കവലച്ചട്ടമ്പി
(രചന: ആദർശ്_മോഹനൻ)
ആ വായ് നോക്കി സുനിടെ കാര്യമാണോ നീ പറഞ്ഞു വരുന്നത് അമ്മൂ, എങ്കിലെനിക്ക് കേൾക്കാൻ തീരെ താൽപര്യമില്ല ,ആ തിരു മോന്ത കാണണത് തന്നെയെനിക്ക് അലർജിയാണ്
ഞാനത് പറഞ്ഞു തീർന്നതും സുനിയേട്ടൻ പിറകിലൂടെ നടന്നു വന്നതുo ഒരു സെക്കന്റ് വ്യത്യാസത്തിലാണ് ,ഞാൻ പറഞ്ഞത് കേട്ടിട്ടും കേൾക്കാത്ത ഭാവം നടിച്ച് ചുണ്ടിലെരിയുന്ന സിഗററ്റുമായി സുനിയേട്ടൻ നടന്നു പോകുന്നത് കണ്ടു, ആകപ്പാടെ ചമ്മിച്ചാറായി നിൽക്കുമ്പോഴും കൂട്ടം കൂടി നിന്നെന്നെ കളിയാക്കിച്ചിരിക്കുന്നുണ്ടായിരുന്നു എന്റെ കൂട്ടുകാരികൾ
എങ്കിലും അതൊന്നും എന്നെ ബാധിച്ചിട്ടില്ലെന്ന മട്ടിൽ തന്നെ ഞാൻ നിന്നു മുഖത്താ ചമ്മലിന്റെ ഭാവം നിരത്താതെ ഞാനവരോടായ് ചോദിച്ചു
“ഇതിലിത്ര കിണിക്കാനെന്തിരിക്കുന്നു ,എനിക്ക് പറയാനുള്ളത് ഞാൻ ആരുടെ മുഖത്ത് നോക്കി വേണേലും പറയും അക്കാര്യത്തിൽ എനിക്കൊരാളെം പേടിയില്ല” എന്ന്
പറഞ്ഞു തീർന്നപ്പോൾ അമ്മുവിന്റെ മുഖം കടന്നല് കുത്തിയ പോലായി മാറിയിരുന്നു എന്തു കണ്ടിട്ടാണ് ഈ പെണ്ണ് അയാളുടെ വീരകഥ പാടി നടക്കുന്നത് എന്ന് എനിക്കപ്പോഴും മനസ്സിലായിരുന്നില്ല
ഉത്സവത്തിന് അടിച്ച് പൂക്കുറ്റിയായി നടുറോട്ടില് വാളു വെച്ചു കിടക്കണ ചേല് കണ്ടിട്ടാണോ?
ഇനി കവലയിൽ കയ്യും കണക്കുമില്ലാതെ തല്ലുകൂടി തല പൊളിച്ചു നടക്കണ കണ്ടിട്ടാണോ?
അതോ അമ്പലമുറ്റത്ത് അണിഞ്ഞൊരുങ്ങിക്കെട്ടി തൊഴാനെത്തുന്ന തരുണീമണികളുടെ എണ്ണം പിടിക്കാനായിട്ട് ആൽത്തറയിൽ വായും പൊളിച്ചിരിക്കണ കണ്ടിട്ടാണോ?
എത്രയൊക്കെപ്പാടിപ്പുകഴ്ത്തിയാലും സദാ സമയവും ചുണ്ടിലൊരു സിഗററ്റും പൊകച്ച് നടക്കണ അങ്ങേർടെ മോന്ത കാണുമ്പോ തന്നെയെനിക്ക് ഓക്കാനം വരും.
എന്നും ബസ് സ്റ്റോപ്പില് നിക്കുമ്പോ കാണാം വായും പൊളിച്ച് ഞങ്ങടെ മുൻപിക്കോടെ മുണ്ടും മടക്കി ഞെളിഞ്ഞ് പോകണത്
അതിനു ചുക്കാൻ പിടിക്കാനായി കുറച്ച് കാന്താരിക്കൂട്ടങ്ങളും ചിലപ്പോഴൊക്കെ അവരയാളോട് കുശലാന്വേഷണം നടത്തണത് കാണുമ്പോഴൊക്കെ എന്റെ കാലിന്റെ പെരുവിരലു തൊട്ട് ഉച്ചിവരെ കലിപ്പ് കത്തിക്കയറാറുണ്ട്
ഞാനാഭാഗത്തേക്ക് നോക്കുക പോലും ചെയ്യാറില്ല, എന്നെയയാളൊന്നും ചെയ്തിട്ടല്ല. എന്തോ ഇഷ്ട്ടമല്ല എനിക്കയാളെ, ഒരുമാതിരി മുടിയും വളർത്തി കാതില് കറുത്ത കമ്മലണിഞ്ഞ മെലിഞ്ഞ രൂപം, കണ്ടാൽ തനി ഗുണ്ടാ ലുക്ക്, സംസാരിക്കുമ്പോ ആ ശബ്ദത്തിന്റെ കനം കേക്കുമ്പോ തന്നെ പേടിയാകും
അതുകൊണ്ടുതന്നെ എതിർദിശയിലൂടെ അങ്ങേരെങ്ങാനും നടന്നു വരണത് കണ്ടാൽ ഒന്നുകിൽ ഞാൻ തിരിഞ്ഞു നടക്കും അല്ലെങ്കിൽ വല്ല കുറ്റിക്കാടിനോട് ഓരം ചേർന്നാ മുഖത്തേക്ക് കൂടെ നോക്കാതെ നടന്നകലും
പോക്രിത്തരങ്ങള് ഒരുപാട് ചെയ്തു കൂട്ടിയിട്ടും നാട്ടുകാരിൽ ഭൂരിഭാഗം പേർക്കും അങ്ങേരോട് തോന്നിയിട്ടുള്ള മതിപ്പിൽ എനിക്കൊരുപാട് സംശയങ്ങൾ തോന്നിയിട്ടുണ്ട്
എന്തുകൊണ്ട്? എന്നയാ ചോദ്യം എന്നെ വല്ലാതെ അലട്ടിയിട്ടുണ്ട് ,ആ ഒരു ചോദ്യത്തിനെനിക്ക് ഉത്തരം കിട്ടാനായിട്ട് അധികകാലമൊന്നും കാത്തിരിക്കേണ്ടി വന്നിരുന്നില്ല
എന്തെന്നാൽ
അന്ന് കോളേജിലെ ആനിവേഴ്സറി പ്രോഗ്രാം കഴിഞ്ഞ് ഒറ്റയ്ക്ക് ആയിരുന്നു ഞാൻ കോളേജിൽ നിന്നും മടങ്ങിയത് , നേരം വല്ലാതെ ഇരുട്ടിയിരുന്നു
ബസ് സ്റ്റോപ്പിൽ വന്നിറങ്ങിയപ്പോൾ തന്നെ സമയം ഒമ്പതു മണിയായി, വിജനമൂകമായ ആ സ്ഥലത്തു കൂടെ നടന്നു നീങ്ങുമ്പോഴും മനസ്സിലാകെ കുത്തിനിറഞ്ഞു നിന്നത് ഭീതിയുടെ കനലുകൾ മാത്രമായിരുന്നു
അര കിലോമീറ്ററോളം ആ ഉൾക്കാടുവഴി നടക്കാനുണ്ട് വീട്ടിലേക്ക്, ചുറ്റും ഒന്നു കണ്ണോടിച്ചപ്പോൾ ആരുമില്ല എന്നു കണ്ടപ്പോൾ ഭയം കൂടുകയല്ല കുറയുകയായിരുന്നു സത്യം പറഞ്ഞാൽ
നടന്നു നീങ്ങുമ്പോൾ കാറ്റിലൂടെ ആടിയുലഞ്ഞു വന്ന സിഗററ്റിന്റെ പുകയുടെ ഗന്ധം എന്നെ വല്ലാതെ അസ്വസ്ഥയാക്കി, വീണ്ടുമെന്റെ കണ്ണുകൾ ചുറ്റും പരതുവാൻ തുടങ്ങി
ഞാൻ ഭയന്നതു പോലെത്തന്നെ സംഭവിച്ചു , എന്റെ മുൻപിലതാ സുനിലേട്ടൻ സിഗററ്റും കത്തിച്ച് നിൽക്കുന്നു, എന്റെ നടത്തത്തിന് വേഗതയേറി വന്നു, ഒന്നും ഉരിയാടാതെ അയാളിൽ നിന്നും നടന്നകന്നപ്പോഴാണ് എന്റെ ശ്വാസമൊന്ന് നേരെ വീണതും
എങ്കിലും അയാളെന്നെ മെല്ലെ പിന്തുടരുന്നുണ്ടായിരുന്നു, തിരിഞ്ഞു നോക്കുമ്പോൾ ഇരുട്ടിലാ സിഗററ്റുംക്കുറ്റി ആടിയാടിയെന്നെ പിന്തുടരുന്നുണ്ട്, എന്നിലെ ഭയത്തിന്റെ തീവ്രത കൂടിക്കൂടി വന്നു, നടത്തത്തിന് വേഗത കൂട്ടാൻ ശ്രമിക്കുമ്പോളൊക്കെ കാലിന് തളർച്ച ബാധിച്ച പോലെ ആ കൂരിരുട്ടിലേക്ക് കണ്ണോടിക്കുമ്പോൾ എന്റെ ശിരസ്സിനാകെ കനം കൂടിയപോലെ
വീട്ടിലേക്കുള്ള ഇടവഴിയിലേക്ക് തിരിഞ്ഞപ്പോഴാണ് പെട്ടെന്നത് സംഭവിച്ചത്
ആരൊ എന്റെ കൈത്തണ്ടയിൽ പിടിച്ച് ആ കുറ്റിക്കാട്ടിലോട്ട് വലിച്ചിഴച്ച് കൊണ്ടുപോകാനായി ശ്രമിച്ചു, അയാളെ തള്ളിമാറ്റി കുതറിയോടാനുള്ളയെന്റെ ശ്രമം പാഴായിപ്പോയിരുന്നു
അയാളെന്നെ വിരിഞ്ഞുമുറുക്കിക്കൊണ്ടെന്നെ മാറിലേക്കടുപ്പിച്ചതും പിറകിൽ നിന്നൊരു കൈ മുഷ്ട്ടിയയാളുടെ മൂക്കത്തു പതിച്ചതും ഒരുമിച്ചായിരുന്നു
തിരിഞ്ഞു നോക്കാതെ തന്നെ എനിക്കറിയാമായിരുന്നു സുനിയേട്ടനായിരുന്നു അത് എന്ന്
എന്റെ കൈത്തണ്ടയിൽ വട്ടം പിടിച്ച പരുക്കൻ കൈ കൊണ്ടെന്നെ വലിച്ചു നീക്കി നിർത്തിയിട്ട് സുനിയേട്ടൻ അയാളെ കുറ്റിക്കാട്ടിൽ നിന്നും വലിച്ചു പുറത്തേക്കെടുത്ത് തലങ്ങും വിലങ്ങും പ്രഹരിക്കുന്നുണ്ടായിരുന്നു ആ മുഖത്തെ രൗദ്ര ഭാവങ്ങൾ മിന്നി മറിയുന്നതു കണ്ടിട്ടും തെല്ലു പോലും ഭയം ഉള്ളിൽ തോന്നിയിയിരുന്നില്ലെനിക്ക്
വേലി കെട്ടിയ വള്ളി കൊണ്ട് അയാളെയേട്ടൻ അടുത്തുള്ള തെങ്ങിലേക്ക് വരിഞ്ഞു കെട്ടിയിട്ട് എന്റെയുള്ളം കൈയ്യിലാ ലൂണാറിന്റെ ചെരുപ്പ് തന്നിട്ടെന്നോട് പറയുന്നുണ്ടായിരുന്നു, നിന്റെ ഉള്ളിലെ അമർഷം മൊത്തം ഈ ചെറ്റയുടെ മുഖത്ത് തീർക്കണം എന്ന്
കൈ തളരുവോളം ഞാനാ ചെരുപ്പിന്റെ അച്ച് അവന്റെ മുഖത്തടിച്ചു വച്ചപ്പോഴെക്കും ആളുകൾ ഒത്തുകൂടിയിരുന്നു, ഒപ്പം എന്റെ അച്ഛനും അമ്മയും അവിടേക്ക് എത്തിയിരുന്നു
അമ്മയെക്കണ്ടതും ഞാനോടിച്ചെന്നാ മാറിൽ വീണു കരയാൻ തുടങ്ങി, എന്റെ ഉള്ളം കയ്യിലപ്പോഴും ഞാനാ ലൂണാറിന്റെ ചെരുപ്പ് നെഞ്ചോരം ചേർത്ത് മുറുക്കിക്കൂട്ടിപ്പിടിച്ചിരുന്നു
പതിയെ സുനിയേട്ടൻ ഞങ്ങളുടെ അരികിലേക്കായ് നടന്നടുത്തു , ചെരുപ്പിനായ് എനിക്കു നേരെ കൈകൾ നീട്ടുമ്പോഴും ആ മുഖത്തെ ഗൗരവം വിട്ടൊഴിഞ്ഞിരുന്നില്ല
ചെരുപ്പ് വാങ്ങിയിട്ട് എന്റെ മുഖത്തടിച്ചോണമാണ് സുനിയേട്ടനത് പറഞ്ഞത്
” സുനി കുടിക്കും, വലിക്കും ,തല്ലുകൂടിയിട്ടും ഉണ്ടാകും, പക്ഷെ അനുവാദമില്ലാതെ ഒരു പെണ്ണിന്റെ നേരെ വിരലു പോലും അനക്കിയിട്ടില്ല, കൺമുന്നിൽ അങ്ങനെ ചെയ്യാൻ ഒരുത്തനേം സമ്മതിക്കേം ഇല്ല, ” എന്ന്
ഒരു പുസ്തകത്തിന്റെ പുറംചട്ട നോക്കി അതിന്റെ ഉള്ളടക്കത്തെ വിലയിരുത്താൻ ശ്രമിച്ച എനിക്ക് എന്നോട് തന്നെ കലിപ്പ് തോന്നിയ നിമിഷങ്ങളായിരുന്നു അത്
ആ ഡയലോഗും കഴിഞ്ഞ് എന്നെയൊന്നു തിരിഞ്ഞുകൂടെ നോക്കാതെയുള്ള ആ നടപ്പ് കണ്ടപ്പോൾ തന്നെ മനസ്സിൽ ആ മനുഷ്യനോടുള്ള ആരാധന വിരിഞ്ഞു പൂവിട്ടിരുന്നു
പിന്നീടുള്ള ദിവസങ്ങളിൽ സുനിയേട്ടനെ വല്ലാതെ ശ്രദ്ധിക്കാറുണ്ട്, ഏട്ടന്റെയാ കാവി മുണ്ട് മടക്കിയിട്ട് മീശ പിരിച്ച് മോളിൽ കേറ്റി വച്ച് മുഖത്ത് കട്ടക്കലിപ്പും ഫിറ്റ് ചെയ്ത് ആരെയും മൈൻഡ് ചെയ്യാതെയുള്ളയാ നടത്തം കാണുമ്പോൾ മനസ്സിലെ ആരാധന പതിന്മടങ്ങായി വർദ്ധിക്കാറുണ്ട്
ചിന്തകളിലും പുസ്തകങ്ങളിലും ചുവരുകളിലും എന്തിനേറെ എന്റെ സ്വപ്നങ്ങളിലും ആ ഒരു മുഖം മാത്രമായ് തെളിഞ്ഞു കാണാൻ തുടങ്ങിയപ്പോൾ ഒരു ഏറ്റുപറച്ചിലിനായി ഞാനും ഒരു തീരുമാനമെടുത്തു
അങ്ങനെ അമ്മു ഇല്ലാത്ത സമയം നോക്കി കുളക്കടവിൽ വെച്ച് ഞാനേട്ടനെ കണ്ടു, പതിവില്ലാത്തയെന്റെ ചുറ്റിക്കറങ്ങലു കണ്ടപ്പോൾ സുനിയേട്ടനെന്നെ ചോദ്യഭാവത്തിലൊന്ന് നോക്കി, എന്നിട്ട് ചുണ്ടിലെരിയുന്നയാ സിഗററ്റും കുറ്റി ദൂരേക്ക് വലിച്ചെറിഞ്ഞ് കൊണ്ടെന്നോട് ചോദിച്ചു
” മം, എന്താ കാര്യം, ഇവിടിങ്ങനെ ചുറ്റിത്തിരിയലു പതിവില്ലാത്തതാണല്ലോ” ?
” ഒന്നുമില്ല , വെറുതേ വന്നതാ, ഏട്ടനെ കാണാൻ ”
” എന്നെയോ, എന്തിന് ” ?
” അത് ………….. ”
” അത് ” ????????
” ഏട്ടന് ഈ വലിയെങ്കിലും ഒന്നു നിർത്തിക്കൂടെ ” ?
” ഹ ഹ എന്തിനാ ഇപ്പൊ നിർത്തീട്ട് ” ?
ആ ചോദ്യം കേട്ടപ്പോഴേക്കും എന്റെ ചുണ്ടിലൊരൽപ്പം നാണം ചിന്നിച്ചിതറിക്കളിക്കുന്നുണ്ടായിരുന്നു, വിവാഹാലോചനയുമായി ഏട്ടന്റെ വീട്ടിലേക്ക് എന്റെ അച്ഛനെ വിടുവാൻ വേണ്ടിയാണെന്ന എന്റെ ഉത്തരത്തിൽ ഏട്ടന്റെ നെറ്റി ചുളിയുന്നത് ഞാൻ കണ്ടു
മറുപടി തരാതെ എന്നിൽ നിന്നും ഏട്ടൻ നടന്നകലുന്നത് കണ്ടപ്പോൾ മനസ്സൊന്നു വിങ്ങി
ഓടിച്ചെന്ന് ഏട്ടന്റെ വട്ടമെത്താത്തയാ പാറക്കൈയ്യിലെന്റെ ഇരു കൈകളാൽ കൂട്ടിപ്പിടിച്ച് തടഞ്ഞു നിർത്തി ഞാൻ ചോദിച്ചു
” എന്നെ, എന്നെ ഇഷ്ട്ടമാവാത്തതു കൊണ്ടാണോ ഏട്ടാ ” ?
” ഇല്ല രേഷ്മ , എനിക്ക് നിന്നെ ആ രീതിയിൽ കാണാനാവില്ല,
കാരണം
ഈ കവലച്ചട്ടമ്പിയെ കണ്ണെറിയാറുള്ള ഒരു കള്ളക്കുറുമ്പി ഉണ്ട്, കടലോളം സ്നേഹം കണ്ണിലൊളിപ്പിച്ചു നടക്കുന്ന ഒരു കാന്താരിപ്പെണ്ണ്, ഇഷ്ട്ടമാണെനിക്കവളെ എന്നെക്കാളേറെ, അല്ല ഈ ലോകത്തുള്ള മറ്റെന്തിനേക്കാളുമേറെ
നീ പറഞ്ഞ പോലെ എല്ലാ ദുശീലങ്ങളുo ഞാൻ നിർത്തും അവൾക്ക് വേണ്ടി കൊടുത്ത വാക്ക് പാലിക്കുവാൻ വേണ്ടി, അന്നെന്റെ വലങ്കൈയിലാ കള്ളക്കുറുമ്പിയുടെ ഇടംകൈയുണ്ടാകും
ആരാണാ പെൺകുട്ടി എന്ന ചോദ്യo ഞാൻ ചോദിക്കും മുൻപേ ഏട്ടനെന്നോടത് പറഞ്ഞു
” അവളെ നീ നന്നായി അറിയും, ഒരു പക്ഷെ എന്നെക്കാളധികം, കാരണം ആ കുട്ടി നിന്റെ ആത്മാർത്ഥ സുഹൃത്ത് അമ്മുവാണ് ” എന്ന്
ഒരു പെണ്ണ് അടുത്തുവന്ന് ഇഷ്ട്ടമാണെന്നു പറഞ്ഞിട്ടും ആ ഇഷ്ട്ടത്തെ മുതലെടുക്കാതെ സ്വന്തം പ്രണയം തുറന്നു പറഞ്ഞയാ ആണത്തത്തോടെനിക്ക് ഒരിക്കൽ കൂടി ആരാധന കൂടുകയാണുണ്ടായത് പിൻതിരിഞ്ഞു നടന്നപ്പോൾ ഇമ ചിമ്മാതെ ഞാൻ അദ്ദേഹത്തെത്തന്നെ നോക്കി നിന്നു , അമ്മുവിനോടപ്പോൾ വല്ലാത്തൊരു തരം അസൂയയായിരുന്നു ഉള്ളിൽ തോന്നിയത്, അപ്പോഴും മനസ്സിൽ ഞാൻ ദേവിയോട് ഉള്ളുരുകി പ്രാർത്ഥിക്കുന്നുണ്ടായിരുന്നു, അടുത്ത ജന്മത്തിലെങ്കിലും ഈ കവലച്ചട്ടമ്പിയുടെ കള്ളക്കുറുമ്പിയായ് ജനിക്കണേ എന്ന്, കടലോളം സ്നേഹത്താലാ കവലച്ചട്ടമ്പിയെ വരിഞ്ഞുകെട്ടാനാകണമേയെന്ന്