ദൈവത്തിനെന്തോ തെറ്റ് പറ്റി ഒരു സ്ത്രീയുടെ മനസും പുരുഷന്റെ ശരീരവും ആയിട്ടാണ് എന്നേ ജനിപ്പിച്ചത്!

(രചന: നിത)

 

ദൈവത്തിനെന്തോ തെറ്റ് പറ്റി ഒരു സ്ത്രീയുടെ മനസും പുരുഷന്റെ ശരീരവും ആയിട്ടാണ് എന്നേ ജനിപ്പിച്ചത്!!

ചെറുപ്പം മുതൽ തന്നെ മറ്റുള്ള കുട്ടികളിൽ നിന്ന് എനിക്ക് എന്തോ പ്രത്യേകതയുണ്ട് എന്ന കാര്യം എനിക്ക് മനസ്സിലായിരുന്നു അവരൊന്നും കളിക്കാൻ കൂടെ കൂട്ടില്ലായിരുന്നു പകരം കളിയാക്കലുകളും അധിക്ഷേപവും ആണ് എന്നെ ബാല്യകാലത്തിൽ വരവേറ്റത് വളർന്നപ്പോഴും അതിന് മാറ്റമൊന്നും ഉണ്ടായില്ല ആളുകൾ ചൂഷണം ചെയ്യാൻ കൂടി തുടങ്ങിയിരുന്നു.

ഒരു പെണ്ണായി നടക്കാൻ എന്നും മനസ്സ് ആഗ്രഹിച്ചിരുന്നു പെൺകുട്ടികളോടാണ് കൂട്ടുകൂടിയിരുന്നത് അവർ കളിക്കുന്ന തരത്തിലുള്ള കളികളാണ് കളിച്ചത്..

ചേട്ടനെപ്പോലെ ആവാൻ ഒരുപാട് ശ്രമിച്ചെങ്കിലും നടക്കുന്നുണ്ടായിരുന്നില്ല അമ്മയെ അടുക്കളയിൽ സഹായിച്ചും വീട്ടുജോലികൾ ചെയ്തുമൊക്കെ കിട്ടുന്ന സംതൃപ്തി മറ്റൊരു കാര്യത്തിലും എനിക്ക് കിട്ടുന്നുണ്ടായിരുന്നില്ല..

എപ്പോഴെങ്കിലും അവസരം കിട്ടുമ്പോൾ ചേച്ചിയുടെയോ അമ്മയുടെയോ എല്ലാം ഉടുപ്പുകളും സാരിയും വാരി കെട്ടി കണ്ണാടിക്ക് മുന്നിൽ നിന്ന് ഞാൻ സ്വയം നോക്കും… മനസ്സ് നിറയ്ക്കും..

എനിക്കുമാത്രം എന്താണ് ഇങ്ങനെ എന്ന് അറിയുന്നില്ലായിരുന്നു..

നീ കുടുംബത്തിന് തന്നെ നാണക്കേടാണ് എന്ന് ഒരിക്കൽ അച്ഛൻ കൂടി പറഞ്ഞപ്പോഴാണ് ഇനി അവിടെ നിൽക്കുന്നതിൽ അർത്ഥമില്ല എന്ന് തോന്നിയത് ഇറങ്ങുകയാണ് എന്ന് പറഞ്ഞപ്പോൾ ആരും തടഞ്ഞില്ല.

പെറ്റ അമ്മ പോലും!!!

അവരെയും പറഞ്ഞിട്ട് കാര്യമില്ല കാരണം സമൂഹത്തിന്റെ അടുത്തുനിന്ന് അത്രത്തോളം കളിയാക്കൽ അവരും അനുഭവിക്കുന്നുണ്ട് ഞാൻ ഇറങ്ങി കൊടുത്താൽ അത് അല്പമെങ്കിലും കുറഞ്ഞെങ്കിലോ എന്ന് അവരും കരുതിക്കാണും…

പലപ്പോഴും അവർ എന്നെ തിരുത്താൻ വേണ്ടി ശ്രമിച്ചിട്ടുണ്ട് ഞാൻ മനപ്പൂർവ്വം ഇങ്ങനെയെല്ലാം കാണിച്ചുകൂട്ടുന്നതാണ് എന്നായിരുന്നു അവരുടെ പക്ഷം പക്ഷേ എനിക്കിങ്ങനെയല്ലാതെ പറ്റുന്നില്ല എന്ന കാര്യം അവർക്ക് ബോധ്യപ്പെടുന്നുണ്ടായിരുന്നില്ല പലതരത്തിലും ഞാൻ അവരെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു എങ്കിലും ഞാൻ പരാജയപ്പെടുക എന്നല്ലാതെ എന്റെ അവസ്ഥ അവർക്ക് അറിയില്ലായിരുന്നു..

അച്ഛൻ കുറെ അടിച്ചു നോക്കി അമ്മ ഉപദേശിച്ചു പക്ഷേ ഞാൻ സ്വയം മാറാൻ ശ്രമിച്ചിട്ടും കൂടി എനിക്ക് അതൊന്നും പറ്റുന്നുണ്ടായിരുന്നില്ല..

ഞാനെന്താണ് അത് മാത്രമേ എനിക്ക് ആകാൻ കഴിയുന്നുണ്ടായിരുന്നുള്ളൂ..

ഇനി എനിക്ക് വേണ്ടി ഒന്നും ചെയ്യാനില്ല എന്ന് മനസ്സിലായത് കൊണ്ടായിരിക്കും ഇറങ്ങുകയാണ് എന്ന് പറഞ്ഞപ്പോൾ അവർ അതാണ് നല്ലത് എന്ന് കരുതിയത്…

എന്റെ ഒരു കൂട്ടുകാരൻ ജോലി ശരിയാക്കിത്തരാം എന്ന് പറഞ്ഞാണ് വിളിച്ചത് അവിടെ ചെന്നപ്പോൾ ആണ് മനസ്സിലായത് എന്നെപ്പോലെയുള്ളവരെ ജോലിക്ക് ആരും എടുക്കില്ല എന്ന്..

അതോടെ ആകെ കൂടി ജീവിതത്തോട് തന്നെ വെറുപ്പായി തീർന്നിരുന്നു ഒടുവിൽ കൂട്ടുകാരൻ തന്നെയാണ് മറ്റൊരിടത്ത് കൊണ്ട് ചെന്നാക്കിയത് അവിടെ ഒരാൾക്ക് വീട്ടുജോലിക്ക് ആളെ വേണമെന്ന് ഞാൻ സന്തോഷത്തോടെ അത് ഏറ്റെടുത്തു.. എന്ത് ജോലി ചെയ്തും സ്വന്തം കാലിൽ നിൽക്കുക എന്നൊരു ഉദ്ദേശം മാത്രമേ എനിക്കപ്പോൾ ഉണ്ടായിരുന്നുള്ളൂ!!

പക്ഷേ ക്രമേണ ഞാൻ അറിയാൻ തുടങ്ങി അയാളെന്നെ ചൂഷണം ചെയ്യുകയാണ് എന്ന് ലൈംഗികപരമായി ജോലി തന്നതിന്റെ പേരിൽ പല പീഡനങ്ങളും അയാളിൽ നിന്ന് ഞാൻ ഏൽക്കേണ്ടിവന്നു ഒടുവിൽ സഹി കേട്ടിട്ടാണ് പോലീസ് സ്റ്റേഷനിൽ പരാതിയും കൊണ്ടുപോയത് അന്നേരം എസ് ഐ ചിരിച്ചുകൊണ്ട്, അയാളുടെ കൂടെ കിടക്കാനാണ് എന്നെ ക്ഷണിച്ചത്..

എന്നെപ്പോലുള്ളവർക്ക് എവിടെയും ഒരു ശരണം ഇല്ല എന്ന കാര്യം തിരിച്ചറിയുകയായിരുന്നു ഞാൻ…

ജീവിതം അവസാനിപ്പിച്ചാലോ എന്നു വരെ ഒരു നിമിഷം തോന്നിപ്പോയി അന്നേരമാണ് ഞാൻ എന്നെപ്പോലെ തന്നെ ഉള്ള ഒരു ചേച്ചിയെ കാണുന്നതും പരിചയപ്പെടുന്ന്നതും എന്റെ കാര്യങ്ങൾ മുഴുവൻ അവരോട് തുറന്നു പറഞ്ഞപ്പോൾ അവർ പറഞ്ഞത് എല്ലാവരും ഇതെല്ലാം അനുഭവിച്ചു കഴിഞ്ഞാണ് ഇപ്പോൾ നിൽക്കുന്നത് എന്ന്.. അവരെന്ന ഞങ്ങളുടെ കമ്മ്യൂണിറ്റിയിൽ ചേർത്തു..

അവരെല്ലാവരും കൂടി ഒരു കാറ്ററിങ് സർവീസ് നടത്തുകയായിരുന്നു. ഞാനും അതിൽ ഒരംഗമായി.. ആവോളം അധ്വാനിച്ചു അതിനുള്ള പ്രതിഫലവും കിട്ടിത്തുടങ്ങി ഇപ്പോൾ മുന്നോട്ടുപോകാൻ വല്ലാത്തൊരു ഊർജ്ജവും സമാധാനവും ആണ്!!

കിട്ടുന്ന പൈസ ഒന്നും ചെലവാക്കാതെ ഞാൻ ആദ്യം തന്നെ ചെയ്തത് ഈ ആണ് ശരീരത്തിൽ നിന്ന് എന്റെ ഉള്ളിലെ പെൺമനസ്സിനെ വേർതിരിച്ചെടുക്കുകയാണ്!!!

ഒരുപാട് പണം ചെലവാകുന്ന ഒരു ശാസ്ത്രക്രിയ തന്നെയാണ് അത് തന്നെയുമല്ല ഒരുപാട് ഉദാഹരണങ്ങൾ മുന്നിലുണ്ട് അത് സക്സസ് ആവാതെ ജീവൻ പോലും വെടിയേണ്ടി വന്നവർ!!

വലിയൊരു റിസ്കാണ് ഏറ്റെടുക്കുന്നത് എന്ന് അറിയാഞ്ഞിട്ടല്ല പക്ഷേ ഒരാണിന്റെ ശരീരത്തിൽ പെട്ടുപോയ പെൺ മനസ്സുള്ള ഒരാൾക്ക് അതിന്റെ വേദന മനസ്സിലാവുകയുള്ളൂ എവിടെയും പൂർണ്ണത ഇല്ലാതെ അലഞ്ഞുതിരിഞ്ഞ് നടക്കേണ്ടി വരും.

മനസ്സിനെങ്കിലും അല്പം സംതൃപ്തി കൊടുത്ത് ജീവിക്കുകയാണ് എന്നൊരു തോന്നൽ ഉണ്ടാക്കാൻ ഇത്തരത്തിൽ പല റിസ്കുകളും ഏറ്റെടുത്ത് പോകും അറിയാതെ തന്നെ..

എന്റെ ഭാഗ്യത്തിന് എല്ലാം നല്ലതുപോലെ തന്നെ കഴിഞ്ഞു പണം അല്പം ചെലവായാലും എനിക്ക് എന്റെ മനസ്സിനെ തൃപ്തിപ്പെടുത്താനായി..

പിന്നീട് ഒരു പൂർണ്ണ യുവതിയായി എന്റെ വീട്ടിലേക്ക് ചെന്നു അന്ന് എന്റെ മകനാണ് മകളാണ് എന്ന് പറഞ്ഞ് ചേർത്തു നിർത്തിയവരൊന്നും അച്ഛന്റെയും അമ്മയുടെയും കൂടെ ഉണ്ടായിരുന്നില്ല അവരെല്ലാം അവരുടെ കാര്യം നോക്കി പോയിട്ടുണ്ട് അച്ഛന് വയ്യാതായപ്പോൾ മുതൽ ആരും തിരിഞ്ഞു പോലും നോക്കുന്നില്ല

അച്ഛന്റെ അവസ്ഥ കണ്ടപ്പോൾ എനിക്കും അതുപോലെ ഇട്ടിട്ട് പോരാൻ തോന്നിയില്ല അച്ഛനെ നല്ലൊരു ഹോസ്പിറ്റലിൽ കാണിച്ചു ബ്ലോക്ക് ഉണ്ട് അതാണ് ഇടയ്ക്കിടയ്ക്ക് നെഞ്ചുവേദന വരുന്നത് അത് മാറ്റാൻ അവർ ആൻജിയോപ്ലാസ്റ്റി നിർദ്ദേശിച്ചു അച്ഛന്റെ കയ്യിൽ അത്രത്തോളം പണമില്ല എന്ന് പറഞ്ഞപ്പോൾ ഞാൻ ആ പണം നൽകി..

ഒരിക്കൽ എന്നെ ആട്ടി ഇറക്കിവിട്ട അച്ഛന്റെ കണ്ണുകളിൽ നിസ്സഹായതയുടെ കണ്ണുനീർ പൊടിയുന്നത് ഞാൻ കണ്ടു ഒപ്പം എന്നോട് ചെയ്ത തെറ്റിനുള്ള കുറ്റബോധവും.

ഒന്നുമില്ല എന്നും പറഞ്ഞ് ചേർത്ത് പിടിച്ചു അച്ഛനും അമ്മയും വീട് എന്റെ പേരിൽ എഴുതിവെക്കാൻ തയ്യാറായി.

അപ്പോഴും വന്നിരുന്നു അച്ഛന്റെ ആൺമക്കളും പെൺമക്കളും പക്ഷേ അതൊന്നും അച്ഛനെ ഒരുതരത്തിലും ബാധിച്ചില്ല ഒരിക്കലും തിരിഞ്ഞു നോക്കാത്ത അവർക്ക് ഇനി ഒരു തരി പോലും തന്റെ സ്വത്ത് കൊടുക്കില്ല എന്ന് പറഞ്ഞ് ഞാൻ എതിർത്തിട്ട് പോലും ആ വീടും അതിനു ചുറ്റുമുള്ള സ്ഥലവും എന്റെ പേരിൽ അച്ഛൻ എഴുതിത്തന്നു ബാക്കിയുള്ളതെല്ലാം മറ്റുള്ളവർ കൈക്കലാക്കിയിരുന്നു.

ഞങ്ങളുടെ കാറ്ററിങ് സർവീസ് അത്യാവശ്യ എല്ലാവരുടെ ഇടയിലും പോപ്പുലറായി ഇപ്പോൾ അതിന് ആവശ്യക്കാർ ഏറെയായി പൊതിച്ചോറും ചട്ടി ചോറും അങ്ങനെ ഒരുപാട് ഐറ്റംസ് ഞങ്ങൾ ഉണ്ടാക്കാൻ തുടങ്ങി സ്നേഹവും കൂടി ചാലിക്കുന്നത് കൊണ്ടാണെന്ന് തോന്നുന്നു ആവശ്യക്കാർ ഏറെ രുചിയും കൂടുതൽ!!!

എല്ലാവർക്കും അത്യാവശ്യം പണം ഉണ്ടാക്കാൻ അതുകൊണ്ട് കഴിഞ്ഞു ആളുകളുടെ വയറും മനസ്സും ഒരുപോലെ നിറയ്ക്കുന്ന ജോലിയല്ലേ..

ഞാൻ അവിടെ തന്നെ ഒരു ചെറിയ വീട് വാടകയ്ക്ക് എടുത്തു അച്ഛനെയും അമ്മയെയും അങ്ങോട്ടേക്ക് കൊണ്ടുപോയി ചെറുപ്പത്തിൽ എനിക്ക് തരാൻ അവർ മടിച്ച സ്നേഹം അപ്പോൾ മത്സരിച്ചു തരുന്നുണ്ടായിരുന്നു!!

ഒപ്പം എന്റെ മകളാണ് എന്ന് അച്ഛൻ ആവേശത്തോടെ മറ്റുള്ളവരോട് ചേർത്തുപിടിച്ചു പറയുന്നതും കണ്ണുനീരോടെ ഞാൻ നോക്കി കണ്ടു!!

ജീവിതം ഇത്രത്തോളം മനോഹരമാണെന്ന് ഞാൻ അറിയാൻ തുടങ്ങിയത് ഈ കുറച്ചുകാലത്തിൽ മാത്രമാണ് ഇത്രയും കാലം ഏതൊക്കെയോ ആളുകളോട് പടവെട്ടുകയായിരുന്നു..

 

ഇനിയൊന്ന് ജീവിക്കണം സ്നേഹമുള്ളവർക്കിടയിൽ, അവരുടെ അംഗീകാരം നേടി കൊണ്ട്!!!

Leave a Reply

Your email address will not be published. Required fields are marked *