ഈ ബന്ധം തുടർന്നു കൊണ്ട് പോകാൻ ഞങ്ങൾക്ക് താല്പര്യമില്ല. അല്ലെങ്കിലും എന്ത് കണ്ടിട്ടാണ് നിന്നെ പോലെ ഒരാളുടെ കൂടെ

(രചന: വരുണിക)

 

“”ഇനി ഈ ബന്ധം തുടർന്നു കൊണ്ട് പോകാൻ ഞങ്ങൾക്ക് താല്പര്യമില്ല. അല്ലെങ്കിലും എന്ത് കണ്ടിട്ടാണ് നിന്നെ പോലെ ഒരാളുടെ കൂടെ ഇനിയും അവളും കുഞ്ഞും ജീവിക്കേണ്ടത്??

നീ ഒരു വാക്ക് എങ്കിലും എന്റെ മോളോട് സ്നേഹത്തോടെ ഇപ്പോൾ സംസാരിക്കാറുണ്ടോ??

അവളെ ഒന്ന് ചേർത്തു പിടിക്കാറുണ്ടോ?? അച്ഛനും അമ്മയുമല്ലേ വലുത്. അവർ പറയുന്നതല്ലേ വേദവാക്യം.

എല്ലാം ഇത്ര മാത്രം മതി. എനിക്ക് ജീവൻ ഉള്ള കാലത്തോളം എന്റെ മോളെയും അവളുടെ കുഞ്ഞിനേയും ഞാൻ നോക്കും.

അത് കഴിഞ്ഞാലും അവൾക്കും കുഞ്ഞിനും ഉള്ളത് ഞാൻ മാറ്റി വെച്ചിട്ടുണ്ട്.

കാരണം ഞങ്ങളെ അനുസരിക്കാതെ വീണ നിന്റെ കൂടെ ഇറങ്ങി വന്നപ്പോഴേ ഞാൻ ഇങ്ങനെ ഒരു രംഗം മുന്നിൽ കണ്ടിരുന്നു.

കോടതിയിൽ നിന്ന് നോട്ടീസ് ഉടനെ വരും. അതിനും എതിർ നിൽക്കാതെ മര്യാദക്ക് ഒപ്പിട്ടു കൈയിൽ തന്നോണം പേപ്പർ.

ഇനി നിനക്ക് ഡിവോഴ്സ് വേണ്ട എന്നാണ് പറയാൻ പോകുന്നതെങ്കിൽ നിന്റെ അമ്മയും അനിയന്റെ ഭാര്യയും കൂടെ എന്റെ കുഞ്ഞിനോട് ചെയ്ത ദ്രോഹങ്ങൾ എല്ലാം ചേർത്തു പോലീസിൽ complaint കൊടുക്കും. ഓർമ്മയിരിക്കട്ട….””

ഇത്ര മാത്രം പറഞ്ഞു രവിന്ദ്രൻ മകൾ വീണയെയും അവളുടെ നാല് വയസായി കുഞ്ഞ് കാശിയെയും എടുത്തു വീട് വിട്ടു ഇറങ്ങുമ്പോൾ വീണ വെറുതെ ഹരിയുടെ മുഖത്തേക്ക് നോക്കി…

വർഷങ്ങൾ മുൻപ് തന്നെ കണ്ടാൽ സ്നേഹം മാത്രം നിറഞ്ഞിരുന്ന ആ കണ്ണിൽ ഇന്ന് തനിക്ക് നേരെ എന്ത് വികാരമാണ് വരുന്നതെന്ന് മനസിലാക്കാതെ അവൾ തന്റെ അച്ഛന്റെ കൈയിൽ മുറുക്കി പിടിച്ചു.

വീണ വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ ഹരിക്ക് വേണ്ടപ്പെട്ടത് എന്തോ നഷ്ടമായത് പോലെയാണ് തോന്നിയത്.

“”അവൾ എന്തയാലും എന്റെ മോന്റെ ജീവിതത്തിൽ നിന്ന് പോയെല്ലോ. സമാധാനമായി.

പെട്ടെന്ന് തന്നെ നമുക്ക് ഡിവോഴ്സ് വാങ്ങണം. എന്നിട്ട് വേണം അമൃത മോളെ ഈ വീട്ടിലെ മരുമകളായി കൊണ്ട് വരാൻ.

ഒന്നുമല്ലെങ്കിലും എനിക്ക് മറ്റുള്ളവരുടെ മുന്നിൽ പറയാമെല്ലോ എന്റെ രണ്ട് മരുമക്കളും ഡോക്ടർ ആണെന്ന്. അവളുടെയും ഡിവോഴ്സ് കഴിഞ്ഞു നില്കുവല്ലേ. നമ്മൾ ചോദിച്ചാൽ സമ്മതിക്കാതിരിക്കില്ല.””

അഭിമാനത്തോടെ സരസ്വതി പറഞ്ഞതും അതൊന്നും തന്നെ ഉദ്ദേശിച്ചല്ല എന്നാ പോലെ ഹരി തന്റെ റൂമിൽ പോയി കിടന്നു.

റൂമിന്റെ ഉള്ളിൽ കുഞ്ഞിന്റെ കളിപ്പാട്ടവും മറ്റും ചിതറി കിടക്കുണ്ടാരുന്നു…

കുറെ നേരം കിടന്നിട്ടും ഉറക്കം വരാതെ ഹരി അലമാരി തുറന്നതും കണ്ടു വീണയുടെയും മോന്റെയും ഡ്രസ്സ്‌ നല്ല ഭംഗിയിൽ അടുക്കി വെച്ചിരിക്കുന്നത്. അതെല്ലാം കണ്ടപ്പോൾ അവൻ എന്തോ പെട്ടെന്ന് അവളെ മിസ്സ്‌ ചെയ്തു.

ബാൽക്കണി തുറന്നു പുറത്തേക്ക് നിന്നിട്ടും ഹരിക്ക് എന്തോ അവിടം ആകെ മടുക്കുന്നത് പോലെ തോന്നി. ഒരിക്കൽ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന സ്ഥലമാണ്.

വീണയുമായുള്ള നിമിഷങ്ങൾ മുന്നിൽ തെളിഞ്ഞതും അവൻ അടുത്തുള്ള കസേരയിലേക്ക് ഇരുന്നു…

എഞ്ചിനീയറിംഗ് മൂന്നാം വർഷം പഠിക്കുമ്പോഴാണ് വീണയെ ആദ്യമായി കാണുന്നത്. എന്നും ഒരേ ബസിൽ യാത്ര ചെയ്യുന്നവർ.

അവൾ അന്ന് ഡിഗ്രി first ഇയർ. ആദ്യമൊക്കെ പുറകിൽ നടന്നപ്പോഴേല്ലാം പെണ്ണ് മൈൻഡ് പോലും ചെയ്തില്ലെങ്കിലും പിന്നീട് അത് നല്ല കട്ട പ്രണയമായി.

എഞ്ചിനീയറിംഗ് കഴിഞ്ഞ ഉടനെ തന്നെ തനിക്ക് ഒരു കമ്പനിയിൽ ട്രെയിനിയായി ജോലി കിട്ടി. ഒരു വർഷം കഴിഞ്ഞപ്പോൾ കുറച്ചു കൂടി നല്ല കമ്പനിയിൽ കിട്ടി.

അപ്പോഴേക്കും വീണയ്ക്ക് വീട്ടിൽ കല്യാണം ആലോചിച്ചു തുടങ്ങിയിരുന്നു.

അവൾ കുറെ എതിർത്തെങ്കിലും വീട്ടുകാർ സമ്മതിച്ചില്ല. അമ്മയെയും അനിയത്തിയെയും കൂടി അവിടെ ചെന്നെങ്കിലും അവളുടെ അച്ഛന് അമ്മയുടെ സ്വഭാവം പിടിച്ചില്ല.

തന്റെ മോൾ ചെന്ന് കയറുന്ന വീട്ടിൽ സന്തോഷം അനുഭവിക്കില്ല എന്നാ ഒരു അച്ഛന്റെ വാക്കുകൾ, അദ്ദേഹം എല്ലാം മുൻകൂട്ടി കണ്ടിരുന്നോ??? ഇപ്പോൾ അങ്ങനെ തോന്നുന്നു.

എങ്കിലും പ്രണയം തന്നെയാരുന്നു മുന്നിൽ. തന്നോടുള്ള സ്നേഹത്തിന്റെ പുറത്തു അവൾ സ്വന്തം അച്ഛനെയും അമ്മയെയും അനിയനെയും ഉപേക്ഷിച്ചു ഇറങ്ങി വന്നു.

കൂട്ടുകാർ ആയിരുന്നു എല്ലാത്തിനും മുന്നിൽ നിന്നിരുന്നത്.

അവളെയും കൂടി വീട്ടിൽ വന്നപ്പോൾ ആദ്യമെല്ലാം അമ്മയ്ക്ക് നല്ല സന്തോഷമായിരുന്നു. എന്തിനും ഏതിനും വീണ. കോഴ്സ് കംപ്ലീറ്റ് ചെയ്തെങ്കിലും പിന്നെ അവൾക്ക് ഒന്നും പഠിക്കാൻ പോകാൻ പറ്റിയില്ല.

അപ്പോഴേക്കും കാശിയെ പ്രെഗ്നന്റ് ആയി. പ്രെഗ്നൻസിയിൽ കംപ്ലിക്കേഷൻസ് ഉണ്ടായിരുന്നത് കൊണ്ട് തന്നെ അവളെ ജോലിക്ക് വിടാൻ തനിക്കും പേടിയാരുന്നു.

മോൻ ജനിച്ചു കുറച്ചു നാളുകൾ ഒരു കുഴപ്പവും ഇല്ലാതെ കടന്നു പോയി. എല്ലാത്തിനും മാറ്റം വന്നത് അനിയൻ കല്യാണം കഴിച്ചതിന്റെ ശേഷമാണ്.

ഡോക്ടർ പെണ്ണ് ഇളയ മരുമകൾ ആയി വന്നപ്പോൾ അവിടെ മൂത്തവൾക്ക് സ്ഥാനം ഇല്ലാതായി.

“”നിന്നെ കൊണ്ട് ഈ വീട്ടിലെ ജോലി ഒന്നും ചെയ്യാൻ പറ്റില്ലെങ്കിൽ നിന്റെ വീട്ടിൽ പോയി നിൽക്കണം. നിനക്ക് അറിയില്ലേ എന്റെ മക്കൾക്ക് രാവിലെ തന്നെ ജോലിക്ക് പോകണമെന്ന്???

ഹോട്ടലിലെ ആഹാരം കഴിച്ചു അവരുടെ വയറിനു എന്തെങ്കിലും അസുഖം വന്നാൽ നീ സമാധാനം പറയുമോ???””

“”ഇന്നലെ മോൻ ഉറങ്ങിയില്ല അമ്മേ. നല്ല വാശിയാരുന്നു. രണ്ട് ദിവസം കൊണ്ടുള്ള പനി. അത് കൊണ്ട് ഉറങ്ങാൻ ലേറ്റ് ആയി. സോറി.””

“”നിന്റെ സോറി ഒന്നും കേൾക്കണ്ട. നാളെ മുതൽ മര്യാദക്ക് രാവിലെ ഉണർന്നു ഈ വീട്ടിലെ ജോലി എല്ലാം ചെയ്യണം.””

താൻ അതെല്ലാം കേട്ടെങ്കിലും ഒന്നും അറിയാത്തത് പോലെ നടന്നു. വെറുതെ വീട്ടിൽ ഒരു പ്രശ്നം വേണ്ട എന്നാ ചിന്ത ആരുന്നു മനസ്സിൽ.

കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞു കയറി വന്നപ്പോൾ കാണുന്നത് അനിയത്തിയുടെ കവിളിൽ ആഞ്ഞടിക്കുന്ന വീണയെ ആണ്. അവളുടെ അങ്ങനെയുള്ള ഒരു മുഖം തന്നെ തനിക്ക് അന്യമായിരുന്നു.

അനിയത്തിയുടെ കരഞ്ഞു കലങ്ങിയ കണ്ണുകളും, അമ്മയുടെ മുഖത്തെ ദേഷ്യവും…

എല്ലാം കൂടി അവളുടെ നേരെ പൊട്ടി തെറിക്കുമ്പോൾ കണ്ണ് നിറച്ചു നിന്നവളുടെ മുഖത്തു എന്താണ് ഭാവമെന്ന് നോക്കിയില്ല. അല്ലെങ്കിൽ അത് കാണാൻ ശ്രമിച്ചില്ല.

രാത്രിയിൽ റൂമിലേക്ക് കയറി വന്നവളുടെ കൈ പൊള്ളി കിടക്കുന്നത് കണ്ടെങ്കിലും ഉള്ളിലെ ദേഷ്യത്തിൽ കൈയിൽ എന്താണ് പറ്റിയത് എന്ന് പോലും ചോദിക്കാനുള്ള മര്യാദ താൻ കാണിച്ചില്ല. അവളായി ഒന്നും പറയാനും നിന്നില്ല.

രാവിലെ ഉണരുമ്പോൾ കാണുന്നത് ഒരു ബാഗിൽ സാധനങ്ങൾ എല്ലാം നിറയ്ക്കുന്ന വീണയെ ആണ്.

“”നീ ഇത് രാവിലെ എവിടെ പോകുന്നു???””

അമ്പരപ്പോടെയായിരുന്നു ചോദ്യം…

“”ഞാൻ അച്ഛനെ വിളിച്ചിട്ടുണ്ട്. കുറച്ചു കഴിയുമ്പോൾ അച്ഛൻ വരും. ഞാൻ എന്റെ വീട്ടിൽ പോകുന്നു….””

“”വീട്ടിലോ??? അതിനും വേണ്ടി എന്ത് സംഭവിച്ചു????””

“”ഒന്നും സംഭവിച്ചില്ലല്ലോ… ഈ വീട്ടിൽ ഒന്നും സംഭവിച്ചില്ല. എന്റെ കൈ ഇത്ര പൊള്ളിയിട്ട് എങ്ങനെയാണ് അത് പൊള്ളിയതെന്ന് നിങ്ങൾ ചോദിച്ചോ??

ഇന്നലെ എന്തിനാണ് ഞാൻ അനിയത്തിയെ തല്ലിയതെന്ന് ചോദിച്ചോ??? അവിടെയും തെറ്റ്കാരി ഞാൻ മാത്രമല്ലെ…

ഇന്നലെ കാശിയെ അവളെ ഏല്പിച്ചു ഞാൻ തുണി അലക്കാൻ പോയി. തിരിച്ചു വരുമ്പോൾ കാണുന്നത് എന്റെ കുഞ്ഞ് അടുപ്പിൽ നിന്ന് തീയുള്ള വിറക് എടുക്കാൻ നോക്കുന്നതാണ്.

അവന്റെ കൈ പൊള്ളാതിരിക്കാൻ പെട്ടെന്ന് പിടിച്ചു മാറ്റിയത്തും എന്റെ കൈ പൊള്ളി.

എന്റെ കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചിരുനെങ്കിലോ??? അതിനാണ് അവൾക്ക് ഒന്ന് പൊട്ടിച്ചത്. മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കുന്നതിനും ഒരു പരിധി ഉണ്ട്.

രാവിലെ മുതൽ രാത്രി വരെ ഒരു വേലക്കാരിയെ പോലെ ഇവിടെ ഞാൻ പണി എടുക്കുന്നു. എന്റെ കുഞ്ഞിനെ കുറച്ചു നേരം നോക്കാൻ ആർക്കും വയ്യ.

അച്ഛൻ വരും ഇപ്പോൾ. ഇവിടെ കിടന്ന് പണി എടുത്തു ഞാൻ ചത്താലും നഷ്ടം എന്റെ കുഞ്ഞിന് മാത്രമാണ്. താലി കെട്ടിയവന് പോലും ഇപ്പോൾ ഞാൻ ഒരു ഭാരമാണ്.””

അവസാനവാക്കുകൾ പറയുമ്പോൾ അവൾക്ക് കണ്ണീർ തടയാൻ ആയില്ല…

രാവിലെ തന്നെ അച്ഛൻ വന്നു.. അവളെ കൊണ്ട് പോയി…

ഇപ്പോൾ ഈ വീട്ടിൽ തനിക്ക് ആരുമില്ലാത്തത് പോലെ… വീണയുടെ ഹരിയേട്ടാ വിളി കേൾക്കാതെ തനിക്ക് ഇനി പറ്റില്ലെന്ന് മനസിലായപ്പോൾ

കൈയിൽ കിട്ടിയ ബാഗിൽ കുറച്ച് ഡ്രസ്സ്‌ എടുത്തു അവനും ഇറങ്ങി അവളുടെ അടുത്തേക്ക്…

ഇനിയാർക്കും അവളെ പന്ത് തട്ടാൻ വിട്ടു കൊടുക്കില്ല എന്നാ ഉറച്ച തീരുമാനത്തോടെ… പുതിയൊരു തുടക്കത്തിലേക്ക്…

Leave a Reply

Your email address will not be published. Required fields are marked *