കിടക്കാൻ നേരം രാവിലെ എന്തുണ്ടാക്കണം എന്ന് മാത്രം ചിന്തിച്ചിരുന്ന അവളിപ്പോൾ

(രചന: അംബിക ശിവശങ്കരൻ)

 

“രാജി നിനക്കെന്റെ ഷർട്ടിന്റെ പോക്കറ്റീന്ന് എന്തെങ്കിലും കിട്ടിയോ?”

 

മുറിയാകെ എന്തൊക്കെയോ പരതി നടന്ന് ഒടുക്കം തോൽവി സമ്മതിച്ച് എന്നത്തേയും പോലെ അടുക്കളയിൽ തിരക്കിട്ട് പണി ചെയ്തുകൊണ്ടിരുന്ന ഭാര്യയെ വിളിച്ച് അവൻ ചോദിച്ചു.

 

” എന്താ ഗിരീഷേട്ടാ…എന്തിനാ ഇങ്ങനെ വിളിച്ചു കൂവുന്നത്? ”

 

കയ്യിൽ ചട്ടുകവും പിടിച്ച് നൈറ്റിയുടെ ഇത്തിരി ഭാഗം അരക്കെട്ടിൽ തിരുകി കൊണ്ട് അവൾ അവിടെയ്ക്ക് വന്നു.

 

” ഷർട്ട് അലക്കാൻ എടുത്തപ്പോൾ എന്തെങ്കിലും എന്റെ പോക്കറ്റീന്ന് കിട്ടിയോന്ന്? ”

 

വീണ്ടും അവൻ അവിടെ ഇവിടെയായി തിരച്ചിൽ തുടർന്നു.

 

“ആഹ്.. ഞാനത് മറന്നിരിക്കുകയായിരുന്നു.

നിങ്ങൾ എന്നും മുതലാ ഗിരീഷേട്ടാ ഞാനറിയാതെ ബീഡി വലി തുടങ്ങിയത്? തേപ്പ് പണിക്ക് പോണ നിങ്ങൾക്കെന്തിനാ തീപ്പെട്ടിയുടെ ആവശ്യം?

 

ബീഡി വലിക്കാൻ അല്ലേൽ പിന്നെ പോക്കറ്റിൽ തീപ്പെട്ടി കൂട് ഇട്ടോണ്ട് നടക്കേണ്ട കാര്യമെന്താ? ദൈവമായിട്ട എന്റെ കണ്ണിൽ അത് കാണിച്ചുതന്നത്.”

 

“എന്നിട്ട് നീയത് എന്ത് ചെയ്തു കളഞ്ഞോ?”

അവൻ ഒരു കൂസലുമില്ലാതെ ചോദിച്ചു.

 

” ഓഹോ… വല്ല കുറ്റബോധവും ഉണ്ടോന്ന് നോക്കിയേ.. ഞാൻ അമ്മയെ കാണിക്കും എന്ന് പേടിച്ചിട്ടല്ലേ ഈ വെപ്രാളം കാണിക്കുന്നത്? അതിനു വേണ്ടി തന്നെ ഞാനത് എടുത്തു വച്ചിട്ടുണ്ട് ആദ്യം നിങ്ങളെ കാണിച്ചിട്ട് അമ്മയെ കാണിക്കാം എന്ന് കരുതി.”

 

ബെഡിന്റെ താഴെ തിരുകി വെച്ച തീപ്പെട്ടി കൂട് എടുത്ത് അവൾ അവന് നേരെ നീട്ടി

 

“എന്റെ പൊന്നു രാജി… ഇതിനാണ് പഠിക്കാൻ വിട്ടപ്പോൾ പോണം എന്ന് പറയുന്നത്.

ഇതിന്റെ പുറകുവശത്ത് എഴുതിയത് വല്ലതും നീ ശ്രദ്ധിച്ചോ? ഇന്ന് ചെയ്യേണ്ട പണിയുടെ അളവ് എടുത്ത് കുറിച്ചു വെച്ചതാ..

 

അല്ലേലും കാള പെറ്റു എന്ന് കേട്ടാൽ മതി ഈ പെണ്ണുങ്ങൾക്ക് കയർ എടുക്കാൻ. പണി സൈറ്റിൽ ബുക്കും പേപ്പറും കൊണ്ടൊന്നുമല്ലല്ലോ ഞാൻ പോകുന്നത് ആകെ കിട്ടിയത് ഇതാ അപ്പൊ അതിൽ തന്നെ അങ്ങ് കുറിച്ചിട്ടു.”

 

സത്യം അറിഞ്ഞതും ചമ്മിയ മുഖഭാവത്തോടെ അവൾ ചിരിക്കാൻ ശ്രമിച്ചു.

 

“അല്ലേലും എനിക്കറിയാം എന്റെ ഗിരീഷേട്ടൻ അങ്ങനെ ഒന്നും ചെയ്യില്ലെന്ന്.”

 

” ആ.… ആ…. അതെവിടെ നിൽക്കട്ടെ നിന്നോട് ഞാൻ എത്രവട്ടം പറഞ്ഞിട്ടുണ്ട് അടുക്കളയിൽ കയറിയാൽ ഈ കൈ നനയുന്ന വെള്ളം മുഴുവനും നൈറ്റിയിൽ കൊണ്ട് തുടയ്ക്കരുതെന്ന്? ”

 

ഇതിപ്പോ ദോശമാവും വെള്ളവും ഇനി എന്തെങ്കിലും തേക്കാൻ ബാക്കിയുണ്ടോ?

കൈതുടയ്ക്കാൻ ഒരു തുണിയെടുത്ത് വെച്ച് അതിൽ തുടയ്ക്കണം എന്ന് എത്രയോ വട്ടം ഞാൻ പറഞ്ഞിട്ടുണ്ട് രാജി. ”

 

തന്റെ ഭർത്താവ് പറഞ്ഞപ്പോഴാണ് തന്റെ കോലം അവൾ അടിമുടി ഒന്ന് നോക്കിയത്.

ശരിയാണ് ഇതിപ്പോ അടുക്കള പണി കഴിഞ്ഞു വന്നതാണോ അതോ അലക്ക് കഴിഞ്ഞു വന്നതാണോ?

 

” ഇന്ന് ആരെയാണ് ഈശ്വരാ കണി കണ്ടത് മൊത്തം പണികൾ ആണല്ലോ..”

 

” അതെ… അടുക്കളയിൽ പണിയെടുക്കുന്ന പെണ്ണുങ്ങൾ ആകുമ്പോൾ ഇങ്ങനെയൊക്കെ ഉണ്ടാകും. ”

 

“എന്നിട്ട് അമ്മ അടുക്കള ജോലി മുഴുവൻ ചെയ്തു വന്നാലും അമ്മയുടെ സാരിയിൽ ഒരു അഴുക്ക് പോലും ഞാൻ കണ്ടിട്ടില്ലല്ലോ”

 

ഡയലോഗ് അടിച്ചു വലിയാൻ ശ്രമിച്ച അവളെ പിന്നെയും അവൻ കളിയാക്കി.

 

“എനിക്ക് നിങ്ങളോട് തർക്കിച്ചു നിൽക്കാൻ സമയമില്ല. അടുക്കളയിൽ നൂറുകൂട്ടം പണിയുണ്ട്.

നിങ്ങൾ മോളെ ഒന്ന് വിളിച്ച് എഴുന്നേൽപ്പിക്കാൻ നോക്ക്… കുലുക്കി വിളിച്ചാൽ പോലും പെണ്ണ് എഴുന്നേൽക്കില്ല.”

 

” എന്റെ ഭാര്യേ..കുഞ്ഞാറ്റയ്ക്ക് ഇന്ന് സ്കൂൾ ഇല്ലാത്തതല്ലേ അവൾ ഇത്തിരി നേരം കൂടി കിടന്നോട്ടെ… അവൾ എങ്കിലും സമാധാനത്തോടെ ഉറങ്ങട്ടെ ന്നെ… ”

 

പറഞ്ഞത് പിടിക്കാത്ത മട്ടിൽ മുഖം കൊണ്ട് ഗോഷ്ടി കാണിച്ചവൾ അടുക്കളയിലേക്ക് നടന്നു.

 

അടുക്കളയിൽ ചെന്നതും അവൾ അമ്മയെ അടിമുടി ഒന്നു നോക്കി. ഗിരീഷേട്ടൻ പറഞ്ഞത് ശരിയാണ് ഇത്രയേറെ പണികൾ ചെയ്തിട്ടും അമ്മയുടെ വസ്ത്രത്തിൽ ഒരു അഴുക്ക് പോലും ഇല്ല.

 

” എന്താ മോളെ എന്താ ഇങ്ങനെ നിൽക്കുന്നത് അവൻ വല്ലതും പറഞ്ഞോ? ”

 

“ഏയ് ഇല്ലമ്മേ ഞാൻ എന്തോ ഓർത്തു നിന്നു പോയത”

 

വീണ്ടും ചമ്മൽ മറയ്ക്കാൻ അവൾ പ്രയാസപ്പെട്ടു.

 

” കുഞ്ഞാറ്റ എണീറ്റില്ലേ മോളെ? ”

 

“ഇല്ലമ്മേ ഇന്ന് സ്കൂൾ ഇല്ലല്ലോ കുറച്ച് കഴിഞ്ഞ് വിളിച്ചാൽ മതിയെന്ന് ഗിരീഷേട്ടൻ പറഞ്ഞു.”

 

” ആ….മോൾ ഉറങ്ങിക്കോട്ടെ…”

 

പിന്നീട് ഇരുവരും തങ്ങളുടെതായ ജോലികളിൽ മുഴുകി.

 

” ഗിരീഷേട്ടാ ബാഗിൽ ചമ്മന്തി കൂടി വെച്ചിട്ടുണ്ട് കേട്ടോ… അതും കൂടി എടുത്ത് കഴിച്ചേക്കണം. ഇന്നലത്തെപ്പോലെ കണ്ടില്ലെന്നും പറഞ്ഞ് തിരിച്ചു കൊണ്ടുവരരുത്. ”

 

“ഇന്ന് നല്ല ഭാരമുള്ള പണിയാ… പണിയെടുത്ത് തളർന്ന് വയറുനിറയുവോളം വെള്ളം കുടിച്ചാൽ പിന്നെ ഭക്ഷണം ഒന്നും കഴിക്കാൻ തോന്നാറില്ല. പോരാത്തതിന് നല്ല വെയിലും തലയൊക്കെ പൊട്ടി പോകുവാണെന്ന് തോന്നും.”

 

അത് കേട്ടതും പിന്നെ അവൾക്ക് തിരിച്ചൊന്നും മറുപടിയുണ്ടായില്ല. രാവിലെ മുതൽ വൈകുന്നേരം വരെ എത്രത്തോളം കഷ്ടപ്പെട്ടാലാണ് ജീവിതം മുന്നോട്ടു നീങ്ങുന്നത് എന്ന് ആ വാക്കുകളിൽ ഉണ്ട്.

 

“പാവം ഒറ്റയ്ക്ക് ഓടി ക്ഷീണിക്കുന്നുണ്ടാകും.”

 

പതിവുപോലെ മകൾക്ക് മുത്തവും നൽകി അമ്മയോടും രാജിയോടും യാത്ര പറഞ്ഞ് ഗിരീഷ് യാത്രയായി.

 

പണികഴിഞ്ഞ് പതിവിലും വൈകിയാണ് അവൻ വന്നത് മകൾക്ക് വേണ്ടി കരുതിയ പലഹാരം അവൾക്ക് സമ്മാനിച്ച് നേരെ പോയി കുളിച്ച ശേഷം കഴിക്കാനിരുന്നു.

 

“ഇന്ന് ഗിരീഷേട്ടന് ഏറ്റവും പ്രിയപ്പെട്ട ഒരു വിഭവമുണ്ട് ഊണിന് തീൻ മേശയിൽ ചോറും മോരു കറിയും പപ്പടവും വിളമ്പിയ ശേഷം അവൾ സർപ്രൈസ് എന്നപോലെ ഒരു ചെറിയ പിഞ്ഞാണത്തിൽ എന്തോ കൊണ്ടുവന്നു.

 

“ഇതെന്താണെന്ന് പറയാമോ…?”

 

കൺമുന്നിൽ കൊണ്ടുവച്ചതും അതിൽ നിന്നും മൂക്കിലേക്ക് തുളഞ്ഞുകയറിയ കൊതിപ്പിക്കുന്ന ഗന്ധം മാത്രം മതിയായിരുന്നു അവനത് തിരിച്ചറിയാൻ.

 

“ചെമ്മീൻ അച്ചാറോ ഇതെവിടുന്നാ?”

 

” മറ്റന്നാൾ നമ്മുടെ ശാന്തേച്ചിയുടെ മകൻ ഗൾഫിന് പോകുവല്ലേ? ആ കുട്ടിക്ക് കൊണ്ടുപോകാൻ ചെമ്മീൻ അച്ചാർ ഇടാൻ ചെല്ലുമോ എന്ന് ചോദിച്ചു എന്നെ വിളിച്ചിരുന്നു.

 

ഞാൻ ഉണ്ടാക്കിയ അച്ചാർ അവർ മുന്നേ കഴിച്ചിട്ടുണ്ട്. അത് കഴിച്ചു രുചി പിടിച്ചിട്ട അവരെന്നെ വിളിച്ചത്. പോരുമ്പോൾ ഒരിത്തിരി എനിക്ക് തന്നയക്കുകയും ചെയ്തു. ഗിരീഷേട്ടന് ഇത് ഒരുപാട് ഇഷ്ടമല്ലേ… ”

 

“ആ പിന്നെ…അവരുടെ നാത്തൂനും എന്നോട് അച്ചാർ ഉണ്ടാക്കി കൊടുക്കാൻ പറഞ്ഞിട്ടുണ്ട്. എന്റെ കൈപ്പുണ്യത്തെ അവർ എത്രമാത്രം പുകഴ്ത്തി എന്നോ…നിങ്ങൾക്ക് മാത്രമല്ലേ ഗിരീഷേട്ടാ എന്നെ ഒരു വിലയില്ലാത്തത്?”

 

അവൾ പരിഭവം നടിച്ചു.

 

” ആരാ പറഞ്ഞത് ഒരു വിലയില്ലെന്ന്. നീയല്ലേ ഭാര്യേ എന്റെ ബലം.

തമാശയ്ക്ക് അടി കൂടുമെങ്കിലും നിന്റെ കൈപ്പുണ്യം അത് വേറെ തന്നെയാണ് മോളെ.. ”

 

ആരൊക്കെ വാനോളം പുകഴ്ത്തിയാലും തന്റെ ഭർത്താവിന്റെ നാവിൽ നിന്നും കേൾക്കുന്ന ഒരു നല്ല വാക്കിന് പ്രത്യേക സുഖം ഉണ്ടെന്ന് അവൾക്ക് തോന്നിപ്പോയി.

 

“എന്താ ഗിരീഷേട്ടാ നോക്കിയിരിക്കുന്നത്? സാധാരണ ഇഷ്ടവിഭവം മുന്നിൽ കിട്ടിയാൽ ഇങ്ങനെ കാത്തിരിക്കാറില്ലല്ലോ?”

 

കറികൾ എല്ലാം കൂട്ടിക്കുഴച്ച് ആർത്തിയോടെ വാരിയുണ്ണാൻ ശ്രമിച്ചതും ഷോക്കടിച്ചത് പോലെ ചോറൂരുള്ള പ്ലേറ്റിലേക്കിട്ടവൻ കൈകുടഞ്ഞു

 

” എന്താ ഗിരീഷേട്ടാ എന്തു പറ്റി”

 

അന്നേരം അമ്മാമ്മയും കൊച്ചുമകളും തങ്ങളുടേതായ ലോകത്ത് ആയതിനാൽ ഒച്ച വയ്ക്കേണ്ട എന്ന് അവൻ ആംഗ്യം കാണിച്ചു.

 

” നീ പോയി ഒരു സ്പൂൺ എടുത്തോണ്ട് വാ. ”

 

” എന്താ ഗിരീഷേട്ടാ കൈ കാണിച്ചേ..”

 

കൈബലമായി പിടിച്ചു നോക്കിയതും അവളുടെ നെഞ്ചുരുകി. സിമന്റ് തട്ടി അവിടെ ഇവിടെയായി കൈ പൊള്ളിയിരിക്കുന്നു. എരിവ് തട്ടിയതും നീറിയിട്ടാണ് കൈവലിച്ചു കുടഞ്ഞതെന്ന് അവൾക്ക് മനസ്സിലായി.

 

“ഇന്ന് കുറച്ചു ഭാരപ്പെട്ട പണിയാണെന്ന് പറഞ്ഞിരുന്നില്ലേ…കയ്യും കാലും ഒക്കെ കുറച്ചൊന്നു പൊള്ളി. അത് കാര്യമാക്കണ്ട ഇതൊക്കെ സ്വാഭാവികമാണ് നീ സ്പൂൺ എടുത്തുകൊണ്ടു വാ..”

 

അവൾ അത് കേൾക്കാതെ ഓരോ പിടി ചോറുള്ളകളാക്കി അവന് നൽകി. ഭക്ഷണം കഴിച്ച് ഞൊണ്ടിക്കൊണ്ട് മുറിയിലേക്ക് നടക്കുന്ന ഭർത്താവിനെ നോക്കി നിൽക്കുമ്പോഴും അവളുടെ മനസ്സ് പിടഞ്ഞു.

 

അടുക്കളയിലെ ജോലിയെല്ലാം ഒരുക്കിവെച്ച് മുറിയിലേക്ക് അവൾ വന്നത് മഞ്ഞൾപൊടിയും വെളിച്ചെണ്ണയും കലർത്തിയ മിശ്രിതവുമായാണ്.

 

കണ്ണിൽ കൈ വെച്ച് മറച്ചു കിടന്നിരുന്ന അവന്റെ കാലിലെ പൊള്ളലേറ്റ ഭാഗത്ത് അത് പുരട്ടിയതും ശ്ഹ്.. എന്ന് ശബ്ദം ഉണ്ടാക്കി കാൽ വലിച്ചു.

 

” നാളെ ഇനി പണിക്ക് പോകേണ്ട ഗിരീഷേട്ടാ… ഒരു ദിവസമെങ്കിലും റസ്റ്റ് എടുത്തിട്ട് പോയാൽ മതി.ഈ മുറിവൊക്കെ കുറച്ചെങ്കിലും ഒന്ന് ഉണങ്ങട്ടെ.. ”

 

അവളുടെ ആശങ്ക കണ്ടപ്പോൾ അവൻ അവളെ സമാധാനിപ്പിച്ചു.

 

” അതൊക്കെ മാറിക്കോളും രാജി. ഇതൊക്കെ കാര്യമാക്കേണ്ടതില്ല. നമ്മളൊക്കെ സാധാരണക്കാരല്ലേ ഓരോ ദിവസവും പണിയെടുത്ത് കൊണ്ടുവരുന്നതിൽ നിന്നും വേണം കുടുംബം പുലരാൻ…

 

ഒരു ദിവസത്തെ വരുമാനം ഇല്ലാതായാൽ സകല കണക്കുകൂട്ടലുകളും പിഴയ്ക്കും. അതുകൊണ്ട് പോയേ പറ്റൂ.. ”

 

അല്പസമയം ചിന്തിച്ചിരുന്നതിനു ശേഷം എന്തോ ഓർമ്മ വന്ന പോലെ അവൾ അലമാരയിൽ അവിടെ ഇവിടെയായി തപ്പി കുറച്ച് നോട്ടുകൾ കൊണ്ടുവന്നു. അതിൽ മടക്ക് നിവരാത്ത പത്ത് രൂപ നോട്ടുകളും അൻപത് രൂപ നോട്ടുകളും നൂറു രൂപ നോട്ടുകളും ഉണ്ടായിരുന്നു.

 

“എന്താ രാജി ഇത് നിനക്ക് എവിടുന്നാ ഈ പണം?”

 

ഒരു വരുമാനവും ഇല്ലാത്ത തന്റെ ഭാര്യയുടെ പക്കൽ കണ്ട പൈസയുടെ സ്രോതസ്സ് എവിടെ നിന്നാണെന്ന് അവന് വ്യക്തമായില്ല.

 

“ഇത് പലപ്പോഴായി ഗിരീഷേട്ടൻ തന്നെ എനിക്ക് തന്നിട്ടുള്ളതാണ്. ഇടയ്ക്കൊക്കെ അലക്കാൻ ഷർട്ട് എടുക്കുമ്പോൾ അതിൽ നിന്നും കിട്ടും പത്തും ഇരുപതും ഒക്കെ…

 

അമ്മയോട് പറഞ്ഞപ്പോൾ അമ്മ പറഞ്ഞു അത് തിരികെ കൊടുക്കേണ്ട എന്നോട് എടുത്തു വെച്ചോളാൻ.ഞാൻ അതെല്ലാം ചെലവാക്കാതെ സൂക്ഷിച്ചു വെച്ചു.

 

പിന്നെ ഇന്ന് അച്ചാർ ഉണ്ടാക്കിക്കൊടുത്തതിന് ശാന്തേച്ചിയും കുറച്ച് പൈസ തന്നു വേണ്ടെന്ന് പലവട്ടം പറഞ്ഞിട്ടും അവർ നിർബന്ധിച്ചു തന്നതാ..”

 

” നാളെ ഒരു ദിവസം ലീവ് എടുത്താലും ദാ ഇതുകൊണ്ട് കാര്യങ്ങൾ നടത്താം. ഗിരീഷേട്ടന്റെ ആരോഗ്യത്തിനേക്കാൾ വിലമതിക്കുന്നതല്ലല്ലോ എനിക്ക് ഈ നോട്ടുകൾ”

 

തന്റെ ഭാര്യയിൽ ഒരുപാട് അഭിമാനം തോന്നിയ നിമിഷം അവനവളെ തന്നോട് ചേർത്തു പിടിച്ചു.

 

” പിന്നെ ഗിരീഷേട്ടാ… ശാന്തേച്ചിയുടെ നാത്തൂൻ എന്നോട് ഒരു കാര്യം പറഞ്ഞു. അച്ചാർ ഉണ്ടാക്കി വിറ്റുകൂടെ എന്ന്… അവരുടെ പരിചയത്തിൽ തന്നെ വാങ്ങാൻ ആളുകളെ സംഘടിപ്പിച്ചു തരാമെന്ന്…

 

പിന്നെ രുചിയുള്ളതാണേൽ ആളുകൾ വീണ്ടും വീണ്ടും വാങ്ങുമല്ലോ.. നമുക്ക് ഇതൊരു ബിസിനസ് ആക്കിയാലോ? എന്തു പറയുന്നു ഗിരീഷേട്ടാ? ”

 

“നിനക്ക് അതിനുള്ള ആത്മവിശ്വാസം ഉണ്ടെങ്കിൽ അതൊരു നല്ല കാര്യമാണ്. എന്ത് ചെയ്യുകയാണെങ്കിലും നിന്റെ സന്തോഷമാണ് വലുത് എന്തിനും ഞാൻ കൂടെയുണ്ട്.”

 

ആ വാക്കുകൾ വീണ്ടും അവളിൽ ആത്മവിശ്വാസം പകർന്നു.

 

“ഇത്രനാളും എനിക്ക് എന്നിൽ ഒരു വിശ്വാസമുണ്ടായിരുന്നില്ല ഗിരീഷേട്ടാ..

 

പക്ഷേ ഇന്ന് മറ്റുള്ളവർ എന്റെ പാചകത്തെ കുറിച്ച് നല്ലത് പറഞ്ഞപ്പോൾ അതിൽ നിന്നും ജീവിതത്തിൽ ആദ്യമായി കുറച്ച് തുക വരുമാനമായി ലഭിച്ചപ്പോൾ എന്തുകൊണ്ട് ഇത് മുന്നോട്ട് കൊണ്ടുപോയി കൂടാ എന്നൊരു തോന്നൽ.”

 

“ഗിരീഷേട്ടന് ഒരു ദിവസം വിശ്രമം വേണ്ടിവന്നാലും എനിക്ക് വരുമാനം ഉണ്ടാകുമല്ലോ..

 

നമുക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ അത് കൂടുതൽ സന്തോഷം തരികയും ചെയ്യും എന്തായാലും ഞാൻ മനസ്സിൽ ഉറപ്പിച്ചു ഗിരീഷേട്ടാ…. നാളെ മുതൽ ഇനി ഇത് എനിക്കൊരു വരുമാനം മാർഗ്ഗം കൂടിയായിരിക്കും എന്ന്.

 

സ്വന്തം കഴിവുകൾ തിരിച്ചറിയുമ്പോഴാണ് ഏതൊരു വ്യക്തിയും വിജയിക്കുക അല്ലെ ഗിരീഷേട്ടാ…”

 

തന്റെ ഭാര്യയുടെ വാക്കുകളിൽ മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തിൽ ആത്മവിശ്വാസം നിറഞ്ഞു നിൽക്കുന്നതായി അവന് തോന്നി.

 

അവളുടെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകാൻ താൻ കൂടെയുണ്ടെന്ന് പറയാതെ പറയുന്ന പോലെ അവൻ അവളുടെ കയ്യിൽ മുറുകെപ്പിടിച്ചുകൊണ്ട് ‘അതെ’ എന്നുള്ള അർത്ഥത്തിൽ തലയാട്ടി.

 

ഒരു മാസം കൊണ്ട് തന്നെ അവളുടെ പ്രയത്നം നല്ല രീതിയിൽ ഫലം കണ്ടു ആവശ്യക്കാർ നേരത്തെ തന്നെ ഓർഡറുകൾ കൊടുക്കാൻ തുടങ്ങിയതോടെ നിന്ന് തിരിയാൻ സമയമില്ലാതായി.

 

സാധനങ്ങൾ വാങ്ങാനും അത് ആവശ്യക്കാരിലേക്ക് എത്തിക്കാനും ഗിരീഷ് സഹായിക്കുമെങ്കിൽ പാചകപണിയിലും പാക്കിങ്ങിലും എല്ലാം അമ്മയും ഒപ്പം കൂടി.

 

കിടക്കാൻ നേരം രാവിലെ എന്തുണ്ടാക്കണം എന്ന് മാത്രം ചിന്തിച്ചിരുന്ന അവളിപ്പോൾ നാളെ എത്ര പേരിലേക്ക് ഓർഡർ എത്തിക്കണമെന്ന് കൂടി ചിന്തിക്കാൻ തുടങ്ങി.

 

ഒരു വീട്ടമ്മയിൽ നിന്ന് സ്വപ്നങ്ങൾക്ക് ചിറകു വിരിച്ചു പറന്ന ഒരു സംരംഭക യിലേക്ക് എത്ര വേഗമാണ് അവൾക്ക് പരിണാമം സംഭവിച്ചത്… മനോഹരമായ ഒരു പരിണാമം

Leave a Reply

Your email address will not be published. Required fields are marked *