(രചന: ആവണി)
അഞ്ചു വർഷങ്ങൾ.. എത്ര പെട്ടെന്നാണ് വർഷങ്ങൾ ഓടി മറയുന്നത്.. താൻ ഈ ഇരുമ്പഴിക്കുള്ളിൽ എത്തിയിട്ട് 5 വർഷങ്ങൾ കടന്നു പോയിരിക്കുന്നു എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.
അല്ലെങ്കിലും കഴിഞ്ഞ കുറച്ചു മാസങ്ങളുടെ ഓർമ്മ അല്ലാതെ മറ്റൊന്നും തന്റെ ബോധമണ്ഡലത്തിൽ ഇല്ലല്ലോ..
ഇവിടെ വന്ന സമയത്ത് താൻ എല്ലാവരെയും ഉപദ്രവിക്കുമായിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഓരോരുത്തർ പറയുന്ന അറിവല്ലാതെ ആരെയും കുറിച്ചും ഒന്നിനെയും കുറിച്ചും തനിക്കില്ല.
ആകെ ഓർമ്മയുള്ളത് തന്റെ ജീവിതം മാത്രമാണ്.
ചെറുപ്പത്തിലെ അനാഥയാവാൻ വിധിക്കപ്പെട്ടവൾ ആയിരുന്നു താൻ. പ്രസവത്തിൽ തന്നെ അമ്മയെ നഷ്ടപ്പെട്ടപ്പോൾ തള്ളയെ കൊല്ലി എന്നൊരു പേരാണ് അമ്മ വീട്ടുകാർ തനിക്ക് സമ്മാനിച്ചത്.
തങ്ങളുടെ മകളുടെ ജീവൻ എടുത്തു കൊണ്ട് പുറത്തേക്ക് വന്ന സന്തതി ആയതുകൊണ്ട് തന്നെ അമ്മ വീട്ടുകാർക്ക് തന്നോട് വലിയ സ്നേഹമൊന്നും ഉണ്ടായിരുന്നില്ല.
വല്ലപ്പോഴും ഒരിക്കൽ മറന്നിട്ടില്ല എന്ന് തെളിയിക്കാൻ വേണ്ടി മാത്രം അച്ഛന്റെ ഫോണിലേക്ക് ഒരു കോൾ വരും.
അച്ഛനോട് മാത്രം വിശേഷങ്ങൾ ചോദിക്കുകയും വിവരങ്ങൾ പറയുകയും ചെയ്യും. അതിന് അപ്പുറം താനെന്ന് ഒരാൾ അവിടെയുണ്ടല്ലോ തനിക്ക് സുഖമാണോ എന്നൊരു വാക്ക് പോലും അവരാരും ചോദിക്കാറില്ല.
യാതൊരു മനസ്സറിവുമില്ലാത്ത കാര്യത്തിന് അവരുടെയൊക്കെ ശത്രു സ്ഥാനം താൻ ഏറ്റെടുത്തു കഴിഞ്ഞിരുന്നു.
അച്ഛന്റെ വീട്ടുകാർക്കും തന്നോട് അത്ര വലിയ സ്നേഹവും വാത്സല്യവും ഒന്നുമുണ്ടായിരുന്നില്ല. പിന്നെ അച്ഛൻ എന്നോടൊപ്പം ഉള്ളതുകൊണ്ട് മാത്രം അച്ഛന്റെ മുന്നിൽ അവരെല്ലാവരും എന്നോട് ഒരുപാട് സ്നേഹമുള്ളതായി അഭിനയിക്കാറുണ്ടായിരുന്നു.
പലപ്പോഴും പറഞ്ഞു കേട്ടിട്ടുള്ളത് പോലെ അമ്മ ഇല്ലെങ്കിൽ മക്കൾക്ക് അത് വലിയൊരു കുറവ് തന്നെയാണ്. യാതൊരു കുറവും അറിയിക്കാതെ എന്നെ വളർത്തി വലുതാക്കാൻ അച്ഛൻ ഒരുപാട് ശ്രമിച്ചിരുന്നു.
പക്ഷേ അതും അധികം കാലം നീണ്ടു നിന്നില്ല. ഞാൻ ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് പെട്ടെന്ന് ഒരു ദിവസം രാത്രിയിൽ ഒരു അറ്റാക്കിന്റെ രൂപത്തിൽ അച്ഛൻ എന്നെ വിട്ടു പോകുന്നത്. അന്ന് ആ രാത്രിയിൽ ഞാൻ പരിപൂർണ്ണമായും അനാഥയായി മാറി.
അച്ഛന് ഒരു ചേട്ടൻ ആണുള്ളത്. എന്നോട് വലിയച്ഛനും വല്യമ്മയ്ക്കും വലിയ താല്പര്യം ഒന്നുമില്ലെങ്കിലും, നാട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി എന്നെ ഏറ്റെടുക്കേണ്ടി വന്നു അവർക്ക്.
വല്യച്ചന് രണ്ട് മക്കളാണുള്ളത്. വൈശാഖേട്ടനും വിനീത ചേച്ചിയും. ചെറുപ്പം മുതൽക്കേ അവർക്ക് രണ്ടാൾക്കും എന്നോട് വലിയ സ്നേഹവും അടുപ്പവും ഒന്നുമുണ്ടായിരുന്നില്ല.
തമ്മിൽ ഭേദം തൊമ്മൻ എന്ന് പറയുന്നതു പോലെ അവരിൽ ഇത്തിരിയെങ്കിലും ഭേദം എന്ന് പറയാനുള്ളത് വൈശാഖേട്ടനാണ്. കാരണം വല്ലപ്പോഴുമെങ്കിലും എന്റെ മുഖത്തേക്ക് നോക്കി സംസാരിക്കാൻ വൈശാഖേട്ടൻ സമയം കണ്ടെത്താറുണ്ടായിരുന്നു.
എന്തു കൊണ്ടാണെന്ന് അറിയില്ല എന്റെ പഠിത്തം നിർത്താൻ ഒന്നും അവർ ശ്രമിച്ചിട്ടില്ല. പക്ഷേ ഒരൊറ്റ ഡിമാൻഡ് മാത്രമേ അവർ മുന്നിലേക്ക് വെച്ചിരുന്നുള്ളൂ.
ഞാൻ പഠിക്കാൻ പോയാൽ പഠിച്ചിട്ട് തിരികെ വീട്ടിൽ എത്തുമ്പോൾ വീട്ടിലെ പണികളെല്ലാം ഞാൻ തന്നെ ചെയ്യണം.
എനിക്ക് ചെയ്യാൻ വേണ്ടി ജോലികളെല്ലാം വല്യമ്മ കൃത്യമായി മാറ്റി വച്ചിട്ടുണ്ടാവും. രാവിലെ അടുക്കളയിൽ വല്യമ്മയെ സഹായിച്ച ശേഷമാണ് താൻ സ്കൂളിലേക്ക് പോയിരുന്നത്. തിരികെ വീട്ടിലെത്തിയാലും ഒരുപാട് പണികൾ ബാക്കിയുണ്ടാകുമായിരുന്നു.
അതൊക്കെ ചെയ്തു തീർത്തതിനു ശേഷം പഠിക്കാൻ ഇരിക്കുമ്പോൾ പലപ്പോഴും ഉറക്കം വന്നിട്ട് കണ്ണുകൾ അടഞ്ഞു പോവുകയാണ് പതിവ്.
എങ്കിലും വിദ്യാഭ്യാസം കൊണ്ട് മാത്രമേ തനിക്ക് ജീവിതത്തിൽ ഉയർച്ചയുണ്ടാകൂ എന്ന ബോധം ഉള്ളതുകൊണ്ട് തന്നെ എത്ര കഷ്ടപ്പെട്ട് പഠിക്കാൻ തന്നെയായിരുന്നു തന്റെ തീരുമാനം.
കാലങ്ങൾ കടന്നു പോയി. സ്കൂളിൽ തനിക്ക് ഒരു സുഹൃത്തിനെ കിട്ടി.അരുണിമ. വല്യച്ഛന്റെ വീട്ടിന്റെ അടുത്ത് തന്നെയാണ് അവളുടെ വീട്. എന്റെ കാര്യങ്ങളൊക്കെ അറിയുന്നതു കൊണ്ട് എന്നോട് ഇങ്ങോട്ട് വന്ന് അവൾ സൗഹൃദം സ്ഥാപിച്ചതാണ്.
പലപ്പോഴും അവളോട് സംസാരിക്കാനോ അവളോടൊപ്പം സമയം ചെലവഴിക്കാനോ എനിക്ക് കഴിഞ്ഞിട്ടില്ല. സ്കൂളിൽ എത്താൻ 15 മിനിറ്റ് ബാക്കിയുള്ളപ്പോഴായിരിക്കും വീട്ടിൽ നിന്ന് ഞാൻ ഓടിയിറങ്ങുന്നത്.
സ്കൂള് അടുത്തുതന്നെ ആയതുകൊണ്ട് വളരെ വേഗത്തിൽ ഓടിയാൽ പെട്ടെന്ന് തന്നെ ക്ലാസിൽ എത്താം എന്നൊരു ചിന്തയായിരുന്നു ഉണ്ടായിരുന്നത്.
സ്കൂൾ വിട്ടാലും അത് തന്നെയായിരുന്നു അവസ്ഥ. എത്രയും പെട്ടെന്ന് വീട്ടിലെത്തിയാൽ പണികളൊക്കെ തീർത്ത് അത്രയും നേരത്തെ പഠിക്കാൻ ഇരിക്കാം എന്നൊരു ചിന്ത മാത്രം..!
കഷ്ടപ്പാടുകൾക്കിടയിലും താൻ പത്താം ക്ലാസ് വരെയെത്തി. പത്താംക്ലാസിൽ പഠിക്കുന്ന സമയത്താണ് തന്റെ ജീവിതത്തിൽ വലിയൊരു ദുരന്തം വന്നെത്തിയത്.
അന്ന് വല്യമ്മയുടെ വീട്ടിൽ എന്തോ ഒരു ഫംഗ്ഷൻ നടക്കുന്ന ദിവസമായിരുന്നു. അതിനു വേണ്ടി വലിയച്ഛനും വലിയമ്മയും ചേട്ടനും ചേച്ചിയും ഒക്കെ പോകുന്നുണ്ട് എന്ന് പറഞ്ഞു.
എന്നെ കൊണ്ടുപോകാൻ വല്യമ്മയ്ക്ക് താല്പര്യമുണ്ടായിരുന്നില്ല. സ്പെഷ്യൽ ക്ലാസ് ഉള്ളതുകൊണ്ട് തന്നെ ഞാൻ ആ കാരണവും പറഞ്ഞ് യാത്ര ഒഴിവാക്കി.
ചേച്ചിക്കും പോകാൻ കഴിയില്ല ചേച്ചിക്കും ക്ലാസ് ഉണ്ട് എന്ന് ചേച്ചി പറഞ്ഞു.അതോടെ അവരെല്ലാവരും പോയിട്ട് വൈകുന്നേരം ആവുമ്പോഴേക്കും മടങ്ങി വരാമെന്ന് തീരുമാനമായി.
രാവിലെ തന്നെ ഞാൻ റെഡിയായി ക്ലാസിനു പോവുകയും ചെയ്തു. വൈകുന്നേരം വരെയാണ് ക്ലാസ് പറഞ്ഞിരുന്നത് എങ്കിലും ഉച്ചയായപ്പോഴേക്കും സാറ് അത്യാവശ്യമായി വീട്ടിൽ പോകണം എന്ന് പറഞ്ഞ് മടങ്ങി.
അതുകൊണ്ടു തന്നെ ഉച്ചയ്ക്ക് ഞാൻ വീട്ടിലേക്ക് എത്തി. പക്ഷേ വീട്ടിൽ വരുമ്പോൾ അവിടെ ചേച്ചിയുടെ ചെരുപ്പ് പുറത്ത് കിടപ്പുണ്ടായിരുന്നു. അതോടൊപ്പം മറ്റാരോ അകത്തുണ്ട് എന്ന് തനിക്ക് തോന്നുകയും ചെയ്തു.
ചേച്ചി ഇന്ന് ക്ലാസിനു പോയിട്ടില്ല എന്നൊരു സംശയത്തോടെയാണ് അകത്തേക്ക് കയറിയത്. ഉമ്മർ വാതിലിൽ തട്ടി വിളിച്ചിട്ടും ചേച്ചി വാതിൽ തുറക്കാതെ ആയതോടെ പിൻവശത്ത് കൂടി അകത്തേക്ക് കയറി.
ചേച്ചിയുടെ മുറിക്കു മുന്നിലെത്തിയപ്പോൾ താൻ തറഞ്ഞു നിന്നു പോയി. ആ മുറിക്കുള്ളിൽ ഏതോ ഒരു പുരുഷന്റെ ശബ്ദം തനിക്ക് കേൾക്കാൻ കഴിയുന്നുണ്ടായിരുന്നു.
ഒരു നിമിഷം പോലും ചിന്തിച്ചു നിൽക്കാതെ വാതിലിൽ തട്ടി വിളിച്ചു. ചേച്ചി ഒരു ഭയത്തോടെയാണ് വാതിൽ തുറന്നത്. പക്ഷേ മുന്നിൽ നിൽക്കുന്ന എന്നെ കണ്ടപ്പോൾ അവളുടെ ഭാവം മാറി.
” എന്താടി..? നീ എന്തിനാ ബഹളം വയ്ക്കുന്നത്..? ”
യാതൊരു പതർച്ചയും ഇല്ലാതെ ദേഷ്യത്തോടെ അവൾ ചോദിച്ചു.
“ചേച്ചിയുടെ റൂമിൽ ആരാ ഉള്ളത്..? വല്യച്ഛനും വല്യമ്മയും വരുമ്പോൾ ഞാൻ പറയും.”
അന്നേരം അങ്ങനെ പറയാനാണ് തോന്നിയത്. പക്ഷേ അതിന് താൻ കൊടുക്കേണ്ടി വന്ന വില വളരെ വലുതായിരുന്നു.
” അപ്പോൾ മോള് കാര്യങ്ങളൊക്കെ മനസ്സിലാക്കിയിട്ടാണ് നിൽക്കുന്നത്. അങ്ങനെയാണെങ്കിൽ പിന്നെ സൗകര്യമായല്ലോ.. ”
അതും പറഞ്ഞ് ഒരു പിശാചിനെ പോലെ അവൾ എന്നെ മുറിയിലേക്ക് വലിച്ചു കയറ്റി വാതിൽ വലിച്ചടച്ചു. അതേ നിമിഷം തന്നെ മുറിയിൽ ഉണ്ടായിരുന്ന അവളുടെ സുഹൃത്ത് എന്നെ ആക്രമിക്കാൻ തയ്യാറെടുക്കുകയായിരുന്നു.
അവനിൽ നിന്ന് രക്ഷപ്പെട്ടു പോകാൻ കഴിയുന്നതും ശ്രമിച്ചെങ്കിലും ചേച്ചി അയാളെ സഹായിക്കാൻ നിന്നതോടെ താൻ ആകെ തളർന്നു പോയിരുന്നു.
ശരീരം മുഴുവൻ തളർന്നു പോകും എന്ന് തോന്നിയ നിമിഷത്തിലാണ് കയ്യിൽ ഒരു ഫ്ലവർ വേയ്സ് തടഞ്ഞത്.അതെടുത്ത് അയാളുടെ തല നോക്കി അടിക്കുമ്പോൾ അയാൾ മരണപ്പെടുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല.
പിന്നീട് നടന്നതൊന്നും ഇപ്പോഴും ഓർമ്മയിൽ ഇല്ല. അയാളുടെ തലയിൽ നിന്ന് രക്തം ഒഴുകുന്നത് കണ്ടപ്പോൾ ബോധം മറഞ്ഞു വീണതാണ് അവസാനത്തെ ചിത്രം.
അതിനപ്പുറം തനിക്ക് എന്ത് സംഭവിച്ചു എന്ന് ഇപ്പോഴും അജ്ഞാതമാണ്. പൂർണ്ണമായും ബോധത്തിലേക്ക് വരുമ്പോൾ താൻ ഈ ഇരുമ്പഴികൾക്കുള്ളിൽ ആണ്.
തന്നെ കാണാനായി ഈ കഴിഞ്ഞ അഞ്ചു വർഷങ്ങൾക്കിടയിൽ ഒരാൾ പോലും ഈ കോമ്പൗണ്ടിലേക്ക് വന്നിട്ടില്ല എന്ന് ജീവനക്കാർ പറഞ്ഞതിൽ നിന്നും അറിയാൻ കഴിഞ്ഞു.
ചേച്ചി ഉറപ്പായും അവളുടെ ഭാഗത്ത് കുറ്റങ്ങൾ ഒന്നുമില്ലാ എന്ന് പറയാൻ വേണ്ടി മാത്രം എന്നെ തെറ്റുകാരി ആക്കി വല്യച്ഛനും വല്യമ്മയ്ക്കും മുന്നിൽ ചിത്രീകരിച്ചിട്ടുണ്ടാകും. അതുകൊണ്ടാവണം അവരാരും തന്നെ കാണാനായി വരാതിരുന്നത്..!
നാളെ ഇവിടെ നിന്ന് റിലീസ് ആണ്. എങ്ങോട്ട് പോകണമെന്ന് ഇപ്പോഴും ഒരു രൂപവുമില്ല. എന്തുതന്നെയാണെങ്കിലും മുന്നോട്ടു ജീവിച്ചല്ലേ മതിയാകൂ..
അതിനൊരു വഴി ദൈവം കാണിച്ചു തരിക തന്നെ ചെയ്യും..!!