(രചന: J. K)
സബീന “””” എന്ന അവളുടെ പേര് വിളിച്ചപ്പോൾ അവളൊന്നു ഞെട്ടി അമ്മയുടെ മുഖത്തേക്ക് നോക്കി ഒന്നും ഇല്ല എന്ന് അവർ കണ്ണുകൊണ്ട് കാണിച്ചു അവളെയും കൂട്ടി ഉമ്മ അകത്തേക്ക് കയറി….
മധ്യവയസ്കയായ ഒരു ഡോക്ടർ ഇരുന്ന് എന്തോ എഴുതുന്നുണ്ട് അവൾക്ക് അവരെ കണ്ടപ്പോൾ ആകെ പരിഭ്രമമായി…. ഉമ്മയുടെ കൈ അവൾ മുറുകെ പിടിച്ചു കൊണ്ട് ഡോക്ടറുടെ മുന്നിൽ ചെന്നിരുന്നു
രമ, ഗൈനോകോളജിസ്റ്റ്
എന്നെഴുതിയ ബോർഡിലേക്ക് ഒന്ന് നോക്കി അവൾ. ആദ്യമായി ആയിരുന്നു ഇങ്ങനെ ഒരു വരവ്..
അധികം പ്രായം ഇല്ലാത്ത ഉമ്മയെയും മകളെയും മാറി മാറി നോക്കി.. ആർക്ക് വേണ്ടിയാണ് എന്ന് മനസിലാവാത്തതുകൊണ്ട്, മ്മ്??? എന്ന് ചോദിച്ചു….
“‘”ഇത് ന്റെ മോളാ സബീന.. ഓൾക്ക് വയറ്റിലുണ്ട്… പ്ലസ്ടു ആയെ ഉള്ളൂ… ഇപ്പോ തന്നെ വേണ്ട ന്നാ ഓളെ മൂപ്പർക്ക്”””
ഇത്രേം പറഞ്ഞപ്പോ ഡോക്ടർക്ക് ദേഷ്യം വന്നിരുന്നു…
“”ഇതൊന്നും അപ്പോൾ ആദ്യം അറിയില്ലേ???””
എന്നു ചോദിച്ചപ്പോൾ പേടിച്ചാ പെണ്ണ് മിണ്ടാതെ തലയും താഴ്ത്തി ഇരുന്നു…. അവളുടെ നിഷ്കളങ്കമായ മുഖം കണ്ടിട്ടാവണം പിന്നെ ഡോക്ടർ കാര്യമായി ഒന്നും പറഞ്ഞില്ല….
ശരിക്കും ഇതൊരു കേസിനുള്ള വകയുണ്ട് എന്നറിഞ്ഞും ഡോക്ടർ മിണ്ടാതെ ഇരുന്നു…
പതിനൊന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അവളുടെ കല്യാണം ഉറപ്പിച്ചത്…
നിക്കാഹ് കഴിഞ്ഞു… സബീനയുടെ…
കല്യാണം കഴിയാത്തതുകൊണ്ട് തന്നെ ചെക്കന്റെ വീട്ടിലേക്ക് പോവാൻ കഴിയില്ല പക്ഷേ ചെക്കന് ഇങ്ങോട്ട് വന്നു താമസിക്കാം….
രണ്ടാഴ്ച ഇവിടെ ഉണ്ടായിരുന്നു, ഇപ്പോൾ വീണ്ടും ദുബായിലേക്ക് തന്നെ പോയി…
ലീവ് അധികമില്ലാത്ത കാരണമാണ് പോകേണ്ടിവന്നത് ഇനി ഒരു വർഷം കഴിഞ്ഞേ വരൂ അപ്പോഴേ കല്യാണം ഉണ്ടാകു….
തന്നെയുമല്ല ഇപ്പോഴേ കല്യാണം കഴിച്ചാൽ അത് വലിയ വിവാദം ആവും എന്നും, പ്രായപൂർത്തി ആയിട്ട് മതിയെന്നും ചിലർ പറഞ്ഞു… നിക്കാഹ് കഴിഞ്ഞ രണ്ട് ആഴ്ചയും കൃത്യമായി അഷ്‌റഫ് അവളുടെ വീട്ടിൽ വന്നിരുന്നു…
അയാൾ പോയി കഴിഞ്ഞാൽ എല്ലാം സാധാരണ പോലെ ആകും അവൾക്ക് വീണ്ടും സ്കൂളിൽ പോയി തുടങ്ങാം എന്നാണ് എല്ലാവരും പറഞ്ഞത്…
അയാൾ ഗൾഫിലേക്ക് പോയത് പിന്നെ സബീന സ്കൂളിലേക്ക് പോകാൻ തുടങ്ങി പക്ഷെ മൂന്നാല് ആഴ്ചകൾ പോയതും എന്തൊക്കെയോ ക്ഷീണം പോലെ തോന്നി
വല്ലാതെ മനംപുരട്ടലും ഛർദിക്കാൻ വരവും…. അവൾക്ക് കാര്യം മനസ്സിലായില്ലെങ്കിലും വീട്ടിൽ എല്ലാർക്കും മനസിലായി..
പ്രെഗ്നൻസി കിറ്റ് വാങ്ങി നോക്കിയപ്പോൾ സംഗതി ശരിയായിരുന്നു..
അവൾ ഗർഭിണിയാണ്..
ഇത്രയും ചെറുപ്പത്തിലേ കുഞ്ഞ്… അതും നിക്കാഹ് മാത്രേ കഴിഞ്ഞിട്ടുള്ളൂ.. ആകെ എന്താ വേണ്ടേ എന്നായി എല്ലാരും…
ഒടുവിൽ തീരുമാനം ആയി ഇപ്പോ തന്നെ വേണ്ട എന്ന്… അങ്ങനെയാണ് ഉമ്മയോടൊപ്പം ഡോക്ടർനെ കാണാൻ എത്തിയത്…
അവിടെയുള്ള ഓരോ കാഴ്ചയും എന്തോ അവളെ ഭയപ്പെടുത്തികൊണ്ടിരുന്നു… ആദ്യം ഒന്ന് സ്കാൻ ചെയ്യൂ എന്ന് പറഞ്ഞു പറഞ്ഞയച്ചു… സ്കാനിംഗ് റൂമിൽ ചെന്നപ്പോൾ കണ്ടു നിരവധി ഗർഭിണികളെ….
എല്ലാരുടെയും മുഖത്തു സന്തോഷം ആയിരുന്നു.. ഒരുപക്ഷെ തങ്ങളുടെ പോന്നോമനകളെ കാണാൻ ഉള്ള സന്തോഷം ആവാം…
പക്ഷെ സബീനക്ക് മാത്രം ഉള്ള് കാളി..
സ്കാനിംഗ് കഴിഞ്ഞു റിസൾട്ട് കിട്ടി അതുമായി വീണ്ടും ഡോക്ടർടെ അടുത്തേക്ക് നടന്നു…
“”കുഞ്ഞിന് വളർച്ച കുറവൊന്നും ഇല്ല…???”””.
എന്ന് പറഞ്ഞപ്പോൾ അവൾ ഉമ്മയെ നോക്കി….
സാരമില്ല എന്ന് പറഞ്ഞു ഉമ്മ, പിന്നെ
അവളോട് എണീറ്റോളാൻ പറഞ്ഞു അവരും എണീറ്റു…
നാളെ കഴിഞ്ഞു വന്നോളൂ എന്ന് പറഞ്ഞു വിട്ടു ഡോക്ടർ… പോകാൻ നേരം അവിടെ ഉള്ള ചിത്രങ്ങൾ കണ്ടു അവൾ…
നിറെ സുന്ദരി കുട്ടികളും സുന്ദരൻമാരും…
ഒപ്പം അതിലൂടെ പീഡിയാട്രിക് സെക്ഷനിലേക്ക് പോകുന്ന അമ്മമ്മരുടെ കയ്യിലുള്ള കുഞ്ഞുങ്ങളെയും ഒക്കെ മിഴികൾ തുറന്നു നോക്കി അവൾ… ഒപ്പം തന്റെ വയറിൽ ഒന്ന് തഴുകി..
മിഴിക്കോണിൽ ഒരു നനവ് പടരുന്നത് അറിഞ്ഞു അവൾ. അപ്പോഴും ഡോക്ടർ അവളെ പറ്റി ചിന്തിക്കുകയായിരുന്നു…..
ഒരു ജീവനും നശിപ്പിക്കരുത് എന്ന് പറഞ്ഞു പഠിച്ചവർ… അങ്ങനെ ഉള്ള തങ്ങൾക്ക് തന്നെ ഇങ്ങനെ ചെയ്യേണ്ടി വരുന്നത് വലിയ ഭാഗ്യദോഷം ആണ്…
വേറെ ആരെങ്കിലും ആണെങ്കിൽ ഒരു കുഞ്ഞ് ജീവൻ നശിപ്പിക്കാൻ വിടില്ലായിരുന്നു….
പക്ഷേ ഇവിടെ തെറ്റും ശരിയും ഒപ്പത്തിനൊപ്പം നിന്നു തോല്പിക്കുന്നു…
ഒരുഭാഗത്ത് ഒരു പിഞ്ചു ജീവൻ ആണെങ്കിൽ മറുവശത്തു ജീവിതം ഒന്നും ആവാത്ത ഒരു പെൺകുട്ടിയാണ്….
ഒരു ദിവസം കൊടുത്തത് അവൾക്ക് ചിന്തിക്കാൻ ഒരു അവസരത്തിനു വേണ്ടിയാണ്.. എന്നിട്ടും അവളുടെ തീരുമാനം അതാണെങ്കിൽ നടത്തികൊടുക്കാം…
അല്ലാതെ ഇതിൽ അവളെ എന്തെങ്കിലും ഉപദേശിക്കാൻ ഞാൻ ആളല്ല എന്ന് ഡോക്ടർ ഓർത്തു…. അടുത്ത പേഷ്യന്റിനെ കണ്ടതും ഡോക്ടറുടെ മുഖത്ത് ചെറിയൊരു വിഷാദം…
മുപ്പതു കൊല്ലമായി വിവാഹം കഴിഞ്ഞിട്ട് ഇതുവരെയും കുഞ്ഞുങ്ങൾ ആയില്ല ഇപ്പോഴും പ്രതീക്ഷ കൈവിടാതെ കണ്ട ഡോക്ടർമാരുടെ അടുത്തും അമ്പലങ്ങളിലും ഒക്കെ കയറിയിറങ്ങുകയാണ് ഈ പാവങ്ങൾ…
പലരും പറഞ്ഞതാണ് അവരോട് ഇതിൽ ഒരു സ്‌കോപ്പും ഇല്ല എന്ന്… എന്നിട്ടും പ്രതീക്ഷ കൈവിടാതെ ഓരോരുത്തരും പറയുന്നത് കേട്ട് അവിടെയും ഇവിടെയും ഒക്കെ കയറി നടക്കുകയാണ്…
ചിലർ പണം പറ്റിക്കുന്നും ഉണ്ട് അവരുടെ…..
എന്നിട്ടും ഇപ്പോഴും ഒരു കുഞ്ഞിക്കാൽ കാണാൻ ആറ്റുനോറ്റ്…..
വെറുതെ ദൈവത്തിന്റെ ഓരോ വിധികളെ കുറിച്ച് ആലോചിച്ചു ഡോക്ടർ ചിലർക്ക് കൊടുത്തത് വേണ്ടാഞ്ഞിട്ട് ചിലർക്ക് കിട്ടാഞ്ഞിട്ട്….
ദൈവം ഒന്ന് തിരുത്തിയിരുന്നെങ്കിൽ എത്ര കുടുംബം സന്തോഷപൂർവ്വം ജീവിച്ചേനെ…. ചിന്തകൾ വിട്ട് മെല്ലെ ചികിത്സയിലേക്ക് കടന്നു….
സബീന പറഞ്ഞ ദിവസം തന്നെ ഡോക്ടറുടെ അടുത്ത് എത്തിയിരുന്നു.. അവളെ ഒന്ന് നോവോടെ നോക്കി ഡോക്ടർ…. ഇത്തവണ എന്തോ ഒന്നും പറയാൻ തോന്നിയില്ല…
അപ്പോൾ, തീരുമാനം അത് തന്നെയാണ് അല്ലേ?? എന്ന് ചോദിച്ചു…. അവളുടെ മുഖത്ത് എന്തോ ഒരു പ്രകാശം ഉള്ളതുപോലെ തോന്നിയിരുന്നു..
,””” ഡോക്ടറെ എനിക്ക് ഈ കുഞ്ഞിനെ കളയേണ്ട”””” എന്നായിരുന്നു അവളുടെ മറുപടി ഞാൻ അവളെ തന്നെ ഇത്തിരി നേരം നോക്കിയിരുന്നു…..
അവൾ പറഞ്ഞു ഇക്കാക്ക യോട് സംസാരിച്ചു…. എനിക്ക് ഈ കുഞ്ഞിനെ വേണം എന്ന്… എന്റെ ഇഷ്ടം അതാണെങ്കിൽ നടക്കട്ടെ എന്ന് ഇക്കാക്കയും പറഞ്ഞു…
അവൾക്കുള്ള വൈറ്റമിൻ ടാബ്ലറ്റ് എഴുതിക്കൊടുത്തു ഡോക്ടർ അവൾ പോകുന്നത് നോക്കിയിരുന്നു…..
ചെറിയൊരു പെൺകുട്ടി… അവൾ ഗർഭിണിയാണ് അത് സംഭവിച്ചു കഴിഞ്ഞു…. തിരുത്താൻ ആവാത്ത വിധം… അതിന് ആരെയൊക്കെ പറയണം അവൾ മാത്രമാണോ ഇതിൽ തെറ്റുകാരി???
അല്ല ഇത്ര ചെറുപ്പത്തിലെ അവളെ കല്യാണം കഴിപ്പിച്ചു കൊടുത്ത അവളുടെ വീട്ടുകാർ.. അവളുടെ ഭർത്താവ് എല്ലാവർക്കും ഇതിൽ പങ്കുണ്ട്…
ഇപ്പോൾ അവൾ തെരഞ്ഞെടുത്ത വഴി ശരിയാണോ എന്ന് പോലും തനിക്ക് പറയാൻ കഴിയുന്നില്ല…
ഇനിയും ആർക്കും ഇത്തരത്തിലൊരു വിധി ഉണ്ടാവാതിരിക്കട്ടെ എന്ന് ആത്മാർത്ഥമായി ചിന്തിച്ച് ഡോക്ടർ വീണ്ടും തിരക്കിലേക്ക് ഊളിയിട്ടു…