എന്നെപ്പോലെ ഒരു സാധാരണ പെണ്ണിനെക്കൊണ്ട് അവനെന്താകും സാധിക്കാനുള്ളത്?

അവനിലേക്കുള്ള ദൂരം.

—————————————–

 

അവനിന്നാണ് എന്നെ കാണാൻ വരുമെന്ന് പറഞ്ഞിരുന്നത്, പക്ഷേ എന്തിനുവേണ്ടി?

 

ആ ചോദ്യത്തിനുള്ള ഉത്തരം എന്റെ കയ്യിൽ ഇല്ല.

 

ഉത്തരം ഇല്ലേ.. എന്നു ചോദിച്ചാൽ ഉണ്ട്. ഉത്തരം അല്ല വെറും ഊഹങ്ങൾ..

 

അവൻ എന്നോട് പറയാൻ പോകുന്നത് ഞാൻ മനസ്സ് കൊണ്ട് ആഗ്രഹിക്കുന്ന കാര്യങ്ങൾ ആകണമെന്ന്, അറിയാതെയെങ്കിലും ആഗ്രഹിച്ചു പോകുന്നു,

എങ്കിലും ഒരുവേള മനസ്സ് അതിനെ തിരുത്തിക്കൊണ്ടേ ഇരിക്കുന്നു.

 

എന്തുകൊണ്ട് അവൻ തന്നെ?

അറിയില്ല..

അല്ലെങ്കിലും നമുക്ക് അറിയുന്നതിനെക്കാൾ കൂടുതൽ അറിയാത്ത കാര്യങ്ങൾ ആണല്ലോ..

 

വീശിയടിക്കുന്ന ഉപ്പ് രസമുള്ള കടൽക്കാറ്റിനൊപ്പം കരയെപ്പുൽക്കാൻ മത്സരിച്ചെത്തുന്ന തിരകളിലേക്ക്, ഇനിയെന്തെന്ന ചോദ്യവും പേറി അവൾ നോക്കി നിന്നു..

 

🔹

 

കൃഷ്ണന്റെ നടയിൽ പ്രാർത്ഥിച്ച്, പൂജാരി നൽകിയ തീർത്ഥം വാങ്ങി അല്പം കുടിച്ചിട്ട് ബാക്കി നെറുകിൽ ചാർത്തി. ശേഷം പ്രസാദം കൈക്കുമ്പിളിൽ ഏറ്റു വാങ്ങി തിരിഞ്ഞപ്പോഴാണ്, എന്നെ നോക്കി നിൽക്കുന്ന ആ ചെമ്പൻ കണ്ണുകൾ ആദ്യമായി എന്റെ ശ്രദ്ധയിൽ പെട്ടത്.

കർപ്പൂരത്തിന്റെയും ചന്ദനതിരികളുടെയും ഗന്ധത്തിനൊപ്പം അവനിൽ നിന്നും ഉയർന്നുകൊണ്ടിരിക്കുന്ന ചന്ദനത്തിന്റെ ഗന്ധവും അപ്പോൾ എന്നെ വലയം ചെയ്തു.

 

നീലക്കണ്ണുകൾ കണ്ടാൽ അതിനുള്ളിൽ ആർത്തിരമ്പുന്ന ഒരു കടൽ ഒളിപ്പിച്ചു വച്ചിരിക്കുമെന്ന് തോന്നുന്നതുപോലെ, ആ ചെമ്പൻ കണ്ണുകളിൽ ഞാൻ കണ്ടത് ഒരു മരുഭൂമിയുടെ അനന്തത ആയിരുന്നു.

അതിവിശാലവും ചുട്ട് പഴുത്ത് എപ്പോഴും മണൽകാറ്റ് വീശിയടിച്ചു കൊണ്ടിരിക്കുന്ന ദുരൂഹതകൾ നിറഞ്ഞു നിൽക്കുന്ന മരുഭൂമി.

 

“എന്താ ഇങ്ങനെ നോക്കുന്നത്?”

 

 

വിരൽ ഞൊടിച്ചുകൊണ്ട് അവൻ മുന്നിൽ വന്നു നിന്നപ്പോഴാണ്, അവന്റെ കണ്ണുകളിൽ എന്റെ കണ്ണുകൾ കുരുങ്ങിക്കിടക്കുകയാണെന്ന് ഞാൻ തിരിച്ചറിഞ്ഞത്.

 

ആ കണ്ണുകളുടെ അഗാധതയിൽ നിന്നും എന്റെ കണ്ണുകളെ മോചിപ്പിച്ചു കൊണ്ട്, ചുണ്ടുകളിൽ ചെറു പുഞ്ചിരി വരുത്തി അവിടെ നിന്നും പോന്നപ്പോൾ, എന്റെ ഹൃദയം ഞാൻ അവനടുക്കൽ മറന്നു വച്ചിരുന്നു.

 

ഒരിക്കൽ മാത്രം ഞാൻ കണ്ടിട്ടുള്ള ഒരു മുഖം എന്തിന് എന്നെ ഇങ്ങനെ അലോസരപ്പെടുത്തുന്നു എന്ന്, പല രാത്രികളിൽ ഉറക്കം കളഞ്ഞ് തിരിഞ്ഞും മറിഞ്ഞും കിടന്ന് ഞാൻ ചിന്തിച്ചിരുന്നു.

 

 

പിന്നെയും പല ദിവസങ്ങളിൽ അവനെ കണ്ടിരുന്നു.

അവനറിയാതെ അവനെ കാണാതെ കാണുകയായിരുന്നു ഞാൻ.

ഒരിക്കൽ പോലും അവൻ നിൽക്കുന്ന ഭാഗത്തേക്ക്‌ നോക്കാതെയിരിക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. അതുമല്ലെങ്കിൽ, എന്റെ കണ്ണുകൾ എന്നെ വഞ്ചിച്ചു അവനിലേക്ക് നീണ്ടു കൊണ്ടേയിരുന്നു.

അവന്റെ സാമീപ്യം ഞാൻ അറിഞ്ഞു കൊണ്ടിരുന്നത് അവൻ അടുത്തെത്തുന്നതിന് മുൻപ് തന്നെ, പനിനീരിൽ കുതിർന്ന ചന്ദനത്തിന്റെ ഗന്ധം എന്നെ തേടി എത്തുമ്പോഴായിരുന്നു.

 

ആരാണ് അവൻ? എന്തിനുവേണ്ടിയാണ് എന്നെ പിന്തുടരുന്നത്?

എന്നെപ്പോലെ ഒരു സാധാരണ പെണ്ണിനെക്കൊണ്ട് അവനെന്താകും സാധിക്കാനുള്ളത്?

എല്ലാത്തിനും ഉള്ള മറുപടി ഇന്നവനിൽ നിന്നും എനിക്ക് കിട്ടുമായിരിക്കും.

 

പക്ഷേ ഒരുകാര്യം എനിക്കറിയാം, ഞാൻ അവനെ സ്നേഹിക്കുന്നു അന്ധമായി അഗാധമായി..

അവൻ എന്നെ സ്നേഹിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും എനിക്കവനോട് പ്രണയമാണ്. പ്രത്യേകിച്ച് ആ ചെമ്പൻ കണ്ണുകളോട്.

മണിക്കൂറുകളോളം ആ കണ്ണുകളിൽ ലയിച്ചിരിക്കാൻ എന്റെ ഹൃദയം തുടിക്കുന്നുണ്ട്.

 

ഏറെ നേരമായി ഈ കടൽക്കരയിൽ ഒറ്റയ്ക്ക് അവനെ കാത്തിരിക്കുന്നു. എന്താവും ഇത്രയും സമയമായിട്ടും അവനെ കാണാത്തത്.

 

ദൈവമേ ഇനി എന്തെങ്കിലും അപകടം സംഭവിച്ചിട്ടുണ്ടാകുമോ?

ഇല്ല അങ്ങനെയൊന്നും സംഭവിക്കില്ല.

ദൈവം ഇനിയും എന്നോട് ക്രൂരത കാണിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല.

 

നാളെ ഇന്നെത്തേതിലുമധികം തേജസ്സോടെ ഉദിച്ചുയരാൻ,

അസ്തമയ സൂര്യൻ തന്റെ അവസാന രശ്മിയും കടലിൽ താഴ്ത്തി.

 

മനുഷ്യന്റെ മനസ്സും ഇങ്ങനെ ആയിരുന്നെങ്കിൽ, ഓരോ ദിവസങ്ങളിലും ഉള്ള അനാവശ്യ കാര്യങ്ങൾ എല്ലാം മനസ്സിൽ താഴ്ത്തി, ആവശ്യമുള്ളവ മാത്രം എടുത്തുകൊണ്ടു ഓരോ ദിവസവും പുതിയതായി തുടങ്ങാൻ കഴിഞ്ഞിരുന്നുവെങ്കിൽ..

 

ഇല്ല ഒരിക്കലും കഴിയില്ല. ഭൂതകാലത്തിലെ കറുത്ത ഏടുകൾ, അവരെ ജീവനുള്ളിടത്തോളം പിന്തുടർന്നുകൊണ്ടേ ഇരിക്കും.

 

 

ഇരുട്ടു പരന്നു തുടങ്ങിയല്ലോ, ഇനിയും അവനെ പ്രതീക്ഷിക്കുന്നതിൽ അർത്ഥം ഉണ്ടോ?

ഇന്ന് തന്നെ വരണം എന്നല്ലേ അമ്പലത്തിൽ വച്ചു കയ്യിൽ ഏൽപ്പിച്ച കുറിപ്പിൽ ഉണ്ടായിരുന്നത്.

 

കയ്യിൽ ഇരുന്നു വിയർപ്പിൽ കുതിർന്ന ആ പേപ്പർ കഷ്ണം ഒരിക്കൽ കൂടി നോക്കിയിട്ട്, ബാഗിനുള്ളിലെ കുഞ്ഞറയിൽ ഒരിക്കലും കൈവിട്ടുകളയാൻ ആഗ്രഹിക്കാത്ത നിധി പോലെ സൂക്ഷിച്ചു വച്ചു.

 

അന്ന് കണ്ടതിൽ പിന്നെ അവനെ അമ്പലത്തിൽ വച്ചു കണ്ടത് നീണ്ട ഒരു മാസത്തിന് ശേഷമാണ്. അമ്പലത്തിൽ തൊഴുതിട്ട് വലം വച്ചപ്പോഴാണ് പെട്ടെന്ന് അവൻ എന്റെ മുന്നിൽ വന്നു നിന്നത്. പരിചയക്കാരാരെങ്കിലും കാണുമോയെന്നു പേടിച്ച് അവനെ നോക്കാതെ ചുറ്റിനും കണ്ണോടിച്ചു.

 

അതിനിടയിലും അവനിൽ വ്യാപിച്ചിരുന്ന ചന്ദനത്തിന്റെ ഗന്ധം മൂക്ക് വിടർത്തി ഞാൻ ആവോളം ഉള്ളിലേക്ക് ആവാഹിച്ചിരുന്നു.

അവൻ അരികിൽ നിന്നും പോയാലും എന്റെ ഉള്ളിൽ ആ ഗന്ധം നിറഞ്ഞു നിൽക്കണം.

 

എന്റെ പ്രവൃത്തികൾ സാകൂതം വീക്ഷിച്ചുകൊണ്ട് അവൻ കണ്ണിമയ്ക്കാതെ നോക്കി നിന്നു.

ഒരുവേള ആ കണ്ണുകളുമായി കണ്ണുടക്കിയപ്പോൾ, ആദ്യമായി മൗനം വെടിഞ്ഞതും ഞാനായിരുന്നു.

 

“വഴിമാറൂ എനിക്ക് പോകണം..”

 

കപട ഗൗരവത്തോടെയാണ് പറഞ്ഞതെങ്കിലും മാറരുതെന്ന് ഞാൻ മനസ്സിൽ പ്രാർത്ഥിച്ചിരുന്നു.

 

പക്ഷേ അവൻ എനിക്കു മുന്നിൽ നിന്നും മാറി നിന്നു. ഒരിക്കൽ കൂടി അവന്റെ കണ്ണുകളിലേക്ക് നോക്കിയിട്ട്, തല താഴ്ത്തി ഞാൻ മുന്നോട്ട് നടന്നു.

രണ്ടു ചുവട് വച്ചിട്ട് തിരിഞ്ഞു നോക്കിയപ്പോൾ എന്നെ നോക്കി പുഞ്ചിരിച്ചു നിൽക്കുന്ന

അവനെ കണ്ട്, എന്റെ ചുണ്ടിലും പുഞ്ചിരി വിരിഞ്ഞു.

എന്റെ അടുത്തേക്ക് അവൻ മെല്ലെ നടന്നടുത്തു.

വലത്തേ കൈ പിടിച്ചുയർത്തി അതിലേക്ക് ഒരു കുറിപ്പ് വച്ചു തന്നിട്ട്, എന്നെക്കടന്ന് പോയി.

തിരിഞ്ഞു നോക്കാതെ തന്നെ അവൻ അമ്പലത്തിൽ നിന്നും പോയിക്കഴിഞ്ഞെന്ന് എനിക്ക് മനസ്സിലായി. കാരണം,

അവനിൽ എന്നെ മയക്കുന്ന ചന്ദന ഗന്ധം അകന്നു പോയിക്കഴിഞ്ഞിരുന്നു.

 

പിന്നെയൊരു കാത്തിരിപ്പായിരുന്നു. അതിനൊടുവിലാണ് ഇവിടെ എത്തി നിൽക്കുന്നത്.

 

സന്ധ്യയായി തുടങ്ങി ഇനിയും നിൽക്കുന്നതിൽ അർത്ഥമില്ല.

മണിക്കൂർ രണ്ടായി അവനെയും കാത്ത് ഈ കടൽക്കരയിൽ നിൽപ്പ് തുടങ്ങിയിട്ട്.

 

തിരികെ വീട്ടിലേക്ക് പോകാനായി ബസിൽ കയറിയപ്പോൾ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു.

 

എന്തുകൊണ്ടവൻ വന്നില്ല ഉത്തരമില്ലാത്ത ചോദ്യമായി, വീണ്ടും അവൻ എന്റെ മനസ്സിന്റെ ഒരു മൂലയിലേക്ക് ഒതുങ്ങുകയാണോ? പേരെന്താണെന്നറിയില്ല, എവിടെ നിന്നു വന്നുവെന്നോ എങ്ങോട്ട് പോകുന്നുവെന്നോ അറിയില്ല. അവന്റെ പരിചയക്കാരെയും അറിയില്ല. പിന്നെ എങ്ങനെ ഞാൻ അവനെ കണ്ടു പിടിക്കും.

 

ബസ് നീങ്ങി തുടങ്ങിയിരുന്നു.

ചുറ്റുമുള്ളവർ ശ്രദ്ധിക്കുന്നു എന്ന് തോന്നിയപ്പോൾ, കണ്ണുനീർ അമർത്തിത്തുടച്ചു സീറ്റിനു മുന്നിലെ കമ്പിയിൽ തലവച്ചു കുനിഞ്ഞു കിടന്നു.

 

“കുട്ടി ഇറങ്ങാനുള്ള സ്റ്റോപ്പ്‌ ആയി.”

കണ്ടക്ടർ പറഞ്ഞതു കേട്ട് ഞെട്ടി എഴുന്നേറ്റ് ഹാൻഡ്ബാഗും കയ്യിലെടുത്ത് പുറത്തേക്കിറങ്ങി.

നന്നായി ഇരുട്ടു വീണു തുടങ്ങിയിരുന്നു. മെയിൻ റോഡ് കഴിഞ്ഞു ഇടവഴിയിലേക്ക് കടന്നപ്പോൾ ഹൃദയമിടിപ്പ് ഉച്ചത്തിലായി. ഇനിയും ഉണ്ട് ഏറെ ദൂരം നടക്കാൻ..

ആരൊക്കെയോ പിന്തുടരുന്നുണ്ടെന്ന തോന്നലിൽ ഇടയ്ക്കിടെ തിരിഞ്ഞു നോക്കി.

 

“ടി എവിടെയായിരുന്നു ഇത്രനേരം?”

 

പെട്ടന്ന് മുന്നിൽ നിന്നു വന്ന ചോദ്യത്തിൽ ആദ്യം ഒന്നു പകച്ചു പോയെങ്കിലും, ധൈര്യത്തിൽ മുഖമുയർത്തി നോക്കി ബാഗിനുള്ളിൽ കയ്യിട്ടു പേനാക്കത്തിയിൽ പിടി മുറുക്കി.

 

മദ്യത്തിന്റെ ഗന്ധം മൂക്കിലേക്ക് ഇരച്ചു കയറി.

 

“എന്താടി മോളേ ചോദിച്ചത് കേട്ടില്ലേ, ഇന്ന് ഏവനോടൊപ്പമായിരുന്നു പൊറുതിയെന്ന്?”

 

“വഴീന്ന് മാറ് എനിക്ക് പോകണം.”

 

“അങ്ങനെയങ്ങു പോയാലോ, നിനക്ക് ഈ പരിസരത്തുള്ള ഞങ്ങളെയൊന്നും പോരെ.. അവള് ഒരുങ്ങി കെട്ടി ആണിനെ തപ്പാൻ അങ്ങു ടൗണിൽ പോയിരിക്കുന്നു.”

 

“മര്യാദയ്ക്ക് സംസാരിക്കണം. അച്ഛൻ ഇല്ലെന്നേയുള്ളു, ഞാനും അമ്മയും മാനംമര്യാദയ്ക്ക് ജീവിക്കുന്നവരാണ്.”

 

“ഓ.. ഓ.. നിന്റെ തള്ളയുടെ ചരിത്രം ഒന്നും ഇങ്ങോട്ട് വിളമ്പണ്ട. നിന്റെ തന്തയെ കൊന്നു കെട്ടിത്തൂക്കിയത് നിന്റെ തള്ളയാണെന്നാണ് നാട്ടുകാർ പറയുന്നത്.”

 

“എന്റെ അമ്മയെക്കുറിച്ചു പറയാൻ നിനക്കൊക്കെ എന്ത് യോഗ്യതയാ ഉള്ളത്? ആദ്യം പോയി നിന്റെയൊക്കെ കുടുംബം നന്നാക്കാൻ നോക്ക്.”

 

വേണമെന്ന് വച്ചിട്ടല്ലെങ്കിലും അമ്മയെക്കുറിച്ചു പറഞ്ഞപ്പോൾ കേട്ട് നിൽക്കാൻ കഴിഞ്ഞില്ല.

 

“ടി.. പുന്നാര മോളേ.. കുറേനാളായി ഞാൻ നിന്നെ നോട്ടമിട്ട് നിന്റെ പുറകെ കൂടിയിട്ട്. നിനക്കും നിന്റെ തള്ളയ്ക്കും തോന്നിവാസം കാണിക്കാം. പറയാൻ വരുന്ന ഞങ്ങൾക്കാ കുറ്റം അല്ലെ.”

 

“ദയവ് ചെയ്ത് മാറി നിൽക്ക്. എനിക്ക് പോകണം. എന്റെ അമ്മ വീട്ടിൽ ഒറ്റയ്ക്കാണ്.”

 

“അവിടെ നിക്കെടി.. ഒരവസരം കിട്ടിയിട്ട് നിന്നെപോലൊരു പെണ്ണിനെ ഒന്നു തൊടുകയെങ്കിലും ചെയ്യാതെ വിട്ടു കളഞ്ഞാൽ, പിന്നെ ജീവിതത്തിൽ എനിക്ക് സമാധാനം കിട്ടില്ല.”

 

മാറിലേക്ക് നീളുന്ന അവന്റെ കണ്ണുകളിലെ ആർത്തികണ്ടു ശരീരത്തിൽ പുഴുവരിക്കുന്നതു പോലെ അവൾ പുളഞ്ഞു.

 

“ഇവിടെ വാടി..

അവളുടെ ദേഹത്തിൽ തൊടുന്നതിന് മുൻപ് തന്നെ ബാഗിൽ നിന്നും വലിച്ചെടുത്ത കത്തി അവന്റെ കയ്യിൽ തുളച്ചു കയറിയിരുന്നു.

 

ഇരുട്ടിനെ വകഞ്ഞു മാറ്റി മുന്നോട്ടേക്ക് ഓടിയപ്പോൾ ഇതുവരെ അറിയാത്ത ഒരാളുടെ കുറിപ്പും കൊണ്ട് കടൽക്കരയിൽ പോയി സമയം കളഞ്ഞതിനെ മനസ്സാൽ ശപിച്ചു.

 

ഇനി ഇതിന്റെ പേരിൽ എന്തൊക്കെ അനുഭവിക്കേണ്ടി വരും എന്റെ കൃഷ്ണാ..

 

 

രണ്ടു വയസ്സുള്ളപ്പോൾ അച്ഛൻ ഒരു കത്തെഴുതി വച്ച്, എന്നെയും അമ്മയെയും തനിച്ചാക്കി ആത്മഹത്യ ചെയ്തു.

എന്തിനാണ് അച്ഛൻ അങ്ങനെ ചെയ്തതെന്നുള്ള ചോദ്യത്തിന് ഇപ്പോഴും ഉത്തരം കിട്ടിയിട്ടില്ല.

എന്നെയും മാറിലടക്കി ഭർത്താവിന്റെ മരണത്തിന് കാരണക്കാരിയായവൾ എന്ന ആക്ഷേപവും സഹിച്ചു ദിവസങ്ങളോളം അമ്മ കണ്ണുനീർ വാർത്തിരുന്നു.

ഒടുവിൽ നെഞ്ചിലെ പാല് വറ്റിയപ്പോഴാണ് എന്റെ വിശപ്പടക്കണമെങ്കിൽ അമ്മ തന്നെ ശ്രമിക്കണം എന്ന ബോധം അമ്മയ്ക്ക് ഉണ്ടായത്.

ആ ദിവസം അമ്മ കണ്ണുനീർ തുടച്ചതാണ്.

എല്ലാവരുടെയും മുന്നിൽ തങ്ങളെ ഒറ്റയ്ക്കാക്കി അത്രയുംനാൾ കൂടെ കഴിഞ്ഞിട്ടും ഒരുവാക്ക് പോലും പറയാതെ ഒരു തുണ്ടു കയറിൽ ജീവനൊടുക്കിയ ഭർത്താവിനെ, ഇനി ഓർക്കുക പോലും ചെയ്യില്ലെന്ന് അന്ന് അമ്മ ശപഥം എടുത്തു.

വളർച്ചയുടെ ഓരോ ഘട്ടങ്ങളിലും അച്ഛനില്ലാത്ത വിഷമം അറിയിക്കാതെയിരിക്കാൻ പാട്പെടുന്ന അമ്മയെക്കണ്ടാണ് ഞാൻ വളർന്നത്.

 

വീടുകളിൽ വിഴുപ്പലക്കിയും വീട്ട് ജോലി ചെയ്തും, ജീവിതത്തിന്റെ അങ്ങറ്റം ഇങ്ങറ്റം കൂട്ടിമുട്ടിക്കാൻ പെടാപ്പാട് പെടുന്ന രണ്ടു സ്ത്രീജന്മങ്ങൾ ആയിപ്പോയി ഞങ്ങൾ.

രാത്രിയിൽ തട്ടും മുട്ടും കാരണം ഉറങ്ങാറില്ല, വെളുപ്പിനാണ് ഒന്ന് കണ്ണടയ്ക്കാറ്.

ആൺതുണയില്ലാതെ രണ്ടു സ്ത്രീകൾ മാന്യമായി ജീവിച്ചാലും, സമൂഹത്തിലെ ഒരു വിഭാഗം അവരെ മോശക്കാരായി മാത്രമേ കാണാൻ ശ്രമിക്കു.

അങ്ങനെയുള്ളവരിൽ ഒരുത്തനാണ് ഇപ്പോൾ എന്നെ ആക്രമിക്കാൻ ശ്രമിച്ചത്.

 

ഇതിൽ നിന്നെല്ലാം അവനിലൂടെ ഒരു മുക്തി നേടാൻ കഴിയുമെന്ന് വെറുതെ മനസ്സ് മോഹിച്ചു പോയി.

അർഹതയില്ലാത്തതൊന്നും ആഗ്രഹിക്കാൻ പാടില്ലെന്ന് വീണ്ടും ജീവിതം തെളിയിച്ചിരിക്കുന്നു.

ജീവിതത്തിലേക്ക് ഉത്തരമില്ലാതെ കടന്നുവന്ന മറ്റൊരു ചോദ്യമായി അവനും മാറി.

 

അവനിലേക്കുള്ള ദൂരം ഒരിക്കലും കൂട്ടിമുട്ടാത്ത രണ്ടു സമാന്തരരേഖകൾ പോലെയാണെന്ന് എനിക്ക് മനസ്സിലായി.

അല്ലെങ്കിലും ചില പ്രണയങ്ങൾ അങ്ങനെയാണ്, ജീവിതത്തിൽ സുഗന്ധം പരത്തിക്കൊണ്ട് തഴുകി തലോടി പോകുന്ന ഒരു മന്ദമാരുതനെപ്പോലെയായിരിക്കും. അവനെക്കുറിച്ച് അങ്ങനെ വിശ്വസിക്കാനാണ് ഞാൻ ശ്രമിച്ചത്.

 

പിന്നീടൊരിക്കൽ പോലും അവനെ കാണാൻ കഴിഞ്ഞില്ല.

അവനെക്കുറിച്ച് ഓർക്കുമ്പോഴെല്ലാം ഒരേസമയം വേദനയും പ്രണയവും മനസ്സിൽ വന്നു നിറയും. അവന്റെ ഓർമ്മകളും ഗന്ധവുമെല്ലാം എനിക്ക് സുഖമുള്ളൊരു നോവായിരുന്നു.

 

ദിവസങ്ങൾ കടന്നുപോയി..

 

 

“മോളേ അമ്മയ്ക്ക് ഒരു കാര്യം പറയാനുണ്ട്.”

 

പതിവില്ലാത്ത മുഖവുര കണ്ടപ്പോഴേ കാര്യം നിസ്സാരം അല്ലെന്ന് മനസ്സിലായി.

 

“എന്താ അമ്മേ..”

 

“അത്.. നിന്റെ അച്ഛൻ പോയതിന് ശേഷം ഇത്രയുംകാലം നിന്നെ ഒരു കുറവും വരാതെയാ ഞാൻ സംരക്ഷിച്ചത്. എന്റെ ചെറുപ്പത്തിലാണ് നിന്റെ അച്ഛൻ മരിച്ചത്, എന്നിട്ട് കൂടി നിന്റെ സുരക്ഷ കരുതി മറ്റൊരു ജീവിതത്തെ കുറിച്ച് ഞാൻ ആലോചിച്ചിട്ട് കൂടിയില്ല.”

 

“അതൊക്കെ എനിക്ക് അറിയാവുന്ന കാര്യങ്ങൾ അല്ലേ അമ്മേ.”

 

“മം.. ഇപ്പോൾ നിനക്ക് നിന്റെ കാര്യങ്ങൾ നോക്കാനുള്ള പ്രാപ്തിയായി.”

 

കാര്യങ്ങൾ ഏകദേശം എനിക്ക് മനസ്സിലായി തുടങ്ങിയിരുന്നു..

 

“അമ്മ കാര്യം എന്താണെന്ന് വച്ചാൽ പറയ്.”

 

“അത്.. മോളേ ഞാൻ ജോലിക്ക് നിൽക്കുന്ന വീട്ടിലെ സാറിന്റെ ഭാര്യ മരിച്ചതായിരുന്നു. രണ്ടു കുട്ടികൾ ഉണ്ടായിരുന്നു, രണ്ടാളുടെയും കല്യാണം കഴിഞ്ഞു ഭർത്താവിന്റെ വീട്ടിലാണ്.

 

“അതുകൊണ്ട്?”

 

“മോളേ.. നീ നിന്റെ ജീവിതം നോക്കി പോയിക്കഴിഞ്ഞാൽ പിന്നെ അമ്മ ഒറ്റയ്ക്കാവില്ലേ.

അദ്ദേഹം എന്നോട് ചോദിച്ചു, അദ്ദേഹത്തിന്റെ ഭാര്യയായി അവിടെ

നിന്നുകൂടേയെന്ന്?”

 

“എന്നിട്ട്.. എന്നിട്ട് അമ്മ എന്തു പറഞ്ഞു. അമ്മയ്ക്ക് സമ്മതമാണോ?”

 

വാക്കുകളിലെ ഇടർച്ച മറച്ചു വച്ചുകൊണ്ട് അമ്മയുടെ മുഖത്തേക്ക് നോക്കി.

 

“ഞാൻ മോളോട് ആലോചിച്ചിട്ട് പറയാമെന്നു പറഞ്ഞു.

എന്തായാലും നിന്നെ സുരക്ഷിതമായ കൈകളിൽ ഏൽപ്പിച്ചതിനു ശേഷം മാത്രമേ, അമ്മ ഒരു തീരുമാനത്തിൽ എത്തു.”

 

അമ്മയുടെ വാക്കുകൾ നൽകിയ വികാരമെന്താണെന്ന് വേർതിരിച്ചറിയാൻ കഴിഞ്ഞില്ല. ദേഷ്യമാണോ വെറുപ്പാണോ സഹതാപം ആണോ, അതോ ഇനിയെങ്കിലും അമ്മയ്ക്ക് നല്ലൊരു ജീവിതം കിട്ടുന്നതിലുള്ള സന്തോഷമാണോ.

 

“നാളെ മോളേ കാണാൻ ഒരാൾ വരുന്നുണ്ട്. അമ്മ എല്ലാം അന്വേഷിച്ചു, എന്തുകൊണ്ടും നല്ല ബന്ധമാണ്.”

 

അമ്മ പറഞ്ഞത് ഞെട്ടലോടെ കേട്ടിരിക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു. ആദ്യം മനസ്സിൽ ഓടിയെത്തിയത് അവന്റെ ചെമ്പൻ കണ്ണുകളാണ്.

 

“അമ്മേ.. എനിക്ക് പെട്ടെന്ന് ഒരു കല്യാണത്തിന്..”

 

“പെട്ടെന്നൊന്നും അല്ലല്ലോ.. നാളെ വന്നു കണ്ടുപോട്ടെ.”

 

പിന്നീട് പറയുന്നതൊന്നും കേൾക്കാൻ കൂട്ടാക്കാതെ അമ്മ പോയി.

 

രാവിലെ താല്പര്യമില്ലാതെയിരുന്നിട്ടും അമ്മയുടെ നിർബന്ധപ്രകാരം ഒരുങ്ങി നിന്നു.

 

രണ്ടുപേർ വന്നു, അമ്മയുടെ സംസാരത്തിൽ നിന്നും ഒരാൾ അമ്മയെ വിവാഹം ചെയ്യാൻ താല്പര്യപ്പെട്ട ആളാണെന്ന് മനസ്സിലായി. രണ്ടാമത്തെയാൾ എന്നെ കാണാൻ വന്നതും.

 

രണ്ടാൾക്കും ചായ കൊടുത്തതിനു ശേഷം തല ഉയർത്തി ഒന്നു നോക്കി.

ഒരാൾ പാന്റും ഷർട്ടും ഒക്കെയിട്ട് മുടിയൊക്കെ കറുപ്പിച്ചു ക്ലീൻ ഷേവ് ആയിട്ടിരിക്കുന്നു. മറ്റെയാളുടെ വേഷം മുണ്ടും ഷർട്ടും ആണ് മുഖത്താകെ കുറ്റിരോമങ്ങൾ നിറഞ്ഞിട്ടുണ്ട്, തലയിൽ അവിടവിടെ നര കയറിതുടങ്ങി

കണ്ണുകളിൽ വിഷാദഭാവം നിഴലിച്ചിരുന്നു.

രണ്ടാളെയും ഒന്നുകൂടി നോക്കിയിട്ട് ഞാൻ അകത്തേക്ക് പോയി.

ജനൽകമ്പിയിൽ പിടിച്ചു പുറത്തേക്ക് കണ്ണു നട്ടിരുന്നപ്പോൾ പുറകിൽ പദവിന്യാസം കേട്ട് തിരിഞ്ഞു നോക്കി.

മുണ്ടും ഷർട്ടും ധരിച്ചയാൾ അകത്തേക്ക് വന്നു എന്റെ അരികിലായി നിന്നു.

 

“കുട്ടിയെ എനിക്ക് ഇഷ്ടമായി.

എന്റെ വീട്ടിൽ അമ്മയും ഞാനും മാത്രമേയുള്ളു. അമ്മ സുഖമില്ലാതെ കിടപ്പിലാണ്.”

 

“മം..”

 

“നാളെ രാവിലെ റെഡിയായി ഇരിക്കണം. ഞാൻ വിളിക്കാൻ വരാം. ”

 

മറുപടി എന്താണെന്ന് കേൾക്കാൻ നിൽക്കാതെ എനിക്ക് തിരിച്ചു ഇഷ്ടമായോ എന്നുകൂടി അന്വേഷിക്കാതെ, അയാൾ മുറിയിൽ നിന്നും പുറത്തേക്ക് പോയി.

 

കുറച്ച് കഴിഞ്ഞപ്പോൾ പാന്റും ഷർട്ടും ധരിച്ചയാൾ അകത്തേക്ക് വന്നു.

 

കട്ടിലിൽ ഇരിക്കുകയായിരുന്ന ഞാൻ അയാളെ കണ്ടതും എഴുന്നേറ്റ് ഒരു വശത്തേക്ക് മാറി നിന്നു.

 

“ഞാനാണ് മോളുടെ അമ്മയെ കല്യാണം കഴിക്കുന്നത്.

പക്ഷേ അതിനുമുൻപ് അവൾക്ക് ഒരേ നിർബന്ധം മോളേ ആരുടെയെങ്കിലും കയ്യിൽ ഏൽപ്പിക്കണമെന്ന്.

മോൾക്കെങ്ങനെ ആളെ ഇഷ്ടപ്പെട്ടോ

ഇനിയിപ്പോ ഇഷ്ടപ്പെട്ടില്ലെങ്കിലും എതിരു പറയാൻ നിൽക്കണ്ട. നിനക്ക് അവിടെ സുഖമായിരിക്കും ഒരു കുറവും വരില്ല.”

 

“എനിക്ക്.. ഇത്രപെട്ടെന്ന് ഒരു കല്യാണം വേണ്ട.”

 

“അത് തീരുമാനിക്കേണ്ടത് നീയല്ല. നിന്റെ അമ്മയ്ക്ക് ഞാൻ കൊടുത്ത വാക്കാണ്.

മാത്രമല്ല, എന്റെ മക്കൾ രണ്ടാളും നാളെ വിദേശത്തേക്ക് പോകും അതിനുമുൻപ് അവളുടെ കഴുത്തിൽ ഒരു താലി കെട്ടണം.

നാളെകഴിഞ്ഞാൽ പിന്നെ ഒരു ശല്യമായി നീ ഞങ്ങളുടെ ജീവിതത്തിലേക്ക് വരരുത്.

എനിക്ക് അവളെ എന്റെ ഭാര്യയായി അംഗീകരിക്കാൻ കഴിയും. പക്ഷേ, നിന്നെ ഒരിക്കലും മകളായിക്കാണാൻ കഴിയില്ല. എന്റെ മക്കൾ അതിന് അനുവദിക്കുകയും ഇല്ല.”

 

“അപ്പോൾ നിങ്ങൾ പറഞ്ഞു വരുന്നത്?”

 

“അതുതന്നെ ഇന്നൊരു രാത്രി കൊണ്ടു തീരും അമ്മയും മകളും തമ്മിലുള്ള ബന്ധം. നാളെ മുതൽ നിനക്ക് നിന്റെ വഴി പറഞ്ഞതൊക്കെ മനസ്സിലായല്ലോ, രാവിലെ ഞാൻ വരും നിന്റെ അമ്മയെ കൊണ്ടു പോകാൻ. നീയും റെഡിയായി നിൽക്കണം.”

 

നിറഞ്ഞ കണ്ണുകളോടെ എല്ലാം മനസ്സിലായെന്ന രീതിയിൽ തലയാട്ടി. അയാൾ പോയതും വാതിലും അടച്ചു കുറ്റിയിട്ടു കട്ടിലിലേക്ക് വീണ് നെഞ്ചിലെ ഭാരം മുഴുവനും കരഞ്ഞു തീർത്തു.

 

ഇനിയും അമ്മയുടെ ജീവിതത്തിൽ ഒരു ഭാരം ആകാൻ കഴിയില്ല. ഞാൻ കാരണം അമ്മയ്ക്ക് ലഭിക്കാൻ പോകുന്ന സൗഭാഗ്യം നഷ്ടപ്പെടാൻ പാടില്ല.

ദൈവമേ നാളെ അയാൾ വന്ന് എന്നെ കൂട്ടിക്കൊണ്ട് പോകുന്നതിനു മുൻപ് അവനെ എന്റെ മുന്നിൽ എത്തിക്കണേ.. എത്ര ശ്രമിച്ചിട്ടും അവനിൽ നിന്നും മോചനം നേടാൻ എനിക്ക് കഴിയുന്നില്ല.

 

രാത്രിയിൽ ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ അമ്മ എന്റെ മുഖത്ത് നോക്കാൻ പ്രയാസപ്പെടുന്നത് കണ്ട് സങ്കടം തോന്നി.

 

“അമ്മേ..”

 

“എന്താ മോളേ..”

 

“അമ്മ എനിക്ക് ചോറു വാരിത്തരുമോ?”

 

അതിനുള്ള മറുപടി ഒരു പൊട്ടിക്കരച്ചിൽ ആയിരുന്നു.

 

“മോളേ ഞാൻ..”

 

“വേണ്ട അമ്മേ ഒന്നും പറയണ്ട, എല്ലാം എനിക്ക് മനസ്സിലാകും.”

 

അമ്മയെ മാറോടടക്കി ആശ്വസിപ്പിച്ചു ആ കൈകൊണ്ട് മതിയാവോളം ചോറുണ്ടു, മാറിൽ ചേർന്നു കിടന്ന് ഒരു കൊച്ചു കുഞ്ഞിനെപ്പോലെ അമ്മയെ ചുറ്റിപ്പിടിച്ചു. അമ്മയുമൊത്തുള്ള അവസാന രാത്രി, ഓർക്കുംതോറും ഹൃദയം വിങ്ങിപ്പൊട്ടുന്നത് പോലെ തോന്നി.

 

 

അതിരാവിലെ എഴുന്നേറ്റു.

അമ്മയുടെ മുഖത്ത് സന്തോഷവും സങ്കടവും ഒരുപോലെ തെളിഞ്ഞു നിന്നിരുന്നു. എന്റെ മുഖത്ത് നിർവികാരത മാത്രം.

 

അമ്മയെ കല്യാണം കഴിക്കാൻ പോകുന്ന ആളിനെ അച്ഛാ എന്ന് വിളിക്കാനുള്ള അനുവാദം ഇല്ലല്ലോ. ഇന്നലെ വൈകുന്നേരം തന്നെ എനിക്കും അമ്മയ്ക്കും സാരിയും ഓരോ സ്വർണ മാലയും കമ്മലും രണ്ടു വളകളും കൊണ്ടു വന്നിരുന്നു.

ഒരുപക്ഷേ ഇനി ഒരിക്കലും അമ്മയെ തേടി പോകാതിരിക്കാനുള്ള കൈക്കൂലി ആകാം.

 

സാരിയുടുത്ത് മുടി മെടഞ്ഞിട്ടു നെറ്റിയിൽ ഒരു പൊട്ടും കുത്തി കണ്ണാടിയിൽ നോക്കി.

ഞാനാണെന്ന് വിശ്വസിക്കാൻ പ്രയാസം തോന്നി ഒറ്റ രാത്രി കൊണ്ട് ആരുമില്ലാതായി മാറിയവൾ.

വീടിന്റെ ചുവരിനോട് പോലും മൗനമായി യാത്ര പറഞ്ഞു. അച്ഛന്റെ അസ്ഥിത്തറയിൽ വിളക്ക് വച്ചു ഏറെനേരം നിന്നു എന്ത് പറയണം എന്നറിയില്ല. കണ്ണടക്കുമ്പോൾ അവന്റെ ചെമ്പൻ കണ്ണുകൾ തെളിഞ്ഞു വന്നു. ചുറ്റും വീശിയടിക്കുന്ന കാറ്റിന് അവന്റെ ഗന്ധമാണെന്നു തോന്നി.

 

അമ്മ തട്ടി വിളിച്ചപ്പോഴാണ് ബോധത്തിലേക്ക് വന്നത്.

 

“മോളേ.. പോകാൻ സമയമായി.”

 

“അമ്മേ..”

 

“മോൾക്ക് അമ്മയോടൊപ്പം വീട്ടിലേക്ക് വന്നിട്ട് പോയാൽ പോരെ. അവിടുന്ന് അമ്മ മോളേ കൊണ്ടാക്കാം. ”

 

തലേദിവസം അയാൾ പറഞ്ഞ വാക്കുകൾ ഓർമ്മ വന്നു.

 

“വേണ്ട അമ്മേ.. ഇനി ഒരിക്കൽ വരാം.”

 

“മം.. അമ്മയ്ക്ക് അറിയാം, അദ്ദേഹം പറഞ്ഞിരുന്നു ഒരിക്കൽ കൊണ്ടു വരാമെന്ന്.

രജിസ്റ്റർ ഓഫീസിൽ ചെല്ലാൻ വൈകും മോള് ഇറങ്ങിക്കോ..

അമ്മ വരും എന്റെ മോള് സന്തോഷമായി ജീവിക്കുന്നത് കാണാൻ.”

 

“മം.. കണ്ണുനീരോടെ പുഞ്ചിരിച്ചു കൊണ്ട് അമ്മയോട് യാത്ര പറഞ്ഞു. വീടിനെ ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി കാറിലേക്ക് കയറി.”

 

അമ്മ കയറിയ കാർ ഞങ്ങളെ കടന്നു പോയി.

 

അയാളെ ഒന്നു നോക്കുക കൂടി ചെയ്യാതെ സീറ്റിലേക്ക് ചാരി കണ്ണടച്ചു കിടന്നു.

രജിസ്റ്റർ ഓഫീസ് എത്തുമ്പോൾ വിളിക്കട്ടെ.

ഇനിയൊന്നും എന്റെ നിയന്ത്രണത്തിൽ അല്ലല്ലോ, ഞാൻ ജീവിതത്തിൽ ആകെ ആഗ്രഹിച്ചത് അവനെ മാത്രമാണ്.

 

“എഴുന്നേൽക്കെടോ..”

 

അയാൾ ചുമലിൽ തട്ടി വിളിച്ചു.

 

കണ്ണു തുറന്നു നോക്കിയപ്പോൾ കണ്ടത് ഒരു വീടാണ്.

 

“അല്ല നമ്മളെന്താ ഇവിടെ? അപ്പോൾ കല്യാണം?

അങ്ങനെ ചോദിക്കാൻ നാവു പൊങ്ങിയെങ്കിലും ഒന്നും മിണ്ടാതെ കാറിൽ നിന്നും പുറത്തേക്കിറങ്ങി.

അയാൾക്ക്‌ പുറകെ വലത്കാല് വച്ചു തന്നെ അകത്തേക്ക് കയറി. സ്വീകരിക്കാനായി ആരും ഉണ്ടായിരുന്നില്ല.

അകത്തേക്ക് കയറിയതും മരുന്നിന്റെയും മലമൂത്ര വിസ്സർജ്ജനത്തിന്റെയുമൊക്കെ രൂക്ഷമായ ഗന്ധം മൂക്കിലേക്ക് അടിച്ചു കയറി.

 

“അമ്മ സുഖമില്ലാതെ കിടപ്പാണ് അതാ..”

 

ഒരു ക്ഷമാപണം പോലെ അയാൾ പറഞ്ഞവാക്കുകൾക്ക് ഒരു മൂളലിൽ മറുപടിയൊതുക്കി.

 

“മം..”

 

“ഇയാൾ ആ മുറി ഉപയോഗിച്ചോളൂ.”

 

അയാൾ ചൂണ്ടിക്കാണിച്ച മുറിയിലേക്ക് ബാഗുമായി ഞാൻ കയറി.

 

തിരികെ ഇറങ്ങിയപ്പോൾ അയാളെ കണ്ടില്ല.

എന്താണ് ഈ വീട്ടിലെ എന്റെ സ്ഥാനം അയാളോട് ചോദിക്കാൻ ഒരുപാടുണ്ട്

പക്ഷേ ആളെക്കാണാൻ ഇല്ല.

 

അമ്മ കിടക്കുന്ന മുറിയിലേക്ക് പോയി ആള് നല്ല മയക്കത്തിലാണ്. അവശതയിൽ ആണെങ്കിലും ഐശ്വര്യം തുളുമ്പി നിൽക്കുന്ന മുഖം.

 

ആ മുറിയാകെ അടിച്ചു തുടച്ചു വൃത്തിയാക്കിയപ്പോഴേക്കും അപ്പോഴേക്കും അമ്മ മയക്കം വിട്ടുണർന്നു.

 

ആദ്യം സംശയത്തോടെ നോക്കിയെങ്കിലും അധികം വൈകാതെ അതൊരു പുഞ്ചിരിയിലേക്ക് വഴിമാറി.

മുഖഭാവം കണ്ടാൽ എന്നെ അടുത്തേക്ക് വിളിക്കുന്നത്പോലെ തോന്നി.

 

“മോളേ..”

 

ക്ഷീണിച്ച ശബ്ദത്തിൽ അമ്മ വിളിച്ചു.

 

“അവൻ പറഞ്ഞിരുന്നു ഇന്നൊരാൾ വരുന്നുണ്ടെന്ന്.

അമ്മയ്ക്ക് സന്തോഷമായി, എനിക്ക് മിണ്ടിയും പറഞ്ഞും ഇരിക്കാനെങ്കിലും ഒരാളായല്ലോ.”

 

അമ്മ പറഞ്ഞതുകേട്ട് ഞാൻ ചെറുതായി പുഞ്ചിരിച്ചു.

എനിക്ക് സമാധാനം തോന്നി നഷ്ടപ്പെട്ട അമ്മയ്ക്ക് പകരം ഒരു അമ്മയെ കിട്ടിയല്ലോ.

എങ്കിലും അമ്മയെക്കുറിച്ചുള്ള ഓർമ്മകൾ ഇടയ്ക്കിടെ തികട്ടി വന്നപ്പോഴൊക്കെ നെഞ്ചിൽ നിന്നും വേദനയോടെ ഒരേങ്ങൽ പുറത്തേക്ക് വന്നു.

 

‘എവിടെയാണെങ്കിലും സുഖമായി കഴിയട്ടെ. എനിക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് ഇനിയെങ്കിലും ആ ജീവിതത്തിൽ സന്തോഷം മാത്രം ഉണ്ടാകട്ടെ.’

 

അമ്മയെ കുളിപ്പിച്ചു വൃത്തിയാക്കി നല്ല വസ്ത്രങ്ങൾ അണിയിച്ചു. അപ്പോഴേക്കും അയാൾ മുറിയിലേക്ക് വന്നു.

മുറിയിലാകെ ഒന്നു കണ്ണോടിച്ചതിനു ശേഷം അമ്മയോട് കുറച്ചുനേരം സംസാരിച്ചു.

പോകാൻനേരം എന്നെ നോക്കി മരുന്നുകൾ എടുത്തു കൊടുക്കേണ്ട രീതികൾ എല്ലാം വിശദമാക്കി.

 

 

ദിവസങ്ങൾ കടന്നുപോയി..

മെല്ലെ മെല്ലെ ആ വീടിന്റെ ചുമതല മുഴുവനായും ഞാൻ ഏറ്റെടുത്തു. അയാളോട് ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല. കാരണം, അയാൾ മനപ്പൂർവ്വം എന്നെ ഒഴിവാക്കി കൊണ്ടിരുന്നു.

ഇതിനിടയിൽ അയാളുടെ കല്യാണം കഴിഞ്ഞതാണെന്ന സത്യം വളരെ വേദനയോടെ ഞാൻ മനസ്സിലാക്കി.

ഒരു താലിച്ചരട് പോലും കെട്ടാതെ എന്ത് ഉദ്ദേശത്തിലാണ് ഇവിടെ കൊണ്ടു വന്ന് താമസിപ്പിച്ചിരിക്കുന്നതെന്ന് അയാളുടെ മുഖത്ത് നോക്കി ചോദിക്കാൻ തന്നെ തീരുമാനിച്ചു.

അതിനുമുൻപ് അമ്മയോട് അയാളെക്കുറിച്ചു ചോദിക്കണം എന്ന് തോന്നി.

ഇന്ന് വരെ എന്റെ കാര്യങ്ങൾ ഒക്കെ ചോദിച്ചതല്ലാതെ, മറ്റൊന്നും അമ്മ പറഞ്ഞിരുന്നില്ല.

 

 

“അമ്മേ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ?”

 

“അതിനിപ്പോ എന്താ മോൾക്ക് എന്താ അറിയേണ്ടത് വച്ചാൽ ചോദിച്ചോളൂ.”

 

“അത്.. അമ്മേ ഇവിടുത്തെ കാര്യങ്ങൾ ഒന്നും എന്നോട് പറഞ്ഞിട്ടില്ലല്ലോ.”

 

കുറച്ചുനേരം ഒന്നും മിണ്ടാതെ അമ്മ എന്നെത്തന്നെ നോക്കി. ആ കണ്ണുകളിൽ നിന്നും ഒലിച്ചിറങ്ങുന്ന നീർത്തുള്ളികൾ കണ്ട്, ഒന്നും ചോദിക്കേണ്ടിയിരുന്നില്ല എന്ന് ഒരുനിമിഷം തോന്നിപ്പോയി.

 

“അമ്മേ.. സങ്കടാണെങ്കിൽ പറയണ്ട.”

 

“സങ്കടം ആണ് മോളേ, അവന്റെ അവസ്ഥയോർത്ത്.

എന്റെ മോൻ അവനൊരു പാവം ആണ്, സ്നേഹിക്കാൻ മാത്രം അറിയുന്നവൻ. അവന്റെ ജീവിതത്തിലേക്ക് പ്രണയമായി അവൾ കടന്നു വന്നത് അവൻ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ്.

അഞ്ചു വർഷത്തെ പ്രണയത്തിനൊടുവിൽ, ഇരു വീട്ടുകാരുടെയും പൂർണ്ണ സമ്മതത്തോടെ അവർ ഒന്നായി.

ആരും കണ്ണുവച്ചു പോകുന്ന തരത്തിലായിരുന്നു അവരുടെ ജീവിതം. പരസ്പരം സ്നേഹിക്കാൻ രണ്ടാളും മത്സരിക്കുകയായിരുന്നു. മോന്റെ അച്ഛൻ മരിച്ചതിനു ശേഷം മാനസികമായി തളർന്നിരുന്ന എന്നെ, ജീവിതത്തിലേക്ക് തിരികെ കൈപിടിച്ചു കൊണ്ടു വന്നത് എന്റെ മോളാണ്.

മകന്റെ ഭാര്യ എന്ന സ്ഥാനത്തല്ല, സ്വന്തം മകളായിട്ടാണ് അവളെ ഞാൻ സ്നേഹിച്ചത്. ഈ വീടിന്റെ വിളക്കായിരുന്നു അവൾ.’

 

ഒരു നിമിഷം നിർത്തിയിട്ട് അമ്മ വീണ്ടും തുടർന്നു.

 

‘എന്നാൽ വിളിക്കാതെ വന്ന അതിഥിയെപ്പോലെയാണ് ആ അസുഖം മോളുടെ ജീവിതത്തിലേക്ക് കടന്നുവന്നത്. ഒപ്പം അവൾ അമ്മയാകാൻ പോകുന്നു എന്നുള്ള സന്തോഷവും. ബ്രെയിൻ ട്യൂമർ ആയിരുന്നു. ഇടയ്ക്കൊക്കെ തലവേദന വരാറുണ്ടായിരുന്നു. അതൊന്നും കാര്യമാക്കാതെ അവൾ ഞങ്ങളെ ശ്രദ്ധിച്ചു കൊണ്ടിരുന്നു. ഒക്കെ കണ്ടുപിടിച്ചപ്പോഴേക്കും അവളെ രക്ഷപ്പെടുത്താൻ കഴിയാത്ത അവസ്ഥയിൽ ആയിരുന്നു.

കുഞ്ഞിനെ ഉപേക്ഷിക്കാനും അവൾ തയ്യാറായില്ല. ഒടുവിൽ അവന് ഒരേസമയം അവന്റെ ഭാര്യയെയും കുഞ്ഞിനേയും നഷ്ടപ്പെട്ടു.

അതോടെ തകർന്നു പോയി അവൻ. ഞാൻ പിന്നെയും വിഷാദത്തിലേക്ക് പോയി. അവൻ മദ്യത്തിലും മയക്കു മരുന്നിലുമൊക്കെ ആശ്രയം കണ്ടെത്തി. പിന്നീടുള്ള അവന്റെ തകർന്ന ജീവിതം കണ്ടാണ് ഞാൻ വീണുപോയത് മോളേ.

എന്റെ വിഷമം കണ്ടിട്ടാകണം അവൻ ദുശ്ശീലങ്ങൾ ഒക്കെ പതിയെ ഉപേക്ഷിച്ചു. മോളുടെ കാര്യം അവന്റെ ഒരു സുഹൃത്തിന്റെ സുഹൃത്ത് വഴി വന്നതണ്. ആരുമില്ലാത്ത കുട്ടിയാണെന്ന് അറിഞ്ഞ് എന്നെ നോക്കാൻ വേണ്ടി കൂട്ടിക്കൊണ്ടു വന്നതാണ് മോളേ. പക്ഷേ മോളേ കണ്ടപ്പോൾ മുതൽ എനിക്കെന്റെ നഷ്ടപ്പെട്ടു പോയ മോളെയാ ഓർമ്മ വരുന്നത്. അല്ല മോളുടെ കണ്ണെന്താ നിറഞ്ഞിരിക്കുന്നത്?”

 

“ഒ.. ഒന്നുല്ലമ്മേ.. മരുന്ന് കഴിച്ചിരിക്കുകയല്ലേ അമ്മ ഉറങ്ങിക്കോളൂ.”

 

നിറഞ്ഞു വന്ന കണ്ണുകൾ അമ്മയിൽ നിന്നും ഒളിപ്പിച്ചുകൊണ്ട് ഞാൻ ഉമ്മറത്തേക്ക് നടന്നു.

അവിടെയുള്ള കൃഷ്ണന്റെ ഫോട്ടോയ്ക്ക് മുന്നിൽ നിന്ന്, എന്റെ സങ്കടങ്ങൾ എല്ലാം ഒഴുക്കി കളഞ്ഞു.

 

‘ഞാൻ ഇവിടെ വേലക്കാരിയായിരുന്നു. ഒരുതരത്തിൽ നോക്കിയാൽ അയാൾ നല്ലവനാണ്. ഒരു നോട്ടം കൊണ്ടു പോലും എന്നോട് മോശമായിപ്പെരുമറിയിട്ടില്ല.

ആവശ്യത്തിന് ഭക്ഷണവും വസ്ത്രവും, കിടക്കാൻ ഒരു സ്ഥലവും നൽകി. അയാളോട് ഞാൻ കടപ്പെട്ടിരിക്കുന്നു.

 

പിന്നീടുള്ള ദിവസങ്ങളിൽ എല്ലാം അയാളറിയാതെ ഞാൻ അയാളെ ശ്രദ്ധിച്ചു തുടങ്ങി.

എപ്പോഴും മുഖത്ത് വിഷാദം തന്നെയാണ്. വീട്ടിലുള്ളപ്പോൾ മിക്കപ്പോഴും ഒരു ഫോട്ടോയും നോക്കി ഇരിപ്പാണ്.

ഒരിക്കൽ മാത്രം ആ ഫോട്ടോ ഒന്നു കാണാൻ കഴിഞ്ഞു. ഐശ്വര്യം തുളുമ്പുന്ന മുഖം, ആരു കണ്ടാലും നോക്കി നിന്നുപോകുന്ന സൗന്ദര്യം. ഒരു നിമിഷം ഞാനും മതിമറന്ന് ആ ഫോട്ടോയിൽ ഉള്ള പെൺകുട്ടിയെ നോക്കി നിന്നു.

അന്നാണ് അയാൾ ആദ്യമായി എന്നോട് ദേഷ്യപ്പെട്ടത്. ആ ഫോട്ടോ പിടിച്ചു വാങ്ങി എന്നെ നോക്കിയ നോട്ടം ഇപ്പോഴും ഓർമ്മയുണ്ട്.

 

ഭാഗ്യം ചെയ്ത പെൺകുട്ടിയാണവൾ,

ഒരിക്കലും തിരികെ കിട്ടില്ലെന്നറിഞ്ഞിട്ടല്ലേ അയാൾ അവളെ സ്നേഹിക്കുന്നത്.

 

അമ്മ അതെ അവസ്ഥയിൽ തന്നെ തുടർന്നു.

ഇടയ്ക്കൊക്കെ ക്ഷേത്രത്തിൽ പോകാനുള്ള അനുവാദം അയാളോട് ചോദിച്ചു വാങ്ങി. പഴയത് പോലെയല്ല ഇപ്പോൾ, ഇടയ്ക്കൊക്കെ മുഖത്ത് നോക്കി ചിരിക്കാറുണ്ട്. വീടിനടുത്ത് എന്റെ ആഗ്രഹം പോലെ ഒരു കൃഷ്ണ ക്ഷേത്രം ഉണ്ടായിരുന്നു. കഴിയുന്ന ദിവസങ്ങളിൽ എല്ലാം ഞാൻ അവിടെ പോയി പ്രാർത്ഥിക്കും.

എന്റെ

പ്രാർത്ഥനയിൽ മുഴുവനും അവൻ മാത്രം ആയിരുന്നു. കാണാമറയത്തിരിക്കുന്ന അവന് വേണ്ടി ഞാൻ എന്തിനാണ് പ്രാർത്ഥിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല. അതിന് ശേഷം ഞാൻ അവനെ കണ്ടിട്ടേയില്ല. ഒരിക്കൽ കൂടി ഒന്നു കാണാൻ വല്ലാത്ത ആഗ്രഹം തോന്നി. ആ ഗന്ധം ഒരിക്കൽ കൂടി എന്നെ വന്നു മൂടിയിരുന്നെങ്കിൽ, എനിക്കറിയാം അവൻ വരും. എന്റെ കാത്തിരിപ്പ് വെറുതെയാവില്ല.

 

 

അമ്മയുടെ മരണം അപ്രതീക്ഷിതമായിരുന്നു.. ആ ദിവസങ്ങളിൽ അയാൾ വളരെ അസ്വസ്ഥനായിരുന്നു, ചടങ്ങുകൾ കഴിഞ്ഞ് ദിവസങ്ങളോളം അയാൾ മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങില്ല. പുറത്തേക്ക് വന്ന ദിവസങ്ങളിലെല്ലാം കുടിച്ചുലക്ക് കെട്ടാണ് അയാൾ വീട്ടിലേക്ക് വന്നത്..

വാതിൽ തുറന്നു കൊടുക്കുമ്പോൾ കുറേനേരം നിർന്നിമേഷനായി എന്നെ നോക്കി നിൽക്കും. ശേഷം അകത്തു കയറി വാതിൽ അടക്കും.

ഞാൻ തീർത്തും ആ വീട്ടിൽ ഒറ്റപ്പെട്ട ദിവസങ്ങൾ ആയിരുന്നു പിന്നീടുള്ളത്.

ഞാനെന്ന വ്യക്തി അവിടെ ഉള്ളതായിപ്പോലും അയാൾ ഭാവിച്ചില്ല.

 

അങ്ങനെ ഒരുപാട് ദിവസങ്ങൾക്കു ശേഷം, ഒരു ദിവസം പൂർണ്ണ ബോധത്തോടെ അയാൾ വീട്ടിലെത്തി.

വാതിൽ തുറന്നു കൊടുത്തിട്ട് പതിവുപോലെ ഞാൻ മാറി നിന്നു..

 

“നിനക്ക് ഇവിടെ നിന്നും പോകണമോ? ”

 

പെട്ടെന്നുള്ള അയാളുടെ ചോദ്യം കേട്ട് എന്തു പറയണം എന്നറിയാതെ ഞാൻ ഞെട്ടിപ്പോയി.

ഇവിടെ നിന്നും ഇറങ്ങേണ്ടി വരുന്ന ഒരവസ്ഥയെക്കുറിച്ചു ചിന്തിച്ചു നോക്കാൻ പോലും ഭയമാകുന്നു..

 

“ചോദിച്ചത് കേട്ടില്ലാന്നുണ്ടോ..”

 

“അത്.. ഞാൻ.. എനിക്ക്.. എനിക്കാരും ഇല്ല. ഇവിടെ തന്നെ ഒരു ജോലിക്കാരിയായി ഞാൻ നിന്നോളാം.”

 

 

മറുപടിയൊന്നും നൽകാതെ അയാൾ എഴുന്നേറ്റ് മുറിയിലേക്ക് കയറി വാതിൽ അടയ്ക്കുന്നതിന് മുൻപ്, ഒരിക്കൽ കൂടി മുഖം ഉയർത്തി നോക്കി.

 

“ഞാൻ നാളെ രാവിലെ ഒരു യാത്ര പോകും.. രണ്ടു ദിവസം കഴിഞ്ഞിട്ടേ തിരികെ എത്തു.”

 

 

പിറ്റേന്ന് രാവിലെ അയാൾ പോയി..

അയാളില്ലാത്ത രണ്ടു ദിവസങ്ങൾ രണ്ടുയുഗങ്ങൾ പോലെയാണ് തോന്നിയത്. രണ്ടു ദിവസം കഴിഞ്ഞിട്ടും ആളെ കണ്ടില്ല. പിറ്റേന്ന് വരുമെന്ന് സമാധാനിച്ചു പക്ഷേ അഞ്ചാം ദിവസവും വരാതെയായപ്പോൾ ഭയം മനസ്സിനെ പിടികൂടി. ഇനി എന്തെങ്കിലും സംഭവിച്ചു കാണുമോ. അയാളെ കാണാതെ ഇനി ഒരു ദിവസം കൂടി, എനിക്ക് അത് ആലോചിക്കാനേ കഴിഞ്ഞില്ല. കഴിഞ്ഞു പോയ ഒരു വർഷത്തിനിടയിൽ അയാൾ എനിക്ക് ആരൊക്കെയോ ആയി മാറിയിരുന്നു എന്ന സത്യം, ഒരുൾക്കിടിലത്തോടെ ഞാൻ മനസ്സിലാക്കി.

 

‘ഇനി ഒരിക്കലും അയാൾ വരില്ലേ.. എന്നെ ഉപേക്ഷിച്ചു പോയതാണോ?

ഇല്ല അങ്ങനെ അയാൾ ചെയ്യില്ല.’

നേരം കഴിയും തോറും ഒരു മരണവീടിന്റെ മൂകത അവിടെ തളം കെട്ടി നിൽക്കുന്നതായി എനിക്ക് തോന്നി തുടങ്ങി.

കാൽമുട്ടുകളിൽ മുഖം പൂഴ്ത്തി, ഇരുട്ടു നിറഞ്ഞ മൂലയിൽ ഇരുന്നു നിശ്ശബ്ദം ഞാൻ അയാൾക്ക്‌ വേണ്ടി കണ്ണുനീർ വാർത്തു.

 

അർദ്ധരാത്രി കഴിഞ്ഞപ്പോൾ വാതിലിൽ മുട്ട് കേട്ട് ഞാൻ ഞെട്ടി പിടഞ്ഞു എഴുന്നേറ്റു.

തട്ടിന്റെ കൂടി അയാളുടെ ശബ്‍ദം കൂടി കേട്ടപ്പോൾ പുതുജീവൻ കിട്ടിയ പ്രതീതി ആയിരുന്നു.

ഓടിപ്പോയി വാതിൽ തുറന്നു, അഞ്ചു ദിവസം കൊണ്ട് അയാൾ ആകെ മാറിപ്പോയിരുന്നു.

മുഖമടച്ചു ഒരടി കൊടുക്കാനാണ് ആദ്യം തോന്നിയതെങ്കിലും സ്വയം നിയന്ത്രിച്ചു.

 

ഒന്നും മിണ്ടാതെ തിരികെ മുറിയിലേക്ക് കയറാൻ പോയ എന്നെ അയാൾ പുറകിൽ നിന്നും കെട്ടിപ്പിടിച്ചു അപ്രതീക്ഷിതമായ ആ നീക്കത്തിൽ ഒരു നിമിഷം ശ്വാസം പോലും നിലച്ചു നിന്നുപോയി.

പിൻ കഴുത്തിൽ അയാളുടെ ചൂട് ശ്വാസം തട്ടിയപ്പോൾ ശരീരം മുഴുവനും വെട്ടി വിറച്ചു.

കുറച്ചുനേരം ഒന്നും മിണ്ടാതെ ആ നിൽപ്പ് തുടർന്നു.

ഒടുവിൽ എന്നെ വിട്ട് മുറിയിൽ കയറി അയാൾ വാതിൽ അടച്ചു.

എന്തിനെന്നറിയാതെ നേരം വെളുക്കുവോളും കാൽമുട്ടുകളിൽ മുഖമമർത്തി ഞാൻ കരഞ്ഞു.

 

അതിരാവിലെ എഴുന്നേറ്റ് കുളിച്ചു പതിവിനു വിപരീതമായി നന്നായി ഒരുങ്ങി സങ്കടങ്ങളെല്ലാം കണ്ണനോട് പങ്കുവയ്ക്കാനായി ക്ഷേത്രത്തിലേക്ക് തിരിച്ചു.

ക്ഷേത്രത്തിലേക്ക് കാലെടുത്തു വച്ചപ്പോൾ തന്നെ ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു.

പ്രാർത്ഥിച്ചു തിരിയുന്നതിനു മുൻപ് തന്നെ, ചന്ദനത്തിന്റെ ഗന്ധം എന്നെ വലയം ചെയ്തു.

നിറകണ്ണുകളോടെ കണ്ണുകൾ ഉയർത്തി കണ്ണനെ ഒന്നു നോക്കിയ ശേഷം ദീർഘമായി ഒന്നു നിശ്വസിച്ചുകൊണ്ട് തിരിഞ്ഞു നോക്കി.

 

ചുണ്ടുകളിൽ നിറപുഞ്ചിരിയുമായി കണ്ണുകളിൽ കുസൃതിയൊളിപ്പിച്ചു അവൻ നിൽക്കുന്നു.

 

അവനെക്കണ്ട സന്തോഷമാണോ

അതോ ഇതു വരെ കാണാൻ സാധിക്കാതെ ഇരുന്ന വിഷമം ആണോന്നറിയില്ല, കണ്ണുകൾ നിയന്ത്രണമില്ലാതെ നിറഞ്ഞൊഴുകി.

അവനെ മറി കടന്നു പോകാൻ പോയതും അവൻ കയ്യിൽ പിടിച്ചു മുന്നിലേക്ക് നീക്കി നിർത്തി.

 

“ഒരു കാര്യം മാത്രം..”

 

മുഖമുയർത്തി നോക്കിയെങ്കിലും അവന്റെ കണ്ണുകളിൽ നോക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു.

 

“പോരുന്നോ എന്റെ കൂടെ..”

 

മറുപടിയൊന്നും നൽകാതെ അവന്റെ കൈ വിടുവിച്ചു ഞാൻ തിരിഞ്ഞു നടന്നു.

 

“ഇയാൾ താമസിക്കുന്ന സ്ഥലം എനിക്ക് അറിയാം, ഞാൻ വീട്ടിലേക്ക് വരാം.” അവൻ പുറകിൽ നിന്നും വിളിച്ചു പറഞ്ഞു.

 

വീട്ടിലേക്ക് ചെന്നു കയറിയപ്പോൾ കണ്ടത് മുന്നിൽ തന്നെ എന്തൊക്കെയോ കത്തിച്ചുകൊണ്ടു നിൽക്കുന്ന അയാളെയാണ്. എന്റെ

മുഖത്ത് നോക്കി ഒരു പുഞ്ചിരി സമ്മാനിച്ചു. ഞാനും ഒന്നു ചിരിച്ചിട്ട് അകത്തേക്ക് നടന്നു. പോകുന്ന പോക്കിൽ ഞാൻ കണ്ടിരുന്നു തീനാളങ്ങൾ വിഴുങ്ങുന്ന ആ ഫോട്ടോയിൽ കണ്ട മനോഹരമായ മുഖം.

 

അകത്തേക്ക് കയറിയ ഞാൻ അതുപോലെ തിരികെയിറങ്ങി.

അതെ അവൻ വാക്ക് പാലിച്ചിരിക്കുന്നു. ഉമ്മറത്ത് അയാളോട് സംസാരിച്ചുകൊണ്ട് ഇരിക്കുന്നുണ്ട്.

 

“അമ്മയെ നോക്കാനല്ലേ ഇവൾ ഇവിടെ വന്നത് ഇപ്പോൾ അമ്മ മരിച്ചില്ലേ, അതായത് ഇവിടുത്തെ ജോലി കഴിഞ്ഞു. ഇനി ഇവളെ ഞാൻ കൊണ്ടുപോയ്‌ക്കോട്ടെ. ഒരിക്കൽ അതിനായി ശ്രമിച്ചതാണ്. പക്ഷേ ഒരു അപകടം കാരണം കഴിഞ്ഞില്ല. പിന്നീട് പല സ്ഥലങ്ങളിലും അന്വേഷിച്ചാണ്, ഒടുവിൽ ഇവിടെ അവളെ കണ്ടെത്തിയത്.

 

“അവൾക്ക് സമ്മതമാണെങ്കിൽ കൊണ്ടു പൊയ്ക്കോളൂ.”

 

അത്രയും പറഞ്ഞ് അയാൾ അകത്തേക്ക് പോയി.

 

“പോയി നിന്റെ സാധനങ്ങൾ മാത്രം എടുത്തിട്ട് വരു.”

അവൻ പറഞ്ഞതു കേട്ട് യാന്ത്രികമായി കാലുകൾ അകത്തേക്ക് ചലിച്ചു.

 

അടഞ്ഞു കിടക്കുന്ന വാതിലിനു നേർക്ക് അൽപനേരം നോക്കി നിന്നു. കാലിനടിയിലെ മണ്ണൊലിച്ചു പോകുന്നത് പോലെ തോന്നി.

 

ഏറെനേരം തട്ടി വിളിച്ചിട്ടാണ് അയാൾ വാതിൽ തുറന്നത്.

 

“എന്താ.. നീ ഇതുവരെ പോയില്ലേ?”

 

അയാളെ തള്ളിമാറ്റി ഞാൻ ആ മുറിയിലേക്ക് കയറി.

 

“എന്നോട് പോകരുതെന്ന് പറഞ്ഞുകൂടെ.”

 

“അതിന് എനിക്ക് എന്തധികാരം?”

 

“നിങ്ങൾ എന്നെ പ്രണയിക്കുന്നില്ലേ?”

 

മുഖത്ത് നോക്കാതെ അയാൾ തല താഴ്ത്തി നിന്നു.

 

“ഇല്ലെന്ന് കള്ളം പറയണ്ട.

അനാഥയായ എന്നെ കൊണ്ടുവന്ന്, ഒരു പോറൽ പോലും പറ്റാതെ ഇത്രയും നാൾ സംരക്ഷിച്ച നിങ്ങളെ ഉപേക്ഷിച്ച് എനിക്ക് ഒരിടത്തേക്കും പോകണ്ട. എനിക്ക്.. എനിക്ക് നിങ്ങളെ പിരിയാനാകില്ല. പേരിനു വേണ്ടി മാത്രമെങ്കിലും ഒരു താലി എന്റെ കഴുത്തിൽ ചാർത്തി തന്നൂടെ.”

 

ഞാൻ പറഞ്ഞത് വിശ്വസിക്കാനാകാതെ അയാൾ എന്നെ നോക്കി.

 

അയാളുടെ മാറിലേക്ക് ചാഞ്ഞു പൊട്ടിക്കരഞ്ഞു ഒരിക്കലും കൈ വിടരുതെന്ന് അപേക്ഷിച്ചു.

എന്റെ മുഖം കൈക്കുമ്പിളിൽ കോരിയെടുത്തു ഒളിപ്പിച്ചു വച്ച പ്രണയമെല്ലാം ചുംബനമായി നൽകിക്കൊണ്ടാണ്, എനിക്കുള്ള മറുപടി അയാൾ നൽകിയത്.

 

അയാൾ ഷെൽഫിൽ ഒളിപ്പിച്ചു വച്ചിരുന്ന കുഞ്ഞൊരു പെട്ടിയിൽ നിന്നും മഞ്ഞ ചരടിൽ കെട്ടിയ താലി എടുത്ത് എന്റെ കൈ പിടിച്ചു ഹാളിലെ കൃഷ്ണന്റെ ഫോട്ടോയുടെ മുന്നിൽ വച്ച് എന്റെ കഴുത്തിൽ ചാർത്തി. അമ്പലത്തിൽ നിന്നും കൊണ്ടു വച്ച പ്രസാദത്തിൽ നിന്നും ഒരു നുള്ള് കുങ്കുമം എടുത്തു നെറുകിൽ ചാർത്തി.

പെട്ടെന്ന് ഓർമ്മ വന്നതുപോലെ ഞങ്ങൾ ഒരുമിച്ചു തിരിഞ്ഞു നോക്കി.

എല്ലാം കണ്ടു കൊണ്ട് അവൻ ഞങ്ങളുടെ തൊട്ട് പുറകിൽ തന്നെ ഉണ്ടായിരുന്നു.

ഞങ്ങളെ ഒന്നു നോക്കിയതിന് ശേഷം ചുണ്ടിൽ ഒളിപ്പിച്ച പുഞ്ചിരിയും കണ്ണുകളിൽ നിറയെ കുസൃതിയുമായി, അവൻ തിരികെ നടന്നു.

ചന്ദനത്തിന്റെ ഗന്ധം എന്നിൽ നിന്നും അകന്നു പോകുന്നതും, മറ്റേതോ സുഗന്ധം എന്നെ വന്നു വലയം ചെയ്യുന്നതും അപ്പോൾ ഞാനറിഞ്ഞു.

 

ബാലനന്ദ

Leave a Reply

Your email address will not be published. Required fields are marked *