(രചന: അംബിക ശിവശങ്കരൻ)
“എന്താ മിത്ര നീ ഈ പറയുന്നത്? രണ്ടാഴ്ച പോലും തികച്ചായില്ലല്ലോ വീട്ടിൽ പോയി നിന്ന് വന്നിട്ട്… എന്നിട്ട് ഇപ്പോൾ വീണ്ടും പോയിക്കോട്ടെ എന്ന് ചോദിക്കുമ്പോൾ ഞാൻ എന്താണ് പറയേണ്ടത്?”
അവൾ തികഞ്ഞ മൗനം പാലിച്ചു.
“അമ്മ പറയുന്നതാണ് ശരി. ഞാൻ എപ്പോഴും നിന്റെ ഇഷ്ടത്തിനൊത്ത് തുള്ളി തരുന്നത് കൊണ്ടാ… വേറെ വല്ല ഭർത്താക്കന്മാർ ആയിരിക്കണം. ഇങ്ങനെ ചോദിക്കാൻ കൂടി ധൈര്യപ്പെടില്ല.”
അവൾക്ക് എന്തെന്നില്ലാത്ത നിരാശയും വിഷമവും തോന്നി.
“ഞാനെന്റെ വീട്ടിലേക്ക് പൊയ്ക്കോട്ടെ എന്നല്ലേ രാകേഷ് ചോദിച്ചത്?അതിനെന്തിനാണ് ഇത്ര കുറ്റപ്പെടുത്തുന്നത്?”
“മിത്ര ഞാൻ കുറ്റപ്പെടുത്തിയതല്ല കല്യാണം കഴിഞ്ഞ പെൺകുട്ടികൾ ഇങ്ങനെ ഇടയ്ക്കിടയ്ക്ക് വീട്ടിൽ പോയി നിൽക്കുന്നത് തന്നെ അത്ര ശരിയായ കാര്യമല്ല… നാട്ടുകാര് പലതും പറഞ്ഞുണ്ടാക്കും. ഇനി ഇതാണ് നിന്റെ വീട് ആ യാഥാർത്ഥ്യം നീ ഉൾക്കൊള്ള്.”
” മാത്രമല്ല കുഞ്ഞ് ജനിച്ച് ഒരു വർഷം പോലും ആയിട്ടില്ല.. അവനെയും കൊണ്ട് ഇങ്ങനെ യാത്ര ചെയ്താലും മാറിമാറിയുള്ള വെള്ളത്തിലുള്ള കുളിയും ഒക്കെ കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കും.
പിന്നെ ഏറ്റവും വലിയ പ്രശ്നം കിച്ചു മോനെ കാണാതെയും കളിപ്പിക്കാതെയും അമ്മയ്ക്കും അച്ഛനും പറ്റില്ല. അവൻ ഇവിടെ ഇല്ലാത്ത ദിവസമൊക്കെയും മണിക്കൂർ എണ്ണിയാ അവർ കാത്തിരുന്നത്. ”
“മണിക്കൂറുകൾ അല്ല ദിവസങ്ങൾ എണ്ണി തന്റെയും തന്റെ കുഞ്ഞിന്റെയും വരവും കാത്തിരിക്കുന്ന രണ്ടു മനുഷ്യജന്മങ്ങൾക്ക് എന്താ അപ്പോ ഒരു വിലയുമില്ലേ… തന്റെ അച്ഛന്മാമ്മമാർ”
അവൾക്ക് അവന്റെ മുഖത്ത് നോക്കി അത് ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും മിണ്ടിയില്ല.
“നീ എന്താ മിത്ര ഈ ആലോചിക്കുന്നത്? നീ പോയി കുഞ്ഞിന് പാല് കൊടുക്കാൻ നോക്കിയേ അതിനു വിശക്കുന്നുണ്ടാകും.”
അതും പറഞ്ഞ് അവളെ മറികടന്ന് അവൻ നടന്നു പോയപ്പോൾ അവൾക്കും നന്നായി വിശക്കുന്നുണ്ടായിരുന്നു പക്ഷേ അതാരും അന്വേഷിക്കാറില്ല എന്ന് മാത്രം.
കുഞ്ഞിനെ മടിയിൽ വച്ച് താരാട്ട് പാടി പാലുകൊടുത്തുറക്കുമ്പോൾ അവളുടെ ചിന്ത എങ്ങോട്ടെന്നില്ലാതെ സഞ്ചരിച്ചുകൊണ്ടിരുന്നു.
ഒരു അമ്മയായപ്പോഴാണ് സ്വന്തം അമ്മയോട് മുൻപ് ഉണ്ടായതിനേക്കാൾ ഒരുപാട് സ്നേഹവും ബഹുമാനവും കൂടിയത്.അമ്മ എന്ന വേഷം ഭംഗിയായി ചെയ്തു തീർക്കുക എന്നത് ഒരു എളുപ്പമുള്ള ജോലിയല്ല.. ഇഷ്ടമുള്ളത് പലതും അവിടെ ത്യജിക്കേണ്ടിവരും തന്റെ കുഞ്ഞിനുവേണ്ടി…
കല്യാണം കഴിയുന്നതുവരെ എന്തിനും ഏതിനും അമ്മയോട് തർക്കിക്കുകയും വാശിപിടിക്കുകയും ചെയ്തിരുന്ന താനാണ് ഇന്ന് ഭർത്താവിന്റെ മുന്നിൽ ഒരക്ഷരം പോലും മിണ്ടാതെ നിന്നത്.
പുറത്തു പോകുമ്പോൾ തന്റെ കാര്യങ്ങൾ മാത്രം നോക്കിയിരുന്ന താനിപ്പോ കുഞ്ഞിന് ആവശ്യമുള്ള സാധനങ്ങൾ എല്ലാം എടുത്തോ എന്നാണ് വീണ്ടും വീണ്ടും പരിശോധിക്കാറ്.
ഒരു മുള്ള് കൊണ്ടാൽ പോലും ഉറക്കെ അലറി വിളിച്ചു കരഞ്ഞിരുന്ന് താനാണ് സിസേറിയൻ കഴിഞ്ഞുള്ള വേദന മുഴുവൻ ആരോടും പറയാതെ കണ്ണടച്ച് പിടിച്ച് സഹിച്ചു പോന്നത്.
ആ വേദനയുടെ അത്രയും ശക്തി ഇന്ന് പല കുത്തുവാക്കുകൾക്കും ഇല്ലാത്തതുകൊണ്ട് തന്നെ അതെല്ലാം ഒരു ചെവിയിലൂടെ കേട്ട് മറു ചെവിയിലൂടെ വിട്ടു കളയാറാണ് പതിവ്.
വളരെ സമയമെടുത്ത് കഴിച്ചിരുന്ന താനിന്ന് എന്തെങ്കിലും വാരിവലിച്ച് കഴിച്ചു തീർക്കുന്നത് രണ്ടോ മൂന്നോ മിനിറ്റ് എടുത്ത് മാത്രമാണ്.
“ഈ പെണ്ണ് ടിവിയുടെ മുന്നിലിരുന്നാൽ പിന്നെ മനുഷ്യൻ ഇവിടെ ചത്ത് കിടന്ന് വിളിച്ചാലും കേൾക്കില്ല… എല്ലാം കൂടി ഞാൻ ഒരു ദിവസം അങ്ങ് തല്ലിപ്പൊളിക്കും.”
കല്യാണം കഴിയുന്നതിനു മുന്നേയുള്ള അമ്മയുടെ ശകാര വാക്കുകൾ ആണിത്. എന്നാൽ ഇന്ന് എന്ത് പണിയെടുക്കുമ്പോഴും ചുറ്റിനും എപ്പോഴും ചെവി കൊടുക്കാറുണ്ട്.കുഞ്ഞിന്റെ ശബ്ദം കേൾക്കുന്നുണ്ടോ എന്ന് അറിയാൻ… ”
ഉറക്കത്തിൽ ബോംബ് പൊട്ടിയാലും അറിയാതിരുന്ന താനിന്ന് ഏത് ഉറക്കത്തിലും കുഞ്ഞിന്റെ ചെറിയൊരു അനക്കം കേട്ട് പോലും ഞെട്ടി ഉണരുന്നു. വെളിച്ചം കണ്ടാൽ ഉറങ്ങാത്ത താൻ എത്ര വെളിച്ചത്തിന്റെ നടുവിലും ഇന്ന് സുഖമായി ഉറങ്ങുന്നു.
അമ്മ എന്ന ഉത്തരവാദിത്വം എത്രത്തോളമാണ് തന്നെ മാറ്റിമറിച്ചിരിക്കുന്നത്….തന്നെ മാത്രമല്ല ഏതൊരു പെൺകുട്ടിയുടെ ജീവിതം എടുത്തു നോക്കിയാലും ഈ മാറ്റങ്ങൾ അത്രയേറെ പ്രകടമായിരിക്കും.
കുഞ്ഞിനെ ഉറക്കിക്കിടത്തി ചാരയായി തലയിണകൾ വെച്ച് അടുക്കളയിലേക്ക് പോകാൻ ഒരുങ്ങുമ്പോഴാണ് രാകേഷ് വന്നത്.
” നിനക്ക് എന്നോട് പിണക്കമാണോ? ”
അവൻ അവളുടെ മുഖം കൈക്കുമ്പിളിൽ കോരിയെടുത്തു.
“എനിക്ക് എന്ത് പിണക്കം?”
അത് പറയുമ്പോഴും അവളുടെ കണ്ണുകൾ വാടിയിരുന്നു.
“എന്താ മിത്ര നീ ഈയിടെയായി ഈ ഒരു കാര്യം മാത്രം പറഞ്ഞു കൊണ്ടിരിക്കുന്നത്.നിനക്കിവിടെ മറ്റെന്തെങ്കിലും പ്രശ്നമുണ്ടോ? എന്തുണ്ടെങ്കിലും എന്നോട് പറയ്…”
“എനിക്കൊരു പ്രശ്നവുമില്ല. അത്രയേറെ ഉറങ്ങാൻ കൊതി തോന്നുമ്പോഴാ ഞാൻ എന്റെ വീട്ടിലേക്ക് ഒന്ന് പോയിക്കോട്ടെ എന്ന് ചോദിക്കാറ്…. ഒരു ദിവസമെങ്കിലും മതിവരുവോളം ഒന്ന് ഉറങ്ങാൻ ….”
“കുഞ്ഞു ഉറങ്ങുമ്പോൾ ഉറങ്ങാൻ എല്ലാവരും ഉപദേശിക്കും… കുഞ്ഞുറങ്ങുന്ന നേരം നോക്കി എല്ലാ പണികളും കഴിച്ചുവച്ച് ഓടി പിടഞ്ഞു വരുമ്പോഴേക്കും അവൻ എഴുന്നേറ്റിട്ടു ഉണ്ടാകും.”
“ഇനി രാത്രി ഉറങ്ങാമെന്ന് വെച്ചാലോ… അപ്പോഴാണ് അവൻ ഏറ്റവും കൂടുതൽ വാശിപിടിക്കാറുള്ളതും…
ഉറക്കമില്ലാതെ ഞാൻ അവനെയും എടുത്ത് നടക്കാറുള്ളത് രാകേഷ് ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ… കുഞ്ഞിന്റെ കാര്യം എല്ലാവരും തിരക്കാറുണ്ട് ഇവിടെ. മോൻ കഴിച്ചോ…കുളിച്ചോ… ഉറങ്ങിയോ… എന്നെല്ലാം.
എന്നാൽ ഞാൻ ഒന്നു മര്യാദയ്ക്ക് ഉറങ്ങിയിട്ട് എത്രയായി എന്ന് ഭർത്താവായ നിങ്ങൾ പോലും തിരക്കിയിട്ടുണ്ടോ? ”
“ഞാനെന്താ വീട്ടിൽ പോയിക്കോട്ടെ എന്ന് ഇടയ്ക്കിടയ്ക്ക് ചോദിക്കുന്നത് എന്ന് ചോദിച്ചില്ലേ?”
” കുഞ്ഞിനെ ഞാൻ നോക്കിക്കോളാം നീ പോയി സമാധാനത്തോടെ ഭക്ഷണം കഴിക്ക് എന്നും,കുഞ്ഞ് കരഞ്ഞാൽ നീ ഉറങ്ങിക്കോ ഞാൻ നോക്കിക്കോളാം എന്നുമൊക്കെ സ്വന്തം അമ്മയ്ക്ക് മാത്രമേ പറയാൻ കഴിയുകയുള്ളൂ എന്നതുകൊണ്ട്. തന്നെയും ഒരു വ്യക്തിയായി പരിഗണിക്കും എന്നുറപ്പുള്ളതുകൊണ്ട്. ”
ഭാവമാറ്റം ഒന്നുമില്ലാതെ ഉറക്കച്ചടവുള്ള കണ്ണുകളാൽ ഒരു പുഞ്ചിരി സമ്മാനിച്ച് അവൾ കടന്നു പോയി.
അവന്റെ മനസ്സിൽ എന്തൊക്കെയോ കുറ്റബോധം ഉടലെടുത്തു കുഞ്ഞിനെ നോക്കേണ്ടത് അമ്മയുടെ മാത്രം ഉത്തരവാദിത്വമാണ് എന്ന രീതിയിലുള്ള തന്റെ പെരുമാറ്റ രീതികളോട് അവനു പുച്ഛം തോന്നി.
അന്ന് രാത്രി കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഞെട്ടി ഉണർന്ന അവൾ ശരിക്കും അന്തംവിട്ടു.കുഞ്ഞിനെയും തോളിൽ ഇട്ട് രാകേഷ് മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു.
“നീ ഉറങ്ങിക്കോ മിത്ര മോനെ ഞാൻ നോക്കാം.”
അവളുടെ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം തോന്നി. അവൾക്കാശ്വാസമേകാൻ അത്തരം ഒരു വാക്ക് തന്നെ ധാരാളമായിരുന്നു. കട്ടിൽ കിടന്നു തന്നെ അവൾ അവരെ നോക്കി കിടന്നു. ഇടയ്ക്കെപ്പോഴോ അവൾ സുഖകരമായൊരു നിദ്രയെ പുൽകി.