(രചന: രജിത ജയൻ)
“ദേ.. വിഷ്ണുവേട്ടാ.. ഞാനിപ്പഴേ പറയാം പൂരപറമ്പിൽ ചെന്നാൽ ഞാൻ പറയുന്നതെല്ലാം വാങ്ങിച്ചു തരേണ്ടി വരും ട്ടോ ..
“അപ്പോ ഏട്ടന്റെ പിശുക്കൻ സ്വഭാവം അവിടെ എടുത്താലാണ് എന്റെ ശരിക്കുള്ള സ്വഭാവം വിഷ്ണു ഏട്ടൻ കാണാൻ പോണത്, പറഞ്ഞില്ലാന്ന് വേണ്ട..
പൂരപറമ്പിലേക്ക് ഒരുങ്ങി ഇറങ്ങുന്നതിനിടയിൽ വീടിനകത്തുനിന്ന് ലക്ഷ്മി വിളിച്ചു പറയുന്നതു കേട്ട് വിഷ്ണുവിന്റെ ചുണ്ടിലൊരു ചിരി വിരിഞ്ഞു ..
“ആ… സ്വഭാവം എന്താന്ന് ഏട്ടനറിയാലോ ലച്ചൂസേ …അവനൊരു നീട്ടിയ ഈണത്തിൽ അകത്തേക്ക് നോക്കി പറഞ്ഞു
“നിലത്തിരുന്ന് എണ്ണി പറഞ്ഞ് കാറി കൂവി കരയുന്നതല്ലേ വിഷ്ണുവേട്ടന്റെ ലച്ചൂസിന്റെ ശരിക്കുള്ള സ്വഭാവം..?
“ലച്ചൂസിന്റെ ആ സ്വഭാവം ഈ നാട്ടിലുള്ള എല്ലാവർക്കും അറിയാലോ..?
” എന്തിന് ഇവിടുത്തെ പുല്ലിനും പുൽച്ചാടിക്കും, വേണോങ്കി നാളെ ഈ നാട്ടിലാർക്കെങ്കിലും ജനിക്കുന്ന കുഞ്ഞിനുവരെ അറിയാം ..
ഒരു കളിയാക്കി ചിരിയോടെ വിഷ്ണു പറഞ്ഞതും വീട്ടിനകത്തുനിന്നൊരു പൗഡർ ടിന്നവന്റെ ദേഹത്തേക്ക് വന്നു വീണു..
“ഹൗ… അമ്മേ… എന്റെ നെഞ്ചേ…നെഞ്ചിൽ കയ്യമർത്തി വിഷ്ണു വേദനയോടെ ഉറക്കെ പറഞ്ഞതും വീടിനകത്തുനിന്ന് കാറ്റുപോലൊരുത്തി വന്നവന്റെ നെഞ്ചിൽ ചേർന്നു
“സോറി വിഷ്ണുവേട്ടാ.. സോറി.. വേദനിക്കാൻ വേണ്ടി എറിഞ്ഞതല്ല.. നല്ല വേദനയുണ്ടോ ..നോക്കട്ടെ.
തനിക്ക് മുമ്പിൽ കണ്ണുനിറച്ചു പറഞ്ഞു കൊണ്ട് തന്റെ ശരീരമാകെ പരിഭ്രമത്തോടെ തൊട്ടു നോക്കുന്നവളെ വിഷ്ണുവൊരു കുസൃതി ചിരിയോടെ നോക്കി നിന്നു
“ഞാൻ വെറുതെ ഒച്ചയിട്ടതാണെന്റെ ലച്ചൂസേ.. ഒന്നു പറ്റിക്കാൻ ..”ഏട്ടന്റെ കുട്ടീടെ കണ്ണുനിറയുമെന്നോർത്തില്ല …
പറഞ്ഞു കൊണ്ട് വിഷ്ണു അവളുടെ കണ്ണുനീർ തുടച്ചതും അവനിൽ നിന്നടർന്നു മാറി മുഖവും വീർപ്പിച്ചു നിന്നിരുന്നു ലക്ഷ്മി..
ഊതിവീർപ്പിച്ച കവിളുമായി നിൽക്കുന്നവളെ കണ്ടതും വിഷ്ണുവിന്റെ കണ്ണിൽ അവളോടുള്ള പ്രണയം നിറഞ്ഞു
ഭംഗിയിൽ ഞൊറിഞ്ഞുടുത്ത സാരിയും അഴിച്ചിട്ട് പുറം മുഴുവൻ പരന്നു കിടക്കുന്ന നീളൻ മുടിയിഴകളും പെണ്ണിന്റെ ചന്തംകൂട്ടിയിരിക്കുന്നതു വിഷ്ണു കണ്ണുകളാൽ ഉഴിഞ്ഞെടുത്തു ..
അവൻ മെല്ലെ അവൾക്കരികിലേക്ക് നീങ്ങിഎങ്ങോട്ടാണ് മോനെ തള്ളി കയറി വരുന്നത്…?
കണ്ണുകൾ കൂർപ്പിച്ചവൾ ചോദിച്ചതും അവനിലൊരു കള്ളച്ചിരി വിരിഞ്ഞു ..അതു കണ്ടതും ലച്ചുവിന്റെ നെറ്റി ചുളിഞ്ഞു
” നമ്മളേ അമ്പലത്തിലേക്ക് പോവാൻ ഇറങ്ങിയതാണ്, മറന്നു പോയോ ലച്ചൂന്റെ വിഷ്ണുവേട്ടൻ …?
തന്നിലേക്കടുക്കുന്ന വിഷ്ണുവിനെ ഇരുകയ്യാലും പിന്നോട്ടു തള്ളി നീക്കി പുരിക്കം പൊക്കി കള്ളച്ചിരിയോടെ ലക്ഷ്മി ചോദിച്ചതും വിഷ്ണുവൊരു കള്ളച്ചിരിയോടെ വീണ്ടും മുന്നിലേക്കാഞ്ഞവളെ തന്റെ നെഞ്ചിലേക്കമർത്തി പിടിച്ചു ആ കവിളോരം തന്റെ ചുണ്ടുകൾ ആഴത്തിൽ പതിപ്പിച്ചു കഴിഞ്ഞിരുന്നു
തന്റെ കവിളിലമർന്ന വിഷ്ണുവിന്റെ ചുണ്ടുകളുടെ മാർദ്ധവം അവളുടെ ശരീരത്തിലൊരു കുളിർ പടർത്തി
“അമ്പലത്തിൽ പോവാണെന്ന് കരുതി ഇതൊന്നും പാടില്ലാന്ന് ഇല്ലെടീ പെണ്ണെ …ഒന്നു കെട്ടിപ്പിടിച്ചാലോ ഒരുമ്മ തന്നാലോ ഒന്നും സംഭവിക്കില്ല ലച്ചൂസേ, ഒന്നൂല്ലെങ്കിൽ അമ്പലത്തിലുള്ളത് നമ്മടെ കള്ള കണ്ണൻ അല്ലേ…”
അവളോടു പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയിൽ അവൻ വീണ്ടും അവളുടെ കവിളോരം തന്റെ ചുണ്ടമർത്തി
അവന്റെ ചുംബനത്തിൽ ഒരു മാത്ര മയങ്ങി നിന്നെങ്കിലും ലക്ഷ്മി പെട്ടന്നവനെ തന്നിൽ നിന്നടർത്തിമാറ്റി
“ഓരോരോ കുരുത്തക്കേട് കാട്ടിയിട്ട് അമ്പലത്തിലിരിക്കണ കള്ള കൃഷ്ണനെ കൂട്ടുപിടിക്കാൻ നാണം ഇല്ലല്ലോ ഏട്ടന്…”
അവളൊരു കുറ്റപ്പെടുത്തലോടെ ചോദിച്ചതും അവന്റെ മുഖത്തൊരു പരിഭവഭാവം തെളിഞ്ഞു
“ആ.. എനിക്കേ ഇത്തിരി നാണം കുറവാ.. ഞാൻ കെട്ടിപ്പിടിച്ചത് എന്റെ പെണ്ണിനെയാ അല്ലാതെ അയലോക്കത്തെ ഗോപിയണ്ണന്റെ ഭാര്യ ദേവുവിനെ അല്ല, നീയിത്രക്ക് പറയാൻ…”
അതേ പരിഭവത്തോടെ ലച്ചുവിനോടു പറഞ്ഞു കൊണ്ട് വിഷ്ണു വീടിനകത്തേക്ക് പിണക്കത്തിലെന്ന പോലെ കയറിയതും ലച്ചു ഓടി ചെന്നവനെ കെട്ടിപ്പിടിച്ചു അവന്റെ കവിളോരം തന്റെ ചുണ്ടമർത്തി ഒരിക്കല്ലല്ല പലവട്ടം
അവളുടെ ആ പ്രവൃത്തിയിൽ വിഷ്ണുവിന്റെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു പരിഭവമേതുമില്ലാതെ അത്ര മാത്രം ഇഷ്ട്ടത്തോടെ
“എന്റെ വിഷ്ണുവേട്ടൻ എത്ര വേണമെങ്കിലും എന്നെ ഉമ്മ വെച്ചോ ഞാനൊരു പരാതിയും പറയില്ല പോരെ.. എന്റെ ഏട്ടന് എന്നെ അല്ലെ തോന്നുമ്പോൾ ഉമ്മ വെയ്ക്കാൻ പറ്റു അല്ലാതെ ഗോപി അണ്ണന്റെ ഭാര്യ ദേവുവിനെ പറ്റില്ലല്ലോ .. ”
അവന്റെ കാതോരം കുസൃതിയോടെ അവൾ പറഞ്ഞതും അവനുറക്കെ ചിരിച്ചു കൊണ്ട് അവളെ തന്നിലേക്കായ് കൂടുതൽ ചേർത്തു പിടിച്ചു
തിരക്കും ബഹളവും നിറഞ്ഞ ഉത്സവ പറമ്പിലൂടെ വിഷ്ണുവിന്റെ കൈയും പിടിച്ച് ചിരിയോടവനോട് ഓരോന്നും പറഞ്ഞു നടക്കുന്ന ലച്ചുവിനെ അവിടെ കൂടിയിരുന്ന ഓരോരുത്തരും അത്ഭുതത്തോടെ നോക്കുന്നുണ്ടായിരുന്നു
നിറകതിർ പോലെ ഐശ്വര്യമുള്ള ഒരുവൾ, അവൾക്കൊപ്പം തന്നെ ഒരു കൈ അവളുടെ കയ്യിലും മറുകൈ ക്രച്ചസിലും ഊന്നി, എടുത്തു പറയാൻ യാതൊരു പ്രത്യേകതയുമില്ലാതെ ആയാസപ്പെട്ടു നടക്കുന്ന വിഷ്ണു ..
അവരെ നോക്കുന്ന ഓരോ കണ്ണിലും മുഖത്തും വിരിയുന്ന അത്ഭുതഭാവത്തെ ശ്രദ്ധിക്കാതെ ലച്ചു വിഷ്ണുവിനൊപ്പം നടന്നു നീങ്ങിയപ്പോൾ അവരെ അറിയുന്നവരുടെ മനസ്സിലെല്ലാം തെളിഞ്ഞു വന്നത് കുറച്ചു വർഷങ്ങൾക്കു മുമ്പ് അമ്പലത്തിലെ ഉത്സവങ്ങൾക്കെല്ലാം തിരക്കോടു കൂടി അതിലെ ഉത്സാഹത്തോടെ ഓടി നടന്നിരുന്ന വിഷ്ണുവിന്റെ മുഖമായിരുന്നു .
അച്ഛനും അമ്മയ്ക്കും ഒറ്റ മകനായിരുന്നു വിഷ്ണു ,നാട്ടിലെ പ്രധാനപ്പെട്ട ഏതു കാര്യത്തിനും മുൻ നിരയിൽ തന്നെ ഉണ്ടാവും വിഷ്ണുവും കുടുംബവും
അങ്ങനെ ഒരുത്സവ കാലത്താണ് ക്ഷേത്രത്തിലെ പടക്കപുരയ്ക്ക് തീപിടിക്കുന്നതും ധാരാളം ആളുകൾ മരിക്കുന്നതും
ആ മരിച്ചവരിൽ വിഷ്ണുവിന്റെ അച്ഛനും അമ്മയും ഉണ്ടായിരുന്നു .ഒരു രാത്രി ഇരുണ്ട് വെളുത്തപ്പോൾ സ്വന്തം അച്ഛനമ്മമാർക്കൊപ്പം വിഷ്ണുവിന് നഷ്ട്ടമായത് സ്വന്തം വലതുകാൽ കൂടെയായിരുന്നു.
അപ്രതീക്ഷിതമായ നഷ്ട്ടങ്ങളിൽ പകച്ചുപോയ വിഷ്ണു ആകെ തകർന്ന് തന്നിലേക്ക് തന്നെ ഒതുങ്ങി നിൽക്കുന്ന സമയത്തായിരുന്നു അവനെ തേടി ലച്ചുവന്നത്
ഗ്രാമത്തിലെ തന്നെ സമ്പന്നരിൽ ഒന്നാമനായ കേശവൻ മുതലാളിയുടെ ഒറ്റ മകൾ
വർഷങ്ങളായ് വിഷ്ണു അറിയാതെ അവനെ പ്രണയിച്ചു കൊണ്ടിരുന്നവൾ
വിഷ്ണുവിന്റെ തളർച്ചയിൽ അവന് താങ്ങായി മാറാൻ ലച്ചു എത്തിയപ്പോൾ അവളെ തന്നിൽ നിന്നകറ്റി മാറ്റുകയായിരുന്നു വിഷ്ണു ആദ്യം ചെയ്തത്
അവനൊരിക്കലും തന്റെ ആ അവസ്ഥയിൽ ലച്ചുവിനെ തന്റെ കൂടെ കൂട്ടാൻ തയ്യാറായില്ല..
എത്ര ആട്ടി അകറ്റിയാലും തിരികെ വിഷ്ണുവിലേക്ക് തന്നെ ഒട്ടിചേരുന്ന കാന്തം പോലെയായ് ലച്ചു…
അവളുടെ ഇഷ്ട്ടവും വാശിയും നേടി എടുക്കാതെഅവൾ പിൻ വാങ്ങില്ല എന്ന തിരിച്ചറിവിൽ ഒടുവിൽ അവളുടെ അച്ഛനായ കേശവൻ തന്നെ മകളെ സ്വീകരിക്കാനാവശ്യപ്പെട്ട് വിഷ്ണുവിനരികിലെത്തിയെങ്കിലും വിഷ്ണു തന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു ..
ഒടുവിൽ വിഷ്ണുവിനു മുമ്പിൽ നിർത്താത്ത കണ്ണീരുമായ് ലച്ചു ദിവസവും എത്താൻ തുടങ്ങി .. പലപ്പോഴും തനിക്ക് മുമ്പിൽ കണ്ണീരുമായ് വരുന്നവളെ ഇനിയും അവഗണിക്കാൻ വയ്യാന്ന് വിഷ്ണു തീരുമാനിച്ചപ്പോൾ ലച്ചു വിഷ്ണുവിന്റെ ഭാര്യയായ്
കഴിഞ്ഞ നാലു വർഷത്തോളമായ് വിഷ്ണുവിനൊപ്പം ഊണിലും ഉറക്കത്തിലും ലക്ഷ്മി ഉണ്ട് .. അവന്റെ മാത്രം ലച്ചുവായ്…
ലച്ചുവിന്റെ കളി ചിരികളിലും തമാശകളിലും മുങ്ങിയൊരു പുതു ജീവിതം വിഷ്ണു തുടങ്ങിയപ്പോൾ അവൾ പലപ്പോഴും അവന് എല്ലാമായ് തീർന്നിരുന്നു ..
ചീത്ത പറയുന്ന അമ്മയായും കുറുമ്പുകാട്ടുന്ന കൂടപ്പിറപ്പായും സ്നേഹത്തിൽ മുങ്ങി നിവരുന്ന പത്നിയായും അവനവൾ മാറിയപ്പോൾ വിഷ്ണുവിന്റെ ജീവിതം തന്നെ അവളിലേക്കൊതുങ്ങി ..
അന്നത്തെ ഒരു ദിനം അവരെ പറ്റി ,വിഷ്ണുവിനോടുള്ള ലച്ചുവിന്റെ അടങ്ങാത്ത പ്രണയത്തെ പറ്റി ഓരോരുത്തരും സംസാരിച്ചപ്പോൾ ആ ഉത്സവരാത്രി അതിന്റെ എല്ലാ സന്തോഷത്തോടെയും ലച്ചുവും വിഷ്ണുവും ആഘോഷമാക്കുകയായിരുന്നു അവരുടെ സ്വർഗ്ഗത്തിൽ .. ആ ആഘോഷങ്ങളുടെ ഫലമൊരു പുതു ജീവനായ് നാളെലച്ചുവിൽ വളരെട്ടെ .. കാത്തിരിക്കാം നമ്മുക്ക് …