നീയെന്നാത്തിനാ എന്റെ അവിടെ ഒക്കെ പിടിക്കുന്നെ സത്യാ? ” പുക നിറഞ്ഞ മുറിയിൽ മൂക്കിൽ വലിച്ചു കയറ്റിയ പൊടിയുടെ

ലഹരി

(രചന: Kannan Saju)

 

” നീയെന്നാത്തിനാ എന്റെ അവിടെ ഒക്കെ പിടിക്കുന്നെ സത്യാ? ”

 

പുക നിറഞ്ഞ മുറിയിൽ മൂക്കിൽ വലിച്ചു കയറ്റിയ പൊടിയുടെ ആലസ്യത്തിൽ ചുറ്റും കറങ്ങുന്ന ഭൂമിയെ സാക്ഷി ആക്കി, അവളുടെ മാറിടത്തിലൂടെ കയ്യടിച്ചു കൊണ്ടിരിക്കുന്ന സത്യയോട് വർഷ ചോദിച്ചു…

 

ഇടയ്ക്കിടെ അടഞ്ഞു പോകുന്ന കണ്ണുകൾ പിടിച്ചു തുറപ്പിച്ചു കൊണ്ട് അർത്ഥം വെച്ച ചിരിയോടെ സത്യ മറുപടി നൽകി ” ഇതൊക്കെ ഒരു എന്റർടൈൻമെന്റ് അല്ലെ?? ”

 

” ഇതിനാണോ നീ എന്നെ ഇങ്ങോട് വിളിച്ചോണ്ട് വന്നത്?? ”

 

” അതും ഇതും പറയാതെ ഇതും കൂടി അങ്ങ് വലിച്ചെന്നെ ” അവൻ atm കാർഡിൽ വെള്ള പൊടി ഇട്ടു അവൾക്കു നൽകി… അവൾ അത് ആഞ്ഞു വലിച്ചു.

 

റിസോർട് മുറിയിലെ ആ പാർട്ടിയിൽ സത്യയുടെ കൂട്ടുകാർ നാല് പെൺകുട്ടികളും എട്ടു ആൺകുട്ടികളും വേറേം ഉണ്ടായിരുന്നു.

വർഷക്ക് ബോധം വരുമ്പോൾ എല്ലാം അവൻ പൊടി കൊടുത്തു കൊണ്ടിരുന്നു.

 

രണ്ടു ദിവസം കടന്നു പോയി… തിങ്കളാഴ്ച രാവിലെ അവൾ കണ്ണുകൾ തുറന്നു… തലയിൽ എന്തോ കയറ്റി വെച്ച പോലെ അവൾക്കു തോന്നി.. അത്രക്കും ഭാരം.. കണ്ണുകൾ മങ്ങി ഇരിക്കുന്നു… അടച്ചു തുറന്നു…

 

ഒരു ഞെട്ടലോടെ ആ സത്യം അവൾ മനസ്സിലാക്കി. തന്റെ ദേഹത്ത് ഒരു തുണ്ട് തുണി ഇല്ല.. നിലത്തു കിടക്കുന്നു.. കഞ്ചാ വിന്റെ ഗന്ധം മൂക്കിൽ തുളച്ചു കയറുന്നു.

 

നിലത്തു അങ്ങിങ്ങായി ബിയർ കുപ്പികളും ഭക്ഷണ അവശിഷ്ടങ്ങളും. അവളുടെ അപ്പുറവും തുണി ഇല്ലാതെ കിടക്കുന്നതു വേറെ രണ്ടു ചെറുക്കന്മാർ. അവളുടെ കണ്ണുകൾ നിറഞ്ഞു.

 

മുറിയിലേക്ക് വന്ന സത്യ ” ആഹാ.. എണീറ്റോ??? ”

 

അവൾ കലങ്ങിയ കണ്ണുകളോടെ അവനെ മുഖമുയർത്തി നോക്കി ” നീ എന്നെ എന്നാടാ ചെയ്തേ??? ” വിങ്ങി പൊട്ടി

 

” അയ്യേ… നീയല്ലേ പറഞ്ഞെ അവനുമായി ബ്രേക്ക്‌ അപ്പ്‌ ആയി… സമാധാനം ഇല്ല.. കാശില്ലാത്തൊണ്ടു ആരും കമ്പനീയും ഇല്ലാന്ന്…

 

ഇപ്പൊ ഒരു വൈബ് ആയില്ലേ.. ഇനി ഞങ്ങളൊക്കെ ഇല്ലേ??? ഞങ്ങടെ കൂടെ ഒന്ന് നിന്നു തന്നാ മതി.. എത്ര ക്യാഷ് വേണേലും നമുക്കിണ്ടാക്കാം ”

 

” പ്ഫൂ…. ഞാൻ നിന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലായിരുന്നോടാ… എന്നിട്ടും എങ്ങനാടാ എന്നെ മ യക്കുമരുന്നും തന്നു കൂട്ടിക്കൊടുക്കാൻ നിനക്ക് തോന്നിയത്?? ”

 

” ഹ… നീ ഇത് വല്യ കാര്യമാക്കൊന്നും വേണ്ട.. ഇവന്മാർ എട്ടു പേരും നല്ല പണ ചാക്കുകളാ… ഇടയ്ക്കൊക്കെ ഇങ്ങനെ വരും… അന്നേരം ഒന്ന് സന്തോഷിപ്പിച്ചു കൊടുത്താ മതി.. ദാ ഇവളുമാർക്ക് അറിയാം..

 

ഈ നാലിനേം ഇവന്മാർക്ക് മുട്ടിച്ചു കൊടുത്തത് ഞാനാ.. പിന്ന ഇടയ്ക്കു ഞാൻ ചില സാധനങ്ങൾ തരും.. ചില അഡ്രസ്സും… അവിടെ സാധനം കൊണ്ട് എത്തിക്കുമ്പോ നല്ലൊരു തുകയും ”

 

” പോയി നിന്റെ അമ്മയോട് പറയടാ നാറി ”

 

” എടി പട്ടിക്കുണ്ടായവളെ… കഴിഞ്ഞ രണ്ടു ദിവസത്തെ വീഡിയോ എന്റെ കയ്യിൽ കിടപ്പുണ്ട്.. നീ അടിച്ചു കിക്കായി ഇവന്മാരുടെ ഒപ്പം ഉഴുതു മറിഞ്ഞത്…

 

മര്യാദക്ക് അല്ലെങ്കിൽ അത് നാട്ടുകാര് കാണും… നീയല്ല നാട്ടിലുള്ള നിന്റെ കൂലിപ്പണിക്കാരി തള്ളയെ വേണേ ഞാൻ ഇവന്മാർക്ക് കൂട്ടി കൊടുക്കും.. നിന്റപ്പൻ ചത്തെ പിന്നെ നല്ലൊരു കളി കിട്ടാൻ കാത്തിരിക്കുവായിരിക്കും… ”

 

” നീയൊക്കെ മനുഷ്യനാണോടാ??? എന്നോട് ഇത്രേം ചെയ്തിട്ട് എന്റെ അമ്മേനേം പറയാൻ ”

 

” തുണി മാറി കോളേജിൽ പോവാൻ നോക്കടി ” അവൻ ചിരിച്ചു കൊണ്ട് പുറത്തേക്കു നടന്നു

 

” ചേച്ചി ”

 

ആ പെൺകുട്ടികളിൽ ഒരാൾ വിളിച്ചു…

 

” ഇവിടെ വന്നു പെട്ടാൽ ഇനി രക്ഷ ഇല്ല ചേച്ചി.. സത്യയുടെ ഫ്രണ്ടിന്റെ ലവ്വർ ആയിരുന്നു ഞാൻ…

 

ഒരിക്കൽ സത്യ ഞങ്ങക്ക് ഇവിടെ റൂം അറേഞ്ച് ചെയ്ത് തന്നു.. രാത്രി അവന്മാർ എന്റെ ചെക്കനെ കെട്ടിയിട്ടിട്ടു അവന്റെ മുന്നിൽ വെച്ച് എന്നെ… ”

 

ഇരുവരും കുറച്ചു നേരം മൗനം പാലിച്ചു…

 

അവൾ വീണ്ടും ” അന്ന് മുതൽ തുടങ്ങിയതാ ഈ മരുന്നടിയും കിടന്നു കൊടുപ്പും… പെണ്ണുങ്ങൾ സംശയിക്കപ്പെടാൻ സാധ്യത ഇല്ലാത്തത് കൊണ്ട് മരുന്നുകൾ മുഴുവൻ ഞങ്ങളെ വെച്ചാ വിക്കുന്നെ..

 

ദോ ആ ചേച്ചി ഇല്ലേ? അവര് സ്വന്തം ഇഷ്ടത്തിന് തുടങ്ങിയതാ.. പാവപ്പെട്ട വീട്ടിലയാ.. പക്ഷെ അച്ഛൻ അയക്കുന്ന പൈസ ഹോസ്റ്റൽ ഫീസിന് പോലും തികയില്ല..

 

പുള്ളിക്കാരിക്കണേ ഒരുപാടു ആഗ്രഹങ്ങളും.. ഐ ഫോൺ, സ്കൂട്ട്ർ, ബ്രാൻഡഡ് ഡ്രസ്സ്‌ അങ്ങനെ.. ഇപ്പൊ എല്ലാം ഉണ്ട്.. അങ്ങനെയും ചിലർ.. വെറുപ്പിക്കാൻ നിക്കണ്ട ചേച്ചി.. കൊല്ലാനും മടിക്കില്ല ”

 

കിട്ടിയ ഡ്രസ്സ്‌ വാരി കൂട്ടി ഇട്ടു ഇറങ്ങി നടന്നു.. കാലുകൾ വേക്കുന്നുണ്ടായിരുന്നു… ഫോൺ ഓൺ ചെയ്തതും അമ്മയുടെ കോള് വന്നു

 

” ഇതെവിടായിരുന്നു മോളെ ??? ഫോൺ കേടായിരുന്നോ??? ”

 

” അത്. അമ്മേ.. ”

 

” സാരില്ല. അമ്മ പേടിച്ചു പോയി… ആരുടേലും ഫോണിന്നു അമ്മേനെ ഒന്ന് വിളിച്ചു പറഞ്ഞൂടെ നിനക്ക്? ”

 

” സോറി അമ്മ ”

 

” ഉം.. പിന്നെ അമ്മ ഹോസ്റ്റൽ ഫീസ് അയപ്പിച്ചിട്ടുണ്ട്… ഉണ്ണിക്കു പൈസ കൊടുത്തു, അവൻ ഫോണിന്നു ഇട്ടോളാം അമ്മായി വെറുതെ ബാങ്കിലേക്ക് പോവണ്ടാന്ന് പറഞ്ഞു.. കയറിയൊന്നു നോക്കണേ മോളെ.. ”

 

” ഉം ”

 

” ആ പിന്നെ മോളെ, ഇപ്രാവശ്യം 500 കൂടുതൽ ഇടാൻ അമ്മേടെൽ ഉണ്ടായിരുന്നുള്ളു…. ജപ്തി ഒഴിവാക്കാൻ താലിമാലേം വെക്കേണ്ടി വന്നു.. എന്നിട്ടും തികഞ്ഞില്ല! പിന്നെ അമ്മായിടെ വളയും കൂടി വാങ്ങി വെച്ചു ”

 

വർഷയുടെ കണ്ണുകൾ നിറഞ്ഞു

 

” അയ്യോ മോളു വിഷമിക്കാൻ പറഞ്ഞതല്ല.. പറഞ്ഞ കൂട്ടത്തിൽ പറഞ്ഞുന്നെ ഉള്ളു.. ഫൈനൽ എക്സാം വരുവല്ലേ..

 

നന്നായി പഠിക്കണം… അമ്മേടെ കഷ്ടപ്പാട് തീർക്കാൻ അല്ല, എന്റെ മോളു നന്നായി ജീവിച്ചു കാണാൻ… ആ മോളെ അമ്മാവൻ വരണ്ടു ഞാൻ പിന്നെ വിളിക്കാവേ ”

 

അമ്മ ഫോൺ വെച്ച് പോയി… വർഷ റോഡരികിലെ ഒരു തിട്ടിൽ തളർന്നിരുന്നു..അമ്മയെ ഓർത്തപ്പോൾ വീണ്ടും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

 

” മുന്നിൽ നിന്നു ചിരിക്കുന്നവർ എല്ലാം കൂട്ടുകാരാവണം എന്നില്ല… സുഖിപ്പിക്കുന്ന വാക്കുകൾ കൊണ്ട് പുകഴ്ത്തുന്നവരെല്ലാം നമ്മുടെ നല്ലതാഗ്രഹിക്കുന്നവർ ആവണം എന്നില്ല..

 

നമ്മളെ പറ്റി എല്ലാം അറിയുന്നവർ വിചാരിച്ചാൽ ഒരു നിമിഷം കൊണ്ട് നമ്മളെ നശിപ്പിക്കാവുന്നതേ ഉള്ളു ” എന്നെല്ലാം അമ്മ പറയാറുള്ള വാക്കുകൾ അവളുടെ ഉള്ളിൽ ഇരമ്പി.

 

” എന്നായാലും അവൻ ഇനിയും എന്നെ വിളിക്കും. വേട്ടയാടും…..

 

ഈ ജീവിതം മുഴുവൻ അവനു വേണ്ടി കച്ചവടം നടത്തിയും കിടന്നു കൊടുത്തും ലഹരിക്ക് അടിമയായും പേടിച്ചു ജീവിക്കണോ? ”

 

ആ ചോദ്യം അവൾ അവളോട്‌ തന്നെ കുറെ ചോദിച്ചു… ഒടുവിൽ ഉത്തരം ചെന്ന് നിന്നത് പോലിസ് സ്റ്റേഷന് മുന്നിൽ ആയിരുന്നു.

 

എല്ലാ ധൈര്യവും സംഭരിച്ചു അവൾ ci യുടെ മുന്നിൽ ഇരുന്നു തന്റെ തെറ്റുകൾ അടക്കം നടന്നതെല്ലാം പറഞ്ഞു.

 

” ഇതിന്റെ പേരിൽ എന്നാ ശിക്ഷ വേണേലും ഞാൻ അനുഭവിക്കാം സർ… പക്ഷെ ഇനി ഒരിക്കൽ പോലും അറഞ്ഞു കൊണ്ട് ഇത് ഞാൻ ചെയ്യില്ല… എനിക്ക് ജീവിക്കണം സർ.. എനിക്ക് സംരക്ഷണം വേണം ”

 

അദ്ദേഹം എണീറ്റു അവളുടെ തോളിൽ കൈ വെച്ചു… മോളു വിഷമിക്കണ്ട, ബാക്കി ഞങ്ങള് നോക്കിക്കോളാം.തെറ്റ് പറ്റി എന്ന് തോന്നിയപ്പോ തിരുത്താൻ ഉള്ള മനസുണ്ടായില്ലേ?

അതാണ്‌ വേണ്ടത്..

 

ഭയത്തോടെ മറഞ്ഞു നിൽക്കുമ്പോഴാ വീണ്ടും വീണ്ടും ഉപയോഗിക്കാപ്പെടുന്നതും മോളെ പോലെ മറ്റു കുട്ടികളും വലയിൽ വീഴുന്നതും.

ഇതൊരു തുടക്കം ആവട്ടെ… പ്രതികരണങ്ങൾ ഇനിയും ഉണ്ടാവട്ടെ.. കൂടെ ഞങ്ങളും ഉണ്ടാവും.

Leave a Reply

Your email address will not be published. Required fields are marked *