനിന്നൊരാൾ ഇവിടെയുണ്ട് എന്ന് ഒരു പരിഗണന പോലും ഇല്ല ആൾക്ക്.
രണ്ടുപേരെയും കമ്പയർ ചെയ്തു നോക്കി തന്റെ എല്ലാ കാര്യങ്ങളും സൂക്ഷ്മതയോടെ നോക്കി തനിക്ക് വേണ്ട സപ്പോർട്ട് തരുന്ന നീസാമും, തന്നെ ഒന്ന് പരിഗണിക്കുക കൂടി ചെയ്യാതെ ജോലി എന്നു പറഞ്ഞു ഓടുന്ന വിനുവേട്ടനും തമ്മിൽ ഒരുപാട് അന്തരം ഉണ്ട് എന്ന് തോന്നിപ്പോയി മനസ്സ് നിസാമിലേക്ക് ചായാൻ തുടങ്ങി.
ആയിടക്കാണ് ഞാൻ തലചുറ്റി വീണത് കൊണ്ടുപോയി നോക്കിയപ്പോൾ ആണ് അറിഞ്ഞത് ഗർഭിണിയാണ് എന്ന്.. എതോ ഒരു ദിവസം വഴിപാട് തീർക്കാൻ പോലെ, ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതിന്റെ ഫലമായി ഉണ്ടായത്!!!
പക്ഷേ അതറിഞ്ഞതിനുശേഷം ആളാകെ മാറിയിരുന്നു എന്റെ കാര്യം നന്നായി ശ്രദ്ധിച്ചു തുടങ്ങി എനിക്കിഷ്ടപ്പെട്ടതെല്ലാം വാങ്ങി തന്നു..
ജോലികളെല്ലാം കഷ്ടപ്പെട്ട് തീർത്ത് എനിക്കായി അല്പം സമയം മാറ്റിവച്ചു…
പുറത്തുകൊണ്ടുപോയി.. പയ്യെ ഞാൻ ആഗ്രഹിക്കുന്ന വിധത്തിൽ എന്നെ സ്നേഹിക്കാൻ തുടങ്ങി..
അദ്ദേഹത്തിന്റെ മാറ്റം എന്നെ അത്ഭുതപ്പെടുത്തുന്നതായിരുന്നു അദ്ദേഹം ഇത്രത്തോളം എന്നെ സ്നേഹിക്കുന്നുണ്ട് എന്ന് അപ്പോഴാണ് മനസ്സിലായത് പലപ്പോഴും മുൻപ് സ്നേഹിക്കാൻ പറ്റാത്തതിനെ പറ്റി അദ്ദേഹം തുറന്നു പറഞ്ഞിരുന്നു ഒരുപാട് കടം പഠിക്കുന്ന സമയത്ത് ഉണ്ടായിട്ടുണ്ട് അതെല്ലാം വീട്ടാനുള്ള തത്രപ്പാടിൽ ആയിരുന്നു അന്നേരം കുടുംബത്തെ പറ്റി ചിന്തിക്കാൻ തോന്നിയില്ല ഇപ്പോൾ എല്ലാം ഒന്ന് ശരിയായി ഇനി വേണം നമുക്ക് ജീവിച്ചു തുടങ്ങാൻ എന്ന് പറഞ്ഞ് അദ്ദേഹം എന്നെ ചേർത്ത് പിടിച്ചു..
സന്തോഷമായിരുന്നു എനിക്ക് അന്ന് നിസാം വിളിച്ചപ്പോൾ ഞാൻ അയാളോട് ഇനി വിളിക്കരുത് എന്ന് പറഞ്ഞു അതോടെയാണ് അയാളുടെ മട്ട് മാറിയത്.
അയാളുടെ കയ്യിൽ എന്റെ വീഡിയോസ് ഉണ്ട് അത് വച്ച് അയാൾ എന്നെ ഭീഷണിപ്പെടുത്താൻ തുടങ്ങി ചെകുത്താനും കടലിനും നടുക്കകപ്പെട്ടതുപോലെ…
വീഡിയോസ് എന്നുപറഞ്ഞാൽ അത്ര വൾഗരായി ഒന്നുമില്ല… ചുംബനങ്ങൾ പരസ്പരം കൈമാറുന്നത്, സംസാരിക്കുന്നത് അത്രയൊക്കെയേ ഉള്ളൂ…!!
എന്നാലും എനിക്ക് ഭയം തോന്നി അതെല്ലാം വിനുവേട്ടൻ എങ്ങാനും അറിഞ്ഞാൽ ഞാൻ ചതിക്കുകയായിരുന്നു എന്ന് തോന്നില്ലേ പിന്നെ ഈ കാണിക്കുന്ന സ്നേഹം എല്ലാം എനിക്ക് നഷ്ടപ്പെടും ഇപ്പോൾ ജീവിതം ഒന്ന് ആസ്വദിച്ചു വരുന്നതേയുള്ളൂ എന്ത് ചെയ്യണം എന്ന് എനിക്ക് ഒരു പിടിയും ഉണ്ടായിരുന്നില്ല..
ഈ സമയത്ത് അനാവശ്യമായി ടെൻഷൻ അടിച്ചതുകൊണ്ട് തന്നെ ചില കോംപ്ലിക്കേഷൻസ് പ്രഗ്നൻസിയിൽ ഉണ്ടായി..
ഒടുവിൽ ഞാൻ എല്ലാം തുറന്നു പറയാൻ തന്നെ തീരുമാനിച്ചു മനസ്സിൽ കൊണ്ട് നടക്കാൻ വയ്യ… ഇനിയും അങ്ങനെ കൊണ്ടു നടന്നിട്ടുണ്ടെങ്കിൽ അത് ഞങ്ങളുടെ കുഞ്ഞിനെ ബാധിക്കും അതിനേക്കാൾ നല്ലത് എല്ലാം തുറന്നു പറഞ്ഞു എന്നെ ഒഴിവാക്കുന്നെങ്കിൽ ഒഴിവാക്കട്ടെ എന്ന് കരുതുകയാണ് അന്നേരം എനിക്ക് ഈ കുഞ്ഞെങ്കിലും ഉണ്ടാകുമല്ലോ..
എന്റെ ചിന്തകൾ അങ്ങനെയാണ് പോയത്..എല്ലാം തുറന്നു പറഞ്ഞപ്പോൾ ഒരു നിമിഷം അദ്ദേഹം ഒന്നും മിണ്ടാതെ
നിന്നു…ഇതിന്റെ പേരിൽ എന്ത് ശിക്ഷ തന്നെ തന്നാലും ഞാൻ അനുഭവിക്കാൻ തയ്യാറായിരുന്നു..
“”” ജീവിതത്തിന്റെ രണ്ടുഭാഗം കൂട്ടിമുട്ടിക്കുന്നതിന്റെ പെടാപാടിൽ ചില ഭർത്താക്കന്മാർ ഭാര്യമാരെ കൊഞ്ചിക്കാനും ലാളിക്കാനും എല്ലാം വിട്ടു പോകും ആഗ്രഹമില്ലാഞ്ഞിട്ടല്ല പക്ഷേ അതിനേക്കാൾ വലിയ പ്രശ്നം അപ്പുറത്ത് ഉണ്ടാകും!!
അതു മുതലാക്കി ചിലർ അവരുടെ ജീവിതത്തിൽ ഇടിച്ചുകയറും ഒരു നിമിഷം കൊണ്ട് നന്നായി സംസാരിക്കുമ്പോൾ എല്ലാവരും വിചാരിക്കും അതാണ് സർഗ്ഗം എന്ന് കണ്ണടച്ച് ആ ചതിക്കുഴിയിൽ ചെന്ന് ചാടി കൊടുക്കും..
നിന്നെ ഞാൻ കുറ്റം പറയില്ല എന്റെ കയ്യിലും ഉണ്ട് തെറ്റ്!!
ഒരുപാട് ബാധ്യതകൾ എന്റെ പേരിൽ ഉണ്ടായിരുന്നു ഒരിക്കലും വിചാരിച്ച നേരത്തായിരുന്നില്ല നമ്മുടെ വിവാഹം പോലും എല്ലാം ഒന്ന് സെറ്റിൽ ആയിട്ട് മാത്രമേ വിവാഹം കഴിക്കൂ എന്ന് കരുതി ഇരിക്കുകയായിരുന്നു..
പിന്നെ ഒരു ആലോചന ഒത്തു വന്നപ്പോൾ എനിക്കും കൂടി ഇഷ്ടം തോന്നിയപ്പോൾ അതങ്ങ് നടത്തി എന്ന് മാത്രം.
പക്ഷേ മനസ്സിൽ മറ്റു പല ചിന്തകളും ഉള്ളത് കാരണം ജീവിതം ആസ്വദിക്കാനോ നിന്നോട് നീതിപുലർത്താനോ എനിക്ക് കഴിഞ്ഞില്ല!! എന്റെ കൈയിലും തെറ്റുണ്ട് അതുകൊണ്ട് ഇനിയെങ്കിലും നമുക്ക് ഒരുമിച്ച് മുന്നോട്ട് പോകാം ഈ പ്രശ്നം ഞാൻ സോൾവ് ചെയ്തോളാം!!!
അതും പറഞ്ഞ് അദ്ദേഹം അദ്ദേഹത്തിന്റെ കൂട്ടുകാരനായ ഒരു പോലീസ് ഓഫീസറെ കാണാൻ പോയി അവർ രണ്ടുപേരും കൂടി ഇത് മാന്യമായി തന്നെ ഡീൽ ചെയ്തു അയാൾക്ക് ഇതല്ലാതെ പല സ്ത്രീകളുമായും ഇതുപോലുള്ള ബന്ധം ഉണ്ടായിരുന്നു അവർ അയാളുടെ ഫോൺ പിടിച്ചെടുക്കുകയും, കേസെടുത്ത് അയാളെ ജയിലിൽ അടക്കുകയും ചെയ്തു..
രണ്ടുപേർക്കും ജീവിതത്തിൽ ഒരു പാഠം പഠിക്കാനുള്ള അവസരമായിട്ടാണ് ഞങ്ങൾ രണ്ടുപേരും ഇപ്പോൾ അതിനെ കാണുന്നത്.
ഇനിയൊരിക്കലും ഇതുപോലെ ഒന്ന് ആവർത്തിക്കാതിരിക്കാൻ… കടമകൾ മറക്കാതിരിക്കാൻ എല്ലാം കൂടി മനസ്സിലാക്കാൻ വേണ്ടി ദൈവമായിട്ട് തന്ന ഒരു അവസരം..
പ്രശ്നങ്ങളെല്ലാം അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞു തീർത്തു ഇനി കാത്തിരിപ്പാണ്. ഞങ്ങളുടെ പൊന്നോമനയ്ക്കായി.