ആട്ടി വിട്ടിട്ടും ഇങ്ങനെ പിന്നാലെ ഒലിപ്പിച്ചു നടക്കുന്നു. വല്ലാത്ത ശല്യം തന്നെ ഒന്ന് പോയി തരോ.. മാരണം “

“അഞ്ജലി ഇനിയും നീ എന്നിൽ നിന്നും ഒഴിഞ്ഞു മാറരുത് സെക്കന്റ് ഇയർ മുതൽ ഞാൻ നിന്റെ പിന്നാലെ ആണ്. ഇന്നിപ്പോ തേർഡ് ഇയറിലെ അവസാനത്തെ ദിവസവും. എന്റെ പ്രണയം ആത്മാർത്ഥമാണ്. ഇനിയും നീ അത് തട്ടിക്കളയരുത് ”

 

അനൂപിന്റെ സ്വരം വളരെ ദയനീയമായിരുന്നു. എന്നാൽ മറുപടി പറയുവാൻ വാക്കുകൾ ഇല്ലാതെ നിന്നുരുകി അഞ്ജലി.

 

” അനൂപ്. പ്ലീസ്. നീ നല്ലൊരു പയ്യനാണ് എനിക്ക് ഇഷ്ടവും ആണ് നിന്നെ. പക്ഷെ നിന്നെ ഇങ്ങനൊരു സ്ഥാനത്ത് കാണുവാൻ കഴിയില്ല എനിക്ക് അതിനു എനിക്ക് എന്റേതായ കാരണങ്ങൾ ഉണ്ട്. അത് പക്ഷെ നിന്നോട് പറയാൻ പറ്റില്ല. നീ ദയവ് ചെയ്ത് മറ്റൊരു പെൺകുട്ടിയെ കണ്ടെത്തു. പ്ലീസ്. ”

 

തൊഴു കയ്യോടെയാണ് അവൾ അത് പറഞ്ഞത്. ആ വാക്കുകൾ അനൂപിൽ ഉണ്ടാക്കിയ നിരാശ കുറച്ചൊന്നുമല്ലായിരുന്നു. അവന്റെ ഉള്ളിൽ തറച്ചു കയറി അവളുടെ ഓരോ വാക്കുകളും.

 

” അഞ്ജലി പ്ലീസ്… നിന്നെ അത്രയ്ക്ക് സ്നേഹിച്ചു പോയി ഞാൻ ഇനി മറ്റൊരു പെൺകുട്ടിയെ നിന്റെ സ്ഥാനത്ത് കാണുവാൻ കഴിയില്ല എനിക്ക്.. നമ്മൾ ഒന്നിച്ചുള്ള ജീവിതം ഞാൻ ഒരുപാട് സ്വപ്നം കണ്ടു. നിന്നെ പൊന്നു പോലെ നോക്കിക്കോളാം ഞാൻ. ഇനിയും എന്നെ വിഷമിപ്പിക്കരുത് ഒരു യെസ്… അത് പറയ് പ്ലീസ്..”

 

അവൻ വീണ്ടും വീണ്ടും കെഞ്ചുമ്പോൾ എന്ത് പറയണമെന്നറിയാതെ കുഴഞ്ഞു അഞ്ജലി. തന്റെ പ്രശ്നം അത് ഒരിക്കലും അനൂപിനോട് തുറന്ന് പറയുവാനുള്ള ധൈര്യം അവൾക്ക് ഉണ്ടായിരുന്നില്ല. അനൂപിനോട് എന്നല്ല സ്വന്തം വീട്ടുകാർ ഉൾപ്പെടെ ആരോടും അത് പറയുവാൻ അവൾക്ക് ധൈര്യം കിട്ടിയില്ല. മനസ്സ് വേദനിപ്പിച്ചിട്ട് ആയാലും അനൂപിനെ എങ്ങിനെയും തന്നിൽ നിന്നും അകറ്റണം എന്ന് തന്ന് ഉറപ്പിച്ചു അഞ്ജലി.

 

” അനൂപ്… അവസാനമായി ഞാൻ പറയുവാ.. എനിക്ക് ഇഷ്ടമല്ല നിന്നെ. ഇനി ഒരിക്കലും ഇല്ലാത്ത ഇഷ്ടം തോന്നിപ്പിക്കാനും പറ്റില്ല . കാര്യങ്ങൾ വ്യക്തമായി ഞാൻ ഇതിനോടകം പറഞ്ഞു കഴിഞ്ഞു നിന്നോട്. ഒന്നല്ല ഒരുപാട് വട്ടം. ഇനിയും നീ എന്റെ പിന്നാലെ നടന്നു ശല്യം ചെയ്താൽ എനിക്ക് വീട്ടിൽ പറയേണ്ടി വരും പിന്നെ അവരുടെ പ്രതികരണം എങ്ങിനെ ആകും എന്നത് എനിക്കും പറയാൻ പറ്റില്ല.. സൊ എന്നെ വെറുതെ വിട്ടേക്ക് ”

 

തന്റെ മുഖത്തടിച്ച പോലെയാണ് ആ മറുപടി കേട്ടപ്പോൾ അനൂപിന് അനുഭവപ്പെട്ടത്. അവളിൽ നിന്നും ഇത്ര കടുത്ത ഭാഷയിൽ ഒരു പ്രതികരണം അവൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

 

” അഞ്ജലി പ്ലീസ്.. ”

 

പ്രതീക്ഷ കൈവിട്ട അവസ്ഥയിലും വീണ്ടും കെഞ്ചി അവൻ. എന്നാൽ ഇത്തവണ കൂടുതൽ കടുപ്പമേറി അഞ്ജലിയുടെ വാക്കുകൾക്ക്.

 

” എടാ.. നിനക്ക് നാണമില്ലേ.. നട്ടെല്ലില്ലേ.. ഇത്രയൊക്കെ ആട്ടി വിട്ടിട്ടും ഇങ്ങനെ പിന്നാലെ ഒലിപ്പിച്ചു നടക്കുന്നു. വല്ലാത്ത ശല്യം തന്നെ ഒന്ന് പോയി തരോ.. മാരണം ”

 

പല്ലുകൾ ഞെരിച്ചുകൊണ്ടവൾ തിരിഞ്ഞു നടക്കുമ്പോൾ ആകെ നടുങ്ങി തരിച്ചിരുന്നു പോയി അനൂപ്. പിന്നെ അവളുടെ പിന്നാലെ പോകുവാൻ അവന് മനസ്സ് വന്നില്ല.

 

അഞ്ജലി ആകട്ടെ നിറഞ്ഞൊഴുകിയ മിഴിനീർ അനൂപ് കാണാതിരിക്കുവാൻ ഏറെ പണിപ്പെട്ടു. അവനെ പോലെ സൽ സ്വഭാവിയും സുന്ദരനുമായ ഒരാളെ കാമുകനായോ ഭർത്താവ് ആയോ കിട്ടുവാൻ ഏത് പെൺകുട്ടിയും ഒന്ന് കൊതിക്കും കോളേജിൽ തന്നെ പല പെൺകുട്ടികളും അങ്ങട് ചെന്ന് അവനോട് ഇഷ്ടം പറഞ്ഞിട്ടുള്ളതുമാണ്. പക്ഷെ ആ അനൂപിനെ ഒഴിവാക്കുകയല്ലാതെ മറ്റൊരു വഴിയില്ലായിരുന്നു അവൾക്ക്.

 

മൂന്ന് വർഷങ്ങൾ നീണ്ട സുന്ദരമായ കോളേജ് ജീവിതം അവസാനിപ്പിച്ചു എല്ലാവരും വേദനയോടെ പടിയിറങ്ങുമ്പോൾ അനൂപിന്റെ ഉള്ളിൽ അഞ്ജലിയെ ഓർത്തുള്ള നൊമ്പരമായിരുന്നു. അറപ്പോടെ അവൾ അവസാനം പറഞ്ഞ ആ വാക്കുകൾ അത്രമേൽ വേദനിപ്പിച്ചിരുന്നത് കൊണ്ട് തന്നെ പിന്നെ കുറച്ചു നാളത്തേക്ക് മനസ്സിൽ നിന്നും അവളെ മനഃപൂർവം പറിച്ചു കളഞ്ഞു അവൻ. അതിനിടയിൽ ഒരു ജോലി കിട്ടി ഗൾഫിലേക്ക് പോയി അനൂപ്.എന്നാൽ ഉള്ളിലെ സ്നേഹം ആത്മാർത്ഥമായിരുന്നതിനാൽ തന്നെ അധിക നാൾ അവളെ മറന്നിരിക്കുവാനും കഴിഞ്ഞില്ല അവന്. പെട്ടെന്നു നാട്ടിൽ തിരികെ എത്തുവാൻ കഴിയാത്ത സാഹചര്യം ആയത് കൊണ്ട് തന്നെ പല സുഹൃത്തുക്കളോടും അഞ്ജലിയെ പറ്റി തിരക്കി അവൻ. എന്നാൽ കോളേജ് ജീവിതം അവസാനിപ്പിച്ചതിൽ പിന്നെ ആരുമായും അവൾ കോൺടാക്ട് ചെയ്തിട്ടില്ല എന്ന വസ്തുത അനൂപിനെ വല്ലാതെ അതിശയിപ്പിച്ചു.

 

” അവൾക്ക് എന്താണ് പറ്റിയത് എന്ന് അറിയില്ല ടാ.. ആദ്യമൊക്കെ വിളിക്കുമ്പോ എടുത്ത് എന്തേലും ഒക്കെ പറഞ്ഞു കട്ട്‌ ആക്കും.. പിന്നെ പിന്നെ വിളിച്ചാലോ മെസേജ് ചെയ്താലോ റിപ്ലൈ ഇല്ലാതായി കുറച്ചു നാൾ കഴിഞ്ഞപ്പോ നമ്പറും മാറ്റി ഇപ്പോ അവളെ പറ്റി ആർക്കും ഒരു വിവരവും ഇല്ല. ”

 

അഞ്ജലിയുടെ ആത്മമിത്രമായിരുന്ന ചിത്രയുടെ മറുപടി കൂടി കേൾക്കെ ആകെ അതിശയമായി അനൂപിന്.

 

” ടാ അവളുടെ അച്ഛൻ ഇവിടുത്തെ പോലീസ് സ്റ്റേഷനിൽ ന്ന് സ്ഥലം മാറി പോയിട്ട് കുറച്ചു നാളായി അതോടെ അവളുടെ ഫാമിലിയെ പറ്റിയും ഇപ്പോ ഒന്നും അറിയില്ല ”

 

മറ്റൊരാളുടെ മറുപടി കൂടുതൽ നിരാശ സമ്മാനിച്ചു.

 

ആർക്കും പിടി കൊടുക്കാതെ അഞ്ജലി ഇതെവിടെക്കാണ് മറഞ്ഞത് എന്നത് എത്ര ആലോചിച്ചിട്ടും അവന് മനസിലായില്ല.

 

” ടാ.. ഒരു കാര്യം ഇപോഴാ ഓർത്തെ ഞാൻ അവസാനമായി അവളുടെ അമ്മയെ ഒരിക്കൽ കണ്ടിരുന്നു. അന്ന് അമ്മ പറഞ്ഞത് അവള് വീട്ടിൽ വഴക്കിട്ട് എവിടേക്കോ ഇറങ്ങി പോയി ഇപ്പൊ ഒരു വിവരവും ഇല്ല എന്നാണ്. ”

 

ചിത്ര ഓർത്തെടുത്തു പറഞ്ഞ ആ കാര്യം കൂടി കേൾക്കെ അനൂപിന്റെ മനസ്സിൽ പല പല സംശയങ്ങളും ഉടലെടുത്തു.

 

” അവൾക്ക് എന്തോ പ്രശ്നങ്ങൾ ഉണ്ടായിരുന്നു ടീ.. നമ്മളോടൊക്കെ അവളത് മറച്ചതാണ്… എന്നെ പോലും അവൾ മനഃപൂർവം ഒഴിവാക്കിയതാണോ എന്ന് എനിക്കിപ്പോ സംശയം ഉണ്ട്. ”

 

അവൻ പറഞ്ഞത് ഏറെക്കുറെ ശെരിയാണെന്ന് ചിത്രയ്ക്കും തോന്നി. ദിവസങ്ങളും മാസങ്ങളും പിന്നെയും കടന്നു. ഒടുവിൽ അനൂപ് പ്രവാസി ആയിട്ട് ഒരു വർഷം തികഞ്ഞു. ഒരു മാസത്തെ ലീവ് കിട്ടിയപ്പോൾ നാട്ടിലേക്ക് വരാൻ അവന് ഒരൊറ്റ ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളു… എങ്ങിനെയും അഞ്ജലിയെ കണ്ടെത്തണം. ആ ദൗത്യത്തിൽ ചിത്ര കൂടി പങ്കാളി ആയിരുന്നു. നാട്ടിൽ എത്തി മൂന്നാം നാൾ അനൂപ്. ചിത്രയേ കണ്ടു.

 

” അനൂപ് ഒരു വിവരം കിട്ടീട്ടുണ്ട്. അഞ്ജലിയുടെ ഫാമിലി ഇപ്പോൾ എറണാകുളത്ത് ഉണ്ട്. അവളുടെ അച്ഛൻ അവിടേക്ക് ആണ് സ്ഥലം മാറി പോയത്. എന്റെ ഒരു ഫ്രണ്ടിന്റെ ചേട്ടൻ ഇവിടെ സ്റ്റേഷനിൽ ഉണ്ട് പുള്ളി വഴി അന്വേഷിച്ചു അറിഞ്ഞതാണ് ”

 

ചിത്ര പറഞ്ഞ വാക്കുകൾ അനൂപിന് ഏറെ പ്രതീക്ഷ നൽകി.

 

” ചിത്രാ നമുക്ക് നാളെ തന്നെ വിട്ടാലോ.. തിരുവനന്തപുരം ടു എറണാകുളം.. ട്രെയിൻ പിടിക്കാം അതാകുമ്പോ നാളെ തന്നെ പോയി തിരികെ വരാനും പറ്റും. ”

 

” ഞാൻ റെഡി.. ”

 

ചിത്ര ഓക്കേ പറഞ്ഞതോടെ അനൂപും ആവേശത്തിൽ ആയി.

 

പിറ്റേന്ന് രാവിലെ തന്നെ അവർ എറണാകുളത്തേക്ക് തിരിച്ചു. അന്വേഷിച്ചു എത്തിയത് അഞ്ജലിയുടെ അച്ഛൻ ട്രാൻസ്ഫർ ആയി ചെന്ന സ്റ്റേഷനിൽ ആണ്. അവിടെ വച്ചാണ് അയാൾ റിട്ടയർ ആയ വിവരം അവര് അറിയുന്നത്. സ്റ്റേഷനിൽ നിന്ന് ലഭിച്ച അഡ്രസ് തപ്പിപിടിച്ചു ഉച്ചയോടെ അവർ കൃത്യമായി അഞ്ജലിയുടെ വീട്ടിൽ എത്തി.

 

ചിത്രയേ കണ്ട പാടെ അഞ്ജലിയുടെ അച്ഛൻ ബാലചന്ദ്രനും അമ്മ ശ്രീദേവിയും ഒന്ന് പരുങ്ങി. കാരണം അവളെ മുന്നേ അവർക്ക് പരിചയം ഉണ്ടായിരുന്നു മാത്രമല്ല അവരുടെ വരവ് അഞ്ജലിയെ അന്യോഷിച്ചു ആകും എന്നും ഊഹിച്ചു.

 

” ഞങ്ങൾക്ക് അറിയില്ല മക്കളെ.. ഞാൻ മുൻപ് പറഞ്ഞില്ലേ.. ഞങ്ങളോട് വഴക്കിട്ട് എവിടേക്കോ പോയി ഒരു കത്ത് കിട്ടിയിരുന്നു പിന്നാലെ തിരഞ്ഞു ചെല്ലേണ്ട എന്ന് പറഞ്ഞിട്ട് എന്നിട്ടും കുറെ അന്വേഷിച്ചു പക്ഷെ കണ്ടെത്താൻ പറ്റിയില്ല ”

 

ശ്രീദേവിയുടെ മറുപടിയിൽ ഒട്ടും തൃപ്തർ അല്ലാതെ ബാലചന്ദ്രനു നേരെ നോക്കി അനൂപും ചിത്രയും.

 

” അവൾ പറഞ്ഞത് സത്യം ആണ്. അഞ്ജലി എവിടെയാണെന്ന് ഞങ്ങൾക്ക് അറിയില്ല.. ആരും ഇനി അവളെയും തിരക്കി ഇങ്ങട് വരികയും വേണ്ട.. നിങ്ങൾക്ക് പോകാം ”

 

അല്പം പരുഷമായാണ് ബാലചന്ദ്രൻ അത് പറഞ്ഞത് എന്നാൽ ആ വാക്കുകളിൽ നിന്നും അനൂപ് ഒന്ന് ഉറപ്പിച്ചു അഞ്ജലി എവിടെയാണ്.. അവൾക്ക് എന്താണ് സംഭവിച്ചത് എന്ന് ബാലചന്ദ്രനും ശ്രീദേവിക്കും വ്യക്തമായി അറിയാം.

 

” അങ്കിൾ നിങ്ങൾ എന്തോ മറയ്ക്കുന്നുണ്ട്.. അഞ്ജലി വീട് വിട്ടു പോയിട്ട് ഒരു വർഷത്തോളം ആയിട്ടും ഒരു പോലീസുകാരനായ നിങ്ങൾ അന്യോഷിച്ചു കണ്ടെത്തിയില്ല എങ്കിൽ അതിൽ എന്തോ ഉണ്ട്. അത് ഞങ്ങളോട് പറയുവാൻ മനസ്സ് ഇല്ല എങ്കിൽ ഞങ്ങൾ നേരെ പോലീസ് സ്റ്റേഷനിലേക്ക് പോകും അഞ്ജലിയെ കാണാനില്ലെന്ന് കംപ്ലയിന്റ് കൊടുക്കും… അന്നേരം അവൾക്ക് എന്ത് സംഭവിച്ചു എന്ന് പറയേണ്ടി വരും നിങ്ങൾക്ക് രണ്ടാൾക്കും ”

 

അനൂപിന്റെ വാക്കുകളിൽ നിഴലിച്ച ആ ഭീഷണിയുടെ സ്വരം ബാലചന്ദ്രന്റെയും ശ്രീദേവിയുടെയും സ്വൈര്യം കെടുത്തി. വീണ്ടും പരമാവധി ഒഴിഞ്ഞു മറുവാൻ അവർ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല ഒടുവിൽ കീഴടങ്ങുകയല്ലാതെ വേറെ വഴിയില്ല എന്നായി.

അഞ്ജലിയെ സംബന്ധിച്ചുള്ള ആ വലിയ രഹസ്യം അനൂപിനോടും ചിത്രയോടും പറയുവാൻ ബാലചന്ദ്രൻ തയ്യാറായി.

 

” മക്കളെ.. നിങ്ങടൊപ്പം കോളേജിൽ പഠിച്ച ആ അഞ്ജലി ഇപ്പോൾ ഇല്ല… അവൾ മരിച്ചു..”

 

ആ വാക്കുകൾ കേട്ട് നടുങ്ങി പോയി അവർ.

 

” അങ്കിൾ… അങ്കിൾ എന്താ ഈ പറയുന്നേ.. ”

 

ഞെട്ടലോടെ ചിത്ര ചോദിച്ചത് കേട്ട് പതിയെ എഴുന്നേറ്റു ബാലചന്ദ്രൻ.

 

” അതെ മക്കളെ.. ആ അഞ്ജലി അവൾ ഇപ്പോൾ ഇല്ല… ഇപ്പോൾ അവനാണ്.. അതുൽ.. അതുൽ ബാലചന്ദ്രൻ. ”

 

” ങേ.. ”

 

ഇത്തവണ ശെരിക്കും ഞെട്ടി അനൂപും ചിത്രയും

 

” അങ്കിൾ എന്താ ഈ പറയുന്നേ.. ”

 

അനൂപ് ഒന്നും മനസിലാകാതെ വീണ്ടും ബാലചന്ദ്രനെ നോക്കി.

 

” മക്കളെ അവൾ അവൾക്ക് ഒരു പെണ്ണായി ജീവിക്കാൻ കഴിയില്ല. പെണ്ണിന്റെ ശരീരം മാത്രേ അവൾക്ക് ഉണ്ടായിരുന്നുള്ളു. മനസ്സ് കൊണ്ട് അവൾ ഒരു ആണായിരുന്നു. കൂടെ ഒരുമിച്ചു പഠിച്ച നിങ്ങളോട് പോലും പറയാൻ മടിച്ചു അഞ്ജലി കൊണ്ട് നടന്ന സത്യം. ”

 

ആ പറഞ്ഞത് കേട്ട് അന്ധാളിച്ചു പരസ്പരം നോക്കി പോയി അനൂപും ചിത്രയും. ശ്രീദേവി ആകട്ടെ മിഴിനീർ തുടച്ചു.

 

” അങ്കിൾ.. എന്താ ഈ പറയുന്നേ.. അഞ്ജലി.. ”

 

വാ പൊളിച്ചു നിന്ന അനൂപിന്റെ ചുമലിൽ തട്ടി ബാലചന്ദ്രൻ

 

” അതേ മോനെ.. ഞങ്ങളും അറിഞ്ഞപ്പോൾ ഏറെ വൈകി.. ആദ്യമൊന്നും ഉൾക്കൊള്ളുവാൻ കഴിഞ്ഞില്ല.. അങ്ങിനെയാണ് അവൾ വീടുവിട്ട് പോയത്. എന്നാൽ. ഞങ്ങടെ കുഞ്ഞല്ലേ ഞങ്ങൾ അല്ലെ ഉള്ളു അവൾക്ക്. ”

 

അത്രയും പറഞ്ഞു നിർത്തുമ്പോൾ അയാളുടെ മിഴികൾ. തുളുമ്പി. മിഴിനീർ തുടച്ചു കൊണ്ട് വീണ്ടും തുടർന്ന് അയാൾ

 

” രക്ഷകർത്താക്കളായ ഞങ്ങളോടും കൂട്ടുകാരായ നിങ്ങളോടുമൊന്നും തുറന്ന് പറയാൻ കഴിയാതെ എത്ര നാൾ എന്റെ കുട്ടി എല്ലാ വേദനകളും ഉള്ളിൽ ഒതുക്കി എന്ന് അറിയില്ല ഒടുവിൽ ഞങ്ങൾ അവൾക്ക് ഒപ്പം നിന്നു.. അവൾക്ക് അല്ല…. അവന് ഒപ്പം… ട്രാൻസ്ഫർ ചോദിച്ചു വാങ്ങി ഞങ്ങൾ മനഃപൂർവം ഇവിടേക്ക് വന്നതാണ്.. പരിചയം ഉള്ള ആരും ഒന്നും അറിയേണ്ട എന്ന് കരുതി. അഞ്ജലിയുടെ സർജറി കഴിഞ്ഞു. പൂർണ്ണമായും അവൾ അവനായി മാറി. അതുൽ ആയി … ”

 

ബാലചന്ദ്രൻ പറഞ്ഞു നിർത്തുമ്പോൾ.. കേട്ടത് വിശ്വസിക്കാൻ കഴിയാത്ത ഇരുന്നു പോയി അനൂപും ചിത്രയും. അതോടെ ശ്രീദേവി പതിയെ മുന്നിലേക്ക് വന്നു.

 

” മക്കളെ.. ദയവ് ചെയ്ത് നിങ്ങൾ ഇനി അവനെ അന്വേഷിച്ചു വരരുത്. എന്റെ കുട്ടിക്ക് കുറച്ചു സമയം വേണം നടന്ന സംഭവങ്ങൾ സ്വയം ഒന്ന് ഉൾക്കൊള്ളാൻ. അത് കഴിഞ്ഞു എല്ലാരേം ഫേസ് ചെയ്യാനുള്ള ധൈര്യം ആയി എന്ന് തോന്നുമ്പോ അവൻ തന്നെ നിങ്ങളുടെ മുന്നിലേക്കെത്തും. അത് വരെ ഒന്ന് കാത്തിരിക്കണം. ”

 

അതൊരു അപേക്ഷയായിരുന്നു

 

” ആന്റി.. പ്ലീസ് ഒന്ന് മനസിലാക്കു.. ഞങ്ങൾ അറിഞ്ഞിരുന്നില്ല ഒന്നും. ഇങ്ങനൊരു പ്രശ്നം അഞ്ജലി ക്ക് ഉണ്ട് എന്ന് അറിഞ്ഞിരുന്നേൽ ഉറപ്പായും ഞങ്ങൾ ഒപ്പം നിന്നേനെ.. പണ്ടത്തെ കാലമൊന്നുമല്ലല്ലോ ഇപ്പോ. ഇത്തരം കാര്യങ്ങൾ എല്ലാം ഉൾക്കൊള്ളുവാൻ കഴിയുന്ന ഒരു തലമുറ തന്നെയാണ് ഞങ്ങളുടേത്. ”

 

ചിത്രയാണ് മറുപടി നൽകിയത്. ആ മറുപടി ബാലചന്ദ്രന്റെ മുഖത്ത് തെളിച്ചമായി. എന്നാൽ അപ്പോഴും നടുക്കത്തിൽ നിന്നും വിട്ടകന്നിരുന്നില്ല അനൂപ്..

 

‘ അപ്പോൾ ഈ പ്രശ്നം കൊണ്ടാണോ എന്നെ നീ ഒഴിവാക്കിയത്.. ഒന്നും അറിയാതെ പോയി ഞാൻ.. കുറെ ശല്യം ചെയ്തു.. വേദനിപ്പിച്ചു.. എന്നോട് ക്ഷമിക്ക് അഞ്ജലി.. അല്ല… അതുൽ… ‘

 

മനസ്സ് കൊണ്ട് ഒരായിരം വട്ടം അവൻ മാപ്പ്. അപേക്ഷിച്ചു. ശേഷം പതിയെ ബാലചന്ദ്രനു നേരെ തിരിഞ്ഞു.

 

” തിരക്കി പോകാനൊന്നുമല്ല.. പക്ഷെ അറിയുവാൻ ഒരു ആഗ്രഹം.. എവിടെയാണ് അതുൽ ഇപ്പോൾ… ”

 

മറുപടി പറയുന്നതിന് മുന്നേ ശ്രീദേവിയെ ഒന്ന് നോക്കി ബാലചന്ദ്രൻ.

 

” അവൻ ഇപ്പോൾ ഗുജറാത്തിൽ ആണ്. ഞങ്ങടെ ഒരു ബന്ധുവിന്റെ കമ്പനിയിൽ ജോലി ചെയ്യുന്നു.. തിരികെ വരും നിങ്ങളെ ഒക്കെ ഫേസ് ചെയ്യാനുള്ള മനക്കട്ടി ആയി എന്ന് തോന്നിയാൽ അതുൽ ഉറപ്പായും തിരികെ എത്തും.. നിങ്ങളെ കാണാൻ ”

 

ശ്രീദേവി തന്നെ മറുപടി പറഞ്ഞു. അതോടെ അനൂപും ചിത്രയും പരസ്പരം ഒന്ന് നോക്കി എഴുന്നേറ്റു.

 

” എന്നാൽ ഞങ്ങൾ പോകുന്നു ആന്റി. അഞ്ജലി എവിടെയാണ് എന്ന് അറിയണം അത് മാത്രമായിരുന്നു ലക്ഷ്യം.. ഇപ്പോ വ്യക്തമായ ഒരു മറുപടി കിട്ടി.. ഞങ്ങൾ ഇത് ആരോടും പറയില്ല.. അവൻ ഞങ്ങളെ തേടി വരുന്നത് വരെ കാത്തിരിക്കും.. നല്ല. സുഹൃത്തുക്കൾ ആയി..”

 

ഏറെ സംതൃപ്തിയോടെ ചിത്ര അത് പറയുമ്പോ അവളുടെ നെറുകയിൽ തലോടി ശ്രീദേവി.

 

” നിങ്ങൾ അവനോട് പറയണം അനൂപും ചിത്രയും വന്നിരുന്നു കാര്യങ്ങൾ ഒക്കെ അറിഞ്ഞിട്ട് ആണ് പോയത് എന്ന്. മാത്രമല്ല ഇനി എന്നും ഞങ്ങടെ ഉള്ളിൽ അവൻ അതുൽ തന്നെയായിരിക്കും.. എപ്പോ വേണോ ഞങ്ങളെ കോൺടാക്ട് ചെയ്യാം.. ”

 

അത് പറഞ്ഞുകൊണ്ട് ഒരു വെള്ള പേപ്പറിൽ രണ്ടാളുടെയും ഫോൺ നമ്പർ എഴുതി ബാലചന്ദ്രനെ ഏൽപ്പിച്ചു അനൂപ്. ശേഷം പുഞ്ചിരിയോടെ പതിയെ യാത്ര തിരിച്ചു.

 

കേട്ടതൊക്കെയും അവിശ്വസനീയമായി അപ്പോഴും അവരുടെ ഉള്ളിൽ തങ്ങി നിന്നു. എങ്കിലും ഒരു വർഷത്തോളമായി ഉള്ളിലുള്ള ചോദ്യത്തിനുള്ള ഉത്തരം കിട്ടിയ സംതൃപ്തി ഉണ്ടായിരുന്നു. ഒപ്പം അനൂപിന് ഉള്ളിൽ എവിടെയോ ചെറിയൊരു നിരാശയും. അഞ്ജലി എന്ന സുന്ദരിയെ ഓർത്തു കണ്ട പാഴ് സ്വപ്നങ്ങളെ പറ്റി ചിന്തിക്കുമ്പോൾ…

 

 

(ശുഭം )

 

പ്രജിത്ത് സുരേന്ദ്രബാബു.

Leave a Reply

Your email address will not be published. Required fields are marked *