ഇതുപോലെയുള്ള എത്രയോ ജന്മങ്ങളാണ് റോഡ് വെക്കലും ബസ്റ്റാൻഡുകളിലും ഒക്കെയായി കിടക്കുന്നത്…

പൊതിച്ചോർ

 

തിരുവനന്തപുരത്തു നിന്നും എറണാകുളത്തേക്കുള്ള ട്രെയിൻ യാത്രയ്ക്കിടയിലാണ് ആ മുഖം എപ്പോഴോ ശ്രദ്ധയിൽപ്പെട്ടത്. പ്ലാറ്റ്ഫോമിലെ ഒരു ഓരത്തായി, ഒരു പലകയിൽ നാല് ചെറിയ വീലുകൾ ഘടിപ്പിച്ചിരിക്കുന്നു. ഏകദേശം 70 വയസ്സിനോട് അടുത്ത പ്രായം തോന്നിക്കുന്ന ഒരു ആൾ. ഓജസ്സ് വറ്റിയ കണ്ണുകളും സദാ പുഞ്ചിരിക്കുന്ന മുഖവും. പക്ഷേ ആ ചിരിക്ക് ഇടയിൽ എവിടെയൊക്കെയോ വേദന തളം കെട്ടിയിരിക്കുന്നത് അറിയാമായിരുന്നു. ആരുടെയോ സഹായത്തിന് കാത്തിരിക്കുന്നത് പോലെയുള്ള ഒരു മുഖഭാവം. എന്നാൽ വഴിയേ പോകുന്നവരിൽ നിന്നോ വരുന്നവരിലോ ഒന്നും തന്നെ സഹായം സ്വീകരിക്കുന്നതിന് വേണ്ടി ആ കൈകൾ ഒരിക്കൽ പോലും ആരുടെ മുമ്പിലും നീട്ടിയിട്ടില്ല. ഇടയ്ക്കു കയ്യിൽ ഒന്ന് രണ്ടു ലോട്ടറി ഇരിപ്പുണ്ട്. ചിലപ്പോൾ ചിലർ ചായ വാങ്ങി കൊടുക്കുന്നത് കാണാം, സന്തോഷത്തോടുകൂടി അത് വാങ്ങി കുടിക്കും. അന്നത്തെ യാത്രയിൽ മുഴുവൻ ആ മുഖമായിരുന്നു മനസ്സിൽ നിറയെ, എവിടെയോ കണ്ടു മറന്നത് പോലെയുള്ള മുഖം. ചിന്തകൾക്ക് ഒരുപാട് ചൂടുപിടിക്കേണ്ടി വന്നില്ല. മരിച്ചുപോയ തന്റെ അച്ഛന്റെ മുഖത്തിന് ആ മുഖവുമായി നല്ല സാമ്യമുണ്ട്. പലപ്പോഴും പ്ലാറ്റ്ഫോമിൽ നിന്ന് ട്രെയിൻ യാത്രയാകുമ്പോൾ മനസ്സ് വല്ലാതെ വിങ്ങും ആ മുഖം അവിടെ ഉപേക്ഷിച്ചു പോകുന്നത്.

 

ഒരു ദിവസം വീട്ടിൽ വന്ന് അമ്മയോട് പറഞ്ഞു, “അമ്മേ, റെയിൽവേ സ്റ്റേഷനിൽ ഞാൻ കാണുന്ന ഒരാൾക്ക് അച്ഛന്റെ അതേ മുഖഭാവമാണ്.” അമ്മ അപ്പോൾ വഴക്കുപറഞ്ഞു, “പിന്നെ വഴിയേ പോകുന്നവർക്കും ഒക്കെ നിന്റെ അച്ഛന്റെ മുഖഭാവം അല്ലെ.” “എന്റെ പൊന്നമ്മേ, ഞാൻ അങ്ങനെയല്ല പറഞ്ഞത്. ഒരാളെ പോലെ 7 പേരുണ്ടാവും എന്നൊക്കെ പറയുന്നത് കേട്ടിട്ടില്ലേ അതുപോലെ ആയിരിക്കും ഇത്, അച്ഛന്റെ മുഖമുള്ള വേറൊരു ആൾ. പാവത്തിന് കാൽ ഇല്ല അമ്മേ… നാല് ചക്രം ഉള്ള ഒരു പലകയിൽ ഇരുന്ന് കൈ കൊണ്ടാണ് ഉന്തി ക്കൊണ്ടുപോകുന്നത്. അത് കാണുമ്പോഴാണ് ഏറ്റവും കൂടുതൽ സങ്കടം.” അടുത്ത ദിവസം രാവിലെ അമ്മ ഭക്ഷണം പൊതിഞ്ഞു വെച്ചപ്പോൾ ഒരു പൊതി കൂടുതലായിരിക്കുന്നു. “എന്താ അമ്മ ഇന്ന് ഒരു പൊതി കൂടുതലുണ്ടല്ലോ ഇന്നെന്താ സ്പെഷ്യൽ.” “സ്പെഷ്യൽ ഒന്നുമില്ല, നീ റെയിൽവേ സ്റ്റേഷനിൽ കാണുന്ന നിന്റെ അച്ഛന് കൊടുക്കാൻ വേണ്ടി എടുത്തു വച്ചതാ.” എന്തോ അമ്മ അത്രയും പറയുന്നത് കേട്ടപ്പോൾ മനസ്സ് വല്ലാതെ നിറഞ്ഞിരുന്നു. എത്രയും പെട്ടെന്ന് റെയിൽവേ സ്റ്റേഷനിൽ എത്തിയാൽ മതി എന്നായിരുന്നു പിന്നെയുള്ള ചിന്ത മുഴുവൻ.

 

ട്രെയിനിൽ കയറുന്നതിനു മുന്നേ പതിവായിരിക്കുന്ന ആ ഭാഗത്തേക്ക് നോക്കുമ്പോൾ ആ മനുഷ്യനെ കണ്ടു. അവൾ വേഗം അയാളുടെ അടുത്തേക്ക് നടന്നു. “ഇത് ഞാൻ വീട്ടിൽ നിന്നും കൊണ്ടുവന്നതാണ് അച്ഛന് തരുന്നതിന് വേണ്ടി.” അടുത്ത കടയിൽ നിന്ന് ഒരു ഗ്ലാസ് ചായയും വാങ്ങി കൈകളിലേൽപ്പിച്ചു. ഒരുവേള ആ കണ്ണുകൾ നിറഞ്ഞ് നീർ പൊടിഞ്ഞു. അതുകണ്ട് മനസ്സിൽ ഒരു വിങ്ങൽ ഉണ്ടായിയെങ്കിലും പെട്ടെന്ന് നടന്ന് ട്രെയിനിൽ ഉള്ളിലേക്ക് കയറി. പിന്നെ ദിവസവും അതൊരു പതിവായി. ആ ചേട്ടന്റെ കടയിൽ നിന്ന് ഒരു ചായയും വാങ്ങിക്കൊടുത്ത് ട്രെയിനിൽ കയറി പോവുക എന്നത്. അന്ന് ട്രെയിൻ ലേറ്റ് ആയിരുന്നു. ചായയും വാങ്ങി കൊടുത്തിട്ട് തിരിയുമ്പോഴാണ് ഒരാൾ കയ്യാട്ടി അടുത്തേക്ക് വിളിച്ചത്. “അത് നിങ്ങൾക്ക് പരിചയമുള്ള ആരെങ്കിലും ആണോ?” “ഇല്ല, ഈ റെയിൽവേ സ്റ്റേഷനിൽ വച്ച് കണ്ടുള്ള പരിചയമേ ഉള്ളൂ.”

 

“ഒരു മൂന്നു നാല് വർഷം മുമ്പ് റെയിൽവേ സ്റ്റേഷനിൽ എത്തിപ്പെട്ടതാണ്… കാലു രണ്ടും മുറിച്ചുമാറ്റപ്പെട്ട നിലയിൽ… ചോരയും വ്രണവുമായി കിടന്ന ഒരു മനുഷ്യൻ… ആരൊക്കെയോ ചേർന്ന് അയാളെ ഹോസ്പിറ്റലിൽ എത്തിച്ചു… ഓർമ്മയും നശിച്ചു കുറെ നാൾ ഹോസ്പിറ്റലിൽ കിടന്നു… പതിയെ പതിയെ കാലിലെ വ്രണം എല്ലാം ഭേദമായി… അങ്ങനെയാണ് ഈ റെയിൽവേ സ്റ്റേഷനിൽ എത്തപ്പെട്ടത്…” “അപ്പോ ആളിന് കുടുംബവും കുട്ടികളും ഒന്നുമില്ലേ?” “ഭാര്യയും രണ്ടു മക്കളും ഉണ്ടായിരുന്നു… കയ്യിലുണ്ടായിരുന്ന സമ്പത്ത് മുഴുവനും മക്കൾക്ക് കൊടുത്തു… അസുഖം എന്ന് ഭാര്യ മരിച്ചപ്പോൾ തീർത്തും ഒറ്റയ്ക്കായി… ഷുഗർ കൂടുതലായി ഈ കാലിൽ വ്രണങ്ങൾ ഉണ്ടായി… ഒടുവിൽ മുറിച്ച് കളയേണ്ടി വരും എന്ന അവസ്ഥയായി… അങ്ങനെയാണോ ഹോസ്പിറ്റലിൽ ആക്കുന്നതും സർജറി ഒക്കെ കഴിയുന്നതും… അതുവരെ തേനെ പാലെ എന്നു പറഞ്ഞു കഴിഞ്ഞ മക്കൾ ഒടുവിൽ അച്ഛനെ ആരും നോക്കും എന്നുള്ള തർക്കത്തിലായി. എങ്ങനെ ഈ റെയിൽവേ സ്റ്റേഷനിൽ എത്തിപ്പെട്ടു എന്ന് ഇപ്പോഴും അയാൾക്ക് അറിയില്ല… ഓർമ്മകളും പതുക്കെ പതുക്കെ നശിച്ചു തുടങ്ങി… ആരുടെ മുന്നിലും കൈ നീട്ടില്ല, ആരെങ്കിലും എന്തെങ്കിലും വാങ്ങി കൊടുത്താൽ സന്തോഷത്തോടുകൂടി കഴിക്കും, ഇനി ആരും ഒന്നും കൊടുത്തില്ലെങ്കിൽ പരാതിയുമില്ല.”

 

“ഇതുപോലെയുള്ള എത്രയോ ജന്മങ്ങളാണ് റോഡ് വെക്കലും ബസ്റ്റാൻഡുകളിലും ഒക്കെയായി കിടക്കുന്നത്… ആദ്യമായി ഈ റെയിൽവേ സ്റ്റേഷനിൽ വച്ച് കണ്ടപ്പോൾ മരിച്ചുപോയ എന്റെ അച്ഛന്റെ മുഖച്ഛായയിൽ ഉള്ള ഒരാൾ… എന്തോ ആ മുഖം കാണുമ്പോഴൊക്കെ എനിക്ക് അച്ഛനെയാണ് ഓർമ്മ വരുന്നത്… ദിവസവും എനിക്കൊരു ചോറ് പൊതി എടുക്കുന്നതോടൊപ്പം അമ്മ തന്നു വിടുന്ന ഒരു പൊതി ചോറ് അദ്ദേഹത്തിന് കൊടുക്കുന്നത്…” “മോൾ ചെയ്യുന്നതിന്റെ പുണ്യം ദൈവo നിനക്ക് എപ്പോഴെങ്കിലും തരും… കൈ വളരുന്നു കാൽ വളരുന്നോ എന്ന് നോക്കി തന്നെയാണ് ഓരോ മക്കളെയും അച്ഛനമ്മമാർ വളർത്തുന്നത്… വളർത്തി വലുതാക്കി അവർക്കൊരു കുടുംബമൊക്കെ ആയി കഴിയുമ്പോൾ അച്ഛനുമമ്മയും അവർക്ക് ഒരു ബാധ്യതയായി മാറും… പിന്നെ വൃദ്ധസദനങ്ങളിൽ കൊണ്ടാക്കലായി, റോഡ് വക്കത്ത് ഉപേക്ഷിക്കലായി, അമ്പലനടകളിൽ ഉപേക്ഷിക്കലായി… ഇതിന്റെയൊക്കെ ഫലം അവർ അനുഭവിക്കും, ഇപ്പോൾ അല്ല അവർക്കും മക്കൾ ഉണ്ടായി ആ മക്കൾ അവരോട് ഇതൊക്കെ ചെയ്യുമ്പോൾ… ആരെയും ഒന്നും പറഞ്ഞിട്ട് കാര്യമില്ല കാലത്തിന്റെ പോക്ക് ആദിശയിൽ തന്നെയാണ്…” ട്രെയിനിന്റെ അനൗൺസ്മെന്റ് കേട്ടതും അവൾ വേഗം എഴുന്നേറ്റ് പോയി.

 

അടുത്ത ദിവസം അവൾ വന്ന് അവിടെയൊക്കെ നോക്കുമ്പോൾ അയാളെ കാണാനില്ല. പതിവുപോലെ ചായ വാങ്ങുന്ന കടയിൽ ചെന്ന് കടക്കാരനോട് അന്വേഷിച്ചു. “ചേട്ടാ, അവിടെ ഇരിക്കുന്ന ആൾ?” “ഇന്നലെ പാതിരാത്രിയിൽ… കുടിച്ചു കൊണ്ടുവന്ന ഒരാൾ പ്ലാറ്റ്ഫോമിൽ കിടന്നു ഒരേ ബഹളം ആയിരുന്നു… അയാൾ അവിടെയായി ഉറങ്ങിക്കിടന്നവരെയും മറ്റും ഒരുപാട് ഉപദ്രവിച്ചു… ആരൊക്കെയോ വരുന്നതിനു മുമ്പേ അയാൾ ഓടി പോവുകയും ചെയ്തു… ആ അടിപിടിക്കിടയിൽ ആ വൃദ്ധന് ഒരുപാട് പരിക്കേറ്റു… ഇന്നലെ തന്നെ ഏതോ ഹോസ്പിറ്റലിൽ ഒക്കെ ആരോ എടുത്തോണ്ട് പോയി… പിന്നെ വിവരമൊന്നും അറിയാൻ കഴിഞ്ഞില്ല…” അവൾ കൊണ്ടുവന്ന പൊതിച്ചോറ് ഭദ്രമായി ബാഗിനകത്തേക്ക് വെച്ചു. അടുത്ത മൂന്നു നാല് ദിവസവും അവൾ അയാൾക്ക് വേണ്ടിയുള്ള പൊതികൾ ഓരോന്നായി കൊണ്ടുവരികയും അയാളെ അവിടെ ഒന്നും കാണാതെ തിരികെ വീട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്തു. എന്നും മകൾ തിരികെ വരുമ്പോൾ കയ്യിൽ കൊണ്ടുപോകുന്ന പൊതിച്ചോറ് അതേപോലെ കൊണ്ടുവരുന്നത് കണ്ട് ഒരു ദിവസം അമ്മ ചോദിച്ചു, “ഇതെന്തുപറ്റി, നിന്റെ അച്ഛൻ ഇപ്പോൾ കാണുന്നില്ല?” “ഒരാഴ്ചയായി അവിടെയെങ്ങും കാണാനില്ല അമ്മേ…” “നിനക്ക് ആരോടെങ്കിലും ഒന്ന് ചോദിച്ചു കൂടായിരുന്നോ…” “കഴിഞ്ഞ ആഴ്ചയിൽ കുടിച്ചു കൊണ്ടുവന്ന ആരോ ഒരാൾ പ്ലാറ്റ്ഫോമിൽ കിടന്നു ഉണ്ടാക്കുന്നതിന്റെ ഇടയിൽ പെട്ടുപോയെന്നോ ഒരുപാട് മുറിവ് പറ്റിയെന്നോ ഹോസ്പിറ്റലിൽ കൊണ്ടുപോയി എന്നൊക്കെ പറയുന്നത് കേട്ടു… അതിനുശേഷം ഇതുവരെ ആരും കണ്ടിട്ടില്ല…”

 

അടുത്ത ദിവസവും പതിവ് പോലെ അമ്മ പൊതിഞ്ഞു വച്ച ചോറുമെടുത്തു കൊണ്ടുപോകുമ്പോൾ, ഇന്നെങ്കിലും അയാളെ കാണണമേ എന്ന് മനമുരുകി തന്നെ അവൾ പ്രാർത്ഥിച്ചു. പ്ലാറ്റ്ഫോമിലേക്ക് ചെല്ലുമ്പോൾ തന്നെ കണ്ണുകൾ ആദ്യം ചെന്നത് അയാൾ ഇരിക്കുന്ന ഭാഗത്തേക്കാണ്. സന്തോഷം കൊണ്ട് ഹൃദയം തുടികൊട്ടാൻ തുടങ്ങി… ഒരുപാട് നാളുകൾക്കു ശേഷം തന്റെ അച്ഛനെ കണ്ട പ്രതീതി. പക്ഷേ അടുത്തേക്ക് വന്ന് ആ രൂപം കണ്ടപ്പോൾ മനസ്സ് വല്ലാതെ തകർന്നു പോയി. എപ്പോഴും പ്രതീക്ഷ മുറ്റിയിരുന്ന ആ മുഖം ഇപ്പോൾ വിഷാദ കടലാണ്. ശരീരത്ത് ആകമാനം ചുവന്നുകിടക്കുന്നു, അടിയുടെയും ഇടിയുടെയും പാടുകൾ. “ഇത്രയും ദിവസം എവിടെയായിരുന്നു?” “ആശുപത്രിയിലായിരുന്നു… ഇന്ന് രാവിലെയാണ് വന്നത്…” ആദ്യമായാണ് ആ ശബ്ദം കേൾക്കുന്നത്. വിഷമം കാരണം അത്രയേറെ വിറച്ചു പോയിരുന്നു ആ ശബ്ദം. അവൾ നീട്ടിയ ചോറു പൊതി വാങ്ങുമ്പോൾ ഇപ്രാവശ്യം അയാളുടെ കണ്ണുകളിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ ഇറ്റ് വീണു. അവളുടെ കൈകളിൽ നെറ്റിചേർത്ത് അയാൾ വിതുമ്പി. അവളുടെ നേരെ കൈകൾ ഉയർത്തി തൊഴുതു പിടിച്ചു. കരഞ്ഞുകൊണ്ട് ഒരു ഓട്ടമായിരുന്നു ട്രെയിനിലേക്ക്. മനസ്സുനിറയെ അച്ഛൻ മുമ്പിൽ ഇരുന്ന് കരയുന്ന അതേ പ്രതീതി ആയിരുന്നു. അന്ന് ജോലികൾ ഒന്നും തന്നെ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല, ഇത്രയും പെട്ടെന്ന് വീട് എത്തിയാൽ മതി എന്നുള്ള ഒരു ചിന്തയായിരുന്നു.

 

അടുത്ത ദിവസം രാവിലെ എഴുന്നേൽക്കുമ്പോൾ ശരീരത്തിന് വല്ലാത്ത ഭാരം ഏറുന്നതുപോലെ തോന്നി. രണ്ടുദിവസത്തെ പനി കഴിഞ്ഞ് മൂന്നാമത്തെ ദിവസം രാവിലെ അമ്മ പൊതിഞ്ഞ ചോറുമായി ഇറങ്ങുമ്പോൾ… ഈ രണ്ടു ദിവസങ്ങളിൽ ആ മനുഷ്യനെ കാണാതെ താൻ അനുഭവിച്ച വേദന എത്രമാത്രമാണെന്ന് അവൾ ഓർക്കുകയായിരുന്നു. പതിവുപോലെ പ്ലാറ്റ്ഫോമിൽ എത്തിയപ്പോൾ അവിടെ തിക്കുംതിരക്കും കാരണം ബഹളം ആയിരുന്നു. പോലീസുകാരും മറ്റും കൂടി നിൽക്കുന്നു. ചായക്കടക്കാരനോട് കാര്യം തിരക്കുമ്പോഴാണ് അറിയുന്നത്. “മോൾ ഇനി മുതൽ ചോറു പൊതി കൊണ്ടുവരേണ്ട, മോളുടെ കയ്യിലെ ചോറു തിന്നാൻ ഇനി അയാൾ ബാക്കിയില്ല. ഇന്നലെ രാത്രിയിൽ വന്ന ഏതോ ട്രെയിനിനു മുന്നിലേക്ക് അയാളുടെ ഉന്തുവണ്ടിയുമായി ചാടി… ജീവിച്ചു മതിയായി കാണും… ഇതിലും കൂടുതൽ നരകിക്കാൻ വയ്യാത്തതു കൊണ്ടായിരിക്കും ആ ജീവിതം അവസാനിപ്പിച്ചത്… ഇനി ആർക്കും അയാൾ ഒരു ബുദ്ധിമുട്ട് ആകേണ്ട എന്ന് മനസ്സിൽ തോന്നിക്കാണും…” തൊണ്ടയിൽ കുടുങ്ങിയ ഗദ്ഗതം കടിച്ചമർത്തിക്കൊണ്ട് അവൾ പൊതിച്ചോറുമായി വീട്ടിലേക്ക് ഓടി. ഇനി ഒരിക്കലും ആ പൊതിച്ചോറ് ഉണ്ണുവാൻ തന്റെ അച്ഛന്റെ മുഖസാമ്യമുള്ള അയാൾ ഇല്ലല്ലോ എന്ന വേദനയിൽ.

 

മഴമുകിൽ.

Leave a Reply

Your email address will not be published. Required fields are marked *