തന്റെ മകൻ കാരണം ഒരു പെണ്ണിന്റെ ഭാവി നശിച്ചിരിക്കുന്നു… ജീവിതം നശിച്ചിരിക്കുന്നു.. ഒന്നുമറിയാത്ത ഒരു

വഴിതെറ്റിയവൻ

(രചന: Rinna Jojan)

 

ഏട്ടാ രണ്ടു ദിവസത്തേക്കുള്ളതുമതിയോ ഡ്രസ്സ്…ആ മതിയെടീ….നീ ഇങ്ങനെ ഓടി നടക്കാതെ എവിടേലും ഒന്നിരിക്കെന്റെ ചിന്നൂ… എനിക്കാവശ്യമുള്ളതു ഞാനെടുത്തോളാം….

മകന്റെയും മരുമകളുടെയും സംസാരം കേട്ടുകൊണ്ടാണ് ശാരദ ടീച്ചർ റൂമിലേക്ക് വന്നത്…

മോനേ നാളെയാണ് ചിന്നു മോളെ ചെക്കപ്പിന് കൊണ്ടു പോവേണ്ട ദിവസം, നീ വന്നിട്ട് പോയാ മതിയോ?

എന്തിനാമ്മേ ഞാൻ…. അമ്മ അവളേ കൊണ്ടു പോയാ മതി… മകന്റെ സംസാരം കേട്ടപ്പോ ശാരദ ടീച്ചർ ഒരു പാട് സന്തോഷിച്ചു… അവരുടെ ചിന്തകളിലൂടെ മകന്റെ ഇന്നലെകൾ പുറത്തുചാടി….

അവന് പത്ത് വയസ്സുള്ളപ്പോഴാണ് ബസ്സപകടത്തിൽ സ്കൂൾ മാഷായ അവന്റെ അച്ഛൻ മരിക്കുന്നത്….. തനിക്ക് ജേലിയുള്ളത് കൊണ്ട് അല്ലലില്ലാതെ തന്നെ അവനെ വളർത്തി… പക്ഷേ എപ്പോഴോ അവൻ തന്റെ കൈവിട്ടു പോയി…

മദ്യപിച്ച് ക്ലാസിൽ കേറിയെന്നു പറഞ്ഞ് സ്കൂളിൽ നിന്ന് പുറത്താക്കിയപ്പോഴാണ് മകൻ കൈവിട്ട് പോയി എന്ന് ആദ്യമായി തിരിച്ചറിയുന്നത്..

പിന്നീട് പലരീതിയിലുള്ള കുറ്റങ്ങളും ആവർത്തിച്ചുകൊണ്ടിരുന്നപ്പോഴാണ് താനവനെ കൗൺസിലിങ്ങിന് കൊണ്ടുപോയത്…. തുടർച്ചയായ ഉപദേശങ്ങളും ചികത്സയുമൊക്കെ ചെയ്ത് നല്ല മാർക്കോടെ ഡിഗ്രി കഴിഞ്ഞു…

തുടർ പഠനത്തിനായി അവന്റെ നിർബന്ധത്തിന് വഴങ്ങിയാണ് ബാംഗ്ലൂർ കൊണ്ട് പോയി ചേർത്തത്….. ഇനി ഞാൻ വഴിതെറ്റി പോവില്ലാമ്മേന്ന് ഒരു നൂറുവട്ടം ആണയിട്ടാണ് അവൻ തന്നെ കൊണ്ടത് സമ്മതിപ്പിച്ചത്…

വെറും ആറു മാസത്തിനകം തന്റെ എല്ലാ പ്രതീക്ഷകളും തകർത്ത് കൂടെ പഠിക്കുന്ന ഒരു കുട്ടിയെ പീഡിപ്പിച്ചതിന്‌ അവൻ അറസ്റ്റിലായെന്ന് കേളേജിൽ നിന്ന് വിളി വന്നു…

താനും ഭർത്താവിന്റെ സഹോദങ്ങളും പോയി ആ പെൺകുട്ടിയുടെ വീട്ടുകാരുടെ കാലുപിടിച്ചു അപേക്ഷിച്ചിട്ടാണ് നല്ലൊരു തുക കൊടുത്ത് കേസ് പിൻവലിപ്പിച്ചത്….

അതിനു വേണ്ടി തന്റെയും ഭർത്താവിന്റെയും ഒരായുഷ്കാലത്തിന്റെ അദ്ധ്വാനമായ വീടുവിൽക്കേണ്ടി വന്നു.. ബാക്കിയുള്ള തുക കൊണ്ട് ഒരു ചെറിയ വീടു വാങ്ങി താമസം തുടങ്ങി….

അവനെ നന്നാക്കിയെടുക്കാൻ പോവാത്ത അമ്പലങ്ങളും നേരാത്ത വഴിപാടുകളുമില്ല…

സഹോദരങ്ങളുടെ ശ്രമഫലമായി നല്ലൊരു ജോലി വാങ്ങി കൊടുത്തു…. നാല് വർഷം അവിടെ ജോലിയിൽ തുടർന്നപ്പോഴാണ് അവന്റെ ചെറിയച്ഛൻമാരുടെ ഇഷ്ടത്തിനനുസരിച്ച് കല്യാണാലോചന തുടങ്ങിയത്….

 

ഒരു പാട് ആലോചനകൾ മുടങ്ങിപ്പോയപ്പോഴാണ് തന്റെ കൂടെ ജോലി ചെയ്തിരുന്ന മാഷ് മകൾക്ക് വേണ്ടി ഇങ്ങോട്ട് ആലോചിച്ചത്….

 

ആദ്യമായി കുട്ടിയെ കാണാൻ ചെന്നപ്പോൾ അവളുടെ നിഷ്കളങ്കമായ മുഖത്തേക്ക് നോക്കിയപ്പോൾ അവളെ ചതിക്കാൻ തോന്നിയില്ല…

 

നല്ലൊരു കുട്ടി. നല്ല പെരുമാറ്റം.. അപർണ്ണ എന്നാണ് പേര്… അച്ഛൻ സ്നേഹത്തോടെ ചിന്നു എന്നാണ് വിളിക്കുന്നത്….

 

അവളോട് എല്ലാം തുറന്ന് പറഞ്ഞു….. അതു കേട്ടപ്പോഴും ഒരു പുഞ്ചിരിയോടെ അവൾ പറഞ്ഞത് കിരണേട്ടനെ നമുക്ക് ശരിയാക്കിയെടുക്കാം ടീച്ചറമ്മേ എന്നായിരുന്നു…..

 

പിന്നെ എല്ലാം പെട്ടെന്നായിരുന്നു…. അവൾ വന്നപ്പോൾ മുതൽ ഈ കുഞ്ഞു വീടു ഒരു സ്വർഗ്ഗമായി മാറി…. ഒരു വർഷം കഴിഞ്ഞും വിശേഷമൊന്നും ആവാതിരുന്നപ്പോൾ ചെറിയൊരു വിഷാദം അവളിലുണ്ടായിരുന്നു….

 

അപ്പോഴാണ് ചർദ്ദിയും പനിയുമായി കഴിഞ്ഞ മാസം ഡോക്ടറെ കണ്ടതിനൊപ്പം ആ സന്തോഷ വാർത്തയും വന്നത്…

 

അവൾക്കു വിശേഷമുണ്ട്….

 

എണീറ്റ് നിക്കാൻ പറ്റാത്തത്ര അവശതയാണ് അവൾക്കെങ്കിലും തന്റെയും മോന്റെയും എല്ലാ കാര്യവും അവൾ തന്നെ ചെയ്യും… ഞാൻ പോയിട്ട് വരട്ടെ അമ്മേ…. എന്ന കിരണിന്റെ ചോദ്യമാണ് അവരെ ചിന്തയിൽ നിന്നുണർത്തിയത്….

 

അവൻ പോയതിന് പിന്നാലെ നല്ലതലവേദനയുണ്ടമ്മേ അമ്മബാമിട്ട് താ എന്നും പറഞ്ഞ് ചിന്നു മടിയിൽ വന്നു കിടന്നു….

 

നാളെ ചെക്കപ്പിന് പോവുമ്പോ മറക്കാതെ പറയണം എന്നും വരുന്ന ഈ തലവേദനയും പനിയുമൊക്കെ…. എനിക്ക് ചിലപ്പോ ഓർമ്മകാണില്ല അതാ നിന്നോട് തന്നെ പറയുന്നത് എന്നു പറഞ്ഞ് ബാ മിട്ട് മസ്സാജ് ചെയ്തു….

 

എപ്പോഴോ മടിയിൽ കിടന്നു തന്നെ അവളുറങ്ങിപ്പോയി… ഒന്നും കഴിച്ചില്ല… വേണ്ട ഇനിയുണർത്തണ്ട, ഉണരുമ്പോൾ എന്തെങ്കിലും കഴിക്കട്ടെ…..

 

വാതിലടച്ച് വന്ന് കിടന്നു…. രാവിലെ എണീറ്റപ്പോൾ മുതൽ പെണ്ണ് വാഷ്ബേസിന് മുന്നിൽ തന്നെ… ഒന്നും കഴിച്ചിട്ടില്ലെങ്കിലും കുടിക്കുന്ന വെള്ളം പോലും ചർദ്ദിക്കുന്നു…. നേരത്തെ തന്നെ ഒരുങ്ങി ഹോസ്പിറ്റലിൽ പോയി…

 

വിഷമതകളെല്ലാം പറഞ്ഞപ്പോൾ ആദ്യമാസത്തിൽ ചെയ്യേണ്ട ടെസ്റ്റുകളൊക്കെ എഴുതിതന്ന് ഇത് ചെയ്ത് വരൂ… എന്നിട്ട് നോക്കാമെന്ന് പറഞ്ഞ് വിട്ടു…. ഒന്നര മണിക്കൂറിന് ശേഷം ഡോക്ടറുടെ മുമ്പിൽ ടെസ്റ്റ് റിസൾട്ടുമായി ചെന്നിരുന്നു…

 

പേപ്പറിലേക്ക് നോക്കിയ ഡോക്ടർ അപർണ്ണ കുറച്ച് സമയം പുറത്തേക്കിരുന്നോളൂ, ഞാൻ തന്റെ അമ്മയോടൊന്ന് സംസാരിക്കട്ടെ എന്ന് പറഞ്ഞപ്പോൾ എന്തോ ഒരു പേടി മനസ്സിൽ നിറഞ്ഞു…

 

ചിരിച്ചു കൊണ്ട് ചിന്നുമോൾ ഇറങ്ങിപ്പോയപ്പോൾ ഡോക്ടർ പറഞ്ഞു തുടങ്ങി…… നിങ്ങൾ ടീച്ചറാണെന്നല്ലേ പറഞ്ഞത്..

 

ആയിരുന്നു മേഡം ഇപ്പോഴല്ല..റിട്ടേർഡായി…..ഓ….. ഞാൻ പറഞ്ഞു വരുന്നത് നിങ്ങൾ ഉൾക്കൊള്ളുമെന്നു തോന്നുന്നു…. എന്തായാലും പറയണം…… പറയാതിരിക്കാൻ പറ്റില്ലല്ലോ…..

 

നിങ്ങൾ ഈ ലാബ് റിപ്പോർട്ട് ഒന്ന് നോക്കൂ…. ആ കുട്ടിക്ക് HIV പോസിറ്റീവ് ആണ്…..

 

ഭൂമി കറങ്ങുന്നത് പോലെയാണ് തനിക്കപ്പോൾ തോന്നിയത്…. നിങ്ങളുടെ മകനെയും ബ്ലഡ് ടെസ്റ്റ് ചെയ്തു നോക്കൂ…. എന്നൊക്കെ ഡോക്ടർ തുടർന്ന് പറയുന്നുണ്ടായിരുന്നെങ്കിലും ഒന്നും മുഴുവനായി കേട്ടില്ല…

 

തന്റെ മകൻ കാരണം ഒരു പെണ്ണിന്റെ ഭാവി നശിച്ചിരിക്കുന്നു… ജീവിതം നശിച്ചിരിക്കുന്നു.. ഒന്നുമറിയാത്ത ഒരു കുഞ്ഞു ജീവൻ അവളുടെ ഉള്ളിലുണ്ട്, അതിനെ എന്ത് ചെയ്യും… ദൈവമേ…

അവളുടെ മുമ്പിലെത്തുന്നതിന് മുമ്പ് നീ എന്നെ ഒന്ന് തിരികെ വിളിക്കാമോ???എന്ത് പറയും ഞാനവളോട്…

ചെറുപ്പത്തിലേ അമ്മ മരിച്ചു പോയിട്ടും ഏകമകളെ സ്നേഹിച്ചു ലാളിച്ചു വളർത്തിയ അവളുടെ അച്ഛനോട് എന്ത് സമാധാനം പറയും….

എല്ലാമാസവും കമ്പനി മീറ്റിംങ്ങിനെന്നും പറഞ്ഞ് വീട്ടിൽ നിന്നും ഒന്നോ രണ്ടോ ദിവസം അവൻ മാറി നിക്കുമ്പോഴും അനിയൻമാർ തന്നോട് സൂചിപ്പിച്ചിരുന്നു… അവന് പല വഴിവിട്ട ബന്ധങ്ങളുമുണ്ടെന്ന്……

പക്ഷേ ചിന്നു മോളോടുള്ള അവന്റെ സ്നേഹവും പെരുമാറ്റവും കണ്ടപ്പോൾ തനിക്കത് വിശ്വസിക്കാൻ തോന്നിയില്ല….

അവന്റെ കഴിഞ്ഞകാലം മറന്നിട്ടില്ലാത്തത് കൊണ്ട് അവർക്ക് വെറുതേ തോന്നുന്നതാവണേ എന്ന് നിശ്ശബ്ദമായി ദൈവത്തോട് പ്രാർത്ഥിച്ചു…..

തന്റെ പ്രാർത്ഥനകളൊന്നും ഫലിച്ചില്ല…

തന്റെ മകൻ ഭാര്യയേയും അമ്മയേയുമൊക്കെ സമർത്ഥമായി പറ്റിച്ചിരിക്കുന്നു…. തന്നെ കണ്ടതും ഇരിപ്പിടത്തിൽ നിന്നും ചിന്നു എണീറ്റ് പതിയെ നടന്നു വരുന്നുണ്ടായിരുന്നു..

എന്തു പറയും ദൈവമേ ഞാനവളോട്…എന്താമ്മേ ഡോക്ടർ പറഞ്ഞത്????

അത് മോളേ രക്തക്കുറവ് നല്ലോണമുണ്ട് അതിന്റെ യാ…. നീ അവിടെ തന്നെ പോയിരിക്ക് മോളേ, അമ്മ മരുന്ന് വാങ്ങീട്ട് വരാം…

മരുന്ന് വാങ്ങാൻ നിൽക്കുമ്പോഴും അവളോടെന്തു പറയുമെന്ന് ചിന്തിച്ചിട്ട് ഒരുത്തരവും കിട്ടിയില്ല…. തിരിച്ച് വീട്ടിലെത്തിയപ്പോൾ അവൾ പലവട്ടം ചോദിക്കുന്നുണ്ടായിരുന്നു അമ്മക്കെന്തു പറ്റീന്ന്…

 

ഒന്നുമില്ലെന്ന് അവളോട് പറയുമ്പോഴും എങ്ങനെയാണ് അവളോടത് പറഞ്ഞു തുടങ്ങേണ്ടതെന്ന് ചിന്തിക്കുകയായിരുന്നു താൻ… രാത്രി എന്റടുത്ത് വന്നവൾ ചുരുണ്ടുകൂടി കിടന്നപ്പോൾ ഞാൻ പതിയെ പറഞ്ഞു തുടങ്ങി…

 

എന്റെ മോൾക്ക് അമ്മയോട് ഒരിക്കലും ദേഷ്യം തോന്നരുത്…. ഒരു പക്ഷേ ഞാൻ വർഷങ്ങൾക്ക് മുമ്പേ വൃത്തികെട്ട എന്റെ മോന് ഒരു പെണ്ണ് വേണ്ടാന്ന് തീരുമാനിച്ചിരുന്നെങ്കിൽ നിന്നെ എനിക്ക് രക്ഷിക്കാമായിരുന്നു….

 

ഇനിയിപ്പോ ഞാൻ വിചാരിച്ചാൽ നിന്നെയെനിക്ക് രക്ഷപ്പെടുത്താനാവില്ല…നീ എന്നോട് ക്ഷമിക്ക് മോളേ….നിനക്ക്…

പറഞ്ഞു തുടങ്ങിയപ്പോഴേക്കും അവളെന്റെ വാ പൊത്തി… അമ്മ എന്നോടൊരു തെറ്റും ചെയ്തിട്ടില്ല.. കിരണേട്ടന്റെ ഭാര്യയായതോണ്ടല്ലേ എനിക്കിങ്ങനെയൊരു അമ്മയെ കിട്ടിയത്…

ഡോക്ടറെ കണ്ടപ്പോ മുതൽ എൻറമ്മേടെ പതിവില്ലാത്ത ടെൻഷനും എന്നോടെന്തൊക്കെയോ ഒളിപ്പിക്കുന്നതും, ലാബ് റിപ്പോർട്ട് ഞാൻ കാണാതെ അലമാരയിൽ കൊണ്ട് വെച്ചു പൂട്ടുന്നതുമൊക്കെ കണ്ടതുകൊണ്ട് അമ്മയറിയാതെ ഞാനതെടുത്ത് നോക്കി….

അവളുടെ ശാന്തമായ സ്വരം കേട്ടപ്പോൾ അതു വരെ പിടിച്ചു നിർത്തിയ കണ്ണീരെല്ലാം ഒന്നിച്ചു പുറത്ത് ചാടി…

അവളെ ചേർത്ത് പിടിച്ച് കരയുമ്പോൾ ഞാൻ ചോദിച്ചു, നിനക്ക് വിഷമമില്ലേമോളേന്ന്…

അപ്പോഴും അവൾ ശാന്തമായി തന്നെ പറഞ്ഞു…ഇല്ലമ്മേ ….

പക്ഷേ ഈ കുഞ്ഞ് അതെന്ത് പിഴച്ചു… അതിനെ എന്തു ചെയ്യും???

അവളുടെ ആ ചോദ്യം കുറെ സമയമായി എന്റെ ഉള്ളിലും ഉത്തരമില്ലാതെ അലയുന്നുണ്ട്…

ഒരു തെറ്റും ചെയ്യാത്ത ആ കുഞ്ഞിനെ ഇല്ലാതാക്കി എനിക്ക് ജീവിക്കാനാവില്ലമ്മേ എന്ന് പറഞ്ഞ് ആദ്യമായവൾ കരഞ്ഞു… പക്ഷേ ഈ സമൂഹത്തിലേക്ക് ഒരു പരിഹാസപാത്രമാക്കാൻ അതിനെ കൊണ്ടുവരാനും എനിക്ക് വയ്യമ്മേ…

എനിക്ക് ജീവിക്കണ്ടമ്മേ എന്നെ ഒന്ന് കൊന്ന് തര്യോ എന്ന് ചോദിച്ചവൾ എന്നെ ഇറുകെ പുണർന്ന് കരഞ്ഞുകൊണ്ടിരുന്നു…

മറുപടിയൊന്നും പറഞ്ഞില്ലെങ്കിലും അത് തന്നെ ഞാനും ചിന്തിച്ചു കൊണ്ടിരുന്നു.. എഴുന്നേറ്റ് പോയി കുറെ സമയം ഒറ്റക്കിരുന്നു… ശരീരമാകെ തളരുന്നത് പോലെ തോന്നുന്നു….

രാവിലെ മുതൽ ഒന്നും കഴിച്ചില്ല.. വിശപ്പറിയുന്നില്ലായിരുന്നു…. അപ്പോഴാണ് ചിന്നു ഇന്ന് ഒന്നും കഴിച്ചിട്ടില്ലെന്ന് ഓർമ്മ വരുന്നത്… പോയി വിളിച്ചു നോക്കിയെങ്കിലും എനിക്കൊന്നും വേണ്ടമ്മേ എന്ന് പറഞ്ഞവൾ കരഞ്ഞ് കൊണ്ടിരുന്നു…

തിരിച്ച് വന്ന് വീണ്ടും ഹാളിലിരുന്നു…..ഫോണെടുത്തു നോക്കിയപ്പോൾ കിരണിന്റെ ഒരു പാട് മിസ്ഡ് കോൾ ഉണ്ട്…

രണ്ട് മൂന്ന് മെസ്സേ ജുകളും കിടക്കുന്നു…. രാവിലെ മുതൽ രണ്ട് പേരും എന്താ ഫോണെടുക്കാത്തെ, എന്താമ്മേ റിപ്ലെ തരാത്തെ എന്നൊക്കെയാണ്……

അതെ ഞാൻ നിനക്ക് റിപ്ലെ തരാൻ പോവാ മോനെ… ജീവനു തുല്യം സ്നേഹിച്ച അമ്മയേയും നിന്റെ എല്ലാ തെണ്ടിത്തരങ്ങളും അറിഞ്ഞിട്ടും നിന്നോട് ക്ഷമിച്ച് ജീവിച്ച നിന്റെ ഭാര്യയും നാളെ മുതൽ ഈ ഭൂമിയിൽ ഇല്ല….

 

നിനക്ക് വേണ്ടി മാത്രം ജീവിച്ച എന്റെയും ഒരു പാവം പെൺകുട്ടിയുടെയും ഒരായുസ്സ് മുഴുവൻ അമ്മയില്ലാത്ത മകൾക്ക് വേണ്ടി നീക്കിവെച്ച ഒരച്ഛന്റെയും ,ഭൂമി കണ്ടിട്ടില്ലാത്ത നിന്റെ പൈതലിന്റെയും ശാപം പേറി നീ ജീവിക്കണം…

 

നിന്റെ സന്തോഷങ്ങൾ ഇനിയും തുടർന്ന് കൊള്ളുക… ഇത് മാത്രമാണ് ഇനി ഈ അമ്മക്ക് നിന്നോട് പറയാനുള്ളത്……

 

മെസ്സേജ് സെൻഡ് ചെയ്ത് അടുക്കളയിൽ പോയി രണ്ടു ഗ്ലാസ് പാലെടുത്തു… വീടിനു നാലു ഭാഗവും നട്ടു വെച്ച കപ്പയും ചേമ്പും എലി കൊണ്ടു പോകുന്നത് കൊണ്ട് വാങ്ങി വെച്ച എലിവിഷം രണ്ടു ഗ്ലാസിലും പകർന്നു…

 

ചിന്നു മോളേ ഇതുകുടിച്ചേ….

 

എനിക്ക് വേണ്ടമ്മേ വിശപ്പില്ല…

 

എനിക്കറിയാം.. അതു കൊണ്ടല്ലേ അമ്മ പാലെടുത്തത്….

 

എണീക്ക് അമ്മ തരാം… പിടിച്ചെണീപ്പിച്ച് അവളെ യത് കുടിപ്പിക്കുമ്പോൾ എന്റെ കൈ വിറക്കുന്നുണ്ടായിരുന്നു….

 

അടുക്കളയിൽ വന്ന് തനിക്ക് വേണ്ടി മാറ്റി വെച്ച ഗ്ലാസ് എടുത്ത് മടി കൂടാതെ കുടിച്ചു… എന്തൊക്കെയോ രുചി വിത്യാസമുണ്ട്..

 

ചിന്നു ഒന്നും പറഞ്ഞില്ലല്ലോ…? ഒരു പക്ഷേ അവൾ ഇതു പ്രതീക്ഷിച്ചിട്ടുണ്ടാവുമോ.?

 

വേഗം പാത്രം കഴുകി വെച്ച് അവളോടൊപ്പം തന്നെ പോയി കിടന്നു…. ചതിയും വഞ്ചനയും പരിഹാസങ്ങളുമില്ലാത്ത ലോകത്തേക്ക് എന്റെ മകന്റെ കുഞ്ഞുമായി ഞങ്ങൾ പോവുകയാണ്…….

Leave a Reply

Your email address will not be published. Required fields are marked *