(രചന: അഞ്ജു തങ്കച്ചൻ)
ഓഫിസിൽ നിന്നും എത്തി നനഞ്ഞ സാരി മാറ്റുന്നതിനിടയിലാണ് പെട്ടന്ന് ഇടിവെട്ടിയതും കരണ്ട് പോയതും,അഞ്ചു മണി ആയതേയു ള്ളൂവെങ്കിലും പ്രകൃതി ഇരുണ്ടു മൂടി കിടക്കുന്നു. മുറിയിൽ വെളിച്ചം കുറവാണ്.
അപ്പോഴാണ് ടേബിളിൽ താൻ അടുക്കി വച്ച ബുക്കുകൾക്കിടയിൽ നിന്നും ചെറിയ വെളിച്ചം അവൾ ശ്രെദ്ധിച്ചത്. അവൾ ബുക്ക് മാറ്റി നോക്കി, ഒരു ഫോൺ അതിൽ വീഡിയോ റെക്കോർഡിംഗ് നടന്നു കൊണ്ടിരിക്കുന്നു.
ആ ഫോൺ ആരുടേതാതാണ് എന്നറിഞ്ഞതും അവൾക്ക് കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി.
അവൾ വേഗം റെക്കോർഡിംഗ് ഓഫ് ചെയ്ത്, വീഡിയോ ഡിലീറ്റ് ചെയ്തു.
പാലൂട്ടി വളർത്തിയ സ്വന്തം മകനാണ് ഇന്ന് അമ്മയുടെ നഗ്നത പകർത്താൻ നോക്കുന്നത്.
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി,
ഒഴുകിപ്പരക്കുന്ന കണ്ണുനീർ പോലും അവളെ ഒരുവേള പരിഹസിക്കുന്നത് ആയി അവൾക്ക് തോന്നി. സർവ്വവും നഷ്ടപ്പെട്ടവളെപ്പോലെ വെറും തറയിൽ കൂനിക്കൂടി ഇരിക്കുമ്പോഴാണ് അമ്മേ എന്ന് വിളിച്ച് അഞ്ചുവയസ്സുകാരി ചക്കി മോൾ ഓടി വന്നത്.
മോളെ കണ്ടതും അവൾ മുഖം അമർത്തി തുടച്ചു.
അമ്മേ , അമ്മ കരയുവാണോ?
അല്ല മോളെ, വല്ലാത്ത തലവേദന.മോള് പോയി കളിച്ചോ.
ആം…ചക്കി മോൾ പുറത്തേക്കു പോയി.
ഓഫീസിലെ ജോലിയും, വീട്ടുപണിയും, കുട്ടികളുടെ കാര്യവും, താൻ ഒറ്റയ്ക്ക് വല്ലാതെ കഷ്ടപ്പെടുന്നുണ്ട്. ഏട്ടൻ ജോലി സ്ഥലത്ത് നിന്നും ആഴ്ചയിലൊരിക്കലേ വീട്ടിൽ വരൂ…
എല്ലാം രാജീവിനെ വിളിച്ചു പറഞ്ഞാലോ എന്ന് വിചാരിച്ച് അവൾ ഫോൺ എടുത്തു, പക്ഷെ എന്തോ ഓർത്തെന്ന പോലെ പെട്ടന്നവൾ ഫോൺ വച്ചു. ഏറ്റവും സൂക്ഷ്മതയോടെ മാത്രം കൈകാര്യം ചെയ്യേണ്ട വിഷയമാണിത് കൗമാരത്തിലേക്ക് കടക്കുന്ന മകനാണ്,
ആകാംക്ഷയുടെ മുൾമുനയിൽ നിൽക്കുന്ന പ്രായം അതുകൂടി കണക്കാക്കേണ്ടതാണ്, അവനെ നാളെ അമ്മയുടെ പോലും നഗ്നത തിരഞ്ഞ ഒരുവനായി ആരും വിലയിരുത്തുന്നത് തനിക്ക് സഹിക്കാൻ കഴിയില്ല.
അവൻ തെറ്റ് ചെയ്തെങ്കിൽ അതിനു താനും രാജീവും ഒരു കാരണമല്ലേ ? . ഞാൻ എപ്പോഴും എന്റേതായ തിരക്കുകളിൽ ആയിരുന്നു,
രാജീവ് ആവട്ടെ വീട്ടിൽ വന്നാൽ സദാസമയവും ഫോണിലാണ്. രാജീവിനെ മാത്രം കുറ്റം പറയാനൊക്കില്ല തിരക്കുകൾ ഒഴിയുമ്പോൾ താനും അങ്ങനെ തന്നെയാണ്.
അവൾ മകന്റെ മുറിയിലേക്ക് നടന്നു.
അവൻ ലാപ്ടോപ്പിന് മുന്നിലാണ്.
അവനെ കണ്ടതും, അവനൊരു അപരിചിതനായ പുരുഷനാണെന്നും, തന്റെ ഉള്ളിൽ അവനോട് വെറുപ്പ് നുരയുന്നുണ്ടെന്നും അവൾക്ക് തോന്നി.
അവളുടെ കാൽപെരുമാറ്റം കേട്ടതും അവൻ ലാപ്ടോപ് എടുത്തു വെച്ചു.
സ്കൂളിൽ നിന്നും വന്നിട്ട് നീ എന്തെങ്കിലും കഴിച്ചായിരുന്നോ?
ഇല്ലമ്മേ വിശപ്പില്ല.
ഒന്നും അറിയാത്ത പോലെ അവൾ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി.
അമ്മ എന്നാണവൻ വിളിച്ചത്. കുഞ്ഞു നാവു കൊണ്ട് ആദ്യമായവൻ അമ്മേ എന്ന് വിളിച്ചപ്പോൾ കണ്ണ് നിറഞ്ഞ ആ ധന്യമുഹൂർത്തം അവൾ ഓർത്തു, ആ മകനാണ് ഇന്ന് അമ്മയുടെ നഗ്നത തിരഞ്ഞത്. ഒന്നു പൊട്ടിപ്പിളർന്ന് കരയാൻ കരൾ തുടിക്കുന്നുണ്ട്, പക്ഷേ പാടില്ല….
അവൾ ഓർക്കുകയായിരുന്നു. താൻ മക്കളുടെ കാര്യത്തിൽ ശ്രെദ്ധക്കുറവ് കാണിച്ചില്ലേ എന്ന്. രാജീവ് എപ്പോഴും പറയാറുണ്ടായിരുന്നു, നമ്മൾ ജോലി കഴിഞ്ഞ് എത്തുന്നത് വരെ കുട്ടികൾ ഒറ്റക്കല്ലേഅച്ഛനെയും അമ്മയെയും കൊണ്ടുവരാം അവരും അവിടെ തനിച്ചല്ലേ എന്ന്.
പക്ഷെ രാജീവിന്റെ അച്ഛനെയും അമ്മയെയും തങ്ങൾക്കൊപ്പം കൊണ്ടുവന്ന് നിർത്തുന്നതിൽ തനിക്ക് എതിർപ്പുണ്ടായിരുന്നു. രാജീവിനും തനിക്കും ഇടയിൽ മറ്റാരും ഉള്ളത് തനിക്ക് ഇഷ്ടമായിരുന്നില്ല. നാട്ടിലെ വീട്ടിൽ അവരെ ഒറ്റയ്ക്കാക്കിയിട്ട് പോരാൻ രാജീവിന് വിഷമം ഉണ്ടെങ്കിലും തന്റെ ഇഷ്ടക്കേട് ഓർത്താണ് രാജീവ് അവരെ കൂടെ കൂട്ടാത്തത്.
ഇവിടെ തങ്ങളുടെ പുതിയവീട്ടിൽ പരസ്പരം പ്രണയിച്ചും പരിഭവം പറഞ്ഞുമൊക്കെ ജീവിക്കുന്നതിനിടയിലാണ് ആദ്യത്തെ കണ്മണി യായ് അപ്പു പിറന്നത് അതോടെ ജീവിതത്തിൽ സന്തോഷം മാത്രം നിറഞ്ഞു.
അവനുണ്ടായി ഒൻപത് വർഷം കഴിഞ്ഞാണ് ചക്കി മോൾ ജനിച്ചത്, അപ്പുവിന് അവളെ ജീവനാണ്, ഒരു സ്ത്രീയെന്ന നിലയിലും അമ്മയെന്ന നിലയിലും താൻ അഭിമാനിക്കുക യായിരുന്നു, പക്ഷേ തോറ്റു പോയിരിക്കുന്നു. മകനെ നല്ലരീതിയിൽ വളർത്തിക്കൊണ്ടു വരുന്നതിൽ തനിക്ക് പിഴച്ചിരിക്കുന്നു.
ഇല്ല തോൽക്കാൻ തനിക്ക് മനസ്സില്ല, തന്റെ മകന്റെ ഭാവി തന്റെ കയ്യിലാണ്.
പിറ്റേന്ന് സ്കൂൾ ബസ് കാത്തുനിൽക്കുന്ന മക്കൾക്കരിലെത്തി, ചക്കി മോളെ മാത്രം ബസ്സിൽ കയറ്റി വിട്ടിട്ട്, അമ്മയ്ക്ക് തലവേദനയാണ് ആശുപത്രിയിൽ പോകണം എന്ന് പറഞ്ഞ് അപ്പൂനെ അവൾ തന്റെ കൂടെ കൂട്ടി,
തന്റെ പ്രിയ കൂട്ടുകാരിയാണ് ഗൗതമി നാലാൾ അറിയുന്ന ഒരു കൗൺസിലർ കൂടിയാണവൾ,
അവൾക്ക് അരികിലേക്ക് അവനെ കയറ്റി വിട്ട്, പുറത്തെ കസേരയിലേക്ക് ഇരുന്നതും അതുവരെ കാണിച്ച ധൈര്യം ചോർന്നു പോകുന്നതു പോലെ അവൾക്കു തോന്നി.
ഇന്നലെ ഒരല്പം പോലും തനിക്ക് ഉറങ്ങാൻ കഴിഞ്ഞിട്ടില്ല രാജീവിനോട് ഒന്നും പറയേണ്ടതില്ല എന്ന് അവൾ തീർച്ചപ്പെടുത്തിയിരുന്നു അദ്ദേഹത്തിന് ചിലപ്പോൾ അത് സഹിക്കാനായില്ല എന്ന് വരും. മകൻ ഇങ്ങനെ ഒരു പ്രവർത്തി ചെയ്തു എന്നറിഞ്ഞാൽ അദ്ദേഹം ഒരിക്കലും താങ്ങില്ല.
സമയം കടന്ന് പോയി.
ഏറേ നേരം കഴിഞ്ഞ് ഗൗതമിയോടൊപ്പം പുറത്തേക്കിറങ്ങി വന്ന അപ്പു ഓടിവന്ന് കെട്ടിപ്പിടിച്ച് ഏങ്ങലടിച്ചു കരയുമ്പോൾ അവൻ ആ പഴയ കൊച്ചുകുഞ്ഞാണെന്ന് അവൾക്ക് തോന്നി.
സോറി അമ്മേ…അവൻ കരച്ചിലോടെ പറഞ്ഞു.
സാരമില്ല മോൻ വണ്ടിയിൽ പോയിരുന്നോ, അമ്മ ഇപ്പോൾ വരാം.
അവൻ പോയതും നയന ഗൗതമിയുടെ തോളിലേക്ക് ഒരു അഭയമെന്നോണം തല ചേർത്തുവച്ചു , ഗൗതമി അവളെ ചേർത്തു പിടിച്ചു.
നയനേ.. അവനിപ്പോൾ നിന്റെ ആ കുസൃതിക്കാരനായ അപ്പു തന്നെയാണ്.
ആദ്യം അവൻ ഭയങ്കര തന്റേടത്തോടെ, എന്നോട് പറഞ്ഞത് എന്താണെന്ന് അറിയാമോ, ഇത് ഹോർമോൺ വ്യതിയാനം കൊണ്ട് ഉണ്ടാകുന്നതാണ് അല്ലാതെ ഇതെന്റെ കുറ്റമൊന്നും അല്ലെന്ന്.
അവന്റെ സംസാരം കേട്ടപ്പോൾ രണ്ട് പൊട്ടിക്കാൻ എന്റെ കൈ തരിച്ചതാ, പക്ഷെ അവൻ പറഞ്ഞതിൽ അൽപ്പം കാര്യം ഉണ്ട്.
ഒത്തിരി ക്ഷമയോടെ, അവന്റെ സുഹൃത്ത് എന്നപോലെതന്നെ ചേർത്തുനിർത്തി, ആകാംഷയും, അവന്റെ പ്രായവും ഒരു കാരണമാണ് എങ്കിലും അവന്റെ സുഹൃത്തുക്കളുടെ ഇടപെടൽ കാര്യമായുണ്ട്. അത്രയേറെ അവന്റെ മനസിനെ അവർ ദുരുപയോഗം ചെയ്തിട്ടുണ്ട്. . ഇപ്പോൾ അവനെ തിരുത്താൻ എനിക്ക് പറ്റി, പക്ഷേ അവനെ കുറ്റപ്പെടുത്തിക്കൊണ്ട് ഇതിനെ കുറിച്ച് ഒരു ചർച്ച ഇനി ഉണ്ടാകരുത്. കൂടാതെ ഞാൻ വിളിക്കുമ്പോൾ ഒന്ന് രണ്ടു തവണ കൂടെ നീ അവനെ ഇവിടെ കൊണ്ടുവരുകയും വേണം.
അവൾ തലയാട്ടി,
അത് മാത്രം പോര നയനാ…നമ്മൾ പല വർത്തകളും കേൾക്കാറില്ലേ, കാമുകനൊപ്പം പോകാൻ സ്വന്തം കുഞ്ഞിനെ കൊല്ലുന്ന അമ്മമാരെക്കുറിച്ച്, കാമുകിക്ക് വേണ്ടി ഭാര്യയെ കൊല്ലുന്ന ഭർത്താവിനെ കുറിച്ച്.പോറ്റിവളർത്തിയ അച്ഛനമ്മമാരെ വൃദ്ധസദനത്തിൽ ആക്കുന്ന മക്കളെക്കുറിച്ച്.
സ്നേഹമോ, കടപ്പാടോ, ബഹുമാനമോ ഒന്നുമില്ലാത്ത ഒരു കാലഘട്ടത്തിൽ ആണ് നമ്മൾ, എല്ലാരും അങ്ങനെ ആണെന്നല്ലടീ ഞാൻ പറഞ്ഞു വരുന്നത്. നമ്മുടെ കുടുംബം വഴിപിഴച്ചു പോകാതെ നമുക്ക് നോക്കാൻ കഴിയണം. മോന്റെ കാര്യത്തിൽ എപ്പോഴും ഒരു ശ്രെദ്ധ ഉണ്ടാകണം.
ഉം.. ശരി, ഞാൻ പോട്ടേടീ അവൾ ഗൗതമിയോട് യാത്ര പറഞ്ഞിറങ്ങി.
വീട്ടിൽ എത്തിയതും അവൾ ആദ്യം ചെയ്തത് അവളുടെ ഫോൺ ലോക്ക് മാറ്റുകയാണ്, എന്തിനാണ് ഒരു വീട്ടിൽ ഇത്ര സ്വകാര്യത…
അവൾ അപ്പുവിന്റെ ലാപ്ടോപ് എല്ലാവർക്കും ഉപയോഗിക്കാവുന്ന തരത്തിൽ ലിവിങ് റൂമിൽ കൊണ്ട് വച്ചു.
അന്ന് വൈകുന്നേരം മക്കൾക്ക് ഏറെ ഇഷ്ട്ടമുള്ള പരിപ്പുവട ഉണ്ടാക്കിക്കൊണ്ട് നിൽക്കുമ്പോഴാണ് അപ്പു അവൾക്ക് മുന്നിൽ എത്തി ഫോൺ അവൾക്ക് നേരെ നീട്ടിയത്
എന്താ മോനെ ഇത് ?
അമ്മേ… എനിക്കിനി ഫോൺ വേണ്ട.
വേണ്ട മോനേ നിന്റെ കയ്യിൽ തന്നെ ഇരുന്നോട്ടെ ഇന്നത്തെ കാലത്ത് ഇതൊന്നുമില്ലാതെ പറ്റില്ല. പക്ഷെ ഉപയോഗിക്കുന്നത് നല്ലതിന് വേണ്ടിയാകണം
ഉം… അവൻ മൂളി.
പിറ്റേന്ന് ഒരു ശനിയാഴ്ച ആയിരുന്നു.
മോനെ..അപ്പൂ, ചക്കി മോളെ നോക്കിക്കോണം അമ്മ ഒരിടം വരെ പോയിട്ട് വരാം.
അവൾ കാർ എടുത്ത് പുറത്തേക്കു പോയി.
ഏതാണ്ട് ഉച്ചയോടെ അവൾ മടങ്ങി വന്നു. കാറിൽ അവളോടൊപ്പം രാജീവിന്റെ അച്ഛനും അമ്മയും ഉണ്ടായിരുന്നു.
മുത്തശ്ശനേയും മുത്തശ്ശിയേയും കണ്ട് അപ്പുവും ചക്കി മോളും ഓടി വന്നു കെട്ടിപ്പിടിച്ചു.
ആ വീടാകെ ഉണർന്നതായി നയനക്ക് തോന്നി.
വൈകുന്നേരം വരുമ്പോൾ രാജീവിന് സർപ്രൈസ് ആകും.
ഇന്ന് എല്ലാവർക്കും ഇഷ്ട്ടപ്പെട്ട മട്ടൻ ബിരിയാണി ഉണ്ടാക്കണം.
അവൾ ഡ്രസ്സ് മാറ്റി അടുക്കളയിലേക്ക് നടന്നു.
****************
ചക്കി മോളുടെ ഉറക്കെയുള്ള ചിരി കേട്ട് അവൾ പുറത്തേക്ക് ചെന്നു നോക്കി, ചക്കി മോളുടെ ദേഹത്ത് വെളിച്ചെണ്ണ തേച്ചുപിടിപ്പിച്ചിട്ടുണ്ട് മാറത്ത് വച്ച് ഒരു തോർത്ത് ഉടുപ്പിച്ചിട്ടുണ്ട്, അമ്മ വെള്ളം കോരി അവളുടെ തലയിലൂടെ ഒഴിക്കുമ്പോൾ, അവൾ വെള്ളം തട്ടിത്തെറിപ്പിച്ച് അപ്പുവിന്റെ ദേഹത്തേക്ക് തെറിപ്പിക്കുന്നു. അച്ഛൻ അതുകണ്ട് പൊട്ടിച്ചിരിക്കുന്നു.
അവൾക്ക് തന്റെ മനസ് നിറയുന്നത് പോലെ തോന്നി.
ഇത്ര നാൾ സ്കൂളിൽ നിന്ന് വന്നാൽ രണ്ടാളും ഫോണിലായിരിക്കും.
രണ്ടാളും ബഹളം ഉണ്ടാക്കുന്നില്ലല്ലോ എന്ന് കരുതി താൻ ഒന്നും പറയാറും ഇല്ല.
ഇപ്പോൾ വീടിന് ജീവൻ വെച്ചിരിക്കുന്നു ചിരിയും ബഹളവും കൊണ്ട് വീട് നിറഞ്ഞിരിക്കുന്നു.
വൈകുന്നേരം രാജീവ് വന്നതും അയാൾ അത്ഭുതപ്പെട്ടുപോയി.
രാത്രിയിൽ മുറിയിലെത്തിയ അവളുടെ പിൻകഴുത്തിൽ അമർത്തി ചുംബിച്ച് അവളെ രാജീവ് ബലമായി തന്റെ മടിയിലേക്കിരുത്തി.
എന്ത് പറ്റി? നമുക്കിടയിൽ മറ്റാരും വേണ്ടാ എന്ന് വാശി പിടിച്ചിരുന്നവൾ, എന്നോട് പോലും പറയാതെ പോയി അച്ഛനെയും അമ്മയെയും വിളിച്ചു കൊണ്ട് വന്നത്?
എന്റെ തെറ്റ് ഞാൻ തിരുത്തി രാജീവ്…. നമ്മുടെ മക്കൾ മുത്തശ്ശന്റെയും മുത്തശ്ശിയുടേയും നന്മകൾ കണ്ടു പഠിക്കട്ടെ, സ്നേഹവും ബഹുമാനവും കണ്ടു പഠിക്കട്ടെ. ഇന്നിപ്പോൾ നോക്ക് രാജീവ്…. മുത്തശ്ശി പറഞ്ഞ കഥയും കേട്ടാണ് മോൾ ഉറങ്ങിയത്.
മോനും അച്ഛനും ഇപ്പോഴും ഹാളിൽ ഇരുന്ന് ചെസ്സ് കളിക്കുകയാണ്.
ഇപ്പോൾ ഇവിടം സ്നേഹം കൊണ്ട് നിറഞ്ഞിരിക്കുകയാണ് രാജീവ്.
നമുക്ക് നമ്മുടെ കുട്ടികളെ വേണ്ട വിധത്തിൽ ശ്രെദ്ധിക്കാനോ അവർക്ക് വേണ്ടസ്നേഹം കൊടുക്കാനോ സമയം കണ്ടെത്താൻ കഴിഞ്ഞില്ല. പണം, ജോലി അത് മാത്രമായിരുന്നു നമുക്ക് വലുത്. അവർക്ക് നല്ലത് പറഞ്ഞു കൊടുക്കുവാൻ, അവർക്ക് മാതൃക ആകുവാൻ നമുക്ക് കഴിഞ്ഞില്ല.
ഉം… രാജീവ് മൂളി.
എന്തിനേറെ പറയുന്നു, ഞാനും രാജീവും പോലും മനസ് തുറന്ന് ഒന്ന് സംസാരിച്ചിട്ട് പോലും എത്ര കാലങ്ങൾ ആയി.
ശരിയാടോ മക്കളെ പോലും സ്നേഹിക്കാൻ ഞാനും സമയം കണ്ടെത്തിയിട്ടില്ല.
ഒരു വീട്ടിൽ മനസ് കൊണ്ടകന്ന് യാന്ത്രികമായി ജീവിക്കുകയായിരുന്നു നമ്മൾ അല്ലേ രാജീവ്?
അതെ, ഇപ്പോഴാണ് ഇതൊരു വീടായത്. ഇനിയെന്നും ഇങ്ങനെ തന്നെ ആയിരിക്കണം. നമ്മുടെ മക്കൾക്ക് നമ്മൾ ആയിരിക്കണം മാതൃക.
ഇത്ര നാൾ ഞാൻ നമ്മുടെ അച്ഛനെയും അമ്മയെയും അകറ്റി നിർത്തിയത് രാജീവിന്റെ സ്നേഹം ആരും പങ്കിട്ടെടുക്കുന്നത് എനിക്ക് സഹിക്കാൻ ആവില്ലാത്തത് കൊണ്ടായിരുന്നു.
രാജീവ് ഒരു ഭർത്താവ് മാത്രമല്ല, ഒരു മകനും കൂടിയാണ് എന്നത് ഞാൻ മനഃപൂർവം മറന്നു.
പണ്ടൊക്കെ വീടുകളിൽ വയസായവർ ഉണ്ടെങ്കിൽ അവരുടെ ഒരു കണ്ണ് എപ്പോഴും വീട്ടിലുള്ള കുഞ്ഞുങ്ങളുടെ മേൽ ഉണ്ടാകും, തള്ളക്കോഴി കുഞ്ഞിനെ എന്ന പോലെ അവർ എപ്പോഴും കുട്ടികളെ ശ്രെദ്ധിക്കും. പഴങ്കഥകളും, നന്മകളും അറിഞ്ഞ് ഓരോ കുഞ്ഞുങ്ങളും വളരും. ഞാനായിട്ട് നമ്മുടെ മക്കളുടെ ആ ഭാഗ്യം ഇല്ലാതാക്കി.
സാരമില്ലടോ ഇപ്പോൾ അവർ നമുക്കൊപ്പം ഇല്ലേ. സ്നേഹവും, കൊച്ചു കൊച്ചു പിണക്കങ്ങളുമായി നമുക്കങ്ങ് ജീവിക്കാമെന്നേ..
അവൾ ആശ്വാസത്തോടെ അവന്റെ തോളിലേക്ക് മുഖമമർത്തി അവനോടു ചേർന്നിരുന്നു.
(ഒരു കൗൺസിലർ പങ്കെടുത്ത അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ഞാൻ കഥ ആക്കിയെന്നേ ഉള്ളൂ . ആൺമക്കൾ ഉള്ള അമ്മമാർക്ക് ഇത് വായിച്ചാൽ ഒരു പക്ഷെ ഇഷ്ട്ടപ്പെടില്ലായിരിക്കും.)