രണ്ട് മരുമക്കളെ അല്ലെ വരച്ച വരയിൽ നിർത്താൻ പോകുന്നത്… “” അയൽക്കാരി ശാന്ത ഏടത്തിയുടെ

(രചന: മിഴിമോഹന)

 

ജലജയ്ക്ക് ഇനി രാജയോഗം ഒന്നൂടെ തെളിയാൻ പോവല്ലേ… എന്ത്‌ വേണം ഇളയ മകന്റെ കല്യാണം കൂടി കഴിഞ്ഞാൽ രണ്ട് മരുമക്കളെ അല്ലെ വരച്ച വരയിൽ നിർത്താൻ പോകുന്നത്… “”

 

അയൽക്കാരി ശാന്ത ഏടത്തിയുടെ ശബ്ദം കാതിൽ മുഴങ്ങുമ്പോൾ വടക്ക് വശത്തേ അയയിൽ തുണി ആറാൻ ഇടുന്ന ഇന്ദു ഒരു നിമിഷം ചെവിയോർത്തു…

 

എന്റെ ശാന്തേ മക്കളെയും മരുമക്കളെയും വരച്ച വരയിൽ നിർത്താനും ഒരു ഭാഗ്യം വേണം…… ദേ എന്റെ വീട്ടിലും ഉണ്ട് ഒരെണ്ണം… തമ്പുരാട്ടി അപ്പീസിൽ എന്ന് പറഞ്ഞു രാവിലെ അങ്ങ് പോകും… ഡിഗ്രി അല്ലെ ഡിഗ്രി അതിന്റെ അഹങ്കാരം…” മറ്റൊരു അയൽക്കാരി ആയ സുമ അതിന് ഒപ്പം പറയുമ്പോൾ ജലജയുടെ ശബ്ദം അവിടെ ഉയർന്നു പൊങ്ങി ..

 

അല്ലങ്കിലും പത്ത് കാശ് സമ്പാദിക്കുന്നവള്മാർക്ക് എല്ലാം അഹങ്കാരം ആണ് സുമേ… അത് അറിയാവുന്നത് കൊണ്ട ഇന്ദുനെ ഇങ്ങോട്ട് കെട്ടി കൊണ്ട് വന്നപ്പോൾ തന്നെ ഇനി പഠിക്കാൻ പോകണ്ടാന്ന് ഞാൻ പറഞ്ഞത്….

 

അവളും ഏതാണ്ട് ഡിഗ്രിക്ക് പഠിക്കുവല്ലായിരുന്നോ…. ഞാൻ ഈ വീട്ടിലെ കാര്യങ്ങളും എന്റെ കാര്യങ്ങളും നോക്കാൻ ആണ് ഒരു മരുമോളെ കൊണ്ട് വന്നത്.. അല്ലാതെ അവളെ ഉദ്യോഗത്തിന് വിട്ട് കെട്ടിലമ്മയായി വഴിക്കാൻ അല്ല… “”

 

ജലജയുടെ ശബ്ദം ഇപ്പുറം കേൾക്കുമ്പോൾ ഇന്ദുവിന്റെ കണ്ണിൽ നിന്നും അൽപ്പം നീര് പൊടിഞ്ഞു..

 

രണ്ടാമത്തേ മരുമോള് വലിയ പഠിത്തക്കാരി ആണെന്ന് ആണല്ലോ കേട്ടത് ജലജേ… അവള് വരുമ്പോൾ ജോലിക്ക് പോകണം എന്ന് പറഞ്ഞാലോ…. “” ശാന്ത ഏറു കണ്ണിട്ട് സുമയേ ഒന്ന് നോക്കി.

 

ഉവ്വേ ഈ വീട്ടിൽ നിന്നും അവള് ഉദ്യോഗത്തിനു പോയത് തന്നെ അവളെ ഒതുക്കി ഇവിടെ നിർത്താനുള്ള പണി എനിക്ക് അറിയാം…” മൂത്തവള് ഇങ്ങോട്ട് വരുന്നതിന് മുൻപ് അവടെ വീട്ടുകാര് പറഞ്ഞതെന്താ… മോളേ പഠിപ്പിക്കണം ജോലിക്ക് വിടണം എന്ന് അല്ലേ…

 

എന്നിട്ട് എന്തായി…. ഈ ജലജയുടെ വാക്ക് കേട്ട് ഇവിടെ നിക്കുന്നു.. അത് കൊണ്ട് അവൾക്ക് വല്ല കുറവും ഉണ്ടോ… അത് പോലെ തന്നെ ആണ് ഇളയത് വന്നാലും.. “”

 

ജലജ അൽപ്പം അഭിമാനം കലർത്തി പറയുമ്പോൾ രണ്ട് പേരും മുഖതോട് മുഖം നോക്കി..

 

അത് പിന്നെ ഞങ്ങൾക്ക് അറിഞ്ഞൂടെ.. “ശാന്ത ജലജയ്ക്ക് പിന്തുണ നൽകുമ്പോൾ

അവരുടെ സംസാരത്തിന് ഇടയിലേക്ക് കാലി ആയ ബക്കറ്റുമായി ഇന്ദു വരുന്നത്..

 

നീ ഇത് എവിടെ പോയി കിടക്കുവാരുന്നു ഇന്ദു… വീട്ടിൽ രണ്ട് പേര് വന്നിട്ട് അവർക്ക് ഒരു ഗ്ലാസ് വെള്ളം കൊടുക്കണമെന്നുള്ള സാമാന്യ മര്യാദ പോലും നിനക്ക് ഇല്ലേ…. അതെങ്ങനെയാ വീട്ടിൽ നിന്നും പഠിപ്പിച്ചത് അല്ലെ പാടൂ..””

 

ജലജ അവർക്ക് മുൻപിൽ അവളെ താഴ്ത്തി കെട്ടുമ്പോൾ ഒരു നിമിഷം അവളുടെ കണ്ണുകൾ നിറഞ്ഞു വന്നത് അവരിൽ നിന്നും ഒളിപിച്ചു കൊണ്ട് മെല്ലെ ചിരിച്ചവൾ …

 

അത് അമ്മേ ഞാൻ തുണി നനയ്ക്കുവായിരുന്നു ശാന്തേച്ചിയും സുമേച്ചിയും വന്നത് അറിഞ്ഞില്ല… “”

 

ഇപ്പോ അറിഞ്ഞല്ലോ പോയി രണ്ട് ഗ്ലാസ് നാരങ്ങ വെള്ളം കലക്കി കൊണ്ട് വാ.. ഒരെണ്ണം എനിക്കും ആവാം… “”

 

ആയമ്മ ധാർഷ്ട്യത്തോടെ പറയുമ്പോൾ മറുത്ത് ഒന്ന് പറയാതെ അകത്തേക്ക് പോയവൾ….

 

അല്ലങ്കിലും മറുത്ത് ഒന്നും പറഞ്ഞിട്ടില്ല ഇത് വരെ… കഴിയാറില്ല എന്നത് ആണ് സത്യം…. വിവാഹം കഴിച്ചു വന്ന ദിവസം തന്നെ ഏട്ടനിൽ നിന്ന് കിട്ടിയ ആദ്യ ഉപദേശം ആണ്

 

അമ്മയെ വേദനിപ്പിക്കുന്നത് ഒന്നും നീ ചെയ്യാൻ പാടില്ല….. അമ്മ പറയുന്നത് എന്തും അനുസരിക്കണം അച്ഛൻ ഇല്ലാതെ രണ്ട് ആൺകുട്ടികളെ വളർത്തി കൊണ്ട് വന്നത് ആണ് അവർ….. “”

 

ഇന്നോളം ആ വാക്ക് തെറ്റിച്ചിട്ടില്ല…. വിവാഹം കഴിഞ്ഞു ഒരു മാസം കഴിഞ്ഞപ്പോൾ ഏട്ടൻ ഗൾഫിലെക്ക് പോകുകയും ചെയ്തു അന്നോളം അമ്മ പറയുന്നത് അനുസരിച്ചുള്ള ജീവിതം ആണ്…

 

ചിലപ്പോൾ തോന്നും അമ്മയ്ക്ക് വേണ്ടി മാത്രം ആണോ തന്നെ കെട്ടി കൊണ്ട് വന്നത് എന്ന്… “” സ്വന്തം വീടും സ്വന്തം അമ്മയെയും അച്ഛനെയും പോലും കണ്ടിട്ട് മാസങ്ങൾ ആവുന്നു… അമ്മ ഒറ്റക്ക് ആണെന്നുള്ള വാക്കിൽ ആ സ്വാതന്ത്ര്യവും തനിക്ക് നിഷേധിച്ചിരുന്നു..

 

ഇന്ന് മറ്റൊരു പെൺകുട്ടി കൂടി ഈ വീട്ടിലേക്ക് വരാൻ പോകുന്നു ഏട്ടന്റെ പട്ടാളക്കാരൻ ആയ അനിയന്റെ കല്യാണം ആണ് ഒരാഴ്ച കൂടി കഴിഞ്ഞാൽ…. തനിക്ക് ഒപ്പം അമ്മയുടെ നിയന്ത്രണത്തിന് കീഴിലേക്ക് ഒരാൾ കൂടി ആ സന്തോഷ ആണ് ഉമ്മറത്തു അമ്മയും കൂട്ടുകാരും കൂടി ആഘോഷിക്കുന്നത്…..

 

ദിവസങ്ങൾ അധികം നീളും മുൻപേ തന്നെ പോലെ തന്നെ അമ്മയുടെ കൈയിൽ നിന്നും നിലവിളക്ക് വാങ്ങി ഗോപിക ആ വീടിന്റെ പടി വലതു കാൽ വെച്ച് കയറി..

 

ആദ്യത്തേ ദിവസങ്ങൾ വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ തന്നെ മുൻപോട്ട് പോയിരുന്നു….. ഒരു ചേച്ചിയോടോ അമ്മയോടോ എന്നത് പോലെ ആ കുട്ടി പുറകെ നടന്നു കാര്യങ്ങൾ പറയുമ്പോൾ ഇത്രയും നാൾ വീർപ്പു മുട്ടി കഴിഞ്ഞിരുന്ന എനിക്ക് അത് ഒരു ആശ്വാസം ആയിരുന്നു…..

 

പേടിച്ചു വാ പോലും തുറക്കാതെ ഇരുന്ന എനിക്ക് മനസ് തുറന്നു ഉറക്കെ ചിരിക്കാൻ അവൾ ധാരാളം ആയിരുന്നു…

 

വന്ന ദിവസം തൊട്ട് ശ്രദ്ധിക്കുവാ ചേച്ചി ഒറ്റക്ക് ആണോ ഇവിടുത്തെ ജോലി എല്ലാം ചെയ്തിരുന്നത്.. അമ്മ സഹായിക്കില്ലേ.. “”

 

നാളികേരം തിരുമ്മി കയ്യിലേക്ക് അവൾ തരുമ്പോൾ പേടിച്ച് ആണെങ്കിലും ഒന്ന് ചിരിച്ചു..

 

മ്മ്ഹ്.. ” അത് പിന്നെ അമ്മ പ്രായം ആയത് അല്ലെ… അമ്മേ കൊണ്ട് പണി എടുപ്പിക്കുന്നത് മോശമല്ലേ മോളേ..

പിന്നെ ഇവിടെ എനിക്ക് ചെയ്ത്‌ തീർക്കാനുള്ള പണി മാത്രമേ ഉള്ളു..”

 

അമ്മയ്ക്ക് അത്രയ്ക്ക് കുഴപ്പം ഉണ്ടെന്ന് എനിക്ക് കണ്ടിട്ട് തോന്നുന്നില്ല… ഇങ്ങനെ അനങ്ങാതെ ഇരുന്നാൽ പിത്തം പിടിക്കുകയേ ഉള്ളു… രാവിലെ അമ്മ കൂടി ഒരു കൈ ചേച്ചിയെ സഹായിച്ചിരുനെങ്കിൽ പാതി വഴിയിൽ ഉപേക്ഷിച്ച പഠിത്തം പൂർത്തി ആക്കാമായിരുന്നു…

 

അവളുടെ ആ വാക്കുകൾ കേൾക്കേ മറുത്ത് ഒന്നും പറഞ്ഞില്ല… വഴി പോലെ എല്ലാം അവൾ മനസിലാക്കട്ടെ എന്ന് മാത്രം കരുതി…

 

ഞങൾ ഇന്ന് ഉച്ച കഴിഞ്ഞു വീട്ടിൽ പോവാ ചേച്ചി.. വിരുന്നു പോയില്ലല്ലോ.. പോയിട്ട് മറ്റെന്നാളെ വരൂ..'”

 

അരച്ച നാളികേരത്തിൽ നിന്നും അൽപ്പം എടുത്ത് അവൾ വായിൽ ഇട്ട് കൊണ്ട് പറയുമ്പോൾ അവിടുത്തെ പതിവ് അവളെ ഓർമിപ്പിച്ചു….

 

അമ്മയോട് ചോദിച്ചോ..? അമ്മ സമ്മതിച്ചോ കുട്ടി…?

 

ങ്‌ഹേ.. “” എന്റെ വീട്ടിൽ പോകുന്നതിന് എന്തിനാ അമ്മയുടെ സമ്മതം.. എനിക്ക് അരുണിന്റെ സമ്മതം പോരെ.. “”

 

അവൾ പറയുമ്പോൾ രണ്ട് വർഷം പിന്നിലേക്ക് ഒന്ന് സഞ്ചരിച്ചു എന്റെ മനസും…

 

ഇത് പോലെ ആദ്യമായി വിരുന്നിനു പോകാൻ അണിഞൊരുങ്ങി ഉമ്മറത്തു വന്ന നിമിഷം… അമ്മയുടെ സമ്മതത്തിന് വേണ്ടി ഏട്ടന് ഒപ്പം ചോദിക്കുമ്പോൾ ആദ്യത്തെ വിലക്ക് ഏർപ്പെടുത്തി അമ്മ….

 

അമ്മയുടെ സമ്മതമില്ലാതേ പോകാൻ കഴിയില്ലന്നുള്ള ഏട്ടന്റെ നിലപാടും… അത് കൊണ്ട് തന്നെ രണ്ട് വര്ഷത്തിനു ഇടയിൽ രണ്ടോ മൂന്നോ തവണ വീട്ടിലേക്ക് പോയിട്ടുണ്ട്.. അതും അവിടെക്ക് ഒന്ന് എത്തി നോക്കി പോരും… അല്ലങ്കിൽ അമ്മ തനിച്ചു ആണെന്നുള്ള പരാതി കൊണ്ട് ഇറങ്ങും ഏട്ടൻ തന്നെ.. “”

 

അരുണേ വിരുന്നിനു പോക്ക് ഒക്കെ എല്ലായിടത്തും ഉള്ളത് തന്നെയാണ് പക്ഷെ ഇന്ന് നിങ്ങൾ പോയാൽ എങ്ങനെയാ..നിന്റ കല്യാണം കൂടാൻ കഴിയാഞ്ഞത് കൊണ്ട് നിന്റ വല്യമ്മാവൻ ബാംഗ്ലൂരിൽ നിന്നും ഇന്ന് വരും… ഏട്ടൻ വരുമ്പോൾ നിങ്ങൾ ഇവിടെ ഇല്ലങ്കിൽ മോശം ആണ്… വിരുന്നിനു പിന്നെ ഒരു ദിവസം ആണെങ്കിലും പോകാമല്ലോ…

 

ഉമ്മറത്ത് ഒരുങ്ങി ചെന്ന പുതുപെണ്ണിനോടും ചെറുക്കനോടും അമ്മ പറയുന്നത് അകത്തു നിന്നും കേൾക്കുമ്പോൾ പതുക്കെ പുറത്തേക്ക് ഇറങ്ങി ചെന്നു..

 

അയ്യോ അങ്ങനെ ആയിരുന്നെങ്കിൽ അമ്മയ്ക്ക് ഇത് നേരത്തെ പറഞ്ഞു കൂടായിരുന്നോ…. “” വലിയമ്മാവൻ വരുന്നുണ്ട് അല്ലെ..ഗോപികേ അപ്പോൾ നമ്മൾ എന്ത് ചെയ്യും.. “”

 

അരുൺ ഗോപികയേ നോക്കുമ്പോൾ ഏട്ടന്റെ അനിയൻ തന്നെ എന്ന് ഒരു നിമിഷം ചിന്തിച്ചു…

 

അരുൺ തന്നെ തീരുമാനിക്ക്.. “” തിരിച്ചു ഗോപികയുടെ മറുപടിയും കേട്ടപ്പോൾ അവനിൽ നിന്നും വന്ന ഉത്തരം എന്നെ ഞെട്ടിച്ചു..

 

ആദ്യം നമ്മൾ തീരുമാനിച്ചത് വിരുന്ന് പോകാം എന്ന് അല്ലെ… പിന്നെ അല്ലെ അമ്മാവൻ വരുന്ന കാര്യം അറിഞ്ഞത്.. അപ്പോൾ ആദ്യം തീരുമാനിച്ചത് നടക്കട്ടെ..'”

 

അരുണിന്റെ വാക്കുകൾ കേട്ടതും ആദ്യം ചിരിച്ചത് ഞാൻ തന്നെയാണ്..

 

അത് എങ്ങനെ ശരി ആകും..'”എനിക്ക് സമ്മതം അല്ല നിങ്ങൾ ഇന്ന് പോകുന്നതിനോട്.. “””സാധാരണ പോലത്തെ കടുത്ത നിലപാട് എടുത്തു അമ്മ..

 

എനിക്ക് എന്റെ ഭാര്യയെയും കൂട്ടി അവളുടെ വീട്ടിൽ പോകുന്നതിന് എന്തിനാ അമ്മയുടെ സമ്മതം..”” അമ്മ ഏട്ടത്തിയോട് കാണിക്കുന്നത് കണ്ടു ഏട്ടൻ അടങ്ങി നില്കുന്നത് പോലെ ഞാൻ നില്കും എന്ന് കരുതണ്ടാ..” നീ വാടി..”

 

സമ്മതം പോലും ചോദിക്കാതെ അവർ ഇറങ്ങി പോകുമ്പോഴും അമ്മ ദേഷ്യം കടിച്ചമർത്തി..

 

അവൻ ലീവ് കഴിഞ്ഞു പോയാലും അവൾ ഇങ്ങോട്ട് തന്നെ അല്ലെ വരുന്നത്.. “” കാണിച്ചു തരാം ഞാൻ… ഭർത്താവ് കൂടെ ഉണ്ടെന്നുള്ള ധൈര്യം ആണ് അവൾക്ക്.. “”

 

അമ്മ ദേഷ്യം അമർത്തി അകത്തേക്ക് പോകുമ്പോൾ അമ്മ കാണാതെ ഉള്ള് കൊണ്ട് ചിരിച്ചു ഞാൻ..

 

അമ്മയുടെ കണക്ക് കൂട്ടലുകൾ തെറ്റിച്ചു കൊണ്ട് ആയിരുന്നു പിന്നെ അങ്ങോട്ട് ഉള്ള ഗോപികയുടെ തേരോട്ടം… “”

 

ചേച്ചിക്ക് പ്ലസ് ടൂവിന് നല്ല മാർക്ക് ഇല്ലേ… ഡിഗ്രി കംപ്ലീറ്റ് ചെയ്തില്ലന്ന് അല്ലെ ഉള്ളു.. “”

 

ഗോപികയുടെ ചോദ്യത്തിൽ മേലേൽ തല കുലുക്കി…

 

എങ്കിൽ psc വിളിച്ചിട്ടുണ്ട് lgs പോസ്റ്റുലേക്ക് അപ്ലൈ ചെയ്തിട്ട് പഠിച്ചു കൂടെ ചേച്ചിക്ക്…

 

അയയ്യോ അമ്മയും ഏട്ടനും സമ്മതിക്കില്ല..'” ആദ്യം വന്ന മറുപടി അത് ആയിരുന്നു..

 

ഏട്ടന്റെ സമ്മതം അരുൺ വാങ്ങി തന്നോളം എന്ന് പറഞ്ഞിട്ടുണ്ട്… പിന്നെ അമ്മ.. ഏട്ടൻ സമ്മതിച്ചാൽ അമ്മയുടെ സമ്മതത്തിനു ഇവിടെ യാതൊരു പ്രസക്തിയും ഇല്ലന്നെ … അവരെ നോക്കി ഇരുന്നാൽ ജീവിതകാലം മുഴുവൻ ഈ അടുക്കളയിൽ കിടന്നു നിരങ്ങുകയേ ഉള്ളു.. “”

 

ഗോപികയുടെ സംസാരം കേട്ടു കൊണ്ട് അമ്മ അകത്തേക്ക് വരുമ്പോൾ ഞാൻ ഒന്ന് പേടിച്ചു പക്ഷെ ഭാവഭേദം ഒന്നും അവളിൽ ഇല്ലായിരുന്നു….

 

എന്താ ഇവിടെ രണ്ട് പേരും കൂടി ഒരു ചർച്ച എങ്ങനെ അമ്മായി അമ്മയെ ഒതുക്കം എന്ന് ആണോ.. “” അവരുടെ ചോദ്യത്തിൽ ഞാൻ ചൂളി എങ്കിലും അവൾ കൂസൽ ഇല്ലാതെ ആണ് മറുപടി പറഞ്ഞത്…

 

അതിന് ഏട്ടത്തിയുടെ കൂട്ട് പിടിക്കേണ്ട കാര്യം എനിക്ക് ഇല്ല… അമ്മയെ അല്ല അമ്മേടെ അമ്മയെ വരെ ഒതുക്കാൻ എനിക്ക് അറിയാം.. “‘ അവൾ തമാശ പോലെ ആണ് അത് പറഞ്ഞത് എങ്കിലും അവരുടെ മുഖത്ത് ദേഷ്യം ഇരച്ചു കയറി..

 

അമ്മ ഇങ്ങനെ ബിപി കൂട്ടണ്ട ഞാൻ ഏടത്തി psc കോച്ചിങ്ങിനു പോകുന്ന കാര്യം പറഞ്ഞതാ..””

 

Psc കൊച്ചിങ്ങിനൊ ഇവളോ… കോളജിൽ പോയി നാല് ദിവസം നിരങ്ങിയ ഇവൾക് psc കോച്ചിംഗ്.. ഹ്ഹ അടങ്ങി ഒതുങ്ങി ഇവിടെ ഇരുന്നോണം നീ…”” അവരിൽ പുച്ഛം നിറഞ്ഞു..

 

അങ്ങനെ ഇരിക്കാൻ എനിക്ക് ഉദ്ദേശ്യം ഇല്ലങ്കിലോ…?

 

ആദ്യമായി എവിടെ നിന്നോ കിട്ടിയ ധൈര്യത്തിൽ ആണ് അമ്മയുടെ മുഖത്ത് നോക്കി ചോദിച്ചത്..

 

ഇന്ദൂ..”

 

അമ്മയുടെ ഒച്ച ഒന്ന് കൂടി പൊങ്ങി…

 

അമ്മ കൂടുതൽ ശബ്ദം ഉണ്ടാക്കണ്ടാ… എനിക്ക് ഏട്ടന്റെ സമ്മതം കിട്ടിയിട്ടുണ്ട് അത് മതി… പിന്നെ നാല് ദിവസം അല്ല ഞാൻ കോളേജിൽ നിരങ്ങിയത്… നാല് മാസം കൂടെ ഉണ്ടായിരുന്നുള്ളു എനിക്ക് കോഴ്സ് കംപ്ലീറ്റ് ചെയ്യാൻ…. അതിനു നിങ്ങൾ എന്നെ അനുവദിച്ചില്ല….. അന്ന് എനിക്ക് നിങ്ങളുടെ മുൻപിൽ തുറന്ന് പറയാൻ ധൈര്യം ഇല്ലായിരുന്നു…

 

ഇന്ന് അങ്ങനെ അല്ല എനിക്കും ജീവിക്കണം എന്റെ ആഗ്രഹങ്ങൾ നേടിഎടുക്കണം..”

 

നീ പൊയ്ക്കോ അപ്പോൾ ഇവിടുത്തെ ജോലികൾ ആര് ചെയ്യും… ഓ ഇവൾ ഉണ്ടല്ലോ നിനക്ക് ധൈര്യം വാരി കോരി തരുന്ന എന്റെ രണ്ടാമത്തെ മരുമോൾ.. “” ആയമ്മയുടെ മുഖത്ത് വീണ്ടും പുച്ഛം നിറഞ്ഞു ആ നിമിഷം…

 

ശോ എന്ത്‌ ചെയ്യാനാ അമ്മേ ഞാൻ ആൾറെഡി psc ക്ലാസിനു ചേർന്നതാ… പിന്നെ അവിടെ നിന്നും ഇവിടുത്തെ ബ്രാഞ്ചിലേക് ട്രാൻസ്ഫർ വാങ്ങിയതേ ഉള്ളു…. ഇത് ആകുമ്പോൾ ഞങ്ങള്ക് കമ്പയിൻ സ്റ്റഡി നടത്താം.. ജോലി കിട്ടിയാൽ അമ്മയ്ക്ക് തന്നെ അല്ലെ അതിന്റെ ഗമ… രണ്ട് മരുമക്കളും ഗവണ്മെന്റ് ജോലിക്കാർ…

 

പിന്നെ ഇവിടുത്തെ പണി… നമ്മൾ മൂന്നു പെണ്ണുങ്ങൾ അല്ലെ ഉള്ളു നമ്മൾ വിചാരിച്ചാൽ തീരാത്ത പണി ഉണ്ടോ… അല്ലെ ഏടത്തി…. “”

 

ഗോപിക ഏറു കണ്ണിട്ട് അവളെ നോക്കി…

 

പിന്നെ അല്ലാതെ.. “”

 

അതാണ് അപ്പോൾ അമ്മകുട്ടി നാളെ മുതൽ സൂര്യൻ ചന്തിക്ക് മുകളിൽ വരും വരെ കിടന്നുറങ്ങാതേ എണീറ്റ് വന്നാൽ നമുക്ക് ഒരുമിച്ചു രാവിലത്തെ പണി തീർക്കാം. അത് കഴിഞ്ഞു ഞങള് പോയാൽ അപ്പുറത്തെ പരദൂഷണ കമ്മിറ്റിക്കാരെ കൂട്ടി പരദൂഷണതിൽ phd എടുക്കാമല്ലോ.. “”

 

അവരുടെ കവിളിൽ ഒന്ന് കുത്തി ഗോപിക ഇന്ദുവിനെയും കൊണ്ട് അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് ഇറങ്ങി കഴിഞ്ഞിരുന്നു…… മുൻപോട്ട് അടി വയ്ക്കാതെ പേടിച്ചു ഇരുന്നാൽ ജീവിത കാലം മുഴുവൻ പേടിച്ചു ഇരിക്കേണ്ടി വരും എന്ന് ഓർമ്മപെടുത്തലോടെ അവർ അവരുടെ പ്രയാണം അവിടെ തുടങ്ങി…

Leave a Reply

Your email address will not be published. Required fields are marked *