(രചന: രജിത ജയൻ)
” അമ്മുവിനിത്തിരി എടുത്തു ചാട്ടം കൂടുതലാണെന്ന് ജയന് ആദ്യമേ തന്നെ അറിയാലോ..? ഒന്നൂല്ലെങ്കിലും തന്റെ മുറപ്പെണ്ണല്ലേ അവൾ ..?
“കുട്ടിക്കാലം മുതൽ തന്നെ നീ കാണുന്നതല്ലേ അവളുടെ വാശിയും ദേഷ്യവുമെല്ലാം ..
“നിങ്ങളുടെ കല്യാണം കഴിഞ്ഞിട്ടിപ്പോ കൊല്ലം പതിനാറു കഴിഞ്ഞു ,തന്നോളം പോന്നൊരു മകനും ഉണ്ട്.
പക്ഷെ പറഞ്ഞിട്ടെന്താ കാര്യം അവളുടെ സ്വഭാവത്തിന് മാത്രം യാതൊരു മാറ്റവുമില്ല ..
”ഞാൻ പറഞ്ഞു വരുന്നതെന്താണെന്ന് മനസ്സിലാവുന്നുണ്ടോ ജയന് ..?
സംസാരത്തിനിടയിൽ വല്യച്ഛൻ പെട്ടന്നു ചോദിച്ചതും ജയൻ വല്യച്ഛനെ ഒന്ന് നോക്കി, അവന്റെ മുഖത്തപ്പോഴൊരു വിഷാദം കലർന്നചെറു പുഞ്ചിരി ഉണ്ടായിരുന്നു .
അവൻ തനിയ്ക്കു ചുറ്റും കൂടിയിരിക്കുന്നവരെ ഒന്ന് നോക്കി ..
നിരണത്ത് കുടുംബത്തിലെ അതായത് തന്റെ തറവാട്ടിലെ ഒരു വിധം കുടുംബക്കാരെല്ലാം ഇന്നിവിടെ വന്നിട്ടുണ്ട് .
“താനും അമ്മുവും തമ്മിലെന്തോ സൗന്ദര്യ പിണക്കമുണ്ടായീന്നോ, അമ്മു തന്നോട് പിണങ്ങി ഏതോ കൂട്ടുകാരിയുടെ വീട്ടിലേക്ക് പോയീന്നുള്ളതെല്ലാം ഞങ്ങളറിഞ്ഞത് നാലു ദിവസം മുമ്പാണ് ..
‘നിങ്ങളീ ടൗണിൽ താമസിക്കുന്നതു കൊണ്ട് നിങ്ങളുടെ കാര്യങ്ങളെല്ലാം ഞങ്ങൾ അറിയണത് വളരെ വൈകിയാണല്ലോ ..?
“ഇതു തന്നെ തന്റെ മകൻ ഋഷി വിളിച്ചു പറഞ്ഞതുകൊണ്ടാണ് ഞങ്ങളറിഞ്ഞത് .
“അമ്മയും അച്ഛനും തമ്മിലുള്ള വഴക്കിനിടയിൽ എപ്പഴും പെട്ടു പോണത് പാവം കുട്ടികളാണല്ലോ ..?
വല്യച്ഛൻ പറഞ്ഞതു കേട്ടതും ജയന് പെട്ടന്നൊരു നിശ്ചലാവസ്ഥ തോന്നി ,ഹൃദയമൊരുമാത്ര നിശ്ചലമായതു പോലെ..
തന്റെ മോൻ ഋഷി ഇവരെ വിളിച്ചെന്നോ ..?
ജയൻ അവിശ്വാസത്തോടെ വല്യച്ഛനെ നോക്കി.
അവന്റെ കണ്ണുകൾ ഹാളിനടുത്തുള്ള മുറിയുടെ നേരെ ചെന്നു, അവിടെ ഋഷി ഈ സംസാരമെല്ലാം കേട്ടുകൊണ്ട് അവന്റെ അച്ഛന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.
‘താനിങ്ങനെ അന്തം വിട്ടു നോക്കുവൊന്നും വേണ്ട ടോ ,തന്റെ മകൻ തന്നെയാണ് ഞങ്ങളെ വിളിച്ചു പറഞ്ഞത്.
“പത്തു പതിനഞ്ചു വയസ്സുള്ള ഒരാൺകുട്ടി അല്ലേ അവൻ..?
‘ നിങ്ങൾക്കിടയിലെ വഴക്ക് അവനെ ബാധിയ്ക്കരുത്, അവന് അവന്റെ അമ്മയെ കാണാതിരിക്കാൻ പറ്റുന്നുണ്ടാവില്ല അതോണ്ടാണല്ലോ ഞങ്ങളെ വിളിച്ചു കാര്യങ്ങൾ പറഞ്ഞതും ഇതിനൊരു തീരുമാനമെടുക്കണമെന്ന് ഞങ്ങളോടവൻ ആവശ്യപ്പെട്ടതും..
കൂട്ടത്തിലെ അമ്മായി പറഞ്ഞു നിർത്തിയതും ജയന്റെ കണ്ണുകളിൽ കണ്ണുനീർ തുള്ളികൾ ഉരുണ്ടുകൂടിയവ പുറത്തേക്ക് പോവാനുള്ള പാതകൾ തിരഞ്ഞു..
തന്റെ മോൻ.. അവൻ.. അവനിങ്ങനെ … തന്നോടവനൊന്നും പറഞ്ഞില്ലല്ലോ.. ?
അമ്മു തന്നോട് പിണങ്ങി വീടുവിട്ടു പോയിട്ട് മാസമൊന്നു കഴിഞ്ഞു .ഇതിനിടയിൽ ഒരിക്കലും അവൻ തന്നോട് അമ്മയെ മിസ് ചെയ്യുന്നുവെന്ന് പറഞ്ഞിട്ടില്ല ,എന്തിന് അമ്മ എന്തിനാ പിണങ്ങി പോയത് എന്നു പോലും തന്നോട് ചോദിച്ചിട്ടില്ല ..
പലപ്പോഴും തങ്ങൾക്കിടയിലെ വഴക്കുകളുടെ മൂകസാക്ഷി അവനായിരുന്നു ..പക്ഷെ ഇത്തവണ തങ്ങൾക്കിടയിലെ വഴക്കിനിടയിൽ അവനുണ്ടായിരുന്നില്ല ,തങ്ങളെന്തിനാണ് തെറ്റിയത് എന്നു പോലും അവനറിയില്ല…
“ജയാ.. മോനെ ..
ചിന്തകൾ മനസ്സിനെ കീഴടക്കാൻ തുടങ്ങിയതും ഒരുവിളിക്കേട്ട് ജയൻ നോക്കി.. ചെറിയ അമ്മാവനാണ് അമ്മുവിന്റെ അച്ഛൻ ,അരികിൽ തന്നെ അമ്മയും ഉണ്ട്
“മോനെ, അവളുടെ ഓരോ വാശിയും കുട്ടിക്കാലം മുതൽ നടത്തി കൊടുത്തവനാണ് നീ അതു കൊണ്ടാണവൾക്ക് ഇത്രയും വാശി .
“നിങ്ങൾക്കിടയിലെ പ്രശ്നം എന്താണെന്ന് ഞങ്ങൾ ചോദിക്കുന്നില്ല കാരണം ഞങ്ങൾക്കറിയാലോ അതെന്താണെന്ന് ..
അമ്മാവൻ പറഞ്ഞതും ജയൻ ഞെട്ടി അമ്മാവനെയും ചുറ്റുമുള്ളവരെയും നോക്കി
“താനിങ്ങനെ പകച്ചു നോക്കണ്ട, തന്നെ കാണാൻ വരുന്നതിനു മുമ്പ് തന്നെ ഞങ്ങൾ അമ്മുവിനെ പോയ് കണ്ടിരുന്നു അവൾ പറഞ്ഞു കാര്യങ്ങളെല്ലാം, തനിക്കിപ്പോൾ അവളെ ശ്രദ്ധിക്കാൻ തീരെ സമയം ഇല്ലെന്നും എപ്പോഴും ജോലി ജോലി എന്നു പറഞ്ഞുള്ള ഓട്ടമാണെന്നും അതിനെ ചൊല്ലി നിങ്ങൾ വഴക്കിട്ടതുമെല്ലാം ..
അമ്മാവന്റെ വാക്കുകൾ കേട്ടതും അവനിലൊരു പുച്ഛ ചിരി വിരിഞ്ഞു .
നീറുന്ന കണ്ണുകളിൽ നീർകണങ്ങൾ നിറയുന്നതറിഞ്ഞവൻ തന്റെ കണ്ണുകൾ ഇറുക്കിയടച്ചു ,അന്നേരം ആ കണ്ണുകളിൽ തെളിഞ്ഞു വന്നത് രണ്ട് നഗ്ന രൂപങ്ങളായിരുന്നു ….
ഇണ നാഗങ്ങളെ പോലെ കൈകാലുകൾ കോർത്ത് വരിഞ്ഞ് പുണർന്ന് പരസ്പരം ആഞ്ഞു ചുംബിക്കുന്ന രണ്ട് നഗ്നരൂപങ്ങൾ….
അതിലൊന്നിന് അവന്റെ ഭാര്യ അമ്മുവിന്റെ രൂപവും മറ്റൊന്നിന് അവന്റെ പ്രിയ കൂട്ടുകാരൻ ടോണിയുടെയും മുഖമായിരുന്നു…
കുഞ്ഞുനാൾ മുതലേ തന്റെ പ്രാണനായിരുന്നു അമ്മു, വാശിയും ദേഷ്യവും അല്പം കൂടുതൽ ആണെങ്കിലും തന്റെ ജീവനായവൾ .
തന്റെ ഭാര്യയായ് തനിക്ക് അമ്മുവിനെ മതിയെന്ന് പറഞ്ഞപ്പോൾ തറവാട്ടിലെല്ലാവർക്കും പൂർണ്ണ സമ്മതമായിരുന്നു .
സ്വർഗ്ഗതുല്യമായിരുന്നു വിവാഹ ശേഷമുള്ള ജീവിതം.
പ്രണയിച്ചും സ്നേഹം പങ്കിട്ടും ഒരാൾ മറ്റൊരാളിൽ അടിമയായ് തീർന്ന അവസ്ഥ ,അതിന്റെ മധുരം കൂട്ടാനെന്നവണ്ണം ഋഷിമോൻ കൂടെ തങ്ങൾക്കിടയിലേക്ക് വന്നു ..
തന്റെ തിരക്കുകളും ജോലിയും വർദ്ധിച്ചപ്പോഴാണ് നാട്ടിൽ നിന്ന് ഇവിടെ ടൗണിലേക്ക് തങ്ങൾ താമസം മാറിയത് ,..
ശാന്തമായൊഴുകിയിരുന്ന തന്റെ ജീവിതത്തിന്റെ നാശം തുടങ്ങിയതും അന്നു മുതലല്ലേ ..?
അവനോർത്തു
ഗ്രാമത്തിന്റെ നൈർമല്യത്തിൽ വളർന്നവൾക്ക് നഗരമൊരു കൗതുകം ആയിരുന്നു ആദ്യമെല്ലാം ,പിന്നീടത് ആവേശമായ്…
ഓരോ ദിനങ്ങളും അവളിലോരോ മാറ്റങ്ങൾ.. പലതും തനിക്ക് അംഗീകരിക്കാൻ കൂടി പറ്റാത്തവ ..
അവളുടെ ഇഷ്ട്ടങ്ങൾക്ക് താൻ നോ പറയുന്നതവളിലെ ദേഷ്യത്തെയും വാശിയേയും കൂട്ടി, വഴക്കുകൾ ജീവിതത്തിൽ പതിവായ് ..പിണക്കങ്ങളും പിരിഞ്ഞിരിക്കലും ശീലമായ് .
ഇതിനെല്ലാം ഇടയിൽ ഋഷി ഒറ്റപ്പെടുന്നു എന്നു മനസ്സിലായ് തുടങ്ങിയതു മുതൽ താൻ പരമാവധി എല്ലാറ്റിൽ നിന്നും മാറി നിന്നു തുടങ്ങി ,പലതും കണ്ടില്ല കേട്ടില്ല എന്നു നടിച്ച് ജീവിതം തിരികെ പിടിക്കാനുള്ള ശ്രമം തുടങ്ങി
ഋഷിയ്ക്കൊപ്പം കൂടുതൽ സമയം ചിലവഴിച്ചു തുടങ്ങി അവന്റെ അമ്മയുടെ വാശിയും ദേഷ്യവും എടുത്തു ചാട്ടവും അവനെയോ അവന്റെ പഠനത്തെയോ ,ഭാവിയേയോ ഒരിക്കലും ബാധിക്കരുതെന്ന് തനിക്ക് നിർബന്ധം ഉണ്ടായിരുന്നു..
പക്ഷെ എന്നിട്ടും… എന്നിട്ടും തന്റെ നിയന്ത്രണം വിട്ടു പോയ് ….
അന്ന് ഒട്ടും നിനച്ചിരിക്കാത്തൊരു നേരത്ത് വീട്ടിൽ വന്നപ്പോ കണ്ട കാഴ്ച അമ്മുവും തന്റെ കൂട്ടുകാരൻ ടോണിയും തമ്മിലുള്ള അവിശുദ്ധ ബന്ധം ..
തന്റെ വീട്ടിൽ തന്റെ ബെഡ് റൂമിൽ മറ്റൊരുവനുമായ് ശരീരം പങ്കുവെയ്ക്കുന്ന ഭാര്യയെ കണ്ട ഒരുവന്റെ അവസ്ഥ ..
ക്ഷമിക്കാൻ കഴിഞ്ഞില്ല പൊറുക്കാനും, തല്ലി അവളെ ആദ്യമായ് ..
അവൾക്കിഷ്ട്ടം അവനൊപ്പമുള്ള ജീവിതമാണെന്നും തന്നെ വെറുപ്പും അറപ്പും ആണെന്ന് പറഞ്ഞവനൊപ്പം ഇറങ്ങി പോയപ്പോൾ തടഞ്ഞില്ല ,എന്തിനു തടയണം…?
ആരോടും ഒന്നും പറഞ്ഞില്ല അമ്മ തെറ്റി വീടുവിട്ടു പോയെന്ന് പറഞ്ഞപ്പോൾ പോലും ഋഷിയൊന്നും പറയുകയോ ചോദിക്കുകയോ ചെയ്തില്ല തന്നോട്.
ചോദിച്ചിരുന്നെങ്കിൽ താനവനോടെന്ത് പറയും..? അവന്റെ അമ്മ ഒരു ചീത്ത സ്ത്രീയാണെന്നോ ..? അതോ അച്ഛനിൽ നിന്ന് ലഭിക്കുന്ന ശരീരസുഖങ്ങൾ പോരാഞ്ഞ് അച്ഛന്റെ കൂട്ടുകാരനൊപ്പം പോയവളാണ് അവന്റെ അമ്മ എന്നോ ..?
വയ്യ ഒന്നും ആരോടും പറയാൻ വയ്യ .. നീറി നീറി കഴിയുകയായിരുന്നു ഇതുവരെ…
പക്ഷെ ഋഷിക്ക് അവന്റെ അമ്മയെ വേണമായിരുന്നെന്ന് താൻ അറിഞ്ഞില്ല .. താനായിട്ട് തങ്ങൾക്കിടയിലെ പിണക്കം തീർക്കില്ല എന്നറിഞ്ഞിട്ടാവും അവൻ രണ്ടു വീട്ടുകാരെയും വിളിച്ചു വരുത്തിയിട്ടുണ്ടാവുക .. എല്ലാവരും പറഞ്ഞാൽ താനവന്റെ അമ്മയെ തിരികെ വിളിക്കുമെന്ന വൻകരുതി കാണും ..
വയ്യല്ലോ മോനെ… എല്ലാംപൊറുക്കാം ക്ഷമിക്കാം പക്ഷെ നിന്റെ അമ്മ ഇത്തവണ ചെയ്ത തെറ്റ് അച്ഛന് ക്ഷമിക്കാൻ പറ്റില്ലെടാ … ഋഷിയെ നോക്കി നിൽക്കേ മൗനമായ് ജയന്റെ മനസ്സ് തേങ്ങി
” മോനെ ജയാ …
അമ്മാവന്റെ വിളിയിൽ അവൻ ചിന്തകളിൽ നിന്നുണർന്ന് അവരെ നോക്കി
“ഇത്തവണയും കൂടി നീ അവളോട് ക്ഷമിക്കണം .. കാര്യങ്ങളെല്ലാം അവളെ പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ട് ഞങ്ങൾ..
“ഇനിയൊരിക്കൽ കൂടി നിന്നോട് പിണങ്ങീല്ലാന്നവൾ ഞങ്ങളോട് പറഞ്ഞിട്ടുണ്ട് .. നീയവളോട് ക്ഷമിക്കണം നിന്റെ മോനെ ഓർത്തിട്ടെങ്കിലും
അമ്മാവൻ പറഞ്ഞതു കേട്ട് ഒരു മാത്ര ഇനിയെന്ത് എന്ന വൻ ചിന്തിയ്ക്കും നേരമാണ് കയ്യിലൊരു ബാഗുമായ് മുറ്റത്തു നിന്ന് കയറി വരുന്ന അമ്മുവിനെ അവൻ കണ്ടത് …
ഒരു ഭാര്യയെന്ന നിലയിൽ ചെയ്യാൻ പാടില്ലാത്ത ഏറ്റവും വലിയ തെറ്റു തന്നോട് ചെയ്തിട്ടും അതിന്റെ യാതൊരു കുറ്റബോധവും ഇല്ലാതെ തനിക്ക് നേരെ നടന്നു വരുന്നവളെ കണ്ടതും ജയന്റെ നിയന്ത്രണങ്ങൾ നഷ്ട്ടമായ് … ഇനിയും മറച്ചു വെയ്ക്കുന്നതിൽ അർത്ഥമില്ല എല്ലാവരും എല്ലാം അറിയണം …ജയൻ മുറ്റത്തേക്ക് നടന്നതും അവനെ മറികടന്ന് ഋഷി അമ്മുവിനരുകിലെത്തി ..
“അമ്മ ഒന്നവിടെ നിൽക്കൂ …,,,,
ഉമ്മറപടിയിലേക്ക് കയറാനൊരുങ്ങിയ അമ്മുവിനെ നോക്കി ഉറക്കെ ഋഷി പറഞ്ഞതും ജയനവനെ നോക്കി
“എന്തു ധൈര്യത്തിലാണ് അമ്മ വീണ്ടും ഈ വീട്ടിലേക്ക് വന്നത് ..?
കടുപ്പമേറിയ ശബ്ദത്തിൽ ഋഷി ചോദിച്ചതും അമ്മുവിനും ജയനുമൊപ്പം അവിടെ കൂടിയവരെല്ലാം ഞെട്ടി
“മോനെ .. ഋഷി നീയെന്താടാ …
അമ്മാവനെന്തോ ചോദിക്കാൻ ഒരുങ്ങിയതും ഋഷി അതു തടഞ്ഞു
“ഞാനെന്റെ അമ്മയോടാണ് മുത്തശ്ശ സംസാരിക്കുന്നത് ,കുറച്ചു കഴിഞ്ഞ് നിങ്ങൾക്കെല്ലാം അവസരം തരാം..
അതു പറയുമ്പോൾ ഋഷിയുടെ മുഖത്തു കണ്ട ഭാവം ജയനെ പോലെ തന്നെ അവിടെ കൂടിയിരുന്ന എല്ലാവരെയും ഭയപ്പെടുത്തി ആ മുഖം അതൊരു പതിനഞ്ചു വയസ്സുകാരന്റെ മുഖമായിരുന്നില്ല അപ്പോൾ …
“അമ്മ ഞാൻ ചോദിച്ചത് കേട്ടില്ലേ..? അമ്മ വീണ്ടും ഈ വീട്ടിലേക്ക് വന്നത് എന്തു ധൈര്യത്തിലാണെന്ന് ..?
ഋഷിയുടെ ചോദ്യം കേട്ടതും അമ്മു പകച്ചവനെ നോക്കി
“മോനെ ഋഷീ കുട്ടാ.. ഞാൻ .. ഞാനിനി ഇവിടെ വഴക്കുകൾ …. വഴക്കുകൾ ഒന്നും ഉണ്ടാക്കില്ലെടാ ..
“അമ്മ ഇനി എങ്ങനെ വേണമെങ്കിലും ജീവിച്ചോളൂ വഴക്ക് ഉണ്ടാക്കിയോ ഉണ്ടാക്കാതെയോ അതൊന്നും എനിക്ക് പ്രശ്നമില്ല എന്റെ അച്ഛനും ..
“പക്ഷെ അമ്മ ഇവിടെ ഈ വീട്ടിൽ വേണ്ട എനിക്കോ അച്ഛനോ അമ്മയെ വേണ്ട ഇനി…
“അച്ഛന് വേണോ അച്ഛാ ഇനിയീ അമ്മയെ …?
ജയനു നേരെ തിരിഞ്ഞ് ഋഷി ചോദിക്കുന്നതു കേട്ടതും എല്ലാവരും ഞെട്ടി .ജയൻ പകച്ചവനെ നോക്കി
“മോനെ നീയെന്തൊക്കയാ ഈ പറയുന്നത് ഞാൻ നിന്റെ അമ്മ അല്ലേടാ..?
അമ്മു കണ്ണീരോടെ അവനോട് ചോദിച്ചതും അവന്റെ മുഖത്തൊരു പരിഹാസചിരി വിരിഞ്ഞു
അവിടെ നടക്കുന്നതെന്താണെന്നറിയാതെ പകച്ച് മറ്റുള്ളവരവരെ പകച്ചു നോക്കി
“അതെ അമ്മയാണ് എനിക്ക് ,
പക്ഷെ എന്റെ അച്ഛന് നിങ്ങളാരാണ്..?
ഭാര്യയായിരിക്കും അല്ലേ ..?
അപ്പോ ടോണി അങ്കിൾ അമ്മയ്ക്ക് ആരാന്ന് ..?
ഋഷിയിൽ നിന്നാ ചോദ്യങ്ങൾ വന്നതും അമ്മുവും ജയനും ശ്വാസം കഴിക്കാൻ പോലും മറന്നു പോയ്
”പറ അമ്മേ.. അമ്മയ്ക്ക് ആരാന്ന് ടോണി അങ്കിൾ ..?
” കഴിഞ്ഞ ഒരു മാസത്തിലേറെയായ് അമ്മയ്ക്ക് ഒപ്പം താമസിച്ചിരുന്ന ടോണി അങ്കിൾ ,അതുമല്ലെങ്കിൽ ഞാനും അച്ഛനും ഇല്ലാത്തപ്പോൾ ഇവിടെ ഈ വീട്ടിൽ വന്നമ്മയോടൊപ്പം അമ്മയുടെ കൂടെ ഉണ്ടായിരുന്ന ടോണി അയാൾ ആരാ അമ്മയുടെ ..?
മകന്റെ ചോദ്യങ്ങൾക്ക് മുമ്പിൽ മരവിച്ചൊരു പാവ പോലെ അമ്മു നിൽക്കുമ്പോൾ ജയന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു .
താൻ പറയാതെ തന്നെ തന്റെ മോൻ എല്ലാം അറിഞ്ഞിരിക്കുന്നു എങ്ങനെ ..?
അവനും തന്നെ പോലെ ആ കാഴ്ച കണ്ടുവോ ..?
ആ ഓർമ്മ വന്നതും അവൻ ഞെട്ടി ഋഷിയെ നോക്കി
“മുത്തശ്ശാ ഞാൻ നിങ്ങളെ വിളിച്ചു വരുത്തിയത് അമ്മയെ ഞങ്ങളുടെ അരികിലേക്ക് തിരികെ കൊണ്ടു തരാൻ അല്ല, നിങ്ങൾ അമ്മയെ തിരികെ കൊണ്ടുപോവാനാണ്..
“അമ്മ ചെയ്ത എല്ലാ തെറ്റും ക്ഷമിച്ച പോലെ എന്റെ അച്ഛൻ ഒരു പക്ഷെ അമ്മയുടെ ഈ തെറ്റും ക്ഷമിക്കുമായിരിക്കും എനിക്കു വേണ്ടി ..
“പക്ഷെ എനിക്ക് ഈ അമ്മ വേണ്ട, സ്വന്തം ഭർത്താവിനെയും മകനെയും മറന്ന് മറ്റൊരാളെ അമ്മ കിടപ്പുമുറിയിലേക്ക് വിളിച്ചു കയറ്റിയത് കണ്ട മകനാണ് ഞാൻ .. കണ്ട കാഴ്ചകൾ സ്വന്തം അച്ഛനോട് പറയാൻ കഴിയാതെ ഉരുകിയ മകനാണ് ഞാൻ .. ആ എനിക്ക് ഇത്രയും നശിച്ചാരു അമ്മ വേണ്ട
“മോനെ.. നീ പറയുന്നതെല്ലാം ..,,
പറഞ്ഞത് പൂർത്തിയാക്കാൻ കഴിയാതെ മുത്തശ്ശനാ ഉമ്മറത്ത് തളർന്ന് ഇരുന്നപ്പോൾ കേട്ട കാര്യങ്ങളുടെ പകപ്പിലായിരുന്നു മറ്റുള്ളവർ
“ഞാൻ പറഞ്ഞതെല്ലാം സത്യമാണ് അച്ഛനെ വേണ്ടന്നു വെച്ച് മറ്റൊരാൾക്കൊപ്പം പോയതാണിവർ ,ഇനിയിവരെ ഞങ്ങൾക്കും വേണ്ട ..
“പതിനഞ്ചു വയസ്സുണ്ട് എനിക്ക്..
കാര്യങ്ങൾ തിരിച്ചറിയാനുള്ള പ്രായവും പക്വതയും ഉണ്ട്, ഞാനുണ്ടാവും എന്റെ അച്ഛനൊപ്പം എന്നും അതുമതി ..
“തന്നിഷ്ട്ടത്തിന് ജീവിയ്ക്കുന്ന ഇവരെക്കാൾ എനിക്കിഷ്ടം എന്റെ അമ്മ മരിച്ചു പോയ് എന്നു ചിന്തിക്കുന്നതാ..
“എല്ലാം സ്വന്തം നെഞ്ചിലിട്ട് നീറ്റി സ്വയം വേദനിക്കുന്ന എന്റെ അച്ഛന്റെ നെഞ്ചോരം ചേർന്ന് ഞാനുണ്ടാവും അച്ഛാ അച്ഛനെന്നും എന്നു പറയുന്നതാ …
പറഞ്ഞു കൊണ്ടവൻ ജയന്റെ നെഞ്ചോരം ചേർന്നാ കവിളിലൊരു മുത്തം കൊടുത്തതും ഒരു പൊട്ടി കരച്ചിലോടെ ജയനവനെ തന്നോടു ചേർത്തു പുണർന്നു
“ഇതുമതി.. ഇതു മതി തനിക്കെന്നും .. ഇതിനെക്കാൾ വലിയ സന്തോഷം തനിക്കിനിയില്ല അതുപോലെ തന്നെ ഇതിനെക്കാൾ വലിയൊരു ശിക്ഷയും അമ്മുവിനിനി കിട്ടാനുമില്ല .സ്വന്തം മകൻ തന്നെ തള്ളി പറയുക സ്വന്തം അമ്മയൊരു വ്യഭിചാരിണിയെക്കാൾ താഴെയാണെന്ന് ഒരു മകൻ തിരിച്ചറിയുന്നതിനെക്കാൾ ഇനിയെന്ത് ശിക്ഷയാണവൾക്ക് കിട്ടേണ്ടത് ..ജയനോർത്തു
സ്വന്തം അച്ഛനെ നെഞ്ചോടു ചേർത്ത് ഋഷി വീടിനകത്തേക്ക് നടന്നതും ഇനിയീ ജന്മം തനിക്കൊരു മോക്ഷമില്ല തന്റെ തെറ്റിൽ നിന്നെന്ന തിരിച്ചറിവിൽ അമ്മുമുറ്റത്തു തന്നെ തറഞ്ഞു നിൽപ്പുണ്ടായിരുന്നു….