മുറിയൊന്നും വേണ്ടായെന്നാണ് പെണ്ണ് പറയുന്നത്. നിർത്തിയിരിക്കുന്ന ഏതെങ്കിലും ബസ്സിന്റെ മറവിൽ നിന്ന് ബന്ധപ്പെടാമെന്നും അവൾ ചേർത്തു

പെണ്ണൊരുത്തി ചൂളം വിളിക്കുന്നു. എന്നോട് തന്നെയാണെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് അടുത്തേക്ക് പോയത്.

 

‘എഷ്ടു…?’

 

പേരും നാടൊന്നുമല്ല; അവളുടെ വിലയാണ് ആദ്യം ചോദിച്ചത്.

 

‘സാവിറ…’

 

ആയിരമെന്ന് ആ കന്നഡക്കാരി പറഞ്ഞു. ഞാൻ അവളെ അടിമുടി നോക്കുകയും ചിരിക്കുകയും ചെയ്തു. ചിരിയെന്ന് പറഞ്ഞാൽ, ആയിരത്തിനൊന്നും നീ ഇല്ലെടീയെന്ന പരിഹാസമായിരുന്നുവത്. വിൽപ്പനക്കാർക്ക് മാത്രമല്ലല്ലോ… വാങ്ങാൻ നിൽക്കുന്നവർക്കും തന്ത്രങ്ങളുണ്ടാകും. എത്രത്തോളം കുറയുമെന്ന് അറിയണമായിരുന്നു. പക്ഷേ, നേരം ഏറെ വൈകിയിരിക്കുന്നു. എന്തായാലും പെട്ടെന്ന് തീരുമാനിക്കണം.

 

ഹുബ്ലി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയതിന് ശേഷം ഡിപ്പോയിലേക്ക് വന്നതാണ്. വി.ആർ.എൽ, ഗണേഷ് തുടങ്ങിയ ട്രാവസുകൾ നിർത്തുന്ന ഇടവും അതിനടുത്തുണ്ട്. നാട്ടിലേക്ക് ബസ്സില്ലെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം തിരിഞ്ഞപ്പോഴാണ് ഈ ചൂളമടിക്കാരിയെ കാണുന്നത്.

 

നേരം, പാതിരാത്രി…! നാട്ടിലേക്കുള്ള യാത്ര മടങ്ങിയ അന്തരീക്ഷം…! പക്ഷെ, ആയിരം രൂപ കൂടുതലായിപ്പോയി. കൊടുക്കാമെന്ന് വെച്ചാലും ഭക്ഷണവും താമസവുമൊക്കെയായി ചിലവ് പിന്നേയും കിടക്കുകയല്ലേ…

 

‘നങ്കെ എഷ്ടു കൊത്തിറ…?’

 

പിന്തിരിഞ്ഞ് നടക്കാൻ തുടങ്ങിയ എന്നോട് അവൾ ചോദിച്ചു. എത്ര തരാൻ പറ്റുമെന്നാണ് ശബ്ദത്തിന്റെ അർത്ഥം. ചോദിച്ചതിൽ പാതി തരാമെന്ന് ഞാൻ പറഞ്ഞു. പെണ്ണ് സമ്മതിക്കുമെന്ന് കരുതിയതേയില്ല. പക്ഷെ…! എന്തൊരു മണ്ടനാണ്. കൂടുതൽ കുറക്കാമായിരുന്നു.

 

‘നന്നു ബലി കേവല ഇരുന്നൂറൈയ്പത്തു മാത്രെ ഇദെ..’

 

ഒരു പാവത്താൻ ഭാവം വരുത്തി ഞാൻ അവളോട് പറഞ്ഞു. അവൾ ആലോചിക്കുകയാണ്. ശേഷം, പോട പരമ നാറീയെന്ന് കന്നഡയിൽ പറഞ്ഞു. കേട്ടാൽ മനസിലാകുമെന്നല്ലാതെ തിരിച്ച് പറയാനുള്ള ഭാഷയൊന്നും തലയിൽ ഇല്ല. ഒടുവിൽ കളിതു ഹോഗുത്തവെ എന്നോ മറ്റോ ആണ് പെണ്ണ് പറഞ്ഞത്. തുടർന്ന്, വെട്ടത്തേക്ക് നടക്കുകയും ചെയ്തു. യാത്ര മുടങ്ങിയ ആ രാത്രിയിൽ അവളെ വേണമെന്ന് എനിക്ക് തോന്നി.

 

‘നാനു നിനഗെ ഐനൂറു കൊടുത്തീനി…’

 

അവൾ നിന്നു. വാങ്ങാൻ വന്നവന്റെ തന്ത്രമാണോ, വിൽക്കാൻ നിന്നവളുടെ കൗശലമാണോ ജയിച്ചതെന്ന് അറിയില്ല. അഞ്ഞൂറ് രൂപയ്ക്ക് കച്ചവടം ഉറച്ചു. ഇനി വയറിന് എന്തെങ്കിലും കൊടുക്കണം. മുറി പരതണം.

 

‘റൂം ബേഡ. നാനു ബറുവതില്ല…’

 

മുറിയൊന്നും വേണ്ടായെന്നാണ് പെണ്ണ് പറയുന്നത്. നിർത്തിയിരിക്കുന്ന ഏതെങ്കിലും ബസ്സിന്റെ മറവിൽ നിന്ന് ബന്ധപ്പെടാമെന്നും അവൾ ചേർത്തു. ആലോചിച്ചപ്പോൾ കൊള്ളാമെന്ന് തോന്നി. അങ്ങനെയെങ്കിൽ, ബൈപ്പാസ്സിലേക്ക് പോകാമെന്ന് ഞാനാണ് പറഞ്ഞത്. എന്തിനെന്നും പറയേണ്ടി വന്നു. മുംബൈയിൽ നിന്ന് വരുന്ന ബസ്സിൽ സീറ്റ് ഒഴിവ് ഉണ്ടായാൽ അവിടെ നിർത്താറുണ്ട്. പല തവണ മംഗലാപുരത്തേക്ക് അങ്ങനെ പോയിട്ടുമുണ്ട്. അവൾ സമ്മതിച്ചു.

 

‘നിമ്നു ഹസ്രെനു?’

 

പെണ്ണ് മിണ്ടിയില്ല. അതുകൊണ്ട് തന്നെ എന്റെ പേര് പറയാനും സാധിച്ചില്ല. കൊടുക്കൽ വാങ്ങലുകൾക്ക് അപ്പുറം പേര് പോലും വെളിപ്പെടുത്തേണ്ട ആവിശ്യം കച്ചവടത്തിൽ ഇല്ലായിരിക്കും. വിപണിയുടെ ലോകത്തിൽ അങ്ങനെ എന്തെല്ലാം വൈവിധ്യങ്ങളാണല്ലേ…

 

‘അല്ലി…!’

 

ഞാൻ ചൂണ്ടിയ ദിക്കിലേക്ക് അവൾ നോക്കി. ബൈപാസിലേക്ക് കയറുന്ന പാലത്തിന്റെ അടിയിലേക്ക് ഞങ്ങൾ നടക്കുകയാണ്. അവൾക്ക് ഭയം ഒട്ടുമില്ല. തുടർച്ചയായി പോകുന്ന വാഹനങ്ങളുടെ ശബ്ദം വ്യക്തമായി കേൾക്കാം. ബാഗ് മാറ്റി വെച്ച് ആ കന്നഡക്കാരിയോട് വസ്ത്രം മാറ്റാൻ ഞാൻ പറഞ്ഞു.

 

‘ഇല്ല…’

 

കരാറിൽ തുണി അഴിക്കുന്ന കാര്യം ഇല്ല പോലും. എനിക്ക് ദേഷ്യം വന്നു. അങ്ങനെയെങ്കിൽ നിന്നെ എനിക്ക് വേണ്ടായെന്ന് പറഞ്ഞ് ഞാനെന്റെ ബാഗുമെടുത്തു. മുട്ടോളം പൊക്കിയ സാരി താഴേക്കിട്ട് കന്നഡക്കാരി തുറിച്ച് നോക്കുകയാണ്. തനിക്ക് വേണമെങ്കിലും, വേണ്ടായെങ്കിലും പണം താടോയെന്ന് പറഞ്ഞ് അവൾ അടുത്തേക്ക് വന്നു. വിൽക്കാൻ നിൽക്കുന്നവളുടെ തന്ത്രമായേ ഞാനത് കണ്ടുള്ളൂ. വാങ്ങാൻ വന്നവന്റെ ബുദ്ധി പെണ്ണിന് അറിയില്ല. തുണി അഴിച്ചാൽ ആയിരം രൂപ തന്നെ തരാമെന്ന് പറഞ്ഞ് ഞാൻ അവളുടെ അരയിൽ കൈവെച്ചു. ആ കണ്ണുകൾ തിളങ്ങുകയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു…

 

‘ഇതു നിജവേ…?’

 

അതേയെന്ന് ഞാൻ പറഞ്ഞു. തത്സമയം അവൾ തന്റെ വസ്ത്രങ്ങളെല്ലാം ഊരിമാറ്റി എന്റെ മുന്നിൽ നിന്നു. പണത്തിനോട് ഇത്രയും ആർത്തിയോ… അല്ല…! തിളങ്ങുന്നുവെന്ന് കരുതിയ ആ കണ്ണുകൾ ചോരുകയാണ്. പണത്തിന്റെ ആവിശ്യം അത്രകണ്ട് അവൾക്ക് ഉണ്ടായിരിക്കണം. ആ ധൃതിയും, ഭാവവും അത് തന്നെയാണ് സാധൂകരിക്കുന്നത്.

 

‘ഉടുപ്പി, കുന്താപുര, മംഗളൂരു….!’

 

തലയ്ക്ക് മുകളിൽ നിർത്തിയത് ബസ്സ് ആണെന്ന് തോന്നുന്നു. ബാഗുമെടുത്ത് മേലേക്ക് കയറാൻ എനിക്ക് തോന്നി. പടികളുണ്ട്. പക്ഷെ, അവൾ എന്നെ ഉറ്റ് നോക്കുകയാണ്. ഇനിയെങ്കിലും പണം തരൂവെന്ന ഭാവത്തിൽ കൈ നീട്ടുകയാണ്. ആ ശരീരത്തോടുള്ള താൽപര്യം നഷ്ടപ്പെട്ടിരിക്കുന്നു. മറച്ച് പിടിച്ചത് കൊണ്ട് തോന്നിയ കൗതുകം തുറന്ന് കണ്ടപ്പോൾ പോയതാണോയെന്നും അറിയില്ല. അവളിലെ അസാധാരണത്വവും ഒരു കാരണമായിരിക്കാം..

 

വെറുതേ പോകുകയാണല്ലോയെന്ന ചിന്തയിൽ തന്നെയാണ് ആ കന്നഡക്കാരിക്ക് ആയിരം രൂപ കൊടുത്തത്. ശേഷം, പാലത്തിന്റെ മേലേക്ക് നടന്നു. ഇരട്ടി പണം കൊടുക്കാമെന്ന് പറഞ്ഞപ്പോൾ സീറ്റും കിട്ടി. വിശക്കുന്നുണ്ട്. സൈക്കിളിൽ ചായ വിൽക്കുന്നതിന്റെ വെളിച്ചം കണ്ടപ്പോൾ അങ്ങോട്ടേക്ക് പോയതാണ്. രണ്ട് ഗ്ലാസ്സ് കുടിച്ചു. തണുത്ത് കല്ല് പോലെയിരിക്കുന്ന ബ്രഡ് ഓംപ്ളേറ്റും കഴിച്ചു. ബില്ല് കേട്ടപ്പോൾ ഞെട്ടിപ്പോയി. നൂറ്റിപത്ത് രൂപ…!

 

കന്നഡക്കാരിയോട് ബാർഗെയിൻ ചെയ്തത് പോലെ സൈക്കിൾ കച്ചവടക്കാരനോട് നടന്നില്ല. രണ്ടും വിശപ്പായിരുന്നു….! വിലപേശലിലും നേര് വേണമെന്ന് തോന്നിപ്പോകുന്നു. വിൽക്കാൻ നിൽക്കുന്നവരുടെ സാഹചര്യത്തിലേക്ക് ഊളിയിടാതെ വില താഴ്ത്തരുതെന്നും അറിയുന്നു.

 

അങ്ങനെയൊക്കെ ചിന്തിക്കുമ്പോഴും ഇന്നത്തെ നാൾ മുഴുവൻ നഷ്ടമാണല്ലോയെന്ന് ഓർത്ത് മനസ്സ് വിലപിക്കുകയാണ്. അതിൽ തെല്ല് ആശ്വാസം വരുത്താൻ ആയിരിക്കണം ആ കന്നഡക്കാരി വീണ്ടും മുന്നിലേക്ക് വന്നത്. ബസ്സ് ചലിക്കാൻ തുടങ്ങുന്നു. ഓട്ടോമാറ്റിക്ക് ഡോറിന്റെ അടുത്ത് നിന്ന് മാറി നിൽക്കാൻ ഡ്രൈവർ പറഞ്ഞിട്ടും കേട്ടില്ല. കേട്ടത് അവളുടെ പേരാണ്.

 

‘ചൈത്ര…!’

 

സന്തോഷം തോന്നി. തന്റെ പേര് ആ മനുഷ്യൻ അറിയണമെന്ന് ചിന്തിച്ച അവളുടെ തലയെ ഓർത്തപ്പോൾ, അത്രയ്ക്കൊക്കെ മൂല്യം എന്നിൽ ഉണ്ടോയെന്നും സംശയിച്ച് പോയി. ആ സംശയത്തിൽ വല്ലാതെ ചെറുതായത് പോലെയാണ് തോന്നിയത്. എന്തുകൊണ്ടാണെന്ന് അറിയില്ല. വിൽക്കാൻ വന്നവൾ ആണെങ്കിലും, തിരുത്തപ്പെടേണ്ട എന്തോയൊരു സംഗതി വാങ്ങാൻ നിന്ന എന്നിലുമുണ്ട്. തലയിലെ കണക്കായിരിക്കണം. എന്ത് തന്നെ ആയാലും, ചൈത്ര ഒരു ചിത്രമായി തലയിൽ തൂങ്ങുകയാണ്. വിശപ്പെന്ന് വരുമ്പോഴുള്ള വിലപേശലിന്റെ നെറിയിലേക്ക് ചൂണ്ടുകയാണ്…!!!

 

ശ്രീജിത്ത് ഇരവിൽ

Leave a Reply

Your email address will not be published. Required fields are marked *