നമുക്ക് ഒരുമിച്ച് ഇനിയും മുന്നോട്ടു പോകാൻ കഴിയില്ല എന്നത് രണ്ടുപേർക്കും ഉറപ്പാണ്

(രചന: J. K)

 

സ്വരം നന്നാവുമ്പോൾ തന്നെ പാട്ട് നിർത്തുന്നത് നല്ലത് എബി?? നമുക്ക് ഒരുമിച്ച് ഇനിയും മുന്നോട്ടു പോകാൻ കഴിയില്ല എന്നത് രണ്ടുപേർക്കും ഉറപ്പാണ്. അപ്പോൾ പിന്നെ ഈ ബന്ധം കൂടുതൽ വഷളാകുന്നതിനുമുമ്പ് പിരിയുന്നതാണ് നല്ലത് എന്നാണ് എന്റെ അഭിപ്രായം..

 

ജൂവൽ പറയുന്നത് കേട്ട് എബി അവളെ തന്നെ നോക്കി…

 

“”” ആ പിരിയാം എനിക്കും അത് തന്നെയാണ് ഇഷ്ടം.. “” എന്ന് പറയുമ്പോൾ അറിയാതെ ഒരു നോവ് ഉള്ളിൽ എവിടെയോ പടരുന്നത് എബി അറിഞ്ഞിരുന്നു…

 

എബി ഇങ്ങനെ പറയും എന്ന് ഒരിക്കലും ജുവലും പ്രതീക്ഷിച്ചിരുന്നില്ല ആ മറുപടി അവളുടെ മുഖവും മങ്ങിച്ചു…

നീയില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല എന്നൊരു മറുപടിയായിരുന്നു അവൾ പ്രതീക്ഷിച്ചിരുന്നത്… പക്ഷേ ഇത്….

 

എബി പെട്ടെന്ന് പുറത്തേക്ക് ഇറങ്ങിപ്പോയി.. ജുവലിന് അവിടെയിരുന്ന് ഒന്ന് പൊട്ടിക്കരയണം എന്ന് തോന്നി.. പുറത്തിറങ്ങി പോയവൻ കണ്ടിരുന്നു റൂമിൽ ഇരുന്ന് പൊട്ടിക്കരയുന്ന അവളെ.. ആ കാഴ്ച അവന്റെ കണ്ണ് നിറച്ചു എങ്കിലും ഇതുതന്നെയാണ് നല്ലത് എന്ന് അവൻ ഉറപ്പിക്കുകയായിരുന്നു…

 

ഏറെ നാളത്തെ പ്രണയമായിരുന്നു ജുവലും എബിയും തമ്മിൽ…

 

എന്നാണെന്നറിയില്ല പരസ്പരം ശ്രദ്ധിക്കാൻ തുടങ്ങിയത് ആദ്യം ഇഷ്ടമാണെന്ന് വന്നു പറഞ്ഞത് എബിയായിരുന്നു അതുകൊണ്ടുതന്നെ കൂടുതൽ ഒന്നും ആലോചിക്കേണ്ടിയിരുന്നില്ല ജുവലിന് തിരികെ ഇഷ്ടമാണെന്ന് പറയാൻ അവളും മനസ്സിൽ എന്നോ കൊണ്ട് നടക്കുന്ന ഒരാളായിരുന്നു എബി…

 

പള്ളിയിലെ ഓർഫനേജിലെ അന്തേവാസിയായിരുന്ന എബിക്ക് എങ്ങനെ ചിന്തിച്ചാലും കിട്ടാത്ത കനിയായിരുന്നു ജുവൽ…

 

എന്നിട്ടും ഇഷ്ടം മനസ്സിൽ മാത്രം ഇരിക്കാത്തത് കൊണ്ടാണ് അവളോട് തുറന്നു പറഞ്ഞത്…

അവൾക്കും ഇഷ്ടമാണെന്ന് അറിഞ്ഞപ്പോൾ പിന്നെ സന്തോഷത്തിന് അതിരില്ലായിരുന്നു..

 

വീട്ടിൽ എറിഞ്ഞ് പ്രശ്നമായപ്പോൾ സാധാരണ എല്ലാവരും ചെയ്യുന്നതുപോലെ അവളെയും കൊണ്ട് നാടുവിടുകയല്ലാതെ തരമില്ലായിരുന്നു അങ്ങനെയാണ് അവളെയും കൊണ്ട് ഈ മഹാ നഗരത്തിലേക്ക് പോന്നത്…

 

ഒരു സിനിമയിൽ മുഖം കാണിക്കണം എന്നതായിരുന്നു എബിയുടെ ഏറ്റവും വലിയ ആഗ്രഹം. അതിനായി അവൻ ചെന്ന് മുട്ടാത്ത വാതിലില്ല ഒരു പുതുമുഖത്തെ പലരും അവഗണിച്ചെങ്കിലും അവൻ പ്രതീക്ഷ കൈവിടാതെ പിന്നെയും ഓരോ വാതിലുകളിൽ പോയി മുട്ടിയിരുന്നു…

 

അവന്റെ എല്ലാ മോഹങ്ങളും ആഗ്രഹങ്ങളും ചുരുട്ടി മടക്കി പോക്കറ്റിൽ ഇട്ടു കൊണ്ടായിരുന്നു ആ ഒളിച്ചോട്ടം…

 

പ്രണയം പോലെ എളുപ്പമല്ല ജീവിതം എന്ന് മനസ്സിലാക്കാൻ അധികനാളുകൾ ഒന്നും വേണ്ടിവന്നില്ല കയ്യിൽ കരുതിയ പണം എല്ലാം തീർന്നപ്പോൾ ഇനിയെന്ത് വേണം എന്നായിരുന്നു ചിന്ത..

 

അലഞ്ഞുതിരിഞ്ഞ് ഒടുവിൽ ഒരു ചെറിയ ജോലി കിട്ടി.. അഭിമാനം പോലും നോക്കാതെ അവളുടെ കഴുത്തിലും കാതിലും കിടന്നതെല്ലാം വിറ്റ് അവളെ തൽക്കാലം ഒരു ലേഡീസ് ഹോസ്റ്റലിൽ ആക്കി…

 

ബാക്കി പണം ഭദ്രമായി കയ്യിലും വെച്ചു ഒരു ചെറിയ വീടോ മറ്റോ നോക്കി അങ്ങോട്ടേക്ക് മാറാം എന്ന് അവളോട് പറയുകയും ചെയ്തു. അങ്ങനെയാണ് ഞങ്ങളുടെ കയ്യിലുള്ള പൈസക്ക് അനുസരിച്ച് ഒരു കുഞ്ഞു വീട് കിട്ടിയത് വീട് എന്നൊന്നും പറയാനാവില്ല പകുതിയും ടാർപ്പായ കൊണ്ട് കുത്തിമറിച്ച് ഒരു കെട്ടിടം…

 

ആ വലിയ വീട്ടിൽ എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ചു വളർന്ന അവളെ ഇങ്ങനെയൊരു കൂട്ടിൽ കൊണ്ടിടാൻ എനിക്ക് മനസ്സില്ലായിരുന്നു എങ്കിലും വേറെ വഴിയില്ലാത്തതുകൊണ്ട് അവളെയും കൂട്ടി അങ്ങോട്ടേക്ക് വന്നു…

 

എബിയുടെ കൂടെ ഏത് നരകത്തിലും എനിക്ക് സ്വർഗം ആണ് എന്ന് പറഞ്ഞവളായിരുന്നു അവൾ പക്ഷേ ക്രമേണ ഇവിടുത്തെ ജീവിതം ഞങ്ങളെ രണ്ടുപേരെയും വലക്കാൻ തുടങ്ങി ഒന്ന് മനസ്സമാധാനമായി കുളിക്കാൻ പോലും പറ്റില്ല…

 

അപ്പുറത്തും ഇപ്പുറത്തും ഉള്ളവരെ ഭയപ്പെടണം.. രാത്രി ഞാൻ വന്ന് കാവൽ നിൽക്കും.. അപ്പോൾ മാത്രമാണ് ധൈര്യമായി അവൾ ഒന്ന് കുളിക്കുക പോലും..

 

പ്രണയം പോലെ ജീവിതം മധുരമല്ല എന്ന് മനസ്സിലാക്കുകയായിരുന്നു ഞങ്ങൾ…

 

പിന്നെ വാക്ക് തർക്കങ്ങൾ ആയി ഫ്രസ്ട്രെഷൻ ആയി… പതിയെ സ്നേഹം എന്ന വികാരം തന്നെ ഞങ്ങൾക്കിടയിൽ നിന്നും അപ്രത്യക്ഷമായി…

 

അവൾക്ക് ആവശ്യമുള്ള പരിഗണനകളും സുഖസൗകര്യങ്ങളും കൊടുക്കാൻ പറ്റാത്തതിന്റെ നിരാശയായിരുന്നു എനിക്കെങ്കിൽ, അവൾ വിചാരിച്ചത് പോലെ ഞാൻ പെരുമാറാത്തതായിരുന്നു അവളുടെ പ്രശ്നം…

 

ഒടുവിൽ രണ്ടുപേർക്കും അങ്ങോട്ടും ഇങ്ങോട്ടും ചെയ്യുന്നതെല്ലാം കുറ്റമായി തോന്നി… അവളുടെ ഒരു അകന്ന ബന്ധു ഇവിടെയുണ്ടായിരുന്നു. അയാൾ മുഖേന അവളുടെ അവസ്ഥ അവൾ വീട്ടിൽ അറിയിച്ചു…

 

ഞാൻ ഇല്ലാതെ തിരികെ ചെന്നാൽ അവർ സ്വീകരിക്കാം എന്ന് പറഞ്ഞു പക്ഷേ അവൾക്ക് പോകാൻ ഒരു മടി..

ഇപ്പോഴും ഉള്ളിൽ അവൾ എന്നോട് സ്നേഹം സൂക്ഷിക്കുന്നുണ്ട് ഞാൻ അവളോടും…

 

ഒരിക്കലും എന്നെ ഇട്ടിട്ട് എന്റെ സ്നേഹം വിട്ടിട്ട് അവൾ പോകില്ല എന്ന് തോന്നിയപ്പോഴാണ് അവളോട് ഞാൻ കൂടുതൽ ദുർമുഖം കാണിക്കാൻ തുടങ്ങിയത് അവളെ സ്വീകരിച്ചോളാം എന്ന് അവളുടെ വീട്ടിൽ പറഞ്ഞത് അവൾ എന്നെ അറിയിച്ചിട്ടില്ലായിരുന്നു ഞാൻ വിഷമിക്കും അല്ലെങ്കിൽ ഇതുപോലെ എന്തെങ്കിലും ചെയ്തു കളയും എന്ന് അവൾക്ക് തോന്നിക്കാണും…

 

പക്ഷേ അത് അറിഞ്ഞപ്പോൾ എനിക്ക് തോന്നി അവൾ അവളുടെ വീട്ടിലേക്ക് പോകുന്നത് തന്നെയാണ് നല്ലത് എന്ന് എന്റെ കൂടെ ഇവിടെ ഈ ദുരിത ജീവിതം നയിക്കുന്നതിനേക്കാൾ നല്ലത് അവൾ അവളുടെ വീട്ടിൽ പോയി സുഖമായി കഴിയുന്നതാണ് പിരിയുന്നതിന്റെ അല്പം സങ്കടം ഉണ്ടാകും അത് ഞാൻ മാത്രം സഹിച്ചാൽ മതിയല്ലോ അവൾക്ക് അവർ മറ്റൊരു നല്ല ജീവിതം തിരഞ്ഞു കണ്ടു പിടിച്ചു കൊടുക്കും..

 

ഇതിനിടയിൽ അവിടെയും ഒരു ഫിലിം പ്രൊഡക്ഷൻ കമ്പനിയിൽ അവൻ പണ്ടെന്നു പോയി ചാൻസ് ചോദിച്ചിരുന്നു അവർ പിന്നീട് വിളിക്കാം എന്ന് പറഞ്ഞെങ്കിലും അവൻ അത് അത്ര കാര്യമാക്കി എടുത്തില്ല…

 

അവർ വിളിച്ചപ്പോൾ അതൊരു സ്വപ്നം പോലെ തോന്നി അവന് അവരുടെ പുതിയ സിനിമയിൽ മുഴുവൻ പുതുമുഖങ്ങൾ ആണ് അതിൽ അഭിനയിക്കാൻ അവന് ക്ഷണം കിട്ടി അതും ഒരു മെയിൻ റോൾ…

 

എബിയുടെ സന്തോഷത്തിന് അതിരില്ലായിരുന്നു..

 

ജുവലിനോട് പറയാൻ ഓടി ചെല്ലട്ടെ എന്ന് ആലോചിച്ചപ്പോഴാണ് അവൾ വീട്ടിൽ ഇല്ലല്ലോ എന്നോർമ്മ വന്നത് വല്ലാത്ത വിഷമം ആയിരുന്നു… അവളുടെ കൂടി ആഗ്രഹമായിരുന്നു അവൻ സിനിമയിൽ അഭിനയിക്കുന്നത് പക്ഷേ ഇപ്പോൾ ഒരു ചാൻസ് കിട്ടിയപ്പോൾ പറയാൻ കൂടെ അവൾ ഇല്ലല്ലോ എന്ന വിഷമം ആയിരുന്നു അവന്റെ മനസ്സു മുഴുവൻ..

 

ആ സങ്കടവും മനസ്സിൽ പേറിയാണ് ഇത്തവണ അവൻ റൂമിലേക്ക് ചെന്നത്..

പക്ഷേ പുറത്തുനിന്ന് തോന്നിയിരുന്നു അകത്ത് ആരൊക്കെയോ ഉണ്ട് എന്ന് അകത്ത് ചെന്നപ്പോൾ അവൻ കണ്ടു ജുവലും അവളുടെ പപ്പയും മമ്മിയും എല്ലാം…

 

അവരെ കണ്ടതും അവന് വല്ലാത്ത ജാള്യത തോന്നി കഴിഞ്ഞ നാലഞ്ച് മാസക്കാലം അവരുടെ മകളെ താൻ ഈ ഒരു കൂട്ടിലാണ് താമസിപ്പിച്ചത് എന്ന് അവരറിഞ്ഞതിൽ…

 

“”” നീയില്ലാതെ ഇവൾ ജീവിച്ചിരിക്കില്ല എന്നാണ് പറഞ്ഞത്… അവിടെ വന്നതും സമാധാനമില്ലാതെ നിന്നെ കാണാൻ വേണ്ടി അപ്പോൾ തന്നെ അവൾ ഇങ്ങോട്ട് പുറപ്പെട്ടിരുന്നു… ഞങ്ങൾ തടഞ്ഞപ്പോൾ ചത്തുകളയും എന്ന് തന്നെയായിരുന്നു ഭീഷണി… എങ്കിൽ പിന്നെ അവളുടെ മുന്നിൽ ഒന്ന് തോറ്റു കൊടുക്കാം എന്ന് ഞങ്ങളും തീരുമാനിച്ചു…

 

കാരണം ഇത്രയും ബുദ്ധിമുട്ട് നിന്റെ കൂടെ നിന്ന് അനുഭവിച്ചിട്ടും അവൾക്ക് നിന്നെ മടുത്തില്ലെങ്കിൽ പിന്നെ മറ്റൊന്നിന്നും അവളെ നിന്നിൽ നിന്ന് പിരിക്കാൻ സാധ്യമല്ല എന്ന് ഞങ്ങൾക്കും മനസ്സിലായി… രണ്ടുപേരെയും നാട്ടിലേക്ക് ക്ഷണിക്കാനാണ് ഞാൻ വന്നത്… നിനക്ക് അവിടെ ഒരു ജോലി ഞാൻ ശരിയാക്കിയിട്ടുണ്ട്”‘”

 

അത്രയും പറഞ്ഞപ്പോഴേക്ക് ഞാൻ അവളെ നോക്കി കണ്ണ് നിറച്ച് എന്നെ നോക്കി നിൽക്കുന്നുണ്ട് അതുകണ്ട് എന്റെ ചങ്ക് തകർന്നു പോയി എന്റെ പെണ്ണ്… എനിക്ക് സ്നേഹം മാത്രം തന്നവൾ..

 

പുതിയ പ്രോജക്ടിന്റെ കാര്യം ഞാൻ അവളോട് അപ്പോൾ തന്നെ പറഞ്ഞു അവളുടെ മുഖത്തെ സന്തോഷം കണ്ടു..

 

തൽക്കാലം അവളെ അവരുടെ കൂടെ നാട്ടിലേക്ക് പറഞ്ഞയച്ചു ഒപ്പം അവർ എനിക്ക് നീട്ടിയ ജോലി വേണ്ട പകരം ഞാൻ തന്നെ അവളെ നോക്കിക്കോളാം എന്ന് പറഞ്ഞു..

 

അവരെ ഭയപ്പെട്ടാണ് ഇവിടെ വന്നിട്ട് താമസിക്കേണ്ടി വന്നത്… പ്രതീക്ഷിക്കാത്ത വിധം വിജയം നേടിയിരുന്നു സിനിമ..

 

അത് എന്റെ കരിയർ തന്നെമാറ്റിമറിച്ചു.. തിരക്കുകളിൽ നിന്ന് തിരക്കുകളിലേക്ക് കുതിച്ചു ഒപ്പം ഉയർന്നുവന്ന പ്രശസ്തിയും.. അപ്പോഴും എന്റെ വലം കയ്യിൽ ചേർന്ന് അവളും ഉണ്ടായിരുന്നു.. ഏത് ദുരിതത്തിലും എന്നെ കൈവിടാത്ത എന്റെ പെണ്ണ്..

Leave a Reply

Your email address will not be published. Required fields are marked *