വന്ദന
(രചന: Jamsheer Paravetty)
“അച്ഛാ തെറ്റിദ്ധരിക്കല്ലേ…””ഇറങ്ങി പോടാ എന്റെ മുന്നീന്ന്” മേനോൻ ആക്രോശിച്ചു..”ദയവായി ഞാൻപറയുന്നത് കേൾക്കച്ഛാ”
“നീ ഒന്നും പറയേണ്ട… ഇനി തന്റെ വട്ടിന് കൂട്ട് നിൽക്കാൻ ഞങ്ങളെ കിട്ടൂല്ല”
ദൈന്യതയോടെ നിന്നു ഹരി. അവന്റെ പിറകിൽ എന്ത് ചെയ്യണമെന്നറിയാതെ വന്ദനയും..
“ഇത്രയും കാലം എവിടെയെങ്കിലും ആയിരുന്നു..
ഇതിപ്പോ വന്ന് വന്ന് കണ്ടവളുമാരെ വീട്ടിലേക്ക് വിളിച്ചു കൊണ്ടു വന്നിരിക്കുന്നു…എരണം കെട്ടവൻ”
“അച്ഛാ.. ഞാൻ.. ഒന്ന് പറഞ്ഞോട്ടെ…””മിണ്ടരുത് നീ…എറങ്ങെടാ വെളിയില്..”
“ഇനി മേലാലീ പടികയറരുത്..” മഹേഷ് മേനോൻ ഗെയിറ്റിലേക്ക് വിരൽചൂണ്ടി… അച്ഛന്റെ ആക്രോശത്തിനിടയിലും പ്രതീക്ഷയോടെ അമ്മ സൗദാമിനിയെ നോക്കി ഹരി..എല്ലാം കണ്ട് ഒന്നും മിണ്ടാതെ നിൽക്കുന്ന സൗദാമിനിയമ്മയോട് എന്നത്തേയും പോലെ അവസാന ആശ്രയം തേടി
“ഇത് നിങ്ങള് കരുതുന്ന പോലെയല്ലമ്മേ….””ഇല്ലെടാ.. ഇത്രയും കാലം നിന്റെ എല്ലാ കുരുത്തക്കേടുകളും ക്ഷമിക്കുകയും സഹിക്കുകയും ചെയ്ത എന്നോട് പോലും നീയൊരു വാക്ക് മിണ്ടിയോ…”
അവർ വന്ദനയുടെ നേരെ തിരിഞ്ഞു”നിനക്ക് തന്തയും തള്ളയുമൊന്നുമില്ലേ കൊച്ചേ..
ഇവനെ പോലെയുള്ള തെമ്മാടികളുടെ കൂടെ ഇറങ്ങി വരാൻ..”അത്രയും നേരം എന്ത് ചെയ്യണമെന്നറിയാതെ നിന്ന വന്ദന ഹരിയുടെ പിറകിൽ നിന്ന് അവരുടെ മുന്നിലേക്ക് മെല്ലെ നീങ്ങി നിന്നു..
“അമ്മേ.. ഞാൻ..” വന്ദന വിറയലോടെ പറഞ്ഞു..”പൊന്നു പോലെ സ്നേഹിക്കുന്ന അച്ഛനും അമ്മയും എനിക്കുമുണ്ടമ്മേ..”
“എന്നിട്ടാണോ കൊച്ചേ നീ ഇവന്റെ കൂടെ അഴിഞ്ഞാടി നടക്കുന്നത്..””അമ്മേ.. ഞാനറിയുന്ന ഹരി നല്ലവനാണ്..
നാളെയെന്റെ വിവാഹ നിശ്ചയമാണ്…എന്റെ വീട്ടിൽ നിന്ന് മറ്റെല്ലാം ഉപേക്ഷിച്ച് ഹരിയോടൊപ്പം ഇറങ്ങി വന്നതും നിങ്ങളുടെ മകനെ വിശ്വാസമുള്ളത് കൊണ്ട് തന്നെയാണ്…”
മൗനമായി നിന്ന മോനോനേയും ഭാര്യയേയും പ്രതീക്ഷയോടെ നോക്കി…
ഇല്ല.. അവർക്ക് മൗനം തന്നെ..വന്ദന ഹരിയുടെ കൈപിടിച്ചു..
“വാ പോകാം.. ഇനിയും എന്തിനാണിവിടെ നിൽക്കുന്നത്..”
തിരിഞ്ഞ് നടന്നു അവർകാര്യങ്ങള് ഏകദേശം മേനോനും ഭാര്യയും മനസിലാക്കി.. ഒരു നിമിഷം അവർ പരസ്പരം നോക്കി…
“നിൽക്കൂ..” നടന്നു തുടങ്ങിയ ഹരിയും വന്ദനയും തിരിഞ്ഞ് നിന്നു.. അകത്തേക്ക് പോയ സൗദാമിനിയമ്മ നിലവിളക്കുമായി തിരികെ വന്നത് കണ്ട് ഹരിയുടെ മുഖം വിടർന്നു…
“ഇല്ലമ്മേ… മനസ് കൊണ്ട് സ്വീകരിക്കാതെ ഒരു ചടങ്ങ് കൊണ്ട് ഈ വീട്ടിലേക്ക് കയറാൻ ഞാനില്ല..”
“അല്ല മോളേ.. പൂർണമനസ്സോടെ തന്നെയാണ്… എന്റെ മരുമോളായി തന്നെയാണ്…”
“വാ..” മേനോൻ വന്ദനയുടെ കൈപിടിച്ച് തിരികെ കൊണ്ട് വന്നു.. ഈശ്വരനെ മനസ്സിൽ ധ്യാനിച്ച് വന്ദന നിറദീപവുമായി ആ വീട്ടിലേക്ക്… ഹരിയുടെ ഭാര്യയായി വലത് കാല് വെച്ച് കയറി.. പിറകെ ഹരിയും
പ്രശസ്തകൺസ്ട്രക്ഷൻ കമ്പനിയിൽ ഡിസൈനറായി ജോലിചെയ്യുന്ന ഹരി വർക്ക് സൈറ്റുകളിൽ രണ്ട് ദിവസം പോയില്ല.. വന്ദനയോടൊപ്പം തന്നെ നിന്നു..
തന്റെ അമ്മയും അച്ഛനും ഇപ്പോഴും പരിഭവത്തോടെ തന്നെആയതിൽ നല്ല വിഷമമുണ്ട് വന്ദനയ്ക്ക്.. അവരെ കുറ്റം പറയാനാവില്ല..
എല്ലാവരേയും അവഹേളിക്കുന്ന തരത്തിൽ ഹരിയുടെ കൂടെ ഇറങ്ങി പോന്നത് അവർക്ക് വലിയ വേദനയായിട്ടുണ്ടാകും തീർച്ച.. ഹരിയുമായുള്ള പ്രണയം ആദ്യം പറഞ്ഞത് വീട്ടിലാണ്..
പക്ഷേ അവർക്ക് താൽപര്യുണ്ടായിരുന്നില്ല.. പലപ്പോഴും ഹരിക്ക് വേണ്ടി പറഞ്ഞു.. ഒടുവിൽ തന്റെ ഇഷ്ടത്തിന് ഒരു വിലയും കൽപിക്കാതെ മുറച്ചെറുക്കനെ കൊണ്ട് കെട്ടിക്കാൻ തീരുമാനിച്ചപ്പോൾ ഹരിയോടൊപ്പം ഇറങ്ങുകയല്ലാതെ വേറൊരു വഴിയും ഉണ്ടായിരുന്നില്ല വന്ദനയ്ക്ക്..
എല്ലാ സങ്കടങ്ങളും ഹരിയുടെ സ്നേഹത്തിന് മുന്നിൽ ഇല്ലാതായി….
ഓരോ നിമിഷവും ആസ്വദിച്ചു വന്ദന… ഹരി അത്രമേൽ പ്രണയം കൊണ്ട് മൂടുകയാണ്.. അതേപോലെ തന്നെ ഹരിയുടെ അമ്മയും അച്ഛനും മകളെ പോലെ തന്നെയാണ് കരുതുന്നത്.
ഒരു പക്ഷെ ഹരിയേക്കാൾ സ്നേഹം തനിക്ക് തരുന്നുണ്ട് എന്ന് കരുതുന്നു… അവൾക്ക് കൂടുതൽ ആശ്വാസമായി….
കാലം ഒരുപാട് കഴിഞ്ഞിരുന്നു..ഈ വീട്ടിലെ മരുമകളായി വന്നിട്ട് രണ്ട് വർഷമായി… ഹരിയുടെ അമ്മയും അച്ഛനും കൂടുതൽ സ്നേഹവും ബഹുമാനവും ആദരവും നൽകി ചേർത്ത് പിടിക്കുന്നുണ്ട്..
കൂടെ താലോലിക്കാൻ ഒരു മോൻ കൂടിയുണ്ടിന്ന് വന്ദനയ്ക്ക്… മകന് ഒരു വയസായി… ഹരി കൺസ്ട്രക്ഷൻ കമ്പനിയുടെ ബാംഗ്ലൂരിലെ ഓഫീസിലേക്ക് മാറിയതോടെ ഒന്നോ രണ്ടോ മാസങ്ങൾ കൂടുമ്പോൾ മാത്രമാണ് വരുന്നത്.. ഒരു ദിവസത്തെ അല്ലെങ്കിൽ രണ്ടു ദിവസത്തെ മാത്രം ലീവാണുണ്ടാവുക..
പഴയതിൽ നിന്ന് ഒരുപാട് മാറിയിരിക്കുന്നു ഹരി ഇന്ന്.. വാക്കുകൾക്ക് പോലും ആ മാറ്റം തോന്നുന്നു പലപ്പോഴും…
പണ്ടൊക്കെ നോട്ടത്തിൽ പോലും പ്രണയമുണ്ടായിരുന്നു… ഇന്ന് വാക്കുകളിൽ പോലുമില്ലാത്ത പോലെ.. അങ്ങനെയാണിന്ന് വന്ദനയോടുള്ള പെരുമാറ്റം.. ആദ്യമൊക്കെ ശരീരത്തെ ആർത്തിയോടെ നോക്കിയിരുന്ന ഹരിയേട്ടൻ ഇന്നവളുടെ ന ഗ്നത കാണാൻ പോലും ഇഷ്ടമാവാത്ത പോലെ…
എങ്കിലും എല്ലാം സഹിച്ച് പരമാവധി ഹരിയിലേക്ക് ചേരാൻ ശ്രമിക്കും… ആര് കണ്ടാലും ഒന്നെടുത്ത് മുത്തം നൽകാൻ കൊതിക്കുന്ന ഓമനത്തമുള്ള മോനെ പോലും ഒന്നെടുക്കുകയില്ല ഹരി.. സിറ്റൗട്ടിൽ മൊബൈലിൽ ലയിച്ച് ഇരിക്കുകയായിരുന്നു ഹരി.. വന്ദന അവന്റെ അരികിലേക്ക് വന്നു..
“ഹരിയേട്ടാ…” അവളടുത്ത് വന്നതൊന്നും അറിയുന്നേയില്ല… ഹരി മൊബൈലിൽ വേറെ ഏതോ ലോകത്തായിരുന്നു… പിറകിൽ നിന്ന് ഹരിയുടെ തോളിലൂടെ കൈകളിട്ട് അയാളിലേക്ക് കൂടുതൽ ചേർന്ന് നിന്നു അവൾ…
ചന്ദനലേപത്തിന്റെ സുഗന്ധമുള്ള പിൻകഴുത്തിൽ മുഖം അമർത്തി… ഹരി അപ്പോഴും മൊബൈൽ ഫോണിലായിരുന്നു… ചെവിയുടെ പിറകിൽ വന്ദനയുടെ നാവ് ഇഴഞ്ഞപ്പോൾ ഇക്കിളിയോടെ ഹരി തിരിഞ്ഞു നോക്കി..
“ഹരിയേട്ടാ…” കുറുകി കൊണ്ട് വിളിച്ചു അവൾഒരു ലവലേശം പോലും സ്നേഹം ആ കണ്ണുകളിൽ ഉണ്ടായിരുന്നില്ല…നിനക്കൊന്ന് ശരിക്ക് കുളിച്ചൂടേ…”
“അത്.. ഞാൻ.. കുളിച്ചായിരുന്നല്ലോ..””പിന്നെന്താ ഒരു ചത്ത വാസന”
“അത്.. മോന് പാല് കൊടുക്കുന്നതല്ലേ.. അതിന്റെയാവും…” ദൈന്യതയോടെ പറഞ്ഞു അവൾ…
“എന്താ നിനക്ക് മാത്രേ കുട്ടിയുള്ളൂ.. വേറെയാർക്കും അതൊന്നുമില്ലാത്ത പോലെ..”
“ഹരിയേട്ടാ നമ്മുടെ മോൻ കൊച്ചു കുട്ടിയല്ലേ.. അതോണ്ടാവും..”
“കൊച്ച് കുട്ടിയാലെന്താ.”
“‘ഹരിയേട്ടാ… പാല് നിറഞ്ഞൊലിക്കുന്നതാ…””എന്നെക്കൊണ്ടൊന്നും പറയിപ്പിക്കേണ്ട…”എന്താ മോളേ… ഇവിടെ വഴക്ക്””ഒന്നൂല്ലമ്മേ..”പിന്നെ… കുറേ നേരമായി ഞാൻ ശ്രദ്ധിക്കുന്നു..”
“അമ്മേ ഹരിയേട്ടന് ഇപ്പോ എന്നോടൊരിത്തിരി സ്നേഹം പോലും ഇല്ല”അതിനവൻ എന്നാ മോളേ നിന്നെ സ്നേഹിച്ചത്..”
“പെണ്ണിനെ പോലെ നടന്നാൽ ഞാൻ സ്നേഹിക്കും.. അതല്ലാതെ ചീഞ്ഞളിഞ്ഞ് നടന്നാൽ”
“ആരാടാ ചീഞ്ഞളിഞ്ഞ് വന്നത്…” മേനോനും വന്നു അവിടേക്ക്..
“നിങ്ങളൊന്നു നോക്കവളെ… ആകെ ഇടിഞ്ഞു തൂങ്ങിയ… പോലെ…”
“എടാ അവൾക്ക് മു ലകുടിക്കുന്ന ഒരു കുട്ടിയില്ലേ… അപ്പോ അങ്ങനെയൊക്കെ തന്നെയാണ്”
“എന്താ വേറെയാരും പ്രസവിക്കാറില്ലേ…”
“നീയല്ലേ അവളെ ഈ കോലത്തിലാക്കിയത്..
അവളുടെ എല്ലാം ഇടിച്ചു പിഴിഞ്ഞ് നീരെടുത്ത് ഇപ്പോ നിനക്കവൾക്ക് സൗന്ദര്യമില്ല.. അല്ലേ”
“നീ എങ്ങനെയാ മോളേ ഈ പിശാചിനെ വിശ്വസിച്ച് ഇറങ്ങി പോന്നത്..”
ഹരി ഒന്നും മിണ്ടാതെ റൂമിലേക്ക് പോയി… പോയ അതേ വേഗത്തിൽ തിരികെ വന്നു… ആരോടും ഒന്നും പറയാതെ കാറെടുത്ത് പോയി
ഹരി വർക്ക് സൈറ്റിലേക്ക് പോയിട്ട് നാലു മാസത്തിലേറെയായി… ഇന്ന് വരുമെന്ന് പറഞ്ഞതാണ്.. അച്ഛനും അമ്മയും പലവട്ടം പറഞ്ഞു.. മോളേ വിളിച്ചു നോക്കെന്ന്.. ലാസ്റ്റ് വിളിച്ചപ്പോൾ ഞാൻ വരും.. ഇനി ഇങ്ങോട്ട് വിളിക്കേണ്ട എന്ന് പറഞ്ഞു വെച്ചതാണ്..
രാത്രി വൈകിയും കാണാതെ വന്നതോടെ അമ്മയുടെ നിർബന്ധത്തിന് വീണ്ടും വിളിച്ചു.. ഹരിയുടെ മൊബൈൽ സ്വിച്ച് ഓഫ് ആയിരുന്നു. അമ്മയും അച്ഛനും വല്ലാത്തൊരു മാനസികാവസ്ഥയിൽ ആണെന്ന് അവരുടെ മുഖം കണ്ടാൽ അറിയാം…
“അമ്മേ.. ഹരിയേട്ടനെന്താ ഇങ്ങനെ..””എന്റെ പൊന്നു മോളേ നിനക്ക് ഞങ്ങളില്ലേ..””നിങ്ങളുണ്ട് എന്നാലും.”
“ഞങ്ങൾക്ക് അറിയാം മോളേ..” ആ അമ്മ മരുമകളെ ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചു
“പണ്ടൊക്കെ എന്നെ എന്തിഷ്ടായിരുന്നെന്നോ”.”ഇപ്പോ വന്നാൽ തന്നെ എന്തോ വെറുപ്പുള്ള പോലെ..”
“എല്ലാം ഉപേക്ഷിച്ചു വന്ന ഞാൻ അധികപ്പറ്റായ പോലെ..”
“എന്റെ പൊന്നു മോളേ.. അങ്ങനെ പറയല്ലേ… അവന് വേണ്ടാതായെങ്കിലും നീ ഞങ്ങളുടെ മോളാണല്ലോ…”
“നീയും മോനും ഉള്ളതാണ് ഇന്ന് ഞങ്ങളുടെ ആകെയുള്ള ആശ്വാസം”
വന്ദനയ്ക്ക് ആ ആശ്വാസവാക്കുകൾ മാത്രം മതിയാകുമായിരുന്നില്ല… സ്നേഹിച്ച പുരുഷനൊപ്പം വിശ്വസിച്ച് ഇറങ്ങി പോന്നതാണ്…. സ്വന്തം കുടുംബം പോലും ഉപേക്ഷിച്ച്…
ആലോചനകളിൽ വിങ്ങുന്ന മനസ് കുളിരാൻ ഹരിയുടെ സാമീപ്യം കൊണ്ടല്ലാതെ കഴിയില്ലെന്ന് ആ പാവം അച്ഛനും അമ്മയ്ക്കും അറിയാം…
ദിവസങ്ങൾ വീണ്ടും ഒരുപാട് കഴിഞ്ഞു… മുട്ട് കുത്തി വരുന്ന മോനോടൊപ്പം സിറ്റൗട്ടിൽ ഇരിക്കുകയായിരുന്ന വന്ദന, ഹരിയുടെ കാർ ഗെയിറ്റ് കടന്നു വരുന്നത് അൽഭുതത്തോടെ കണ്ടു…
അവൾ മോനേയുമെടുത്ത് ആദ്യം അകത്തേക്കോടി…
“അമ്മേ…. അച്ഛാ… ഹരിയേട്ടൻ വന്നൂ……”മനസിലുള്ള സന്തോഷം മുഴുവൻ ആ വാക്കുകളിൽ ഉണ്ടായിരുന്നു…
മേനോനും ഭാര്യയും കൂടി പുറത്തേക്ക് വന്നു… പോർച്ചിൽ നിന്ന കാറിൽ നിന്ന് ഇറങ്ങിയ ഹരി ഇപ്പുറത്ത് വന്ന് ഡോറ് തുറന്നു കൊടുത്തു…
തോളൊപ്പം മുടിയും കൂളിംഗ് ഗ്ലാസും വെച്ച് പാശ്ചാത്യ രീതിയിൽ ഡ്രസ്സ് ധരിച്ചൊരു യുവതി കാറിൽ നിന്നിറങ്ങി… അവളുടെ ആകാരവടിവുകൾ മുക്കാലും പുറത്ത് കാണുന്ന രീതിയിലാണ് വേഷം…
അവളുടെ കൈ പിടിച്ച് നടന്നു വരുന്ന ഹരിയെ കാണാനുള്ള ത്രാണി വന്ദനയ്ക്കുണ്ടായിരുന്നില്ല… മോനോടൊപ്പം തളർന്നു വീഴാൻ തുടങ്ങിയ വന്ദനയെ അച്ഛനും അമ്മയും ചേർന്ന് ചാരുകസേരയിലേക്കിരുത്തി….
ഒന്നും കാണുന്നുണ്ടായിരുന്നില്ല അവൾ…രണ്ടര വർഷം മുമ്പീ വീട്ടിലേക്ക് ഹരിയുടെ കൈപിടിച്ച് വന്നത് ഓർമയിൽ തെളിഞ്ഞു വന്നു… ഒരുപാട് സ്വപ്നങ്ങളുമായി സ്വന്തം കുടുംബം പോലും ഉപേക്ഷിച്ച്… ഇഷ്ടപ്പെട്ട പുരുഷന്റെ കൂടെ…
അന്ന് ഹരിയുടെ അച്ഛനും അമ്മയും തന്നെ സ്വീകരിക്കാൻ തയ്യാറായില്ലെങ്കിൽ ഇന്ന് തന്റെ ഗതി എന്തായിരിക്കുമെന്ന് ഊഹിക്കാൻ പോലും കഴിയുന്നില്ല… അച്ഛനും അമ്മയും ഉള്ളത് കൊണ്ട് മാത്രമാണ് ഇന്ന് താൻ ജീവിക്കുന്നത്.
അച്ഛന്റെ ഉച്ചത്തിലുള്ള ശബ്ദമാണ് ഓർമ്മകളിൽ നിന്നുണർത്തിയത്
“എന്നെ കൊന്നിട്ട് എന്റെ ശവത്തിൽ ചവിട്ടി വേണമെങ്കിൽ നിനക്കകത്തേക്ക് കയറാം..”
“നിങ്ങളെന്താ ഈ പറയുന്നേ.. അവൻ അതും അതിനപ്പുറവും ചെയ്യും… ഇത്രയൊക്കെ ചെയ്യുന്ന അവന് നിങ്ങളെ കൊല്ലാനും മടിയുണ്ടാവില്ല..” സൗദാമിനിയമ്മ വെറുപ്പോടെ ഹരിയെ നോക്കി
“അതേ… ഞാൻ പഴയ ഹരിയല്ല.. നിങ്ങൾക്ക് വേണമെങ്കിൽ എന്നേയും ഇവളേയും സ്വീകരിക്കാം..”
“നീ കൂട്ടി കൊണ്ട് വരുന്നവരെയൊക്കെ സ്വീകരിക്കാൻ ഇത് സത്രമൊന്നുമല്ല…
ഇവളെ ഒഴിവാക്കി വാ.. എന്നിട്ടെന്റെ മോള് വന്ദനയോടൊപ്പം ജീവിക്ക്.. അപ്പോ നിനക്ക് അച്ഛനും അമ്മയും വീടും കുടുംബവും ഒക്കെ ഉണ്ടാകും…”
“ഇവളെ ഒഴിവാക്കിവന്നിട്ട് എന്തായാലും എനിക്ക് വീട് വേണ്ട… വന്ദനയുടെ കൂടെ ജീവിച്ച് എനിക്കൊരു കുടുംബവും വേണ്ട..”
“വേണ്ടടാ… നീ എവിടെയെങ്കിലും പോയി തുലയ്.. ഇനി ഞങ്ങളുടെ ജീവിതം എന്റെ മോൾക്ക് വേണ്ടി മാത്രമാണ്… നീ എന്നൊരു മകൻ മരിച്ചു പോയെന്ന് കരുതാം.”
“ഈ അഹങ്കാരവും തന്റേടവുമൊന്നും കിടപ്പിലായാൽ ഉണ്ടാകില്ല അതോർമ്മ വേണം…”
“അത് തന്നെയാണ് നിന്നോടും പറയാനുള്ളത്..”
“വാടീ..”വന്നത് പോലെ ആ കാർ ഗെയിറ്റ് കടന്നു പോയി കണ്ണിൽ നിന്ന് മറഞ്ഞു… മേനോനും ഭാര്യയും കൂടി വന്ദനയെ അകത്തേക്ക് കൊണ്ടുപോയി.. കാര്യമൊന്നുമറിയാതെ മോനപ്പോഴും കുണുങ്ങി ചിരിച്ചു…
“ന്റെ പൊന്നു മോനെ ഒന്ന് നോക്കുക പോലും ചെയ്യാതെ പോയല്ലോ ആ മഹാപാപി..”സൗദാമിനിയമ്മ ആരോടെന്നില്ലാതെ പരിതപിച്ചു..
“ഹരീ.. ഇനി എങ്ങോട്ടാണ്..”അവനൊന്നും പറഞ്ഞില്ല..
“ബാംഗ്ലൂരിലെ നിന്റെ സോപ്പ് പെട്ടി ഫ്ളാറ്റിലേക്ക് ഇനിയെന്തായാലും ഞാനില്ല..”
“സെലിൻ.. നമുക്ക് നിന്റെ ഫ്ളാറ്റിലേക്ക് പോയാലോ..”
“ഏയ് അതെന്തായാലും പറ്റില്ല.. അമ്മയ്ക്ക് ബുദ്ധിമുട്ടാവും.. തൽക്കാലം ഒരു ഫ്ളാറ്റ് വാടകയ്ക്കെടുക്കാം..”
ശരിയാണ് സെലിന്റെ അമ്മയ്ക്ക് ഇപ്പോഴും ഒരുപാട് കസ്റ്റമേഴ്സുണ്ട്.. കാർ വാളയാർ കഴിഞ്ഞിരുന്നു.. ഭക്ഷണം കഴിക്കാൻ വഴിയിൽ കാണുന്ന ചെറിയ ഹോട്ടലുകളൊന്നും സെലിന് തൃപ്തിയായില്ല..
ഒടുവിൽ ഒമേഗ റീജൻസി എന്ന സ്റ്റാർ ഹോട്ടലിൽ കയറി.. ഭക്ഷണശേഷം വീണ്ടും യാത്ര തുടർന്നു… ജയനഗർ ഫോർത്ത് ബ്ളോക്കിലെ ഫ്ളാറ്റ് വാടകയ്ക്ക് ഏർപ്പാട് ചെയ്തത് സെലിൻ തന്നെ ആണ്. മുപ്പതിനായിരം മാസവാടക സെലിന് വളരെ ചെറിയ തുകപോലെ…
ഈശ്വരാ… കൈയ്യിൽ ഉള്ളത് തീർന്നു കൊണ്ടേയിരിക്കുന്നു… മുന്നോട്ടു നോക്കുമ്പോൾ ഹരിക്ക് വല്ലാതെ പേടി തോന്നി.
സെലിന്റെ കൂടെ കറങ്ങി നടന്ന് വർക്കുകളിൽ വീഴ്ച വരുത്തിയെന്ന് പറഞ്ഞ് കമ്പനിയിൽ നിന്നും പിരിച്ചു വിട്ടത് കൊണ്ടാണ് വീട്ടിലേക്ക് ചെന്നത്..
അച്ഛനെയും അമ്മയെയും എങ്ങനെയെങ്കിലും പറഞ്ഞു സമ്മതിപ്പിക്കാമെന്ന് കരുതിയാണ് പോയത്… എന്തായാലും അവർക്ക് ആകെയുള്ള ഒരു മകൻ എന്നതായിരുന്നു പ്രതീക്ഷ.
അവിടെ എത്തി വന്ദനയുടെ മുഖം കണ്ടതോടെ പറഞ്ഞു സമ്മതിപ്പിക്കാമെന്ന് പോയിട്ട് ഒന്നിനും കഴിഞ്ഞില്ല… വന്ദന അച്ഛനേയും അമ്മയേയും ഇത്രമാത്രം കൈയിലെടുക്കുമെന്ന് കരുതിയില്ല..
സെലിനുമായി ജോലിയില്ലാതെ ബാംഗ്ലൂർ നഗരത്തിൽ നിൽക്കുന്നത് ബുദ്ധിമുട്ടാണ്… എങ്ങനെ എങ്കിലും ഒരു ജോലി നേടണം.
നോട്ട് നിരോധനത്തോടെ സകല കൺസ്ട്രക്ഷൻ കമ്പനികളും പ്രയാസത്തിലാണ്..
ജോലിയുള്ള സമയത്ത് തന്നെ സെലിൻ കൂടെയുണ്ടായപ്പോൾ ചിലവും വരവും ഒരു പോലെ ആയിരുന്നു.. ഇനിയിപ്പോ ഫ്ളാറ്റ് വാടക കൂടി കണ്ടെത്തണം..
പുതിയ ഫ്ളാറ്റിലേക്ക് ഷിഫ്റ്റ് ചെയ്ത് കഴിഞ്ഞപ്പോൾ സമയം രാത്രി ആയിരുന്നു..
എന്നത്തേയും പോലെ സെലിനൊപ്പം മദ്യപിച്ചു.
സെലിന്റെ ഇഷ്ട ബ്രാന്റാണ് ഇന്ന് ഹരിയും കഴിച്ചത്. ഒടുവിൽ നിംന്നോതങ്ങളിൽ നിന്ന് മഹാസമുദ്രം നീന്തിക്കടന്ന് എപ്പോഴോ ഉറങ്ങി… കോളിംഗ് ബെൽ കേട്ടാണ് ഉണർന്നത്..
സെലിൻ അപ്പോഴും നല്ല ഉറക്കം..ഡോർ തുറന്നു നോക്കിയപ്പോൾ ഒരു പയ്യൻ..
ഭക്ഷണം കൊണ്ടു വന്നതാണെന്ന് മനസിലായി.
“അതിന് ഇവിടെ ആരാണ് ഭക്ഷണം ഓർഡർ ചെയ്തത്”
“ദിവസവും എല്ലാ നേരത്തെ ഭക്ഷണവും സെലിൻ മാഡം ഏൽപ്പിച്ചിട്ടുണ്ട് സർ..”പണം അടച്ചിട്ടുണ്ടോ.. “”അതറിയില്ല സർ..”
ഈശ്വരാ.. ഇവളെയും കൊണ്ട് ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ രണ്ട് കമ്പനിയിൽ ജോലി നോക്കേണ്ടി വരും.. സെലിൻ ഫ്രഷായി വന്ന് ഭക്ഷണം കഴിച്ചു..
“ഒരു സെർവെന്റ് കൂടി ഉണ്ടായിരുന്നെങ്കിൽ ഇതൊക്കെ വൃത്തിയാക്കാമായിരുന്നു..”
“നിനക്ക് സ്വയം ചെയ്താലെന്താണ് സെലിൻ..”.
“എന്റെ കൈയൊക്കെ ആകെ വൃത്തികേടാവുന്നു ഹരീ…”
“സെലിൻ.. നമുക്ക് എന്തെങ്കിലും ജോലി നോക്കണം.. അല്ലെങ്കിൽ മുന്നോട്ട് പോകാൻ കഴിയില്ല..”
“ഹരീ.. നിനക്ക് വേണമെങ്കിൽ നീ ശ്രമിക്ക്..
എനിക്ക് കാശ് വേണമെങ്കിൽ നിനക്കൊരുമാസം കിട്ടുന്നത് എനിക്കൊരു ദിവസം കിട്ടുമെന്ന് ഹരിക്കറിയാമല്ലോ…”
“നിന്റെയാ ജോലി ഉപേക്ഷിച്ചാണ് നമ്മൾ ഒന്നിച്ച് താമസിക്കാൻ തുടങ്ങിയത്… നീ എന്റെ സ്വന്തം ആയത്..”
“അതേ.. പക്ഷേ അന്ന് നിന്റെ കൈയിൽ ഇഷ്ടം പോലെ പണമുണ്ടെന്നും നാട്ടിൽ കോടികളുടെ സ്വത്തുണ്ടെന്നും നീ പറഞ്ഞിരുന്നു..”
“അതേ.. ശരിയാണ്..സെലിൻ.. അത് നീ കണ്ടില്ലേ വീട്ടിൽ പോയ അവസ്ഥ…”
“അതൊക്കെ നിന്റെ പേർസണൽ കാര്യം.. എനിക്ക് ഫ്രീയായി ജീവിക്കണം..”
“സെലിൻ നമുക്ക് ഒരു കുടുംബം വേണ്ടേ.. മക്കൾ വേണ്ടേ… കുറച്ചൊക്കെ പരസ്പരം അഡ്ജസ്റ്റ് ചെയ്തൂടേ..”
“അയ്യേ… പോടാ.. എനിക്ക് ഒന്നും വേണ്ട… ഇങ്ങനെ ലാവിഷായി ജീവിച്ചാൽ മതി.. എന്റെ മമ്മിയുടെ അതേപോലെ…”
ഹരിക്ക് ഒന്നും പറയാൻ തോന്നിയില്ല..ജെപി അസോസിയേറ്റിൽ ഒരു ജോലി സെലിൻ തന്നെ ഒപ്പിച്ചു തന്നു.. അതിന്റെ എംഡി സെലിന്റെ ആദ്യ കാലം തൊട്ടേ ഉള്ള കസ്റ്റമർ ആയിരുന്നെത്രെ… അവൾക്ക് തന്നോടങ്ങനെ പറയാൻ ഒരു മടിയും ഉണ്ടായില്ല എന്നതിൽ ഹരിക്ക് വല്ലായ്മ തോന്നി…
പുതിയ ജീവിതവും ചിലവും വരവും എല്ലാം കൂടി ഒത്തുചേർന്നു പോകാൻ വലിയ പെടാപ്പാട് തന്നെ വേണ്ടി വന്നു ഹരിക്ക്.. പേർസണൽ ലോണുകൾ ഒന്നിന് മേലെ രണ്ടായി മൂന്നായി… തിരിച്ചടവുകൾ എല്ലാം മുടങ്ങിത്തുടങ്ങിയിരുന്നു…
സെലിനെ തൃപ്തിപ്പെടുത്താൻ സ്നേഹവും സന്തോഷവും മാത്രം മതിയായിരുന്നില്ല..
പണവും കൂടി വേണമായിരുന്നു…
ദിവസത്തിന് പതിനായിരങ്ങൾ പ്രതിഫലം വാങ്ങിയിരുന്ന അവൾക്ക് ചിലവും അതേപോലെ തന്നെ ആയിരുന്നു.. അതിൽ നിന്നൊരു മാറ്റം വരുത്താൻ അവളൊരിക്കലും തയ്യാറായില്ല..
ദിവസം കഴിയുന്തോറും പണവും ഹരിയും ഒരിക്കലും ഒത്ത് ചേരാതെ ആയിരുന്നു.. അത് കൊണ്ട് തന്നെ ഓരോ ദിവസം കഴിയുന്തോറും സെലിനുമായുള്ള അകലവും കൂടി കൂടി വന്നു.. സെലിൻ അവളുടെ പഴയ കസ്റ്റമേഴ്സിനെ തൃപ്തിപ്പെടുത്താൻ തുടങ്ങിയിരുന്നു…
സെലിന് പണവും അതോടൊപ്പം ജീവിതം ആസ്വദിക്കലുമാണ് ഈ പ്രൊഫഷൻ.. അതിസമ്പന്നരുടെ ഇടപാടുകൾ മാത്രമാണവൾ സ്വീകരിക്കുന്നത്..
സെലിൻ ഹരിയുടെ ഫ്ളാറ്റിൽ നിന്ന് പോയിട്ട് ഒരാഴ്ച കഴിഞ്ഞിരിക്കുന്നു.. ഇനിയും ഈ ഫ്ളാറ്റിൽ ഒറ്റയ്ക്ക് നിൽക്കുന്നത് കൂടുതൽ പ്രതിസന്ധി ഉണ്ടാക്കുമെന്ന് ഹരിക്ക് മനസിലായി.. ഉടമയെ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തി..
“അതിന് കുഴപ്പമില്ല. നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഒഴിയാം. പക്ഷേ കഴിഞ്ഞ മൂന്നു മാസത്തെ വാടക കുടിശ്ശിക തീർക്കണം..”
“അതെല്ലാം അടച്ചതാണല്ലോ”ആരടച്ചു… ഞാൻ സെലിനെ ഏൽപ്പിച്ചിരുന്നു.”
“അതൊന്നും എനിക്കറിയില്ല.. നിങ്ങളവരോട് വിളിച്ചു ചോദിച്ചു നോക്കൂ..”
സെലിനെ വിളിച്ചു ആദ്യ രണ്ടു തവണയും നമ്പർ ബിസിയാക്കി.. പിന്നെ വിളിച്ചപ്പോൾ സ്വിച്ച് ഓഫ്.. ഈശ്വരാ ഒരു ലക്ഷത്തിലധികം രൂപ ഇവിടെ തന്നെ കൊടുക്കണം.. അല്ലെങ്കിൽ തന്നെ കടങ്ങളുടെ നടുവിലാണ്.. ഏത് നേരത്താണാവോ സെലിനെ പരിചയപ്പെടാൻ തോന്നിയത്.
“നിങ്ങൾ ഒഴിവാക്കി പോവുകയാണെങ്കിൽ എത്രയും വേഗം ഒഴിയണം.. രണ്ടു മൂന്നു എൻക്വയറി വേറെയുണ്ട്..”
“ഞാൻ നാളെ നിങ്ങളെ വന്ന് കാണാം…”ഉറക്കം വരാത്ത രാത്രി.. എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.. ഇനി എന്ത് ചെയ്യണമെന്ന്
ഇവിടെ നിന്നാൽ അടുത്ത കാലത്തൊന്നും കടങ്ങളിൽ നിന്ന് മോചനമുണ്ടാവുമെന്ന് തോന്നുന്നില്ല.. നാട്ടിലേക്ക് മടങ്ങി പോയാൽ.. വേണ്ട.. അതിനേക്കാൾ നല്ലത് മരണമാണ്.. സെലിനെ ഓർക്കും തോറും സങ്കടവും ദേഷ്യവും ഒരുമിച്ച് വരുന്നു..
തന്റെ ആരോഗ്യവും സമ്പത്തും ഊറ്റിയെടുത്ത് ഒടുവിൽ ഒന്ന് പറയുക പോലും ചെയ്യാതെ പോയി അവൾ.. ഈ പെണ്ണെന്ന വർഗത്തെ വിശ്വസിക്കാൻ പറ്റില്ല..
ആ നിമിഷം തന്നെ വന്ദനയുടെ മുഖം മനസ്സിൽ തെളിഞ്ഞു.. എവിടെയൊക്കെയോ ഒരു വേദന തോന്നി ഹരിക്ക്.. കടങ്ങൾ ഓരോന്നായി വീടിത്തുടങ്ങിയിരുന്നു… ഇതിനിടയിൽ ഒരുവട്ടം പോലും സെലിൻ വിളിച്ചില്ല..
രാത്രി വൈകിയും പലപ്പോഴും ജോലി തീരാതെ… തലവേദനയുമായി ഒടുവിൽ തളർന്നു ഫ്ളാറ്റിലേക്ക് എത്തുമ്പോൾ… വല്ലാതെ മടുപ്പ് തോന്നും… ജീവിതം
ആർക്ക് വേണ്ടിയാണ് ജീവിക്കുന്നത് എന്ന തോന്നൽ മദ്യത്തിന്റെ ലഹരിയിൽ മറക്കാൻ ശ്രമിക്കും… പുതിയ ഓഫീസും അതിലെ സൗഹൃദങ്ങളും ജീവിതമെന്ന ഹരിയുടെ സങ്കൽപ്പങ്ങളിൽ ഒരുപാട് മാറ്റം വരുത്തിയിരുന്നു..
പഴയ സൗഹൃദങ്ങൾ പലതും ഉപേക്ഷിച്ചു..ആത്മീയത മനസിന് സമാധാനം നൽകുമെന്ന് പുതിയ സൗഹൃദങ്ങളിൽ ഹരിക്ക് മനസിലായി. അങ്ങനെയാണ് ആത്മീയ ക്ളാസുകൾ നടത്തുന്ന ദയാനന്ദൻ മാഷെ പരിചയപ്പെട്ടത്…
ഒഴിവ് സമയങ്ങളിൽ മാഷോടൊപ്പം ചിലവഴിച്ചു ഹരി. മാഷാണ് ജീവിതത്തിന്റെ മറ്റൊരു വശം ബോധ്യപ്പെടുത്തി തന്നത്..
മാഷോട് ഉള്ള് തുറന്നു സംസാരിക്കും ഹരി…
“എന്റെ ജീവിതം പല അനുഭവമാണ് മാഷേ.. ഓരോ പുതിയ ബന്ധങ്ങളും പുതിയ അനുഭവങ്ങളായിരുന്നു… അതെല്ലാം ശരിക്കും ആസ്വദിച്ചിരുന്നു… സെലിൻ വേറെയൊരു അനുഭവമായിരുന്നു.. അനുഭൂതിയായിരുന്നു… ഇത്രയും കാലം താനനുഭവിച്ചതൊന്നുമല്ല പെണ്ണെന്ന് മനസിലാക്കിയത് സെലിനാണ്..”
“വന്ദനയോട് സെ ക് സിൽ മടുപ്പ് തോന്നാനും കാരണം അത് തന്നെയാണ്…”
“ഹരീ.. നീ ഒരു കണ്ണോടെ മാത്രമാണ് കാണുന്നത്.. ഇതിനെല്ലാം ഒരു മറുവശമുണ്ട്”
“സെ ക് സ് ഉപജീവനമാക്കി നടക്കുന്നവരെ പോലെ, പലരുമായും പല രീതിയിലും ഭോ ഗമാസ്വദിച്ചവരെ പോലെ, ജീവിതത്തിൽ ആദ്യമായി അനുഭവിക്കുന്നവർക്ക്..
ഒരാളോട് മാത്രമായി ഒതുങ്ങിയവർക്ക് ഇണയെ തൃപ്തിപ്പെടുത്താൻ പലപ്പോഴും കഴിയില്ലെന്ന് ഹരിയെ പോലെ പരസ്ത്രീ ബന്ധമുള്ളവർക്ക് അറിയാതെ പോകുന്നു…”
“അവരുടെ കുറവുകൾ പറഞ്ഞു ബോധ്യപ്പെടുത്തി അതിൽ മാറ്റം വരുത്താൻ ശ്രമിച്ചിട്ടുണ്ടോ ഹരി..”
“ഇല്ല.. മാഷേ..””ഹരീ…ജീവിതം സ്വന്തം ഭർത്താവും അവരുടെ സന്തോഷങ്ങളും മാത്രമായി കരുതുന്ന പാവം ഭാര്യ, പക്ഷേ കിടപ്പറയിലെ അക്ഞത കൊണ്ട് പലപ്പോഴും വെറുക്കപ്പെട്ടവളാകുന്നു..”
“പുരുഷന്മാരെ ആകർഷിക്കാൻ വേണ്ടി ശരീരം മുഴുപ്പിച്ച് നടക്കുന്നവരുടെ ആകർഷണീയത കുടുംബത്തിനും ഭർത്താവിനും മക്കൾക്കും വേണ്ടി ജീവൻ സമർപ്പിക്കുന്ന പാവം ഭാര്യമാർക്ക് നേടാൻ കഴിയണമെന്നില്ല…”
“മാഷേ.. ആയിരിക്കും..”ഹരീ.. സ്നേഹവും ബഹുമാനവും ആദരവും അംഗീകാരവും നൽകി സ്വന്തം ഇണയെ ചേർത്ത് നിർത്തുമ്പോൾ തിരികെ ലഭിക്കുന്നതാണ് ശരിക്കും പ്രണയം”
“അതോടൊപ്പം അച്ഛനും അമ്മയും മക്കളും കൂടി ചേരുമ്പോൾ ജീവിതം സ്വർഗതുല്യമാകുന്നു…”
ഹരിക്ക് മനസ് നീറിത്തുടങ്ങിയിരുന്നു..”മാഷേ.. എനിക്ക് നാട്ടിൽ ഒന്ന് കൂടി പോവണം.. ഒരു പുതിയ മനുഷ്യനായി…”
“തീർച്ചയായും നീ പോവണം..”മേനോൻ കൊച്ച്മോനോടൊപ്പം മുറ്റത്ത് പ്ളാസ്റ്റിക് പന്ത് തട്ടി കളിക്കുന്നത് സിറ്റൗട്ടിലിരുന്ന് കണ്ടാസ്വദിക്കുകയാണ് സൗദാമിനിയമ്മയും വന്ദനയും… ഗെയിറ്റിന് മുന്നിൽ വന്നു നിന്ന ഓട്ടോയിൽ നിന്ന് ഇറങ്ങിയ ആളെ അവർക്ക് മനസ്സിലായില്ല..
മോന്റെ അടുത്തേക്ക് വന്ന് അവനെ എടുക്കാൻ ശ്രമിച്ചപ്പോൾ അവനോടിപ്പോയി മേനോനെ വട്ടം പിടിച്ചു നിന്നു.. കണ്ണട വെക്കാത്തത് കൊണ്ട് മേനോന് വന്ന ആളെ മനസിലായില്ല.. തൊഴുകൈയോടെ മേനോന്റെ മുന്നിൽ വന്ന ആഗതൻ പെട്ടെന്നയാളുടെ കാലിലേക്ക് വീണു..
“അച്ഛാ…. എനിക്ക് മാപ്പ് തരൂ…”കാൽപാദങ്ങൾ നനയിച്ച കണ്ണുനീർ തുള്ളികൾ ശരിക്കും പാശ്ചാതാപത്തിന്റെ തെളിനീരാണെന്ന് മേനോൻ തിരിച്ചറിഞ്ഞു… ഹരിയെ പിടിച്ചെഴുന്നേൽപിച്ചു.. ഒരു കൈയിൽ കൊച്ചു മോന്റെ കൈയും മറുകൈയിൽ ഹരിയുടെ കൈയും പിടിച്ച് മേനോൻ ഉമ്മറത്തേക്ക് നടന്നു…
“മാപ്പ് തരേണ്ടത് ഞാനല്ല.. ദാ.. ഇവരാണ്.. ഒന്ന് തന്നെ നൊന്തു പെറ്റ അമ്മ.. മറ്റൊന്ന് തന്നെ വിശ്വസിച്ച് തന്നോടൊപ്പം ഇറങ്ങി വന്ന ഭാര്യ… അവരുടെ കാലിൽ വീണാണ് നീ മാപ്പ് ചോദിക്കേണ്ടത്…”
“അമ്മേ..”
ഹരി ആദ്യം സൗദാമിനിയമ്മയുടെ കാൽ തൊട്ടു വന്ദിച്ചു… മുന്നിൽ വന്നു നിന്ന കൊടുങ്കാറ്റ് സൃഷ്ടിച്ച കാർമേഘം പെയ്തു തുടങ്ങുന്നതിനു മുൻപ് വന്ദന ഓടി… റൂമിലേക്ക്…
അച്ഛന്റെ കൈകളിൽ നിന്നും തന്റെ പൊന്നു മോനെ ജീവിതത്തിൽ ആദ്യമായി എടുത്തുയർത്തി അധരങ്ങൾ അവന്റെ കുഞ്ഞു മുഖത്ത് പതിയുമ്പോൾ കണ്ണുകൾ പെയ്തു കൊണ്ടേയിരുന്നു…
കണ്ട് നിന്ന അച്ഛനും അമ്മയും കരയുന്നതാണ് സ്നേഹമെന്ന സത്യമെന്ന് ഹരി ആദ്യമായി തിരിച്ചറിഞ്ഞു…
തന്റെ മോനേയുമെടുത്ത് റൂമിലേക്ക് ചെല്ലുമ്പോൾ കമിഴ്ന്നു കിടന്ന് പൊട്ടിക്കരയുന്ന വന്ദന ഒരു നിമിഷം തലയുയർത്തി നോക്കി…
മോനെയെടുത്ത് നിൽക്കുന്ന ഹരി…
ഒക്കത്തിരിക്കുന്ന മോന് ഒന്നും മനസിലായില്ല എങ്കിലും.. ഒരു കൈകൊണ്ട് തന്റെ അമ്മയെ പിടിച്ചെഴുന്നേൽപ്പിക്കുന്ന ആൾ തന്റെ ആരൊക്കെയോ ആണെന്ന് തോന്നി…
വിറക്കുന്ന ഹരിയുടെ കൈകൾ മേനിയിൽ തൊട്ടപ്പോൾ തന്റെ ഹൃദയത്തിനുള്ളിലൂടെ പാഞ്ഞു പോയ വൈദ്യുതപ്രവാഹത്തിൽ വന്ദന ഹരിയുടെ മാറിലേക്ക് ചാഞ്ഞു…
“മോളേ… മാപ്പ്…തരൂ….” തന്നെ ഇറുകുന്ന വന്ദനയുടെ കൈകൾ സ്നേഹമെന്ന അനുഭൂതിയാണെന്ന് തിരിച്ചറിഞ്ഞു ഹരി…
ജീവിതത്തിൽ ആദ്യമായെന്ന പോലെ മകനെയും മരുമകളേയും കൊച്ചു മോനേയും നോക്കി….നിന്നു… സന്തോഷാശ്രുക്കളോടെ ആ വൃദ്ധ ദമ്പതികൾ….