(രചന: J. K)
ഒരിക്കൽ ഇതിന്റെ പേരിൽ മുടങ്ങിയതല്ലേ വിവാഹം അച്ഛാ.. ഇനിയും വേണോ പരീക്ഷണം എന്ന്…
വീണ്ടും ജയദേവിനോട് ചോദിച്ചു മായ… അത് കേൾക്കെ അയാൾക്ക് ദേഷ്യമാണ് വന്നത് പിന്നെ ഇവിടെ എങ്ങനെ കെട്ടാച്ചരക്കായി നിൽക്കാം എന്നാണോ നീ കരുതിയത് എന്ന് ചോദിച്ചപ്പോൾ അവൾ ഞെട്ടിപ്പോയി…
വളരെ ചെറുപ്പം മുതൽ തന്നെ അപസ്മാര രോഗിയാണ് മായ…
അതിന്റെ ഗുളിക കഴിക്കുന്നുമുണ്ട് ടെൻഷൻ കൂടുമ്പോൾ മാത്രമാണ് ചിലപ്പോഴൊക്കെ അവളെ രോഗം കീഴടക്കാറുള്ളത്…
എങ്കിലും വളരെ ഭയമായിരുന്നു.. സൂക്ഷിച്ചിരുന്നു…എല്ലാരും… ഒന്ന് പനിച്ചാൽ അല്ലെങ്കിൽ ടെൻഷൻ വന്നാൽ എല്ലാം അവൾക്ക് സ്വയം കൈവിട്ടു പോകുമായിരുന്നു…..
ആദ്യം ഒന്നും ഇതൊന്നും പ്രശ്നമായിരുന്നില്ല വിവാഹപ്രായം എത്തിയപ്പോഴാണ് ഇതൊക്കെ വലിയ പ്രശ്നങ്ങളാണ് എന്ന് മനസ്സിലായത്.. എല്ലാം അറിഞ് ആരും അവളെ കല്യാണം കഴിക്കാൻ തയ്യാറായില്ല…
എല്ലാവർക്കും ഭാവി സുരക്ഷിതമാവണം ആയിരുന്നു അതുകൊണ്ട് തന്നെ സൂക്കേട് കാരിയെ വിവാഹം കഴിച്ചാൽ ജീവിതം ദുരിത പൂർണമാവും എന്ന് കരുതി അവരെല്ലാം വിവാഹത്തിൽ നിന്ന് പിന്മാറുകയാണ് ചെയ്തത്..
ആദ്യമൊക്കെ നല്ല പ്രതീക്ഷയുണ്ടായിരുന്നു എല്ലാം അറിഞ്ഞു ആരെങ്കിലുമൊക്കെ തന്നെ വിവാഹം ചെയ്യുമെന്ന് പക്ഷേ അനുഭവങ്ങൾ നല്ലതൊന്നും കൊടുക്കാത്തത് കൊണ്ടാവണം അവളുടെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചിരുന്നു…
മായയുടെ നിർബന്ധപ്രകാരമാണ് വരുന്ന ചെക്കന്മാരോട് എല്ലാം അവൾക്ക് ഇങ്ങനെയൊരു അസുഖമുണ്ട് എന്ന് പറഞ്ഞത് അത് പറയാതെ വിവാഹം കഴിച്ചാൽ നാളെ അതൊരു പ്രശ്നമാകരുത് എന്ന് അവൾക്ക് നിർബന്ധമുണ്ടായിരുന്നു.
അതനുസരിച്ച് എല്ലാവരോടും അവർ പറഞ്ഞു ആ പറഞ്ഞറിഞ്ഞവരെല്ലാം വിവാഹത്തിൽ നിന്ന് പിന്മാറി പോയി….
ഒടുവിൽ ഒരെണ്ണം ശരിയായി എല്ലാവർക്കും വളരെ സന്തോഷമായിരുന്നു…. അവളുടെ അസുഖം ഒന്നും തനിക്ക് ഒരു പ്രശ്നവും അല്ല എന്ന് പറഞ്ഞാണ് അവൻ വന്നത്….
പക്ഷേ ചെക്കന്റെ വീട്ടുകാർ അവനെ പറഞ്ഞു തിരുത്തി കളഞ്ഞു… അവർക്കുണ്ടാകുന്ന കുഞ്ഞുങ്ങൾക്കും ഇതേ അസുഖം വരുമത്രേ..
തന്നെയുമല്ല സ്ഥിരമായി മരുന്നു കഴിക്കുന്ന അവൾ ജന്മം നൽകുന്ന കുഞ്ഞുങ്ങൾക്ക് ആരോഗ്യം ഒന്നും ഉണ്ടാവില്ലത്ര….
എൻഗേജ്മെന്റ് കഴിഞ്ഞ ബന്ധം അതോടെ നിലച്ചു…
അത് മായക്കും അച്ഛൻ ജയദേവനും എല്ലാം വളരെ ഷോക്കായിരുന്നു അതിൽ നിന്ന് റിക്കവർ ചെയ്യാൻ അവർ കുറെ കാലം എടുത്തു പിന്നെ ജയദേവൻ ആണ് തീരുമാനിച്ചത് ഇനി വരുന്നവരോട് ഒന്നും മകളുടെ അസുഖത്തെപ്പറ്റി പറയണ്ട എന്ന്…
എങ്ങനെയെങ്കിലും വിവാഹം കഴിച്ച് വിടണം എന്ന് മാത്രേ അയാൾക്ക് ഉണ്ടായിരുന്നുള്ളൂ…. കാരണം നാട്ടുകാരോട് സമാധാനം പറഞ്ഞു മടുത്തു…
അവളുടെ പ്രായത്തിലുള്ള കുട്ടികളില്ല ഒന്നും രണ്ടു കുട്ടികളായി അവരുടെ മുന്നിലൂടെ നടന്നു അതെല്ലാം ജയദേവനെ സംബന്ധിച്ചിടത്തോളം വലിയ വേദന സൃഷ്ടിച്ചു….
തങ്ങളുടെ കാലശേഷം മകൾക്ക് ആരോരും ഉണ്ടാവില്ല എന്നത് അയാളെ തളർത്തി….
അതാണ് ഒന്നും തുറന്നു പറയാതെ തന്നെ ഇനി വരുന്ന വിവാഹം നടത്താം എന്ന് അയാൾ തീരുമാനിച്ചത് ഒരു അച്ഛന്റെ ആവലാതിയായിരുന്നു ആ തീരുമാനത്തിന് പിന്നിൽ …
അങ്ങനെയാണ് മായക്ക് ആദിത്യന്റെ വിവാഹാലോചന വരുന്നത്…
അത്ര സമ്പന്ന കുടുംബം ഒന്നുമായിരുന്നില്ല ആദിത്യന്റെ അച്ഛന്റെ മരണശേഷം പെങ്ങമാരുടെ ചുമതല മുഴുവൻ ആദിത്യനാണ് ഏറ്റെടുത്തത്…
അവരെ വിവാഹം ചെയ്തയച്ചു…..
ഇപ്പോൾ ഒന്നു നട്ടു നിവർത്തിയതേയുള്ളൂ. ഒരു ഗവൺമെന്റ് സ്കൂൾ മാഷ് ആയിരുന്നു ആദിത്യൻ…
അച്ഛൻ മരിക്കുമ്പോൾ വളരെ ചെറിയ കുഞ്ഞുങ്ങൾ ആയിരുന്നു അവർ…. കുടുംബത്തിന്റെ ഉത്തരവാദിത്വം മുഴുവൻ ആദിത്യന്റെ തലയിൽ ആയി പാർട്ട് ടൈം ജോലിചെയ്ത് അയാൾ തന്റെ കുടുംബത്തെ നിലനിർത്തി…
പിന്നെയാണ് കഠിനപ്രയത്നത്തിലൂടെ ഈ ജോലി നേടിയെടുത്തത്…
അതുകൊണ്ടുതന്നെ വീട്ടിലെ പ്രാരാബ്ധങ്ങൾ അയാൾക്ക് നന്നായി അറിയാമായിരുന്നു അയാൾക്ക് നല്ല വലിയ ഇടങ്ങളിൽ നിന്നും പെണ്ണ് കിട്ടുമായിരുന്നു ഒരു ഗവൺമെന്റ് ജോലിക്കാരൻ ആണല്ലോ…. എന്നിട്ടും അയാൾ പറഞ്ഞത് ഒരു പാവം പെൺകുട്ടി മതി എന്നാണ്….
അങ്ങനെയാണ് മായയുടെ വിവാഹലോചന അയാളിലേക്ക് എത്തുന്നത് കണ്ടപ്പോൾ തന്നെ മായയെ അയാൾക്ക് ബോധിച്ചു പക്ഷേ അവൾ എല്ലാം തുറന്നു പറയാൻ നിന്നു. അവളെ അച്ഛൻ തടഞ്ഞു…
ആദിത്യനെ പോലെ ഒരാളെ അവർക്ക് സ്വപ്നം കാണാൻ പോലും കഴിയില്ല എന്നും അതും ഒരു ഗവൺമെന്റ് ജോലിക്കാരൻ….
അതുകൊണ്ടുതന്നെ എന്ത് പ്രശ്നം വന്നാലും ഈ കല്യാണം നടത്തണമെന്നും അയാൾ തന്റെ മകളോട് പറഞ്ഞു അവൾക്ക് ആകെ വിഷമമായി
എല്ലാം മറച്ചുവെച്ചുകൊണ്ട് ഒരു വിവാഹത്തിന് അവൾ തയ്യാറല്ലായിരുന്നു അറിഞ്ഞുകൊണ്ട് ഒരാളെ ചതിക്കാൻ!!!
അതുകൊണ്ടുതന്നെ ആരും അറിയാതെ ഫോൺ ചെയ്യാൻ തീരുമാനിച്ചു ആദ്യത്യന്റെ നമ്പർ എങ്ങനെയോ തപ്പിയെടുത്ത് അവൾ ആദ്യമേ ഫോൺ ചെയ്തു…
എല്ലാം തുറന്നു പറഞ്ഞപ്പോൾ മായക്ക് വല്ലാത്ത ആശ്വാസം തോന്നി ഇനി ഈ വിവാഹം മുടങ്ങുകയാണെങ്കിലും തനിക്ക് അതിൽ കുറ്റബോധം തോന്നില്ല എന്ന് അവൾക്കറിയാമായിരുന്നു…
പക്ഷേ ഈ വിവാഹം ഒന്നും പറയാതെ നടത്തിയാൽ ആണ് തനിക്ക് ശ്വാസം മുട്ടുക എന്നും…
അയാളുടെ തീരുമാനം എന്താണെന്ന് അറിയാൻ വെറുതെ അവൾ കാതോർത്തു…
ഈ വിവാഹത്തിൽ നിന്നും അയാൾ പിന്തിരിയും എന്നുള്ള കാര്യത്തിൽ അവൾക്ക് യാതൊരു സംശയവും ഉണ്ടായിരുന്നില്ല
അല്ലെങ്കിലും ഗവൺമെന്റ് ജോലിക്കാരനായ യാതൊരു ബാധ്യതയും ഇല്ലാത്ത സുന്ദരനായ അയാളെപ്പോലെ ഒരാൾക്ക് ഒരു നിത്യരോഗിയായ തന്നെപ്പോലെ ഒരു എടുത്ത് തലയിൽ വയ്ക്കേണ്ട ഒരു ആവശ്യവുമില്ല…..
അവൾ വെറുതെ അയാൾ വിവാഹത്തിൽ നിന്ന് പിന്തിരിയുന്നു എന്ന് നേരിട്ട് കേൾക്കാൻ ആഗ്രഹിച്ചു നിന്നു
പക്ഷേ അവളെ ഞെട്ടിച്ചുകൊണ്ട് അയാൾ പറഞ്ഞു അയാൾക്ക് ഒന്നും പ്രശ്നമല്ല എന്ന് താൻ ഇപ്പോൾ ഇത് പറഞ്ഞില്ലായിരുന്നെങ്കിൽ ചിലപ്പോൾ ഭാവിയിൽ തന്നോട് ഒരു ദേഷ്യം എനിക്ക് തോന്നിയേനെ
പക്ഷേ എല്ലാം തുറന്നു പറയാൻ കാണിച്ച തന്റെ ഈ മനസ്സുണ്ടല്ലോ അതുമതി എനിക്ക് തന്നോട് ഉള്ള സ്നേഹം കൂടാൻ എന്ന്…..
അയാൾ പറഞ്ഞു അത് കേട്ട് മായയുടെ മിഴികൾ അറിയാതെ നിറഞ്ഞു…
പിന്നെ ഈ അസുഖങ്ങളൊക്കെ വരുന്നത് നമ്മുടെ തെറ്റല്ലല്ലോ അങ്ങനെയുള്ളവർക്ക് വിവാഹം കഴിക്കണ്ടേ ജീവിക്കണ്ടേ?
എല്ലാവരും കൈയൊഴിഞ്ഞാൽ അവരെ ആര് കൂടെ ചേർത്ത് പിടിക്കും??? അതിന് ചിലരെങ്കിലും വേണ്ടേ?? എന്ന് കൂടി പറഞ്ഞ് അയാൾ അവസാനിപ്പിച്ചു…
ഈ വിവാഹവും സാധാരണത്തെ പോലെ മുടങ്ങും എന്ന് കരുതി അയാളെ മനസ്സിൽ കേറ്റിയിട്ടില്ലായിരുന്നു മായ പക്ഷേ ഈ ഒരൊറ്റ സംസാരത്തിൽ അയാൾ കേറി പറ്റിയത് അവളുടെ ഹൃദയതിൽ ആയിരുന്നു…..
വിവാഹം വേഗം നിശ്ചയിച്ചു എല്ലാം ആദിത്യന്റെ തീരുമാനപ്രകാരം ആയിരുന്നു ഇനി വിരലിലെണ്ണാവുന്ന നാളുകൾ മാത്രമേ വിവാഹത്തിനുള്ളു മായയും ആദിത്യനും കാത്തിരിപ്പിലാണ് അവർ പരസ്പരം ഒന്നാകുന്നതിനായി….