ഡിവോഴ്സിനുള്ള മ്യൂച്വൽ കോൺസെന്റ് ഒപ്പിട്ടു മടങ്ങി വീട്ടിൽ എത്തിയപ്പോഴാണ് വീണ ശ്രാവണിനു ആക്സിഡന്റ് ഉണ്ടായത് അറിഞ്ഞത്.. കേട്ടപ്പോൾ ഒരു ഞെട്ടലും വിഷമവും ഉണ്ടായെങ്കിലും അവനെ കാണണം എന്നൊന്നും വീണയ്ക്ക് തോന്നിയില്ല.. എങ്കിലും മനസ്സിലേക്ക് ആദ്യം വന്നത് അവന്റെ അമ്മ ലക്ഷ്മി അമ്മയുടെ മുഖമാണ്.. തീരെ അവശതയിൽ ഇരിക്കുന്ന ലക്ഷ്മിയമ്മയെ കുറിച്ചോർത്തു അവൾക്ക് നന്നേ സങ്കടം തോന്നി..
ഉടനെ ഫോണെടുത്ത് ശ്രാവണിന്റെ ഉറ്റ സുഹൃത്ത് അഭിയെ വിളിച്ചു…
“ആഹ്.. വീണ കാര്യങ്ങൾ ഒക്കെ അറിഞ്ഞില്ലേ..”
“ഹ്മ്മ്.. എങ്ങനെയുണ്ട് ശ്രാവണിന്??”
“ലെഫ്റ്റ് കാൽ രണ്ടായി ഒടിഞ്ഞു.. കോരി എടുക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ ആയിരുന്നു.. എമർജൻസിയായി സർജറി ചെയ്യണം എന്നാ പറഞ്ഞത്.. തിയേറ്ററിലേക്ക് കൊണ്ടുപോയി.. ”
“അമ്മ എവിടെ?? ”
“ഇവിടെയുണ്ട്.. രണ്ടു തവണ ബിപി കൂടി ബോധം പോയി.. റൂമിൽ ആക്കിയിരിക്കുന്നു ഇപ്പോൾ..”
“ഓക്കേ.. ”
“വീണ നീ വരില്ലേ ഹോസ്പിറ്റലിലേക്ക്.. ”
രണ്ടു സെക്കന്റിന് ശേഷമാണ് വീണ മറുപടി പറഞ്ഞത്..
“ഹ്മ്മ്.. ഞാൻ വരാം.. ”
“ഓക്കേ.. വന്നിട്ട് കാണാം..”
റൂമിൽ കയറി ഡ്രസ്സ് മാറി അവൾ നേരെ അച്ഛനും അമ്മയ്ക്കും അരികിലേക്ക് ആണ് പോയത്..
“അച്ഛാ ശ്രാവണിന് ഒരു ആക്സിഡന്റ്..”
“ആഹ്.. അവനു അത് തന്നെ വേണം എന്റെ കുഞ്ഞിനെ കുറച്ചു കണ്ണുനീരൊന്നുമല്ല അവൻ കുടിപ്പിച്ചത്. ”
“അപകടം പറ്റി ഇരിക്കുന്ന ഒരാളെ പറ്റി അങ്ങനെ ഒന്നും പറയാതെ അച്ഛാ.. ”
“പിന്നെ എങ്ങനെ പറയണം ഞാൻ.. ”
“എന്തെങ്കിലും ആകട്ടെ അച്ഛാ.. ഞാൻ ഒന്നു ഹോസ്പിറ്റലിൽ വരെ പോയി വരാം.. ”
“അതിന്റെ ഒരാവശ്യവുമില്ല അമ്മു.. ”
“അച്ഛാ.. പ്ലീസ്.. ഒന്നുമില്ലെങ്കിലും അമ്മയെ കുറിച്ച് എങ്കിലും നമ്മൾ ഓർക്കേണ്ടേ.. ഞാൻ പോയി പെട്ടെന്നു വരാം.. ”
അവൾ മറുപടിക്ക് നിൽക്കാതെ കാറിന്റെ താക്കോൽ എടുത്ത് ഇറങ്ങി..
“പോകട്ടെ ചന്ദ്രേട്ടാ അങ്ങനെയെങ്കിലും രണ്ടാളുടെയും മനസ്സ് മാറട്ടെ.. ”
“നാണമില്ലേ ഇന്ദു നിനക്ക് ഇങ്ങനെ സംസാരിക്കാൻ.. അവനെ പോലെ ഒരു വൃത്തികെട്ടവനെ എനിക്ക് മരുമകനായി വേണ്ട..”
അവര് ഒന്നും പറയാതെ അകത്തേക്ക് പോയി..
💠💠💠💠💠💠
കാർ ഡ്രൈവ് ചെയ്യുമ്പോൾ വീണയുടെ മനസ്സ് നിറയെ കഴിഞ്ഞ കാലം ആയിരുന്നു… ശ്രാവൺ.. കോളേജിലെ തന്റെ ഉറ്റ സുഹൃത്തുക്കളിൽ ഒരാൾ.. തങ്ങൾക്കിടയിലെ സൗഹൃദം എപ്പോഴോ പ്രണയം ആയി മാറിയിരുന്നു.. പ്രണയിച്ചു നടന്നപ്പോൾ കലാലയത്തിലെ ഏറ്റവും നല്ല ജോഡി ആയിരുന്നവർ.. വീണയുടെ വീട്ടിൽ ചെറിയ എതിർപ്പ് ഉണ്ടായിരുന്നുവെങ്കിലും അവളുടെ വാശിക്ക് അച്ഛനും അമ്മയും വഴങ്ങി..
എല്ലാവർക്കും അവര് made for each other couple ആയിരുന്നു
കല്യാണം കഴിഞ്ഞു ഏറെ താമസമില്ലാതെ അവരുടെ ജീവിതത്തിൽ ആസ്വാരാസ്യങ്ങൾ ഉടലെടുക്കാൻ തുടങ്ങി.. എല്ലാറ്റിനും കാരണം ശ്രാവണിനു ലഭിച്ച ഉയർന്ന ജോലി ആണെന്നു വേണമെങ്കിൽ പറയാം.. പലപ്പോഴും അവൻ വീണയോട് പറയാതെ പറഞ്ഞു അവൾ തനിക്ക് ചേർന്ന പെണ്ണല്ലയെന്ന്.. കൂടെ ജോലി ചെയുന്ന സ്ത്രീകളുമായി അവളെ താരതമ്യം ചെയ്തു സംസാരിക്കാൻ തുടങ്ങി… എല്ലാം അവളിൽ വേദന നിറച്ചു.. ശ്രാവണിന്റെ അമ്മ അവൾക്ക് വലിയൊരു ആശ്വാസമായിരുന്നു.. തന്റെ അത്രെയും വിദ്യാഭ്യാസം ഉണ്ടായിട്ടും അവൻ അവളെ ജോലിക്കയച്ചില്ല.. പലപ്പോഴും പലരുടെയും മുൻപിൽ വച്ച് അവഗണനക്ക് ഇരയായി അവൾ.. പണ്ടൊരിക്കൽ ഒരുപാട് മധുരിച്ച തന്റെ പ്രണയം വീണക്ക് കൈപ്പേറിയ മുഹുർത്തങ്ങൾ സമ്മാനിക്കാൻ തുടങ്ങി.. എല്ലാം മനസ്സിൽ ഒതുക്കി അവൾ പ്രണയിച്ചവനൊപ്പം തന്നെ തുടർന്നു.. പക്ഷേ ആ ദിവസം.. ഒരിക്കലും അവൾ അത് മറക്കില്ല.. അമ്മയെ ഹോസ്പിറ്റലിൽ കാണിച്ചു മടങ്ങും വഴി ശ്രാവണിന്റെ ഓഫീസിൽ കയറിയ വീണ കണ്ടത് ഒരിക്കലും ഒരു ഭാര്യയും കാണാൻ ആഗ്രഹിക്കാത്ത രീതിയിൽ തന്റെ ഭർത്താവിനെയും കൂടെ ജോലി ചെയുന്ന പെൺകുട്ടിയെയും ആണ്..
ഒന്നും പറയാതെ അവിടുന്ന് മടങ്ങിയ അവൾ വീട്ടിൽ വന്ന ശേഷം ശ്രാവണിനെ ചോദ്യം ചെയ്തു.. അവനിൽ നിന്നും ഒരു സോറി എങ്കിലും പ്രതീക്ഷിച്ച അവൾക്ക് ലഭിച്ചത് തന്റെ തെറ്റിനെ ന്യായികരിക്കുന്ന മറുപടിയാണ്.. അഭിമാനം കളഞ്ഞു പിന്നീട് അവൾ അവിടെ നിൽക്കാൻ തയ്യാറായില്ല.. അന്നവൾ ആ വീടിന്റെ പടിയിറങ്ങി..
വീട്ടിൽ എത്തി ആദ്യ രണ്ടു ദിവസം റൂമിൽ കഴിച്ചു കൂട്ടിയെങ്കിലും.. ഒരു മാസത്തിനുള്ളിൽ തന്നെ അവൾ ഒരു ജോലി കണ്ടെത്തി.. പതിയെ ഡ്രൈവിംഗ് പഠിച്ചു.. അവളുടെ ഇഷ്ടങ്ങൾക്കായി ജീവിക്കാൻ ആരംഭിച്ചു.. സിനിമകൾ കാണാൻ തുടങ്ങി.. പ്രണയം കൊണ്ടു നഷ്ടമായ ഇഷ്ടങ്ങൾ ഒക്കെ തിരിച്ചു പിടിച്ചു.. ഡിവോഴ്സ് ചെയ്യാൻ ശ്രാവണിനു സമ്മതമായതിനാൽ തന്നെ മ്യുച്വൽ കൺസെന്റ് തന്നെ കോടതിയിൽ കൊടുത്തു..
💠💠💠💠💠💠
ജീവിത ചിത്രം മനസ്സിൽ മിന്നിമറഞ്ഞപ്പോഴേക്കും അവൾ ഹോസ്പിറ്റലിൽ എത്തിയിരുന്നു.. ആദ്യം ഓടി ചെന്നത് ലക്ഷ്മി അമ്മയ്ക്ക് അരികിൽ ആണ്.. അവരെ സമാധാനിപ്പിച്ച് അവർക്ക് ധൈര്യം കൊടുത്തു അവൾ..
രണ്ടു മൂന്നു ദിവസത്തിനുള്ളിൽ തന്നെ ശ്രാവണിനെ icu വിൽ നിന്നും റൂമിലേക്ക് മാറ്റി.. അച്ഛന്റെ എതിർപ്പുണ്ടായിട്ടും അവൾ എന്നും അവനെ കാണാൻ പോയി.. കാൽ അനങ്ങാൻ കഴിയാതെ കിടന്ന അവന്റെ കാര്യങ്ങൾ ഒക്കെ അവൾ ചെയ്തു നൽകി.. ശ്രാവന്നിന്റെ മനസ്സൽ അവളോടുള്ള ഇഷ്ടം അപ്പോഴേക്കും തിരിച്ചു വരാൻ തുടങ്ങിയിരുന്നു.. ഏകദേശം രണ്ടു മാസത്തെ ഹോസ്പിറ്റൽ വാസത്തിന് ശേഷം പതിയെ വാക്കറിൽ അവൻ നടക്കാൻ തുടങ്ങി.. അവൻ വീട്ടിലേക്ക് മടങ്ങിയതിൽ പിന്നെ ഒരിക്കൽ പോലും അവൾ അവിടേക്ക് ചെന്നില്ല..
മാസങ്ങൾ കഴിഞ്ഞു പോയി
ആക്സിഡന്റ് കാരണം നീട്ടി വച്ച ഡിവോഴ്സ് കേസ് വിധി ഇന്നാണ്.. വീണ നേരത്തെ എത്തിയിരുന്നു.. അവളെ കണ്ട ശ്രാവൺ അവൾക്കരികിലേക്ക് ചെന്നു..
“അമ്മു.. ഞാൻ ചെയ്തത് തെറ്റാണ്.. നമ്മുക്ക് ഒന്നു മാറി ചിന്തിച്ചു കൂടെ.. ഒരുമിച്ചു ജീവിച്ചു കൂടെ.. ”
“ഒരുമിച്ചു ജീവിക്കാനോ?? അതിന് അതൊരു ജീവിതമായിരുന്നോ ശ്രാവൺ.. നിങ്ങൾക്ക് വേണ്ടി നിങ്ങൾ പറയുന്നത് എന്തായാലും അത് കേട്ട് തുള്ളുന്ന ഒരു കളിപ്പാവ ആയിരുന്നു ഞാൻ.. ഇപ്പോഴാണ് ഒരു മനുഷ്യൻ ആയി അല്ലെങ്കിൽ ഒരു വ്യക്തിയായി ജീവിക്കുന്നുവെന്നൊരു തോന്നൽ എനിക്ക് വന്നത്.. ഓരോ ചെറിയ കാര്യങ്ങളിലും സന്തോഷം കണ്ടെത്താൻ കഴിയുന്നത്.. എനിക്കായ് എന്തൊക്കെയോ ചെയ്യുന്നുവെന്ന് തോന്നുന്നത്.. പിന്നെ നിങ്ങൾ ഇപ്പോൾ ചോദിച്ച ഈ ചോദ്യം ഡിവോഴ്സിന് ഒപ്പിടുന്നതിനു മുൻപ് എപ്പോഴെങ്കിലും ആയിരുന്നുവെങ്കിൽ എത്ര മോശക്കാരൻ ആണെങ്കിലും ഞാൻ നിങ്ങളോട് ക്ഷമിച്ചേനെ.. ഇനിയും അതിന് കഴിയില്ല.. ഇപ്പോൾ ശ്രാവണിന് എന്നെ തിരികെ വേണമെന്ന് തോന്നുന്നതിന് കാരണം തന്നെ ഇയാൾക്ക് ആക്സിഡന്റ് പറ്റിയപ്പോൾ ഞാൻ ചെയ്ത സഹായം ഓർത്തു മാത്രമാണ് അത് യഥാർത്ഥ പ്രണയം ഒന്നുമല്ല.. നാളെ ഞാൻ തനിക്ക് ഒരു ഉപകാരവും ഇല്ലാത്ത ഒരാൾ ആയി മാറിയാൽ തീരാവുന്നതേയുള്ളു തന്റെ പ്രണയം.. ഒരു കാര്യത്തിൽ എനിക്ക് നല്ല വിഷമം ഉണ്ട്.. മൂന്നാല് കൊല്ലം പ്രണയിച്ചു നടന്നപ്പോൾ പോലും തന്നെ എനിക്ക് മനസിലാക്കാൻ കഴിയാഞ്ഞതിന്റെ..”
ശ്രാവൺ മറുപടി ഒന്നും പറഞ്ഞില്ല
എല്ലാം കഴിഞ്ഞ ശേഷം ശ്രാവൺ വീണ്ടും വീണക്ക് അരികിൽ വന്നു..
“എന്റെ തെറ്റാണ് എല്ലാത്തിനും കാരണം.. താൻ അതിന്റെ പേരിൽ ലൈഫ് കളയരുത്.. മറ്റൊരു വിവാഹം കഴിക്കണം.. ”
“ഉറപ്പായും ശ്രാവൺ.. എന്നെ ഞാൻ ആയി കാണുന്ന ഒരാൾ വന്നാൽ ഞാൻ വീണ്ടും വിവാഹം കഴിക്കും.. എനിക്ക് ഒരു പുരുഷ വിദ്വേഷവുമില്ല..അല്ലാതെ ഇതിന്റെ പേരിൽ വിഷമിച്ചിരിക്കാൻ ഞാൻ പഴയ വീണയല്ല ഒരുപാട് മാറി ചിന്തിക്കാൻ തുടങ്ങി ഞാൻ.. ” അവൾ അവനൊരു പുഞ്ചിരി നൽകി നടന്നു നീങ്ങി..
അവസാനിച്ചു…
രചന – ഗായത്രി ഗോവിന്ദ്