അമ്മായി അമ്മയും നാത്തൂനും എന്നെ അവിടെ ഇട്ട് കുറേ കഷ്ടപ്പെടുത്തി. രാവിലെ അഞ്ചുമണിക്ക് എണീറ്റ് ജോലിയൊക്കെ ഒതുക്കണം

(രചന: ശിവ)

 

“ലോക്ക് ഡൌൺ തുടങ്ങി കഴിഞ്ഞാൽ പിന്നെ ഹോസ്റ്റൽ ഒക്കെ അടയ്‌ക്കണം. എല്ലാവർക്കും അവരവരുടെ വീടുകളിൽ പോകേണ്ടി വരും”

 

രാത്രി അത്താഴം കഴിക്കാൻ ഹാളിൽ എല്ലാവരും ഇരിക്കുമ്പോഴാണ് വാർഡൻ വന്ന് ഇക്കാര്യം എല്ലാവരെയും അറിയിക്കുന്നത്.

 

കൊറോണ വൈറസ് കാരണം പ്രധാന മന്ത്രി ലോക്ക് ഡൌൺ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് മാസത്തേക്കിനി എല്ലായിടവും അടച്ച് പൂട്ടും. തനിക്കിനി രണ്ട് മാസത്തേക്ക് ജോലിക്ക് പോകേണ്ടിയും വരില്ല. എല്ലാവരും അവരവരുടെ വീടുകളിലേക്ക് പോകും. പക്ഷേ താനെവിടെ പോകും. ആ ചിന്ത അവളെയൊന്ന് ഭയപ്പെടുത്തി.

 

ഞായറാഴ്ച ദിവസം ഇരുപത്തി നാല് മണിക്കൂർ ലോക്ക് ഡൌൺ ട്രയൽ നടത്തി നോക്കി. ഇനി മാർച്ച്‌ ഇരുപത്തി മൂന്ന് കഴിഞ്ഞാൽ എല്ലാം അടച്ചിടും. ഇന്ന് ഇരുപത്തി ഒന്നാണ്. തനിക്ക് മുന്നിൽ ഇനി രണ്ട് ദിവസമാണ് അവശേഷിക്കുന്നത്.

 

എങ്ങോട്ട് പോകും താൻ ആരുടെ അടുത്തേക്കാ പോവാ. ഭർത്താവിന്റെ വീട് ഉപേക്ഷിച്ചു ഇറങ്ങിയോണ്ട് തന്നെ സ്വന്തം വീട്ടിൽ പോലും കയറ്റില്ല. ആകെ പെട്ട അവസ്ഥയാണ്.

 

ഓരോന്നോർത്തപ്പോൾ ഭക്ഷണം പോലും ഇറക്കാൻ കഴിയാനാവാതെ വിദ്യ വീർപ്പുമുട്ടി.

 

“ഹോസ്റ്റൽ അടച്ചാൽ നീ എങ്ങോട്ട് പോവും വിദ്യേ.?”

 

രാത്രി കിടക്കാൻ നേരം റൂം മേറ്റ് സന്ധ്യ അവളോട് ചോദിച്ചു.

 

“അറിയില്ലെടി. കേറിചെല്ലാൻ ഒരിടം എനിക്കില്ല. കൂട്ടുകാരികളുടെ വീട്ടിൽ പോയി നിൽക്കാനും പറ്റില്ലല്ലോ. രണ്ട് മാസം അല്ലെ അടച്ചിടുന്നത്. എന്ത് ചെയ്യണമെന്ന് ഒരു രൂപവുമില്ല.”

 

“രണ്ട് മൂന്നു ദിവസം ഒക്കെ ആയിരുന്നെങ്കിൽ ഞാൻ എന്റെ വീട്ടിൽ കൊണ്ട് പോയേനെ.”

 

“എന്തെങ്കിലും വഴി കണ്ടെത്തണം.” ഇരുട്ടിലേക്ക് തുറിച്ചു നോക്കി വിദ്യ കിടന്നു.

 

“നിനക്ക് നിന്റെ വീട്ടിൽ പൊയ്ക്കൂടേ.”

 

“അവിടെ എന്നെ കയറ്റില്ല. എല്ലാവർക്കും എന്നോട്‌ വെറുപ്പാണ്. അവരുടെ കണ്ണിൽ ഞാൻ തന്നിഷ്ടകാരിയും അഹങ്കാരിയും നിഷേധിയും ഭർത്താവിനെ അനുസരിക്കാത്തവളുമാണ്.”

 

“ഞാൻ നിന്നോടിത് വരെ ഒന്നും ചോദിച്ചിട്ടില്ല. ശരിക്കും എന്താ നിന്റെ പ്രോബ്ലം. നീയെന്തിനാ ഭർത്താവിനെ ഉപേക്ഷിച്ചു ഹോസ്റ്റലിൽ വന്നു നിൽക്കുന്നത്.”

 

സന്ധ്യയുടെ ചോദ്യം വിദ്യയെ പഴയ ഓർമ്മകളിലേക്ക് കൊണ്ട് പോയി.

 

“മൂന്നു വർഷം മുൻപ് ഞാൻ ഡിഗ്രി അവസാന വർഷം പഠിച്ച് കൊണ്ടിരിക്കുമ്പോഴാ വാട്ടർ അതോർറ്റിയിൽ ജോലിയുള്ള ജയേട്ടന്റെ ആലോചന വരുന്നത്.

 

എനിക്ക് താഴെ ഒരു അനിയത്തി കൂടി ഉള്ളോണ്ട് അച്ഛനെന്നെ അയാൾക്ക് കെട്ടിച്ചു കൊടുത്തു. ഭാഗ്യത്തിന് കോളേജ് പോയി കോർഴ്സ് കംപ്ലീറ്റ് ചെയ്യാനുള്ള അനുവാദം കിട്ടി. പക്ഷേ ഞാനൊരു ജോലിക്ക് പോണത് ആ വീട്ടിൽ ആർക്കും ഇഷ്ടമില്ലായിരുന്നു.

 

രാവിലെ ആ വീട്ടിലെ സകല പണിയും ചെയ്തിട്ടാണ് ഞാൻ പഠിക്കാൻ പോയിരുന്നത്. ആറു മാസം കഴിഞ്ഞു കോഴ്സ് കംപ്ലീറ്റ് ചെയ്ത് പിന്നെ വീട്ടിൽ ഇരിപ്പായി. ജയേട്ടനൊരു അനിയത്തി കൂടി ഉണ്ട്. അമ്മായി അമ്മയും നാത്തൂനും എന്നെ അവിടെ ഇട്ട് കുറേ കഷ്ടപ്പെടുത്തി.

 

രാവിലെ അഞ്ചുമണിക്ക് എണീറ്റ് ജോലിയൊക്കെ ഒതുക്കണം. എല്ലാ പണിയും കഴിഞ്ഞു വെറുതെ ഇരുന്നാലും ഓരോന്നും പറഞ്ഞു ചൊറിഞ്ഞോണ്ട് വരും. ടീവി കാണാൻ സമ്മതിക്കില്ല, മൊബൈൽ നോക്കികൂടാ, ഭർത്താവുമൊത്തു തനിച്ചോന്ന് പുറത്തു പോയി വരാൻ പാടില്ല, ചുരിദാർ ഇട്ടാൽ ഷാളും കൂടി ഇടണം, എനിക്കിഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കാൻ പാടില്ല അവർക്കിഷ്ടമുള്ളത് വച്ച് വിളമ്പി കൊടുക്കണം.

 

എപ്പോഴും ഞാൻ ഓരോ പണി ചെയ്തോണ്ടിരിക്കണം. ജയേട്ടനോട് ഇതൊക്കെ പറഞ്ഞാ ആൾക്ക് ഒരു മൈൻഡ് ഇല്ല. രാത്രിയിലെ അയാളുടെ ആവശ്യങ്ങൾ നടന്ന് കിട്ടിയാൽ മതി. ജയേട്ടനും ഒരു പെങ്ങൾ ഉണ്ട് നാളെ അവളും ഒരു കുടുംബത്തു കേറി ചെല്ലാനുള്ളതാണ് എന്നൊരു ചിന്തയില്ല.

 

ഒരു ജോലിക്ക് പോണമെന്നു പറഞ്ഞപ്പോൾ എനിക്കെന്താ അവിടെ കുറവ് എന്നാ തിരിച്ചു ചോദിച്ചത്. നക്കാ പിച്ച കാശിന് ഞാൻ ജോലിക്ക് പോണത് അയാളുടെ സ്റ്റാറ്റസിന് ചേർന്നതല്ല പോലും.

 

കാര്യങ്ങൾ എന്റെ വീട്ടിൽ അവതരിപ്പിച്ചപ്പോൾ ജയേട്ടനും വീട്ടുകാരും പറയുന്നത് കേട്ട് അടങ്ങി ഒതുങ്ങി നിക്കണം വീട്ടിലേക്ക് ഓടികേറി വരാൻ നിക്കരുത്. കല്യാണം കഴിപ്പിച്ചു വിട്ട മക്കൾ കെട്ടിച്ചു വിട്ട വീട്ടിൽ വേണം തുടർന്ന് ജീവിക്കാൻ, അവർക്ക് ഭാരമായി വന്ന് നിന്ന് അനിയത്തിയുടെ ഭാവി കൂടി ഇല്ലാതാക്കരുതെന്ന് പറഞ്ഞു നീണ്ട ഉപദേശം ആയിരുന്നു.

 

ആ വീട്ടിൽ എനിക്ക് മടുത്തിട്ട് സെപ്പറേറ്റ് മാറിതാമസിക്കാമെന്ന് ഞാൻ പറഞ്ഞപ്പോൾ ജയേട്ടൻ എന്നെ തല്ലി. ജയേട്ടന്റെ അമ്മയെയും അച്ഛനെയും അനിയത്തിയെയും നോക്കി അവിടുത്തെ ജോലിയും ചെയ്ത് അടങ്ങി ഒതുങ്ങി കഴിഞ്ഞില്ലെങ്കിൽ എനിക്ക് തന്നെയാ നഷ്ടമെന്നും സ്വന്തം വീട്ടിൽ പോലും എന്നെ കയറ്റില്ലെന്നും പറഞ്ഞു. പൈസ കൊടുക്കാതെ ഒരു വേലക്കാരി ആണ് അവർക്ക് വേണ്ടത്.

 

എനിക്ക് ജോലിക്ക് പോണമെന്നു പറഞ്ഞു സമ്മതിച്ചില്ല. പോകുമെന്ന് ഞാൻ വാശി പിടിച്ചപ്പോൾ ആ വീട്ടിൽ നിൽക്കുമ്പോ നടക്കില്ലെന്ന് പറഞ്ഞു. എന്റെ കൂടെ ജീവിക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ വേറെ വീടെടുത്തു വിളിച്ചാൽ കൂടെ വരാമെന്നും അല്ലെങ്കിൽ പിരിയാമെന്നും പറഞ്ഞു ഞാൻ ആ വീട്ടിൽ നിന്ന് ഇറങ്ങി.

 

മാസം മാസം അച്ഛന് എന്തെങ്കിലും കൈമടക്ക് കൊടുത്തു സഹായിക്കുന്ന ജയേട്ടൻ അവർക്ക് ദൈവത്തെ പോലെ ആയിരുന്നു. അതുകൊണ്ട് വീട്ടിലേക്ക് പോയ എന്നെ തിരികെ പറഞ്ഞു വിട്ടു. ഇറങ്ങി പോയ സ്ഥലത്ത് തിരിച്ചു ചെല്ലാൻ എന്റെ അഭിമാനം അനുവദിച്ചില്ല.

 

ഞാൻ ഹോസ്റ്റലിലേക്ക് താമസം മാറി. അടുത്തുള്ള സൂപ്പർ മാർക്കറ്റിൽ ബില്ലിംഗ് സ്റ്റാഫ് ആയി ജോലി കിട്ടി. എനിക്കൊരാൾക്ക് ജീവിക്കാനുള്ളതും മിച്ചം പിടിക്കാനും ഈ ശമ്പളം ധാരാളമായിരുന്നു.

 

ജയേട്ടൻ ഡിവോഴ്സ് ന് മൂവ് ചെയ്യുന്നുണ്ടായിരുന്നു. പക്ഷേ എന്റെ വീട്ടുകാർ അത് തടഞ്ഞു. അവരിപ്പോഴും ജയേട്ടന്റെ ഭാഗത്താണ്. വാശി കളഞ്ഞു ഞാൻ ചെന്നാൽ സ്വീകരിക്കാമെന്ന് എന്റെ അച്ഛനോട് അയാൾ പറഞ്ഞു.

 

ഇവിടെ അച്ഛനും അമ്മയും വന്ന് കുറേ ഉപദേശിച്ചു. ഞാൻ ചെവികൊണ്ടില്ല. ഡിവോഴ്സിന് എനിക്കും താല്പര്യമുണ്ടെന്ന് ഞാൻ ജയേട്ടനെ വിളിച്ചു പറഞ്ഞു. അതോടെ അയാൾക്ക് വാശി കേറി. ഞാൻ വേണ്ടെന്ന് വച്ചത് അയാൾക്ക് അപമാനമായി.

 

ആരോരുമില്ലാതെ എന്നെ ഒറ്റപ്പെടുത്തി ഒടുവിൽ ഗതികെട്ട് ഞാൻ അങ്ങോട്ട്‌ തന്നെ ചെല്ലുമെന്ന വിശ്വാസത്തിലാണ് ജയേട്ടൻ. അതിനായി എന്റെ ബന്ധുക്കൾക്കിടയിൽ എന്നെ മോശമായി ചിത്രീകരിച്ചു വച്ചിരിക്കുകയാണ് ജയേട്ടനും അമ്മയുമൊക്കെ.

 

ആദ്യമൊക്കെ എനിക്കത് നല്ല വിഷമം ആകുമായിരുന്നു. ഇപ്പൊ ഞാൻ അതൊന്നും കാര്യമാക്കാറില്ല. ഒറ്റയ്ക്ക് ജീവിക്കാൻ ധൈര്യമുണ്ട്. അയാൾക്ക് മടുക്കുമ്പോ ഇങ്ങോട്ട് വന്ന് ഡിവോഴ്സ് ആവശ്യപ്പെട്ടോളും. എനിക്കിപ്പോ അത് കിട്ടിയിട്ടും അത്യാവശ്യമൊന്നുമില്ല.

 

ഈ അവസ്ഥയിൽ ഞാനെങ്ങനെ എന്റെ വീട്ടിലേക്ക് കയറി ചെല്ലും. അവരെന്നെ ജയേട്ടന്റെ വീട്ടിലേക്ക് തല്ലി ഓടിക്കും.” വിദ്യ തന്റെ കഥ സന്ധ്യയോട് പറഞ്ഞു.

 

“നിന്നോട് എന്ത് പറയണമെന്ന് എനിക്കുമറിയില്ലെടി. സഹായിക്കാൻ കഴിയുമായിരുന്നെങ്കിൽ ഞാൻ നിന്നെ ഹെല്പ് ചെയ്തേനെ.”

 

രണ്ട് ദിവസം കഴിഞ്ഞു ഹോസ്റ്റൽ അടച്ചു. ഹോസ്റ്റൽ അന്തേവാസികൾ എല്ലാവരും തന്നെ അവരവരുടെ വീടുകളിലേക്ക് പോയി. വിദ്യയോട് യാത്ര പറഞ്ഞു സന്ധ്യയും പോയി.

 

വിദ്യ മാത്രം എങ്ങോട്ട് പോകുമെന്ന് അറിയാതെ വിഷമത്തോടെ ഹോസ്റ്റൽ മുറ്റത്തിരുന്നു. ഒരു വഴിയുമില്ലാതെ നിവൃത്തികേട് കൊണ്ട് വീട്ടുകാരെയും അടുത്ത ബന്ധുക്കളെയുമൊക്കെ അവൾ വിളിച്ചിരുന്നു. അവരൊക്കെ ജയന്റെ വീട്ടിൽ പോവാൻ ഉപദേശിച്ചു ഫോൺ കട്ട്‌ ചെയ്തു.

 

ഹോസ്റ്റൽ അടയ്ക്കുന്നതറിഞ്ഞു ജയനും അവളെ വിളിച്ചു കളിയാക്കിയിരുന്നു. അയാളുടെ വീട്ടിൽ മാത്രമേ പോവാൻ കഴിയുള്ളു എന്നും പറഞ്ഞ് ജയൻ അവളെ പരിഹസിച്ചു.

 

കടത്തിണ്ണയിൽ കിടക്കേണ്ടി വന്നാലും അയാളുടെ അടുത്തേക്ക് പോവില്ലെന്ന് അവൾ മനസ്സിലുറപ്പിച്ചു.

 

എല്ലാവരും പോയി കഴിഞ്ഞു ഹോസ്റ്റൽ ഗേറ്റ് അടച്ചു പൂട്ടി പുറത്തേക്കിറങ്ങിയ വാർഡൻ സൂസന്ന റോഡ് സൈഡിൽ വിഷമിച്ചു നിൽക്കുന്ന വിദ്യയെ കണ്ട് അവൾക്കടുത്തേക്ക് ചെന്നു.

 

“എന്ത് പറ്റി വിദ്യാ. താൻ ഇതുവരെ വീട്ടിലേക്ക് പോയില്ലേ.?”

 

അവരുടെ ചോദ്യം കേട്ട് ഒരു നിമിഷം എന്ത് പറയണമെന്നറിയാതെ അവൾ നിന്ന് വിയർത്തു.

 

“അത് പിന്നെ മാഡം… എനിക്ക്… ”

 

“എന്താടോ കാര്യം?” വിദ്യയുടെ മുഖം കണ്ടപ്പോൾ എന്തോ കാര്യമായ പ്രശ്നമുണ്ടെന്ന് സൂസന്നയ്ക്ക് തോന്നി.

 

ആദ്യമൊന്ന് മടിച്ചെങ്കിലും അവൾ തന്റെ അവസ്ഥ അവരോട് തുറന്നു പറഞ്ഞു.

 

“തനിക്ക് പ്രശ്നമൊന്നും ആവില്ലെങ്കിൽ എന്റെ കൂടെ എന്റെ വീട്ടിലേക്ക് പോന്നോളൂ. അവിടെ ഞാൻ മാത്രമേ ഉള്ളു. ഭർത്താവ് നേരത്തെ മരിച്ചു പോയി. ഒരു മോൾ ഉള്ളത് ഭർത്താവിനൊപ്പം ദുബായ് ൽ ആണ്. വീട്ടിൽ ഒറ്റയ്ക്ക് ആയോണ്ടാ ഞാനീ ജോലിക്ക് വന്നത്. വിദ്യയ്ക്ക് പോകാനൊരിടമില്ലെങ്കിൽ എനിക്കൊപ്പം വരാം. ലോക്ക് ഡൌൺ കഴിയുമ്പോൾ നമുക്ക് തിരിച്ചു വരാം.” സൂസന്നയുടെ വാക്കുകൾ കുളിർമഴ പോലെ അവൾക്ക് അനുഭവപ്പെട്ടു.

 

“ഞാൻ വരാം മാഡം. എങ്ങോട്ട് പോണമെന്നറിയാതെ വിഷമിച്ചു നിൽക്കുവായിരുന്നു ഞാൻ.”

 

“എങ്കിൽ വരൂ…”

 

സൂസന്നയ്ക്കൊപ്പം വിദ്യ അവരുടെ വീട്ടിലേക്ക് പോയി. ലോക്ക് ഡൌൺ കാലം കഴിയുന്നത് വരെ അവർക്കൊപ്പം സന്തോഷത്തോടെ അവളവിടെ കഴിഞ്ഞു. പഴയത് പോലെ ഓരോ മേഖലകളായി പ്രവർത്തനം തുടങ്ങിയപ്പോൾ സൂസന്നയ്ക്കൊപ്പം വിദ്യ തിരികെ ഹോസ്റ്റലിൽ എത്തി ജോലിക്ക് പോയി തുടങ്ങി.

 

ഇടയ്ക്കൊരു പ്രതിസന്ധി ഘട്ടം വന്നുവെങ്കിലും സൂസന്നയുടെ രൂപത്തിൽ ദൈവം അവളുടെ സഹായത്തിനെത്തിയത് കൊണ്ട് അവളത് അതിജീവിച്ചു. വിദ്യ വീണ്ടും സാധാരണ ജീവിതത്തിലേക്ക് തിരികെ വന്നു. ജയനെയോ വീട്ടുകാരെയോ ആശ്രയിക്കാതെ അന്തസ്സായി തലയുയർത്തി അവർക്ക് മുന്നിൽ അവൾ ജീവിച്ചു കാണിച്ചു.

Leave a Reply

Your email address will not be published. Required fields are marked *