അവളെ കിട്ടാത്തതിന്റെ ക,ഴ,പ്പാണ് നിനക്ക്. ഫോൺ ചാറ്റ് പൊക്കി പിടിച്ച് വന്നിരിക്കുന്നു, ആരാടോ ഈ കാലത്ത് അത്ര പെർഫെക്ട് ആയി ജീവിക്കുന്നവർ

(രചന: ഞാൻ ഗന്ധർവ്വൻ)

 

“നിങ്ങൾ നാട്ടിലില്ലാത്ത സമയത്ത് ഞാനും നിങ്ങളുടെ ഭാര്യയും തമ്മിൽ റിലേഷനിൽ ആയിരുന്നു. നിങ്ങൾക്ക് താല്പര്യം ഉണ്ടേൽ എനിക്കൊന്ന് സംസാരിക്കണം”

 

ഷോപ്പിലെ ഒഴിവ് സമയത്ത് ഫോണിൽ തോണ്ടി കളിച്ചോണ്ടിരിക്കുമ്പോഴാണ് പരിജയമില്ലാത്ത നമ്പറിൽ നിന്നും വാട്സാപ്പിൽ ഒരു മെസ്സേജ് വരുന്നത്. ആ മെസ്സേജ് വായിച്ചപ്പോൾ ഫൈസിയുടെ നെഞ്ച് പിടഞ്ഞു.

 

അപ്പോൾ തന്നെ ഫൈസി ആ നമ്പറിൽ വിളിച്ചു. കുറേ റിങ് ആയെങ്കിലും ഫോൺ എടുത്തില്ല.

 

ഫൈസിക്ക് ആകെ ടെൻഷനായി. ആരായിരിക്കും ആ മെസ്സേജ് അയച്ചത്. അവൻ ആകെ തലപുകച്ചു. പെട്ടെന്ന് ആ നമ്പറിൽ നിന്നും ഇങ്ങോട്ട് കോൾ വന്നു. ഫൈസി പെട്ടെന്ന് കോളെടുത്തു

 

“ഹലോ, ആരാണ് നിങ്ങൾ…?”

 

മറുപടി ഒരു പുഞ്ചിരിയായിരുന്നു. ഫൈസിക്ക് ദേഷ്യം വന്നു

 

“പറയൂ ആരാണ് നിങ്ങൾ…? എന്താണ് നിങ്ങളുടെ ഉദ്ദേശം…?”

 

“അത് നിന്റെ ഭാര്യയോട് ചോദിച്ചാൽ മതി, അവള് പറഞ്ഞു തരും ഞാൻ ആരാണ് എന്താണ് എന്നൊക്കെ”

 

“അങ്ങനെ ഭാര്യയോട് ചോദിച്ച് മനസിലാക്കാനാണെങ്കിൽ പിന്നെ താൻ എന്തിനാടോ എനിക്ക് മെസ്സേജ് അയച്ചേ…?”

 

പെട്ടെന്ന് അയാൾ ഫോൺ കട്ട് ചെയ്തു. ഫൈസി തിരിച്ച് വിളിച്ചെങ്കിലും അയാൾ ഫോണെടുത്തില്ല. കുറച്ച് സമയത്തിന് ശേഷം വാട്സാപ്പിൽ അയാൾ കുറേ സ്ക്രീൻ ഷോട്ടുകൾ അയച്ചു. അതെല്ലാം അയാളും ഫൈസിയുടെ ഭാര്യയും തമ്മിലുള്ള ചാറ്റുകൾ ആയിരുന്നു.

 

ഫൈസിയുടെ ഹൃദയം വേഗത്തിൽ ഇടിച്ചു. അവൻ അയാളെ തിരിച്ച് വിളിച്ചു, പക്ഷേ അയാൾ ഫോണെടുത്തില്ല. കുറേ വിളിച്ചിട്ടും അയാൾ ഫോൺ എടുക്കാഞ്ഞപ്പോൾ ഫൈസിക്ക് ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി.

 

അന്ന് വൈകുന്നേരം ഷോപ്പിൽ നിന്നും ഇറങ്ങിയ ഉടന്‍ ഫൈസി അയാളുടെ വാട്സാപ്പ് നമ്പറിലേക്ക് ഒരു വോയ്‌സ് മെസ്സേജ് അയച്ചു. വോയ്‌സ് അയച്ചു തുടങ്ങിയത് ഒരു പൊട്ടിച്ചിരിയിൽ ആയിരുന്നു

 

“എന്റെ പൊന്ന് സുഹൃത്തേ, ഒരു പക്ഷെ നിങ്ങള്‍ എന്റെ അടുത്ത് നിന്നും ഇങ്ങനെ ഒരു പ്രതികരണമാവില്ല പ്രതീക്ഷിച്ചിട്ടുണ്ടാവുക. സ്വന്തം ഭാര്യക്ക് ഒരു അവിഹിതം ഉണ്ടായിരുന്നു എന്ന് അറിയുന്ന തൊണ്ണൂറ്റി ഒമ്പത് ശതമാനം ഭര്‍ത്താക്കൻമാരും പൊട്ടിത്തെറിക്കും.

 

അവളെ ഡിവോഴ്സ് ചെയ്യും, ഇല്ലേൽ നാട്ടുകാരുടെ മുന്നിൽ അവളെ നാണം കെടുത്തും. പക്ഷെ ഞാന്‍ ആ തൊണ്ണൂറ്റി ഒമ്പത് ശതമാനത്തില്‍പ്പെട്ട ഭര്‍ത്താവല്ല. ഞാന്‍ അവശേഷിക്കുന്ന ആ ഒരു ശതമാനത്തില്‍പ്പെട്ട ഭര്‍ത്താവാണ്”

 

ഫൈസി ഒന്ന് നിറുത്തിയിട്ട് തുടര്‍ന്നു

 

“ഞങ്ങളുടെ വിവാഹം കഴിഞ്ഞ് കുറച്ച് മാസങ്ങൾക്ക് ശേഷം ഞാൻ ഗൾഫിലേക്ക് പറന്നു. ഗൾഫിൽ എത്തിയ ഞാൻ അവളോട് കൂടുതൽ സമയം ഫോണിൽ ചിലവഴിക്കാനോ അവളുടെ ആഗ്രഹങ്ങൾക്ക് അനുസരിച്ച് ജീവിക്കാനോ ഒരിക്കലും ശ്രമിച്ചിട്ടില്ല. കാരണം, എനിക്ക് അവിടെ സന്തോഷം കണ്ടെത്താൻ ഒരുപാട് കാമുകിമാർ ഉണ്ടായിരുന്നു.

 

ഞാൻ ഒരിക്കലും അന്ന് എന്റെ ഭാര്യയുടെ മനസ്സ് മനസിലാക്കാൻ ശ്രമിച്ചിട്ടില്ല. ഇപ്പൊ അവളാണ് എന്റെ എല്ലാം. അതോണ്ട് തന്നെയാണ് ഗൾഫ് ജീവിതം ഉപേക്ഷിച്ച് അവളുടേയും കുട്ടികളുടേയും ഒപ്പം ഇനിയുള്ള കാലം ജീവിക്കാൻ തീരുമാനിച്ചതും.

 

വേണമെങ്കില്‍ നിങ്ങൾ പറഞ്ഞ കാര്യങ്ങള്‍ വെച്ച് എനിക്കെന്റെ ഭാര്യയെ വീട്ടില്‍ കൊണ്ടാക്കാം, അല്ലേൽ ഡിവോഴ്സ് ചെയ്യാം, അതാണ് നിങ്ങൾക്ക് വേണ്ടതും. പക്ഷെ ഞാന്‍ അങ്ങനെ ചെയ്യണം എന്നുണ്ടെങ്കിൽ, ഞാൻ അത്രക്കും പെർഫെക്ട് ആയിരിക്കണം. നിർഭാഗ്യവശാൽ ഞാൻ നല്ലൊരു കോഴി ആയിരുന്നു മുമ്പ്”

 

ഫൈസി ഒന്ന് നിറുത്തി രണ്ടാമത്തെ വോയ്‌സ് റെക്കോർഡ് ചെയ്യാൻ ആരംഭിച്ചു

 

“എന്നെ തേടി വരുന്നതിന് മുന്നേ തീര്‍ച്ചയായും നിങ്ങള്‍ എന്റെ ഭാര്യയുടെ അടുത്ത് സംസാരിച്ചിട്ടുണ്ടാവണം, അവള്‍ ഇപ്പോഴും എന്നെ ചതിച്ച് നിങ്ങളുമായി രഹസ്യ ബന്ധം തുടരാൻ താല്പര്യം കാണിച്ചിരുന്നേൽ ഒരിക്കലും നിങ്ങള്‍ എന്റെ മുന്നില്‍ വരില്ലായിരുന്നു.

 

നിങ്ങളുടെ പ്രശ്നം എന്റെ ഭാര്യയുടെ സ്വഭാവ ഗുണങ്ങൾ എന്നെ അറിയിച്ച് എനിക്ക് നല്ലൊരു ജീവിതം ഉണ്ടാക്കി തരുക എന്നതല്ല.

 

പച്ചക്ക് പറഞ്ഞാൽ അവളെ കിട്ടാത്തതിന്റെ കഴപ്പാണ് നിനക്ക്. ഫോൺ ചാറ്റ് പൊക്കി പിടിച്ച് വന്നിരിക്കുന്നു, ആരാടോ ഈ കാലത്ത് അത്ര പെർഫെക്ട് ആയി ജീവിക്കുന്നവർ…? തെറ്റ് എല്ലാവർക്കും പറ്റും, അത് തിരുത്തി ജീവിക്കാൻ അവസരം കൊടുത്താൽ ആരും പിന്നീട് ആ തെറ്റിലേക്ക് പോവില്ല”

 

അവസാനമായി ഫൈസി അയാൾക്ക് ഒരു വോയ്‌സ് മെസ്സേജ് കൂടി അയച്ചു

 

“എന്റെ പ്രണയമോ സ്നേഹമോ ആശ്വാസ വാക്കുകളോ കിട്ടാഞ്ഞപ്പോൾ നിന്നെപ്പോലുള്ള നന്നായി സംസാരിക്കാൻ അറിയുന്ന ആളുകളെ പെട്ടെന്ന് കയ്യിലെടുക്കാൻ കഴിവുള്ള ഒരുത്തന്റെ വലയിൽ വീണെന്ന ബുദ്ധിയില്ലായ്മയെ എന്റെ ഭാര്യ ചെയ്തിട്ടൊള്ളൂ.

 

അത് ഞാനങ്ങട് സഹിച്ചു. ഈ സങ്കടം മാറാൻ നിങ്ങൾ ഒന്നെങ്കിൽ ഏതെങ്കിലും മുള്ള് മുരിക്കിൽ പോയി കയറി ആശ്വാസം കണ്ടെത്തുക അല്ലെങ്കിൽ മുറി അടച്ചിരുന്ന് നന്നായി ഒന്ന് പൊട്ടിക്കരയുക. സ്നേഹത്തോടെ ഫൈസി…”

 

കുറച്ച് സമയത്തിന് ശേഷം അയാൾ മെസ്സേജ് ഒക്കെ റീഡ് ചെയ്ത് തന്നെ ബ്ലോക്കിയിട്ടുണ്ടെന്ന് ഫൈസിക്ക് മനസിലായി. ഒന്ന് പുഞ്ചിരിച്ച് ഫൈസി ഭാര്യയെ വിളിച്ചു

 

“ടീ, നമുക്കൊരു ടൂർ പോയാലോ…? രണ്ട് മൂന്ന് ദിവസം അടിച്ച് പൊളിക്കാൻ”

Leave a Reply

Your email address will not be published. Required fields are marked *