രണ്ട് മുറിയിലാണ് ഞങ്ങളുടെ കിടപ്പ് തന്നെ ” ഭാര്യയെക്കുറിച്ച് ഫേസ്ബുക്ക് സുഹൃത്തും

കള്ള കാമുകി

(രചന: പുത്തന്‍വീട്ടില്‍ ഹരി)

 

“ആ ജ ന്തൂനെ കാണുന്നത് തന്നെ എനിക്കറപ്പാണ് , രണ്ട് മുറിയിലാണ് ഞങ്ങളുടെ കിടപ്പ് തന്നെ ”

 

ഭാര്യയെക്കുറിച്ച് ഫേസ്ബുക്ക് സുഹൃത്തും അവിവാഹിതയുമായ വന്ദനയ്ക്ക് മെസ്സേജ് ടൈപ്പ് ചെയ്യുമ്പോള്‍ തന്നെ ദേവന്റെയുള്ളില്‍ വെറുപ്പ് നിറഞ്ഞിരുന്നു.

 

” നിരഞ്ജനയുടെയും ദേവേട്ടന്റെയും വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷത്തോളമാകുന്നുവെന്നല്ലേ പറഞ്ഞത് ? എന്നിട്ടും ഇങ്ങനെയൊക്കെ പറയുന്നത് എനിക്കങ്ങോട്ട് വിശ്വസിക്കാനാകുന്നില്ല കേട്ടോ ”

 

നിമിഷങ്ങള്‍ക്കകം വന്ദനയുടെ മറുപടി ദേവന്റെ മെസ്സഞ്ചറിലേക്കെത്തി.

 

” താന്‍ വേണമെങ്കില്‍ വിശ്വസിച്ചാല്‍ മതി , ഞാന്‍ പോകുന്നു ”

 

വന്ദനയുടെ മറുപടി ഇഷ്ടപ്പെടാതെ അത്രയും പറഞ്ഞിട്ട് ദേവന്‍ നെറ്റ് ഓഫ് ചെയ്ത് ഫോണ്‍ പോക്കറ്റിലിട്ടുകൊണ്ട് വണ്ടിയുടെ താക്കോലുമെടുത്ത് തന്റെ റൂമില്‍ നിന്നും പുറത്തിറങ്ങി ഹാളിലെത്തി.

 

” ഈ നേരത്ത് നീയിതെങ്ങോട്ടാ ദേവാ ? ഇന്നും പതിവ് പോലെ കുടിച്ചോണ്ട് വരാനാണെങ്കില്‍ വാതില്‍ തുറന്ന് തരാന്‍ വേറെ ആളെ നോക്കണം ”

 

രാത്രി എട്ടരമണിയായെന്ന് ക്ലോക്കില്‍ നോക്കി മനസ്സിലാക്കിക്കൊണ്ട് ദേവന്റെയമ്മ ജാനകി ദേവന്റയരികിലെത്തിയിട്ട് നീരസത്തോടെ പറഞ്ഞു .

 

” അല്ലെങ്കിലും ഞാനിപ്പോള്‍ വന്നാലെന്താണ് വന്നില്ലെങ്കിലെന്താണ് ? ആങ്ങളേടെ മോളുണ്ടല്ലോ അമ്മയ്ക്ക് കൂട്ടിന് ” ജാനകിയെ നോക്കി പുച്ഛത്തോടെ പറഞ്ഞിട്ട് ദേവന്‍ വാതില്‍ തുറന്ന് പുറത്തേക്ക് പോയി.

 

ദേവന്‍ പറഞ്ഞ വാചകം കേട്ടുകൊണ്ട് തൊട്ടടുത്ത മുറിയുടെ വാതിലിന്റെ മറവില്‍ നിന്ന നിരഞ്ജന തലയുള്ളിലേക്ക് വലിക്കുന്നത് ജാനകി കണ്ടു.

 

“മോളിതൊന്നും കാര്യമാക്കണ്ട , അവന്‍ ഇണങ്ങാനിത്തിരി പാടാണ് ” നിരഞ്ജനയോട് എന്ത് പറയണമെന്നറിയാതെ ജാനകി കുഴങ്ങി.

 

ജാനകിയുടെ ഏക ആങ്ങളയായ മാധവന്റെ മകളാണ് നിരഞ്ജന. മുംബൈയില്‍ സ്ഥിരതാമസ്സമാക്കിയ മാധവനെയും കുടുംബത്തെയും ദേവനും ജാനകിയുമൊക്കെ ചുരുക്കം ചില അവസരങ്ങളിലേ കണ്ടിട്ടുള്ളൂ.

 

ദേവന്റെ അച്ഛന്‍ മരിച്ചതറിഞ്ഞിട്ടും നാട്ടിലേക്കെത്താതിരുന്ന മാധവനോടും കുടുംബത്തോടും ദേവന് തീരെ മമതയില്ലായിരുന്നു.

 

അച്ഛന്‍ മരിച്ചിട്ട് പതിനാല് വര്‍ഷങ്ങള്‍ക്കിപ്പുറം അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ദേവന്‍ നിരഞ്ജനയെ വിവാഹം ചെയ്യുന്നത്.

 

ക്യാന്‍സര്‍ രോഗിയായിരുന്ന മാധവന്‍ മനപ്പൂര്‍വ്വമായിരുന്നു ജാനകിയുടെ കുടുംബവുമായി ബന്ധം പുലര്‍ത്താതിരുന്നതെന്ന് മാധവന്റെ മരണത്തോടെ തിരിച്ചറിഞ്ഞ ജാനകി

 

ജീവിതം വഴിമുട്ടി നിന്ന മാധവന്റെ കുടുംബത്തെ സഹായിക്കണമെന്ന ചിന്തയോടെ അയാളുടെ രണ്ട് പെണ്‍മക്കളില്‍ മൂത്തയാളായ നിരഞ്ജനയെ തന്റെ മകനെക്കൊണ്ട് നിര്‍ബന്ധപൂര്‍വ്വം വിവാഹം കഴിപ്പിച്ചതാണ്.

 

” ഏട്ടന് എന്നോട് ഇത്രയധികം വെറുപ്പായിരുന്നെങ്കില്‍ എന്തിനാണമ്മേ ഏട്ടന്‌റെ തലയില്‍ എന്നെ കെട്ടി വെച്ചത്”

 

ഹൃദയം നുറുങ്ങുന്ന വേദനയോടെ നിരഞ്ജന ജാനകിയെ നോക്കി.

 

“ന്റെ ദേവീ , മോളിതെന്തൊക്കെയാ പറയുന്നത് ? ഇങ്ങ് വാ അമ്മ പറയട്ടെ ” നിരഞ്ജനയെ ചേര്‍ത്ത് പിടിച്ചുകൊണ്ട് ജാനകി കട്ടിലിലേക്കിരുന്നു.

 

” മോളേ അമ്മയ്ക്കൊരബദ്ധം മാത്രമേ ജീവിതത്തില്‍ പറ്റിയിട്ടുള്ളൂ , അത് മോളുടെ കാര്യത്തിലാണ്..,

 

ദേവന്‍ എന്റെ മോനാണെന്നത് ശരിയാണ് , ഞാനെന്ത് പറഞ്ഞാലും അനുസരിച്ച് ശീലിച്ചവനുമാണ് , പക്ഷേ ഇപ്പോള്‍ കണ്ടില്ലേ എന്റെ വാക്ക് പോലും അപ്രസക്തമാണ് ”

 

ജാനകി വിഷമത്തോടെ മനസ്സ് തുറക്കാന്‍ ആരംഭിച്ചു.

 

” അമ്മയോടുള്ള ദേഷ്യത്തിന്റെ കാരണവും ഞാനല്ലേ അമ്മേ ? എല്ലാമെനിക്കറിയാം ” നിരഞ്ജനയുടെ കണ്ണുകളില്‍ നീര്‍മുത്തുകള്‍ ഉരുണ്ട് കൂടി.

 

” അവനെന്നോടുള്ള ദേഷ്യത്തിന്റെ പ്രധാന കാരണം നീയല്ല മോളേ ,

 

അവന് വേറൊരു പെണ്ണിനെ ഇഷ്ടമായിരുന്നുവെന്ന് നിങ്ങളുടെ കല്യാണം കഴിഞ്ഞതിന് ശേഷം അവന്റെ കൂട്ടുകാരന്‍ പറഞ്ഞാണ് ഞാനറിഞ്ഞത് , ദേവന്‍ കെട്ടിയതിന്റെ വാശിക്ക് ആ പെണ്ണും പെട്ടെന്ന് കെട്ടി , അതിന്റെ ദേഷ്യമാണ് ദേവന്‍ നമ്മളോട് തീര്‍ക്കുന്നത് ”

 

ജാനകി താല്പര്യമില്ലാത്ത മട്ടില്‍ പറഞ്ഞു.

 

” എനിക്ക് വല്ലാതെ തലവേദനിക്കുന്നു , ഞാനൊന്ന് കിടന്നോട്ടെ അമ്മേ ” നിരഞ്ജന നെറ്റിയില്‍ വിരലുകളുപയോഗിച്ച് തലോടിക്കൊണ്ട് ജാനകിയെ നോക്കി .

 

തനിച്ചിരിക്കാനാണ് നിരഞ്ജന ആഗ്രഹിക്കുന്നതെന്ന് മനസ്സിലാക്കിയ ജാനകി വാത്സല്യത്തോടെ നിരഞ്ജനയെ ചേര്‍ത്ത് പിടിച്ചതിന് ശേഷം മുറി വിട്ട് പുറത്തിറങ്ങി .

 

ബാ റിലിരുന്ന് രണ്ടാമത്തെ പെഗ്ഗും കഴിച്ച് ഭക്ഷണത്തിനായി കാത്തിരുന്ന ദേവന്റെ ഫോണ്‍ ശബ്ദിച്ചു. പരിചയമില്ലാത്ത നമ്പരായതിനാല്‍ കട്ട് ചെയ്തിട്ട് ദേവന്‍ ഫോണ്‍ പോക്കറ്റിലിട്ടു.

 

രണ്ട് മിനുട്ട് കഴിഞ്ഞപ്പോള്‍ വീണ്ടും ഫോണ്‍ ശബ്ദിച്ചു.

 

” ഹലോ ആരാ ഇത് ” ആരോടെന്നില്ലാതെ ദേഷ്യം കാണിച്ചുകൊണ്ട് കോളെടുത്ത ദേവന്‍ തിരക്കി .

 

” എന്താ മാഷേ ഭയങ്കര ചൂടിലാണല്ലോ ” മറുവശത്ത് നിന്നും ഒരു പെണ്ണിന്റെ കിളിനാദം പോലെയുള്ള ശബ്ദം ദേവന്റെ ചെവിയിലെത്തി.

 

” ഞാന്‍ ചൂടിലോ തണുപ്പിലോ ആകും , അത് ചോദിക്കാന്‍ നീയാരാ ? ചൊറിയാന്‍ നില്കാതെ ഫോണ്‍ വെച്ചിട്ട് പോകാന്‍ നോക്ക് ”

 

അടുത്ത പെഗ്ഗ് ഗ്ലാസ്സിലേക്ക് പകരുന്നതിനിടയില്‍ ദേവന്‍ ഈര്‍ഷ്യയോടെ പറഞ്ഞു.

 

” ദേവേട്ടന്‍ കുടിച്ചിട്ടുണ്ടോ ? അല്ല ഞാനാരാണെന്ന് മനസ്സിലായോ ദേവേട്ടന് ”

 

മറുവശത്ത് നിന്നും സംശയത്തിന്റെ ധ്വനിയോടെയുള്ള ചോദ്യം ദേവന്റെ ചെവിയിലെത്തി .

 

” വന്ദന ? വന്ദനയാണോ ഈ സംസാരിക്കുന്നത് ”

 

ദേവേട്ടനെന്ന വിളിയില്‍ സംശയം തോന്നിയ ദേവന്‍ വിശ്വസിക്കാനാകാത്ത മട്ടില്‍ ചോദിച്ചു.

 

” വന്ദന തന്നെയാണ് , എന്നോട് പിണങ്ങി ഓണ്‍ലൈനില്‍ നിന്നും പോയതല്ലേ ? അതുകൊണ്ട് ഫേസ്ബുക്കില്‍ നിന്നും നമ്പര്‍ തപ്പിയെടുത്ത് വിളിച്ചതാണ് , അത് പോട്ടെ ദേവേട്ടന്‍ കുടിച്ചിട്ടുണ്ടോ ”

 

പതിഞ്ഞ ശബ്ദത്തില്‍ വന്ദന തിരക്കി .

 

“ഞാന്‍ ബാ റിലാണ് , നിന്നോട് പലതവണ പറഞ്ഞിട്ടുള്ളതല്ലേ അവളെക്കുറിച്ച് ഒന്നും ചോദിക്കരുതെന്ന് , എന്നാലും ദിവസവും ആ വിഷയം തന്നെ കൊണ്ട് വന്ന് എന്നെ ചൊടിപ്പിക്കും ”

 

മ ദ്യം സിപ്പ് ചെയ്തുകൊണ്ട് ദേവന്‍ പറഞ്ഞു.

 

“എനിക്ക് തോന്നി , ആ കാരണവും മനസ്സില്‍ പേറിയല്ലേ ബാ റില്‍ പോയത് ? ഇനി ഞാനക്കാര്യം പറയുകയേ ഇല്ല , പോരേ , പക്ഷേ പകരം ദേവേട്ടനിനി കുടിക്കില്ലെന്ന് വാക്ക് തരണം ” വന്ദന കൊഞ്ചലോടെ പറഞ്ഞു .

 

” ആര് നീയോ ? എന്നും ഇത് തന്നെയല്ലേ നീ പറയുന്നത് , എന്നിട്ട് സംഭവിക്കുന്നതോ , ഒരു ദിവസമെങ്കിലും നീ വാക്ക് പാലിക്കാന്‍ നോക്ക് , അതിന് ശേഷം മതി എന്നെ ഉപദേശിക്കുന്നത് ” വന്ദനയുടെ പറച്ചില്‍ കേട്ട് ദേവന്‍ ചിരിയോടെ പറഞ്ഞു.

 

“കിണിക്കണ്ട , ഞാന്‍ കാര്യായി തന്നെ പറഞ്ഞതാ , ദേവേട്ടനെ ഇറിറ്റേറ്റ് ചെയ്യുന്ന ഒന്നും തന്നെ ഞാനിനി പറയില്ല” വന്ദന പരിഭവം ഭാവിച്ചുകൊണ്ട് പറഞ്ഞു .

 

” എങ്കില്‍ നിനക്ക് കൊള്ളാം , ആട്ടെ ഇന്നെന്തുപറ്റി നമ്പരൊക്കെ തപ്പിയെടുത്ത് വിളിക്കാനായിട്ട് ? രണ്ട് മാസത്തോളമായുള്ള ചാറ്റിംഗിനിടയില്‍ ഇന്നുവരെ എന്റെ നമ്പര്‍ ചോദിക്കാനോ ഒരു മെസ്സഞ്ചര്‍ കോള് പോലും ചെയ്യാനോ നില്കാത്ത ആളാണല്ലോ ”

 

വന്ദനയുടെ കോളില്‍ പൂര്‍ണ്ണമായും വിശ്വാസം വരാത്ത അവസ്ഥയിലായിരുന്ന ദേവന്‍ ചോദിച്ചു .

 

” വിരഹമെഴുതി എല്ലാവരുടെയും മനംകവര്‍ന്ന പ്രിയപ്പെട്ട എഴുത്തുകാരനല്ലേ ? കൂടുതലടുത്തറിയാനാണ് ചങ്ങാത്തം കൂടിയത് , അടുത്തറിഞ്ഞപ്പോള്‍ പിരിയാനും പറ്റാത്തത് പോലെയായി ..

 

പിന്നെ പരിചയപ്പെട്ട് ഒരാഴ്ച കഴിഞ്ഞപ്പോഴേ വിളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു , അങ്ങനെ നമ്പര്‍ സേവ് ചെയ്തതാണ് , ദേവേട്ടന്‍ എന്ത് കരുതുമെന്നാലോചിച്ച് വിളിച്ചില്ലെന്ന് മാത്രം ”

 

വന്ദന ശബ്ദത്തില്‍ പ്രണയത്തിന്റെ ലാഞ്ചനയുണ്ടായിരുന്നു.

 

” വിരഹത്തെക്കുറിച്ച് മനപ്പൂര്‍വ്വം എഴുതിയതല്ലല്ലോ , എല്ലാവരെയും പോലെ ലൈക്കിനും കമന്റിനും വേണ്ടി എന്തെങ്കിലും എഴുതിയതല്ല ഞാന്‍ , ഞാനെഴുതിയ ഓരോ വാക്കും അനുഭവമായിരുന്നു ”

 

അത് പറയുമ്പോള്‍ ദേവന്റെ ശബ്ദത്തില്‍ പതര്‍ച്ച പ്രകടമായി.

 

” ന്റെ പൊന്ന് ദേവേട്ടാ ആ കാര്യം വിടൂ , ഇനി ദേവേട്ടന് കൂട്ടായി ഈ വന്ദനയുണ്ടാകും മരണം വരെ , ദേവേട്ടന്‍ വേഗം ബാറില്‍ നിന്നിറങ്ങി വീട്ടില്‍ പോയിട്ട് വിളിക്ക് ”

 

കൂടുതല്‍ സംസാരിച്ചാല്‍ വീണ്ടും ദേവന്‍ ഓര്‍മ്മകളിലേക്ക് മടങ്ങുമെന്നും മദ്യത്തിന്റെ ഉപയോഗം കൂടുമെന്നും മനസ്സിലാക്കിയ വന്ദന കൂടുതലൊന്നും പറയാതെ കോള്‍ കട്ട് ചെയ്തു.

 

എന്താണെങ്കിലും അധികനേരം ബാറില്‍ ചിലവിടാതെ ദേവന്‍ പുറത്തിറങ്ങി .

 

തുടര്‍ന്നുള്ള ദിവസങ്ങളില്‍ ദേവനും വന്ദനയും തമ്മിലുള്ള അടുപ്പത്തിന്റെ ആഴം കൂടി വന്നു.

 

പരസ്പരം ഒരു ഫോട്ടോ പോലും കൈമാറാതെ സംഭാഷണങ്ങളില്‍ അശ്ലീലം കലര്‍ത്താതെ ഇരുവരും ഗാഢമായി പ്രണയിച്ച് തുടങ്ങിയിരുന്നു.

 

വന്ദനയുമായി അടുത്തതോടെ ദേവന്‍ മദ്യപാനം പൂര്‍ണ്ണമായി നിറുത്തുകയും ജാനകിയോട് മയപ്പെട്ട് വരികയും ചെയ്തു. പക്ഷേ നിരഞ്ജന ആ വീട്ടില്‍ കൂടുതലായി ഒറ്റപ്പെട്ടു.

 

” ദേവേട്ടന് എന്നെ കാണണമെന്ന് ഇതുവരെ തോന്നിയിട്ടില്ലേ ” ഒരു ദിവസം രാത്രി പത്തുമണി കഴിഞ്ഞപ്പോഴുള്ള കോളില്‍ വന്ദന തിരക്കി .

 

” കാണണമെന്നും ഒരുപാട് സംസാരിക്കണമെന്നും ഞാനീ ലോകത്തില്‍ വെച്ചേറ്റവും കൂടുതല്‍ ആഗ്രഹിച്ചിട്ടുള്ളത് നിന്നെയാണ് ”

 

ഒന്നുമാലോചിക്കാതെ ദേവന്‍ മറുപടി പറഞ്ഞു.

 

” എനിക്കും ദേവേട്ടനോട് നേരിട്ട് സംസാരിക്കാനുള്ള ആഗ്രഹം അതിന്റെ സകല അതിര്‍വരമ്പുകളും ഭേദിച്ച് പുറത്ത് വന്നിരിക്കുന്നു , ഇന്ന് അതിനുള്ള അവസരവും വന്നിട്ടുണ്ട് ”

 

വന്ദനയുടെ ശബ്ദത്തില്‍ പതിവില്ലാത്ത പ്രണയം തുളുമ്പി നിന്നു.

 

” എന്തവസരം ? എന്താണ് നീ ഉദ്ധേശിച്ചത് ” വന്ദന പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലാകാതെ ദേവന്‍ സംശയത്തോടെ തിരക്കി .

 

” ഇന്നെന്റെ വീട്ടില്‍ ആരുമില്ല ദേവേട്ടാ , ദേവേട്ടന്‌റെ സ്ഥലത്ത് നിന്നും മുപ്പത് കിലോമീറ്റര്‍ ദൂരമേയുള്ളൂ എന്റെ വീട്ടിലേക്ക് , ദേവേട്ടന്‍ വരുന്നുണ്ടോ ”

 

വന്ദനയുടെ ശബ്ദത്തില്‍ നാണം പൂത്തുലഞ്ഞ് നിന്നു.

 

” എന്റെ വീട്ടില്‍ നിന്നും മുപ്പത് കിലോമീറ്ററോ ? ഇതുവരെ നീയെന്താ എന്നോടിക്കാര്യം പറയാത്തത് ? ഞാനെപ്പോള്‍ എത്തിയെന്ന് ചോദിച്ചാല്‍ മതി ”

 

ദേവന്‍ വല്ലാത്തൊരനുഭൂതിയിലേക്കെത്തിയിരുന്നു.

 

“ദേവേട്ടന്‍ ഇതുവരെ എന്നോട് ചോദിച്ചിട്ടില്ലല്ലോ, അതുകൊണ്ടാണ് ഞാന്‍ പറയാത്തതും , ദേവേട്ടനൊരു കാര്യം ചെയ്യ് ഠൗണിലെത്തിയിട്ട് എന്നെ വിളിക്ക് , ഞാന്‍ ലോക്കേഷന്‍ സെന്റ് ചെയ്ത് തരാം ”

 

കൂടുതലൊന്നും പറയാന്‍ നില്കാതെ വന്ദന കോള്‍ കട്ട് ചെയ്തു.

 

പതിവില്ലാത്ത വിധം ഒരുക്കങ്ങള്‍ നടത്തിയിട്ട് ദേവന്‍ വീട്ടിലാരുടെയും ശ്രദ്ധയില്‍പ്പെടാതെ കാറുമെടുത്ത് ഠൗണിലേക്ക് തിരിച്ചു.

 

ടൗണിലെത്തി വന്ദനയെ വിളിച്ചപ്പോള്‍ വന്ദന തന്റെ വീട്ടിലേക്കുള്ള ലൊക്കേഷന്‍ ദേവനയച്ച് കൊടുത്തു.

 

വന്ദനയുടെ വീട്ടിലേക്കുള്ള യാത്രമധ്യേ ദേവന്റെ കണ്ണുകള്‍ ചുറ്റിലുള്ളതൊന്നിനെയും ശ്രദ്ധിക്കാതെ ഫോണിലെ ലോക്കേഷനില്‍ മാത്രം പരതി നടന്നു .

 

കാര്‍ വലിയൊരു വീടിന്റെ ഗേറ്റിന് മുന്നില്‍ നിന്നു. പ്രണയം നിറഞ്ഞ മനസ്സോടെ ദേവന്‍ പുറത്തേക്കിറങ്ങി.

 

അപ്പോഴായിരുന്നു ദേവന്‍ ശരിക്കും ആ വീടിനെ ശ്രദ്ധിച്ചത്. അവന്റെ മനസ്സിലൂടെ ഒരു മിന്നല്‍പ്പിണര്‍ പാഞ്ഞുപോയി. അത് ദേവന്റെ വീട് തന്നെയായിരുന്നു..

 

” ഇവള്‍ എന്റെ വീടിന്റെ ലൊക്കേഷനെന്തിനയച്ചു ” ഒന്നും മനസ്സിലാകാതെ ദേവന്‍ വാതിലിന്റെ മുന്നിലെത്തി.

 

ദേവന്റെ മുന്നില്‍ വാതില്‍ മലര്‍ക്കെ തുറന്നു. വാതിലിനപ്പുറം ചുവന്ന സാരിയുമുടുത്ത് സിന്ദൂരവുമണിഞ്ഞ് അതീവ സുന്ദരിയായി നിരഞ്ജനയുണ്ടായിരുന്നു.

 

നിരഞ്ജനയെ ആദ്യമായി കാണുന്ന മട്ടില്‍ ഒന്ന് നോക്കിയിട്ട് ദേവന്‍ അവളെ മറികടന്ന് അകത്തേക്ക് കയറിയിട്ട് ചുറ്റും നോക്കി.

 

” ദേവേട്ടനവിടൊന്നും നോക്കണ്ട , ദേവേട്ടന്‍ അന്വേഷിക്കുന്ന ആള് ഞാന്‍ തന്നെയാണ് ” ദേവന്റെ പരവേശം കണ്ട് ചിരിയടക്കിക്കൊണ്ട് നിരഞ്ജന പറഞ്ഞു.

 

” ഓഹോ , നീ മനപ്പൂര്‍വ്വമെന്നെ ചതിക്കുകയായിരുന്നല്ലേ ? ഇത്രയ്ക്ക് തരംതാണവളായിപ്പോയല്ലോടീ നീ ” ദേവന്‍ ആകെ തകര്‍ന്ന മട്ടില്‍ പറഞ്ഞുകൊണ്ട് മുകളിലത്തെ നിലയിലുള്ള തന്റെ മുറിയിലേക്ക് പോകാനായി സ്റ്റെപ്പുകള്‍ കയറിത്തുടങ്ങി.

 

” ദേവേട്ടനൊന്ന് നിന്നേ ” നിരഞ്ജന താഴെ നിന്നും ഗൗരവത്തില്‍ പറഞ്ഞു .

 

അറിയാതെ ദേവന്‍ സ്റ്റെപ്പില്‍ തന്നെ തറഞ്ഞ് നിന്നുപോയി.

 

” ദേവേട്ടന്റെ യഥാര്‍ത്ഥ പ്രശ്നം മനസ്സിലാക്കാനായിരുന്നു ഞാനിങ്ങനൊരു വേഷംകെട്ടിയത് ,

 

ഞാനൊരു കാര്യം ചോദിച്ചോട്ടെ ?

 

ഇത്രയും നാളായിട്ടും ദേവേട്ടന്‍ ഇപ്പോഴല്ലതെ എന്നോടൊരു വാക്ക് സംസാരിച്ചിട്ടുണ്ടോ ? എന്തിനേറെ എന്നെയൊന്ന് നേരെ നോക്കിയിട്ടുണ്ടോ ?

 

ഞാന്‍ ദേവേട്ടന്റെ ഭാര്യയാണെന്ന് പോലും ദേവേട്ടന്‍ മറന്ന് പോയി..

 

ഇതുവരെയും നേരില്‍ കാണാത്തൊരുവള്‍ക്ക് നല്കിയ പകുതി സ്നേഹമെങ്കിലും ദേവേട്ടനെനിക്ക് തന്നിരുന്നെങ്കില്‍ ?

 

ഇന്നിതിന് ഞാനൊരവസാനം കുറിച്ചത് തന്നെ വന്ദനയെന്ന കഥാപാത്രം ഞാനാണെങ്കില്‍ പോലും ദേവേട്ടന്റെ സ്നേഹം ആ കഥാപാത്രത്തിന് മാത്രമായി പോകുന്നത് തീരെ സഹിക്കാതെയാണ് , ദേവേട്ടന്‍ എന്നെ സ്നേഹിച്ചില്ലെങ്കിലും എനിക്ക് ദേവേട്ടന്‍ ജീവനാണ് , എന്റെ കഴുത്തില്‍ താലികെട്ടിയ എന്റെ ഭര്‍ത്താവാണ് ”

 

അത്രയും പറഞ്ഞിട്ട് കണ്ണും തുടച്ച് നിരഞ്ജന തന്റെ മുറിയിലേക്ക് നടന്നു .

 

ഏകദേശം ഒരു മണിക്കൂറ് കഴിഞ്ഞപ്പോള്‍ നിരഞ്ജനയുടെ മെസ്സഞ്ചറില്‍ മെസ്സേജ് വന്നതിന്റെ ശബ്ദം മുഴങ്ങി. നിരഞ്ജന മെസ്സഞ്ചര്‍ ഓപ്പണ്‍ ചെയ്ത് നോക്കി.

 

” നിന്നെ മനസ്സിലാക്കാന്‍ എനിക്ക് ഫേസ്ബുക്കിന്റെ സഹായം വേണ്ടി വന്നുവെന്നാലോചിക്കുമ്പോള്‍ എന്നോട് തന്നെ പുച്ഛം തോന്നിപ്പോവുകയാണ് , ക്ഷമിക്കാനാവുമെങ്കില്‍ ക്ഷമിക്കണമെന്നോട്.. പിന്നെ , വാതിലടച്ചിട്ടില്ല കയറി പോരുന്നുണ്ടെങ്കില്‍ വന്നേക്ക് ”

 

ദേവന്റെ മെസ്സേജായിരുന്നു അത്. മെസ്സേജ് കണ്ട് നിരഞ്ജനയ്ക്ക് ചിരിപൊട്ടി.

 

” ഇത്രയൊക്കെയായിട്ടും ഈഗോയ്ക്കൊരു കുറവില്ലല്ലേ ? എനിക്കങ്ങോട്ട് കയറി വരാന്‍ സൗകര്യമില്ല , വേണമെങ്കില്‍ ഇങ്ങോട്ടിറങ്ങി വാ ”

 

നിരഞ്ജന മറുപടിയയച്ചു.

 

” ആഹാ അത്രയ്ക്കഹങ്കാരമായോ ”

 

ഉടന്‍ തന്നെ ദേവന്റെ മറുപടിയെത്തി.

 

നിമിഷങ്ങള്‍ക്കകം നിരഞ്ജനയുടെ വാതിലില്‍ മുട്ടുകേട്ടു. വാതില്‍ തുറന്നിട്ട് മുന്നില്‍ നില്കുന്ന ദേവനെ നോക്കി കൊഞ്ഞനം കുത്തിക്കൊണ്ട് നിരഞ്ജന തിരിഞ്ഞ് നടന്നു.

 

” നില്കെടീ അവിടെ ”

 

പറഞ്ഞ് തീര്‍ന്നതും നിരഞ്ജനയുടെ പുറകിലെത്തി അവളെ കൈകളില്‍ കോരിയെടുത്തുകൊണ്ട് ദേവന്‍ വാതിലിന് പുറത്തേക്ക് നടന്നു .

 

സ്റ്റെപ്പ് കയറിപ്പോകുന്ന അവരുടെയാ മനോഹരമായ കാഴ്ച കണ്ട് പാതി ചാരിയ വാതിനപ്പുറം നിന്ന് ജാനകി മുകളിലേക്ക് നോക്കി ഈശ്വരന് നന്ദി പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *