എന്റെ പെങ്ങൾ
(രചന: Aparna Nandhini Ashokan)
അവളുടെ കഴുത്തിനു പിന്നിലേറ്റ മുറിപ്പാടുകളിൽ തലോടികൊണ്ട് സൂരജ് നിറകണ്ണുകളോടെ ദേവൂനെ നോക്കീ..
“ഇത്രയൊക്കെ സംഭവിച്ചിട്ടും നീയെന്താ മോളെ ഏട്ടനെ വിവരങ്ങളൊന്നും അറിയിക്കാതിരുന്നത്..”
“അച്ഛനോട് ഒരിക്കൽ ഞാൻ പറഞ്ഞൂ, അയാളുടെ ഉപദ്രവം സഹിക്കാൻ പറ്റുന്നില്ല വീട്ടിലേക്ക് മടങ്ങി വന്നോട്ടെയെന്ന്..
അന്ന് അമ്മയും അച്ഛനും പറഞ്ഞത് ഏട്ടന് കല്ല്യാണം പറഞ്ഞു വെച്ചിരിക്കണ പെൺകുട്ടീടെ വീട്ടുക്കാര് അറിഞ്ഞാൽ പ്രശ്നായെങ്കിലോ എന്നാണ്..
ഏട്ടന്റെ കല്ല്യാണം കഴിഞ്ഞ് ഏട്ടൻ ഏട്ടത്തിയുമായി ദുബായിലേക്ക് മടങ്ങുന്നതു വരെയെങ്കിലും ഇവിടെ പിടിച്ചു നിൽക്കാനാ പറഞ്ഞേ.. ഏട്ടൻ വിളിച്ചാൽ ഇക്കാര്യങ്ങളൊന്നും പറയല്ലേന്നും അച്ഛൻ പറഞ്ഞിരുന്നൂ.. ”
ദേവൂന്റെ വാക്കുകൾ ഇടറി.. ഒരാശ്രയത്തിനായി സൂരജിന്റെ തോളിൽ അവൾ ചാഞ്ഞിരുന്നൂ
“എന്നാലും മോളെ.. വളർത്തു നായയേക്കൊണ്ട് നിന്നെ ക ടി പ്പിച്ച അവനൊപ്പം എന്തിന്റെ പേരിലാണെങ്കിലും നീ താമസിക്കരുതായിരുന്നൂ..
നിനക്കെങ്ങനെയങ്കിലും ഏട്ടനെ ഈ വിവരങ്ങൾ അറിയിക്കായിരുന്നൂ ദേവൂ..”
“ഞാൻ കാരണം ഏട്ടന്റെ ജീവിതം കൂടി പ്രശ്നത്തിലാകുമെന്ന് അച്ഛൻ പറയുമ്പോൾ എങ്ങനെയാ ഏട്ടാ ഞാൻ ഒറ്റക്കൊരു തീരുമാനം എടുക്കുന്നത്.. കഴിഞ്ഞ ആറുമാസക്കാലം ഞാനിവിടെ എല്ലാം സഹിച്ച് ജീവിച്ചൂ.. ഇനി വയ്യ ഏട്ടാ..”
“നിന്റെ പേരിൽ വിവാഹസമയത്ത് അച്ഛൻ ബാങ്കിൽ ഇട്ടുതന്ന പണം എടുത്തിട്ടെങ്കിലും ഒരു ഹോസ്റ്റലിലേക്കു മാറാനുള്ള തന്റേടം എന്റെ മോള് കാണിക്കേണ്ടതല്ലേ..
ഏട്ടൻ ഇപ്പോൾ നാട്ടിൽ വന്ന് കാര്യങ്ങൾ മനസിലാക്കുന്നതു വരെ നിനക്ക് പിടിച്ചുനിൽക്കായിരുന്നല്ലോ.. എന്നിട്ടിപ്പോൾ ഏട്ടനെയും അറിയിക്കാതെ കാര്യങ്ങൾ ഇതുവരെ എത്തിച്ചല്ലോ നീ..”
സൂരജിന്റെ സംസാരം കേട്ട് ദേവൂന്റെ മുഖത്ത് വാടിയൊരു ചിരി പടർന്നൂ..
“ബാങ്കിലെ പാസ്ബുക്ക് അടക്കം എല്ലാ രേഖകളും വിവാഹപന്തലിൽ വെച്ച് അയാൾക്ക് കൈമാറിയത് നമ്മുടെ അച്ഛൻ തന്നെയല്ലേ ഏട്ടാ..
അന്നാണ് ഞാനത് അവസാനമായി കണ്ടത് തന്നെ.. ഇട്ടിരിക്കുന്ന ഈ താലിമാലയൊഴികെ എല്ലാ സ്വർണവും എന്റെ ATM കാർഡുവരെ അയാളുടെ കൈവശമാണ്..
ഏട്ടനറിയോ ലക്ഷങ്ങളുടെ ബാങ്ക് ബാലൻസ് എന്റെ പേരിൽ ഉള്ളപ്പോൾ അറുപതു രൂപയുടെ പാഡ് വാങ്ങിക്കാൻ പോലും അയാളുടെ മുന്നിൽ ഞാൻ ഇരന്നു നിൽക്കണമായിരുന്നൂ..”
“എടുക്കാനുള്ളത് എടുത്തോ ദേവൂ.. എന്റെ മോള് ഇനിയിവിടെ താമസിക്കണില്ല.. ഏട്ടന്റെ കൂടെ ഈ നിമിഷം വരണം”
സൂരജിന്റെ കണ്ണുകൾ നിറഞ്ഞൂ
സൂരജ് മുറിയുടെ പുറത്തിറങ്ങുമ്പോൾ ദേവുവിന്റെ ഭർത്താവും അയാളുടെ മാതാപിതാക്കളും സോഫയിലിരുന്ന് ചർച്ചയിലായിരുന്നൂ.
അവന്റെ മുഖത്തൊന്നു പൊട്ടിക്കാനുള്ള ദേഷ്യം വന്നെങ്കിലും അടക്കിപിടിച്ച് സൂരജ് അവരുടെ അടുത്തേക്ക് ചെന്നൂ..
“എന്റെ പെങ്ങളെ ഞാൻ കൊണ്ടു പോകുന്നൂ.. കിട്ടിയ സ് ത്രീധനം കുറഞ്ഞെന്നു പറഞ്ഞ് മ ർ ദ്ദിക്കാനും അവസാനം നിനക്ക് കൊ ന്നു കെ ട്ടി തൂ ക്കാനും വേണ്ടിയല്ല ഇരുപത്തിമൂന്ന് വയസ്സുവരെ ഞങ്ങൾ അവളെ വളർത്തിയത്..
നിയമപരമായി തന്നെ ബന്ധം വേർപെടുത്താനുള്ള കാര്യങ്ങൾ ഉടനെയുണ്ടാവും. സഹകരിച്ചാൽ നിനക്ക് നല്ലത്..അല്ലെങ്കിൽ സമൂഹത്തിനു മുൻപിൽ നീ നാറും”
സൂരജിന്റെ സംസാരം കേട്ട് ദേവൂന്റെ അമ്മായിയമ്മ സോഫയിൽ നിന്ന് ചാടിയേഴുന്നേറ്റു ഉച്ചത്തിൽ സംസാരിക്കാനാരംഭിച്ചൂ..
“എടാ സൂരജേ.. അവള് പോയാലും എന്റെ മോന് ഇതിലും കൂടുതൽ സ്വർണവും പണവും കിട്ടി വേറെയൊരു കല്ല്യണം നടത്താൻ ഞങ്ങൾക്കൊരു പ്രയാസവും ഇല്ല..
ബന്ധംപിരിഞ്ഞ് നിന്റെ വീട്ടിൽ നിൽക്കുന്ന പെണ്ണിന് പിന്നെ നല്ലൊരു ജീവിതം കിട്ടുമെന്ന് ഉറപ്പുണ്ടോ.. നാണക്കേടും നഷ്ടവും നിങ്ങൾക്കു തന്നെയാണ്..”
“എന്റെ അമ്മയുടെ പ്രായമുള്ളതു കൊണ്ടു മാത്രമാണ് സഭ്യതയോടെ ഞാനിതിനു നിങ്ങൾക്ക് മറുപടി തരുന്നത്.
ബന്ധം പിരിഞ്ഞാൽ നിങ്ങൾക്കില്ലാത്ത നാണക്കേടും നഷ്ടവും ഞങ്ങൾക്കും ഇല്ല.. നിങ്ങളുടെ മോന് നഷ്ടപ്പെടാത്ത ഒന്നും എന്റെ പെങ്ങൾക്കും നഷ്ടപ്പെടില്ല..
പിന്നെ ഒരെണ്ണം പാളിപോയാൽ അടുത്തതിനു ഇറങ്ങാൻ എന്റെ ദേവൂനെ കച്ചവടം ചെയ്യാൻ വെച്ചേക്കല്ല ഞങ്ങൾ.. നിങ്ങൾക്ക് കൊ ന്നു തള്ളാൻ വേണ്ടിയോ എന്റെ പെങ്ങളുടെ ജീവിതം കളയാനോ അവളെ ഇവിടെ വിട്ടിട്ടു പോകാൻ ഇനി പറ്റില്ല..”
ദേവൂന്റെ കൈ പിടിച്ച് സൂരജ് ആ വീടിന്റെ പടികളിറങ്ങി..
തന്റെ മകനൊപ്പം കാറിൽ നിന്നിറങ്ങി ബാഗും എടുത്ത് ദേവുവും വീട്ടിലേക്ക് കയറി വരുന്നതു കണ്ട് അവരുടെ അച്ഛന്റെ മുഖം മങ്ങി. അയാൾ തിടുക്കപ്പെട്ട് സൂരജിന്റെ അടുത്തേക്ക് വന്നൂ..
“നിന്റെ കല്ല്യാണം നടക്കാൻ ഏതാനും മാസങ്ങൾ മാത്രം ബാക്കിയുള്ളു.. അതിനിടയിൽ ദേവു ഇവിടെ വന്നു നിന്നാൽ ആൾക്കാരോട് എന്തു സമാധാനം പറയും സൂരജേ..
ബാക്കിയെല്ലാം പോട്ടെ, നിന്റെ പെണ്ണിന്റെ വീട്ടുക്കാർ വിവരങ്ങൾ അറിഞ്ഞാലോ.. ബന്ധം പിരിഞ്ഞ പെണ്ണുള്ള വീട്ടിലേക്ക് മകളെ വിവാഹം കഴിപ്പിച്ചയക്കാൻ പറ്റില്ലെന്ന് പറഞ്ഞ് ഈ വിവാഹം തന്നെ അവർ വേണ്ടെന്നു വെച്ചാലോ..
ഇനി അതുപോലൊരു ബന്ധം നമുക്ക് സ്വപ്നം കാണാൻ കിട്ടില്ലടാ..നമ്മള് ദേവൂന് കൊടുത്തതിനും കൂടുതൽ നമുക്ക് തരാൻ ആസ്ഥിയുള്ള കൂട്ടരാണ് അവര്.
നിന്റെ കല്ല്യാണം കഴിഞ്ഞ് നിങ്ങൾ ദുബായിലേക്ക് പോകുന്നതു വരെയെങ്കിലും ദേവൂനോട് അവിടെ നിൽക്കാൻ പറയ്.. പിന്നെ അച്ഛൻ അവളെ വിളിച്ചു കൊണ്ടുവരാം..”
“എന്റെ വിവാഹത്തിനു മുൻപേ ആ വീട്ടിൽ വെച്ച് അവൾ മരിച്ചാലോ ??.. അപ്പോൾ അച്ഛനവളുടെ ശവം ഈ വീട്ടുപടിക്കൽ എത്തിക്കാമെന്നാണോ പറയണേ..
നിങ്ങളുടെ അഭിമാനം രക്ഷിക്കാൻ വേണ്ടി ആരോടും ഒന്നും പറയാതെ എന്റെ മോള് അവന്റെ അടിയും തൊഴിയും വാങ്ങിച്ചൂകൂട്ടി. അവസാനം നാ യയെ കൊണ്ടുവരെ അവൻ അവളുടെ കഴുത്തിലും പുറത്തുമെല്ലാം ക ടി പ്പിച്ചു.. ഇനിയെന്തൊക്കെ സഹിക്കണം അവള്..”
“എന്നാലും മോനെ.. നിന്റെ ജീവിതത്തെ കൂടി ബാധിക്കുന്ന കാര്യമായതുകൊണ്ടാ അച്ഛൻ നിർബന്ധം പറയണേ..”
“കൂടുതലൊന്നും പറയണ്ട അച്ഛാ.. നിങ്ങളെ പോലുള്ളവര് മകൾക്ക് നൂറു പവനും കൊടുത്ത് വലിയ കേമമായി തന്നെ അവളുടെ വിവാഹം നടത്തി കൊടുക്കും
എന്നിട്ട് മകൾക്കു കൊടുത്തതിനേക്കാൾ രണ്ടിരട്ടിയെങ്കിലും സ് ത്രീധനം വാങ്ങിയെടുത്ത് മകന്റെ വിവാഹവും നടത്തി കാശ് മുതലാക്കാൻ ശ്രമിക്കും..
ദേവൂന്റെ ഭർത്താവിന്റെ വീട്ടുക്കാരും, അച്ഛനും തമ്മിൽ വലിയ വ്യത്യാസമൊന്നും കാണാൻ എനിക്ക് പറ്റുന്നില്ല..”
മകന്റെ സംസാരം കേട്ട് അയാൾ കുറ്റവാളിയെ പോലെ മുഖം കുനിച്ചൂ. ഇരുവരുടെയും സംസാരം കേട്ട് ദേവു തന്റെ മുറിയിൽ നിശബ്ദം തേങ്ങികൊണ്ടിരുന്നൂ
“ഇങ്ങോട്ടു വരുന്ന വഴിക്ക് എന്റെ പെണ്ണിന്റെ വീട്ടിലേക്ക് പോയിട്ടാണ് ഞാൻ വരുന്നത്..
ഇരുപത്തിമൂന്ന് വർഷം ഈ വീട്ടിലെ മകളായിട്ട് കഴിഞ്ഞ എന്റെ പെങ്ങളെ ഉപേക്ഷിച്ചിട്ട് എനിക്ക് അവരുടെ മകളെ സ്വീകരിക്കാൻ പറ്റില്ലെന്ന് തീർത്തു പറഞ്ഞു. എന്റെ പെങ്ങൾ എനിക്കൊരു ബാധ്യതയല്ല അച്ഛാ..
കാര്യങ്ങൾ അറിഞ്ഞപ്പോൾ അച്ഛനേക്കാൾ മനസാക്ഷിയുണ്ടെന്നു അവളും വീട്ടുക്കാരും തെളിയച്ചു തന്നൂ. അവർക്ക് ഈ വിവാഹത്തിനു തടസമൊന്നും ഇല്ലെന്നും ഞാനെടുത്ത തീരുമാനം ശരിയാണെന്നും പറഞ്ഞൂ.. പക്ഷേ അച്ഛൻ ഇതുകേട്ട് സന്തോഷിക്കരുത്.
കാരണം , ഞാനറിയാതെ അച്ഛനും പെണ്ണിന്റെ വീട്ടുക്കാരും തമ്മിലുണ്ടാക്കിയ സ്ത്രീധന ഉടമ്പടി ഞാനങ്ങോട്ട് മുടക്കി കളഞ്ഞൂ..”
“എടാ..നീയെന്തു പണിയാ കാണിച്ചത്. ഞങ്ങളോടൊന്നും ആലോചിക്കാതെ എല്ലാം നീയൊറ്റയ്ക്ക് അങ്ങോട്ട് തീരുമാനിച്ചാൽ പറ്റുമോ.. പിന്നെ പെണ്ണുവീട്ടുക്കാർക്കു മുൻപിൽ എനിക്കും നിന്റെ അമ്മക്കും എന്താ വിലയുണ്ടാവാ..”
“എന്റെ പെണ്ണിന് നല്ല വിദ്യഭ്യാസമുണ്ട്. ആരെയും ആശ്രയിക്കാതെ ജീവിക്കാൻ ഞങ്ങൾക്ക് രണ്ടാൾക്കും വരുമാനവുമുണ്ട്. അവളുടെ വീട്ടുക്കാരുടെ പണം കൊണ്ട് ഈ വീട്ടിലെ ആസ്ഥിയും സമ്പാദ്യവും കൂട്ടാനുള്ള ഗതികേടിലേക്ക് തരംതാഴ്ന്നു പോയീട്ടില്ല ഞാൻ..
പിന്നെ ഒരു കാര്യംകൂടി, ഈ വീട്ടിൽ എന്റെ ദേവൂനെ ഞാൻ നിർത്തുന്നില്ല. കാരണം, ഞാൻ മടങ്ങി പോയാൽ അവൾ ബന്ധുക്കളുടെയും നാട്ടുക്കാരുടെയും കുത്തുവാക്കും പരിഹാസവും കേൾക്കാൻ തുടങ്ങും.
അ സമയത്ത് എന്റെ കുട്ടിയെ ചേർത്തുനിർത്തി അവളുടെ കൂടെ ഈ വീട്ടിലെ എല്ലാവരും ഉണ്ടെന്നു പറഞ്ഞ് ആശ്വസിപ്പിക്കാനോ,
ഒരു ആ ത്മ ഹത്യയെ പറ്റി ചിന്തിക്കാൻ ഇടകൊടുക്കാതെ അവൾക്ക് ധൈര്യമായി കൂടെ നിൽക്കാനോ നിങ്ങളാരും ഉണ്ടാവില്ലെന്നു എനിക്ക് മനസിലായി..
ഭർത്താവിന്റെ വീട്ടിലെ കൊ ല പാ തകത്തിൽ നിന്ന് രക്ഷിച്ച് സ്വന്തം വീട്ടിലെക്ക് കൊണ്ടു വന്നിട്ട് അവസാനം എന്റെ പെങ്ങളെ ആ ത്മ ഹ ത്യയിലേക്ക് എത്തിക്കാൻ എനിക്ക് പറ്റില്ല..”
തനിക്കു പറ്റിയ തെറ്റിൽ ഖേദിച്ച് ആ അച്ഛൻ തളർച്ചയോടെ സോഫയിൽ ചെന്നിരുന്നൂ..
പക്ഷേ അത്രയും പറഞ്ഞിട്ടും തന്റെ സംസാരം നിർത്താനുള്ള ഉദ്ധ്യേശം സൂരജിനില്ലായിരുന്നൂ.. അയാൾ തുടർന്നൂ,
“എന്റെ കമ്പനിയിൽ തന്നെ ദേവൂന് ജോലി ശരിയാക്കി കൊടുക്കാനാണ് ഇനിയെന്റെ ശ്രമം.. വിവാഹം കഴിഞ്ഞ് ഞങ്ങൾ മടങ്ങി പോകുമ്പോൾ ദേവുവും കൂടെയുണ്ടാകും.
ബന്ധം വേർപെടുത്തിയ മകൾ ബാധ്യതയോ, അഭിമാനകുറവോ അല്ലെന്ന് നിങ്ങൾ മനസിലാക്കുന്ന കാലം വരെ നിങ്ങളുടെ കൺവെട്ടത്തേക്കു എന്റെ കുട്ടിയെ ഞാൻ കൊണ്ടു വരില്ല..”
കുറച്ചു മാസങ്ങൾക്കു ശേഷം സൂരജിന്റെ വിവാഹം ഭംഗിയായി തന്നെ നടന്നൂ.. ഇതിനോടകം തന്നെ ദേവു ബന്ധംപിരിഞ്ഞ് നിൽക്കാണെന്ന വിവരം ബന്ധുകൾക്ക് ലഭിച്ചിരുന്നൂ..
അതു മനസിലാക്കിയ സൂരജ് അവർക്കിടയിലേക്ക് വിടാതെ തന്റെ പെങ്ങളെ വിവാഹനാളിലും തനിക്കൊപ്പം തന്നെ ചേർത്തുനിർത്തി..
ഇന്ന് ഏട്ടനും ഏട്ടത്തിക്കും ഒപ്പം ദേവു ജോലികിട്ടി ദുബായിലേക്ക് പോകുകയാണ്..
വിവാഹം കഴിഞ്ഞ് പടിയിറങ്ങി പോകുന്ന അന്ന് അലമാരയ്ക്കുള്ളിൽ വെച്ചു പൂട്ടിയ തന്റെ സർട്ടീഫിക്കറ്റുകൾ അടങ്ങിയ ബാഗ് നെഞ്ചോട് ചേർത്തു അവൾ എയർപോർട്ടിലെ കസേരയിൽ ഫ്ലെറ്റിനായി കാത്തിരുന്നൂ..
തന്റെ പ്രതീക്ഷകളുടെയും അതിജീവനത്തിന്റെയും ആകാശത്തേക്ക് ഉയർന്നു പറക്കാൻ വേണ്ടിയുള്ള കാത്തിരുപ്പ്…
മാധ്യമങ്ങളിൽ ഇന്നു നിറയുന്ന വാർത്തകൾ കാണുമ്പോൾ സ്വന്തം നിലപാടുകളോടെ ഉറച്ച തീരുമാനവുമായി മുന്നോട്ട് ജീവിക്കാനുള്ള ധൈര്യമില്ലാത്ത പെൺകുട്ടികൾക്ക് കൂടെ നിൽക്കാൻ ഇത്തരം ആങ്ങളമാരോ നല്ലൊരു സുഹൃത്തോ ഉണ്ടായിരുന്നെങ്കിലെന്നു ആഗ്രഹിക്കുന്നു..