(രചന: J. K)
“” മൂന്നാല് ദിവസമായല്ലോ അമൃത മോൾ അംഗനവാടിയിൽ വന്നിട്ട് എന്തു പറ്റി എന്ന് അറിയോ?? “”
അവളുടെ വീടിനടുത്തുള്ളവരോട് അങ്ങനെ ചോദിക്കുമ്പോൾ വല്ല പനിയാവും എന്നൊക്കെയായിരുന്നു കണക്ക് കൂട്ടൽ…
“” അറിയില്ല ടീച്ചറെ അവര് ആരും ആയി അങ്ങനെ മിണ്ടാറൊന്നും ഇല്ല.. അവിടെ എന്ത് ബഹളമുണ്ടെങ്കിലും ആരും പോയി അന്വേഷിക്കാറുമില്ല..””
എന്നായിരുന്നു അവർ പറഞ്ഞ മറുപടി..
അത് കേട്ടപ്പോൾ എന്തോ വല്ലായ്മ തോന്നി..
സാധാരണ എല്ലാ കുട്ടികളുടെയും വീട്ടുകാരെ പറ്റി കൃത്യമായ അറിവുണ്ട് പക്ഷേ ഈ കുട്ടിയെ പറ്റി മാത്രം ഒന്നും അറിയില്ല ഇവിടെ കൊണ്ടുവന്ന് ആക്കുന്നത് അവളുടെ അപ്പുറത്തെ വീട്ടുകാരാണ് അവിടെയുള്ള ഒരു കുട്ടിയും ഇവിടെ പഠിക്കുന്നുണ്ട്…
അവരാണ് ഇപ്പോൾ ഒന്നും അറിയില്ല എന്ന് പറഞ്ഞത്..
ആകെക്കൂടി ഒരു പൊരുത്തം ഇല്ലായ്മ കുറച്ചുനേരം അത് മനസ്സിൽ ഉണ്ടായിരുന്നു…
പിന്നെ ജോലിത്തിരക്കിൽ ആ കുട്ടിയുടെ കാര്യം അങ്ങ് വിട്ടിരുന്നു..
ഒരു ടീച്ചർ ആവണം എന്നത് ചെറുപ്പം മുതലേ ഉള്ള ആഗ്രഹമാണ്.. പക്ഷേ അതിനൊത്ത് പഠിക്കാനോ വീട്ടുകാർക്ക് പഠിപ്പിക്കാനോ ഒന്നും കഴിഞ്ഞില്ല…
എങ്കിലും ചെറിയ ഒരു ഭാഗ്യം എവിടെയോ ഉള്ളതുകൊണ്ടാകും ഈ അംഗനവാടി ടീച്ചറുടെ ജോലിയെങ്കിലും എനിക്ക് കിട്ടിയത്…
അമ്മ വാത്സല്യത്തിൽ മതിമറന്ന കുരുന്നുകളെ ഇവിടെ കൊണ്ടുവന്ന് ആക്കുമ്പോൾ അവരുടെ കണ്ണീര് കാണുമ്പോൾ നെഞ്ചുവിങ്ങും…
പ്രസവിക്കാത്ത അവരുടെ അമ്മയാണ് ഞാൻ എന്ന് മനസ്സ് പറയും..
അവരെ ചേർത്ത് പിടിക്കും നല്ല പാട്ട് പാടി കൊടുക്കും കഥകൾ പറഞ്ഞുകൊടുക്കും.. അവരുടെ കൊഞ്ചലിനും കളിക്കും എല്ലാം കൂടെ നിൽക്കും..
അതുകൊണ്ടുതന്നെ എന്റെ കുഞ്ഞുങ്ങളൊക്കെ തന്നെ ആദ്യത്തെ രണ്ട് ദിവസം കരഞ്ഞ് പിന്നെ കരച്ചിൽ നിർത്തും. എന്റെ പ്രിയപ്പെട്ട മക്കളായി തീരും..
അങ്ങനെ തന്നെയാണ് ആ കുട്ടിയും അമൃത…
മറ്റുള്ള കുട്ടികളെക്കാൾ അവൾക്ക് എന്നോട് പ്രത്യേകിച്ച് ഒരു ഇഷ്ടമുണ്ട് എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്
എപ്പോഴും എന്റെ അരികിൽ തന്നെ വന്ന് നിൽക്കും എത്ര ബെഞ്ചിൽ പോയി ഇരിക്കൂ എന്നു പറഞ്ഞാലും കേൾക്കാതെ എന്റെ കസേരയും പിടിച്ച് അരികിൽ തന്നെ ഉണ്ടാവും…
ഒരു ദിവസം ഏതോ കുസൃതി ചോദിച്ചിരുന്നു എന്താ അമൃത ബെഞ്ചിൽ ഇരിക്കാത്തത് എന്ന്….
കളിയായി പറഞ്ഞതാണ് ഞാൻ, ടീച്ചറുടെ സെക്യൂരിറ്റി ആണ് അവൾ എന്ന്… ടീച്ചറെ ആരെങ്കിലും പിടിച്ചോണ്ട് പോകുന്നുണ്ടോ എന്ന് നോക്കിനിൽക്കുന്ന എന്റെ സെക്യൂരിറ്റി എന്ന്..
അതും പറഞ്ഞ് ഞാൻ അവളുടെ കവിളിൽ നുള്ളിയപ്പോൾ ക്ലാസ്സിൽ കൂട്ടച്ചിരി ഉയർന്നിരുന്നു… ഒരു അതിനുശേഷം അവൾക്കൊരു പേര് വീണു ടീച്ചറുടെ സെക്യൂരിറ്റി എന്ന്…
അതിനുശേഷം പിന്നെ അവളെ കണ്ടിട്ടില്ല.. വരാതെ ആയപ്പോൾ കുട്ടിക്ക് എന്തോ അസുഖമാണെന്ന് കരുതിയാണ് അന്വേഷിച്ചത് അപ്പോൾ കേട്ടത് ഇങ്ങനെയും…
പിന്നെ എപ്പോഴോ അവളുടെ കാര്യം ഞാൻ അങ്ങ് വിട്ടു…
രണ്ട് ദിവസം കൂടി കഴിഞ്ഞപ്പോൾ അവൾ അംഗനവാടിയിലേക്ക് വീണ്ടും തിരിച്ചെത്തിയിരുന്നു..
അവളോട് ഞാൻ എവിടെയായിരുന്നു എന്ന് ചോദിച്ചതിന് അവൾ ഒരു മറുപടിയും തന്നില്ല..
കുഞ്ഞല്ലേ അറിയാഞ്ഞിട്ടാവും എന്ന് ഞാനും കരുതി..
കുഞ്ഞിന് ഇരിക്കാൻ ഒക്കെ ബുദ്ധിമുട്ട് കണ്ടതോടുകൂടിയാണ് ഞാൻ അവളെ ഒന്ന് ശ്രദ്ധിച്ചത്..
തുടയിൽ എന്തോ കമ്പി പഴുപ്പിച്ചു വച്ചതാണ്…
അവളുടെ കാലിന്റെ മേലും കയ്യിലും ഒക്കെയുള്ള പാടുകൾ കണ്ട് ഞാൻ ഞെട്ടിപ്പോയി.. ആരോ അവളെ ക്രൂരമായി ഉപദ്രവിച്ചിട്ടുണ്ട്..
ഇതൊക്കെ ആരാ ചെയ്തത് എന്ന് ചോദിച്ചപ്പോൾ അതിന് മറുപടി പറയാൻ പോലും അവൾക്ക് പേടി…
ഞാൻ വേഗം വാർഡ് മെമ്പറെ വിവരം അറിയിച്ചു അവർ പോലീസിനെയും ശിശുക്ഷേമ വകുപ്പിനെയും…
എല്ലാവരുംകൂടി അന്വേഷിച്ചപ്പോൾ മനസ്സിലായത് കുട്ടിയുടെ അച്ഛന്റെ അമ്മ ചെയ്തതാണ് ഇതെല്ലാം എന്നായിരുന്നു..
എല്ലാവരും കൂടി അവരെ ചോദ്യം ചെയ്തു.. ചെയ്തതിൽ യാതൊരു കുറ്റബോധവും ഇല്ലാതെ അവർ അങ്ങനെ നിന്നു..
“” അവക്ക് ഒരു തള്ളയുണ്ട്.. എന്റെ മോൻ കെട്ടി കൊണ്ട് വന്ന് ഇവളെയും പെറ്റ് മൂന്നുമാസമായപ്പോൾ ഇട്ടിട്ടു പോയതാ വേറൊരുത്തന്റെ കൂടെ….
പിന്നെ എന്റെ ചെറുക്കന് വെറും കുടിയായിരുന്നു… ഒരു ദിവസം അവനും ഇറങ്ങിപ്പോയി… പിന്നെ ഇത് എന്റെ തലയിലായി.. കൊണ്ട് കളയാൻ പറ്റില്ലല്ലോ.. നോക്കുന്നതും പോരാ അവക്കടെ ഓരോ കാര്യത്തിന് വാശി പിടിക്കൽ…
ഓരോരുത്തിയിൽ നിന്ന് ഓരോന്ന് കണ്ട് അത് വേണമെന്ന് പറഞ്ഞ് വാശിപിടിക്കുമ്പോൾ അത് കിട്ടില്ല എന്ന് മനസ്സിലാവാൻ വേണ്ടി തന്നെയാണ് തല്ലിയത്..”””
അവർ പറഞ്ഞു നിർത്തി.. വെറും നാലര വയസ്സുള്ള ഒരു കുട്ടി എന്തുകൊണ്ട് വേണമെന്ന് പറഞ്ഞതിനാണ് അവർ ഇത്രയൊക്കെ ചെയ്തത്…
അവരെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല എന്ന് മനസ്സിലായി..
ആ കുട്ടിയെ വളർത്തുന്നത് എന്തോ വലിയ കാര്യമായിട്ടാണ് അവർ കരുതുന്നത്.. അവരുടെ വലിയ മനസ്സുപോലെ…
പോലീസുകാർ അവരുടെ തുടർനടപടികൾ സ്വീകരിച്ചു അവരെ അറസ്റ്റ് ചെയ്തു..
കുഞ്ഞിനെ വകുപ്പിന് കീഴിലുള്ള അഗതി മന്ദിരത്തിൽ ആക്കി..
അതുകഴിഞ്ഞ് എന്തോ ആ കുഞ്ഞിന്റെ മുഖം മനസ്സിൽ നിന്ന് പോകുന്നില്ലായിരുന്നു….
കൂടെ കൂട്ടണം അവളെ എന്ന് വല്ലാത്തൊരു തോന്നൽ.. അല്ലെങ്കിലും ഈ ജോലി കിട്ടിയതു മുതൽ ഞാൻ അമ്മയായതാണ് പ്രസവിക്കാത്ത കുറെ കുഞ്ഞുങ്ങളുടെ അമ്മ..
അതിൽ ഓരോ കുട്ടികളും എനിക്ക് പ്രിയപ്പെട്ടതാണ്. അവരുടെ ദുഃഖങ്ങൾ എന്റേത് കൂടിയാണ്…
അതുകൊണ്ടാണ് ഞാൻ എന്റെ രീതിക്ക് ഒരു അന്വേഷണം നടത്തിയത് അവളുടെ അമ്മയെ പറ്റി…
അവരുടെ ഇപ്പോഴത്തെ അഡ്രസ് എങ്ങനെയൊക്കെയോ തപ്പിപിടിച്ച് ഞാൻ ഒരു ദിവസം അവരെ കാണാൻ ചെന്നു കുഞ്ഞിന്റെ ദയനീയ സ്ഥിതി പറയാൻ വേണ്ടി..
ഏതോ വീട്ടിൽ പണിക്കു പോകുന്നുണ്ട് അവർ അന്നത്തെ വീട്ടുജോലി ഒക്കെ കഴിഞ്ഞ് അവർ എത്തിയിരുന്നു ആണ് സ്ത്രീ… ഞാൻ ഉണ്ടായത് മുഴുവൻ അവരോട് പറഞ്ഞു..
അവർക്ക് അത് കേട്ടിട്ട് പ്രത്യേകിച്ച് ഭാവമാറ്റം ഒന്നുമില്ല എനിക്ക് അത്ഭുതം ആയിരുന്നു സ്വന്തം കുഞ്ഞിനെ പീഡിപ്പിച്ച കഥയാണ് ഇപ്പോൾ ഞാൻ പറഞ്ഞത് അത് കേട്ടിട്ടും ഒരു അമ്മയ്ക്ക് ഒരു ഭാവം മാറ്റവുമില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടിരുന്നു…
“” എന്റെ ടീച്ചറെ ഇവിടെ ഞാൻ തന്നെ എങ്ങനെയൊക്കെയോ ആണ് കഴിയുന്നത് ഇതിനിടയിലേക്ക് ഇനി ആ കുട്ടിയെ കൂടി കൊണ്ടൊരാൻ പറ്റില്ല “””
അവർ തീർത്തു തന്നെ പറഞ്ഞു..
സ്വന്തം കുഞ്ഞിന്റെ ദുർഗതിയോർത്ത് വേദനിച്ച് അവളെ ചേർത്തുപിടിക്കുന്ന ഒരു അമ്മയെയും മനസ്സിൽ കണ്ടുകൊണ്ട് പോയ എനിക്ക് അവിടെ നടന്നതൊന്നും ഉൾക്കൊള്ളാൻ കഴിഞ്ഞില്ല ഞാൻ മെല്ലെ തിരികെ നടന്നു…
ഇപ്പോൾ കുഞ്ഞ് എവിടെയാണ് അവിടെ തന്നെയാണ് അവൾക്ക് നല്ലത് എന്ന് യാഥാർത്ഥ്യം ഉൾക്കൊണ്ട് കൊണ്ട്…
ഒന്നുമില്ലെങ്കിലും ദേഹം നോവാതെ അവൾക്ക് മൂന്ന് നേരം ആഹാരവും, വിദ്യാഭ്യാസവും ഒക്കെ ലഭിക്കും..
അതുമതി ഈ മനസാക്ഷിയില്ലാത്തവരുടെ കൂടെ ആ കുഞ്ഞ് നിൽക്കുന്നതിനെകാട്ടി നല്ലത് ഇപ്പോൾ എവിടെയാണ് അവിടെ നിൽക്കുന്നത് ആണ് എന്ന് എനിക്കും ബോധ്യമായി….