(രചന: ഹേര)
“എനിക്കെന്തിനാ ഇപ്പൊ വിവാഹം… എനിക്ക് പഠിക്കണം. പഠിച്ച് കഴിഞ്ഞു മതി എനിക്കൊരു കല്യാണം.”
അച്ഛന്റെ മുഖത്തു നോക്കി ധൈര്യം സംഭരിച്ചു മീര പറഞ്ഞു.
“നിന്നെ ഡിഗ്രി വരെ പഠിപ്പിച്ചത് തന്നെ നിന്റെ ജാതകത്തിൽ ഇരുപത്തി ഒന്ന് ആയാലേ വിവാഹം നടത്താവൂ എന്നുള്ളത് കൊണ്ടാ. അല്ലെങ്കിൽ തന്നെ പെൺകുട്ടികളെ ഒരുപാട് പഠിപ്പിച്ചിട്ട് വീട്ടുകാർക്ക് എന്താ ഗുണം.
നീയൊക്കെ ജോലി ചെയ്ത് കിട്ടുന്ന കാശ് കണ്ടവന്റെ വീട്ടിലേക്കല്ലേ കൊണ്ട് പോകു. നിന്നെ കെട്ടുന്നവന് നിന്നെ ജോലിക്ക് വിടാൻ ആഗ്രഹം ഉണ്ടെങ്കിൽ അവൻ പഠിപ്പിക്കട്ടെ.”
“അച്ഛാ പ്ലീസ്… ഇങ്ങനെയൊന്നും പറയരുത്.”
“പിന്നെ എങ്ങനെ പറയാണോന്നാ… അടുത്ത ആഴ്ച ഒരു കൂട്ടർ വരുന്നുണ്ട്. അവർക്ക് നിന്നെ ഇഷ്ടപ്പെട്ടാൽ അടുത്ത മുഹൂർത്തത്തിൽ കല്യാണം. നിന്നെ ഇറക്കി വിട്ടിട്ട് വേണം അടുത്തവളെ കെട്ടിക്കാൻ.
അതുകൊണ്ട് മോള് കൂടുതൽ തർക്കിക്കാൻ നിൽക്കാതെ അമ്മയോട് ചോദിച്ചു അടുക്കള പണികളൊക്കെ പഠിക്ക്. പെൺപിള്ളേർ പഠിക്കേണ്ടത് ഒരു വീട് എങ്ങനെ കൊണ്ട് പോണോന്നാ… അല്ലാതെ ബുക്കിലുള്ളത് പുഴുങ്ങി തിന്നാൽ കുടുംബം നടത്താൻ പറ്റില്ല.” അത്രയും പറഞ്ഞു കൊണ്ടയാൾ പുറത്തേക്ക് ഇറങ്ങി പോയി.
അച്ഛൻ പോകുന്നതും നോക്കി കണ്ണ് നിറച്ച് അവൾ നിന്നു.
കൂലിപ്പണിക്കാരനായ ശശിയുടെയും വീട്ടമ്മയായ ശാരദയുടെയും മൂത്ത മകളാണ് മീര. ഇളയവൾ മീന, അവൾക്ക് താഴെ ഒരനിയൻ മിഥുൻ. മീന പ്ലസ് വണ്ണിലും മിഥുൻ എട്ടാം ക്ലാസ്സിലുമാണ് പഠിക്കുന്നത്.
“അമ്മയ്ക്കെങ്കിലും അച്ഛനോടൊന്ന് പറയാമായിരുന്നില്ലേ.” കരഞ്ഞു കൊണ്ടാണ് മകൾ അമ്മയുടെ അടുത്ത് പരാതിയുമായി ചെന്നത്.
“നിന്റെ അച്ഛൻ ആര് പറഞ്ഞാലും കേൾക്കാത്തൊരു മനുഷ്യനാ. അങ്ങേരെ ചിലവിൽ ഉണ്ടുറങ്ങി കഴിയുമ്പോൾ ഇതൊക്കെ അനുസരിച്ചേ പറ്റു. നീ ചെന്ന് കേറുന്ന വീട്ടിലെങ്കിലും ഇങ്ങനെ ആവരുതെന്ന് പ്രാർത്ഥിക്ക്. ഒരു ജോലിക്ക് പോകാൻ പറ്റിയാൽ ഭാഗ്യം. അതിനൊന്നും വിടാത്തവൻ ആണെങ്കിൽ എന്റെ ഗതി തന്നെയാകും നിനക്കും.”
അമ്മയുടെ മറുപടി അവളെ കൂടുതൽ നിരാശയിലാക്കി. നിറ കണ്ണുകളോടെ മീര മുറിയിലേക്ക് പോയി. പിന്നീട് അവളുടെ ചിന്ത മുഴുവനും കല്യാണം കഴിഞ്ഞുള്ള ജീവിതത്തെ കുറിച്ചായിരുന്നു.
എന്തായാലും അച്ഛൻ പറഞ്ഞത് പോലെ സ്വന്തമായി പലചരക്കു കട നടത്തുന്ന സതീശന്റെ ആലോചന അവൾക്ക് വന്നു. അവളെ വന്ന് പെണ്ണ് കണ്ട് പോയവർക്ക് മീരയെ ഇഷ്ടമായി.
വരുന്ന ചിങ്ങത്തിൽ കല്യാണത്തിനുള്ള തീയതി കുറിക്കപ്പെട്ട് രണ്ട് പേരുടേം മോതിര മാറ്റം നടത്തി. നിശ്ചയം കഴിഞ്ഞപ്പോൾ സതീശൻ അവൾക്കൊരു മൊബൈൽ ഫോൺ കൊണ്ട് കൊടുത്തു. മീരയ്ക്ക് സ്വന്തമായി മൊബൈൽ ഇല്ലാത്തത് കൊണ്ട് സതീശന് അവളെ വിളിച്ചു സംസാരിക്കാൻ വേണ്ടിയാണ് അവനവൾക്ക് ഫോൺ സമ്മാനിച്ചത്.
തന്റെ വിധി ഇതാണെന്ന് മനസ്സിലാക്കി അവളതുമായി പൊരുത്തപ്പെടാൻ തീരുമാനിച്ചു. ഒരു വിവാഹ ജീവിതം ഉടനെ വേണ്ടെന്ന് വിചാരിച്ചു പഠിക്കാൻ ആഗ്രഹിച്ചു നടന്നവൾക്ക് അതൊക്കെ മറക്കേണ്ടി വന്നു. സതീശനെ മനസ്സ് കൊണ്ട് ഇഷ്ടപ്പെടാൻ അവളും ശ്രമിച്ചു തുടങ്ങി.
നിശ്ചയം കഴിഞ്ഞ ശേഷം രാത്രി പലചരക്കു കട പൂട്ടി വന്ന് കഴിഞ്ഞുള്ള സമയം ദിവസേന സതീശൻ മീരയെ വിളിക്കുന്നത് പതിവായി. അയാൾക്ക് വീട്ടിൽ അച്ഛനും അമ്മയും ഒരു അനിയത്തിയുമാണ് ഉള്ളത്. അവളുടെ വിവാഹം കഴിഞ്ഞിട്ടില്ല. പത്താം ക്ലാസ്സിലാണ്. അച്ഛന്റെ കടയിലാണ് സതീശനും നിൽക്കുന്നത്. അവന് വയസ്സ് ഇരുപത്തി ഏഴ് കഴിഞ്ഞു.
ഇരുവരും ഫോൺ വിളിയും സംസാരവും തുടങ്ങിയപ്പോൾ മീര വിവാഹം കഴിഞ്ഞും തന്നെ പഠിക്കാൻ വിടണം പഠിക്കാൻ ഒത്തിരി ഇഷ്ടമാണെന്നൊക്കെ അവനോട് പറയും.
അത് കേൾക്കുമ്പോൾ അതൊക്കെ കല്യാണം കഴിഞ്ഞുള്ള കാര്യമല്ലേ. അത് അപ്പോൾ നോക്കാമെന്ന് അവൻ മറുപടി പറയും. ആ മറുപടിയിൽ ഒരു പ്രതീക്ഷ വച്ച് പുലർത്തി അവൾ ദിവസങ്ങൾ തള്ളി നീക്കി.
കാത്ത് കാത്തിരുന്ന് അവരുടെ വിവാഹ ദിവസം വന്നെത്തി. അമ്പലത്തിൽ വച്ച് ചെറിയ രീതിയിൽ ഒരു താലിക്കെട്ടും സദ്യയും കഴിഞ്ഞു മീര ഭർത്താവിനൊപ്പം യാത്രയായി.
സ്വന്തം വീട്ടിൽ നിന്ന് പോകുമ്പോൾ അവൾക്ക് പ്രത്യേകിച്ച് വിഷമം ഒന്നും തോന്നിയില്ല. വീട്ടുകാർ ഒരു ഭാരം ഇറക്കി വച്ചത് പോലെ സന്തോഷത്തോടെ പറഞ്ഞു വിടുമ്പോൾ അവർക്കില്ലാത്ത ദുഃഖം തനിക്ക് എന്തിനാണ് എന്നാണവൾ ചിന്തിച്ചത്.
ആദ്യരാത്രി പാലുമായി സതീശന്റെ മുറിയിലേക്ക് ചെല്ലുമ്പോൾ അവളിൽ ഒരു വിറയൽ പടർന്നിരുന്നു. മധുവിധു രാത്രിയെ കുറിച്ച് അവൾക്ക് അത്ര വലിയ അറിവൊന്നുമില്ല. ആരും അവൾക്ക് വിശദമായിട്ടൊന്നും പറഞ്ഞ് കൊടുത്തിട്ടില്ലായിരുന്നു.
ഭർത്താവിന്റെ ഇഷ്ടങ്ങൾ കണ്ടറിഞ്ഞു പെരുമാറണം പെണ്ണിന്റെ ശരീരത്തിൽ താലി കെട്ടിയവനാണ് അവളിൽ പൂർണ്ണ അവകാശം അതുകൊണ്ട് ഭർത്താവ് എന്ത് ചെയ്താലും എല്ലാം സമ്മതിച്ചു കൊടുക്കണം എതിർത്ത് നിൽക്കരുത് എന്നൊക്കെയാണ് മീരയ്ക്ക് അമ്മ പറഞ്ഞ് കൊടുത്തിട്ടുള്ളത്.
മുറിയിലേക്ക് വരുന്ന പുതുപെണ്ണിനെ കണ്ട് സതീശൻ മെല്ലെ എഴുന്നേറ്റു. വാതിലടച്ച് അവൾക്കരികിൽ വന്ന് നിന്ന് അവൾ നീട്ടിയ ഗ്ലാസ് വാങ്ങി ചുണ്ടോട് ചേർത്തു. പകുതിയോളം പാല് കുടിച്ച ശേഷം ബാക്കി മീരയ്ക്ക് കൊടുത്തു. പതർച്ചയോടെ അത് വാങ്ങി ഗ്ലാസിൽ ബാക്കിയുണ്ടായിരുന്ന പാൽ അവൾ കുടിച്ചു.
“താനെന്താ അവിടെ തന്നെ നിന്ന് കളഞ്ഞത്. ഇവിടെ എന്റെ അടുത്ത് ഇരിക്കെടോ. നമ്മളിപ്പോ ഭാര്യാ ഭർത്താക്കന്മാർ അല്ലേ. പിന്നെ എന്തിനാ ഈ പേടിയും വെപ്രാളവും.” അടുത്തിരിക്കാൻ മടിച്ച് നിന്നവളുടെ കൈയ്യിൽ പിടിച്ച് തന്റെ അടുത്തായി സതീശൻ ഇരുത്തി.
അവൻ കൈകളിൽ പിടിച്ച മാത്രയിൽ അവളിലൊരു ഉൾക്കിടിലമുണ്ടായി. ഒരേക്കത്തോടെ മീര അവന്റെ അടുത്ത് ശ്വാസം മുട്ടി ഭയന്നിരിക്കും പോലെ ഇരുന്നു.
സതീശൻ അവളെ ആകെ മൊത്തം ഒന്ന് നോക്കി. അവന്റെ നോട്ടത്തിൽ അവൾ ചൂളി ചുരുങ്ങി പോയി. മീരയുടെ ഇരിപ്പും മുഖത്ത് മിന്നി മറയുന്ന ഭാവങ്ങളും കണ്ടപ്പോൾ അവൾ നല്ല പേടിച്ചിരിക്കുകയാണെന്ന് അവന് മനസ്സിലായി.
സതീശൻ മെല്ലെ അവളുടെ തോളിൽ കൈവച്ചു. ആദ്യമായി ഒരു അന്യ പുരുഷന്റെ സ്പർശനം ഏറ്റ മാത്രയിൽ മീരയിലൊരു വിറയൽ പടർന്നു. തനിക്ക് മുഖം തരാതെ മുഖം കുനിച്ചിരിക്കുന്നവളുടെ താടി തുമ്പിൽ പിടിച്ച് അവനവളുടെ മുഖമുയർത്തി. മീരയുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു.
“എന്നെ… എന്നെയൊനന്നും ചെയ്യല്ലേ സതീശേട്ടാ… എനിക്ക്… എനിക്കൊന്നും അറിയില്ല… ഈ വീടുമായും ഏട്ടനുമായും പൊരുത്തപ്പെടാൻ എനിക്ക് കുറച്ചു സമയം വേണം. എന്നെ ഉപദ്രവിക്കരുത്. കുറച്ചു സാവകാശം തന്നാൽ മാത്രം മതി. എല്ലാ അർത്ഥത്തിലും ഏട്ടന്റെ ഭാര്യയായി മാറിക്കോളാം ഞാൻ.” പെട്ടന്ന് അവന്റെ കൽക്കലേക്ക് വീണ് മീര പൊട്ടിക്കരഞ്ഞു.
ആദ്യരാത്രി തന്നെ തന്റെ കാലിൽ വീണ് കെഞ്ചി കൊണ്ട് പുതുപ്പെണ്ണ് പറയുന്നത് കേട്ട് സതീശൻ ഞെട്ടി.
“ഏയ്.. താനെന്നെ ഒരു കാമ പ്രാന്തനായിട്ടാണോ കണ്ടേക്കണേ. ആദ്യ ദിവസം തന്നെ ഭാര്യയെ അവളുടെ സമ്മതമില്ലാതെ കയറിപ്പിടിക്കാൻ മാത്രം വൃത്തികെട്ടവനല്ല ഞാൻ. തനിക്ക് ആവശ്യമുള്ള സമയം താനെടുത്തോ. തന്റെ സമ്മതമില്ലാതെ ഞാനൊന്നും ചെയ്യില്ല. ആദ്യം താനെന്റെ കാലിലെ പിടിവിട്ട് ഒന്ന് എണീക്ക്.” അവനവളെ സമാധാനിപ്പിച്ചു.
“എന്റെ സമ്മതമില്ലാതെ ഒന്നും ചെയ്യില്ലെന്ന് പറഞ്ഞത് സത്യമാണോ.?”
“സത്യം… താനീ കണ്ണൊക്കെ തുടയ്ക്ക്. നല്ലൊരു ദിവസമായിട്ട് ഇങ്ങനെ കരഞ്ഞിരിക്കല്ലേ, എനിക്ക് തന്നോട് ഒരു സന്തോഷ വാർത്ത പറയാനുണ്ട്.”
“എന്താ?” സന്തോഷ വാർത്തയെന്ന് കേട്ടതും അവൾ ആകാംക്ഷയോടെ ഭർത്താവിനെ നോക്കി.
“നിനക്ക് പഠിക്കാൻ പോണമെന്ന് പറയാറില്ലേ എപ്പഴും… മൂന്നു മാസം കൂടി കഴിഞ്ഞാൽ അടുത്ത അധ്യാന വർഷം തുടങ്ങും. ഇവിടെ അടുത്ത് തന്നെ ഒരു കോളേജുണ്ട്. നടന്ന് പോയി വരാനുള്ള ദൂരമേ ഉള്ളൂ.
നിനക്ക് അവിടെ അഡ്മിഷൻ ശരിയാക്കി തരുന്നുണ്ട്. എനിക്ക് പഠിക്കാൻ താല്പര്യമില്ലായിരുന്നു അതിനുള്ള ബുദ്ധിയും ഇല്ലായിരുന്നു. പക്ഷേ പഠിക്കാൻ ആഗ്രഹമുള്ള നീ വീട്ടിലിരിക്കാൻ പാടില്ല. എന്റെ ഭാര്യ പഠിച്ച് നല്ല മാർക്ക് ജോലിക്ക് പോകുന്ന കാണാനാ എനിക്കും ഇഷ്ടം.
അതുകൊണ്ട് നിന്റെ സ്വപ്നങ്ങളൊക്കെ നടക്കട്ടെ. എന്നെ കൊണ്ട് കഴിയുന്നത് ഞാൻ ചെയ്ത് തരാം. ഇക്കാര്യം ഈ ദിവസം തന്നെ പറയണമെന്നും ഇത് കേൾക്കുമ്പോഴുള്ള നിന്റെ സന്തോഷം നേരിട്ട് കാണണമെന്നും എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അതാണ് ഇത്രയും നാൾ നീ ഇതേപറ്റി പറയുമ്പോൾ നോക്കാമെന്ന് മാത്രം പറഞ്ഞിരുന്നത്.”
സതീശന്റെ വാക്കുകൾ കേട്ട് മീരയ്ക്ക് സന്തോഷം അടക്കാനായില്ല. അവളുടെ മുഖത്തെ സങ്കടമൊക്കെ മാറി ആയിരം പൂത്തിരി ഒരുമിച്ച് കത്തിച്ച സന്തോഷം പ്രകടമായി കാണാം.
അത്യധികം ആഹ്ലാദത്തോടെ മീര അവനെ ഇറുക്കി കെട്ടിപിടിച്ചു. അവനനും അവളെ ഇറുക്കെ പുണർന്നു തന്റെ നെഞ്ചോട് ചേർത്തു. തന്റെ മനസ്സറിഞ്ഞു പെരുമാറുന്ന ഭർത്താവിനെ ആണല്ലോ കിട്ടിയതെന്ന ആശ്വാസത്തിൽ അവളവന്റെ കരവലയത്തിനുള്ളിൽ സന്തോഷത്താൽ മതി മറന്ന് നിന്നു.