(രചന: രജിത ജയൻ)
” നിനക്ക് മനഃസാക്ഷി എന്നു പറയുന്നൊരു സാധനമില്ലേ നീതു..?
“നിന്നെ മാത്രം സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നൊരു മനുഷ്യനോട് നീ കാട്ടുന്ന അനീതി അല്ലെങ്കിൽ കൊടും ചതിയല്ലേ ഇത്…?
” ഇത്രയും കാലം അവനാണ് ജീവൻ ,അവനില്ലാതെ നീയ്യില്ല ,മരിച്ചാലും ഒരുമ്മിച്ചു മാത്രം എന്നെല്ലാം പറഞ്ഞു കൊണ്ടിരുന്ന നീയാണോ ഇപ്പോഴൊരു
യുകെക്കാരനെ കണ്ടപ്പോൾ വളരെ നിസ്സാരമായ് അവനെ തള്ളി കളയുന്നത് ..?
“ഇതായിരുന്നോ നിന്റെ പ്രണയം..?
“ഇത്രയേ ഉണ്ടായിരുന്നുള്ളോ അതിന്റെ ആയുസ്സ്..?
” കഷ്ട്ടം.. എനിക്കിതെല്ലാം ഉൾക്കൊള്ളാൻ പ്രയാസമാണ് നീതു …
തന്റെ മുമ്പിലിരുന്ന് താൻ പറഞ്ഞതു കേട്ട് അസ്വസ്തയാവുന്ന ലൈലയെ നീതു വെറുതെ നോക്കി കൊണ്ടിരുന്നു
“ജീവിതം ഒന്നേയുള്ളു ,അതു നല്ല പ്രായത്തിൽ ഇഷ്ട്ടമുള്ളതുപോലെ ആഘോഷിച്ചു വേണം ജീവിക്കാൻ .
അതിനു പണം വേണം.. അങ്ങനെ പണമുള്ളൊരുവൻ ഒരു ജീവിതം നീട്ടി തരുമ്പോൾ അതിൽ കയറിയങ്ങ് പോവുക എന്നല്ലാതെ കയ്യിലുള്ള കാൽ കാശിന്റെ വിലയില്ലാത്ത പ്രണയത്തെയെല്ലാം ആരോർക്കുന്നു .. ”
നീതു ഒരു പുച്ഛത്തോടെ ഓർത്ത സമയത്തു തന്നെ അവളുടെ മനസ്സിൽ സായിയുടെ മുഖം തെളിഞ്ഞു വന്നു ..
കഴിഞ്ഞ രണ്ടു വർഷമായുള്ള അവളുടെ പ്രണയമാണ് സായ്.. അവനെ പാതി വഴിയിൽ തള്ളിയിട്ടിട്ടാണ് പുതിയൊരു ജീവിതം തേടുന്നത്
“നോക്ക് ലൈലാ.. നീ പറയുന്നതു എനിയ്ക്ക് മനസ്സിലാവും എനിക്കറിയാം ഞാൻ ചെയ്യുന്നത് തെറ്റാണെന്ന് പക്ഷെ ഇപ്പോൾ ഇതല്ലാതെ മറ്റൊരു മാർഗ്ഗവും എനിക്കില്ല .. ”
“എന്റെ ബാധ്യതകളിൽ നിന്ന് രക്ഷനേടാനും ഞാൻ ആഗ്രഹിച്ച ജീവിതം നേടിയെടുക്കാനും എനിക്ക് യുകെ കാരനിൽ നിന്നുള്ള ആ വിവാഹാലോചന സ്വീകരിച്ചേ മതിയാവൂ.. എന്നെ പോലെ എറ്റ കുടുംബവും അതാഗ്രഹിക്കുന്നുണ്ട് .. ”
”അതിനിടയിലൊരു സങ്കടമുള്ളത് സായിയെ ആലോചിച്ചു മാത്രമാണ് ,അവനെ ഞാൻ പറഞ്ഞു മനസ്സിലാക്കിക്കൊള്ളാം .എന്നെ മനസ്സിലാക്കാൻ അവനോളം മറ്റാർക്കും പറ്റില്ല .. ”
നീതു പറഞ്ഞു നിർത്തിയപ്പോൾ ലൈലയുടെ മുഖത്തൊരു പുച്ഛ ചിരി വിരിഞ്ഞു നീതുവിനെ ഓർത്ത്.. തേച്ചു പോവുമ്പോഴും കാമുകനെ പുകഴ്ത്തുന്നവൾ .. അവളോർത്തു
ബാംഗ്ലൂരിലെ പ്രശസ്തമായ നാരായണ ഹോസ്പിറ്റലിലെ നഴ്സുമാരാണ് നീതുവും ലൈലയും .. മൂന്നു വർഷത്തോളമായവർ പരസ്പരം പരിച്ചയപ്പെട്ടിട്ടും സുഹൃത്തുക്കളായിട്ടും ..
അതേ ഹോസ്പിറ്റലിലെ തന്നെ HR ആണ് സായ്….
എല്ലാവരോടും നല്ല രീതിയിൽ പെരുമാറുന്ന , കാണാൻ സുന്ദരനായ ആരെയും ആഘർഷിക്കുന്ന രീതിയിൽ ഭംഗിയിൽ ശരീരം സൂക്ഷിക്കുന്ന സായ്ക്ക് ഒരുപാട് ആരാധകരുണ്ടായിരുന്നു ഹോസ്പിറ്റലിൽ..
അവരിലൊരാളായിരുന്നു നീതുവും
നീതുവിന്റെ നിഷ്കളങ്ക ഭാവവും കുസൃതിയും കുറുമ്പും നിറഞ്ഞ സ്വഭാവവും സായിയെ അവളിലേക്ക് വളരെ പെട്ടന്നു തന്നെ അടുപ്പിച്ചു
“നിങ്ങളൊരുമിച്ചൊരു ജീവിതം സ്വപ്നം കണ്ടിരിക്കുന്ന സായിനോട് നീ ഇതെങ്ങനെ അവതരിപ്പിക്കും നീതു…?
” തകർന്നു പോവും അവൻ .. സഹിക്കാൻ പറ്റില്ല അവനിത്…”
തന്റെ തീരുമാനത്തിൽ ഉറച്ചു നിൽക്കുന്ന നീതുവിനെ ലൈല വീണ്ടും പിൻതിരിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.
പറയാൻ മാത്രം വലിയ കടബാധ്യതയോ, സാമ്പത്തിക ബുദ്ധിമുട്ടോ ഇല്ലാത്ത നീതു യുകെ എന്ന സ്വപ്ന ലോകത്തിൽ മുങ്ങി യാണ് സായിയെ ചതിക്കാനൊരുങ്ങുന്നത് എന്ന സത്യം ലൈലയെ അത്ര മാത്രം വീർപ്പുമുട്ടിക്കുന്നുണ്ടായിരുന്നു
“സായിയെ പറ്റി ഞാൻ ചിന്തിച്ചോളാം ലൈല… നീയവനെ പറ്റിയോർത്തു ടെൻഷനാവണ്ട … ”
നീതു അല്പം ദേഷ്യത്തോടെ ലൈലയോട് പറഞ്ഞു കൊണ്ടവളിൽ നിന്ന് തിരിഞ്ഞു നടന്നു
എന്തുകൊണ്ടോ സായിയെ പറ്റി മറ്റൊരുത്തി കൂടുതൽ പറയുന്നത് അവനെ ചതിക്കാനൊരുങ്ങുന്ന ഈ വേളയിലും അവൾക്ക് സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല ..
കയ്യിൽ ജ്യൂസുമായ് തനിക്ക് നേരെ നടന്നു വരുന്ന സായിയെ നീതു കണ്ണെടുക്കാതെ നോക്കി നിന്നു
വെട്ടിയൊതുക്കി മനോഹരമാക്കി നിർത്തിയ അവന്റെ താടി മീശകളിലൂടെ കണ്ണോടിക്കവേ അവന്റെ സൗന്ദര്യം വർദ്ധിക്കുന്നത് പോലെ തോന്നിയവൾക്ക് ..
മസിലുകൾ ഉയർന്നു നിൽക്കുന്ന അവന്റെ കൈകളിൽ നിന്നവളുടെ നോട്ടം അവന്റെ ഉറച്ച വിരിഞ്ഞു നിൽക്കുന്ന നെഞ്ചിലും ഒതുക്കമുള്ള അരക്കെട്ടിലും വന്നു നിന്നപ്പോൾ എത്ര നിയന്ത്രിച്ചിട്ടും അവളിലൊരു നഷ്ട്ട ബോധം ഉണർന്നു, മനസ്സ് സായിയെയും യുകെ ക്കാരനെയും ഒന്നു താരതമ്യപ്പെടുത്തി നോക്കിയതും തന്നിലാകെ നിരാശ്ശ പടരുന്നത് നീതു തിരിച്ചറിഞ്ഞു
അവനെ പരിച്ചയപ്പെട്ട നാൾ മുതൽ തന്നെ ഏറെ ആഘർഷിക്കുന്ന ഒന്നാണ് അവന്റെയീ ശരീരം ..
പലപ്പോഴും അവന്റെ കരുത്തറിയാനൊരു ആഗ്രഹം മനസ്സിലുയർന്നു വന്നിട്ടുമുണ്ട് .. അവന്റെ ശരീരം തന്നെയേറെ മോഹിപ്പിക്കുന്ന ഒന്നു തന്നെയാണ്
അവനു മനസ്സിലാവുന്ന രീതിയിൽ പലപ്പോഴും താനത് പ്രകടിപ്പിച്ചിട്ടും ഉണ്ട്, എന്നാൽ സായി എപ്പോഴും തന്നെ നിരാശപ്പെടുത്തിയിട്ടേ ഉള്ളു..
രണ്ടു പേർ ശരീരം കൊണ്ട് ഒന്നാവേണ്ടത് വിവാഹത്തിനു ശേഷമാണെന്ന് പറഞ്ഞു കൊണ്ടവൻ തന്നെ അകറ്റി നിർത്തി
കയ്യിലെ ജ്യൂസ് നീതുവിനു നേരെ നീട്ടി സായി അവളെ നോക്കിയൊന്ന് ചിരിച്ചു ..അവന്റെ ചിരിയിലെ സങ്കട ഭാവം തിരിച്ചറിഞ്ഞതും എന്തിനെന്നറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞു
” അപ്പോൾ നമ്മൾ ഇന്നിവിടെ വെച്ചു രണ്ടായ് പിരിയുകയാണല്ലേടോ ..?
അവൻ ചോദിച്ചതിനു മറുപടി ഒന്നും നൽകാതെ നീതു കൈയ്യിലെ ജ്യൂസ് ചുണ്ടോട് അടുപ്പിച്ചു
” എനിക്കറിയാം ഞാനെത്ര തടഞ്ഞാലും താൻ നിൽക്കില്ലാന്ന് ,വലിയ വലിയ സ്വപ്നങ്ങളും മോഹങ്ങളുമാണ് തനിക്ക് ,അതൊന്നും നേടിത്തരാൻ എനിയ്ക്ക് സാധിക്കുകയുമില്ല .. അതു കൊണ്ടു തന്നെ ഞാനൊരിക്കലും തന്നെ തടയില്ല..
“തന്റെ സ്വപ്നങ്ങൾക്കോ ആഗ്രഹങ്ങൾക്കോ തടസ്സമാവുകയും ഇല്ല..
” എവിടെ ആണെങ്കിലും സന്തോഷമായിട്ടിരുന്നാൽ മതി.. ഞാനും പ്രാർത്ഥിക്കാം അതിനായ് .”
സായി തനിക്ക് പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞവളെ നോക്കിയെങ്കിലും അവനിൽ നിന്നും കണ്ണുകൾ ദൂരേക്ക് പതിപ്പിച്ചവൾ നിന്നു
തന്നെ ഇത്രയേറെ സ്നേഹിക്കുന്നവനെ നഷ്ട്ടപ്പെടുത്തുന്നതോർത്തവളുടെ കണ്ണൊന്നു നിറഞ്ഞെങ്കിലും തന്റെ സ്വപ്നത്തിലേക്ക് എത്തിചേരാൻ ഈയൊരു നഷ്ട്ടം കൂടിയേ തീരുവുള്ളു എന്ന തിരിച്ചറിവിൽ അവൾ അവനെ ഒന്നു നോക്കി അവനിൽ നിന്ന് നടന്നകന്നു ..
അവൾ തന്നിൽ നിന്ന് ദൂരെ മറയുവോളം സായ് അവളെ നോക്കി നിന്നു..
മനോഹരമായ് അലങ്കരിച്ചിരിക്കുന്ന കല്യാണ പന്തലിൽ വിവേകിന്റെ അരികിലായ് നിന്നവന്റെ താലിയ്ക്കായ് തല കുനിക്കവേ നീതുവിന്റെ നോട്ടമൊരു വേള പന്തലിലേക്ക് നടന്നു വരുന്ന സായിയിൽ പതിഞ്ഞു ..
നിറച്ചിരിയോടെ തെളിഞ്ഞ മുഖത്തോടെ വരുന്നവനെ കണ്ടതും അവളിലൊരു സങ്കടം പിടഞ്ഞു
തന്നെ നഷ്ട്ടപ്പെട്ടതിൽ അവനൊരു വേദനയുമില്ലേന്ന് അവൾ ചിന്തിയ്ക്കും നേരമാണ് വിവേകിന്റെ താലിയവളുടെ കഴുത്തിൽ പതിഞ്ഞത് ..
ഒരു പകപ്പോടെ വിവേകിനെ നോക്കിയവളുടെ കണ്ണുകൾ വീണ്ടും സായിയെ തേടി എത്തിയതും അവളിലൊരു ഞെട്ടൽ ഉണ്ടായി
സായിയോട് ചേർന്ന് അതിസുന്ദരിയായൊരു പെൺക്കുട്ടി ,അവളുടെ അല്പം വീർത്തുന്തി നിൽക്കുന്ന വയർ അവൾ ഗർഭിണിയാണെന്ന് പറയാതെ പറയുന്നുണ്ടായിരുന്നു ..
എന്തോ പറഞ്ഞു ചിരിക്കുന്ന ആ പെൺക്കുട്ടിയെ സായി തന്നോടു ചേർത്തു നിർത്തുന്നതും കരുതലോടെ അവൾക്കരികിലേക്ക് ചേർന്നു നിൽക്കുന്നതും കണ്ടതോടെ നീതുവിന്റെ കണ്ണുകൾ മിഴിഞ്ഞു ..
തുടർന്നുള്ള ഒരു ചടങ്ങിലും ശ്രദ്ധിക്കാൻ സാധിക്കാത്ത വിധം അസ്വസ്തമായ് നീതുവിന്റെ മനസ്സ്.
അവളുടെ കണ്ണുകൾ സായിയെ ചുറ്റി തിരിഞ്ഞതും അവൾ കണ്ടു തനിക്കൊപ്പം വർക്ക് ചെയ്തിരുന്നവർ ലൈലയുൾപ്പെടെയുള്ളവർ അവനരികിലേക്ക് ചെല്ലുന്നത് ..
തന്നെ നോക്കുന്ന ലൈലയുടെ ചുണ്ടിലൊരു ചിരിയുണ്ടോ ..?
മണ്ഡപത്തിൽ വിവേകിനരികിലായ് നിൽക്കുമ്പോൾ നീതു ചിന്തിച്ചു
ഉണ്ട് ലൈലയുടെ മാത്രമല്ല തന്നെയും സായിയെയും അറിയുന്ന എല്ലാവരുടെ ചുണ്ടിലുമുണ്ടൊരു ചിരി ..
ചടങ്ങുകൾ തീർന്ന് ഫോട്ടോ എടുക്കാനായ് ഓരോരുത്തരായ് സ്റ്റേജിലേക്ക് എത്തി തുടങ്ങിയതും നീതു ലൈലയെ തനിക്കരികിലായ് പിടിച്ചു നിർത്തി
“നീ ചോദിക്കാൻ പോണത് എനിക്കറിയാം ചോദിച്ചു ബുദ്ധിമുട്ടണ്ട, സായിയുടെ ഭാര്യയാണത്.. കൃഷ്ണ എന്നാണ് പേര്.. അവന്റെ മുറപ്പെണ്ണാണ് .. കുഞ്ഞുനാൾ മുതലേ പരസ്പരം പ്രണയിക്കുന്നവർ ,അഞ്ചുമാസം ഗർഭിണിയാ ഇപ്പോൾ കൃഷ്ണ.. ”
ലൈല പറയുന്നതു കേട്ടതും തറഞ്ഞു നിന്നു പോയ് നീതു..
“നീ അവനെ വേറെ ഒരാളെ കല്യാണം കഴിച്ച് പറ്റിച്ചല്ലോ എന്നോർത്തായിരുന്നു എന്റെ ഇത്ര നാളത്തെ സങ്കടം ..പക്ഷെ അവൻ നിന്നെ പ്രണയിക്കുന്നതായ് നടിച്ചതു തന്നെ അവന്റെ കല്യാണം കഴിഞ്ഞതിനു ശേഷമാണ്.. കഷ്ട്ടം തന്നെ നിന്റെ കാര്യം … നീയൊരു കോമാളിയായിരുന്നെടീ അവന് …”
പരിഹാസചിരിയോടെ ലൈല പറയുമ്പോൾ കൃഷ്ണയെ തന്നോടു ചേർത്തു പിടിച്ചു കൊണ്ട് സായ് ഫോട്ടോ എടുക്കാനായ് അവിടെക്ക് വരുന്നതു കണ്ടതും നീതു അവനെ ദേഷ്യത്തിൽ നോക്കി
“നീ എന്നെ ഇന്നു തേച്ചു.. ഞാൻ നിന്നെ ഇന്നലെയേ തേച്ചു.. അങ്ങനെ കരുതിയാൽ മതിയെടി നീ.. അപ്പോ തുല്യമായില്ലേ…”
”തേപ്പിന്റെ കഥ പറയുന്നവർക്കൊരു പുതിയ കഥ അത്രയേ ഉള്ളു .. അപ്പോ ഹാപ്പി മാരീഡ് ലൈഫ് ട്ടോ .. ”
നീതുവിന്റെ കാതിനരികെ പറഞ്ഞു കൊണ്ട് സായ് കൃഷ്ണയുമൊത്ത് അവിടെ നിന്ന് നടന്നു നീങ്ങിയപ്പോൾ കഥയറിയാതെ പകച്ച് ജീവിതത്തിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത വിധം പറ്റിക്കപ്പെട്ട ഷോക്കിൽ നീതു അവിടെ തറഞ്ഞു നിന്നു ….തന്നെക്കാൾ വൃത്തിയിൽ അവൻ തന്നെ തേച്ചതോർത്ത് ….