(രചന: ഞാൻ ഗന്ധർവ്വൻ)
“ഒരു കാര്യം ചോദിച്ചാൽ സത്യം പറയോ…? വിഷ്ണു കാമത്തിന് വേണ്ടിയല്ലാതെ എപ്പോഴെങ്കിലും എന്നെ ആത്മാർത്ഥമായി പ്രണയിച്ചിട്ടുണ്ടോ…? അതായത് വിഷ്ണുവിന്റെ ഭാര്യയെ പ്രണയിക്കുന്ന പോലെ… സത്യം പറയണം”
ബെഡിൽ നിന്നും എഴുന്നേറ്റ് കണ്ണാടിയിൽ നോക്കി തന്റെ അഴിഞ്ഞ് കിടക്കുന്ന മുടി നേരെയാക്കുമ്പോഴാണ് ദേവി വിഷ്ണുവിനെ നോക്കി അങ്ങനൊരു ചോദ്യം ചോദിച്ചത്. അവൻ പുതപ്പിനുള്ളിൽ തന്നെയാണ്
“ഇതെന്താ ഇപ്പൊ ഇങ്ങനൊരു ചോദ്യം…? നിനക്ക് തോന്നുന്നുണ്ടോ ഞാൻ നിന്നെ പ്രണയിക്കുന്നില്ല എന്ന്”
“ഉം…”
അവളൊന്ന് മൂളി. എന്നിട്ട് വിഷ്ണുവിന്റെ അടുത്ത് പോയിരുന്നു
“എനിക്ക് മറുചോദ്യമല്ല, ഉത്തരമാണ് വേണ്ടത്”
വിഷ്ണു പതുക്കെ ബെഡിൽ നിന്നും എഴുന്നേറ്റിരുന്നു.
“ഇതെന്താടോ ഇങ്ങനത്തെ ചോദ്യങ്ങളൊക്കെ…? പ്രണയം ഇല്ലാത്തത് കൊണ്ടാണോ. നാല് വർഷമായി നമ്മളിങ്ങനെ…”
കുറച്ച് സമയം രണ്ടുപേരും മൗനത്തിൽ മുഴുകി…
“അതല്ല വിഷ്ണു. നീ എന്റെ കൂടെ ഫിസിക്കലായി എങ്ങനൊക്കെ ഇടപഴകിയാലും നേരം ഇരുട്ടി തുടങ്ങിയാൽ നിന്റെ ഹൃദയമിടിപ്പ് കൂടുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്…
വീട്ടിൽ പോണം… ഭാര്യ ഒറ്റക്കാണ്… എന്നൊക്കെയുള്ള നിന്റെ ചിന്തയാണ് നിനക്കവളോടുള്ള പ്രണയം… ആ പ്രണയം എന്നോട് നിനക്കുണ്ടോ എന്നാണ് എന്റെ ചോദ്യം”
വിഷ്ണു ഒന്ന് പുഞ്ചിരിച്ചു. അവൾ വിഷ്ണുവിനെ നോക്കി
“നിനക്കെന്നോടുള്ള റിലേഷൻ അവളോട് ചെയ്യുന്ന ചതിയാണ്. അത് എനിക്കും അറിയാം നിനക്കും അറിയാം പക്ഷേ, നീ അവളെ പ്രണയിക്കുന്നില്ല എന്ന് മാത്രം പറയരുത്”
വിഷ്ണു ബെഡിൽ നിന്നും ചാടിയിറങ്ങി
“നീ നിന്റെ ഭർത്താവിനെ വിളിച്ചേ…”
ദേവിയുടെ മുഖം ഭയം കൊണ്ട് ചുവന്നു
“എന്തിനാ…”
“ആഹാ അപ്പൊ പേടിയുണ്ടല്ലേ, ഇത് നിന്റെ സ്ഥിരം ഏർപ്പാടാണ്. വല്ലപ്പോഴുമേ ഒന്ന് നേരിൽ കാണൂ. കാണുമ്പോഴും, എല്ലാം കഴിയും വരെയും ഭയങ്കര സ്നേഹവും കൊഞ്ചലും ആയിരിക്കും. എല്ലാം കഴിഞ്ഞാൽ തുടങ്ങും കട്ട സെന്റി… ഞാൻ പോണ്…”
അന്നവർ ഇനി ഒരിക്കലും തമ്മിൽ കാണില്ല എന്ന് പറഞ്ഞ് കോൺടാക്ട് നമ്പറൊക്കെ ഡിലീറ്റ് ചെയ്ത് തല്ലി പിരിഞ്ഞു. ഫേസ്ബുക്കിലും ഇൻസ്റ്റയിലും ബ്ലോക്കും ചെയ്തു. കണ്ടപ്പോഴൊക്കെ ഒന്നിച്ചെടുത്ത ഫോട്ടോയും ഡിലീറ്റ് ചെയ്തു.
ഒരു മാസത്തിന് ശേഷം…
വിഷ്ണു: ന്റെ മുത്ത് ഉറങ്ങുന്നില്ലേ…
ദേവി : ഇപ്പൊ ഉറങ്ങേണ്ട, നേരം വെളുക്കാൻ ഇനീം അരമണിക്കൂർ ബാക്കിയുണ്ട്…
വിഷ്ണു: അടുത്ത തിങ്കളാഴ്ച നേരിൽ കാണുന്നത് കൺഫോം അല്ലേ…
ദേവി: ഉം…