” സാധാരണയൊരു ജീവിതം ജീവിച്ചുകൊണ്ടിരിക്കുന്നൊരു പെൺകുട്ടിയെയാണ് നീ നിന്റെ ജീവിതത്തിലേക്ക് ഒപ്പം കൂട്ടാൻ തീരുമാനിച്ചതെങ്കിൽ മറ്റൊന്നും ഓർക്കുക പോലുമില്ലാതെ നിനക്കൊപ്പം എന്തിനും ഏതിനും ഞാനും നിൽക്കുമായിരുന്നു വിനീതേ…. പക്ഷെ നിന്റെ ഈ തീരുമാനം അതെനിയ്ക്ക് ഉൾക്കൊള്ളാൻ വയ്യെടാ മോനെ…..
സത്യം പറഞ്ഞാൽ എനിയ്ക്ക് നിന്നെ സപ്പോർട്ടു ചെയ്യാനല്ല മറിച്ച് നിന്റെ തീരുമാനത്തിൽ നിന്ന് നീ പിന്മാണം എന്നു പറയാനാണ് തോന്നുന്നത്… നമ്മുക്കിത് വേണ്ട വിനീത്… അമ്മയ്ക്കിതൊട്ടും ഉൾക്കൊള്ളാൻ വയ്യ…..
തലയിൽ കൈതാങ്ങി നിസ്സഹായത നിറഞ്ഞ ശബ്ദത്തിൽ ശ്രീദേവി പറഞ്ഞതും അമ്മയെ ഒരു ഞെട്ടലോടെ നോക്കി വിനീത്… എന്തിനോ നിറഞ്ഞു പോയന്നേരം അവന്റെ മിഴികൾ
അവന്റെ ഞെട്ടലും മുഖത്തെ സങ്കടവും ഒരു നോവ്വേല്പിച്ചു ശ്രീദേവിയിലും…
ഇരു കൈകൾ കൊണ്ടും തന്റെമുഖമൊന്നമർത്തി തുടച്ച് അവനെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചവർ…
നേഹയെ ഇഷ്ടമല്ലേ അമ്മയ്ക്ക്…?
ശ്രീദേവി ഒന്നു ഓക്കെ ആയെന്നു തോന്നിയതും അവർക്കടുത്തേയ്ക്ക് ചേർന്നിരുന്നു ചോദിച്ചവൻ…
നേഹ…
വിനീത് പറഞ്ഞ ആ പേരുടക്കി നിന്നു ശ്രീദേവിയുടെ ഉള്ളിൽ മിഴിവോടെ…
കീറി പറഞ്ഞ് പകുതി മുക്കാൽ ശരീരവും വെളിയിൽ കാണും വിധം നഗ്നയായ്, ബോധം മറഞ്ഞ് തന്റെ മുന്നിൽ കിടന്നിരുന്ന ഒരു പെൺ രൂപം തെളിഞ്ഞവർക്കു മുമ്പിൽ…
ഏതോ ഒരുവൻ ബോധം കെടുത്തി മാനം കവർന്നുപേക്ഷിച്ചൊരു ന്യൂസ് റിപ്പോർട്ടർ പെൺക്കുട്ടി….
അന്നവളെ ചികിൽസിച്ചത് താനാണ്…. തനിയ്ക്കൊപ്പം തന്നെ അസിസ്റ്റ് ചെയ്ത് ഉണ്ടായിരുന്നവനാണ് വിനീത്…
അന്നവളെ ആ അവസ്ഥയിൽ കണ്ടിട്ടും അവൾക്കു സംഭവിച്ചതെന്താണെന്നു വ്യക്തമായിട്ടും തന്റെ മകന്റെ മനസ്സിൽ അവളുടെ രൂപം പതിഞ്ഞു പോയതോർത്തൊരു നിമിഷം അഭിമാനം തോന്നി ശ്രീദേവിയ്ക്ക്…
പെൺശരീരമെന്നാൽ പുരുഷന്റെ വികാരങ്ങൾ തീർക്കാനുള്ള ഒരു ഉപാധി മാത്രമല്ലെന്ന് അവനെ പോലെ അവന്റെ മുൻ തലമുറയും ചിന്തിച്ചിരുന്നെങ്കിൽ എന്നോർത്തതും ഒരു വല്ലായ്മ തോന്നി ശ്രീദേവിയ്ക്ക്…
“അമ്മ മറുപടിയൊന്നും പറഞ്ഞില്ലല്ലോ…. അമ്മയ്ക്ക് ഇഷ്ടമല്ലേ നേഹയെ…?
തന്റെ ചോദ്യം വീണ്ടും ആവർത്തിച്ച് അമ്മയെ ഉറ്റുനോക്കി വിനീത്… അവരിലെ ഭാവമാറ്റങ്ങൾ തിരഞ്ഞെന്ന പോലെ…
“നേഹയെ എനിയ്ക്കൊരുപാടിഷ്ടമാണ് വിനീത്…
സാധാരണ ഏതൊരു പെൺക്കുട്ടിയും തളർന്നും തകർന്നും പോവുന്നത്ര ക്രൂരമായൊരനുഭവം സ്വന്തം ജീവിതത്തിലുണ്ടായിട്ടും തളരാതെ തലയുയർത്തി അന്തസ്സോടെ ഇതേ സമൂഹത്തിൽ നിൽക്കുന്ന അവളോടെനിയ്ക്ക് സ്നേഹത്തെക്കാളധികമുള്ളത് ബഹുമാനമാണ്…”
“എന്നിട്ടും എന്താണമ്മേ അവളെ ഞാൻ വിവാഹം കഴിക്കുന്നത് അമ്മയ്ക്ക് ഉൾക്കൊള്ളാനാവാത്തത്…?
ശ്രീദേവി പറഞ്ഞു നിർത്തും മുമ്പ് ഇടയിൽ കയറി വിനീത് ചോദിച്ചതിനുത്തരം പറയാനാവാതെ അവനെ പതറി നോക്കി ശ്രീദേവി…
“ആദർശങ്ങളൊക്കെ പറയാനേ കൊള്ളുകയുള്ളു അല്ലേ അമ്മേ….?
എന്തോ മനസ്സിൽ വെച്ചെന്ന വിധം കുത്തി പറയുന്ന വിനീതിനെ പരിഭ്രമത്തോടെ നോക്കിയവർ…
ആ ഏ സി മുറിയ്ക്കുള്ളിലും വിയർത്തു കുളിച്ചവർ ഞൊടി നേരം കൊണ്ട്…
“സ്വന്തം ജീവിതത്തിൽ എന്തെങ്കിലും ദുരനുഭവങ്ങൾ വരുമ്പോൾ
ചില സത്യങ്ങൾ നമ്മുക്ക് കണ്ടില്ലെന്ന് നടിക്കേണ്ടി വരും വിനീത്…. ഞാനും ഒരു സാധാരണ സ്ത്രീയാണ്… മറ്റെന്തിനെക്കാളും എനിയ്ക്ക് വലുത് എന്റെ മക്കളും കുടുംബവും തന്നെയാണ്..
അപ്രിയ സത്യങ്ങൾ വിളിച്ചു പറഞ്ഞ്
ഇത്രക്കാലവും തലയുയർത്തി പിടിച്ചു ജീവിച്ച ഈ സമൂഹത്തിനു മുമ്പിലൊരു പരിഹാസ കഥാപാത്രമായ് ശിഷ്ടക്കാലം ജീവിക്കാൻ എനിയ്ക്ക് സമ്മതമല്ല വിനീത്… അതുപോലെ നേഹയെ എനിയ്ക്കിഷ്ടമാണ്… അവളുടെ വിഷമങ്ങളിൽ വേദനയും ഉണ്ട്… എന്നു കരുതി അവളെ നിന്റെ ഭാര്യയായ് കാണാനും എന്റെ മരുമകളാക്കാനും എനിയ്ക്ക് താൽപര്യവുമില്ല… സമയവുമില്ല…. ”
കാര്യങ്ങൾക്കൊരു ഒരു തീർപ്പ് കല്പിച്ചെന്ന പോലെ പറഞ്ഞവരെഴുന്നേറ്റതും അവർക്കു മുന്നിലായ് വന്നു കൈക്കെട്ടി നിന്നു വിനീത്…
“അതെന്താണെന്നാണ് അമ്മയോടു ഞാൻ ചോദിച്ചത്….. ഒരാളെ ഇഷ്ടമാണെന്ന് പറയുകയും ചെയ്യുക ഒപ്പം തന്നെ അയാളെ നമ്മളിലൊരാളായ് കാണാൻ പറ്റില്ലാന്ന് വാശിപ്പിടിയ്ക്കുകയും ചെയ്യുക… എന്തൊരു വൈരുധ്യം ആണമ്മേ അമ്മയുടെ സ്വഭാവത്തിൽ…?
പരിഹാസം നിറച്ചു തന്നെയാണ് വിനീതിന്റെ ഓരോ വാക്കും എന്നറിഞ്ഞിട്ടും തിരിച്ചവനോടൊന്നും പറയാതെ ,പറയാൻ കഴിയാതെ പിടയുന്ന നെഞ്ചോടെ തകർന്നു നിന്നവർ
ഞാനെന്തായാലും നേഹയെ എന്റെ ഭാര്യയാക്കാൻ തീരുമാനം എടുത്തുറപ്പിച്ചമ്മേ… അതിലൊരു മാറ്റവും വരില്ല… അമ്മ തന്നെ എന്റെ ഈ തീരുമാനം അച്ഛനോടും ചേച്ചിയോടും പറയണം… പറയില്ലേ…?
ആകെ തകർന്നതു പോലെ നിൽകുകയാണ് അമ്മ എന്നറിഞ്ഞിട്ടും വാശിയോടവർക്കു മുമ്പിൽ ചെന്നവൻ പറയും നേരം കണ്ടു തങ്ങളുടെ സംസാരമത്രയും കേട്ടുകൊണ്ട് റൂം വാതിൽക്കലായ് തറഞ്ഞു നിൽക്കുന്ന തന്റെ ചേച്ചി വിനീതയെ….
ഒരു നോട്ടം അവളുടെ പകച്ച ,വിളറി രക്തം വാർന്ന മുഖത്തേക്കവൻ നോക്കി.. പിന്നെ സാധാരണയെന്ന പോലെ അമ്മയ്ക്ക്
മുന്നിലവൻ നിവർന്നു നിന്നതും അവന്റെ ആ അവഗണനയിൽ ശരീരത്തിലൊരു വിറയൽ പാഞ്ഞുലഞ്ഞു പോയ് വിനീത….
“ഞാനാരോടും ഒന്നും പറയില്ല വിനീത്… അതുപോലെ തനെ നീ നേഹയെ വിവാഹം കഴിക്കുകയുമില്ല…. ഞാൻ സമ്മതിക്കില്ല….
“അതെന്താ അമ്മേ അങ്ങനെ…. ?
സ്വന്തം ഭർത്താവ് ക്രൂരമായ് ഉപദ്രവിച്ചുപേക്ഷിച്ചൊരുവളെ മരുമകളായ് കാണാനുള്ള മടി കൊണ്ടാണോ… അതോ അവളെ സ്വന്തം സപത്നിയായ് കാണേണ്ടി വരുമോ എന്ന ഭയം കൊണ്ടാണോ ഈ എതിർപ്പ്…”
ശ്രീദേവിയിൽ നിന്ന് നോട്ടം മാറ്റാതെ ശാന്തമായ സ്വരത്തിൽ വിനീത് ചോദിച്ചതും തന്റെ തകർച്ച പൂർത്തിയായതുപോലെ കണ്ണുകളിറുക്കി അടച്ച് തളർന്നവന്റെ മുന്നിലിരുന്നു പോയവർ… അതു കണ്ടിട്ടും യാതൊരു ഭാവമാറ്റവുമില്ലാതെ വിനീതവരെ നോക്കി നിന്നതും അമ്മേ എന്നൊരു നിലവിളിയോടെ അവർക്കടുത്തേയ്ക്ക് പാഞ്ഞു വന്നു വിനീത..
അതു കണ്ടതും ആ മുറിയിൽ നിന്ന് പുറത്തേക്കിറങ്ങി പോയ വിനീതിന്റെ ഇരു മിഴികളും നിറഞ്ഞൊഴുകി കവിളിലൂടെ പരന്നിരുന്നു കണ്ണുനീര്……
“പെണ്ണിനു ശത്രുവെന്നും പെണ്ണ് തന്നെയാണ് നേഹ…
അല്ലെങ്കിൽ തനിയ്ക്കെതിരെ ,തന്റെ ബിസിനസു രീതികൾക്കെതിരെ വാർത്ത നൽകിയെന്നതിന്റെ പേരിൽ സ്വന്തം മകളോളം പോലും പ്രായമില്ലാത്തൊരു പെൺകുട്ടിയെ തന്റെ ഭർത്താവ് ശാരീരികമായ് ഉപദ്രവിച്ചെന്നറിഞ്ഞിട്ടും അതിനെ പറ്റി ഇന്നേ വരെ അയാളോടൊന്ന് തുറന്നു ചോദിക്കുക പോലും ചെയ്യാത്ത എന്റെ അമ്മയൊക്കെയൊരു സ്ത്രീയാന്നോ…..?
” ഇതെല്ലാം എന്റെ ചേച്ചിയ്ക്കും അറിയാം…അമ്മ പറഞ്ഞുതന്നെ… പക്ഷെ പ്രതികരിക്കില്ലവർ…. സമൂഹത്തെ ഭയമാണവർക്ക്…
അവർക്കെല്ലാം വലുത് ഭർത്താവും കുടുംബവും
സത്പേരുമാണ് പോലും….
‘പുച്ഛത്തിനെക്കാൾ മുകളിലൊരു വികാരമുണ്ടെങ്കിൽ അതാണെനിയ്ക്കവരോടെല്ലാമിപ്പോൾ…
നേഹയ്ക്ക് മുന്നിലിരുന്ന് ഓരോന്നും വ്യക്തമായ് വിനീത് പറയുമ്പോൾ അവളുടെ ഉള്ളംകൈ അവന്റെ കൈക്കുള്ളിൽ ഭദ്രമായിരുന്നു….
എന്നോടു ശരിയ്ക്കും ഇഷ്ടമുണ്ടായിട്ടു തന്നെയല്ലേ ഡോക്ടറെന്ന കെട്ടുന്നത്…. അല്ലാതെ കുറ്റബോധമോ സഹതാപമോ അവരോടുള്ള ദേഷ്യമോ ഒന്നുമല്ലല്ലോ ഈ തീരുമാനത്തിനു പിന്നിൽ….?
വിനീതിന്റെ വാക്കുകൾക്കു കാതു കൊടുത്തു കഴിഞ്ഞ് നേഹ ചോദിച്ചതും അവളെ സൂക്ഷിച്ചൊന്നു നോക്കിനി വിനീത്…
ഇതേ പോലൊരു ചോദ്യം ഞാൻ നേഹയോട് തിരിച്ചു ചോദിച്ചാൽ എന്താവും നേഹയുടെ മറുപടി….?
വിനീതിന്റെ ആ ചോദ്യത്തിലൊരു ചിരിയോടവനെ പുണർന്നു മാറി നേഹ….
തിങ്ങി നിറഞ്ഞിരിക്കുന്ന വലിയൊരു സദസ്സിനു മുന്നിൽ വെച്ച് നേഹയുടെ കഴുത്തിൽ വിനീത് താലിചാർത്തുമ്പോൾ അതു നോക്കി നിസ്സഹായരായ് നിന്നു ശ്രീദേവിയും വിനീതയും…
താലിചാർത്തി ചടങ്ങുകൾ കഴിഞ്ഞതും അമ്മയ്ക്കും സഹോദരിയ്ക്കും പുറകിൽ ശിരസുതാഴ്ത്തിയിരിക്കുന്ന അച്ഛനടുത്തേയ്ക്ക് നേഹയുടെ കൈ പിടിച്ച് നടന്നു വിനീത്….
“നിങ്ങൾ ചെയ്ത തെറ്ററിഞ്ഞിട്ടും നിങ്ങളെ നിയമത്തിനു വിട്ടുകൊടുക്കാതെ ഞാൻ നിങ്ങളുടെ മകന്റെ ഭാര്യയായത് നിങ്ങളുടെ മുമ്പിലിങ്ങനെ വന്നു നിന്ന് നിൽക്കാനാണ്… ഓരോ തവണ നിങ്ങൾക്ക് മുമ്പിൽ എന്നെ കാണുമ്പോഴും നിങ്ങളുടെ ഉള്ളിൽ തെളിയണം നിങ്ങളെന്നോടു ചെയ്തത് എന്താണെന്ന്… നിങ്ങളുപയോഗിച്ച് വലിച്ചെറിഞ്ഞ ഈ ശരീരവുമായിട്ടാണ് നിങ്ങളുടെ മകന്റെ ഭാര്യയായ് ഞാൻ കഴിയുന്നതെന്ന ചിന്ത ഓരോ സെക്കൻഡിലും ഉയരണം നിങ്ങൾക്കുള്ളിൽ..
വാക്കുകൾ കൊണ്ടയാളെ തളർത്തി നേഹ ശ്രീദേവിയെ കടന്നു പോയതും ഒന്നു നിന്നവൾ അയാൾക്കു മുമ്പിൽ…
ശരീരം പങ്കിട്ടു കൊടുത്ത കണക്കിൽ അയാൾക്കു മുന്നിൽ നമ്മുക്കൊരേ സ്ഥാനമാണല്ലേ ഡോക്ടർ…?
വ്യത്യാസം ഒന്നു മാത്രമേയുള്ളു നിങ്ങൾ അയാളുടെ കുഞ്ഞുങ്ങളെ പ്രസവിച്ചു പക്ഷെ ഞാൻ നാളെയൊരിക്കൽ അയാളുടെ മകന്റെ കുഞ്ഞിനെ പ്രസവിയ്ക്കും എന്തൊരു വിരോധാഭാസം ആണല്ലേ ഡോക്ടർ….?
വാക്കുകൾക്ക് കഠാരയെക്കാൾ മൂർച്ച നൽകി അവരുടെ ഹൃദയമൊന്നാകെ കുത്തി മുറിവേല്പിച്ച് ശിരസ്സുയർത്തി വിനീതിനൊപ്പം നേഹ നടന്നു മറയുമ്പോൾ മുറിവേറ്റ ഹൃദയങ്ങൾ നാണക്കേടിലും താഴ്ന്നൊരവസ്ഥയിൽ ഇനിയെന്തെന്നറിയാതെ അവിടെ പകച്ചിരുന്നു പോയ്…..
RJ