(രചന: J. K)
” മിത്ര ഇപ്പോഴും തന്നെ തീരുമാനത്തിന് മാറ്റമില്ലെ??? തന്റെ അവസ്ഥയറിഞ്ഞ് ദയതോന്നി വന്നതല്ലാ ഞാൻ ശരിക്കും….ശരിക്കും…ഇഷ്ടം ആയിട്ടാടോ… ”
മിത്ര എന്താണ് പറയേണ്ടത് എന്നറിയാതെ നിന്നു… ചില ഇഷ്ടങ്ങൾ ഇതുപോലെ വീർപ്പു മുട്ടിച്ചുകൊണ്ടിരിക്കും…
” ദത്താ…..പണ്ട് പറഞ്ഞത് തന്നെയാണ് എനിക്ക് തന്നോട് ഇപ്പോഴും പറയാനുള്ളൂ….
മിത്ര കുര്യന് ദേവദത്തൻ വെറും ക്ലാസ്മേറ്റ് മാത്രമാണ് ഒരു നല്ല സുഹൃത്തും…. അതിലുപരി താൻ ഒന്നും പ്രതീക്ഷിക്കരുത് ദയവു ചെയ്തു എന്നെ ബുദ്ധിമുട്ടിക്കരുത്…… ”
” അന്ന് പേടിയായിരുന്നടോ എനിക്ക് തന്നോട് പ്രണയം പറയാൻ…. എല്ലാവരെയും കണക്കിന് കളിയാക്കുന്ന താൻ ഒരു പാവം നമ്പൂരി കുട്ടിയുടെ പ്രണയാഭ്യർഥന കളിയാക്കി തള്ളുമോ എന്നുള്ള ഭയം…..
പക്ഷേ അങ്ങനെ തള്ളിയാൽ അത് എന്നിൽ ഉണ്ടാക്കാവുന്ന ആഘാതം അതെനിക്ക് ഊഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു കാരണം അത്രമേൽ ഞാൻതന്നെ പ്രണയിച്ചിരുന്നു…
ഒരു ചെറിയ അവഗണന പോലും തന്റെ ഭാഗത്തുനിന്നുണ്ടായാൽ താങ്ങാൻ വയ്യാത്ത വിധം… ”
മിത്രയുടെ മുഖം അസ്വസ്ഥത പ്രകടിപ്പിച്ചു കൊണ്ടിരുന്നു…..കാരണം.. എന്നും പറഞ്ഞ് പറഞ്ഞ് ഇപ്പറഞ്ഞതത്രയും അവൾക്ക് മടുത്തിരുന്നു….
അവളെ സംബന്ധിച്ചിടത്തോളം ഇതൊരു പഴങ്കഥ മാത്രമായിരുന്നു…
” അറിയാം മിത്രാ കുര്യന് ദേവദത്തന്റെ പ്രണയം വെറും പഴങ്കഥ മാത്രമാണെന്ന്…. കേൾക്കും തോറും ആരോചകമായി തോന്നുന്ന വെറും പഴം കഥ….
ആവുമായിരുന്നിട്ടും ഒരാളെ ജീവിതത്തിലേക്ക് കൂട്ടാതെ ഇരുന്നത് ഈ ഒരു മുഖമല്ലാണ്ടൊന്നും മനസ്സിൽ പതിയാഞ്ഞിട്ടാ…. “”
“അന്നും ഞാൻ വെളിപ്പെടുത്തിയതാണല്ലോ ദത്താ…. എന്റെ മനസ്സ്…””
“അതേ… പഠിച്ച കോഴ്സ് തീർന്നു പിരിയാൻ നേരം പ്രതീക്ഷയുടെ ചിരാത് ഈ മിഴിയിൽ കൊളുത്തി വച്ചിട്ടാ ഞാൻ തന്നോടന്ന് പറഞ്ഞത് എന്റെ ആവാമോ എന്ന്….
അന്ന് പറഞ്ഞത് മറന്നില്ലടോ… തനിക്ക് ഞാനൊരു സുഹൃത്ത് മാത്രം ആണെന്ന്… പക്ഷെ ഇപ്പൊ താൻ ഒറ്റക്കല്ലേ..?? ആരോരും തുണയില്ലാണ്ട്…
വന്നൂടെ ഇനിയെങ്കിലും??”””
“””ആരു പറഞ്ഞു തുണയില്ല എന്ന്?? എന്റെ മോളില്ലേ ദത്താ എനിക്ക്?? അഞ്ചു വയസ്സേ ആയിട്ടുള്ളു എങ്കിലും അവൾക്കെന്നെ മനസ്സിലാവുണ്ടടോ..
ഒന്നും പറഞ്ഞില്ലെങ്കിലും ഒന്നും ഭാവിച്ചില്ലെങ്കിലും എല്ലാം അവൾക്കറിയാം…”””
“”ആ കുഞ്ഞാണോ മിത്ര കൂട്ട് ഉണ്ടെന്നു പറയുന്നേ??? കൊള്ളാം എന്നെ ഒഴിവാക്കാൻ കണ്ടുപിടിച്ച ഉപായം കൊള്ളാം “””
“””തന്നെ ഒഴിവാക്കാനോ ദത്താ?? അതിന്റെ ആവശ്യം ഇല്ലെനിക്ക് കാരണം താൻ ഒരു ഓപ്ഷനേ ആയിരുന്നില്ല എനിക്ക്…
അങ്ങനെ കണ്ടിട്ടേ ഇല്ല.. പിന്നെ എന്റെ മോൾ, അവളുടെ പ്രായം അല്ലേ ദത്തന്റെ പ്രശ്നം, അവിടെയാണ് നിങ്ങൾക്ക് തെറ്റിയത്…
കുട്ടികൾക്ക് ഒന്നും മനസ്സിലാകുന്നില്ലെന്നും അവർ ഒന്നും അറിയുന്നില്ല എന്നും നമ്മൾ വെറുതെ വിചാരിക്കുകയാണ്….
അവർ എല്ലാം കാണുന്നുണ്ട് എല്ലാം അറിയുന്നുണ്ട്….
പക്ഷേ അതെല്ലാം മനസ്സിൽ ഒതുക്കുന്നു എന്ന് മാത്രം… ദത്തന് അറിയുമോ? ഒട്ടും ഒത്തുപോകാൻ പറ്റാത്ത ഒരു ബന്ധമായിരുന്നു അവളുടെ അച്ഛനുമായി…
എന്നിട്ടും ഞാൻ പിടിച്ചുനിന്നത് അവൾക്കു വേണ്ടിയായിരുന്നു… ദത്തൻ പറഞ്ഞതുപോലെ അവൾക്ക് ഒരു അച്ഛൻ വേണം അവൾ ഒരു പെൺകുഞ്ഞാണല്ലോ എന്നോർത്ത്….
അയാൾ അയാളുടെ സംശയ രോഗത്തിന്റെ പേരിൽ മനസ്സറിവ് കൂടി ഇല്ലാത്ത കാര്യങ്ങൾക്ക് എന്നെ ഉപദ്രവിക്കും…
അപ്പോൾ അവളുടെ മുഖത്തേക്ക് ഞാൻ നോക്കും… എല്ലാം സഹിക്കും.. ഒരിക്കൽ…. ഒരിക്കൽ അവളാടോ ചോദിച്ചത്, അമ്മേ നമുക്ക് പോവാം എന്ന്…
പോയ എന്റെ കുഞ്ഞിക്ക് പിന്നെ അച്ഛൻ ഉണ്ടാവില്ലല്ലോ എന്ന് പറഞ്ഞപ്പോൾ അമ്മയ്ക്ക് കുഞ്ഞി ഉണ്ടല്ലോ കുഞ്ഞിക്ക് അമ്മയും… അത് മതി എന്നവൾ പറഞ്ഞു…
ഒരു പൊട്ട കോൺസെപ്റ്റിന്റെ പേരിൽ
എല്ലാം സഹിച്ചു നിൽക്കുന്ന എന്നേക്കാൾ പ്രാക്റ്റികൽ ആയി അവൾ ചിന്തിച്ചപ്പോൾ എനിക്ക് അത്ഭുതമായി..
ഞാൻ എന്തുകൊണ്ട് അങ്ങനെ ചിന്തിച്ചില്ല എന്ന് തോന്നി.. ശരിയാണ്..
അവൾ പറഞ്ഞത് ഞങ്ങൾക്ക് ജീവിക്കാൻ എനിക്കൊരു ജോലി മതി… ആണ്തുണ വേണം എന്നില്ല.. വലിയൊരു സത്യം അവളാണ് പറഞ്ഞു തന്നത്… “”””
ദത്തൻ മിത്രയുടെ മുഖത്തേക്ക് തന്നെ നോക്കി…
പണ്ടത്തെ മിത്രയെക്കാൾ അവൾ മെച്വർ ആണ് ഇപ്പൊ എന്ന് തോന്നി പോയി…
മിത്ര തുടർന്നു…
“””അവളേം കൂട്ടി ഇറങ്ങി ഞാൻ… മുന്നിൽ ശൂന്യത മാത്രേ ബാക്കി ഉണ്ടായിരുന്നുള്ളൂ…
എന്റെ സ്വർണ്ണം.. എനിക്കായി അച്ഛൻ ബാങ്കിൽ ഇട്ടു തന്ന പണം എല്ലാം അയാൾ കൈവശപ്പെടുത്തിയിരുന്നു.. അതൊക്കെ തിരിച്ചു മേടിക്കാൻ ഉള്ള മാനസികാവസ്ഥ അല്ലായിരുന്നു താനും..
ഉണ്ടായിരുന്ന ചെറിയ ജോലി തന്ന ആത്മ വിശ്വാസം മാത്രം മാത്രം…. ഫ്രണ്ടിന്റെ സഹായം കൂടെ കിട്ടിയപ്പോൾ സ്വയം പര്യാപ്തത നേടുകയായിരുന്നെടോ ഞാൻ…”””
ഇത്തവണ ദത്തനിലെ പരിഭവം മാറി അവളോടുള്ള അഭിമാനം തോന്നി തുടങ്ങിയിരുന്നു…
“””എന്നിട്ടും ചെറിയൊരു ഭയം ബാക്കി ആയിരുന്നു.. കുഞ്ഞി അവൾ വലുതായാൽ അവളെ അവളുടെ അച്ഛനിൽ നിന്നും എന്തിനാ ഞാൻ അകറ്റിയെ എന്ന് ചോദിക്കുമോ എന്ന്???
എത്രയൊക്കെ ധൈര്യം സംഭരിക്കുമ്പോഴും ആ ഒരു ചിന്ത എന്നെ വല്ലാതെ അസ്വസ്ഥയാക്കിയിരുന്നു..”””
ബാക്കി കേൾക്കാനായി ദത്തൻ അവളെ നോക്കി.. ചെറു ചിരിയോടെ പറയുന്നവളെ…
“””‘അവൾ തന്നെ, എന്റെ കുഞ്ഞി “”” അതിനും മറുപടി തന്നു… അവളും ഞാനും മാത്രം ഉള്ളൊരു നിമിഷത്തിൽ ഞാനവളോട് ചോദിച്ചു, കുഞ്ഞിക്ക് എപ്പോഴേലും അച്ഛനെ മിസ്സ് ചെയ്യുമോ??? എന്ന്..
അവൾ എന്നെ തന്നെ നോക്കി ദത്തൻ…
മനസ്സിലാവാൻ ഒന്നൂടെ ഞാൻ വ്യക്തമാക്കി… മറ്റുള്ള കുട്ടികളെ പോലെ ആവില്ല കുഞ്ഞിക്ക് സിംഗിൾ പാരന്റ് ആയിരിക്കും…
അവർ അച്ഛന്റെ കൂടെ ഹാപ്പി ആയി നടക്കുന്നത് കാണുമ്പോ കുഞ്ഞിക്ക് വിഷമം ആവുമോ??? അമ്മയോട് ദേഷ്യം തോന്നുമോ??? “””
ഒന്നു നിർത്തി മിത്ര… ഒരു ദീർഘ നിശ്വാസം എടുത്ത് വീണ്ടും പറഞ്ഞു,
“””അവൾക്ക് അമ്മ മതി… അമ്മ മാത്രം മതി.. അഞ്ചു വയസ്സുകാരിയുടെ കളി കൊഞ്ചൽ ആയിരുന്നില്ല അത്.. അസ്വസ്ഥമായ സാഹചര്യത്തിലൂടെ വന്ന മുറിവേറ്റ ഒരു കുഞ്ഞ് മനസ്സിന്റെ തീരുമാനം ആയിരുന്നു…
മറ്റുള്ളോരടെ കണ്ട് മിസ്സ് ചെയ്യാൻ അവരുടെ അച്ഛനെ പോലെ അല്ലല്ലോ അമ്മാ എന്റെ അച്ഛൻ എന്നവൾ പറഞ്ഞപ്പോൾ, ഇപ്പോഴാ അവൾക്ക് പേടിക്കാണ്ടെ ഉറങ്ങാൻ പറ്റുന്നെ എന്ന് പറഞ്ഞപ്പോൾ.. എനിക്ക് ഉത്തരം കിട്ടിയെടോ എല്ലാത്തിനും…””””
അവളുടെ മിഴിയിലെ അഭിമാനത്തിന്റെ നീർതിളക്കം കാണെ ദത്തന്റെ മിഴിയും ഒന്നു പിടഞ്ഞു..
“‘””എന്റെ ഉള്ളിലും എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടായിരുന്നു മിത്ര… ചില വൈകല്യങ്ങൾ… ഇപ്പോ തന്നോട് ഇത്തിരി വർത്താനം പറഞ്ഞപ്പോ അതങ്ങു ശെരി ആയെടോ “””
എങ്ങോ നോക്കി പറയുന്നവനെ അലിവോടെ നോക്കി മിത്ര..
എന്നും താൻ വേദനിപ്പിച്ചിട്ടേ ഉള്ളൂ..
എത്രയോ തവണ മറിച്ചു ചിന്തിക്കാൻ ശ്രെമിച്ചതാണ്…
ഈയൊരാൾക്ക് വേണ്ടി..
പക്ഷെ സ്നേഹം””” അതിന് പല മുഖങ്ങൾ ഉണ്ട്.. പല നിറങ്ങളും… സഹതാപം കൊണ്ടോ.. വാക്ചാതുരി കൊണ്ടോ മാറ്റാൻ കഴിയില്ല അവ…
“””ഡോ”””
എന്തോ ഓർത്തു നിന്നവളെ ദത്തൻ വിളിച്ചു.
“””കുഞ്ഞിയോട് ഒരു അങ്കിൾ അന്വേഷണം പറഞ്ഞു എന്ന് പറയണം…. എന്ന് പറഞ്ഞപ്പോൾ മിത്ര ചിരിയോടെ അയാളെ നോക്കി തലയാട്ടി….
“””ഈ കുഞ്ഞിയും അമ്മയും എവിടെയും തോൽക്കില്ലടോ… ആരൊക്കെ ശ്രെമിച്ചാലും… പോട്ടെ…”””
എന്നു പറഞ്ഞു തിരിഞ്ഞു നടക്കുമ്പോൾ, മിത്ര കുര്യൻ എന്ന സുഹൃത്തിനോട് പ്രണയം എന്ന വികാരം മാറി പോയി
അഭിമാനം നിറയുന്നത് അയാൾ അറിഞ്ഞു.. ഒപ്പം മറ്റൊരു പാഠവും.. അർഹിക്കുന്നിടത്ത് മാത്രമേ നിൽക്കാവൂ എന്നും….