സ്നേഹതീരം
(രചന: വസുധ മോഹൻ)
ലഞ്ച് ബ്രേക്കിന് കൈ കഴുകി തിരിച്ച് വരുമ്പോൾ അനു പതിവ് പോലെ commerce ക്ലാസിൻ്റെ ജനലരികിൽ നിന്നു. അകത്ത് ഡസ്ക്കിൽ കൊട്ടി പാടുകയാണ് കുറേ പേർ.
” ഒരു മധുര കിനാവിൻ ലഹരിയിൽ എങ്ങോ…”
പല ശബ്ദങ്ങളിൽ നിന്നും അവൾക്ക് വിഷ്ണുവിൻ്റെ ശബ്ദം വേർതിരിച്ചു കേൾക്കാൻ സാധിച്ചു. ലോങ് ബെല്ലടിച്ച് ക്ലാസ്സിൽ പോകാൻ തുനിഞ്ഞ അനുവിൻ്റെ കാലുകൾ പെട്ടെന്ന് നിശ്ചലമായി.
‘ ഹൃദയത്തിൻ തന്ത്രിയിൽ ആരോ വിരൽ തൊടും…’
വിഷ്ണു പാടുകയാണ്. . ഒറ്റനിമിഷം കൊണ്ട് അവർ പണ്ട് പങ്കു വെച്ച മനോഹര നിമിഷങ്ങൾ എല്ലാം അവൾ കൺമുന്നിൽ കണ്ടു.
അവൾക്കും അവനും അന്ന് പത്തു വയസ്സ്. അനുവിൻ്റെ വീടിന് പുറകിലെ മാഞ്ചുവട്ടിൽ രണ്ടുപേരും ചമ്രം പിണഞ്ഞിരുന്നു. അവളുടെ കൈയ്യിൽ ചിത്രഗീതങ്ങൾ.
” പുസ്തകം തരാം. പക്ഷേ നീ ആദ്യം എനിക്ക് വേണ്ടി ഒരു പാട്ട് പാടണം”
അവൻ സമ്മതിച്ചു. അവൾക്ക് വേണ്ടി അവൻ എന്തും സന്തോഷത്തോടെ ചെയ്ത് കൊടുത്തിട്ടേ ഉള്ളൂ. അവൾ മറ്റൊരു കടലാസിൽ എഴുതിയ പാട്ട് അവൻ്റെ കൈയ്യിൽ കൊടുത്തു.
” വാതിൽ പഴുതിലൂടെൻ മുന്നിൽ കുങ്കുമം…”
പാതി പാടിയപ്പോഴാണ് ശ്യാമേട്ടൻ വന്ന് കയ്യിൽ നിന്ന് പുസ്തകം തട്ടി പറിച്ച് ഓടിയത്. അമ്മായിയുടെ മകൻ. വെക്കേഷന് വീട്ടിൽ നിൽക്കാൻ വന്നതാണ്. വൈകാതെ പരാതി മുത്തശ്ശിയുടെ മുന്നിൽ എത്തി.
” നീ എന്തിനാ കുട്ടാ അവൾടെ പാട്ടു പുസ്തകം എടുത്തത്?”
” അതവൾ വിഷ്ണൂന് കൊടുക്കാൻ നോക്കിയിട്ട്”
” അവൾ അവന് വേണ്ടി വാങ്ങിയതാവും. ആ കുട്ടി നല്ലോണം പാടും. അവർ ഒരേ ക്ലാസ്സിൽ അല്ലേ?”
വിഷ്ണുവിനെ മുത്തശ്ശി പുകഴ്ത്തിയത് കേട്ട് ശ്യാമിന്റെ മുഖം വാടി. ജനലരികിൽ മറഞ്ഞു നിന്ന വിഷ്ണുവിൻ്റെ മുഖം തെളിഞ്ഞു.
” വലുതാവുമ്പോൾ ഞാൻ അല്ലേ അനൂനെ കെട്ടാ.. ഇപ്പൊ അവർ കളിക്കുമ്പോ ആ വിഷ്ണുവാ അവൾടെ ഭർത്താവ്. അവളെ കെട്ടാൻ വലുതായാലും അവൻ സമ്മതിക്കില്ലെന്ന് പറഞ്ഞു”
” ആ ചെക്കൻ കറുത്തിട്ടല്ലെ. നമ്മുടെ അനു വെളുത്തിട്ടല്ലേ. കറുത്തോർ എങ്ങനാ വെളുത്തോരെ കെട്ടാ..”
മുത്തശ്ശി പറയുന്നത് കേട്ട് കണ്ണു നിറച്ച് ഓടിപോകുന്ന വിഷ്ണുവിനെ അനു മാത്രമേ കണ്ടുള്ളൂ. അവൾക്ക് ആ പാട്ട് പുസ്തകം തിരികെ കിട്ടി. പക്ഷേ അത് കൊടുക്കാനുള്ള അവളുടെ ചങ്ങാതി നഷ്ടപ്പെട്ടു.
അന്നു മുതൽ ഇങ്ങോട്ട് അവൻ അവളോട് സംസാരിച്ചില്ല. കുറച്ച് നാൾ അവൾ അവൻ്റെ പുറകെ നടന്ന് സ്വയം മുറിവേൽപ്പിച്ചു. പിന്നെ പതിയെ അവനിൽ നിന്നും പിൻവലിഞ്ഞു. രണ്ടു വർഷം മുമ്പ് മുത്തശ്ശി മരിച്ചു. പക്ഷേ അവരുടെ വാക്കുകളുടെ മുറിവ് പേറി വിഷ്ണു അനുവിന് നിന്നും അകന്നു തന്നെ നടന്നു. എങ്കിലും അവൻ്റെ പാട്ട് കേൾക്കുമ്പോൾ അവൾ ആ പഴയ കാലം ഓർക്കും.
” എന്താ അനു.. ഇന്ന് ക്ലാസ്സിൽ ഒന്നും പോണ്ടേ?”
രമ്യ ടീച്ചർ തോളിൽ തട്ടിയപ്പോൾ അവൾ വേഗം ക്ലാസ്സിലേക്ക് നടന്നു.
” ഡാ..ആ അനു ഇന്നും നിന്നെ കണ്ണെടുക്കാതെ നോക്കി നിൽപ്പുണ്ടായിരുന്നു. ”
” അതിന്?”
” അതിന് ഒന്നുമില്ലേ? അവൾ അറിയാതെ
നീ അവളെയും നോക്കാറുണ്ടെന്ന് എനിക്കറിയാം. എന്നിട്ട് വല്യ ആള് കളിക്യാ…?”
” നിനക്ക് ഇപ്പൊ എന്താ വേണ്ടേ?”
” എനിക്കൊന്നും വേണ്ട. മിക്ക ദിവസവും ആ അനു കണ്ണു നിറച്ചാ പോകുന്നത്. നീ എന്താ അവൾടെ കാര്യത്തിൽ ഇങ്ങനെ ഒരു മുരടൻ ആയിപോയെ ?”
” നീ ഭാരിച്ച കാര്യങ്ങളൊന്നും അന്വേഷിക്കണ്ട.. ”
വിഷ്ണു അനൂപിൻ്റെ വായടപ്പിച്ചു. വൈകീട്ട് അനൂപ് അനുവിനെ കാത്തു നിന്നു.
” അനു ഒന്ന് നിന്നേ”
” മ്.. എന്താ?”
” നീയും വിഷ്ണുവും തമ്മിൽ എന്താ പ്രശ്നം?”
“കൂട്ടുകാരനോട് ചോദിച്ചില്ലേ”
” അവൻ പറഞ്ഞാൽ പിന്നെ നിൻ്റെ അടുത്ത് വര്യോ ഞാൻ”
അവൾ ഒന്നും മിണ്ടാതെ തല കുനിച്ച് നടന്നു.
” അനു…”
ആ വാക്കുകളിലെ കരുണയാണ് അവളെ നിൽക്കാൻ പ്രേരിപ്പിച്ചത്.
” ഞാൻ മാജിക്ക്കാരൻ ഒന്നും അല്ല. പറഞ്ഞാലേ മനസ്സിലാവൂ. കുറെ കാലായി നിങ്ങടെ രണ്ടിൻ്റേം ഒളിച്ചുകളി കാണുന്നു. പ്രശ്നം പറഞ്ഞാൽ പരിഹരിക്കാൻ ശ്രമിക്കാം”
അത്ര പറഞ്ഞ് അവൻ തിരിഞ്ഞ് നടക്കാൻ തുനിഞ്ഞു.
” അനൂപ്…”
അവൻ തിരിഞ്ഞ് നോക്കി.
“ഞാൻ പറയാം.”
“ഇതാണോ ഇത്ര വലിയ ആനക്കാര്യം?”
അവൾ പറഞ്ഞ് അവസാനിപ്പിച്ചപ്പോൾ അവൻ ചോദിച്ചു
” അത് നിനക്ക് തോന്നിയാൽ പോരല്ലോ. അവന് തോന്നണ്ടേ”
അനു വേദനയോടെ ചിരിച്ചു.
” താൻ വിഷമിക്കാതെടോ. നമുക്ക് നോക്കാം”
” ഞാൻ ഈ പറഞ്ഞതൊന്നും അവനോട് ചോദിക്കരുത്. ഇപ്പൊ ദൂരെ നിന്നും കാണുന്ന ഒരു സന്തോഷം ഉണ്ടല്ലോ. എനിക്ക് അത് മതി.”
പുറത്തേക്ക് പോകാൻ തുനിഞ്ഞ അനു തിരിഞ്ഞ് നിന്നു.
” അനൂപ്,.. thank you ”
” എന്തിന്?”
” ഇതിപ്പോ നിന്നോട് പറഞ്ഞപ്പോൾ മനസ്സിന് നല്ല ലഘവം തോന്നുന്നു.”
” You are always welcome”
അനൂപ് പുഞ്ചിരിച്ചു. അനുവും അതിൽ പങ്കു ചേർന്നു. അവളുടെ ചിരി കണ്ടപ്പോൾ അനൂപിന് വിഷ്ണുവിന് ദേഷ്യവും അസൂയയും തോന്നി. ഇത്ര മനോഹരമായ പുഞ്ചിരി ആണ് അവൻ മായ്ച്ചു കളയുന്നത്.
അന്നു വൈകീട്ട് അനുവിനെ വീട്ടിൽ വരവേറ്റത് മറ്റൊരു വാർത്ത ആണ്. ഡിഗ്രി ക്ക് വീട്ടിൽ നിന്ന് പഠിക്കാൻ ശ്യാം വരുന്നു. അനുവിന് എന്തെന്നറിയാത്ത പരവശം തോന്നി. കുറേ കാലമായി തമ്മിൽ കണ്ടിട്ടെങ്കിലും ‘അനു ശ്യാമിനുള്ളതാ ‘ എന്ന മുത്തശ്ശിയുടെ വാക്കുകൾ അവളെ അസ്വസ്ഥയാക്കി. മരണ ശേഷവും ചിലർ കൊടുത്ത വാക്കുകളും അവ ഏൽപിച്ച മുറിവുകളും മാഞ്ഞ് പോകുന്നില്ലല്ലോ എന്ന് അനു അസ്വസ്ഥയായി.
ശ്യാം വന്നത് ഒരു വൈകുന്നേരം ആണ്. അനു വരുമ്പോൾ സിറ്റൗട്ടിൽ വലിയ രണ്ടു ട്രാവൽ ബാഗുകളും ആയി ശ്യാം ഇരിക്കുന്നുണ്ടായിരുന്നു.
” അച്ഛനും അമ്മയും ഒരു ഫങ്ഷന് പോയതാ”
അനു വീടിൻ്റെ താക്കോൽ ചെടിച്ചട്ടിയിൽ നിന്ന് എടുത്ത് കൊണ്ട് പറഞ്ഞു.
” അറിയാം. ബട്ട് അവർ പറഞ്ഞു തന്ന സ്ഥലത്തൊന്നും വീടിൻ്റെ ചാവി കണ്ടില്ല. ”
” ഞാനാണ് പൂട്ടിയത്. എൻ്റെ സ്ഥലം ഇതാണ്”
വീട് തുറന്ന് അവൾ അകത്ത് കയറി. പുറകെ അവനും
” ബാഗ് ഒക്കെ ഗസ്റ്റ് റൂമിൽ വെച്ചോളൂ”
ശ്യാം റൂമിൽ പോയി തിരിച്ച് വന്നപ്പോൾ അനുവിനെ കണ്ടില്ല. പതിയെ അവളുടെ ബെഡ് റൂമിൻ്റെ വാതിൽ തുറന്നപ്പോൾ ബാത്ത്റൂമിൽ നിന്ന് വെള്ളം വീഴുന്ന ശബ്ദം കേട്ടു. അയാൾ പതിയെ റൂമിൽ കയറി ചുറ്റും നോക്കി. ചിട്ടയായി അടുക്കി വച്ചിരിക്കുന്ന മുറി. മേശപ്പുറത്ത് കുറെ ടെക്സ്റ്റ് ബുക്കുകൾ, ഷെൽഫിൽ കുറച്ച് നോവലുകളും അവൾക്ക് കിട്ടിയ ട്രോഫികളും. ബെഡിൽ ഒരു വലിയ ടെഡി ബെയർ. ബാത്ത്റൂമിൽ വെള്ളത്തിൻ്റെ ശബ്ദം നിലച്ചപ്പോൾ അയാൾ വേഗം മുറിയിൽ നിന്ന് പുറത്തിറങ്ങി. ശ്യാമിന് നല്ല വിശപ്പുണ്ടായിരുന്നു. ഡൈനിംഗ് ടേബിളിൽ പ്രത്യേകിച്ച് ഒന്നും ഉണ്ടായിരുന്നില്ല. ഫ്രിഡ്ജിൻ്റെ ഡോർ തുറക്കുമ്പോഴാണ് അനു വന്നത്.
“വിശക്കുന്നുണ്ടോ ?”
” മമ്.. ഞാൻ വന്നിട്ട് കുറച്ച് നേരം ആയി. ”
” മാഗി കഴിക്ക്യോ?”
” തിരിച്ച് കടിക്കാത്ത എന്തും കഴിക്കും”
അനു ഉണ്ടാക്കിയ മാഗി കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് അവളുടെ അച്ഛനും അമ്മയും വന്നത്. അവർ വന്ന ഉടനെ അനു അവളുടെ റൂമിലേക്ക് വലിഞ്ഞു. ശ്യാമിനു കോളേജ് തുടങ്ങിയത് പിന്നെയും നാലുനാൾ കഴിഞ്ഞിട്ടാണ്.
” നീ എന്തിനാ ഇത്ര നേരത്തെ പോകുന്നെ. ശ്യാം പോകുന്നത് ആ വഴിക്കല്ലേ. അവൻ ബൈക്കിൽ കൊണ്ട് പോകുമല്ലോ”
അന്ന് ക്ലാസ്സിൽ പോകാൻ ഇറങ്ങിയ അനുവിനോട് അമ്മ പറഞ്ഞു.
ശ്യാമിൻ്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു.
” വേണ്ട. ഞാൻ രമ്യയുടെ കൂടെ പോയ്ക്കോളാം”
അവൾ തിരിഞ്ഞ് പോലും നോക്കാതെ പറഞ്ഞത് കേട്ട് ശ്യാമിൻ്റെ മുഖം മങ്ങി.
ദിവസങ്ങൾ പോകും തോറും താനും അനുവും ആയുള്ള അടുപ്പം കുറയുന്നതായാണ് ശ്യാമിന് തോന്നിയത്. അന്നു വന്നപ്പോൾ സംസാരിച്ചത് കൂടാതെ അവർ തമ്മിലുള്ള സംസാരം വളരെ കുറവായിരുന്നു. ഒരു ദിവസം അനു സ്കൂൾ വിട്ട് വരുമ്പോൾ ശ്യാം വഴിയിൽ കാത്തു നിൽക്കുന്നുണ്ടായിരുന്നു. അനു അവനോട് പുഞ്ചിരിച്ചു നേരെ വീട്ടിലേക്ക് നടന്നു.
” അനു..”
അവൾ തിരിഞ്ഞ് നോക്കി.
” എനിക്ക് കുറച്ച് സംസാരിക്കാൻ ഉണ്ട്”
” അത് വീട്ടിൽ നിന്നും പറയാം ലോ”
” ഇത് പുറത്ത് വെച്ച് പറയണ്ട കാര്യമാണ്”
” പറയൂ..”
” തനിക്ക് എന്നോട് എന്തെങ്കിലും ഇഷ്ടക്കുറവുണ്ടോ?”
” ഇല്ല”
” വന്ന ദിവസം ഒഴികെ താൻ എന്നോട് സംസാരിച്ചിട്ടേ ഇല്ല”
” അതിൻ്റെ ആവശ്യം വന്നില്ല.”
” നീ ഞാൻ കെട്ടാൻ പോകുന്ന പെണ്ണാണ്”
” എന്ന് ആരു പറഞ്ഞു?”
” അത്… അത്..”
” എൻ്റെ കാര്യത്തിൽ അവസാന തീരുമാനം എൻ്റേതാണ്. ഞാൻ അങ്ങനൊരു കണ്ണിൽ ശ്യാമേട്ടനെ കണ്ടിട്ടില്ല. പിന്നെ വന്ന ദിവസം കുറച്ച് സംസാരിച്ചത് അന്ന് ഞാൻ ആതിഥേയയും ഇയാള് അതിഥിയും ആയത് കൊണ്ടാണ്.”
അവസാന തീരുമാനം പോലെ പറഞ്ഞ് അനു പോകുന്നത് ശ്യാം നോക്കി നിന്നു. മനസ്സിൽ കുഞ്ഞു നാൾ മുതലേ വളർത്തിയ മോഹം ആണ് അനു. അവൾക്കും അങ്ങനെ തന്നെ ആകും എന്നാണ് കരുതിയിരുന്നത്.ഇതിപ്പോൾ…അവളെ നഷ്ടപ്പെടുന്നത് ചിന്തിക്കാൻ കൂടി കഴിയില്ല. ഇതിൻ്റെ അനന്തര നടപടിയായി ശ്യാം ആദ്യം ചെയ്തത് അനുവിന് മറ്റൊരു പ്രണയം ഉണ്ടോ എന്ന് അന്വേഷിക്കുകയാണ്. അങ്ങനെ ഒരു സംശയ സാധ്യത പോലും അവന് കണ്ടെത്താൻ കഴിഞ്ഞില്ല. അതിൽ ശ്യാം സന്തുഷ്ടനായി. അച്ഛനോടും അമ്മയോടും അനുവിൻ്റെ കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ഒരു പ്രണയകാലം വിവാഹത്തിന് മുമ്പ് കിട്ടില്ലെങ്കിലും അതൊരു മനോഹരമായ കാത്തിരിപ്പാണെന്ന് ശ്യാമിന് തോന്നി.
ഒരു വർഷം കടന്നു പോയി. ഒരു ഞായറാഴ്ച. സെൻ്റ് ഓഫിനുടുക്കാൻ സാരി എടുക്കാൻ കടയിൽ പോകാൻ തുടങ്ങുകയായിരുന്നു അനു.
” ഞാൻ ടൗണിലേക്കാ. വാ കേറ്”
അച്ഛൻ്റെയും അമ്മയുടെയും മുന്നിൽ വെച്ച് പറഞ്ഞത്ത് കൊണ്ട് അവൾക്ക് മറുത്തു പറയാൻ കാരണം ഒന്നും കിട്ടിയില്ല. അവൾ ബൈക്കിൽ കയറി. ശ്യാമിൻ്റെ മുഖത്തെ ചിരി കണ്ട് അവൾക്ക് അരിശം വന്നു. അവളുടെ കെറുവിച്ച മുഖം കണ്ട് അവന് ചിരിവന്നു.
‘ നിന്നെ അങ്ങനൊന്നും ഞാൻ വിടില്ല മോളേ ‘
ശ്യാം മനസ്സിൽ പറഞ്ഞു.
” ഇവിടെ ഇറക്കിയാൽ മതി”
അവൾക്കൊപ്പം ഷോപ്പിലേക്ക് കയറാൻ തുടങ്ങിയ ശ്യാമിനെ അവൾ നോക്കി.
” ശ്യാമിന് എന്തോ ആവശ്യം ഉണ്ടെന്നല്ലെ പറഞ്ഞത്. ഇനി ഞാൻ പോയ്ക്കോളാം. വരണം എന്നില്ല”
” എനിക്കും ഇവിടെ കുറച്ച് പർച്ചേസിംഗ് ഉണ്ട്”
തന്നെ ഒഴിവാക്കാനുള്ള അവളുടെ ശ്രമം ശ്യാം വിധക്തമായി ഒഴിവാക്കി. അവളുടെ കൂടെ കുറച്ച് സമയം ചിലവാക്കാൻ ആണ് ഈ വരവ് തന്നെ. സെയിൽസ്ഗേൾ വലിച്ചിട്ട സാരികളിലേക്ക് അവൾ ആശയ കുഴപ്പത്തോടെ നോക്കി. ആദ്യമായി സാരി വാങ്ങാൻ വന്നതിൻ്റെ പരിഭ്രമം. ശ്യാം ഷെൽഫിൽ ഉള്ള ഒരു ഡാർക് ബ്ലൂ സാരി എടുക്കാൻ പറഞ്ഞു. സ്വർണ നൂലുകൾ കൊണ്ട് മയിലുകൾ ഉള്ള മനോഹരമായ ഒരു ഫാൻസി സാരി. അതവൾക്കും ഇഷ്ടപ്പെട്ടു.
” ഇത് pack ചെയ്തോളൂ”
ശ്യാമും ഒരു ഷർട്ട് വാങ്ങി, Bill ഒന്നിച്ച് pay ചെയ്തു. പൈസ അവന് മുൻപിൽ നീട്ടിയപ്പോൾ അവൻ നിഷേധാർത്ഥത്തിൽ തലയാട്ടി.
” നീ ആദ്യമായി ഉടുക്കുന്ന സാരിയുടെ സ്പോൺസർ ഞാൻ ആവട്ടെ”
തൻ്റെ പ്രവർത്തികൾ ഒന്നും ശ്യാമിൻ്റെ സ്നേഹത്തിന് വളമാകരുത് എന്ന് മനസ്സിൽ ആഗ്രഹിച്ചു എങ്കിലും ഇത് നിഷേധിക്കാൻ അനുവിന് ആയില്ല. ചില വാക്കുകൾ ഏൽപിക്കുന്ന മുറിവുകൾ ഉണങ്ങാൻ പാടാണെന്ന് ഏറ്റവും അറിയുന്നത് അവൾക്കാണല്ലോ.
സെൻ്റ് ഓഫ് ദിവസം എങ്ങനെയും വിഷ്ണുവിനോട് സംസാരിക്കണം എന്ന് അനു ഉറപ്പിച്ചിരുന്നു. വിഷ്ണുവിനെ ഒറ്റക് ക്ലാസ്സ് മുറിയിൽ എത്തിക്കാം എന്ന് അനൂപും വാക്ക് കൊടുത്തു. അന്നത്തെ ദിവസം ഏറ്റവും ഭംഗിയായി അവൾ ഒരുങ്ങി. സാരി ഉടുത്ത് പുറത്ത് വന്ന അവളെ ശ്യാം പരിസരം മറന്ന് നോക്കി നിന്നു.
“അഹം അഹം…”
അനുവിൻ്റെ അച്ഛൻ ഒന്ന് ആക്കി ചുമച്ചു. ശ്യാം ചമ്മലോടെ അയാളെ നോക്കി.
” നീ ഇന്ന് ശ്യാമിൻ്റെ കൂടെ ബൈക്കിൽ പൊയ്ക്കോ. ബസ്സ് കയറി അവിടെ എത്തുമ്പോൾ മോൾടെ സാരി കേടാവും”
അച്ഛൻ പറഞ്ഞത് നിസ്സഹായതയോടെ അനുസരിക്കാനേ അനുവിന് കഴിഞ്ഞുള്ളൂ.
ശ്യാമിൻ്റെ ബൈക്കിൽ നിന്ന് ഇറങ്ങി അനു നേരെ നോക്കിയത് വിഷ്ണുവിൻ്റെ മുഖത്താണ്. ‘എല്ലാം തുലച്ചു’ എന്ന ഭാവത്തിൽ അനൂപ് അവൻ്റെ അരികിൽ നിന്നിരുന്നു.
……..
അനു പതിയെ വിഷ്ണുവിൻ്റെ അടുത്തേക്ക് നടന്നു. അവൾ അരികിൽ എത്തിയതും അവൻ തിരിഞ്ഞ് ക്ലാസ്സിലേക്ക് പോയി.
” നീ എന്ത് പണിയാ കാണിച്ചത്?”
അനൂപ് അവളെ ശാസിച്ചു.
” ഞാൻ എന്ത് ചെയ്യാനാ. ഇതിപ്പോ അച്ഛൻ പാര വെച്ചതാ. അവർക്ക് ഞാൻ ശ്യാമിൻ്റെ ബൈക്കിൽ പോയില്ലേൽ വയറു നിറയില്ലത്രേ”
അനുവിന് സങ്കടവും ദേഷ്യവും ഒന്നിച്ച് വന്നു. അവളുടെ ഭാവം കണ്ട് അനൂപ് പറഞ്ഞു.
“സാരമില്ല. ഇന്ന് വൈകുന്നേരം എല്ലാം പറഞ്ഞത് പോലെ. അത് കുളമാക്കരുത്. ഇന്ന് കഴിഞ്ഞാൽ ആര് ഏതു ദിക്കിൽ ആവും എന്ന് പറയാൻ പറ്റില്ല. അതിന് മുന്നേ നിങ്ങളെ പ്രശ്നം തീർക്കണം എന്നുണ്ടായിരുന്നു എനിക്ക്. ”
” ഞാൻ എന്ത് ചെയ്യാനാ”
” നിന്നെ കുറ്റപ്പെടുത്തിയതല്ല. അവസ്ഥ പറഞ്ഞെന്നേ ഉള്ളൂ. നീ പൊയ്ക്കോ”
സെൻ്റ് ഓഫ് പരിപാടികൾ ഒന്നും അനുവിന് ആസ്വദിക്കാൻ കഴിഞ്ഞില്ല. അവൾ മനസ്സിൽ വൈകുന്നേരം അവനെ കാണുമ്പോൾ പറയാനുള്ള കാര്യങ്ങൾ കൂട്ടിയും കുറച്ചും ഇരുന്നു.
വൈകുന്നേരം ഏറെ വൈകിയാണ് എല്ലാവരും പിരിഞ്ഞത്. ഗേറ്റിലേക്ക് നടക്കാൻ തുടങ്ങിയ വിഷ്ണുവിനെ അനൂപ് വിളിച്ചു.
” എടാ എൻ്റെ watch ക്ലാസ്സിൽ വെച്ച് മറന്നു”
” നീ പോയി എടുത്തിട്ടു വാ”
” നീ കൂടെ വാ. ഇനി ഇങ്ങനെ ഈ വരാന്തയിൽ ഒന്നിച്ച് നടക്കാൻ പറ്റില്ലാലോ”
വിഷ്ണു അവനൊപ്പം നടന്നു. ക്ലാസ്സിൽ എത്തിയതും വിഷ്ണുവിനെ അകത്തേക്ക് തള്ളി അനൂപ് വാതിൽ പുറത്ത് നിന്ന് അടച്ചു. എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാൻ അവന് രണ്ടു നിമിഷം വേണ്ടി വന്നു. ക്ലാസ്സിൽ ഒരു ബെഞ്ചിൽ അനു ഇരിക്കുന്നുണ്ടായിരുന്നു.
” വാതില് തുറക്കെടാ #₹&#@#”
” അനു പറയാതെ വാതിൽ തുറക്കില്ല. ”
അനൂപ് ഉറപ്പിച്ച് പറഞ്ഞു.
” അനു… അവനോട് വാതിൽ തുറക്കാൻ പറ”
” ഏഴ് വർഷങ്ങൾക്ക് ശേഷമാണ് നീ എന്നോട് സംസാരിക്കുന്നത്”
അവളുടെ നിറഞ്ഞ കണ്ണുകൾ അവനെ അസ്വസ്ഥനാക്കി.
” അതിന്?”
” ഇത്ര വർഷങ്ങൾ എന്നോട് മിണ്ടാത്തിരുന്നതിന് ഒരു reason പറയാനുണ്ടോ നിനക്ക്?”
” നിനക്ക് വിശദീകരണം തരേണ്ട ആവശ്യം എനിക്കില്ല.”
” ശരി. എന്നാൽ എനിക്ക് പറയാൻ ഉള്ളത് കേൾക്കുകയെങ്കിലും വേണം”
” എനിക്ക് സൗകര്യപ്പെടില്ല”
” ഇപ്പൊൾ വേറെ വഴിയില്ല നിനക്ക്”
അത് സത്യമായിരുന്നു.
” അന്നു മുത്തശ്ശി പറഞ്ഞ കാര്യത്തിൽ എന്നെ നീ പ്രതിയാക്കിയത് എന്തിനാ. അത്രയും കേട്ട് ഒടിപോകുന്നതിന് പകരം ഒന്ന് നിന്നിരുന്നെങ്കിൽ ഞാൻ നിന്നെയേ കെട്ടൂ എന്ന് പറയുന്നത് കേൾക്കാമായിരുന്നു. ഇപ്പോഴും ഞാൻ അത് പറയാനാ വന്നത്. മര്യാദക്ക് പഠിച്ച് ജോലി വാങ്ങി എന്നെ കെട്ടാൻ വന്നോ. ഞാൻ കാത്തിരിക്കും. അനൂപ് വാതിൽ തുറക്ക്.”
അവൾ അവൻ്റെ പ്രതികരണത്തിന് കാക്കാതെ പുറത്തേക്ക് നടന്നു.
” ഒന്ന് നിന്നേ… എന്നെ കാത്തു നിന്നാൽ നീ മുതുക്കി ആയി പോവത്തേ ഉള്ളൂ. ഇന്നൊരുത്തൻ നിന്നെ ബൈക്കിൽ കൂട്ടി കൊണ്ട് വന്നില്ലേ. അവനെയങ്ങു കെട്ടിക്കോ”
അനുവിൻ്റെ സ്നേഹം അങ്ങേ അറ്റം സന്തോഷിപ്പിച്ചു എങ്കിലും വിഷ്ണു അപ്പോൾ അങ്ങനെ ആണ് പ്രതികരിച്ചത്. ഉള്ളിൻ്റെ ഉള്ളിൽ അവളെ ജീവനാണെങ്കിലും എന്തോ ഒന്ന് അവളോട് അടുക്കുന്നതിൽ നിന്നും അവനെ തടഞ്ഞു. അവൻ പറഞ്ഞത് കേൾക്കാത്ത ഭാവത്തിൽ അവൾ നടന്നു മറഞ്ഞു.
വർഷങ്ങൾ പിന്നെയും കടന്നു പോയി. ശ്യാമിൻ്റെ പഠനം കഴിഞ്ഞ് അവൻ തിരിച്ച് നാട്ടിലേക്ക് പോയി. അനുവിൻ്റെ ഡിഗ്രി പഠനവും പൂർത്തിയാവാറായി. വിഷ്ണു engineering പഠിക്കാൻ നാടുവിട്ടു. അനുവിന് അനൂപും ആയി മാത്രം ആയിരുന്നു contact ഉള്ളത്. വിഷ്ണുവിൻ്റെ വിശേഷങ്ങൾ അവൻ വഴി ആയിരുന്നു അവൾ അറിഞ്ഞിരുന്നത്. ഒരു ദിവസം അനൂപ് അവളെ നേരിൽ കാണണം എന്ന് ആവശ്യപ്പെട്ടു. അതൊരു പതിവില്ലാത്ത കാര്യം ആയതുകൊണ്ട് അനു വൈകുന്നേരം ആവാൻ കാത്തിരുന്നു. കോളജ് വിട്ടപ്പോൾ അനൂപ് പുറത്ത് കാത്ത് നിൽക്കുന്നുണ്ടായിരുന്നു. അവനെ കണ്ടപ്പോൾ അനു പുഞ്ചിരിച്ചു, എങ്കിലും ഇത്ര അത്യാവശ്യം എന്താണെന്ന സംഭ്രമം അതിലുണ്ടായിരുന്നു. അനു അതു മറയ്ക്കാൻ വ്രഥാ ശ്രമിച്ചു.
” എന്തു പറ്റി… കാണാനൊക്കെ തോന്നാൻ?”
” ഇവിടെ ഇരിക്കാം?!”
അനൂപ് അടുത്തുള്ള മരത്തിനു കീഴെയുള്ള ബെഞ്ച് ചൂണ്ടി ചോദിച്ചു. ഇരുവരും ഇരുന്ന ശേഷമാണ് അനൂപ് തുടങ്ങിയത്.
” ഞാൻ ഒരു കാര്യം പറയാൻ വന്നതാണ്. നീ ഇത് കേട്ട് എടുത്ത് ചാടി ഒന്നും ചെയ്യരുത്….”
” നീ കാര്യം പറ. എന്നെ കൂടെ ടെൻസ് ആക്കാതെ”
” വിഷ്ണുവിന് അവൻ്റെ കോളജിൽ ഒരു പെൺകുട്ടിയോട് പ്രണയം.”
അവളുടെ മുഖത്ത് നോക്കാതെ ആണ് അവനത് പറഞ്ഞത്. മറുപടി കേൾക്കാതെ ആയപ്പോൾ അവൻ അവളെ നോക്കി. നിലത്തേതോ ബിന്ദുവിൽ കണ്ണ് നട്ട് ഇരിക്കുകയാണവൾ.
” അനൂ…. ”
അവൻ ആർദ്രമായി വിളിച്ചു. അവൾ തലയുയർത്തി അവനെ നോക്കി. പിന്നെ പതിയെ പുഞ്ചിരിച്ചു.
” എന്നെ ഒന്ന് വീട്ടിൽ കൊണ്ടാക്കാമോ.”
സ്കൂട്ടിയുടെ ചാവി അനൂപിന് കൊടുത്ത് അനു ചോദിച്ചു. അവന് പുറകിൽ ഇരിക്കുമ്പോൾ അവൾ ആശ്രയത്തിനെന്നോണം അവൻ്റെ തോളിൽ മുറുകെ പിടിച്ചു. വീട്ടിൽ എത്തുമ്പോൾ അവിടെ അതിഥികൾ ഉണ്ടായിരുന്നു. ശ്യാമിൻ്റെ അമ്മ ഓടിവന്ന് അവളുടെ കൈ പിടിച്ചു.
” വാ മോളെ… നിങ്ങടെ കല്യാണം അങ്ങുറപ്പിക്കാൻ വന്നതാ ഞങ്ങൾ. അവർക്ക് പുറകിൽ നിന്ന് ശ്യാം കള്ള ചിരിയോടെ അവൾക്കരികിൽ വന്നു.
…..
” വാ മോളെ… നിങ്ങടെ കല്യാണം അങ്ങുറപ്പിക്കാൻ വന്നതാ ഞങ്ങൾ.” അവർക്ക് പുറകിൽ നിന്ന് ശ്യാം കള്ള ചിരിയോടെ അവൾക്കരികിൽ വന്നു.
അനുവിൻ്റെ മനസ്സിൽ ഉള്ള ദുഃഖം മുഴുവനും പുറത്ത് വന്നത് കോപമായാണ്.
” ആരുടെ കല്യാണം? ”
അവളുടെ ഭാവം കണ്ട് ശ്യാമിൻ്റെ അമ്മ തോളത്ത് നിന്നും കയ്യെടുത്തു.
” അല്ല മോളേ… നീയും ശ്യാമും തമ്മിലുള്ള..”
” എന്നോട് ചോദിക്കാതെയോ?”
” അനു… നീയെന്താ ഇങ്ങനെ സംസാരിക്കുന്നത് . മുത്തശ്ശി ഉള്ളപ്പോഴെ പറഞ്ഞു വെച്ചതല്ലെ അതൊക്കെ?”
അച്ഛൻ അവരുടെ രക്ഷക്കായി എത്തി.
” എനിക്ക് അറിവില്ലാത്ത പ്രായത്തിൽ നിങ്ങൾ പറഞ്ഞു വെച്ചതിന് ഞാൻ ഉത്തരവാദിയല്ല. ഇപ്പോൾ ഞാൻ പറയുന്നു എനിക്കിതിന് സമ്മതമല്ലെന്ന്”
” അതിനൊരു കാരണം വേണമല്ലോ”
പിന്നെയും അച്ഛൻ തന്നെ ആണ്.
” എനിക്ക് മറ്റൊരാളെ ഇഷ്ടമാണ്. ഈ കാരണം മതിയോ?”
ഒരടിയാണ് മറുപടിയായി കിട്ടിയത്. ശ്യാം ഇടയിൽ കയറിയില്ലായിരുന്നെങ്കിൽ അച്ഛൻ പിന്നെയും തല്ലുമയിരുന്നു എന്ന് തോന്നി അനുവിന്. ആദ്യമായാണ് അച്ഛൻ തല്ലുന്നത്. കവിളിനേക്കാൾ കൂടുതൽ അവളുടെ മനസ്സ് പുകഞ്ഞു.
” ആരാടീ അവൻ. അച്ഛൻ കൊടുത്ത വാക്കിനേക്കാൾ മുകളിൽ നില്കുന്നത് ആരാണെന്ന് എനിക്കിപ്പോഴറിയണം.”
ആ ചോദ്യത്തിൽ അനു പതറി. വിഷ്ണുവിൻ്റെ പേര് പറഞ്ഞ് അവൻ ഇക്കാര്യം നിഷേധിച്ചാൽ തനിക്ക് വേറെ വഴി ഇല്ല. ശ്യാമിൻ്റെ താലിക്ക് തല കുനിക്കേണ്ടി വരും.
” അനൂപ്”
അവൾ ശബ്ദം പതറാതിരിക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു.
എല്ലാവരിലും ഒരു ഞെട്ടൽ പ്രകടമായി. ശ്യാം അവളെ ചൂഴ്ന്നു നോക്കി.
” എന്നെ ഇഷ്ടമല്ലെങ്കിൽ അത് പറഞ്ഞാൽ മതി. കുറേ കള്ളം പറയണം എന്നില്ല.”
” കള്ളം ആണെന്ന് ഇയാളാണോ തീരുമാനിക്കുന്നത്. ശ്യാമേട്ടനോട് ഞാൻ പണ്ടേ പറഞ്ഞിട്ടില്ലേ ഈ ഒരു കാര്യം നടക്കില്ലെന്ന്”
ശ്യാമിൻ്റെ മുഖം കുനിഞ്ഞു.
” എന്നിട്ടാണോ നീ എന്നെയും കൂട്ടി ഇങ്ങോട്ട് വന്നത്. ഇനിയും ഇവിടെ നില്കുന്നത് എന്തിനാ. വാ പോകാം. ഞങ്ങൾ ഇറങ്ങുകയാ ഏട്ടാ..ഇനി നിങ്ങടെ മോൾ ആയി അവളുടെ പാടായി”
ശ്യാമിൻ്റെ കൈ പിടിച്ച് അമ്മ പുറത്തേക്ക് നടന്നു. എല്ലാം നഷ്ടപ്പെട്ടവനെ പോലെ അനുവിൻ്റെ അച്ഛൻ അടുത്തുള്ള കസേരയിൽ ഇരുന്നു. അനു ആർക്കും മുഖം കൊടുക്കാതെ മുറിയിലേക്ക് നടന്നു. ഒരു വശത്ത് അച്ഛനമ്മമാരെ വേദനിപ്പിക്കുന്ന കുറ്റബോധം, മറുവശത്ത് വിഷ്ണുവിനെ നഷ്ടപ്പെട്ട വേദന. ബെഡിൽ കിടന്ന കരഞ്ഞ് കരഞ്ഞ് അവൾ അറിയാതുറങ്ങി. കവിളിൽ ആരോ തൊട്ടതിൻ്റെ നോവിൽ ആണ് ഞെട്ടി എഴുന്നേറ്റത്. അച്ഛൻ കവിളിൽ നിന്ന് കൈ പിൻവലിച്ചു.
” വേദന ഉണ്ടോ?”
നിഷേധാർഥത്തിൽ തലയാട്ടുമ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
” അച്ഛൻ അപ്പോഴത്തെ ദേഷ്യത്തിന്…. മോളത് മറന്നേക്ക്… ആ പയ്യൻ്റെ വീട്ടിൽ ഞാൻ സംസാരിക്കാം.”
” അച്ഛാ… അത്…. ഇപ്പൊ ഞങ്ങൾ പഠിക്യ അല്ലേ… അത് കഴിഞ്ഞ്…”
” നിൻ്റെ അമ്മായിയുടെ നാക്കറിയാമല്ലോ നിനക്ക്. ഇതറിഞ്ഞതിൻ്റെ ദേഷ്യത്തിൽ അവർ എന്തൊക്കെ പറഞ്ഞ് പരത്തും എന്നെനിക്കറിയില്ല. അതോണ്ട് മോൾ അച്ഛൻ പറയുന്നത് കേൾക്കണം. ഞാൻ ആ അനൂപിനെ കുറിച്ച് അന്വേഷിക്കട്ടെ. അവനോടും വീട്ടുകാരോടും ഞാൻ സംസാരിക്കാം. നാളെ ആവട്ടെ. ഇപ്പൊ മോൾ അത്താഴം കഴിക്കാൻ വാ..”
അവൾ അയാളെ അനുസരിച്ചു. പേരിനു എന്തോ കഴിച്ച് അവൾ തിരിച്ച് വന്ന് കിടന്നു. അച്ഛനും അമ്മയും കിടക്കാൻ വേണ്ടി കാത്ത് നിന്ന് അവൾ വേഗം അനൂപിന് ഫോൺ വിളിച്ചു.
കാര്യങ്ങൾ എല്ലാം കേട്ട് അനൂപിന് രണ്ടു നിമിഷം വാക്കുകൾ നഷ്ടപ്പെട്ടു.
” ഇതൊരു trap ആണല്ലോ അനു. നമ്മൾ എങ്ങനെ ഇതിന് പുറത്ത് കടക്കും”
” നീ എന്ത് വന്നാലും കല്യാണത്തിന് സമ്മതിക്കരുത്. ജോലി കിട്ടിയിട്ട് മതിയെന്നു മറ്റോ പറഞ്ഞ് ഒഴിയണം”
” നീ ഉണ്ടാക്കുന്ന കുടുക്കൊക്കെ അഴിക്കുന്ന പണിയാണിപ്പോൾ എനിക്ക് അല്ലേ…”
” സോറി അനൂപ്. എനിക്ക് വേറെ വഴിയറിയാഞ്ഞിട്ടാണ്. ”
അവളുടെ ശബ്ദത്തിലെ വേദന കേൾക്കുമ്പോൾ അവന് വല്ലായ്മ തോന്നി.
“ഞാൻ വെറുതെ പറഞ്ഞതാടോ. നമുക്ക് ശരിയാക്കാം.”
” വിഷ്ണുവിനെ അല്ലാതെ മറ്റൊരാളെ ആ സ്ഥാനത്ത് കാണാൻ പോലും കഴിയുന്നില്ല.”
അനൂപ് നിശബ്ദനായി ഫോൺ വെച്ചു.
പിറ്റേന്ന്
അനൂപിൻ്റെ വീട്ടിൽ പോയി വന്ന അച്ഛൻ്റെ വാക്കുകൾക്ക് അനു കാതോർത്തു.
” വല്യ തറവാട്ടുകാരാ. ആ വീടിൻ്റെ ചായ്പ്പിൻ്റെ അത്രേ ഉള്ളു നമ്മുടെ വീട്. പയ്യനും കൊള്ളാം. പക്ഷേ മൂന്ന് കൊല്ലത്തെ സാവകാശം ചോദിച്ചു അവൻ.”
അനു ആശ്വാസത്തോടെ തിരികെ പോകാൻ ഒരുങ്ങി.
“…. പക്ഷേ സുലുവിൻ്റെ സ്വഭാവം നിനക്കറിയല്ലോ. ശ്യാമിന് മോളേ കിട്ടാത്തതിൻ്റെ ദേഷ്യം തീർക്കാൻ അവൾ എന്തൊക്കെ അപവാദം പറയുമെന്നറിയില്ല. അത് കൊണ്ട് ഞാൻ അടുത്ത മാസം തന്നെ നടത്താൻ അവരെക്കൊണ്ട് സമ്മതിപ്പിച്ചിട്ടുണ്ട്.”
അനു തലക്കടിയേറ്റ പോലെ അവിടെ തറഞ്ഞു നിന്നു.
“………
അത് കൊണ്ട് ഞാൻ അടുത്ത മാസം തന്നെ നടത്താൻ അവരെക്കൊണ്ട് സമ്മതിപ്പിച്ചിട്ടുണ്ട്.”
അനു തലക്കടിയേറ്റ പോലെ അവിടെ തറഞ്ഞു നിന്നു.
” അടുത്ത മാസമോ… നമുക്ക് ഇവൾ ഒറ്റ മോളല്ലെ ഉള്ളൂ. അതൊരു മെനയിൽ നടത്തണ്ടേ. ഒരു മാസം എന്നൊക്കെ പറഞ്ഞാൽ… ”
” ഇതിനെ ചൊല്ലി വരുന്ന നാണക്കേടിനേക്കാൾ വലുതല്ലല്ലോ ഒന്നും”
അനുവിൻ്റെ തല കുനിഞ്ഞു. അവൾ പതിയെ റൂമിലേക്ക് പിൻവലിഞ്ഞു. ഉടനെ ഫോൺ അടിച്ചു. നോക്കുമ്പോൾ അനൂപ്. അവൾ ഫോൺ എടുത്തു.
” ഹലോ… ”
അനൂപിൻ്റെ സ്വരം കേട്ടിട്ടും അവൾ നിശബ്ദയായി ഇരുന്നു.
” അനു, ഞാൻ എനിക്ക് പറ്റാവുന്ന പോലെ ഒക്കെ നോക്കി. പക്ഷേ എൻ്റെ വീട്ടുകാർ പോലും ഇപ്പൊ ഞാൻ പറയുന്നത് കേൾക്കുന്നില്ല.”
” സോറി അനൂപ്. ഇതിൽ ഞാൻ നിന്നെ വലിച്ചിഴക്കാൻ പാടില്ലായിരുന്നു.”
” ഏയ്, അതു കാര്യമാക്കണ്ട. നിനക്ക് ഇപ്പോൾ വേണ്ടത് കുറച്ച് സമയം അല്ലേ. അതിനല്ലേ എൻ്റെ പേര് പറഞ്ഞത്. അത് നിനക്ക് കിട്ടും.”
” സമയം? നമുക്ക് ആകെ ഉള്ളത് ഒരു മാസം സമയം ആണ്. അതുകൊണ്ട് എന്താവാനാ?”
” എടീ, ഒരു മാസം കഴിഞ്ഞാൽ കൂടിപോയാൽ ഞാൻ നിന്നെ കെട്ടും എന്നല്ലേ ഉള്ളൂ. അതുകഴിഞ്ഞാൽ പിന്നെ full സമയം അല്ലേ”
” അനൂപ്, ഇത് കളി പറയാൻ ഉള്ള നേരം അല്ല”
” ഞാൻ കളി പറഞ്ഞതല്ല. വിവാഹം ഒരു ലൈസൻസ് ആണ്. പിന്നെ നിൻ്റെ വിഷ്ണുവിനെ ഓർക്കാനും കാക്കാനും നിനക്ക് ആരുടെയും അനുവാദം വേണ്ടല്ലോ”
” എനിക്കൊന്നും മനസിലാവുന്നില്ല.”
” മനസ്സിലാക്കാൻ ഒന്നും ഇല്ല. ഈ കല്യാണം മുടങ്ങിയാൽ നിനക്ക് അച്ഛൻ വേറെ കല്യാണം ആലോചിക്കും. ഈ കല്യാണം നടന്നാൽ നമ്മൾ പണ്ടത്തെ പോലെ നല്ല സുഹൃത്തുക്കളായി തുടരും. നിൻ്റെ ഒരു കാര്യത്തിലും ഞാൻ ഇടപെടില്ലെന്ന് ഞാൻ വാക്ക് തരുന്നു.”
അനൂപിൻ്റെ വാക്കുകൾ അനുവിന് താത്കാലിക ആശ്വാസം മാത്രമായിരുന്നു. കല്യാണം അടുക്കും തോറും അവളുടെ ആധി കൂടി കൂടി വന്നു.
” കല്യാണം അടുത്തപ്പോഴേക്ക് പെണ്ണങ്ങ് ഇല്ലാണ്ടായല്ലോ. ഇവളോട് വല്ലതും നല്ലോണം തിന്നാൻ പറ. അല്ലേൽ ചെക്കന് പെണ്ണിനെ തിരിച്ചറിയില്ല”
അയൽക്കാരിയായ കല്യാണിയമ്മ അവളെ കണ്ടിട്ട് അമ്മയോട് പറഞ്ഞു.
” നീ തിരഞ്ഞെടുത്ത ജീവിതം അല്ലേ മോളേ… നിനക്കെന്താ ഒരു സന്തോഷം ഇല്ലാത്ത പോലെ. എന്തേലും പ്രശ്നം ഉണ്ടോ?”
അമ്മ അവളുടെ മുടിയിൽ തലോടിക്കൊണ്ട് ചോദിച്ചു. അവൾ നിഷേധാർത്ഥത്തിൽ തലയാട്ടി. എല്ലാം വേണ്ടെന്ന് വെച്ച് എവിടേക്കെങ്കിലും ഓടി പോകാൻ അവളുടെ മനസ്സ് വെമ്പി.
കല്യാണ പുടവ എടുത്തതും സ്വർണം വാങ്ങിയതും എല്ലാം യാന്ത്രികമായി ആയിരുന്നു . വീട്ടിൽ ഇരിക്കുന്നത് അനുവിന് വല്ലാത്ത ശ്വാസം മുട്ടൽ ഉണ്ടാക്കി. തൻ്റെ സന്തോഷത്തിന് വേണ്ടിയാണ് ഈ വീട് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. പക്ഷേ താൻ അവരോടൊക്കെ ചെയ്യുന്നത് എന്തു ചതിയാണ്.’ അത്യാവശ്യ ഷോപ്പിംഗ് എന്ന് പറഞ്ഞ് അവൾ വെറുതെ പുറത്തിറങ്ങി. പിറ്റേന്ന് കല്യാണമാണ്. ടൗണിൽ എത്താറായപ്പോഴാണ് ശ്യാമിൻ്റെ ബൈക്ക് അവൾക്ക് അരികിൽ വന്ന് നിന്നത്.
” വാ, കയറ്..”
” ഞാൻ… എനിക്ക്…” അവൾ വാക്കുകൾക്ക് വേണ്ടി പരതി.
” ഒരു ചായ കുടിക്കാൻ മാത്രം. അതോ എനിക്ക് തൻ്റെ മേൽ അത്ര സ്വാതന്ത്രം പോലും ഇല്ലേ?”
തന്നെ സ്നേഹിച്ച ആളാണ്, താൻ മുറിവേൽപ്പിച്ച ആളാണ്. അവൾ അവൻ്റെ ബൈക്കിൽ കയറി. നഗരത്തിലെ പേരുകേട്ട ഒരു കൂൾ ബാറിൽ ശ്യാം വണ്ടി നിർത്തി. പകൽ സമയം ആയതു കൊണ്ട് തീരെ തിരക്കിലായിരുന്നു. മെനു നോക്കി ശ്യാം എന്തോ ഓർഡർ ചെയ്തു. അനുവും അത് തന്നെ മതിയെന്ന് പറഞ്ഞു. ശ്യാം അവളെ കണ്ണെടുക്കാതെ നോക്കി. ഒരു മാസം മുൻപ് കണ്ട അനുവിൻ്റെ നിഴൽ മാത്രമാണ് മുന്നിൽ ഇരിക്കുന്നതെന്ന് അവന് തോന്നി. മുന്നിൽ ഇരിക്കുന്ന തന്നെ അവൾ കാണുന്നില്ല. അവൾ മറ്റേതോ ലോകത്താണെന്ന് കണ്ണുകൾ വിളിച്ചു പറയുന്നു.
” അനു..”
അവൾ സ്വപ്നത്തിൽ നിന്ന് ഉണർന്നിട്ടെന്ന പോലെ ശ്യാമിനെ നോക്കി.
” എന്താ നിൻ്റെ പ്രശ്നം. ഇന്നലെ വീട്ടിൽ വന്നത് മുതൽ ഞാൻ ശ്രദ്ധിക്കുകാ. നീ പറഞ്ഞ ആളും ആയുള്ള നിൻ്റെ വിവാഹമാണ് നാളെ. പക്ഷേ നിൻ്റെ മുഖത്ത് സന്തോഷത്തിൻ്റെ ഒരു കണിക പോലുമില്ല.”
” ശ്യാമേട്ടന് തോന്നുന്നതാ”
അവൾ പെട്ടെന്ന് പറഞ്ഞു. അവളുടെ മുഖത്തെ പരിഭ്രമം ശ്യാമിനു വ്യക്തമായി വായിക്കാൻ കഴിഞ്ഞു.
” ഞാൻ നിനക്ക് അന്യനാണെന്ന് എനിക്കറിയാം. പക്ഷേ ഓർമ്മ വെച്ച നാൾ മുതൽ എൻ്റേതാവുമെന്നു കരുതി നിന്നെ സ്നേഹിച്ച ആളാണ് ഞാൻ. നിനക്ക് വരുന്ന ഓരോ മാറ്റവും എനിക്ക് തിരിച്ചറിയാൻ കഴിയും. ഇപ്പോഴത്തെ നിൻ്റെ ഭാവം പ്രണയം നേടിയവളുടെ അല്ല, എന്തോ നഷ്ടപ്പെട്ടവളുടെ ആണ്.”
അവൾ ശ്യാമിൻ്റെ ചോദ്യങ്ങളെ നേരിടാൻ ആവാതെ തല കുനിച്ചിരുന്നു.
” ആർക്ക് വേണ്ടിയാ അനു ഇതൊക്കെ. സന്തോഷം അഭിനയിക്കാൻ പോലും വയ്യാത്ത പോലെ നീ ജീവിതത്തിൽ തോറ്റു പോയോ?”
അവൾ പതിയെ മുഖം ഉയർത്തി.
” ആർക്ക് വേണ്ടിയാണെന്ന് ചോദിച്ചാൽ എനിക്ക് വേണ്ടി തന്നെ. പിന്നെ എന്നെ സ്നേഹിക്കുന്ന എല്ലാവർക്കും വേണ്ടി. നാളെ നമ്മുടെ വിവാഹമാണ് നടക്കുന്നതെങ്കിലോ. ജീവിതം മുഴുവൻ നിന്നെ സ്നേഹിക്കാൻ കഴിയാതെ ഞാനും എന്നെ വെറുക്കാൻ കഴിയാതെ നീയും ജീവിച്ചു തീർക്കേണ്ടി വരും, വാക്ക് കൊടുത്തു പോയെന്ന കാരണത്താൽ മാത്രം മകളുടെ സന്തോഷങ്ങൾ ഇല്ലാതാക്കിയ ദുഃഖം പേറി ജീവിക്കും എൻ്റെ അച്ഛനും അമ്മയും. അതൊന്നും ഇപ്പൊ വേണ്ടല്ലോ. ഞാൻ തോൽക്കാതിരിക്കാൻ ശ്രമിക്കുകയാണ് ശ്യാമേട്ടാ..”
അവൾ ശ്രമപ്പെട്ട് പുഞ്ചിരിച്ചു.
” നീ പറയുന്നതൊന്നും എനിക്ക് മനസിലാവുന്നില്ല. എങ്കിലും എൻ്റെ ഒരേ ഒരു ചോദ്യത്തിന് നീ ഉത്തരം പറയണം. നീ അനൂപിനെ പ്രണയിക്കുന്നുണ്ടോ?”
അവൾ ശ്യാമിൻ്റെ കണ്ണുകളിലേക്ക് നോക്കി നിഷേധാർത്ഥത്തിൽ തലയാട്ടി.
” പിന്നെ എന്തിനാണ് ഈ നാടകം?”
” ശ്യാമേട്ടൻ ആവശ്യപ്പെട്ട ഒരു മറുപടി ഞാൻ തന്നു കഴിഞ്ഞു.”
അവൾ ഹാൻഡ് ബാഗ് എടുത്ത് പോകാൻ തുനിഞ്ഞു. എന്തോ ഓർത്തത് പോലെ തിരിഞ്ഞ് നിന്ന് പറഞ്ഞു.
” മാപ്പ്”
നടന്നകലുന്ന അനുവിന് നോക്കി ശ്യാം അവിടെ തന്നെ ഇരുന്നു.
പിറ്റേന്ന്
ബ്യൂട്ടീഷൻ വന്ന് അനുവിനെ അണിയിച്ചൊരുക്കി കണ്ണാടിക്കു മുൻപിൽ നിർത്തി. തനിക്ക് പരിചയമില്ലാത്ത ആരെയോ നോക്കുന്നത് പോലെ അവൾ തൻ്റെ പ്രതിബിംബത്തെ നോക്കി നിന്നു.
” ചെക്കനും കൂട്ടരും വന്നു”
ആരോ പറയുന്നത് കേട്ട് അവളുടെ പെരുവിരലിലൂടെ ഒരു തരിപ്പ് കടന്നു പോയി. ആരൊക്കെയോ ചേർന്ന് അവളെ വേദിയിലേക് കൊണ്ട് പോയി ഇരുത്തി. അരികിൽ ഇരിക്കുന്ന അനൂപിൻ്റെ കൂസലില്ലായ്മ അവളെ അമ്പരപ്പിച്ചു. ചുറ്റും നടക്കുന്നത് ഒരു നാടകം ആണെന്നും താൻ വെറും കാഴ്ചക്കാരി ആണെന്നും തോന്നി അവൾക്ക്. അനൂപിൻ്റെ കയ്യിൽ പൂജാരി താലി കൊടുത്തു. അവൾ സദസ്സിനെ നോക്കി കണ്ണുകൾ ചിമ്മി കൈ കൂപ്പി. താലിച്ചരട് മുറുക്കുന്ന കൈകളുടെ ചൂട് മാത്രമേ അവൾക് അപ്പോൾ അനുഭവിക്കാൻ കഴിഞ്ഞുള്ളൂ
……
ചുറ്റും ആദ്യം പിറുപിറുക്കലുകളുടെയും പിന്നെ ആക്രോഷങ്ങളുടെയും ശബ്ദം കേട്ട് അനു കണ്ണ് തുറന്നു. സദസ്സിലെ എല്ലാവരും എഴുന്നേറ്റ് നിന്നിരിക്കുകയാണ്. ആരോ കൈ ചേർത്തു പിടിച്ചു. വലതു വശത്ത് അനൂപിന് പകരം നില്കുന്നത് വിഷ്ണുവാണ്. താൻ കാണുന്നത് സ്വപ്നമാണോ എന്ന് അനു ഒരുവേള സംശയിച്ചു. വിഷ്ണു അവളുടെ കൈയ്യിൽ നുള്ളി.
” സ്വപ്നമല്ല”
അവൻ പുഞ്ചിരിച്ചു. ആദ്യം വന്ന് വിഷ്ണുവിൻ്റെ കോളറിൽ പിടിച്ചത് അച്ഛനാണ്. ശ്യാം അയാളെ പിടിച്ച് മാറ്റി.
” നിങ്ങളുടെ മകൾ ആഗ്രഹിച്ച ജീവിതം അതാണ്”
അനു അച്ഛൻ്റെ കാൽക്കൽ ഇരുന്നു . അയാളുടെ കാലിൽ അവളുടെ കണ്ണുനീർ വീണു. അയാൾ അവളുടെ കൈകളിൽ നിന്ന് കാൽ സ്വതന്ത്രമാക്കി തിരിഞ്ഞ് നടന്നു. അനു അവിടെ ഇരുന്നു മുഖം പൊത്തി ഏങ്ങി.
” സാരമില്ലെടോ. നിൻ്റെ അച്ഛനല്ലെ. കുറച്ച് സമയം വേണ്ടിവരും, എങ്കിലും ക്ഷമിക്കും.”
വിഷ്ണു അവളെ ചേർത്തു പിടിച്ചു.
അനൂപ് തിരിഞ്ഞ് നോക്കാതെ പന്തലിൽ നിന്ന് ഇറങ്ങി നടന്നു. എത്ര കാലത്തെ തൻ്റെ സ്വപ്നമായിരുന്നു അനു. വിഷ്ണുവിന് വേണ്ടി അവളോട് ആദ്യമായി സംസാരിക്കാൻ പോയ അന്ന് തന്റെ മനസ്സിൽ പതിഞ്ഞ മുഖം. പ്രായത്തിൻ്റെ ചാപല്യമെന്ന് പറഞ്ഞ് എത്ര മാറ്റി വെക്കാൻ ശ്രമിച്ചിട്ടും അവളുടെ ചിത്രത്തിന് തെളിമ കൂടിയതേ ഉള്ളൂ. വിഷ്ണുവിൻ്റെ പേരിൽ അവൾ ഉരുകി ജീവിക്കുന്നത് കാണാൻ വയ്യാഞ്ഞിട്ടാണ് അവനൊരു പ്രണയം ഉണ്ടെന്ന് കള്ളം പറഞ്ഞത്. അതറിയുമ്പോൾ എങ്കിലും അവളുടെ മനസ്സ് മറ്റൊരാളെ സ്വീകരിക്കാൻ തയ്യാറാവും എന്നുകരുതി. എന്തൊരു മണ്ടനാണ് താൻ. പത്തു വർഷം അവളെ അവഗണിച്ചിട്ടും, അവൻ തന്നെ വേണ്ടെന്ന് പറഞ്ഞിട്ടും അവളിൽ നിലനിന്ന പ്രണയം അങ്ങനെ ഇല്ലാതാവും എന്നു വിശ്വസിക്കാൻ..
‘വിഷ്ണുവിനെ അല്ലാതെ മറ്റൊരാളെ ആ സ്ഥാനത്ത് കാണാൻ പോലും കഴിയുന്നില്ല’ അവൾ ഫോണിൽ കരഞ്ഞു പറഞ്ഞതാണ്. അന്നുതൊട്ട് ഇന്നുവരെ ഒരുപാട് ചിന്തിച്ചു. മനസ്സിൻ്റെ തുലാസിൽ വെച്ച് അളന്നു നോക്കി. അവളെ സ്വന്തമാക്കണോ വിട്ടു കൊടുക്കണോ എന്ന്. അവളെ ജീവിതകാലം മുഴുവനും വേദനിപ്പിച്ച ഒരാൾക്ക് നൽകി പരീക്ഷിക്കേണ്ടെന്ന് തന്നെ ആണ് തീരുമാനിച്ചത്. ഇന്നലെ ആണ് ശ്യാം വിളിച്ച് ഒന്ന് സംസാരിക്കണം എന്ന് പറഞ്ഞത്. അയാളോട് സംസാരിച്ചപ്പോൾ മനസ്സിന് പിന്നെയും ചാഞ്ചാട്ടം. അങ്ങനെയാണ് ഇന്നലെ വിഷ്ണുവിന് ഒരവസരം കൂടി നൽകാൻ തീരുമാനിച്ചത്. അവനെ വിളിച്ച് നാളെ അനുവിൻ്റെ കല്യണമാണെന്ന് മാത്രം പറഞ്ഞു. അവൾ ഇപ്പോഴും നിന്നെ പ്രതീക്ഷിക്കുന്നു എന്നും. എല്ലാ വാശികളും മാറ്റി വെച്ച് അവൻ വരിക തന്നെ ചെയ്തു. അവർക്ക് മംഗളം ഭവിക്കട്ടെ. അനൂപ് നടന്നു. മനസ്സിൽ അനുവിൻ്റെ അവസാന ചിത്രം വ്യക്തമായി പതിപ്പിച്ചുകൊണ്ട്. സർവ്വാഭരണ വിഭൂഷിതയായി തൻ്റെ താലിക്ക് തല കുനിക്കുന്ന അനു.
അവസാനിച്ചു